Saturday, November 23, 2024

ad

Homeഇവർ നയിച്ചവർകെ കെ മാമക്കുട്ടി: സംഘടനാരംഗത്തെ അതികായൻ

കെ കെ മാമക്കുട്ടി: സംഘടനാരംഗത്തെ അതികായൻ

ഗിരീഷ്‌ ചേനപ്പാടി

മൂന്നു പതിറ്റാണ്ടോളം കാലം സിപിഐ എമ്മിന്റെ തൃശൂർ ജില്ലയിലെ അമരക്കാരനായിരുന്നു കെ കെ മാമക്കുട്ടി. സംഘടനാശേഷികൊണ്ടും ഉറച്ച നിലപാടുകൊണ്ടും ശ്രദ്ധേയനായ അദ്ദേഹം പാർട്ടി നേരിട്ട കഠിനമായ പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും തന്റേടത്തോടെ നേരിട്ടു. ജില്ലയിൽ സിപിഐ എമ്മിനെയും വർഗ ബഹുജനസംഘടനകളെയും വളർത്തുന്നതിൽ അതുല്യമായ പങ്കാണ്‌ അദ്ദേഹം നിർവഹിച്ചത്‌.

1921 ഏപ്രിൽ 13ന്‌ എട്ടുമുന കളപ്പുരയിൽ കുഞ്ഞാപ്പുവിന്റെയും ചിരിയക്കുട്ടിയുടെയും മകനായി മാമക്കുട്ടി ജനിച്ചു. മൂർക്കനാട്‌ സെന്റ്‌ ആന്റണീസ്‌ സ്‌കൂൾ, ചേർപ്പ്‌ സിഎൻഎൻ ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊള്ളുന്ന സമയമായിരുന്നല്ലോ മാമക്കുട്ടിയുടെ വിദ്യാഭ്യാസ കാലഘട്ടം. ദേശീയ പ്രസ്ഥാനത്തോടും നിസ്സഹകരണ പ്രസ്ഥാനത്തോടും വിദ്യാർഥിയായിരിക്കെ തന്നെ അദ്ദേഹം ആഭിമുഖ്യം പുലർത്തിയിരുന്നു.

വീട്ടിലത്തെ സാമ്പത്തികപ്രതിസന്ധി കാരണം സിലോണിൽ ജോലിക്കു പോകാൻ മാമക്കുട്ടി നിർബന്ധിതനായി. അവിടെ ഒരു ഫോട്ടോ സ്‌റ്റുഡിയോയിലാണ്‌ അദ്ദേഹം ജോലിചെയ്‌തത്‌. ഫോട്ടോ എടുപ്പ്‌ ഉൾപ്പെടെ എല്ലാ ജോലികളും വളരെ വേഗം പഠിച്ച അദ്ദേഹം അവയിലെല്ലാം അഗ്രഗണ്യനായി.

1953ൽ സിലോണിൽ നിന്ന്‌ നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായി. കമ്യൂണിസ്റ്റ്‌ ആശയങ്ങളോട്‌ കുട്ടിക്കാലംമുതൽ തോന്നിയ അഭിനിവേശവും ആവേശവും തന്നെയായിരുന്നു അതിനു കാരണം. പാർട്ടിയുടെ കരുവന്നൂർ സെല്ലിൽ അംഗമായ അദ്ദേഹം തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിക്കുന്നതിൽ പ്രത്യേക വൈഭവം പ്രകടിപ്പിച്ചു. താമസിയാതെ അദ്ദേഹം ഒല്ലൂർ മേഖലാ സെക്രട്ടറിയായി.

1956ൽ പാർട്ടിയുടെ തൃശൂർ താലൂക്ക്‌ ജോയിന്റ്‌ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാർട്ടിക്ക്‌ താലൂക്കിലൊട്ടാകെ വേരോട്ടമുണ്ടാക്കുന്നതിന്‌ കഠിനാധ്വാനം ചെയ്‌തു.

കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ജില്ലാ കമ്മിറ്റിയിലേക്കും ജില്ലാ എക്‌സിക്യുട്ടീവിലേക്കും തിരഞ്ഞെടുക്കപ്പെട്ട മാമക്കുട്ടിയുടെ പ്രവർത്തനം തൃശൂർ ജില്ലയിലൊട്ടാകെ വ്യാപിപ്പിച്ചു. 1962ൽ ചൈന യുദ്ധകാലത്ത്‌ അദ്ദേഹത്തെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ വിയ്യൂർ ജയിലിലടച്ചു. എന്നാൽ ജയിൽവാസം കെ കെ മാമക്കുട്ടിയെന്ന കമ്യൂണിസ്റ്റിനെ തളർത്തിയില്ല.

1964ൽ പാർട്ടി ഭിന്നിച്ചപ്പോൾ തൃശൂർ ജില്ലയിൽനിന്നുള്ള മുതിർന്ന നേതാക്കളെല്ലാം സിപിഐ പക്ഷത്തായിരുന്നു. സി അച്യുതമേനോൻ, ഇ ഗോപാലകൃഷ്‌ണ മേനോൻ, കെ പി പ്രഭാകരൻ, വി വി രാഘവൻ, കെ കെ വാരിയർ തുടങ്ങിയവരെല്ലാം സിപിഐ പക്ഷത്ത്‌ ഉറച്ചുനിന്നവരാണ്‌. കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിൽ നിന്ന്‌ ഇറങ്ങിപ്പോന്ന 32 നേതാക്കൾക്ക്‌ ഐക്യദാാർഡ്യം പ്രഖ്യാപിച്ചുകൊണ്ട്‌ ജില്ലാ എക്‌സിക്യുട്ടീവിൽനിന്ന്‌ അഞ്ചുപേർ ഇറങ്ങിപ്പോന്നു. ആ അഞ്ചുപേരിൽ ഒരാൾ കെ കെ മാമക്കുട്ടിയായിരുന്നു. എ വി ആര്യൻ, കെ പി അരവിന്ദാക്ഷൻ, എ എസ്‌ എൻ നമ്പീശൻ, കെ ഈശൻ എന്നിവരായിരുന്നു മറ്റു നാലുപേർ.

സിപിഐ എം കെട്ടിപ്പടുക്കുന്നതിൽ മാമക്കുട്ടിയും മറ്റു സഖാക്കളും രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ കഠിനാധ്വാനം ചെയ്‌തു. പരമാവധി സഖാക്കളെയും ഘടകങ്ങളെയും സിപിഐ എമ്മിനൊപ്പം ഉറപ്പിച്ചുനിർത്താൻ അവർ അക്ഷീണം പ്രവർത്തിച്ചു. അതിനു ഗുണവുമുണ്ടായി. പ്രമുഖ നേതാക്കൾ പലരുമുണ്ടായിട്ടും തൃശൂർ ജില്ലയിൽ ബഹുജനാടിത്തറ ശക്തമായത്‌ സിപിഐ എമ്മിന്റേതാണ്‌.

1964ൽ സിപിഐ എമ്മിന്റെ പ്രഥമ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്‌ എ വി ആര്യനായിരുന്നു. 1960കളുടെ അവസാനത്തോടെ ഇടതുപക്ഷ തീവ്രവാദം പാർട്ടിക്ക്‌ അലോസരങ്ങൾ സൃഷ്ടിച്ചു. എ വി ആര്യനും ഇടതുപക്ഷ തീവ്രവാദ ആശയങ്ങൾക്ക്‌ അടിപ്പെട്ടു. അതോടെ അദ്ദേഹം പാർട്ടിയിൽനിന്ന്‌ പുറത്താക്കപ്പെട്ടു.

1969ൽ കെ കെ മാമക്കുട്ടി ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഒരേസമയം വലതുപക്ഷ അവസരവാദത്തിനും ഇടതുപക്ഷ തീവ്രവാദത്തിനുമെതിരെ സംസ്ഥനാമൊട്ടാകെ പോരാടേണ്ട അവസ്ഥയായിരുന്നു സിപിഐ എമ്മിന്‌. തൃശൂർ ജില്ലയിൽ ആ ദൗത്യം ഭംഗിയായി നിർവഹിക്കുന്നതിൽ കെ കെ മാമക്കുട്ടിയുടെ നേതൃത്വത്തിന്‌ നിർണായക പങ്കുവഹിക്കാൻ സാധിച്ചു. പാർട്ടി നേരിട്ട്‌ നിരവധി പരീക്ഷണഘട്ടങ്ങളിലുൾപ്പെടെ മൂന്നു പതിറ്റാണ്ടോളം കാലം‐ 2001 വരെ‐ അദ്ദേഹം സിപിഐ എമ്മിന്റെ ജില്ലയിലെ അമരക്കാരനായിരുന്നു. ഇ എം എസ്‌, എ കെ ജി, സി എച്ച്‌ കണാരൻ, ഇ കെ നായനാർ, വി എസ്‌ അച്യുതാനന്ദൻ, ചടയൻ ഗോവിന്ദൻ, പിണറായി വിജയൻ എന്നിവർ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുക എന്ന അപൂർവമായ അവസരം തന്നെയാണ്‌ അദ്ദേഹത്തിന്‌ ലഭിച്ചത്‌.

1972ൽ തൃശൂർ വെച്ചാണല്ലോ അഴീക്കോടൻ രാഘവൻ നിഷ്‌ഠുരമായി കൊല്ലപ്പെട്ടത്‌. അതിശക്തമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന്‌ കൊലയാളികളും അന്നത്തെ ആഭ്യന്തരമന്ത്രിയും ജനങ്ങളിൽനിന്ന്‌ ഏറെ ഒറ്റപ്പെട്ടു. ഭരണത്തിന്റെ മറവിൽ സിപിഐ എം നേതാക്കളെ വേട്ടയാടിക്കൊണ്ടാണ്‌ ഗവൺമെന്റും പൊലീസും പകതീർത്തത്‌. അതിന്റെ ഭാഗമായി മാമക്കുട്ടിയെ കേസിൽ പെടുത്തി പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കുറേക്കാലം അദ്ദേഹത്തിന്‌ അതിന്റെ പേരിൽ ജയിലിൽ കിടക്കേണ്ടിയും വന്നു.. ചൈന യുദ്ധകാലത്തും 1972ലുമായി രണ്ടുവർഷക്കാലം അദ്ദേഹത്തിന്‌ ജയിലിൽ കിടക്കേണ്ടിവന്നു.

1970കളിൽ തൃശൂർ ജില്ലയിൽ നടന്ന മിച്ചഭൂമി സമരങ്ങളുടെ നേതൃനിരയിലും മാമക്കുട്ടി നിറഞ്ഞുനിന്നു.

അടിയന്തരാവസ്ഥക്കാലത്ത്‌ അദ്ദേഹം ഒളിവിലും തെളിവിലുമായി പാർട്ടിയെ നയിച്ചു. പൊലീസിനു പിടികൊടുക്കാതെ അദ്ദേഹം പാർട്ടി പ്രവർത്തനത്തിന്റെ ചുക്കാൻ പിടിച്ചു. താലൂക്ക്‌ കമ്മിറ്റികൾ വിഭജിച്ച്‌ ഏരിയ കമ്മിറ്റികൾ സംഘടിപ്പിക്കപ്പെട്ടത്‌ ഈ ഘട്ടത്തിലാണ്‌. ജില്ലയിലൊട്ടാകെ സഞ്ചരിച്ച്‌ ഏരിയകമ്മിറ്റികൾ സംഘടിപ്പിക്കുന്നതിന്‌ അദ്ദേഹം മുന്നിട്ടു പ്രവർത്തിച്ചു. ജില്ലയിൽ എല്ലാ ഏരിയ കമ്മിറ്റി മീറ്റിംഗുകളിലും അദ്ദേഹം ആദ്യവസാനം പങ്കെടുത്തിരുന്നതായി സമകാലികർ രേഖപ്പെടുത്തിയിട്ടുണ്ട്‌. രാത്രിയോടെ തുടങ്ങുന്ന കമ്മിറ്റി മീറ്റിംഗുകൾ മിക്കപ്പോഴും നേരം പുലരുവരെ നിണ്ടുപോകുമായിരുന്നു. ഒരുഭാഗത്ത്‌ പൊലീസിന്റെ ഭീഷണിയെയും മറുഭാഗത്ത്‌ കോൺഗ്രസ്‌ ഗുണ്ടകളുടെയും ഒറ്റുകാരുടെയും ഭീഷണികളെയും തന്റേടത്തോടെ നേരിട്ടുകൊണ്ടാണ്‌ അദ്ദേഹം പാർട്ടിയെ നയിച്ചത്‌.

പാർലമെന്ററി രംഗത്തോടും സ്ഥാനമാനങ്ങളോടും തികഞ്ഞ നിസ്സംഗതയാണ്‌ മാമക്കുട്ടി പ്രകടിപ്പിച്ചത്‌. ഒരു പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ പോലും മത്സരിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല.

‘‘മാമൂട്ടിയേട്ടൻ പാർട്ടി റിപ്പോർട്ടിംഗ്‌ നടത്തിയാൽ പിന്നെ പാർട്ടി സഖാക്കൾക്ക്‌ ഒരു സംശയവുമുണ്ടാവില്ല. അത്ര സമഗ്രമായിട്ടാണ്‌ അദ്ദേഹത്തിന്റെ റിപ്പോർട്ടിംഗ്‌’’. തൃശൂർ ജില്ലയിൽ നിന്നുള്ള മുതിർന്ന ഒരു പാർട്ടി അംഗം പറഞ്ഞു.

കെ കെ മാമക്കുട്ടിയുടെ നിരന്തരമായ ഉത്സാഹവും ഇച്ഛശക്തിയും മൂലമാണ്‌ സിപിഐ എം ജില്ലാ കമ്മിറ്റി ആസ്ഥാനമായ അഴീക്കോടൻ സ്‌മാരകമന്ദിരം പണിയാൻ സാധിച്ചത്‌. പാർട്ടിക്കും ബഹുജനസംഘടനകൾക്കും വിവിധ പ്രദേശങ്ങളിൽ ഓഫീസുകൾ സ്വന്തമായുണ്ടാക്കുന്നതിന്‌ നിരന്തരം പ്രേരണയും പ്രോത്സാഹനവും അദ്ദേഹം നൽകിയിരുന്നു.

2000ൽ ദേശാഭിമാനിക്ക്‌ തൃശൂർ എഡിഷൻ സ്ഥാപിക്കാൻ മുൻകൈയെടുത്തവരിൽ പ്രമുഖനാണ്‌ മാമക്കുട്ടി. ദേശാഭിമാനിക്കുവേണ്ടി സ്ഥലം വാങ്ങുന്നതിനും കെട്ടിടം വാങ്ങുന്നതിനും ആധുനികരീതിയിലുള്ള പ്രസ്‌ സ്ഥാപിക്കുന്നതിനും അദ്ദേഹം മുൻനിന്നു പ്രവർത്തിച്ചു. തൃശൂർ യൂണിറ്റിന്റെ ആദ്യത്തെ മാനേജിംഗ്‌ ഡയറക്ടറും അദ്ദേഹമായിരുന്നു.

ആറു പതിറ്റാണ്ടിലേറെ കാലത്തെ പൊതുപ്രവർത്തനത്തിൽ സംശുദ്ധ ജീവിതം നയിച്ച കെ കെ മാമക്കുട്ടി എന്നും ലാളിത്യത്തിന്റെയും ആദർശശുദ്ധിയുടെയും സൗമ്യമുഖമായിരുന്നു.

മൂന്നാം പാർട്ടി കോൺഗ്രസ്‌ മുതൽ ഇരുപത്തൊന്നാം പാർട്ടി കോൺഗ്രസ്‌ വരെയുള്ള പത്തൊന്പതെണ്ണത്തിലും പ്രതിനിധിയായി പങ്കെടുത്ത സഖാവ്‌ എന്ന ബഹുമതിയും അദ്ദേഹത്തിനുണ്ട്‌.

2016 ജൂൺ 10ന്‌ അദ്ദേഹം അന്ത്യശ്വാസം വലിച്ചു.

ജീവിതപങ്കാളി പരേതയായ ലക്ഷ്‌മിക്കുട്ടി. ഈ ദന്പതികൾക്ക്‌ മക്കളില്ല.

ഭാര്യാസഹോദരി ലീലയുടെ മക്കളായ മധു, വിജയകുമാർ, സതി എന്നിവരോടൊപ്പമായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്‌.

കടപ്പാട്‌: കെ വി അബ്ദുൾ ഖാദർ എഡിറ്റ്‌ ചെയ്‌ത ‘സമരോജ്വല ജീവിതങ്ങൾ’ എന്ന പുസ്‌തകം. കോഴിക്കോട്ടെ ഗ്രാൻമ ബുക്‌സാണ്‌ ഇതിന്റെ പ്രസാധകർ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

ten + thirteen =

Most Popular