Saturday, March 15, 2025

ad

Homeഇവർ നയിച്ചവർസരോജ്‌ മുഖർജി: അനുശീലൻ സമിതിയിൽനിന്ന്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയിലേക്ക്‌

സരോജ്‌ മുഖർജി: അനുശീലൻ സമിതിയിൽനിന്ന്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയിലേക്ക്‌

ഗിരീഷ്‌ ചേനപ്പാടി

ന്ത്യൻ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാക്കളിലൊരാളായിരുന്നു സരോജ്‌ മുഖർജി. ബംഗാളിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ അമരക്കാരനായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം ത്യാഗത്തിന്റെയും അച്ചടക്കത്തിന്റെയും ആൾരൂപമായിരുന്നു. തികഞ്ഞ പ്രായോഗികമതിയായിരുന്ന അദ്ദേഹം ഏത്‌ സങ്കീർണമായ പ്രശ്‌നത്തിനും പരിഹാരം കാണാൻ സമർഥനായിരുന്നു.

ബർദ്വാൻ ജില്ലയിലെ ബഹാദൂർപൂർ ഗ്രാമത്തിൽ ത്രിലോചൻ മുഖർജിയുടെയും ഇന്ദുമതീദേവിയുടെയും മകനായാണ്‌ സരോജിന്റെ ജനനം. സ്വാമി വിവേകാനന്ദന്റെ അനുയായിയായിരുന്ന ത്രിലോചനൻ മുഖർജി ഗവൺമെന്റ്‌ സ്‌കൂൾ അധ്യാപകനും പൊതുകാര്യപ്രസക്തനുമായിരുന്നു.

ബർദ്വാൻ മുനിസിപ്പൽ ഹൈസ്‌കൂളിലായിരുന്നു സരോജിൻെറ സ്‌കൂൾവിദ്യാഭ്യാസം. സ്‌കൂൾ വിദ്യാർഥിയായിരിക്കെതന്നെ ദേശീയപ്രസ്ഥാനത്തിലും സ്വാതന്ത്ര്യസമരത്തിലും അദ്ദേഹം ആകൃഷ്‌ടനായി. വിദേശവസ്‌ത്ര ബഹിഷ്‌കരണവും നിസ്സഹകരണപ്രസ്ഥാനവും മദ്യവിരുദ്ധപ്രസ്ഥാനവുമൊക്കെ അദ്ദേഹത്തെ ആവേശഭരിതനാക്കി. 1924ൽ കോൺഗ്രസ്‌ അംഗമാകുമ്പോൾ സരോജിന്‌ പതിമൂന്ന്‌ വയസ്സ്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൗമാരപ്രായത്തിലും തികഞ്ഞ ആവേശത്തോടെയും ആത്മാർഥതയോടെയുമാണ്‌ അദ്ദേഹം പ്രവർത്തിച്ചത്‌. മികച്ച സംഘാടകനെന്ന നിലയിൽ ചെറുപ്രായത്തിൽ തന്നെ അദ്ദേഹം ശ്രദ്ധേയനായി.

1928ൽ സരോജ്‌ മെട്രിക്കുലേഷൻ പാസായി. സെറാമ്പൂർ ബാപ്‌റ്റിസ്റ്റ്‌ മിഷൻ കോളേജിലാണ്‌ അദ്ദേഹം ഇന്റർമീഡിയറ്റിന്‌ ചേർന്നത്‌. ശാസ്‌ത്രവിഷയങ്ങളിലുള്ള താൽപര്യംമൂലമാണ്‌ അദ്ദേഹം അവിടെ ചേർന്നത്‌. തുടർന്ന്‌ ദേശീയപ്രസ്ഥാനത്തിൽ കൂടുതൽ അദ്ദേഹം സജീവമായി. സ്‌കൂൾവിദ്യാഭ്യാസകാലത്തുതന്നെ ബന്ധം സഥാപിച്ചിരുന്ന ജുഗാന്തർ എന്ന വിപ്ലവ ഗ്രൂപ്പുമായി കൂടുതൽ അടുക്കാനും ഈ അവസരത്തിൽ അദ്ദേഹത്തിന്‌ കഴിഞ്ഞു. നിരവധി കോൺഗ്രസ്‌ നേതാക്കളുമായും വിപ്ലവ ഗ്രൂപ്പിലെ നിരവധി പ്രവർത്തകരുമായും പരിചയപ്പെടാൻ കോളേജ്‌ വിദ്യാഭ്യാസകാലത്ത്‌ അദ്ദേഹത്തിന്‌ സാധിച്ചു.

പിതാവ്‌ അകാലത്തിൽ അന്തരിച്ചതോടെ, അമ്മ കൽക്കത്തയിലേക്ക്‌ താമസം മാറ്റി. സരോജ്‌ സൊറാമ്പൂരിലും കൽക്കത്തയിലുമാണ്‌ പിന്നീട്‌ കഴിഞ്ഞത്‌. ആഴ്‌ചയിൽ രണ്ടുദിവസം അദ്ദേഹം കൽക്കത്തയിലെ വീട്ടിൽ പോയി. കൽക്കത്ത‐സൊറാമ്പൂർ യാത്രകൾക്കിടയിലും നിരവധി നേതാക്കളെയും പൊതുപ്രവർത്തകരെയും പരിചയപ്പെടാൻ സരോജിന്‌ സാധിച്ചു. അതുകൊണ്ടുതന്നെ ഓരോ യാത്രയും അദ്ദേഹത്തിന്‌ പുതിയ പുതിയ അനുഭവങ്ങളാണ്‌ നൽകിയത്‌.

1928 ഇന്ത്യൻ രാഷ്‌ട്രീയത്തെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായിരുന്നു. സൈമൺ കമ്മീഷനെതിരായ പ്രതിഷേധം ഇന്ത്യയെയാകെ ഇളക്കിമറിച്ച സമയമായിരുന്നു അത്‌. ‘‘സൈമൺ കമ്മീഷൻ ഗോബാക്ക്‌’’ എന്നുപറഞ്ഞ്‌ കൽക്കത്തയിൽ നടന്ന പ്രതിഷേധപ്രകടനത്തിൽ സരോജ്‌ ആവേശത്തോടെ പങ്കെടുത്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഖിലേന്ത്യാ സമ്മേളനം ആ വർഷം കൽക്കട്ടയിലാണ്‌ ചേർന്നത്‌. ആ സമ്മേളനത്തിൽ പതിനേഴുകാരനായ സാേജും പ്രതിനിധിയായി പങ്കെടുത്തു.

1928ൽ കൽക്കത്തയിൽ തന്നെയാണ്‌ കർഷക‐തൊഴിലാളി പാർട്ടിയുടെ സമ്മേളനം നടന്നതും. സമ്മേളനം കാണാനും പ്രസംഗം കേൾക്കാനുമായി സരോജും പോയി. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പൊതുയോഗങ്ങളിൽ സ്ഥിരം കേൾവിക്കാരനായി അദ്ദേഹം അപ്പോഴേക്കും മാറിയിരുന്നു.

1928‐29 കാലയളവിൽ ജുഗാന്തർ ഗ്രൂപ്പ്‌ തങ്ങളുടെ പ്രവർത്തകർക്ക്‌ ആയുധപരിശീലനം നൽകി. സരോജിനും തോക്കുപയോഗിക്കാനുള്ള പരിശീലനം ലഭിച്ചു. ബർദ്വാനിലെ മയൂർമഹൽ പൂന്തോട്ടത്തിൽ വെച്ചായിരുന്നു സരോജിനും മറ്റും പരിശീലനം ലഭിച്ചത്‌.

കോൺഗ്രസിന്റെ അറിയപ്പെടുന്ന പ്രവർത്തകനായി ഇതിനുള്ളിൽ മാറിക്കഴിഞ്ഞ സരോജ്‌, ഹൂഗ്ലിയിലും ബർദ്വാനിലും നിരവധി പൊതുയോഗങ്ങൾ സംഘടിപ്പിച്ചു. നിരവധി നേതാക്കൾ അതിൽ പ്രസംഗിച്ചു. സ്വാതന്ത്ര്യസമരത്തിനനുകൂലമായി വലിയ ചലനമാണ്‌ ഇത്‌ ഈ പ്രദേശങ്ങളിലുണ്ടാക്കിയത്‌.

1928ൽ ആണ്‌ ബ്രിട്ടീഷ്‌ പാർലമെന്റിലെ കമ്യൂണിസ്റ്റ്‌ അംഗമായ സക്ലത്‌വാല ഇന്ത്യ സന്ദർശിച്ചത്‌. സക്ലത്‌വാല കൽക്കട്ടയിലെത്തിയപ്പോൾ സരോജ്‌ അദ്ദേഹത്തെ സന്ദർശിച്ചു. സരോജിന്റെ ജീവിതത്തിലെ നിർണായക സംഭവങ്ങളിലൊന്നായിരുന്നു അത്‌. കമ്യൂണിസ്റ്റ്‌ ആശയങ്ങളോടും കമ്യൂണിസ്റ്റ്‌ പാർട്ടിയോടും കൂടുതൽ അടുപ്പം തോന്നാൻ ഈ സന്ദർശനം സഹായകമായി.

1920കളുടെ അവസാനത്തോടെ ബർദ്വാൻ ജില്ലയിൽ കടുത്ത വരൾച്ച ബാധിച്ചു. ജനങ്ങളുടെ ദുരിതം അതോടെ വൻതോതിൽ വർധിച്ചു. നാടാകെ പട്ടിണികൊണ്ട്‌ പൊറുതിമുട്ടി. പല വീടുകളും വറുതിയുടെ പിടിയിലായി. പട്ടിണികിടക്കുന്നവർക്ക്‌ ആശ്വാസം നൽകാൻ സരോജ്‌ മുഖർജി മുന്നിട്ടിറങ്ങി. ബിനോയ്‌കൃഷ്‌ണ ചൗധരിയും അദ്ദേഹത്തിന്‌ തുണയായി. മറ്റു പ്രദേശങ്ങളിൽനിന്ന്‌ ഭക്ഷ്യവിളകളും മറ്റ്‌ നിത്യോപയോഗസാധനങ്ങളും സംഘടിപ്പിച്ച്‌ അവർ ബർദ്വാൻ ജില്ലയിൽ പട്ടിണി അനുഭവിക്കുന്നവർക്കിടയിൽ വിതരണം ചെയ്‌തു. നിരവധി വളന്റിയർമാരെ സംഘടിപ്പിച്ച്‌ തലച്ചുമടായാണ്‌ ആഹാരസാധനങ്ങൾ സരോജും കൂട്ടരും എത്തിച്ചത്‌.

സരോജിന്റെയും കൂട്ടരുടെയും ആത്മാർഥമായ പ്രവർത്തനങ്ങൾ ബഹുജനങ്ങളിൽ വലിയ മതിപ്പുളവാക്കി.

1930ൽ ആണല്ലോ ഗാന്ധിജിയുടെ നേതൃത്വത്തിൽ സിവിൽ നിയമലംഘനപ്രസ്ഥാനം ആരംഭിച്ചത്‌. ബ്രിട്ടീഷ്‌ ഇന്ത്യയിൽ ഉപ്പിന്‌ നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച്‌ ആ വർഷം മാർച്ച്‌ 12ന്‌ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഉപ്പുസത്യാഗ്രഹം ആരംഭിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പൂർണ സ്വരാജ്‌ പ്രഖ്യാപിച്ചതിനുശേഷമുള്ള ആദ്യ സമരമായിരുന്നു അത്‌. ഗാന്ധിജിയുടെ സബർമതി ആശ്രമം മുതൽ ദണ്ഡിവരെ നികുതി നൽകാതെ ഉപ്പ്‌ ഉൽപാദിപ്പിച്ചു. അതോടെ നിയമലംഘനത്തിന്‌ നിരവധിപേർക്കെതിരെ പൊലീസ്‌ കേസെടുത്തു. എന്നാൽ ജനങ്ങളെ പിന്തിരിപ്പിക്കാൻ അതുകൊണ്ടൊന്നും സാധിച്ചില്ല. ഉപ്പുസത്യാഗ്രഹത്തിന്‌ കൂടുതൽ ജനപിന്തുണ ലഭിച്ചതേയുള്ളൂ.

സരോജ്‌, ഇന്റർമീഡിയറ്റ്‌ സെക്കൻഡറി പരീക്ഷ എഴുതിയിടടു നിൽക്കുമ്പോഴാണ്‌ ഉപ്പുസത്യാഗ്രഹം ആരംഭിക്കുന്നത്‌. ആവേശത്തോടെ അദ്ദേഹം അതിൽ പങ്കാളിയായി. കൽക്കത്തയിൽനിന്ന്‌ ബർദ്വാനിലേക്ക്‌ നിയമവിരുദ്ധമായി അദ്ദേഹവും കൂട്ടരും ഉപ്പുമായി പതിവായി എത്തി. അത്‌ ചെറിയ ചെറിയ പായ്‌ക്കറ്റുകളിലാക്കി വീടുകളിലും കടകളിലും നൽകി. അതു കാണാനും വാങ്ങാനും നിരവധിയാളുകൾ തടിച്ചുകൂടി. അതോടെ സരോജ്‌ പൊലീസിന്റെ നോട്ടപ്പുള്ളിയായി. സരോജിന്റെ നീക്കങ്ങൾ പൊലീസ്‌ രഹസ്യമായി നിരീക്ഷിച്ചു.

ജനങ്ങൾക്കിടയിൽ ഉപ്പ്‌ വിതരണംചെയ്യുന്നതിനിടയിൽ സരോജ്‌ പൊലീസിന്റെ പിടിയിലായി. ഉപ്പുസത്യാഗ്രഹം പ്രഖ്യാപിക്കപ്പെട്ടതോടെ പൊലീസ്‌ 144 പ്രഖ്യാപിച്ചിരുന്നു. 144‐ാം വകുപ്പ്‌ ലംഘിച്ചു, ദേശവിരുദ്ധപ്രവർത്തനങ്ങൾ നടത്തി എന്നൊക്കെയായിരുന്നു സരോജിനുമേൽ പൊലീസ്‌ ആരോപിച്ച കുറ്റം. അസൻസോൾ ജയിലിലേക്കാണ്‌ അദ്ദേഹത്തെ കൊണ്ടുപോയത്‌. ഒരുവർഷത്തെ തടവിനാണ്‌ കോടതി വിധിച്ചത്‌. ബർദ്വാൻ, ഡംഡം എന്നീ ജയിലുകളിലും അദ്ദേഹത്തെ താമസിപ്പിച്ചു.

1931 ജനുവരിയിൽ അദ്ദേഹം ജയിൽമോചിതനായി. ജയിലിലായിരിക്കെത്തന്നെ ഐസിഎസ്‌ പരീക്ഷയുടെ റിസൾട്ട്‌ വന്നിരുന്നു. അദ്ദേഹം നല്ല മാർക്കോടുകൂടി പാസായിരുന്നു. രാഷ്‌ട്രീയപ്രവർത്തനത്തിനൊപ്പം പഠനവും തുടരണമെന്ന്‌ അദ്ദേഹം തീരുമാനിച്ചു. എന്നാൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക്‌ അഡ്‌മിഷൻ നൽകാൻ മാനേജ്‌മെന്റുകൾ വിസമ്മതിച്ചു. പക്ഷേ കൽക്കത്തയിലെ വക്ഷോസാഗർ കോളേജും ബംഗവാസി കോളേജും ആ വേർതിരിവ്‌ കാണിച്ചില്ല. അവർ സ്വാതന്ത്ര്യസമരസേനാനികളായ വിദ്യാർഥികൾക്കും പ്രവേശനം നൽകി. ബംഗവാസി കോളേജ്‌ അദ്ദേഹം ബിഎയ്‌ക്ക്‌ ചേർന്നു.

1931ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനം കറാച്ചിയിലാണല്ലോ ചേർന്നത്‌. സരോജ്‌ അതിൽ പ്രതിനിധിയായി പങ്കെടുത്തു.

ഗാന്ധി‐ഇർവിൻ സന്ധിയെത്തുടർന്ന്‌ നിരാശനായാണ്‌ സരോജ്‌ കൽക്കത്തയിലേക്ക്‌ മടങ്ങിയത്‌. എങ്കിലും കോൺഗ്രസിന്റെ പ്രവർത്തനങ്ങളുമായി സരോജ്‌ സഹകരിക്കുകതന്നെ ചെയ്‌തു. ഏതാനും മാസങ്ങൾ പിന്നിട്ടപ്പോൾ കോൺഗ്രസിന്റെ ബർദ്വാൻ ജില്ലാ സമ്മേളനം ചേർന്നു. ഈ സമ്മേളനത്തിൽ സരോജ്‌ മുഖർജിയും ബിനോയ്‌കൃഷ്‌ണ ചൗധരിയും മറ്റും ചേർന്ന്‌ ഗാന്ധി‐ഇർവിൻ സന്ധിയെ എതിർക്കുന്ന പ്രമേയം പാസാക്കി. പ്രമേയം വൻ ഭൂരിപക്ഷത്തോടെ പാസായി.
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × five =

Most Popular