Saturday, May 18, 2024

ad

Homeനാടൻകലഎന്താണ്‌ ഫോക്‌ലോർ

എന്താണ്‌ ഫോക്‌ലോർ

ഡോ. ശശിധരൻ ക്ലാരി

1. ഫോക്‌ലോർ
രു ജനതയുടെ ജീവിതത്തിന്റെ പാരമ്പര്യാധിഷ്ഠിത ഘടകങ്ങ ളെല്ലാം പഠനവിധേയമാക്കുന്ന നൂതന വൈജ്ഞാനിക ശാഖയാണ് ‘ഫോക്‌ലോർ’ (Folklore). നാട്ടറിവ്, നാടോടി വിജ്ഞാനം, നാട്ടു സംസ്കൃതി, ജനവിജ്ഞാനം, ജനജീവിതപഠനം എന്നിവയെല്ലാം ‘ഫോക്‌ലോറി’ന്റെ സമാനപദങ്ങളായി മലയാളഭാഷയിൽ ഉപയോഗിച്ചു വരുന്നു.

പാശ്ചാത്യ രാജ്യങ്ങളിൽ ഈ പഠനശാഖയ്ക്ക് തുടക്കമിടുന്നത്, ‘ജനകീയപ്പഴമ’ (Popular Antiquity) എന്ന പേരിലാണ്. എന്നാൽ പിന്നീടാണ് പുരാതനവും പാരമ്പര്യവും ഉൾകൊള്ളുന്ന സാംസ്‌കാരിക വിജ്ഞാനത്തിന് ‘ഫോക്‌ലോർ’ എന്ന പദം ഉപയോഗിച്ചു തുടങ്ങിയത്. ഈ പദം ആദ്യം ഉപയോഗിച്ചത് ‘വില്യം ജോൺതോംസ്’ (William John Thoms) എന്ന ആംഗലേയ പുരാവസ്തു ഗവേഷകനാണ്. 1846 ആഗസ്റ്റ് 22ന് അദ്ദേഹം ‘അതിനീയം’ (Atheneum) മാസികയുടെ പത്രാധിപർക്കെഴുതിയ കത്തിലാണ് ‘ഫോക്‌ലോർ’ പദം സ്ഥാനം പിടിക്കുന്നത്. ഈ കത്തിൽ ഫോക്‌ലോർ പഠനത്തിന്റെ അനിവാര്യത അദ്ദേഹം ഊന്നിപ്പറയുന്നു. നാടൻ പാട്ടുകൾ, നാടൻ കലകൾ, നാടൻ കഥകൾ, ആചാരങ്ങൾ, കടങ്കഥകൾ, പഴ ഞ്ചൊല്ലുകൾ, അനുഷ്ഠാനങ്ങൾ, വിശ്വാസങ്ങൾ, നാടൻ വിനോദങ്ങൾ തുടങ്ങി ഗ്രാമീണ ജീവിതത്തിന്റെ സമസ്ത ഘടകങ്ങളേയും ഈ പദം ഉൾ കൊള്ളുന്നുണ്ട്.

‘ഫോക്’ (folk) ‘ലോർ’ (lora) എന്നീ ഇംഗ്ലീഷ് പദങ്ങളുടെ കൂടിച്ചേരലിൽ നിന്നാണ് ‘ഫോക്‌ലോർ’ എന്ന പദം നിഷ്പന്നമാകുന്നത്. ‘ഫോക്’ എന്നതിന് ‘ജനം’ എന്നും ‘ലോർ’ എന്നതിന് ‘വിജ്ഞാനമെന്നും അർത്ഥം പറയാം. ആ നിലയ്ക്ക്, ‘ഫോക്‌ലോറിന്‌’ ‘ജനവിജ്ഞാനം’ എന്ന നാമം സാർത്ഥകമാണ്.

പ്രധാനമായും ഗ്രാമീണ കർഷകനായ ജനതയെയാണ്, ആദ്യഘട്ടത്തിൽ ‘ജനം’ എന്നതുകൊണ്ട് ഉദ്ദേശിച്ചിരുന്നത്. സാക്ഷര സമൂഹത്തിലെ നിരക്ഷരർ, സമൂഹത്തിൽ നിന്നും വിഭിന്നമായ ജീവിത സൗകര്യം ഉള്ളവർ, സമൂഹത്തിലെ കീഴാള ജനവിഭാഗങ്ങൾ എന്നിവരൊക്കെ ഈ വിഭാഗത്തിൽപ്പെടുന്നു. ഫ്യൂഡൽ വ്യവസ്ഥയിൽ നിന്നും മുതലാളിത്ത വ്യവസ്ഥയിലേക്കു കടക്കുമ്പോൾ, ‘ഫോക്’ എന്നതിൽ ‘തൊഴിലാളിവർഗം’ എന്ന ആശയം കൂടി കടന്നുവരുന്നു.

ആധുനിക കാലഘട്ടത്തിൽ ‘ഫോക്’ എന്നതിന് പുതിയ നിർവ്വചനങ്ങൾ വന്നു. ‘കുറഞ്ഞത് ഒരു കൂട്ടം കാര്യമെങ്കിലും സമാനമായി പങ്കിടുന്ന ഏതൊരു സമൂഹത്തേയും ‘ഫോക്’ ആയി പരിഗണിക്കാമെന്നാണ്’ പുതിയ നിർവ്വചനം. ഇത് അമേരിക്കൻ ഫോക്ലോറിസ് ആയ അലൻഡസീസ് (Alan Dundes) മുന്നോട്ടുവെച്ച ആശയത്തിന്റെ വിപുലീകൃതമായ രൂപമാണ്.

‘ഒരേ സ്വഭാവസവിശേഷതകളുള്ള ഒന്നിലധികം പേർ ഉൾകൊള്ളുന്ന (folk as a group which shares constitutes more than one individual) തൊഴിൽ, ഭാഷ, മതം, തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നിലെങ്കിലും സമാനത പുലർത്തുന്ന ഒന്നിലധികം വ്യക്തികൾ ഉൾകൊള്ളുന്ന ഒരു കൂട്ടായ്മയാണ് ‘ഫോക്’ എന്ന നിഗമനം ഏറെക്കുറെ അംഗീകരിക്കാവുന്നതാണ്.

ഫോക്‌ലോർ പഠനം പാശ്ചാത്യ രാജ്യങ്ങളിൽ സജീവമാകുന്നത് ഏ.ഡി 19-‐ാം നൂരാണ്ടിലാണ്. ജനകീയ പുരാവസ്തുക്കളുടെ ശേഖര ണവും പ്രദർശനവുമാണ് അക്കാലത്ത് നടന്നത്. എന്നാൽ ഡാറ്റാ (data collection)ത്തിനപ്പുറം, ശേഖരിച്ച് വസ്തുക്കളുടെ വർഗ്ഗീകരണമോ (Classification), വിശകലനമോ (Analysis) നടന്നിരുന്നില്ല. പിൽക്കാലത്ത് ‘വിൻഹം ഗ്രീം, ജേക്കബ്ഗ്രീം എന്നീ ജർമ്മൻ സഹോദരന്മാരാണ് ഫോക്‌ലോർ രംഗത്തും ശാസ്ത്രീയമായ ശേഖരണവും അപഗ്രഥനവും നടത്തിയത്. ആദ്യഘട്ടത്തിൽ ‘ഫോക്‌ലോർ’ എന്നതിന് തലമുറകൾ കൈമാറിവന്ന വാമൊഴി (Oral tradition)’ എന്നുമാത്രം അർത്ഥം കൽപ്പിച്ചിരുന്നു. പ്രധാന വിഷയം നാടോടി സാഹിത്യം (folk literature) ആയിരുന്നു. പിന്നീട് തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നതെല്ലാം ഫോക്‌ലോർ പഠനത്തിന്റെ ഭാഗമായിത്തീർന്നു.

ഫോക്‌ലോർ പ്രധാന സവിശേഷതകളായി കണക്കാക്കിവരുന്നത് പാരമ്പര്യവും വാമൊഴിയുമാണ്. പാരമ്പര്യത്തിലൂന്നിയ ജനകീയശാസ്ത്രം (Traditional Popular Science), നാടൻപാട്ടുകൾ (folk songs) എന്നിവയാണ് തുടക്കത്തിൽ പഠനവിധേയമാക്കിയിരുന്നത്. നാടൻ പാട്ടുകൾ, നാടൻ കഥ, ഗാനങ്ങൾ, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, നാടൻ കഥകൾ, പുരാവൃത്തങ്ങൾ, ഐതീഹ്യങ്ങൾ എന്നിവയെല്ലാം പാരമ്പര്യവും വാമൊഴിയും സൂക്ഷിച്ചുപോരുന്ന ജനസംസ്‌കാരത്തിന്റെ (folk culture) ഭാഗമാണ്. നാടോടി സാഹിത്യത്തിന്റെ ശേഖരിക്കപ്പെട്ട പാഠം ( Text) വിശകലനം ചെയ്യു കയാണ് ആദ്യഘട്ടത്തിൽ നടന്നത്. പിന്നീട് അനുകരണത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ട പാരമ്പര്യ സവിശേഷതകളും ഫോക്‌ലോറിന്റെ ഭാഗമായിത്തീർന്നു. ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, നാടൻ കലകൾ തുടങ്ങിയവയെല്ലാം ഈ വിധം ഫോക്‌ലോർ ബന്ധിത വിഷയങ്ങളായിത്തീർന്നു. ഈ ആധുനിക ഘട്ടത്തിൽ നാടോടി ജീവിതം (Folklife) തന്നെ പഠനവിധേയമാണ്.

ഫോക്‌ലോറിന്റെ മറ്റൊരു സവിശേഷത അതു മാനം (പരിണാമം) ഉൾകൊള്ളുന്നു എന്നുള്ളതാണ്. ഏതൊരു ഫോക്‌ലോറും പരിണാമവിധേയമാണ്. ഇത് മാർക്സിയൻ സിദ്ധാന്തങ്ങളുടെ ഫോക്ലോർ വിശകലനം കൂടിയാണ്. മനുഷ്യ ചരിത്രം എന്നത് ഉൽപാദനോപകരണങ്ങളുടെ വളർച്ചയുടെയും ഭൗതികമായ പരിണാമത്തിന്റെയും അടിസ്ഥാനത്തിൽ രൂപപ്പെട്ടു വന്നതാണ്. അതോടൊപ്പം ശേഖരിക്കപ്പെടുന്ന ഭൗതിക വസ്തുവിന്റെ വിതരണവും സാമൂഹ്യവ്യവസ്ഥയിൽ പ്രധാനപ്പെട്ടതാണ്. മനുഷ്യന്റെ ആദിമ ജീവിതദശയിൽ അമ്പും വില്ലും ഉപയോഗിച്ചുള്ള വേട്ടയാടലിൽ ഇങ്ങനെ ശേഖരിക്കപ്പെടുന്ന വസ്തുവിന്റെ വീതംവെക്കലും ജനസംസ്കാരത്തിന്റെ ഭാഗമായിരുന്നു. കാർഷിക വ്യവസ്ഥയിലേക്കെത്തുമ്പോൾ ഉൽപാദനോപകരണങ്ങളിൽ മാനുമുണ്ടാവുന്നു. ഇത് സാമൂഹിക ബന്ധങ്ങളിലും മാറ്റം ഉണ്ടാക്കുന്നു. “ഉല്പാദനത്തിന്റെ രീതി മാറുന്നു. വൈജ്ഞാനിക മണ്ഡലത്തിലും അനിവാര്യമായ പരിണാമം സംഭവിക്കുന്നു. കൃഷിയിടം (നിലം), ഒരുക്കൽ, അതിനുള്ള മാർഗ്ഗങ്ങൾ, (ഉപകരണങ്ങൾ), വിത്തുകൾ, അതിന്റെ വ്യത്യസ്ത ഘട്ടങ്ങൾ, ജലം, ജലസേചന സൗകര്യങ്ങൾ, അതിന്റെ ഉപകരണങ്ങൾ, പ്രയോഗങ്ങൾ, വിത്തു വിതയ്ക്കൽ, അതിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ അത് ധാന്യമായി ശേഖരിക്കപ്പെടുന്നത്. ഉല്പാദനം, വിതരണം, ജീവിതോപാധിയായി സ്വീകരിക്കപ്പെടുന്നത്, ഇങ്ങനെ നിരവധി ഘട്ടങ്ങളിലൂടെയുള്ള പ്രക്രിയയും, അതിന്റെ അറിവും ഉപയോഗവും എല്ലാം, നിരന്തരമായ പരിശോധനയിലൂടെയും ഉപയോഗത്തിലൂടെയും നിർമ്മിക്കപ്പെടുന്ന ഒന്നാണ്.

സാമൂഹ്യവ്യവസ്ഥയിൽ യന്ത്രങ്ങൾക്കു പ്രാധാന്യം വരുന്നതോടുകൂടി, ഉല്പാദനോപകരണങ്ങൾക്ക് അധീശത്വമുണ്ടാകുകയും, അത് സാമ്പത്തിക ലാഭവുമായി ചേർത്തുവെക്കുകയും ചെയ്യുന്നു. ഉപകരണങ്ങൾ കയ്യിൽ വെക്കുന്നവരല്ല ഉല്പാദനം നടത്തുന്നത്. അതിന് പ്രത്യേക ജനവിഭാഗം തന്നെ ഉണ്ടാകുന്നു, മുതലാളിയും തൊഴിലാളിയും എന്ന വർഗ്ഗ വിഭജനം രൂപപ്പെടുന്നു. ഇവിടെ വിജ്ഞാനവും വിഭജിയ്ക്കപ്പെടുന്നുണ്ട്. ഉൽപാദനം, ഉപകരണം, സാമൂഹികബന്ധം ഇവയിൽ പരിണാമം സംഭവിക്കുന്നുണ്ട്. പക്ഷേ, പരമ്പരാഗതമായ അറിവ് (Technical knowledge) എന്നിങ്ങനെ അറിവും വിഭജിയ്ക്കപ്പെടുന്നു. പരമ്പരാധിഷ്ഠിതമായ അറിവ് പലപ്പോഴും ‘നാട്ടറിവി’ന്റെ (folklore) ഭാഗമായി തന്നെ എന്നത് പരമ്പരാഗത വ്യവസ്ഥയുമായി ചേർന്നുനിൽക്കുന്ന അറിവാണ്. സമൂഹത്തിന്റെ ഉല്പാദന പ്രക്രിയയുമായി അതിനു ബന്ധമുണ്ട്. പുതിയ അറിവുകൾ രൂപപ്പെടുമ്പോഴും പാരമ്പര്യമായി സമൂഹത്തിനു കിട്ടിയ അറിവുകൾ മാനത്തിനു വിധേയമായി, പുതിയ അറിവിനോടൊപ്പം ചേർന്നു നിൽക്കുന്നു.

ഒരു ദേശത്തിന്റെ അല്ലെങ്കിൽ ജനതയുടെ സാംസ്‌കാരിക ചരിത്രം കൂടിയാണ് ഫോക്‌ലോർ. നാടോടി ജീവിതം (Folklife) അതിൽ നിലകൊള്ളുന്നു. പുരാതനവും ഗ്രാമീണവുമായ വിജ്ഞാനത്തെ ഉൾക്കൊള്ളുന്നതിനൊപ്പം, അതതു കാലഘട്ടത്തിലെ അധ്വാനിക്കുന്ന ജനതയുടെ വിജ്ഞാന വും ചേർന്നുനിൽക്കുന്നു. സാംസ്കാരിക തനിമയെ തിരിച്ചറിയുക എന്നതാണ് പ്രധാനം.

നാടോടി വിജ്ഞാനത്തിന്റെ വിഷയപരിധി വിപുലമാണ്. നാടൻ സാഹിത്യം (folk literatue), നാടൻ വഴക്കങ്ങൾ (Flok practices), നാടൻകല Plagio telemomano (folk Arts and artistic folklore) ശാസ്ത്രവും സാങ്കേതികവിദ്യയും (Folk science and technology) എന്നിങ്ങനെ ഫോക്‌ലോറിനെ പൊതുവെ വിഭജിയ്ക്കാവുന്നതാണ്. ഇതിൽ നാടൻപാട്ടുകൾ, നാടൻ കഥകൾ, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, പുരാവൃത്തങ്ങൾ, ഐതീഹ്യങ്ങൾ തുടങ്ങിയവ നാടൻ സാഹിത്യത്തിൽ വരുന്നു. ഇവ വാമൊഴിയായി കൈമാറ്റം ചെയ്തുപോരുന്നവയാണ്. മാത്രമല്ല, ലിഖിതരൂപത്തിൽ നിലനിൽക്കുന്നവയുമല്ല. നാടൻ വിശ്വാസങ്ങൾ, ആചാരങ്ങൾ, ആരാധനാരീതികൾ, ഉത്സവങ്ങൾ, മതപരമായ ചടങ്ങുകൾ, നാടൻ കളികൾ, നാടൻ വിനോദങ്ങൾ എന്നിവ’ നാടൻ വഴക്കങ്ങൾ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുക.

നാടോടി ജീവിതത്തിന്റെ അവസ്ഥാവിശേഷങ്ങളിൽ നിന്നും രൂപപ്പെട്ടുവരുന്നവയാണ് നാടൻകലകൾ. ഇതിനെ പ്രകടനകല (Performing Arts), സാങ്കേതിക കല (Technical Arts) എന്നിങ്ങനെ രണ്ടു വിധത്തിൽ പറയാവുന്നതാണ്. അവതരണ രീതിയനുസരിച്ച് നൃത്തം (daance), നാടകം (drama) എന്നിങ്ങനെ പ്രകടനകലയെ വിഭജിയ്ക്കാം. നാടൻ പ്രകടനകലകൾക്ക് അനുഷ്ഠാനം (Ritual), അനുഷ്ഠാനേതരം (Non-ritual) എന്നിങ്ങ നെയുള്ള വിഭജനവുമുണ്ട്. കുലത്തൊഴിലായോ, കുടിൽവ്യവസായമായോ തുടരുന്നതായ കലകളെയാണ് നാടൻ സാങ്കേതികകല എന്നു പറയുന്നത്. ചായപ്പണി, ചിത്രപ്പണി, തുന്നൽപ്പണി, വലനിർമ്മാണ്. വാസ്തുവിദ്യ, കൊത്തുപണി, ശില്പവേല, കൈവേല, ആഭരണ നിർമ്മാണം തുടങ്ങിയവയാണ് ഈ വിഭജനത്തിൽ വരുന്നത്. കൃഷി, വൈദ്യം, ഭക്ഷണം എന്നിവയാണ് നാടൻ ശാസ്ത്രം. സാങ്കേതികവിദ്യയുടെ ഭാഗമായി വരുന്നത്. നാടൻ വളം, വിത്തിനങ്ങളുടെ നിർമ്മാണം, നാട്ടുചികിത്സ തുടങ്ങിയ നാടൻ ശാസ്ത്രത്തിന്റെയും ചക്രം തേവൽ, ഏത്തം തേവൽ തുടങ്ങിയവ നാടൻ സാങ്കേതികവിദ്യയുടെയും ഭാഗമാണ്. നാടൻകലകളെക്കുറിച്ചാണ് ഈ ലേഖനത്തിൽ കൂടുതലായും പ്രതിപാദിക്കുന്നത്.

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen − 10 =

Most Popular