Saturday, November 23, 2024

ad

Homeനാടൻകലഗുളികൻ പുരാവൃത്തവും അഭ്യാസമികവും

ഗുളികൻ പുരാവൃത്തവും അഭ്യാസമികവും

പൊന്ന്യം ചന്ദ്രൻ

അനുഷ്‌ഠാനകല‐ 2

മിഴ്‌ പുരാണങ്ങളിൽ ശനിയുടെ പുത്രന്മാരായി ഗുളികനെയും മാന്ദിയെയും കുറിച്ച്‌ സൂചിപ്പിക്കുന്നുണ്ട്‌. ഇത്‌ രണ്ടും രണ്ടല്ല ഒന്നാണെന്ന വിശ്വാസവും തമിഴ്‌ജനത പുലർത്തുന്നുണ്ട്‌. സംസ്‌കൃതത്തിൽ രചിക്കപ്പെട്ട പ്രാചീനകൃതിയായ ‘സർവ്വാർത്ഥ ചിന്താമണി’യിൽ മാന്ദി ശനിയുടെ പുത്രനും ഗുളികൻ കാലന്റെ പുത്രനുമാണെന്ന്‌ പരാമർശിക്കുന്നുണ്ട്‌. കേരളത്തിൽ വടക്കേ മലബാറിലാണ്‌ പ്രധാനമായും ഗുളികൻ തെയ്യം കെട്ടിയാടുന്നത്‌. വടക്കേ മലബാറിലെ കാവുകളുടെ സമീപത്തുകൂടി നടന്നുപോകുന്നവർക്കോ സമീപപ്രദേശത്ത്‌ താമസിക്കുന്നവർക്കോ എന്തെങ്കിലും അപായങ്ങൾ സംഭവിച്ചെങ്കിൽ സാധാരണ മറ്റുള്ളവർ പറഞ്ഞുവരുന്നത്‌, ഗുളികന്റെ ദോഷം കൊണ്ടായിരിക്കും എന്നാണ്‌. രൂഢമൂലമായ വിശ്വാസത്തിലേക്ക്‌ പ്രയാസം നേരിടുന്നവരെ എത്തിക്കുന്നതിനുള്ള സമർഥമായ പ്രചാരണവും ഇതിനു പിന്നിലുണ്ടാവാം. അതല്ലെങ്കിൽ ചിലർ പറഞ്ഞുവരുന്നത്‌ ഗുളികന്റെ വരവിൽ അല്ലെങ്കിൽ നോക്കിൽ പെട്ടു കാണും എന്നാണ്‌. സർവ്വാർത്ഥ ചിന്താമണി പ്രകാരമുള്ള ഗുളികൻ കാലന്റെ പുത്രനാണെന്നതുകൊണ്ടാണ്‌ ഇങ്ങനെയൊരു വിശ്വാസത്തിന്റെ ചേർത്തുവെപ്പിലേക്ക്‌ എത്തിയതായി കരുതാവുന്നത്‌.

നാരദപുരാണത്തിൽ ഗുളികൻ എന്ന വേടനെപ്പറ്റി പ്രതിപാദ്യമുണ്ട്‌. കുട്ടികളെയും സ്‌ത്രീകളെയും അപഹരിക്കുന്ന ക്രൂരനായ വേടനായിരുന്നു ഗുളികൻ എന്നു കരുതുന്നു. ഇതിന്റെ ആചാരമെന്നോണമാവാം ഗുളികൻ തെയ്യം കെട്ടിയാടുന്ന കാവിന്റെ മുറ്റത്ത്‌ കുട്ടികൾ സംഘം ചേർന്ന്‌ ഉറക്കെ കൂവിയാർക്കുന്നത്‌. ഗുളികൻ തെയ്യത്തെ പിന്തുടർന്ന്‌ കൂവിയോടിക്കുന്ന ആചാരം ഇപ്പോഴും കാവുകളിലുണ്ട്‌. ശക്തരായ ഞങ്ങളെ അപഹരിക്കാനാവില്ലെന്ന പ്രഖ്യാപനവുമാവാമത്‌.

ഒരുനാൾ വിഷ്‌ണു ക്ഷേത്രത്തിൽ പ്രവേശിച്ച ഗുളികൻ ഏകനായി ധ്യാനത്തിൽ മുഴുകിയിരിക്കുന്ന വേദശിഷ്യനായ ഉത്തംഗമുനിയെയാണ്‌ കാണുന്നത്‌. മുനിയെ വധിക്കാൻ ഗുളികൻ തീരുമാനിക്കുകയായിരുന്നു. ധ്യാനത്തിൽനിന്നും മോചിതനായ മുനി കണ്ണുതുറന്നപ്പോൾ വാളുമായി നിൽക്കുന്ന വേടനെന്ന ഗുളികനെ കാണുകയായിരുന്നു. ഉത്തുംഗമുനി വേടനെ തന്റെ നീചപ്രവൃത്തികളുടെ പരിണതഫലം എന്താണെന്ന്‌ ബോധ്യപ്പെടുത്തുന്നു. തന്റെ പ്രവൃത്തിമൂലം ഉണ്ടായിരുന്ന ആസുരത കലർന്ന കാലത്തെക്കുറിച്ച്‌ ബോധവാനാകുകയാണ്‌ ഗുളികൻ. ദക്ഷിണേന്ത്യയിൽ പ്രധാനമായിട്ടും തമിഴ്‌നാട്‌, ഉത്തരകേരളം, ഉത്തരകന്നട തുടങ്ങിയ ദേശങ്ങളിൽ ആരാധിച്ചുവരുന്ന അഷ്ട (കുല) നാഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്‌ ഗുളികൻ. ഇത്‌ നാഗരാജാക്കന്മാരിൽ ഒരുവനായിട്ടും പരിഗണിക്കപ്പെടുന്നു. നാടൻകലാവിഭാഗത്തിൽപെട്ട കളമെഴുത്തിൽ അഷ്ടനാഗ കളത്തിൽ സാധാരണ ഗുളികനെ ചിത്രീകരിക്കാറുണ്ട്‌. ഇത്‌ പ്രധാനമായും പ്രകൃതിദത്തമായ പഞ്ചവർണ്ണത്താലാണ്‌ ചിത്രീകരിക്കപ്പെട്ടിരുന്നത്‌. ദീർഘകാല ശേഷിപ്പോടെ നിൽക്കുന്ന ഒന്നല്ല കളമെഴുത്ത്‌ എന്ന കലാരൂപം എന്നതിനാൽ കലാപരമായ സമഗ്രത നൂറുശതമാനം കളമെഴുത്തുകൾക്ക്‌ ഉറപ്പാക്കാറുമില്ല.

മാജി, കുലികൻ, ഗുളികൻ എന്നീ വ്യത്യസ്‌ത പേരുകളിൽ വിവിധ ദേശങ്ങളിൽ ഗുളികൻ അറിയപ്പെടുന്നു.

മാർക്കണ്ഡേയ മോക്ഷത്താൽ ലോകത്തിൽ മരണാവസ്ഥയ്‌ക്ക്‌ കാരണഭൂതനാവുന്ന കാലനില്ലാത്ത അവസ്ഥ സംജാതമായി എന്ന്‌ വിശ്വസിക്കുന്നുണ്ട്‌. കാലന്റെ അഭാവത്താൽ നഷ്ടപ്പെട്ട കാലചക്രത്തിന്റെ സന്തുലിതാവസ്ഥ തിരികെപ്പിടിക്കാനായി ഋഷിദേവതകൾ പരമശിവന്റെ സമീപത്ത്‌ പ്രശ്‌നപരിഹാരത്തിനായി സമീപിച്ചു. പരമശിവൻ തന്റെ വലതുകാലിന്റെ പെരുവിരൽ ഭൂമിയിൽ അമർത്തിപ്പിടിച്ചപ്പോൾ വിരൽപൊട്ടി ഗുളികൻ അവതരിക്കുകയുണ്ടായി എന്ന്‌ വിശ്വസിക്കപ്പെടുന്നു. ഗുളികന്റെ സൃഷ്ടിക്കുശേഷം സപ്‌തർഷികളിൽ ഒരുവനായ കശ്യപ മഹർഷി സന്താനലബ്ധിക്കായി യജ്ഞം നടത്തുകയുമുണ്ടായി. ശേഷം കശ്യപന്റെ പത്നിയും ദക്ഷപുത്രിയുമായ കദ്രുവിന്റെ ഗർഭത്തിലൂടെ ഗുളികൻ ഭൂമിയിൽ നാഗരൂപം കൈക്കൊണ്ടു എന്നും വിശ്വസിക്കപ്പെടുന്നു.

♦     ♦     ♦     ♦     ♦     ♦     ♦     ♦     ♦

അമ്മദൈവങ്ങൾ, യുദ്ധദൈവങ്ങൾ, രോഗദേവതകൾ, നാഗങ്ങൾ, ഭൂതങ്ങൾ, യക്ഷികൾ, മൃഗദേവതകൾ, വീരവനിതകൾ, ധീരന്മാർ തുടങ്ങിയവരുടെ മന്ത്രം, തന്ത്രം, വ്രതം, കർമ്മം എന്നിവ ഉൾപ്പെടുത്തിയുള്ള നൃത്തരൂപത്തിലുള്ള ആരാധനയാണ്‌ തെയ്യം. ഏതാണ്ട്‌ ഇരുനൂറ്റിനാൽപതോളം തെയ്യങ്ങൾ ഇപ്പോൾ കെട്ടിയാടുന്നുണ്ട്‌. മലയാള നിഘണ്ടുവിന്റെ കർത്താവായ ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ അഭിപ്രായത്തിൽ, ദൈവമെന്ന സംസ്‌കൃത വാക്കിൽനിന്നും രൂപംകൊണ്ടതാണ്‌ തെയ്യം എന്ന വാക്ക്‌. തെയ്യം അവതരണത്തിനിടയിൽ പ്രധാനമായും തീകൊണ്ടുള്ള ആട്ടം നടക്കുന്നതിനാൽ തീയാട്ടം എന്നും അത്‌ ക്രമേണ തെയ്യാട്ടമായി രൂപാന്തരം പ്രാപിച്ചുവെന്നും ഡോ. ചേലനാട്ട്‌ അച്ചുതമേനോൻ എന്ന ഭാഷാപണ്ഡിതൻ അഭിപ്രായപ്പെടുന്നു.

രാവായാലും പകലായാലും തെയ്യത്തിന്റെ അവതരണകല ഏറെ ശ്രദ്ധേയമായിട്ടുള്ളത്‌ അതിന്റെ ചടുലതയിൽ കൂടിയാണ്‌. ഇതിന്റെ ദ്രുതതാളത്തിനൊപ്പം മിന്നിമായുന്ന നിറങ്ങളാവട്ടെ കടുംനിറത്തിലുള്ളതും. ഫോക്‌ തിറ രൂപങ്ങളായ ചുവപ്പ്‌, വെളുപ്പ്‌, കറുപ്പ്‌ എന്നീ നിറങ്ങളിലുള്ള തുണികൊണ്ട്‌, തെയ്യക്കോലത്തിലെ വസ്‌ത്രങ്ങൾ അലങ്കരിക്കുന്നു. നിറങ്ങളിൽ ഏറെ മുന്നിട്ടുനിൽക്കുന്ന നിറം ചുവപ്പാണ്‌. മണിക്കൂറുകളോളമെടുത്ത്‌ പൂർത്തിയാവുന്നതാണ്‌ സാധാരണ തെയ്യങ്ങളുടെ മുഖത്തെഴുത്ത്‌. എന്നാൽ ഗുളികൻ തെയ്യത്തിന്‌ കവുങ്ങിൻപാളയിൽ പ്രത്യേക ആകൃതിയിൽ ചെത്തിയെടുത്ത്‌ മുഖാവരണം ഉണ്ടാക്കുകയാണ്‌ ചെയ്യുന്നത്‌. ഈ പാളയിൽ തന്നെയാണ്‌ മുഖരൂപങ്ങൾ വരച്ചുചേർക്കുന്നത്‌.

ഏത്‌ തെയ്യം അവതരണത്തിനും നൃത്തം പ്രധാനപ്പെട്ടതാണ്‌. അതാവട്ടെ സ്‌ത്രൈണഭാവമായ ലാസ്യവും പുരുഷഭാവമായ താണ്ഡവവും സമന്വയിക്കുന്ന ഭാവങ്ങളുടെ സമ്മിശ്രാവസ്ഥയാണ്‌ കാണാറ്‌. എന്നാൽ ഗുളികൻ തെയ്യത്തിൽ അഭ്യാസപ്രധാനമായ നൃത്തച്ചുവടുകളാണ്‌ കാണാറ്‌. ചെണ്ട, ചേങ്ങില, ഇലത്താളം, കറുംകുഴൽ, തകിൽ തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകന്പടിയിലാണ്‌ സാധാരണ തെയ്യം കെട്ടിയിറങ്ങാറ്‌.

♦     ♦     ♦     ♦     ♦     ♦     ♦     ♦     ♦

തെയ്യങ്ങളുടെ തന്പുരാൻ എന്ന്‌ വിശേഷിപ്പിക്കുന്നത്‌ കരിവെള്ളൂരിലെ മണക്കാടൻ ഗുരുക്കളെയാണ്‌. 15‐ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മണക്കാടൻ ഗുരുക്കളാണ്‌ തെയ്യത്തിന്‌ ഇന്ന്‌ കാണുന്ന രൂപഭാവം നൽകിയത്‌. പഴയങ്ങാടി പുഴയ്‌ക്ക്‌ തെക്ക്‌ തെയ്യങ്ങൾ എന്ന്‌ അറിയപ്പെടുന്നത്‌ പുഴയുടെ വടക്ക്‌ കളിയാട്ടം ആയിട്ടാണ്‌ അറിയപ്പെടുന്നത്‌. വലിയ വ്യത്യാസം പറയാനില്ലാത്ത കലാരൂപങ്ങളാണ്‌ ഇത്‌ രണ്ടും. വണ്ണാൻ സമുദായക്കാരനായിരുന്ന മണക്കാടൻ ഗുരുക്കൾ മാന്ത്രികം, വൈദ്യം, കവിത, സംസ്‌കൃതം എന്നിവയിലൊക്കെ അഗ്രഗണ്യനായിരുന്നു. ഒരിക്കൽ കോലത്തിരി രാജാവ്‌ ഗുരുക്കളെ കൊട്ടാരത്തിലേക്ക്‌ ക്ഷണിക്കുകയുണ്ടായി. വഴിയിൽ രാജാവ്‌ തന്നെ ഗുരുക്കളുടെ കഴിവ്‌ പരീക്ഷിക്കാനൊരുങ്ങിയിരുന്നു. അത്തരത്തിലുള്ള നിരവധി തടസ്സങ്ങളെ അതിജീവിക്കാൻ ഗുരുക്കൾക്ക്‌ സാധിക്കുകയുണ്ടായി. ഒടുവിൽ ഗുരുക്കൾ കൊട്ടാരത്തിലെത്തുകയാണ്‌. ഗുരുക്കളുടെ തന്നെ കുടയിലേറി പുഴ കടന്നു. ഊണിനിരുന്നപ്പോൾ അവർ കൊണ്ടുവന്ന കുന്പളയില, ഊണ്‌ കഴിഞ്ഞപ്പോൾ അപ്രത്യക്ഷമാവുകയായിരുന്നു. ഇതെല്ലാം ഗുരുക്കളുടെ അത്ഭുതസിദ്ധികളിൽ ചിലത്‌ മാത്രമായിരുന്നു. ഒരു രാത്രികൊണ്ട്‌ കോലത്തിരിക്കു മുന്നിൽ നാൽപതോളം കോലങ്ങൾ കെട്ടിയാടി ഗുരുക്കൾ തന്റെ അസാമാന്യ പാടവം തെളിയിച്ചിട്ടുണ്ട്‌. തെയ്യങ്ങൾക്കിടയിലെ സൗന്ദര്യമികവായ മുച്ചിലോട്ട്‌ ഭഗവതിയെ ആദ്യമായി കെട്ടിയാടിയത്‌ മണക്കാടൻ ഗുരുക്കളായിരുന്നു.

ഗുളികൻ തെയ്യം സാധാരണയായി കെട്ടിവന്നത്‌ മലയസമുദായക്കാരാണ്‌. മലയസമുദായക്കാർ മലയൻകെട്ട്‌, കണ്ണേർപാട്ട്‌ തുടങ്ങിയ മാന്ത്രിക കർമങ്ങളും ചെയ്‌തുപോന്നിട്ടുണ്ട്‌. എന്നാൽ ഈ സമുദായക്കാർ മലയസമുദായക്കാരേക്കാൾ വളരെ കുറവാണ്‌. പച്ചമരുന്ന്‌ ശേഖരിക്കൽ, ചൂരൽ ഉപകരണങ്ങൾ ഉണ്ടാക്കൽ, മന്ത്രവാദം എന്നിവ മാവിലാൻ സമുദായക്കാർ കുലത്തൊഴിലായി സ്വീകരിച്ചതാണ്‌.

തോറ്റവും വെള്ളാട്ടവും എല്ലാ തെയ്യാട്ടങ്ങൾക്കും ഉണ്ടാവും. കോലക്കാരന്റെ (തെയ്യം കെട്ടുന്നയാൾ) ശരീരത്തിൽ ദേവതയെ വരുത്തുന്ന ചടങ്ങാണ്‌ അത്‌. ഗുളികൻ തെയ്യത്തിന്‌ വേഷം ഉണ്ടാകുമെങ്കിലും മറ്റു തെയ്യത്തേക്കാൾ നന്നേ കുറവാണ്‌. ചമയത്തിന്റെ കാര്യവും ഇങ്ങനെതന്നെയാണ്‌. വരവിളി തോറ്റങ്ങൾ പാടുന്നതോടെ കോലക്കാരന്റെ ശരീരത്തിൽ ദേവത ആവാഹിച്ച്‌ ഉറഞ്ഞുതുള്ളാൻ തുടങ്ങും. വേഷമണിഞ്ഞ കോലക്കാരൻ കണ്ണാടിയിൽ നോക്കുന്ന ചടങ്ങാണ്‌ മുകുരദർശനം. താൻ ദേവതയായി മാറിക്കഴിഞ്ഞുവെന്ന തോന്നലോടെ കോലക്കാരൻ ഉറഞ്ഞുതുള്ളാൻ തുടങ്ങും.

ഗുളികൻ തെയ്യത്തിന്റെ ഏറ്റവും ആകർഷകമായ അവതരണം പൊയ്‌ക്കാലിലുള്ള അഭ്യാസപ്രകടനമാണ്‌. മികച്ച കളരി അഭ്യാസികളാണ്‌ പൊതുവെ ഗുളികൻ തെയ്യം കെട്ടുക. ഗുളികൻ തെയ്യം കെട്ടുന്നത്‌ മിക്കവാറും പുലർകാലത്ത്‌ ആവുന്നതിനാൽ ഗുളികന്റെ അഭ്യാസപ്രകടനം കാണാൻ ആളുകൾ ഉറക്കമൊഴിച്ച്‌ കാത്തിരിക്കുമായിരുന്നു. ഈ കാഴ്‌ചയും ആൾക്കൂട്ടവും കുട്ടികളുടെ കൂവിയാർക്കലും ലേശം പോലും ഭേദമില്ലാതെ ഇപ്പോഴും തുടരുന്നു.

♦     ♦     ♦     ♦     ♦     ♦     ♦     ♦     ♦

മലയാളത്തിലെ പ്രമുഖനായ കഥാകൃത്ത്‌ യു പി ജയരാജിന്റെ ‘നിരാശാഭരിതനായ സുഹൃത്തിന്‌ ഒരു കത്ത്‌’ എന്ന കഥാസമാഹാരത്തിൽ ‘തെയ്യങ്ങൾ’ എന്ന ഒരു കഥയുണ്ട്‌. കതിരൂരിനടുത്ത പൊന്ന്യം മലാലിൽ ജനിച്ച ജയരാജിന്‌ ഏറെ പരിചയമുള്ള തെയ്യം കെട്ടുകാരനായിരുന്നു ഗംഗൻ. കതിരൂരിനടുത്ത്‌ റോഡിന്‌ അരികിലായി ചെറിയ ഒരു കൂരയിൽ താമസിച്ചിരുന്ന ഗംഗന്റെ ജീവിതം അങ്ങേയറ്റം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. തെരുവിലെ നെയ്‌ത്തുതൊഴിലാളിയും യൂണിയൻ പ്രവർത്തകനുമായിരുന്ന ഗംഗന്‌ യൂണിയൻ പ്രവർത്തനത്തിന്റെ ഭാഗമായുള്ള കേസിൽ വാറണ്ട്‌ നിലനിൽക്കുന്നുണ്ടായിരുന്നു. തെയ്യംകെട്ടി അഭ്യാസം നടത്തുന്നതിനിടയിലാണ്‌ വാറണ്ടുമായി തെയ്യപ്പറന്പിൽ പൊലീസുകാർ എത്തുന്നത്‌. പൊലീസുകാരെ കണ്ടപാടെ ഗുളികൻ തെയ്യം കെട്ടിയ ഗംഗൻ തന്റെ പൊയ്‌ക്കാലിൽ മുകളിലോട്ട്‌ ഉയർന്നുപൊങ്ങുന്നതായി അവതരിപ്പിക്കുന്നുണ്ട്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 + four =

Most Popular