തെയ്യം എന്ന് കേൾക്കുമ്പോൾതന്നെ ആരുടെയും മനസ്സിൽ വേഗം എത്തുന്ന നിറം ചുവപ്പും കറുപ്പും വെളുപ്പും ആണ്. എന്നാൽ എങ്ങനെയാണോ മുസ്ലീം പള്ളിയിലെ മുക്രിമാരുടെ വേഷം, അതേ വേഷത്തിൽ തെയ്യം അവതരിപ്പിക്കുകയാണ് മുക്രി പോക്കർ തെയ്യം.
സമീപകാലത്ത് നമ്മുടെ നാട്ടിൽ വ്യാപകമായ സദാചാര കൊലപാതകം പല രീതിയിലും നൂറ്റാണ്ടുകൾക്കു മുൻപും നിലനിന്നിരുന്നു എന്ന് മിക്ക തെയ്യങ്ങളുടെയും പുരാവൃത്തം പരിശോധിക്കുമ്പോൾ കാണാൻ കഴിയും. ജന്മിമാരുടെ വീടുകളിൽ മതഭേദം കൂടാതെ സഹായികളായി വന്നുചേരാറുണ്ട്. ഇങ്ങനെ വരുന്നവർ നല്ല മെയ്യഭ്യാസികൾ ആയിരുന്നെങ്കിൽ ജന്മിമാർ ഏറെ തൃപ്തരാകും. ഇങ്ങനെ വന്നുചേരുന്ന ചിലർക്കൊക്കെ വീട്ടുടമസ്ഥന്റെ മകളോടോ മറ്റു ബന്ധുക്കളോടോ ഇഷ്ടംതോന്നുകയും ഒടുവിൽ പ്രണയ ബദ്ധരാവുകയും ചെയ്യുന്ന സംഭവങ്ങൾ ഒട്ടേറെ ഉണ്ടാകാറുണ്ട്. ജന്മിമാരെ സംബന്ധിച്ചിടത്തോളം തെറ്റായ വഴിയിൽ മകൾ സഞ്ചരിക്കുക എന്നത് ലേശംപോലും സഹിക്കാവുന്നതായിരുന്നില്ല. സവർണരുടെ മകളെ കീഴ്ജാതിയിൽപെട്ട ആളാണ് പ്രണയിക്കുന്നതെങ്കിൽ ഏതുവിധേനയും ചതിച്ചുകൊല്ലുന്ന രീതി ഇന്നും നിലനിൽക്കുന്നുണ്ട്. ജാതിപ്രമത്തതയുടെ ദുഷ്ട ചിന്തകൾ സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നതിന്റെ തെളിവാണത്.
മുക്രി പോക്കർ തെയ്യത്തിന്റെ കാര്യത്തിലും ഇവിടെ സംഭവിച്ചത് മറിച്ചല്ല. കാസർഗോഡ് ജില്ലയിലെ കുമ്പള മഞ്ചേശ്വരം ഭാഗങ്ങളിലാണ് മുക്രി പോക്കർ തെയ്യം കെട്ടിയിറങ്ങുന്നത്. പള്ളി മുക്രിയായ പോക്കർ എന്നയാൾ നീലേശ്വരത്തിനടുത്തെ മാലോം കൂലോത്തെ ജന്മികുടുംബത്തിലേക്ക് കാര്യസ്ഥനായി വന്നയാൾ ആകാരസൗഷ്ഠവമുള്ള ആളായിരുന്നു. അയാൾ ജോലി തുടങ്ങിയപ്പോൾ തന്നെ ജന്മിയുടെ മകളിൽ ആയിരുന്നു പ്രധാന കണ്ണ്. ഇതു മനസ്സിലാക്കിയ ജന്മി മുക്രിയെ എങ്ങനെ അപായപ്പെടുത്താൻ കഴിയുമെന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ജന്മിയുടെ മകളും ഈ ബന്ധത്തിൽ നിന്നും ഒട്ടും പിന്മാറുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇത്തരം കടുത്ത നിലപാടെടുക്കാൻ ജന്മിയെ പ്രേരിപ്പിക്കുന്നത്. എന്നാൽ സകലമാന എതിർപ്പും അവഗണിച്ച് മുക്രി ജന്മിയുടെ മകളെ വിവാഹം കഴിക്കുകയായിരുന്നു.
മകളെ പ്രതീക്ഷക്ക് വിരുദ്ധമായി നഷ്ടപ്പെട്ട ജന്മി നാട്ടുകാർക്കിടയിൽ അപമാനിതനാവുന്നു. തന്നെ ബഹുമാനിച്ചിരുന്ന ജനങ്ങൾക്കിടയിൽ പേരും പെരുമയും നിലനിർത്താൻ ഏക മാർഗമായി ജന്മി ആലോചിച്ചത് മുക്രിയെ ഇല്ലാതാക്കുക എന്നതുതന്നെ ആയിരുന്നു. പുഴയിൽ കുളിക്കുന്ന സമയത്ത് മുക്കിക്കൊല്ലുന്നതായിരിക്കും ഉചിതമെന്ന് ജന്മി കരുതി. അതുകൊണ്ടാണ് മുക്രി കുളിക്കുമ്പോൾ ജന്മി പുഴയിൽ അതിവേഗം എത്തിയത്. പക്ഷേ ജന്മി എത്തുമ്പോഴേക്കും മുക്രി പോക്കറുടെ കുളികഴിഞ്ഞ് നിസ്കരിക്കാൻ നോക്കുകയായിരുന്നു. ജന്മി പുഴക്കരയിൽ കണ്ട വലിയ കല്ല് എടുത്തു മുക്രിയുടെ തലയിൽ ഇട്ട് കൊല്ലുന്നു.
അടുത്തുനിന്ന് തന്നെ ജന്മിയുടെ മകൾ കുളിക്കുന്നുണ്ടായിരുന്നു. ഭർത്താവിനെ തലക്കടിച്ച് കൊല്ലുന്നതു കണ്ട മകൾ പുഴയുടെ ആഴങ്ങളിലേക്ക് എടുത്തു ചാടി മരിച്ചു.
കാലം കുറേ കഴിയുന്നതോടെയാണ് ജന്മിയുടെ കുടുംബത്തിൽ വല്ലാത്ത അസ്വാസ്ഥ്യങ്ങൾ തലപൊക്കുന്നത്. മാറാരോഗങ്ങൾ ഉണ്ടാകുമ്പോഴും സാമ്പത്തികമായി തകർച്ച നേരിടുമ്പോഴും ജ്യോത്സ്യൻമാരെ കാണുകയും ഉപദേശപ്രകാരം ഏതു ക്രിയകളും ചെയ്യാൻ മടികൂടാത്ത ഇടമായി കേരളം മാറുകയും ചെയ്യുന്ന കാഴ്ചയാണ് നാം കാണുന്നത്. ജ്യോതിഷിയുടെ അഭിപ്രായപ്രകാരം അവരുടെ തറവാടായ മാലോം കൂലോത്ത് ദൈവമായി അവതരിപ്പിക്കുകയായിരുന്നു. കളിയാട്ടകാലത്ത് പോക്കറുടെയും മകളുടെയും കോലം കെട്ടിയാടാൻ ജന്മികുടുംബം തീരുമാനിച്ചത് കുടുംബത്തിലെ അസ്വാസ്ഥ്യങ്ങൾ എങ്ങനെയെങ്കിലും ഒഴിവാകട്ടെ എന്ന ചിന്ത കാരണമായിരുന്നു.
മുക്രി പോക്കർ എന്ന മാപ്പിള തെയ്യവും ഭാര്യയുടെ ഓർമയ്ക്കായി മണ്ഡളത്ത് ചാമുണ്ടി തെയ്യവും ഇപ്രകാരമാണ് മാലോം കൂലോത്തു കേട്ടി ആടുവാൻ തുടങ്ങിയത്. മുക്രി പൊക്കറെ കൊലപ്പെടുത്തി യെന്നു കരുതുന്ന പുഴക്കരയിലെ ഒരു കല്ലിൽനിന്നുമാണ് മുക്രി പോക്കറുടെ തെയ്യം അണിഞ്ഞൊരുങ്ങുന്നത്.
മാലോം കൂലോത്ത് ക്ഷേത്രത്തിൽ നിന്നും ഉടവാളും വാങ്ങി പുഴയിൽ കുളിക്കാൻപോകുന്ന കോലധികാരിയുടെ വേഷവും പ്രത്യേകത ഉള്ളതുതന്നെയായിരുന്നു. നേർത്ത വരയൻ ലുങ്കിയും ബനിയനും തലയിൽ വെള്ള തൊപ്പിയും പച്ച അരപ്പട്ടയുമായുള്ള വേഷം മറ്റു തെയ്യക്കോലങ്ങളിൽനിന്നും തികച്ചും ഭിന്നമായിട്ടുള്ളതാണ്.
മേൽ സൂചിപ്പിച്ച വേഷങ്ങളോടെ ക്ഷേത്രമുറ്റത്ത് എത്തുന്ന മുക്രി പോക്കർ എന്ന തെയ്യം പ്രത്യേകം തയ്യാറാക്കിയ തറയിൽ നിസ്‌കരിക്കുകയാണ്. നിസ്കാരപായയിൽ വെള്ളമുണ്ട് വിരിച്ച് അതിൽ നിസ്കാരം കഴിഞ്ഞു ക്ഷേത്രമുറ്റത്ത് പ്രകടമാക്കുന്ന വാൾപയറ്റിലും വാമൊഴിയിലും ആകമാനം പ്രകടമായിരുന്നത് ജന്മിമാരോടുള്ള അരിശം തന്നെയായിരുന്നു.
മറ്റു തെയ്യങ്ങളെപോലെ ഭക്തരെ അനുഗ്രഹിക്കുന്നതും കാണാവുന്നതാണ്. അനുഗ്രഹാശിസ്സുകൾ കഴിയുന്നതോടെ മണ്ഡളത്ത് ചാമുണ്ടിയുടെ തെയ്യക്കോലവും എത്തുകയായി. ഇരുവരും ഒന്നിച്ച് ഓടിനടന്നു അനുഗ്രഹം നൽകുകയാണ്..ഇതോടെയാണ് തെയ്യത്തിന്റെ കെട്ടിയാട്ടം അവസാനിക്കുന്നത്.
പൊതുവെ മാവിലൻ സമുദായക്കാരാണ് തെയ്യക്കോലം കെട്ടുന്നത്. കോപ്പാളൻമാരും തെയ്യം കെട്ടാറുണ്ട്. കാസർഗോഡ് ജില്ലയിലെ നർക്കിലക്കാട് കാവ്, നീലേശ്വരം കക്കാട്ട് കാവ്, ആരിക്കാടി കാവ്, തൃക്കരിപ്പൂർ പേക്കടം കാവ് എന്നിവിടങ്ങളിലും മുക്രി തെയ്യം കെ്ട്ടാറുണ്ട്.
മാപ്പിള തെയ്യങ്ങളുടെ കൂട്ടത്തിൽപെടുന്നതാണ് മുക്രി തെയ്യമെങ്കിലും മേലാളർക്ക് അനിഷ്ടമുണ്ടാകുന്ന ഏതു അവസരത്തിലും അതിനെ ചെറുക്കാൻ കാണിക്കുന്ന സമ്പത്തിന്റെ മുഷ്‌കും ഓർക്കാതെ വയ്യ. l



