ക്ഷേത്രങ്ങളും ഉത്സവങ്ങളും
ഏറ്റവും താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളെ വർഗീയവൽക്കരിക്കുന്നതിനുവേണ്ടി സംഘപരിവാർ ഉപയോഗപ്പെടുത്തുന്ന ഏറ്റവും ശക്തമായ ആയുധങ്ങളിൽ ഒന്നാണ് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളെ വൻതോതിലുള്ള മത‐സാംസ്കാരിക സംഭവങ്ങളായി നടത്തുക എന്നത്. വർഗീയനിറം നൽകാവുന്ന ഉത്സവങ്ങൾ നടത്തുന്നതിൽ അവർക്ക് സവിശേഷമായ താല്പര്യമുണ്ട്. ഹിന്ദു ദേശീയവാദികളായിരുന്ന തിലകനും മറ്റും ബ്രിട്ടീഷ് വിരുദ്ധവികാരം ആളിക്കത്തിക്കുന്നതിന് വേണ്ടി ഗണേശോത്സവവും ശിവജി ജയന്തിയുമൊക്കെ ഉപയോഗിച്ചിരുന്നതുപോലെ ഈ ഉത്സവങ്ങളെ വർഗീയ വികാരം ആളിക്കത്തിക്കുന്നതിന് വേണ്ടി ആർ എസ് എസ് ഉപയോഗപ്പെടുത്തുന്നു. ഇത്തരം ഉത്സവങ്ങൾ നടത്തുന്നതിനായി അവർ സമീപ പ്രദേശങ്ങളിലെ യുവാക്കളെ ഉപയോഗപ്പെടുത്തുകയും സംഘപരിവാർ ഘടകങ്ങളിൽ വിശിഷ്യ ബജ്രംഗദളിൽ ചേർക്കുകയും ചെയ്യുന്നു. ഹനുമാൻ ജയന്തിയാണ് ഇത്തരത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ഉത്സവവുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള പൊതുപരിപാടികളിൽ ഫലപ്രദമായി ഇടപെടുന്നതിനായി അവർ ഉത്സവാഘോഷ കമ്മിറ്റികൾ പിടിച്ചെടുക്കുന്നു. ഇത്തരം ഉത്സവങ്ങളിൽ കാവിക്കൊടി വിതരണം ചെയ്യുകയും യുവാക്കളെ കാവിനിറത്തിലുള്ള ഹെഡ് ബാന്റുകൾ കെട്ടിക്കുകയും സിന്ദൂരം ചാർത്തിക്കുകയുമൊക്കെ ചെയ്ത് അവർ യുവാക്കളെ വർഗീയവത്കരിക്കുന്നു. സവിശേഷമായ സമുദായങ്ങൾ, ജാതികൾ, ഗോത്രവർഗവിഭാഗങ്ങൾ എന്നിവയുടെ ആഘോഷങ്ങൾ ആർ എസ് എസ് ഏറ്റെടുക്കുകയും അതിലൂടെ അവയെ രഹസ്യമായി ഹിന്ദുവൽക്കരിക്കുകയും അവരുടെ പുരോഹിതന്മാരുടെ മേൽ ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. നിരവധി പ്രദേശങ്ങളിൽ ആഘോഷങ്ങളുടെ സമയത്ത് ആർ എസ് എസുകാർ ബോധപൂർവ്വം വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കുകയും ചിലപ്പോൾ അത് അക്രമണ സംഭവങ്ങളിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു.
വർഗീയമായ ലക്ഷ്യത്തോടെ ആറ് ദേശീയോത്സവങ്ങളുടെ നടത്തിപ്പ് ആർ എസ് എസ് ജനകീയവൽക്കരിച്ചിട്ടുണ്ട്. വർഷ പ്രതിപദ അല്ലെങ്കിൽ ഹിന്ദു നവവത്സരാഘോഷം, ജ്യേഷ്ഠ ശുദ്ധ ത്രയോദശി ദിനത്തിലെ ഹിന്ദുസാമ്രാജ്യ ദിനോത്സവം, (ശിവജി സ്മരണ) ആഷാഢ പൂർണിമ ദിനത്തിലെ ഗുരുപൂജ, ശ്രാവണ പൂർണിമ ദിനത്തിലെ രക്ഷാബന്ധൻ, വിജയദശമി, മകര സംക്രാന്തി എന്നിവയാണവ. ഇത് ആറും ആർ എസ് എസ് ദേശവ്യാപകമായി ആഘോഷിച്ചു വരുന്നു.
സ്ത്രീകളെയും പ്രായമായവരെയും ലക്ഷ്യമിട്ടുകൊണ്ടാണ് ക്ഷേത്രങ്ങളെ ആർഎസ്എസ് ഇത്തരത്തിൽ ഉപയോഗപ്പെടുത്തുന്നത്. ക്ഷേത്രപുനരുദ്ധാരണം, ദൈനംദിനം പൂജനടത്തൽ, തീർത്ഥയാത്രകൾ സംഘടിപ്പിക്കൽ എന്നിവയാണ് ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് ആർ എസ് എസ് നടത്തിക്കൊണ്ടിരിക്കുന്ന പരിപാടികൾ. സ്വന്തം വർഗീയ അജണ്ട നടപ്പിലാക്കുന്നതിനായി ക്ഷേത്രങ്ങളുടെ നടത്തിപ്പ് കമ്മിറ്റിയിലേക്ക് ആർ എസ് എസ് പ്രവർത്തകരെ സംഘടിതമായി കയറ്റിവിടുന്നു.ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വിവാദ പ്രശ്നങ്ങൾ എന്തെങ്കിലുമൊന്ന് വന്നാൽ ആർഎസ്എസ് അതിനുമേൽ ചാടി വീഴുകയും അതുമായി ബന്ധപ്പെടുത്തി വർഗീയ വികാരങ്ങൾ ആളിക്കത്തിക്കുന്നതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നു. ബാബറി മസ്ജിദ്, തിരുമല ക്ഷേത്രവുമായി ബന്ധപ്പെട്ട ക്രിസ്ത്യൻ പ്രചാരവേല, ശബരിമലയിലെ വനിതാ പ്രശ്നം എന്നിവയൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.
സമൂഹത്തെ വർഗീയവൽക്കരിക്കുന്നതിനുള്ള പ്രചാരവേലകളും പ്രസ്ഥാനങ്ങളും
ഭരണഘടനയുടെ 370‐ാം വകുപ്പ്, പൊതു സിവിൽ കോഡ്, ഗോവധം, രാമജന്മഭൂമി തുടങ്ങി സമൂഹത്തെ വർഗീയവൽക്കരിക്കുന്നതിനുതകുന്ന മുദ്രാവാക്യങ്ങൾ ഉയർത്തി കാലാകാലങ്ങളിൽ ആർഎസ്എസ് അഖിലേന്ത്യാവ്യാപകമായി യാത്രകളും പ്രചാരണ പ്രവർത്തനങ്ങളും നടത്താറുണ്ട്. 1966ൽ ഗോസംരക്ഷണം എന്ന മുദ്രാവാക്യമുയർത്തിയാണ് അവർ അക്രമോത്സുകമായ ഒരു പ്രചാരവേല സംഘടിപ്പിച്ചത്. 1983 ൽ ഗംഗാജലത്തെയും ഭാരത മാതാവിനെയും ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരു ഏകാത്മതാ യാത്ര നടത്തുകയുണ്ടായി. സമരസത പ്രചാരണം, ഗാന്ധിസങ്കൽപ്പയാത്ര, മുതലായവയും അവരുടെ നേതൃത്വത്തിലാണ് അരങ്ങേറിയത്. 1981 ലും 1990ലും നടന്ന സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പാശ്ചാത്തലത്തിലാണ് അദ്വാനിയുടെ നേതൃത്വത്തിൽ 1991 ൽ രാമഭക്തി,ലോകശക്തി യാത്രകൾ നടത്തപ്പെട്ടത്.
ഇതുപോലെ വിവിധ സംസ്ഥാനങ്ങളിൽ വർഗീയമായ ധൃവീകരണത്തിനുതകുന്ന മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് പ്രചാരണം നടത്താൻ ആർഎസ്എസ് തയ്യാറായിട്ടുണ്ട്. കേരളത്തിൽ മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെയും കർണാടകത്തിൽ ബാബ ബുധ ഗിരി ദർഗ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വിശിഷ്യാ പശ്ചിമ ബംഗാളിലും ആസാമിലും വിദേശ നുഴഞ്ഞുകയറ്റം നടക്കുന്നു എന്ന് ആരോപിച്ചുകൊണ്ടും ആർഎസ്എസ് സംസ്ഥാനതലത്തിൽ വൻതോതിൽ പ്രചാരണം നടത്തുകയുണ്ടായി. 1952ൽ ഗോവധം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രചാരണം സംഘടിപ്പിച്ചത്. 1963ൽ കന്യാകുമാരിയിൽ വിവേകാനന്ദ സ്മാരകം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവർ പ്രചാരവേല സംഘടിപ്പിക്കുകയുണ്ടായി. കർണാടകത്തിൽ പ്രചാരണം നടത്തിയത് സംസ്കൃതം സംസാരഭാഷയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു. 2019ൽ സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ സ്ത്രീപ്രവേശം അനുവദിച്ചതിനെതിരെയായിരുന്നു പ്രക്ഷോഭം. വ്യത്യസ്ത മതവിഭാഗങ്ങൾ തമ്മിൽ ശത്രുതയുണ്ടാകാൻ ഇടയുണ്ട് എന്ന് കരുതുന്ന ഏതൊരു ചെറിയ വിഷയവും സംബന്ധിച്ച് ഇത്തരത്തിലുള്ള പ്രചാരവേല നടത്താൻ ആർഎസ്എസ് നിരന്തരം ശ്രമിച്ചുവരുന്നുണ്ട്. തിരഞ്ഞെടുപ്പിനോട് അടുത്ത് തങ്ങളുടെ രാഷ്ട്രീയ മുഖമായ ബിജെപിക്ക് ഗുണം ഉണ്ടാകത്തക്ക വിധത്തിൽ ഇത്തരം പ്രചാരവേല സംഘടിപ്പിക്കുന്നതിന് അവർ ഏറെ ശ്രദ്ധിക്കാറുണ്ട്.
ധൃുവീകരണം നടത്തുന്നതിന് വർഗീയ സംഘട്ടനങ്ങൾ
1971ലാണ് തലശ്ശേരിയിൽ വർഗീയലഹള നടന്നത്. അതിനെ ക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുന്നതിന് നിയോഗിക്കപ്പെട്ടത് ജസ്റ്റിസ് ജോസഫ് വിതയത്തിൽ ആയിരുന്നു. അന്വേഷണാനന്തരം അദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിൽ വർഗീയ ലഹള നടത്തുന്നതിന് മുന്നോടിയായി ആർഎസ്എസ് നടത്തുന്ന പ്രചാരവേല സംബന്ധിച്ചും ലഹളയുടെ രീതിശാസ്ത്രം സംബന്ധിച്ചും വ്യക്തമായ നിഗമനങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്. അത് താഴെ കൊടുക്കുന്നു:
എ) മുസ്ലീങ്ങൾ രാഷ്ട്രത്തിനോട് കൂറില്ലാത്തവരാണെന്ന് പ്രചരിപ്പിക്കുകയും അതുവഴി ഭൂരിപക്ഷ സമുദായത്തിനകത്ത് വർഗീയ ചിന്താഗതി ആളിക്കത്തിക്കുകയും ചെയ്യുന്നു.
ബി) ഭൂരിപക്ഷ സമുദായത്തിനകത്ത് ഭയം വളർത്തുകയും ആ ഭീതിദമായ അന്തരീക്ഷത്തെ മുതലെടുക്കുകയും ചെയ്യുന്നു.
സി) ഭരണ സംവിധാനത്തിനകത്ത് നുഴഞ്ഞുകയറുകയും സിവിൽ, പൊലീസ്, സൈന്യം എന്നീ സേവന മേഖലകളിൽ പ്രവർത്തിക്കുന്നവർക്കിടയിൽ വർഗീയ സമീപനം സ്വീകരിക്കുന്നതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഡി) ഭൂരിപക്ഷ സമുദായത്തിലെ യുവാക്കൾക്ക് വാൾ, കുന്തം, കഠാര എന്നിവ ഉപയോഗിക്കുന്നതിന് പരിശീലനം നൽകുന്നു.
ഇ) വർഗീയമായ ചേരിതിരിവ് ശക്തിപ്പെടുത്താനുതകുംവിധം കിംവദന്തികൾ പ്രചരിപ്പിക്കുകയും എല്ലാ സംഭവങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും വർഗീയമായ നിറം നൽകുകയും ചെയ്യുക.
വർഗീയ സംഘർഷങ്ങളും ആർ എസ് എസിന്റെ സംഘടനാപരമായ വളർച്ചയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ആസൂത്രിതമായി വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കുക എന്നത് ആർ എസ് എസിന് ഒരു സംഘടനാ പ്രവർത്തനമായി മാറിയിരിക്കുന്നു. മതപരമായ അടിസ്ഥാനത്തിൽ ഹിന്ദുക്കളെ അണിനിരത്താനായതുകൊണ്ടാണ് അവരുടെ രാഷ്ട്രീയ മുഖമായ ബിജെപിക്ക് തെരഞ്ഞെടുപ്പിൽ വിജയം നേടാനായത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നൂറിലേറെ വൻതോതിലുള്ള വർഗീയ ലഹളകളാണ് നടന്നത്. 1960 കളിലും 1980 കളിലും ആണ് ഇവയിൽ ഏറെയും അരങ്ങേറിയത്. 1960 കളിൽ വടക്കേ ഇന്ത്യയിൽ മാത്രമായി ഇവ ഒതുങ്ങി നിന്നിരുന്നുവെങ്കിൽ 1980 കളിൽ അത് മറ്റു പ്രദേശങ്ങളിലേക്കും വ്യാപിക്കാനാരംഭിച്ചു. ആർ എസ് എസ് നേതാക്കളുടെ സന്ദർശനാനന്തരമോ അല്ലെങ്കിൽ പ്രസ്തുതപ്രദേശത്ത് ആർ എസ് എസ് ക്യാമ്പ് നടന്നതിനു ശേഷമോ ആണ് ഭൂരിപക്ഷം ലഹളകളും പൊട്ടിപ്പുറപ്പെട്ടത്.
ആർ എസ് എസിനെ സംബന്ധിച്ചിടത്തോളം സമൂഹത്തെ വർഗീയവത്കരിക്കുന്നതിനുള്ള ഏറ്റവു നല്ല ഉപകരണങ്ങളിൽ ഒന്നാണ് വർഗീയ ലഹളകൾ. സമൂഹത്തിലെ ദരിദ്ര ജനവിഭാഗങ്ങളെ വർഗീയവത്കരിക്കുന്നതിനും, വർഗീയ ചിന്തകൾ തീവ്രമാക്കുന്നതിനും ജനങ്ങളെ മതപരമായി വേർതിരിക്കുന്നതിനും ഇതിലും നല്ല മറ്റൊരായുധവുമില്ല. മറുവശത്ത് മതനിരപേക്ഷ, ലിബറൽ, മാനവിക ചിന്താഗതികൾക്ക് സമൂഹത്തിലുണ്ടായിരുന്ന ഇടം ഇല്ലാതാക്കുന്നതിനും വർഗീയ ലഹളകൾക്ക് കഴിയും.
വിതയത്തിൽ കമ്മീഷൻ പോലെ വർഗീയ ലഹളകളെ കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ടിട്ടുള്ള കമ്മീഷനുകൾ ഒക്കെ ത്തന്നെ ലഹളകൾ ഉണ്ടാക്കാനായി പ്രകോപനം സൃഷ്ടിച്ചവരും തയ്യാറെടുപ്പു നടത്തിയവരും ആർ എസ് എസുകാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പൊലീസും അർധസൈനികവിഭാഗങ്ങളും ഒക്കെ പല ലഹളകളിലും വെറും കാഴ്ചക്കാരോ കുറ്റകൃത്യങ്ങൾക്ക് ഒത്താശ ചെയ്യുന്നവരോ ആയിരുന്നുവെന്നും കമ്മീഷനുകൾ നിരീക്ഷിച്ചിട്ടുണ്ട്. ചില കൂട്ടക്കൊലകളിൽ അവർ പങ്കാളികൾ പോലുമായിട്ടുണ്ട്. ലഹളകളിൽ കൊല്ലപ്പെട്ടവർ, അംഗഭംഗം സംഭവിച്ചവർ, പരിക്കേറ്റവർ ഒക്കെ ന്യൂനപക്ഷ സമുദായങ്ങളിൽപെട്ടവരായിരുന്നു.
1970ലെ ഭീവണ്ടി, ജാൽ ഗോൺ, മഹദ് ലഹളകൾ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഡിപി മദൻ കമ്മീഷൻ റിപ്പോർട്ടിൽ വർഗീയ സംഘർഷത്തിന്റെ ഘടനാപരമായ സവിശേഷത സംക്ഷിപ്തമായി വിശദീകരിച്ചിട്ടുള്ളത് ഇങ്ങനെയാണ്. “വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെടുന്നത് ഒറ്റരാത്രികൊണ്ടല്ല. വർഗീയ പ്രചാരണം വിത്തിടുന്നതും വർഗീയ സംഭവവികാസങ്ങൾ വളർത്തിയെടുക്കുന്നതും കിംവദന്തികൾ വ്യാപിപ്പിക്കുന്നതുംവഴി ജനമനസ്സുകളിൽ വെറുപ്പുനിറയ്‌ക്കുകയും അതുവഴി അവരുടെ ചിന്തകളെ അക്രമണോത്സുകമാക്കുകയും ചെയ്യുന്നു. “ഈ പ്രക്രിയകളിൽ നല്ല പങ്കാളിത്തമാണ് ആർ എസ് എസ് പ്രവർത്തകർക്കുള്ളത്.
എന്നാൽ വർഗീയ ലഹളകളിലുഉള്ള പങ്കാളിത്തത്തെ നിഷേധിക്കാനാണ് എല്ലായപ്പോഴും ആർ എസ് എസ് ശ്രമിക്കാറുള്ളത്. ദൈവനാമത്തിൽ കള്ളം പറയാൻ പോലും സ്വയം സേവകന്മാർ യാതൊരു മടിയും കാണിക്കാറില്ല. സ്വന്തമായി അംഗത്വ രജിസ്റ്റർ സൂക്ഷിക്കാത്ത സംഘടനയാണെന്നതിനാൽ കള്ളംപറഞ്ഞ് രക്ഷപ്പെടാനും എളുപ്പമാണ്. വർഗീയ സംഘർഷമുണ്ടാവുമ്പോൾ പ്രാദേശികമായും താത്കാലികമായും രൂപപ്പെടുത്തുന്ന സംഘടനകളിലൂടെ കാര്യനിർവ്വഹണം നടത്തുകയും കർട്ടനു പിന്നിൽ ഒളിഞ്ഞിരിക്കുകയുമാണ് ആർ എസ് എസ് ചെയ്യുക.
ഇങ്ങനെ വർഗീയ സംഘർഷമുണ്ടാക്കുന്നതിനു പുറമെ ഗ്രൂപ്പുകൾക്കും വ്യക്തികൾക്കുമെതിരെ വെറുപ്പുൽപ്പാദിപ്പിക്കുന്ന പ്രചാരവേല നടത്തലും ആർ എസ് എസിന്റെ ആയുധപ്പുരയിൽ നിന്ന് ദൈനംദിനം നടത്തിവരുന്നുണ്ട്. ബീഫ്, പശു, പ്രേമം, ദേശസ്നേഹം എന്നിവയുടെ പേരിൽ സംഘം ഗുണ്ടകളും ജാഗ്രതാ സംഘങ്ങളുമൊക്കെ നിരപരാധികളായ വ്യക്തികൾക്കും കുടുംബങ്ങൾക്കുമെതിരെ ആൾക്കൂട്ട ആക്രമണങ്ങൾ അഴിച്ചു വിടാറുണ്ട്. ഹിന്ദുത്വയെ വിമർശിക്കുന്ന വ്യക്തികളെ വേട്ടയാടാനും അധിക്ഷേപിക്കാനും പ്രകോപിപ്പിക്കാനും ചിലപ്പോൾ കൊലപ്പെടുത്താനും വരെ സംഘം പ്രവർത്തകർ തയ്യാറാവാറുണ്ട്. ആർ എസ് എസുമായി ബന്ധം പുലർത്തുന്ന സംഘടനകളായ അഭിനവ് ഭാരത്, സനാതൻ സൻസ്ത എന്നിവ നിരവധി ഭീകര പ്രവർത്തനങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും നടത്തിയതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. മാലേഗാവിലും മെക്കാ മസ്ജിദിലും അജ്മീർ ഷെരീഫിലും സംജോത്ധ എക്സ്പ്രസിലും നടന്ന ബോംബ് സ്ഫോടനങ്ങൾക്കു പിന്നിൽ അഭിനവ് ഭാരതും ഡോ. നരേന്ദ്ര ധാബോൽക്കർ, സ. ഗോവിന്ദ് പൻസാരെ, പ്രൊഫ: എം എം കൽബുർഗി, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങൾക്കു പിന്നിൽ സനാതൻ സൻസ്തയുമാണെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ജെ എൻ യു വിദ്യാർത്ഥികൾക്കുനേരെ നടന്ന മുഖംമൂടി ആക്രമണങ്ങളും ഇതിനുദാഹരണമാണ്. കലാകാരരെയും ബുദ്ധിജീവികളെയും ഭീഷണിപ്പെടുത്തിയതിന്റെ നിരവധി ഉദാഹരണങ്ങളുമുണ്ട്.
രൂപീകരണ കാലം മുതൽ തന്നെ രാഷ്ട്രീയാധികാരം പിടിച്ചെടുക്കുന്നതിൽ അക്രമണ പ്രവർത്തനങ്ങളുടെ ആവശ്യകത സംബന്ധിച്ച് ആർ എസ് എസിന് വ്യക്തതയുണ്ടായിരുന്നു. “എല്ലാ രാഷ്ട്രീയപ്രവർത്തനത്തെയും ഹിന്ദുവത്കരിക്കുക; ഹിന്ദുയിസത്തെ സൈനികവത്കരിക്കുക’ എന്ന സവർക്കറുടെ മുദ്രാവാക്യത്തോട് അവർക്കെന്നും യോജിപ്പായിരുന്നു. ഈ മുദ്രാവാക്യമാണ് ആർ എസ് എസിന്റെ ഫാസിസ്റ്റ് സ്വഭാവം പ്രകടമാക്കുകയും ബലപ്രയോഗത്തോടും അക്രമണോത്സുകതയോടുമുള്ള അവരുടെ ചായ്വ് പ്രകടമാക്കുകയും ചെയ്യുന്നത്.
പാക് വിരുദ്ധ ചൈനാ വിരുദ്ധ യുദ്ധോത്സുകത
മുസ്ളിങ്ങളെ കളങ്കിതരാക്കി പ്രഖ്യാപിക്കാനും അവർക്കെതിരായി വർഗീയത ആളിക്കത്തിക്കുന്നതിനും സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് പാകിസ്താൻ വിരുദ്ധത. 1962 ൽ നടന്ന ഇന്ത്യാ‐ചൈനാ യുദ്ധത്തിന്റെ പേര് പറഞ്ഞ് കമ്യൂണിസ്റ്റ് വിരുദ്ധതയും ചൈനാ വിരുദ്ധതയും ആളിക്കത്തിക്കാനും ആർ എസ് എസ് നിരന്തരം ശ്രമിക്കാറുണ്ട്. 1965 ‐ലും 1977 ലും ഇന്ത്യാ പാക് യുദ്ധം നടന്നപ്പോൾ പാകിസ്ഥാൻ വിരുദ്ധതയും അതുവഴി മുസ്ലിം വിരുദ്ധതയും പ്രചരിപ്പിക്കാനാണ് അന്ന് ആർ എസ് എസ് ശ്രമിച്ചത്. അന്ന് യുദ്ധവെറിയെ എതിർക്കുന്നവരെ മുഴുവൻ രാജ്യദ്രോഹികളായി ചിത്രീകരിക്കാനും സ്വയം ദേശസ്നേഹത്തിന്റെ മേനിനടിക്കാനും ആർ എസ് എസ് ശ്രമിച്ചിട്ടുണ്ട്. പൗരത്വ നിയമത്തെ എതിർത്തവർ മുഴുവൻ പാക് അനുകൂലികളും ദേശവിരുദ്ധരുമായി ചിത്രീകരിക്കപ്പെട്ടതിന്റെ അനുഭവവും നമ്മുടെ മുമ്പിലുണ്ട്.
നിരന്തരം നടക്കുന്ന പ്രചാരണ
യുദ്ധം
എ) എല്ലാ സ്വയം സേവകരെയും സ്വയം പ്രവർത്തനക്ഷമരായിട്ടുള്ള പ്രചാരകരരായാണ് ആർ എസ് എസ് വാർത്തെടുക്കുന്നത്. വീടുവീടാന്തരം കയറിയിറങ്ങിയും നേരിൽ സംസാരിച്ചും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങളിലൂടെയും അവർ ഈ ജോലി നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നു.
ബി) യുക്തിഹീനവും പിന്തിരിപ്പനും പൗരാണികവുമായ ആശയങ്ങൾ
വംശീയവും ജാതീയവും സ്ത്രീ വിരുദ്ധവും ജനാധിപത്യ വിരുദ്ധവും മതാധിഷ്ഠിതവും പൗരാണികവും മുസ്ലിം ‐ ക്രിസ്ത്യൻ ‐ കമ്യൂണിസ്റ്റ് വിരുദ്ധവും ആയ ആശയങ്ങളാണ് പ്രതിദിനം സംഘപ്രവർത്തകർ പലപ്പോഴും ധാർഷ്ഠ്യത്തോടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
സി) അധാർമികവും അസാന്മാർഗികവും ആയ രീതികൾ
പൊതുവായ വിവാദങ്ങളിൽ ശത്രുപക്ഷത്തിനെതിരെ വ്യക്തിഹത്യ നടത്തുകയാണ് ആർ എസ് എസിന്റെ പൊതുവായ രീതി. എതിരാളികൾക്കും അവരുടെ സിദ്ധാന്തങ്ങളെയും പ്രയോഗങ്ങളെയും എതിർക്കുന്നവർക്കും എതിരായി അവർ പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കും. ഇന്റർനെറ്റ് വരുന്നതിന് മുമ്പ് പോസ്റ്റർ പ്രചാരണമാണ് നടത്തിയിരുന്നതെങ്കിൽ ഇന്നത് മുഴുവൻ പുറന്തള്ളുന്നത് നവ മാധ്യമങ്ങളിലൂടെയാണ്.
വലിയ വലിയ കള്ളങ്ങൾ പറയുകയും അത് നിരന്തരമായി ആവർത്തിച്ച് സത്യമാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കാര്യത്തിൽ അവർ ഗീബത്സിന്റെ അരുമശിഷ്യന്മാർ തന്നെയാണ്. സംഘി നേതാക്കന്മാർ ഇരട്ട നാക്കുള്ളവരാണ്. എല്ലാ കാര്യവും അവർ രണ്ടു തരത്തിൽ പറയും. അതിലൊന്ന് കടുത്ത ഹിന്ദുത്വ നിലപാടിലുള്ളതായിരിക്കുമെങ്കിൽ മറ്റൊന്ന് അലക്കി വെളുപ്പിച്ചതും ജനങ്ങൾക്ക് എളുപ്പം ദഹിക്കുന്ന വിധത്തിലുള്ളതുമായിരിക്കും.
വർഗീയ സംഘർഷമുണ്ടാകുന്ന സമയത്ത് കിംവദന്തി പരത്തുന്ന കാര്യത്തിൽ അവരെ മറികടക്കാൻ മറ്റാർക്കുമാവില്ല. അതുകൊണ്ടാണ് ആർ എസ് എസ് (RSS) എന്നത് Rumour Spreading Socity (കിംവദന്തി പരത്തുന്ന സമൂഹം) ആണെന്ന് പറയുന്നത്.
പ്രതിപ്രവർത്തനം
” സാമ്പത്തികം, രാഷ്ട്രീയം, ആശയപരം എന്ന സാമൂഹ്യ ജീവിതത്തിന്റെ മൂന്ന് മുഖ്യ രംഗങ്ങളിലും ചൂഷക ‐ചൂഷിത വർഗ്ഗങ്ങളുടെ താൽപര്യങ്ങൾ ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നുണ്ട്.’ (ഇ എം എസ് ) ഇതിനർത്ഥം ഈ മൂന്നു രംഗങ്ങളിലും വർഗസമരത്തെ നയിക്കാൻ തൊഴിലാളിവർഗത്തിന് കഴിയണമെന്നാണ്. ഇന്ത്യയിലെ ഭരണവർഗത്തിന് ആർ എസ് എസ് നയിക്കുന്ന ബിജെപി അധികാരത്തിൽ വന്നതിന് ശേഷം വന്ന ഒരു മാറ്റത്തെക്കുറിച്ച് പാർട്ടിയുടെ 23‐ാം കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയം പറയുന്നുണ്ട്. കോർപ്പറേറ്റ് ഹിന്ദുത്വ അവിശുദ്ധ സഖ്യം രൂപപ്പെട്ടിരിക്കുന്നു എന്നാണത്. ഭരണവർഗവും ആർഎസ്എസ് ഉയർത്തുന്ന വർഗീയ വാദവും തമ്മിലുള്ള ഐക്യം രൂപപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ഇന്ത്യയിൽ ഇന്ന് നടക്കുന്ന വർഗ സമരത്തിൽ ആർ എസ് എസ് ഉയർത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രത്തിനെതിരായ സമരം മുൻപന്തിയിലേക്ക് വന്നിരിക്കുന്നു. അവരുടെ പ്രത്യയശാസ്ത്രം ഹിന്ദുത്വവർഗീയവാദമാണ്. സ്ത്രീകൾക്കും പിന്നോക്ക ജാതിക്കാർക്കുമെതിരായ സാമൂഹ്യമായ അടിച്ചമർത്തലിന് സാധൂകരണം നൽകുന്നതാണ് ഹിന്ദുത്വ പ്രത്യയ ശാസ്ത്രം.
അതുകൊണ്ടുതന്നെ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ സാമൂഹ്യമായ അടിച്ചമർത്തൽ അനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിൽ നടുനായകത്വം വഹിക്കണം. ഹിന്ദുത്വ സ്ത്രീകൾക്ക് തുല്യമായ അവകാശങ്ങൾ നിഷേധിക്കുകയും ലിംഗപരമായ കീഴ്പ്പെടലിനെ ന്യായീകരിക്കുകയും ചെയ്യുന്നു. അതിലൂടെ അസഹനീയമായ ആക്രമണങ്ങൾക്കാണ് സ്ത്രീകൾ വിധേയമായിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ജാതിവ്യവസ്ഥയ്‌ക്കും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും എതിരായ പോരാട്ടം ഹിന്ദുത്വവർഗീയതക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാണ്. ആർ എസ് എസിന്റെ മനുവാദി നയങ്ങൾക്കെതിരായ പോരാട്ടത്തിൽ സാമൂഹ്യവും സാമ്പത്തികവുമായ നീതി എന്ന മുദ്രാവാക്യത്തിനു പിറകിൽ ദളിതരെയും ആദിവാസികളെയും സ്തീകളെയും ന്യൂനപക്ഷജനവിഭാഗങ്ങളെയും വൻതോതിൽ അണിനിരത്താൻ നമുക്ക് കഴിയണം. സംഘപരിവാർ സംഘടനകൾ ദളിത്, ആദിവാസി മേഖലകളിൽ നടത്തിക്കൊണ്ടിരിക്കുന്ന ബഹുമുഖ സ്വഭാവമുള്ള പ്രവർത്തനങ്ങളെ പ്രതിരോധിക്കുന്നതിനായി സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്താൻ നമുക്ക് കഴിയണം. ഇതിലൂടെ മാത്രമേ ദുർബ്ബല ജനവിഭാഗങ്ങളെ കൂടെക്കൂട്ടാൻ സംഘപരിവാർ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന കുതന്ത്രങ്ങളെ തകർക്കാൻ നമുക്ക് കഴിയു. ജാതിവിരുദ്ധ പ്രചാരണം നടത്തുന്ന സംഘടനകളെ പ്രോത്സാഹിപ്പിക്കാനും മിശ്രവിവാഹങ്ങൾ നടത്തുന്നവരെ ഉയർത്തിക്കാണിക്കുന്നതിനും നമുക്ക് കഴിയണം.
മതന്യൂനപക്ഷങ്ങൾക്കെതിരായി ഫാസിസ്റ്റിക്ക് ആക്രമണങ്ങൾ നടത്തുകയും അവർക്കെതിരായി വെറുപ്പ് ഉളവാക്കുന്നതും ഭീകരവാദം ആരോപിക്കുന്നതുമായ കള്ളപ്രചാരവേല നടത്തുന്നതുമായ ഹിന്ദുത്വവിഭാഗങ്ങളുടെ ആക്രമണങ്ങളെ നാം പ്രതിരോധിക്കണം. സ്ഥൂലതലത്തിലും സൂക്ഷ്മതലത്തിലും പൊതു ഇടങ്ങളെ വർഗീയവത്കരിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കുന്നതിൽ അതീവ ജാഗ്രത പുലർത്തണം.
മുസ്ലിങ്ങൾക്കിടയിൽ നാം നടത്തുന്ന മതനിരപേക്ഷ പ്രവർത്തനങ്ങളെ അവർക്കിടയിലെ മതനേതാക്കളും മതമൗലികവാദികളും ഇഷ്ടപ്പെടുന്നില്ല. പൗരാവകാശ നിയമത്തിന്റെ കാര്യത്തിലും മറ്റും നമ്മളുമായി സഹകരിക്കുമ്പോഴും സാധാരണക്കാരായ മതവിശ്വാസികളെ നമ്മളിൽ നിന്ന് പരമാവധി മാറ്റിനിർത്താൻ അവർ ശ്രമിക്കാറുണ്ട്. ഇത് മറികടക്കുന്നതിനായി രാഷ്ട്രീയ ഇടപെടലുകളും പ്രത്യയശാസ്ത്ര പ്രവർത്തനങ്ങളും നടത്തുന്നതോടൊപ്പം തന്നെ മുസ്ലിം ജനവിഭാഗങ്ങളുമായി അടുത്ത ബന്ധം സൃഷ്ടിക്കാനാവുംവിധം വ്യാപകമായ തോതിൽ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ നടത്താനും സമുദായത്തിൽ സാമൂഹ്യ പരിഷ്കരണ പ്രവർത്തനം നടത്തുന്ന വ്യക്തികളെയും സംഘടനകളെയും സഹായിക്കാനും നാം തയ്യാറാവണം.
പ്രത്യയശാസ്ത്ര സമരം
ആർ എസ് എസിന്റെ നേതൃത്വത്തിൽ മാധ്യമങ്ങളെ ഉപയോഗിച്ചും നേരിട്ടു സംസാരിച്ചും സർവ്വതലത്തിലും ഇന്ന് വർഗീയ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ അതിശക്തമായ പ്രത്യയ ശാസ്ത്ര പോരാട്ടം നടത്തേണ്ടതുണ്ട്.
അതിനായി ഹിന്ദുത്വ ശക്തികളുടെയും ഇതര വർഗീയവാദികളുടെയും പിന്തിരിപ്പനും ഭിന്നിപ്പുളവാക്കുന്നതുമായ പ്രചാരവേലകളെ തുറന്നുകാണിക്കുന്ന പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ കാര്യങ്ങൾ ജനങ്ങളോട് എളുപ്പം സംവദിക്കുന്ന വിധത്തിൽ തയ്യാറാക്കണം. ഇതിനായി പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഗ്രൂപ്പുകളെ സന്നദ്ധമാക്കണം. ചർച്ചകൾ, പൊതുയോഗങ്ങൾ, ലഘുലേഖാ വിതരണം പോലുള്ള മറ്റു പ്രചാരണ പ്രവർത്തനങ്ങൾ ചിട്ടയായും വ്യാപകമായ തോതിലും നടത്തണം. ഹിന്ദുത്വ ശക്തികളുടെ വർഗീയ പ്രചാരവേലക്കെതിരായ പോരാട്ടത്തിൽ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലിന് പ്രമുഖമായ സ്ഥാനമുണ്ട്.
പാർട്ടിയുടെയും ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ നടത്തുന്ന ഗവേഷണ കേന്ദ്രങ്ങൾ, ട്രസ്റ്റുകൾ എന്നിവ ഉപയോഗപ്പെടുത്തി ബൗദ്ധികവും സാംസ്കാരികവും ആയ എല്ലാ വിഭവങ്ങളും സംഘടിപ്പിച്ച് വർഗീയശക്തികൾക്കെതിരായ പോരാട്ടത്തിനായി ഉപയോഗപ്പെടുത്തണം. ബുദ്ധിജീവികൾ, ചരിത്രകാരർ, ശാസ്ത്രജ്ഞർ, സാംസ്കാരിക വ്യക്തിത്വങ്ങൾ, അവരുടെ സംഘടനകൾ എന്നിവയെ അണിനിരത്തി സംയുക്ത വേദികളിലൂടെ വർഗീയതക്കെതിരായി പോരാടണം.
പ്രീ‐ സ്കൂൾ, സ്കൂൾതലങ്ങളിൽ ആർ എസ് എസ് നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരവേല പ്രതിരോധിക്കുന്നതിനായി അധ്യാപകർ, അവരുടെ സംഘടനകൾ, സാമൂഹ്യ ‐ ശാസ്ത്ര പ്രസ്ഥാനങ്ങൾ എന്നിവയെ ഉപയോഗപ്പെടുത്തണം. എല്ലാ നഗരങ്ങളിലും ബാലോത്സവങ്ങൾ നടത്തണം. ഇക്കാര്യത്തിൽ ആന്ധ്ര അനുഭവങ്ങൾ ഏറെ ഉപയോഗപ്രദമാണ്. സ്കൂൾ തലത്തിൽ തന്നെ യുവമനസ്സുകളിൽ എത്തിച്ചേരുന്നതിന് അത് ഏറെ പ്രയോജനകരമാണ്.
ആർഎസ്എസ് അവരുടെ വിവിധങ്ങളായ മുന്നണി സംഘടനകളിലൂടെ പ്രീ സ്കൂൾ മുതൽ ഹയർസെക്കൻഡറി സ്കൂളുകൾ വരെയുള്ള ആയിരക്കണക്കിന് സ്കൂളുകൾ നടത്തിവരുന്നുണ്ട്. നമ്മളും ട്രസ്റ്റുകൾ രജിസ്റ്റേഡ് സൊസൈറ്റുകൾ സഹകരണ സംഘങ്ങൾ എന്നിവയെ ഉപയോഗിച്ച് സ്കൂളുകൾ ആരംഭിക്കുന്നതിന് മുൻകൈയെടുക്കുകയും ആർഎസ്എസിന്റെ പ്രവർത്തനങ്ങളെ പ്രതിരോധിക്കുകയും വേണം.
ഹിന്ദുത്വ വർഗീയ ശക്തികൾക്കെതിരായ പോരാട്ടത്തിൽ പ്രധാനപ്പെട്ട ഒരു മേഖലയാണ് ഇന്ത്യാചരിത്രത്തെക്കുറിച്ചുള്ള യുക്തിപരമായ പഠനം പ്രോത്സാഹിപ്പിക്കുന്നത്. സംസ്ഥാനതലത്തിലു അഖിലേന്ത്യാതലത്തിലും നടത്തുന്ന ചരിത്ര കോൺഗ്രസുകളിൽ നമ്മൾ ക്രിയാത്മകമായ പങ്കുവഹിക്കണം. സ്വന്തം വർഗീയ രാഷ്ട്രീയത്തെ സഹായിക്കുന്നതിനു വേണ്ടി പ്രാദേശിക ചരിത്രത്തിൽ വെള്ളം ചേർക്കുന്ന ആർഎസ്എസ് പ്രവണതയെ പ്രതിരോധിക്കുന്നതിന് അമേച്വർ ചരിത്രകാരന്മാരെ നമ്മൾ എല്ലാ സംസ്ഥാനത്തും പ്രോത്സാഹിപ്പിക്കണം.
ശാസ്ത്രവും യുക്തിപരമായ പ്രവർത്തനങ്ങളും
വളർന്നുവരുന്ന വിജ്ഞാനവിരുദ്ധ ചിന്താഗതികൾ, അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ, യുക്തിരാഹിത്യം എന്നിവക്കെതിരെ മതനിരപേക്ഷ ശാസ്ത്രീയ ചിന്താഗതി വളർത്തിക്കൊണ്ടുവരുന്നതിനായി നമ്മൾ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. ഹിന്ദുത്വ സൈന്യം പ്രചരിപ്പിക്കുന്ന അശാസ്ത്രീയതയും യുക്തിരാഹിത്യവും പ്രതിരോധിക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്.
വർഗീയവാദികൾ പ്രചരിപ്പിക്കുന്ന വിനാശകരവും വിജ്ഞാന വിരുദ്ധവുമായ ആശയങ്ങളെയും മൂല്യങ്ങളെയും പ്രതിരോധിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങൾ തയ്യാറാവണം. ഈ കാര്യത്തിനായി ശാസ്ത്രജ്ഞർ, യുക്തിവാദികൾ, മജീഷ്യന്മാർ എന്നിവരേയും അവരുടെ സംഘടനകളെയും കൂട്ടിയോജിപ്പിക്കണം. സഞ്ചരിക്കുന്ന മാജിക് ഷോകൾ, വെൻട്രി ലോക്വിസം ഷോകൾ എന്നിവ മജീഷ്യന്മാരുടെ സഹായത്തോടെ സ്കൂളുകളിൽ സംഘടിപ്പിക്കണം.
ശാസ്ത്രം, ശാസ്ത്രീയ ബോധം, യുക്തിബോധം എന്നിവ വിദ്യാർത്ഥികളിലും യുവാക്കളിലും വളർത്തിയെടുക്കുന്നതിന് പരിശ്രമിക്കണം. ശാസ്ത്രോത്സവങ്ങളും അമേച്വർ മാജിക് ഷോകളും അടിക്കടി സംഘടിപ്പിക്കണം.
സംസ്കാരം
ഇന്നത്തെ കാലത്ത് സാമൂഹ്യമായ ഒത്തുചേരലിന്റെ കേന്ദ്രം സംസ്കാരമായി മാറിയിരിക്കുന്നതിനാൽ സാംസ്കാരികമേഖലയിലെ സമരത്തിന് നിർണായക പ്രാധാന്യം കൈവന്നിരിക്കുന്നു.
മതപരമായ ഉത്സവങ്ങൾ ഇന്ന് ജനങ്ങളെ വർഗീയവത്കരിക്കുന്നതിനായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അത്തരം ഉത്സവങ്ങൾ നാം വർഗീയവാദികൾക്കായി വിട്ടുകൊടുക്കരുത്. ഉത്സവങ്ങളെ ഇത്തരത്തിൽ വർഗീയവത്കരിക്കുന്നതിനെതിരെ നാം ഇടപെടുകയും അത്തരം അവസരങ്ങളെ നാം മതനിരപേക്ഷ ഇടം വികസിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്തുകയും വേണം. വർഗീയ ശക്തികൾക്കെതിരായി പോരാടുന്നതിന് പ്രധാനമായും ചെയ്യേണ്ട കാര്യങ്ങളിൽ ഒന്ന് വിശ്വാസികൾക്കിടയിലെ സാംസ്കാരിക പ്രവർത്തനങ്ങളെ വർഗീയ മുക്തമാക്കുക എന്നതാണ്. വിശ്വാസം,സംസ്കാരം എന്നീ രണ്ട് ഘടകങ്ങളെ കൂട്ടിച്ചേർത്തുകൊണ്ടാണ് മതപരമായ വികാസം സംഭവിക്കുന്നത്. ഇതിൽ വിശ്വാസം എന്നത് മതപരവും സംസ്കാരം എന്നത് മതനിരപേക്ഷവുമാണ്. നമ്മൾ മതനിരപേക്ഷമായ സാംസ്കാരിക പാരമ്പര്യത്തെ ഉപയോഗിക്കാൻ തയ്യാറാവണം.
എല്ലാ സാധാരണക്കാർക്കും പങ്കാളിയാവാൻ കഴിയുന്ന മതനിരപേക്ഷമായ ബദൽ ഉത്സവങ്ങളെ വളർത്തിക്കൊണ്ടുവരാൻ നമുക്ക് കഴിയണം. കുടുംബങ്ങൾക്കെല്ലാം സാമൂഹ്യമായി ഒത്തുചേരാവുന്നതും എല്ലാവർക്കും ആഘോഷിക്കാൻ കഴിയുന്നതുമായ ആരോഗ്യകരവും പുരോഗമനപരവും ആയ ആഘോഷങ്ങളായി ഇത്തരം ഉത്സവങ്ങളെ നടത്താൻ നമുക്ക് കഴിയണം. ഉദാഹരണത്തിന് മെയ്ദിനം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, ഭഗത് സിംഗ് രക്തസാക്ഷിദിനം മുതലായവ അത്തരം ആഘോഷങ്ങൾക്കായി തെരഞ്ഞെടുക്കാവുന്നതാണ്.
ബഹുജന സംഘടനകൾ താഴെത്തട്ടിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ അവിഭാജ്യ ഘടകമായി സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളെ മാറ്റിയെടുക്കാൻ കഴിയണം. പ്രാദേശിക തലത്തിൽ വികേന്ദ്രീകൃതമായ രീതിയിൽ മതനിരപേക്ഷ സാമൂഹ്യ പ്രവർത്തനങ്ങൾ അതായത് നാടൻ കലകൾ, സംഗീതം, സാഹിത്യം, പരിസ്ഥിതി, എന്നിവയ്‌ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ബഹുജനങ്ങളെ പങ്കെടുപ്പിച്ച് നടത്തണം. ഇതിലൂടെ നമ്മൾ പുരോഗമനപരവും മതനിരപേക്ഷവും ശാസ്ത്രീയവുമായ കാഴ്ചപ്പാടുകൾ വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികൾക്കിടയിൽ പ്രചരിപ്പിക്കണം.
ട്രേഡ് യൂണിയനുകൾ, മറ്റു പ്രാദേശിക ബഹുജന സംഘടനകൾ, സാമൂഹ്യ അടിസ്ഥാനത്തിലുള്ള സംഘടനകൾ എന്നിവ റെസിഡൻഷ്യൽ ഏരിയകളിൽ സാംസ്കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും സംയോജിപ്പിക്കുകയും ചെയ്യണം.
ഇന്ത്യൻ സമൂഹത്തിന്റെ ബഹുമുഖമായ സാംസ്കാരിക സ്വഭാവത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട്, ദളിതർക്കും ആദിവാസികൾക്കുമിടയിൽ ഹിന്ദുത്വവാദികൾ പ്രചരിപ്പിക്കുന്ന ജാതീയവും വിനാശകരവുമായ ആശയങ്ങളെ , പ്രതിരോധിക്കുന്നതിന് ഉതകുംവിധം സാംസ്കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം.
പുരോഗമനപരവും മതനിരപേക്ഷവുമായ മൂല്യങ്ങളുടെ സംരക്ഷണത്തിനും സാംസ്കാരികമായ ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനത്തിനുമായി പാർട്ടി വിശാലാടിസ്ഥാനത്തിലുള്ള സാംസ്കാരിക വേദികളിൽ പ്രോത്സാഹിപ്പിക്കണം
കവികൾ, സ്വാതന്ത്ര്യസമര സേനാനികൾ, ശാസ്ത്രജ്ഞർ മുതലായ എല്ലാ മഹത്വ്യക്തിത്വങ്ങളുടെയും ചരമവാർഷികദിനങ്ങളിൽ നമ്മൾ പ്രത്യേകം പരിപാടികൾ സംഘടിപ്പിക്കുകയും അതിൽ താല്പര്യമുള്ള എല്ലാ സംഘടനകളെയും പങ്കെടുപ്പിക്കുകയും വേണം.
നമ്മുടെ പഠനകേന്ദ്രങ്ങളും സാംസ്കാരികവേദികളും എല്ലാതലത്തിലുമുള്ള യുവജനോത്സവങ്ങളെ നിരന്തരം പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കണം.
യുവജനരംഗത്ത് സ്പോർട്സ്, ഫിറ്റ്നെസ് പരിശീലനങ്ങൾ, കലാപ്രകടനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കണം. യുവജനങ്ങളെ മനുഷ്യസ്നേഹപരമായ പ്രവർത്തനങ്ങളിലും സേവനപ്രവർത്തനങ്ങളിലും പങ്കാളികളാക്കണം.
ശാരീരിക ക്ഷമതയുള്ള കായിക പരിശീലനം സിദ്ധിച്ച ഒരു വളണ്ടിയർ സേനയെ വളർത്തിയെടുക്കണം. ആവശ്യം വരുമ്പോൾ ഇവരെ സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നിയോഗിക്കാനാവും.
ഗ്രാമങ്ങളിലെ നാടൻ കലാകാരരെ സംഘടിപ്പിക്കുകയും നിശ്ചിത കാലയളവിൽ നാടൻ കലോത്സവങ്ങൾ സംഘടിപ്പിക്കുകയും വേണം. ഇത്തരത്തിലുള്ള ഭൂരിഭാഗം കലാകാരരും വളർന്നുവരുന്നത് സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ നിന്നാണ്. ഇക്കാര്യത്തിൽ മുൻകൈയെടുക്കാൻ ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന നമ്മുടെ ബഹുജന സംഘടനകൾ തയ്യാറാവണം. മതനിരപേക്ഷമായ ഉള്ളടക്കത്തോടെ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഇത്തരം നാടൻ കലാരൂപങ്ങളെ ഉപയോഗപ്പെടുത്താൻ കഴിയണം.
ഷോർട്ട്ഫിലിം, പെയിൻറിംഗ്, ഫോട്ടോഗ്രാഫി മത്സരങ്ങളും പ്രദർശനങ്ങളും ഉത്സവംപോലെ സംഘടിപ്പിക്കുകയും അതിൽ യുവാക്കളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നതുവഴി പുതിയ കലാകാരരെ നമ്മളിലേക്ക് ആകർഷിക്കാൻ കഴിയും. നമ്മുടെ പഠന കേന്ദ്രങ്ങൾക്ക് ഇതിന്റെ സംഘാടകരായി പ്രവർത്തിക്കാൻ കഴിയും.
സാമൂഹ്യ സേവനം
നമ്മൾ സാമൂഹ്യസേവന പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും അത് നമ്മുടെ ബഹുജനങ്ങൾക്കിടയിലുള്ള ദൈനംദിന പ്രവർത്തനത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്യണം.കോവിഡ് പകർച്ചവ്യാധിക്കാലത്ത് ആരോഗ്യകേന്ദ്രങ്ങളിൽ നാം നടത്തിവന്നിരുന്ന പ്രവർത്തനം തുടരണം. വായനശാലകളും ഗ്രന്ഥശാലകളും രൂപീകരിക്കുക, കോച്ചിംഗ് സെന്ററുകൾ നടത്തുക, സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ നടത്തുക, ആരോഗ്യ കേന്ദ്രങ്ങൾ നടത്തുക മുതലായ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്. പാർട്ടി, ബഹുജന സംഘടനകൾ, നമ്മൾ രൂപീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ട്രസ്റ്റുകൾ എന്നിവയ്ക്ക് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നിരന്തരമായി നടത്താവുന്നതാണ്.
ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ നമ്മൾ ജനകീയ പ്രസ്ഥാനങ്ങൾ രൂപപ്പെടുത്തണം. ആർഎസ്എസും അവരുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ വർഗീയ ശക്തികളും വിദ്യാഭ്യാസ മേഖലയിൽ വളരെ ശക്തമായ പ്രവർത്തനമാണിന്ന് കാഴ്ചവയ്ക്കുന്നത്. മതനിരപേക്ഷവും ജനാധിപത്യവും സമന്വയാധിഷ്ഠിതവുമായതും ഒപ്പം തന്നെ ശാസ്ത്ര ബോധം ജനിപ്പിക്കുന്നതുമായ ഒരു ഉള്ളടക്കം വിദ്യാഭ്യാസ രംഗത്ത് വളർത്തിക്കൊണ്ടുവരുന്നതിനുവേണ്ടി നമ്മൾ മുൻകൈയെടുക്കുകയും ഇടപെടൽ നടത്തുകയും വേണം.
വർഗീയതയ്ക്കെതിരായി നടത്തുന്ന പോരാട്ടത്തെ മതനിരപേക്ഷതയ്ക്കു വേണ്ടിയിട്ടുള്ള പോരാട്ടമായി പരിവർത്തിക്കാൻ നമുക്ക് കഴിയണം. സിവിൽ സമൂഹത്തിന്റെ മതനിരപേക്ഷവൽക്കരണം വർഗീയതക്കെതിരായി പോരാടുന്നതിനുള്ള പ്രധാനപ്പെട്ട ഒരു മാർഗമാണ്. മതത്തിന്റെ അടിസ്ഥാനത്തിൽ ഏകീകരണം നടത്തുന്നതിനായി വർഗീയശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ പ്രാദേശികതലത്തിൽതന്നെ മതനിരപേക്ഷ സമൂഹം കെട്ടിപ്പടുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഭൗതികവും മതനിരപേക്ഷവുമായ പ്രവർത്തനങ്ങളിലൂടെ നമ്മൾ വളർത്തിക്കൊണ്ടുവരണം. ജാതിക്കും മതത്തിനും അതീതമായ അയൽക്കൂട്ട സമൂഹങ്ങൾ നമുക്ക് ആവശ്യമാണ്. ഇതിനായി പുതിയ വേദികളും സംവിധാനങ്ങളും രൂപപ്പെടുത്തണം.
മതനിരപേക്ഷ, ജനാധിപത്യ, പുരോഗമന ശക്തികളുടെ സംയുക്തവേദികൾ വർഗീയതക്കെതിരായി കെട്ടിപ്പടുക്കണം.
സാമ്പത്തികം
ആർഎസ്എസിന് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കൊക്കെ ഫണ്ട് നൽകുന്നത് കോർപ്പറേറ്റ് മൂലധന ശക്തികളാണ്. നമ്മൾ വ്യക്തികളെയും സ്ഥാപനങ്ങളെയും ബന്ധപ്പെട്ടുകൊണ്ട് സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് സ്വരൂപിക്കണം. ബഹുജന സംഘടനകൾ അവരവരുടെ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾക്കാവശ്യമായ ധനസഹായം ചെയ്യുന്നതിന് തയ്യാറാവണം. ♦