“മനുഷ്യന്റെ തളർച്ച അവന്റെ പരാജയം കൊണ്ടല്ല, മറിച്ച് മനുഷ്യൻ ഉണ്ടാക്കിയ നേട്ടങ്ങൾ കൊണ്ടായിരിക്കും സംഭവിക്കുകയെന്ന്” ഫ്രഞ്ച് തത്വചിന്തകനായ ബർഗസൺ പറഞ്ഞത് സത്യമാണെന്ന് ബോദ്ധ്യപ്പെടുത്തുന്നതാണ് ലോകത്തുണ്ടാകുന്ന പല സംഭവങ്ങളും. ലോകത്തെ ഏറ്റവും സുരക്ഷിതരെന്ന് അഭിമാനിക്കുന്നവരാണ് അമേരിക്കൻ ജനത. കഴിഞ്ഞ ജനുവരി 7ന് കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ ഉണ്ടായ കാട്ടുതീ അമേരിക്കയെ മാത്രമല്ല ലോകത്തെയാകെ നടുക്കിയ സംഭവമാണ്. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയതെന്നു കരുതുന്ന വീടുകളും സൗധങ്ങളും ഹോളിബുഡ് സിനിമാ ലോകത്തിന്റെ ആസ്ഥാനവും ശതകോടീശ്വരരായ ചലച്ചിത്ര താരങ്ങളുടെ ആഡംബര വസതികളടക്കം കത്തിനശിച്ചു. രണ്ടാഴ്ചയിലേറെയായിട്ടും കെടുത്തുവാൻ കഴിയാതിരുന്ന തീയിൽ 28 ആളുകളാണ് മരിച്ചത്. 23448 ഏക്കറോളം ഭൂമി കത്തി ചാമ്പലായി. 17000‐ത്തോളം കെട്ടിടങ്ങൾ കത്തിനശിച്ചു. 84 വിമാനങ്ങൾ, 1400 ഫയർ എഞ്ചിനുകൾ എന്നിവയുമായി ബന്ധപ്പെട്ട് 14000 ആളുകൾ ഊണും ഉറക്കവുമില്ലാതെ പണിയെടുത്താണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
ശാസ്ത്ര സാങ്കേതിക വളർച്ചയിലും നിർമ്മിത ബുദ്ധിയിലും നമ്മൾ അഹങ്കരിക്കുമ്പോൾ ആദിമ മനുഷ്യനെ ഭയപ്പെടുത്തിയിരുന്ന കാട്ടുതീയിൽ നിന്നും പകർച്ചവ്യാധികളിൽ നിന്നുപോലും നമുക്ക് അതിജീവനമുണ്ടായിട്ടില്ലെന്നുള്ളത്, പ്രപഞ്ച പ്രതിഭാസങ്ങൾക്കു മുൻപിൽ നമ്മുടെ നിസ്സഹായത വ്യക്തമാക്കുന്നതാണ്. നമ്മൾ കീഴ്പ്പെടുത്തിയെന്നു കണക്കുകൂട്ടിയിരുന്ന പല പകർച്ചാവ്യാധികളും മടങ്ങിയെത്തിത്തുടങ്ങി. കോവിഡ് കാലത്ത് മനുഷ്യരാശി നേരിട്ട ദുരന്തങ്ങൾ നമ്മൾ നേരിൽ കണ്ടതാണ്. വെറുമൊരു സൂക്ഷ്മജീവിയുടെ വ്യാപനത്തിനു മുമ്പിൽപോലും നമ്മൾ നിസ്സഹായരായി. ഇത്തരൊരു സാഹചര്യത്തിലാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ ലോകത്തിനു നൽകിയ മുന്നറിയിപ്പുകളുടെ ഗൗരവം നമുക്ക് ബോദ്ധ്യപ്പെടുന്നത്. ഭൂമിയിൽ മനുഷ്യജീവൻ അപകടത്തിലെന്ന് അവർ പലവട്ടം ലോകരാഷ്ടങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.ആഗോളതാപനം, കാട്ടുതീ, പ്രളയം, പകർച്ച വ്യാധികൾ, അന്തരീക്ഷമലിനീകരണം ഇവയൊക്കെ അതിന്റെ സൂചനകളായി അവർ എടുത്തുപറഞ്ഞിരുന്നു. അതൊക്കെയാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
2018 നവംബറിൽ ദക്ഷിണ കൊറിയയിൽ വെച്ചു നടന്ന ഇന്റർനാഷണൽ പാനൽ ഓൺ ക്ലയിമറ്റ് ചെയ്ഞ്ച് (ഐ.പി.സി.സി) യോഗത്തിൽ ഭൂമിയെ രക്ഷിക്കുവാൻ കാലാവസ്ഥാ ശാസ്ത്രജ്ഞർ ലോകത്തോടഭ്യർത്ഥിച്ചു കൊണ്ടുള്ള 33 പേജ് വരുന്ന മുന്നറിയിപ്പുകളുടെ റിപ്പോർട്ട് ലോകത്തിന് മുൻപിൽ സമർപ്പിച്ചതാണ്. 10 വർഷങ്ങൾക്കുള്ളിൽ കാർബൺ പുറന്തള്ളൽ വെട്ടിക്കുറച്ചില്ലെങ്കിൽ നിലവിലെ അന്തരീക്ഷ താപനില 1.5 സെൽഷ്യസിൽ കൂടുമെന്നും അത് വൻ ദുരന്തങ്ങൾക്കിടയാക്കുമെന്നും ആ റിപ്പോർട്ടിൽ മുന്നറിയിപ്പു നൽകുന്നു. ഹരിതഗൃഹവാതകങ്ങളാണ് ഇതിന് കാരണമായി അവർ ചൂണ്ടിക്കാണിച്ചിരുന്നത്. കാർബൺ ബഹിർഗമനത്തിന്റെ തോത് ക്രമാതീതമായി ഉയരുന്നത് ഈ നൂറ്റാണ്ടിന്റെ അവസാനത്തിൽ ഭൂമിയിലെ ചൂട് 5 ശതമാനം ഉയരുമെന്നാണ് കണക്കാക്കുന്നത്.
കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയിൽ ഏതാനും വർഷം മുൻപ് ചേർന്ന യോഗത്തിൽ ലോകരാഷ്ട്ര നേതാക്കളുടെ നേരെ വിരൽചൂണ്ടിക്കൊണ്ട് സ്വീഡിഷ് പെൺകുട്ടി ഗ്രേറ്റതുൺബെർഗ് നടത്തിയ പ്രഖ്യാപനം ഭൂമിയുടെ നിലിൽപ്പിനെ ബാധിക്കുന്ന പ്രതിഭാസങ്ങളെ പ്രതിരോധിക്കുവാൻ തയ്യാറാകാത്ത രാഷ്ട്രത്തലവന്മാരോടുള്ള വെല്ലുവിളിയായിരുന്നു. ആ പെൺകുട്ടി പറഞ്ഞതിങ്ങനെയാണ്. “നിങ്ങൾ ഞങ്ങളുടെ ഭാവിയെയാണ് കവർന്നെടുക്കുന്നത്. ഞങ്ങളുടെ നാളെകളെയാണ് ഇല്ലാതാക്കുന്നത്.” ലോകത്തിന്റെ വിഭവസമ്പത്ത് ഭാവിതലമുറയ്ക്ക് കരുതിവെയ്ക്കാതെ അതിസമ്പന്ന കോർപ്പറേറ്ററുകൾക്ക് കൊളളയടിക്കുവാൻ കാഴ്ചവെയ്ക്കുന്ന ഭരണാധികാരികളുടെ നേരെയാണ് അവൾ വിരൽചൂണ്ടിയത്.
പ്രകാശത്തേക്കാൾ വേഗത്തിലാണ് ലോകത്തെ ശതകോടീശ്വരന്മാരുടെ വളർച്ച. ട്രംപ് മുതൽ മോദി വരെയുള്ള ലോകഭരണ കർത്താക്കൾ ശതകോടീശ്വരന്മാരുടെ (ഇലോൺ മസ്ക് മുതൽ അദാനിവരെയുള്ളവരുടെ) അജൻഡകളുമായിട്ടാണ് നടക്കുന്നത്. ഭൂരിഭാഗം ജനങ്ങൾക്കും ജീവിതം വഴിമുട്ടി നിന്ന കഴിഞ്ഞ കോവിഡ് കാലത്തുപോലും ശതകോടീശ്വരന്മാർ കൊഴുത്തുതടിക്കുകയായിരുന്നു. “പ്രകൃതി മനുഷ്യനുമാത്രം അവകാശപ്പെട്ടതല്ലെന്നും അത് മനുഷ്യനുൾപ്പെടെ എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്നും അത് കൂടുതൽ മെച്ചപ്പെട്ട നിലയിൽ അടുത്ത തലമുറയ്ക്ക് കൈമാറേണ്ടതാണെന്നും” മനുഷ്യ സമൂഹത്തോട് വിളിച്ചുപറഞ്ഞത് കാറൽ മാർക്സും എംഗൽസുമാണ്. അതാണ് സ്വീഡിഷ്കാരിയായ കൊച്ചുപെൺകുട്ടി ഗ്രേറ്റ തുൺബർഗ് ലോകനേതാക്കളോട് പറഞ്ഞത്.
ബ്രസീലിലെ ആമസോൺ കാടുകൾ ഭൂമിയുടെ ശ്വാസകോശമെന്നാണ് അറിയപ്പെടുന്നത്. 2019 നു ശേഷം അനവധി തവണയാണ് അവിടെ കാട്ടുതീ പടർന്നുപിടിച്ചത്. 2024‐ ൽ തന്നെ 44.2 മില്യൺ പ്രദേശമാണ് കാട്ടുതീയിൽ ചാമ്പലായത്. 2019‐ ൽ അമേരിക്കയിലെ കാലിഫോർണിയ, വാഷിംഗ്ടൺ ഒറേഗോൺ സംസ്ഥാനങ്ങളിലെ 50 ലക്ഷം ഏക്കർ ഭൂമിയിലാണ് കാട്ടുതീ പടർന്നത്. 36 ആളുകൾ മരിക്കുകയും ചെയ്തു. മനുഷ്യരുടെ വിവിധ പ്രവൃത്തികൾ മൂലമുള്ള ആഗോളതാപനമാണ് ലോകത്ത് തുടരെ ഉണ്ടാകുന്ന കാട്ടുതീയ്ക്ക് കാരണമെന്നാണ് അതേക്കുറിച്ച് പഠനം നടത്തിയിട്ടുള്ള ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിട്ടുള്ളത്. എന്നാൽ അത് ഉൾക്കൊള്ളുവാനുള്ള വിവേകം പല രാഷ്ട്രത്തലവന്മാർക്കും ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് ലോകത്തുണ്ടാക്കുന്നത്. യു.എസ്. പ്രസിഡന്റായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപ് അത്തരത്തിൽപ്പെടുന്ന ആളാണ്. വനപരിപാലനം വേണ്ടരീതിയിൽ നടക്കാത്തതാണ് തീപിടുത്തത്തിന് കാരണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കരിയിലകൾ നീക്കി വനം വൃത്തിയാക്കിയാൽ തീപിടുത്തമുണ്ടാവില്ല എന്നാണ് ട്രംപിന്റെ വാദം. കാലാവസ്ഥാ വ്യതിയാനമെന്നൊന്നില്ലെന്നും അത് ഒരു ഐതീഹ്യമാണെന്നുമാണ് ട്രംപ് മുൻപ് പറഞ്ഞിട്ടുള്ളത്.
പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടംതട്ടുന്ന തരത്തിൽ അന്തരീക്ഷത്തിലേക്ക് വമിക്കുന്ന വാതകങ്ങളെക്കുറിച്ച് മുന്നറിയിപ്പു നൽകിയ കാലാവസ്ഥാ ഉച്ചകോടികൾ അതിന് ഊർജ്ജസംരക്ഷണത്തിനും പുനരുപയോഗഊർജ്ജത്തിനും പ്രാധാന്യം നൽകണമെന്ന് തീരുമാനമെടുത്തിരുന്നുവെങ്കിലും നടപ്പാക്കുവാൻ കഴിഞ്ഞിട്ടില്ല. 187 രാജ്യങ്ങൾ കാലാവസ്ഥാ ഉടമ്പടിയിൽ ഒപ്പു വെച്ചിട്ടുണ്ട്. 100 രാജ്യങ്ങൾ കാർബൺ ബഹിർഗമനം 30 ശതമാനം 2030 നകം കുറയ്‌ക്കുമെന്നും കരാറിൽ ഒപ്പുവെച്ചു. എന്നാൽ പ്രധാന ഫോസിൽ ഇന്ധനമായ കല്ക്കരിയുടെ ഉപയോഗം 2013 നു ശേഷമുള്ള ഏറ്റവും ഉയർന്നനിലയിലാണ് നിൽക്കുന്നത്. ലോകത്തുണ്ടാകുന്ന കാർബൺ ബഹിർഗമനത്തിന്റെ 60 ശതമാനത്തിന്റെയും കാരണക്കാർ അമേരിക്കയടക്കമുള്ള വികസിത രാഷ്ട്രങ്ങളാണ്. അതിന്റെ ദുരന്തം അനുഭവിക്കുന്നത് ലോകമാകെയും വരുംതലമുറകളുമാണ്. ട്രംപ് രണ്ടാമതും പ്രസിഡന്റായി എത്തിയതോടെ ആഗോളതാപനം തടയുന്നതിനുള്ള 2015 ലെ പാരീസ് കരാറിൽ നിന്നും വീണ്ടും പിൻമാറിയിരിക്കുകയാണ്. ജോ ബൈഡൻ പ്രസിഡന്റായിരിക്കെ കാർബൺ വാതകങ്ങൾ കുറയ്ക്കുവാൻ ദരിദ്ര രാഷ്ട്രങ്ങൾക്ക് 2025‐ഓടെ 1140 കോടി ഡോളറിന്റെ സാമ്പത്തിക സഹായം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ ട്രംപ് അത് റദ്ദാക്കി. ദേശീയ താല്പര്യങ്ങൾക്ക് പ്രാധാന്യം നൽകാനെന്നു പറഞ്ഞ് പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളുടെ ഖനനവും ഉപയോഗവും വിപുലപ്പെടുത്തിയ ട്രംപ്, കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് ഉപയോഗത്തിന്റെ നിയന്ത്രണവും റദ്ദാക്കിയിരിക്കുകയാണ്. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുവാൻ തീവ്രശ്രമം നടത്തുമ്പോഴാണ് അമേരിക്ക പ്ലാസ്റ്റിക് വിപത്തിന് പ്രോത്സാഹനം നൽകുന്ന തീരുമാനമെടുത്തത്.
സ്വീഡിഷ് പെൺകുട്ടി ഗ്രേറ്റ തുൺബർഗ് യുഎൻ പൊതുസഭയിൽ ലോകനേതാക്കളുടെ നേരെ വിൽചൂണ്ടി ലോകത്തോടു പറഞ്ഞ വാക്കുകൾ ആവർത്തിക്കുകയാണ്: “നിങ്ങൾ ഞങ്ങളുടെ ഭാവിയെ കവർന്നെടുക്കുകയാണ്. ഞങ്ങളുടെ നാളെകളെ ഇല്ലാതാക്കുകയാണ്.” ലോസ് ഏഞ്ചൽസിലെ കാട്ടുതീയും ലോകത്തോടു പറയുന്നത് അതുതന്നെയാണ്. l