Wednesday, March 19, 2025

ad

Homeലേഖനങ്ങൾഇന്ത്യൻ ദാർശനിക ദുരന്തം: പുരുഷസൂക്തവും മനുസ്മൃതിയും  
ഭഗവദ്ഗീതയും പരബ്രഹ്മത്തോട് ചെയ്തത്

ഇന്ത്യൻ ദാർശനിക ദുരന്തം: പുരുഷസൂക്തവും മനുസ്മൃതിയും  
ഭഗവദ്ഗീതയും പരബ്രഹ്മത്തോട് ചെയ്തത്

ഡോ. കെ പി കൃഷ്ണൻകുട്ടി 

ശയവാദ ദർശനത്തിന്റെ ഏറ്റവും വികസിതമായ ആഖ്യാനം ഇന്ത്യൻ പരബ്രഹ്മ സങ്കല്പനത്തിലാണ് കാണാൻ കഴിയുക. ചരിത്രപരമായി പരിശോധിച്ചാൽ, ലോക ദാർശനിക പാരമ്പര്യങ്ങളിൽ  വ്യത്യസ്തങ്ങളായ ആശയവാദ ദർശനങ്ങൾ നിലവിലിരുന്നതായി മനസിലാക്കാം. ഗ്രീസിലും ഈജിപ്തിലും ചൈനയിലും മറ്റും  വിവിധങ്ങളായ ആത്മീയ ദർശനങ്ങൾ നിലനിന്നിരുന്നു. അസ്തിത്വത്തിന്റെ ആത്യന്തിക യാഥാർഥ്യത്തെ സംബന്ധിച്ച അന്വേഷണങ്ങളായിരുന്നു  അവ.  വ്യത്യസ്തമായ പേരുകളിലും  പദാവലികളിലുമാണ്  ഈ അന്വേഷണങ്ങൾ ദാർശനിക ചരിത്രത്തിൽ ഇടംപിടിച്ചിട്ടുള്ളത്. ഇതിന്റെ ഇന്ത്യൻ ഭാഷ്യമാണ് പരബ്രഹ്മം.  ബ്രഹ്മമാണ് സത്യമെന്നും പ്രപഞ്ച പ്രതിഭാസങ്ങൾ മായയാണെന്നുമാണ് ഇതിന്റെ സാരം. മായയിൽ ഭ്രമിക്കാതെ ബ്രഹ്മജ്ഞാനം സാക്ഷാത്കരിക്കുകയാണ് ജീവിത ലക്ഷ്യം.

അനുഭവപ്രപഞ്ചം ആശയ യാഥാർത്ഥ്യത്തിൽ നിന്നും ദ്വിഗുണം ദൂരസ്ഥിത (twice removed from reality) മാണെന്നുളള പ്ലേറ്റോയുടെ ആശയവാദം പ്രസിദ്ധമാണല്ലോ. ഇന്ത്യൻ പുരുഷ / പ്രകൃതി സങ്കല്പനത്തിന് സമാനമായി സൂര്യനെയും സൃഷ്ടിയെയും പ്രതിനിധീകരിക്കുന്ന റാ (Ra)യും അണു (Atum)വും  ആയിരുന്നു  ഈജിപ്തുകാർക്ക് ഉണ്ടായിരുന്നത്. പ്രപഞ്ചോല്പത്തിയുടെ   ആത്യന്തിക സത്യം സൂചിപ്പിക്കുന്നതിന് ചൈനയിലെ താവോയിസ്റ്റ് ദർശനത്തിൽ  “തായ് ജി ” (Taiji) എന്ന വാക്കാണ് ഉപയോഗിക്കുന്നത്. സുമേറിയൻസിനും പേർഷ്യക്കാർക്കും  നോർവീജിയൻസിനുമെല്ലാം പ്രപഞ്ച പ്രക്രിയകൾക്ക് കാരണമായ സർവ്വവ്യാപിയായ  അദൃശ്യശക്തിയിൽ വിശ്വാസമുണ്ടായിരുന്നു.

ഇവയുമായി സാമ്യം ഉണ്ടെങ്കിലും ഇന്ത്യൻ ബ്രഹ്മസങ്കല്പനം വളരെ   വ്യത്യസ്തമാണ്. ഇതിന്‌ കൂടുതൽ ഗഹനതയും ഗാഢതയും സമഗ്രതയും അവകാശപ്പെടാം. സുദീർഘമായ ഒരു ചരിത്രം  ഇന്ത്യൻ ബ്രഹ്മദർശനത്തിനുണ്ട്.  പഠന മനന പ്രക്രിയകളിലൂടെ   രൂപപ്പെട്ടതും വ്യതിരിക്തത ആർജ്ജിച്ചതുമാണ്  ഇന്ത്യൻ ബ്രഹ്മദർശനം. ഋഷിപ്രോക്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അനേകം ഗ്രന്ഥങ്ങൾ ഇതിനെ സമ്പന്നമാക്കുന്നു. വേദങ്ങളും സംഹിതകളും  ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുകളും അടങ്ങിയ  വേദാന്ത ദാർശനിക സാഹിത്യ സമുച്ചയത്തിലൂടെ പുരാതന ഭാരതീയർ അസ്തിത്വത്തിന്റെ സൂക്ഷ്മ നാനാർത്ഥങ്ങൾ തേടിയിരുന്നു. ആ അന്വേഷണത്തിന്റെ ഏകമാത്ര ഫലസാരവും സൂചകവുമാണ് പരബ്രഹ്മം. അതിരുകളും വിച്ഛേദങ്ങളുമില്ലാതെ ഭൗതികലോകത്തെ അത് അധികരിക്കുന്നു.

സത്യം ജ്ഞാനം അനന്തം. ബഹുത്വം നഷ്ടപ്പെടാത്തതും  ഏകത്വം സ്ഥൂലമോ ശുഷ്‌കമോ ആകാത്തതുമായ സമകാലികതയുടെ സാകല്യമാണ് ബ്രഹ്മം. പരമമായ സത്യം. മനുഷ്യചിന്തയ്ക്കും ബുദ്ധിയ്ക്കും അപ്രാപ്യമായ ബ്രഹ്മം ശാശ്വതവും അപരിമേയവും പരിണാമരഹിതവുമായ പ്രപഞ്ചബോധമാണ്. പ്ലേറ്റോണിക്ക് ദർശനത്തിലെ  പ്രാപഞ്ചിക വസ്തുക്കളുടെ കേവലമായ ആശയസംഘാതമല്ല, സർവ്വാശ്ശേഷിയായ ഏകത്വമാണ് ഇന്ത്യയുടെ ബ്രഹ്മം.

ഉപനിഷത്തുകളിലാണ് ഇന്ത്യൻ ബ്രഹ്മസങ്കല്പം സാരസാന്ദ്രമായി ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്. ഐത്തരേയ ഉപനിഷത്തിലെ “പ്രജ്ഞാനം ബ്രഹ്മ’, ഛന്ദോഗ്യത്തിലെ “തത് ത്വം അസി’, ബൃഹദാരണ്യകത്തിലെ “അഹം ബ്രഹ്മാസ്മി’, മാണ്ഡൂക്യത്തിലെ “അയം ആത്മ ബ്രഹ്മ’ എന്നീ മഹാവാക്യങ്ങൾ ആത്മവും പരവുമായവയുടെ ദ്വന്ദ്വാത്മക ഐക്യമാണ് ആത്യന്തിക സത്യമെന്ന് സമർത്ഥിക്കുന്നു.  ഏകത്തിന്റെ അവിച്ഛന്നതയും ബഹുത്വത്തിന്റെ സാകല്യവുമാണത്.

എന്നാൽ, ആശയവാദപരമെങ്കിലും, ഉദാത്തമായ ഈ ആശയത്തെ തകർക്കുകയാണ് ഋഗ്വേദത്തിലെ പുരുഷസൂക്തവും മനുസ്മൃതിയും ഭഗവദ്ഗീതയും കൂടി ചെയ്തത്.  ഇന്ത്യൻ ദാർശനിക ദുരന്തം (Indian Philosophical Tragedy) എന്ന് ഇതിനെ വിശേഷിപ്പിക്കാം. ചാതുർവർണ്യത്തെ സംബന്ധിച്ച പ്രഥമ പരാമർശം പുരുഷസൂക്തത്തിലാണുള്ളത്. ഇന്ത്യയിലല്ലാതെ മറ്റൊരു പ്രദേശത്തും ഒരു പ്രപഞ്ചദർശനത്തിനും സമൂഹഘടനയെ ഇത്രമാത്രം നിർണ്ണായകമായി സ്വാധീനിക്കാൻ സാധിച്ചിട്ടില്ല. ഏകമായ ബ്രഹ്മത്തിന്റെ ഛേദനം (Fragmentation) ആദിപുരുഷന്റെ (ബ്രഹ്മത്തിന്റെ) ബലി പ്രപഞ്ച പ്രതിഭാസങ്ങളുടെ ഉല്പത്തിക്കും വർണസമൂഹത്തിന്റെ ആവിർഭാവത്തിനും കാരണമായെന്ന് പുരുഷസൂക്തം പറയുന്നു. ബലിമൃഗമായ പുരുഷൻ നാലു കഷണങ്ങളായി ഛേദിക്കപ്പെട്ടു.  ശിരസ്സു മുതൽ പാദം വരെയുള്ള നാല് ഭാഗങ്ങളിൽ നിന്നും നാല് വർണങ്ങൾ ആവിർഭവിച്ചു. യഥാക്രമം, മുഖത്തുനിന്നും ബ്രാഹ്മണനും കൈകളിൽ നിന്നും ക്ഷത്രിയനും തുടകളിൽ നിന്നും വൈശ്യനും പാദങ്ങളിൽ നിന്നും ശൂദ്രനും പിറവിയെടുത്തു.

ഏകമായ ബ്രഹ്മത്തെ ഛേദിച്ചു നുറുക്കിക്കൊണ്ടാണ് ശ്രേണീബദ്ധ (hierarchical) വർണസമൂഹവും തൊഴിലധിഷ്ഠിത ജാതിവ്യവസ്ഥയും ഇന്ത്യയിൽ ഉണ്ടായത്. സവിശേഷമായ ഇന്ത്യൻ ഫ്യൂഡൽ വർഗവിഭജനത്തിന്റെ മിത്തിക്കൽ ഭാഷ്യമാണ് പുരുഷസൂക്തം. ഇത്തരം കഥകൾ മെനഞ്ഞ് സമൂഹത്തെ ശിഥിലീകരിച്ച ഭാവനയും കുബുദ്ധിയും  ആദരണീയമല്ലെങ്കിലും അത്ഭുതകരമാണ്. കഥകളുടെ പ്രത്യയശാസ്ത്രപരമായ   സ്വാധീനശക്തിക്ക് ഇന്ത്യൻ സാമൂഹ്യ ചരിത്രം തന്നെ സാക്ഷി! ആദിമസത്തയായ ബ്രഹ്മപുരുഷൻ നാലായി. വിഭജിത ബ്രഹ്മപരികല്പനയെ ശ്രേണീപരമായ സാമൂഹ്യ ആധിപത്യ വ്യവസ്ഥയായി പരാവർത്തനം  ചെയ്തതു മുതലാണ് ഇന്ത്യൻ സാമൂഹ്യ ദുരന്തത്തിന്റെ തുടക്കം.

ഋഗ്വേദത്തിന്റെ പ്രാമാണികതയിൽ സ്വവാദങ്ങൾ ഉറപ്പിച്ചുകൊണ്ടാണ് മനുസ്മൃതിയുടെ വക്താക്കൾ വർണവ്യവസ്ഥയെയും ജാതി സമ്പ്രദായത്തെയും ന്യായീകരിച്ചത്. വൈദികവും ദൈവികവുമായതിനാൽ അവ മഹത്തരമാണെന്നും സാമൂഹ്യ വ്യവഹാര സമവാക്യങ്ങളിൽ   ഭ്രംശങ്ങളുണ്ടാകാതിരിക്കാൻ അവ പാലിക്കപ്പെടണമെന്നും അവർ ശഠിച്ചു.

ചാതുർവർണ്യവിഭജനത്തെ സനാതനധർമ്മത്തിന്റെ  ഭാഗമാക്കി വ്യവസ്ഥപ്പെടുത്തിയത് മനുസ്മൃതിയാണ്.  അതിലൂടെ സാമൂഹ്യ വ്യവഹാരത്തിന്റെ നിയമവും പ്രത്യയശാസ്ത്രവുമായി വർണവ്യവസ്ഥ മാറി. വ്യാവഹാരിക  സമൂഹവുമായി ഇതിനെ വിളക്കിച്ചേർക്കാൻ മനുസ്മൃതി ഋഗ്വേദത്തെ സാക്ഷ്യപ്പെടുത്തി.  മനുഷ്യ സഹജമായ സാമൂഹ്യ വ്യാവഹാരിക ബന്ധങ്ങളെ സങ്കീർണവും വൈരുദ്ധ്യപൂർണവുമായ ദാർശനിക പ്രസ്താവങ്ങളിലൂടെ വ്യാഖ്യാനിച്ച് ഭഗവദ്ഗീത അതിന് സ്ഥായിത്വം നൽകി.

ചുരുക്കത്തിൽ,  വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭ്രാതൃഹത്യയുടെയും  കളരികളും കുരുക്ഷേത്രങ്ങളും ഇന്ത്യയിൽ  ഇന്നും നിലനിൽക്കുന്നതിന് കാരണം ബ്രഹ്മവിച്ഛേദമാണ്. ജനനം, മരണം, മരണാനന്തര ജീവിതം, പാപം, പുണ്യം, മോക്ഷം, പുനർജ്ജന്മം, വിധി, മായ എന്നിവ  സൃഷ്ടിക്കുന്ന ആശയ സങ്കീർണതകളിൽ മനുഷ്യമനസിനെ  ഭ്രമിപ്പിച്ച് തളച്ചിടാൻ ഇന്ത്യൻ ബ്രാഹ്മണ്യത്തിനും സംസ്കൃത ഭാഷയ്ക്കും കഴിഞ്ഞത് ചാതുർവർണ്യത്തിന് ദാർശനിക പ്രതിഷ്ഠ ലഭിച്ചതു മൂലമാണ്. സൂക്ഷ്മവും സ്ഥൂലവുമായ പ്രപഞ്ച പ്രതിഭാസങ്ങളെ വിശകലനം ചെയ്ത് മനസിലാക്കാൻ സഹായിക്കുന്ന ഭൗതിക ചലനനിയമങ്ങൾ അജ്ഞാതമായിരുന്ന കാലത്ത് ശങ്കരാദി ‘ബ്രഹ്മജ്ഞാനി’കൾക്ക് സമൂഹമനസിനെ ഖഡ്ഗങ്ങളില്ലാതെ ഖണ്ഡിക്കാനും  ചങ്ങലകളില്ലാതെ ബന്ധിക്കാനും ശകലിതബ്രഹ്മം സഹായകമായി.

ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ സാമൂഹ്യപാതകമാണ് ചാതുർവർണ്യവും ജാതിവ്യവസ്ഥയും. പ്രപഞ്ചസാരമായ ബ്രഹ്മപുരുഷന്റെ വിവിധ ശരീരഭാഗങ്ങളിൽ നിന്നും വർണങ്ങളുണ്ടായിയെന്ന  കപട സിദ്ധാന്തം ക്രൂരവും കാപട്യപൂർണവുമാണ്. മനുഷ്യത്വവിരുദ്ധമായ ഈ സിദ്ധാന്തം പൂർണമായും ഇന്ത്യാകേന്ദ്രിതമാണ്.  ഒട്ടുമേ സാർവ്വലൗകികമല്ല. ബ്രഹ്മഛേദനത്തിലൂടെ വർണോല്പത്തിയെന്ന മഹാപാതകത്തിന്റെ   മുറിപ്പാടുകളിൽ നിന്നും  ഇപ്പോഴും രക്തം  വാർന്നൊഴുകുന്നു.  സഹോദരഹത്യ ഉയർത്തുന്ന  നിർത്താത്ത നിലവിളികൾ ആസേതുഹിമാചലം  ഇപ്പോഴും കേൾക്കാം, കാതോർത്താൽ.

വേദപ്രോക്തമായി  ചാതുർവർണ്യത്തെ അവതരിപ്പിച്ചതിന്റെ പിന്നിൽ  വലിയ ബൗദ്ധിക ഗൂഢാലോചനയുണ്ട്. വരേണ്യ (ബ്രാഹ്മണ) വർഗതാല്പര്യ സംരക്ഷണമാണ് മനുസ്മൃതിയുടെ ലക്ഷ്യം. സൂക്ഷ്മ സ്ഥൂല സ്ഥലകാല സങ്കല്പങ്ങളും ജനിമൃതിവ്യഥകളും ചരാചര പരിണാമത്തിലെ അപ്രവചനാത്മകതയുമെല്ലാം കൂട്ടിക്കുഴച്ച് നിഗൂഢവും അവ്യാഖ്യേയവുമാക്കിയ ഇന്ത്യൻ  ബ്രഹ്മസങ്കല്പനത്തിലേക്ക് മനുസ്മൃതിയിലൂടെ നിക്ഷേപിക്കപ്പെട്ട വർണവ്യത്യാസം  ഇന്ത്യൻ സാമൂഹ്യ ചരിത്രത്തിന്റെ ഭാഗവും  വർത്തമാനകാലത്തിന്റെ ശാപവുമായി ഇന്നും തുടരുന്നു.

ക്രിസ്തുവിന് മുമ്പ് 1500 നും 1000ത്തിനും ഇടയിൽ   സമാഹരിക്കപ്പെട്ടവയാണല്ലോ  പ്രകൃതി ദൈവങ്ങളെ പ്രകീർത്തിക്കുന്ന (pantheistic) ഋഗ്വേദശ്ലോകങ്ങൾ. അവയിലേക്ക് പ്രത്യവലോകനപരമായി  (retrocedentally) ഉപനിഷത്ത് ദർശനം പ്രക്ഷിപ്തം ചെയ്യപ്പെടുകയാണ് ഉണ്ടായത്. ക്രിസ്തുവിന് മുമ്പ് 800 മുതൽ 200 വരെയാണല്ലോ ഉപനിഷത്ത് കാലം. ആ ചരിത്ര സന്ദർഭത്തിലാണ് വിരാട് പുരുഷ (ബ്രഹ്മ) സങ്കല്പം വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത്. എങ്ങനെ ഇത് സഹസ്രാബ്ദങ്ങൾക്കു മുമ്പുള്ള ഋഗ്വേദത്തിലെ പുരുഷ സൂക്തത്തിൽ പ്രത്യക്ഷപ്പെട്ടു? വേദിക്ക് പ്രാമാണികതയ്ക്കു വേണ്ടി മുൻകാല പ്രാബല്യത്തോടെ  തല്പരകക്ഷികൾ  ഋഗ്വേദത്തിൽ തിരുകിക്കയറ്റിയതാണ് പുരുഷസൂക്തം. ഋഗ്വേദത്തിന്റെ പൊതു ഭാഷാശൈലിക്കും പ്രകൃതി ദൈവങ്ങളെ പ്രകീർത്തിക്കുന്ന  ആരാധനാ രീതിക്കും ഒട്ടുമേ ഇണങ്ങുന്നതല്ല പുരുഷസൂക്തത്തിന്റെ ഭാഷയും ഉള്ളടക്കവും. വേദോക്തികളുടെ അപ്രമാദിത്തം ചൂണ്ടിക്കാട്ടി വർഗമേധാവിത്വത്തെ അംഗീകരിപ്പിക്കുകയാണ് ബ്രാഹ്മണ്യം ചെയ്തത്.

ഏകാത്മകമായ  ബ്രഹ്മസങ്കല്പനം അതേ രീതിയിൽ ഇന്ത്യൻ വ്യവഹാര രീതികളിൽ നിയാമകമായി പ്രയോഗിക്കപ്പെടാതിരിക്കാൻ മനുസ്മൃതിയാണ് കാരണം. മനുഷ്യ സാഹോദര്യത്തിലൂടെ  ബ്രഹ്മസായൂജ്യമെന്ന സാധ്യതയുടെ  ഭ്രൂണച്ഛിദ്രം മനുസ്മൃതി നടത്തി. മനുസ്മൃതിയുടെയും ഭഗവദ് ഗീതയുടെയും ആദൃശ്യമായ ചങ്ങലകളിലാണ് ഇന്ത്യൻ മനസ്സ് കുടുങ്ങിക്കിടക്കുന്നത്. വർണ ജാതി വ്യത്യാസങ്ങളുടെ പ്രത്യയശാസ്ത്രബോധം ഇന്ത്യൻ മനസ്സിൽ രൂഢമൂലമാകാൻ ബ്രഹ്മപുരുഷ ബലിയെന്ന മിത്ത് സഹായകമായി.

വിച്ഛിന്ന സമൂഹമായി മാറിയ ഇന്ത്യൻ ജനതയെ ക്രമീകരിക്കാനും   പരിവർത്തനരഹിതമായി നിലനിർത്താനും തല്പരകക്ഷികൾ നടത്തിയ പ്രത്യയശാസ്ത്ര ഇടപെടലുകളാണ് പിൽക്കാല ദാർശനിക പദ്ധതികൾ. ഇന്ത്യൻ സമൂഹത്തിന്റെ ചരിത്ര ഭൂമികയെ രൂപപ്പെടുത്തുന്നതിൽ വേദങ്ങളും അവയുടെ സംഹിതകളും ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുകളും വഹിച്ച പങ്ക് നിർണായകമായിരുന്നു. പൊതുവേ, അവയിലൂടെ  സംവദിക്കപ്പെട്ട ആശയം വർണവ്യവസ്ഥ ദൈവപ്രോക്തമായ സ്വാഭാവിക സാമൂഹ്യ ഘടനയാണെന്നായിരുന്നു. ഇതിനനുസരിച്ചുള്ള വിശ്വാസപ്രമാണങ്ങൾ രൂപപ്പെട്ടു. ജനനവും മരണവും മരണാനന്തര ജീവിതവും സ്വർഗ നരക സങ്കല്പങ്ങളും പാപപുണ്യചിന്തകളും  മോക്ഷമോഹങ്ങളും  മുജ്ജന്മ പുനർജന്മ സിദ്ധാന്തങ്ങളും ശുദ്ധാശുദ്ധ ബോധ്യങ്ങളും   വിധിവിശ്വാസവും ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം കുത്തിനിറച്ച് ഇന്ത്യൻ മനസിനെ അദൃശ്യമായ ചങ്ങലകൾ കൊണ്ട് ബന്ധിച്ച് കള്ളികളിലാക്കാൻ മനുസ്മൃതിക്ക് കഴിഞ്ഞു. ഋഗ്വേദത്തിലെ പുരുഷസൂക്തത്തിൽ തുടങ്ങിയ ബ്രഹ്മവിച്ഛേദം  മനുസ്മൃതിയിൽ പരമകാഷ്ഠയിലെത്തി. വർഗവിഭജനത്തിന്റെ നിഷ്ഠൂരതകളെ ദൈവികമായി വ്യാഖ്യാനിച്ച് സ്വീകാര്യമാക്കി. നുകങ്ങളെ സഹിക്കുകയും ചങ്ങലകളെ സ്നേഹിക്കുകയും ചെയ്യുന്ന ഇന്ത്യൻ സമൂഹം മനുസ്മൃതിയുടെ സൃഷ്ടിയാണ്. ഏകാത്മക  ബ്രഹ്മസങ്കല്പത്തെ വിഭജിച്ച് സമൂഹ മനസ്സിൽ വർണ ജാതിഭേദചിന്തയുടെ വിഷവൃക്ഷങ്ങൾ നട്ടുവളർത്തിയെന്നതാണ് മനുസ്മൃതി ഇന്ത്യൻ അതീതത്തോട് ചെയ്ത മഹാപരാധം.

വാസ്തവത്തിൽ, കൂട്ടായ്മാബോധം, സമത്വചിന്ത, സാഹോദര്യഭാവം എന്നിവയെ പൊതുസമൂഹത്തിൽ നിന്നും  പൂർണമായും നിഷ്‌കാസനം ചെയ്ത  മനുസ്മൃതിയിലെ നിയാമക വ്യവസ്ഥകൾക്ക് സങ്കീർണമായ ദാർശനിക വ്യാഖ്യാനവും പരിവേഷവും നൽകുകയെന്ന അത്യന്തം പ്രതിലോമകരമായ ധർമ്മമാണ് ഭഗവദ്ഗീത നിർവ്വഹിച്ചതും നിർവ്വഹിച്ചു പോരുന്നതും. ചാതുർവർണ്യത്തെയും സനാതനധർമ്മത്തെയും സ്ഥിരീകരിക്കുകയാണ് ഗീതാകാരൻ ചെയ്തത്. ധർമ്മം എന്ന വാക്കു കൊണ്ട് ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നീ വർണ വിഭാഗങ്ങൾക്കുള്ള ധർമ്മങ്ങളും പുരുഷാർത്ഥങ്ങളായ ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവയുമാണ് വിവക്ഷിക്കുന്നത്. വർണവ്യവസ്ഥയിൽപ്പെട്ടവരോരുത്തരും   അവരവരുടെ ധർമ്മമനുസരിച്ച് ജീവിക്കണമെന്ന് ഗീത സിദ്ധാന്തിക്കുന്നു. ജന്മം കൊണ്ടും അതിനനുസരിച്ചുള്ള കർമ്മം കൊണ്ടും ഓരോരുത്തരും  ജീവിക്കണമെന്ന ഗീതോപദേശം സാമൂഹികവും സാമ്പത്തികവുമായ ഇന്ത്യൻ വർഗവിഭജനത്തെ ആത്മീയ തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. ഏകാത്മകമായ ഇന്ത്യൻ ബ്രഹ്മദർശനത്തിന്റെ അരയും തലയും കരചരണങ്ങളും പുരുഷസൂക്തം ഛേദിച്ചു. പ്രായോഗിക സാമൂഹ്യവ്യവഹാരത്തിനുള്ള നിയമ സംഹിതയായി മനുസ്മൃതി അതിനെ വികസിപ്പിച്ചു. ജാതി ജ്വരബാധിതമായ  ഇന്ത്യൻ സമൂഹമെന്ന അധാർമ്മിക അശ്ലീലാവസ്ഥയെ മിസ്റ്റിക്  വ്യാഖ്യാനത്തിലൂടെ ഭഗവദ്ഗീത സ്വീകാര്യമാക്കി.

ഭഗവദ്ഗീതയുടെ പ്രത്യയശാസ്ത്രപരമായ സ്വാധീനശേഷി മനസിലാക്കിയവരായിരുന്നു സ്വാതന്ത്ര്യസമര നേതാക്കളിൽ പലരും. അതിനാൽ, സ്വന്തം രാഷ്ട്രീയ മനോഘടനയ്ക്കനുസരിച്ച് ഭഗവദ്ഗീതയ്ക്ക് അവർ വ്യാഖ്യാനങ്ങൾ ചമച്ചു. ഇന്ത്യൻ നവോത്ഥാനത്തിലെയും സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിലെയും ആദ്യപഥികരായ രാജാറാം മോഹൻ റോയ്,  സ്വാമി വിവേകാനന്ദൻ , ബാലഗംഗാധർ തിലക്, ശ്രീ അരബിന്ദോ , മഹാത്മാഗാന്ധി,  സ്വാമി ശിവാനന്ദ തുടങ്ങിയവരാണ് അവരിൽ പ്രമുഖർ. എന്നാൽ, മുതലാളിത്ത സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിലൂടെ ആധുനികതയിലേക്ക് ഇന്ത്യ നീങ്ങിയപ്പോൾ സമാന്തരമായി വിപരീതദിശയിൽ ഫ്യൂഡൽ ഭൂതകാലത്തിലേക്ക് ഇന്ത്യയെ കെട്ടി വലിച്ചു കൊണ്ടുപോകാനുള്ള ശ്രമവുമുണ്ടായി. ഗീതയെയാണ് പ്രധാനമായും അതിന്  ഉപയോഗിച്ചത്. പുരുഷസൂക്തത്തിന്റെയും മനുസ്മൃതിയുടെയും ഫ്യൂഡൽ താല്പര്യത്തിനും യുക്തിക്കുമനുസരിച്ചുള്ള പ്രയോഗം സാധ്യമായത് ഗീതയുടെ വ്യാപകമായ പ്രചരണത്തിലൂടെയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയെ മനുസ്മൃതി ശ്ലോകങ്ങൾക്കനുസരിച്ച് സംവിധാനം ചെയ്യണമെന്ന ഫ്യൂഡൽ ആഗ്രഹം നടപ്പിലാക്കാൻ അതിന്റെ വക്താക്കൾ ആശ്രയിച്ചത് വിശ്വാസം, ഭക്തി, ആചാരം, അനുഷ്ഠാനം, ക്ഷേത്രാചാരങ്ങൾ, ഉത്സവങ്ങൾ, മതപ്രഭാഷണങ്ങൾ, തീർത്ഥയാത്രകൾ എന്നിവയെയാണ്. പാരമ്പര്യത്തിന്റെ പുനരുജ്ജീവനവും ഹൈന്ദവ സുവർണ കർമ്മകാണ്ഡത്തിന്റെ പുന:സൃഷ്ടിയും അവർ സ്വപ്നം കണ്ടു.

എന്നാൽ, സ്വാതന്ത്ര്യ സമരത്തിന്റെ ഒരു നിർണായക ഘട്ടത്തിലും ഇന്ത്യൻ ഫ്യൂഡലിസത്തിന്റെ  വക്താക്കൾ കൊളോണിയൽ ശക്തികൾക്കെതിരെ ശക്തമായി നിലയുറപ്പിച്ചില്ല. എന്നു മാത്രമല്ല, ആഭ്യന്തര ശത്രുക്കൾക്കെതിരെ പോരാടാൻ ഊർജ്ജം സംഭരിക്കുന്നതിലാണവർ ശ്രദ്ധകേന്ദ്രീകരിച്ചതും. ഹിന്ദുത്വ പാരമ്പര്യം സർവ്വശ്രേഷ്ഠമെന്ന ഉറച്ച ധാരണയോടെ അവർ ഭഗവദ് ഗീതയുടെയും തുളസീദാസ രാമായണത്തിന്റെയും പ്രചരണം വ്യാപകമായി ഏറ്റെടുത്തു. മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും ബംഗാളിലെയും മറ്റും ധനിക വ്യവസായികളാണ് ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടത്. 1925-ൽ ആർഎസ്എസ് നാഗ്പൂരിൽ രൂപീകരിക്കുന്നതിനു മുമ്പു തന്നെ പൂജയും കീർത്തനാലാപനവും ഗീതാപാരായണവും മറ്റും വ്യാപകമായി ഉത്തരേന്ത്യ മുഴുവൻ നിലവിൽ വന്നു. സരസ്വതീ വിദ്യാലയങ്ങളും പ്രിന്റിംഗ് പ്രസുകളും പത്രമാസികകളും ഇന്ത്യൻ പാരമ്പര്യം പുന:സ്ഥാപിക്കാനായി ഉത്തരേന്ത്യ മുഴുവൻ അവർ പ്രചരിപ്പിച്ചു. ഗീതയുടെയും രാമചരിതത്തിന്റെയും പാരായണവും വർഗീയ ലഹളയും നടത്തിയാണ്  കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിൽ ഉത്തരേന്ത്യയെ ഹിന്ദുത്വവാദികൾ വർഗീയതയ്ക്ക് വേരോട്ടമുള്ള ഇടമാക്കിയത്.

കൃത്യമായ വർഗീയ അജൻഡയോടുകൂടി ഭഗവദ് ഗീതയുടെ  പ്രചരണം നടത്തുന്നതിനു വേണ്ടി ധാരാളം പ്രസിദ്ധീകരണശാലകൾ ഉത്തരേന്ത്യയിലെല്ലാം സ്ഥാപിക്കപ്പെട്ടു. 1920-ൽ ചില മാർവാഡി വ്യവസായികൾ സ്ഥാപിച്ച ഗീത പ്രസ്സ് 2014 ആയപ്പോഴേക്ക് ഭഗവത് ഗീതയുടെ 72 ദശലക്ഷം കോപ്പികളും തുളസീദാസിന്റെ കൃതികളുടെ 70 ദശലക്ഷം കോപ്പികളും ഉപനിഷത് കൃതികളുടെ 19 ദശലക്ഷം കോപ്പികളും പ്രചരിപ്പിച്ചിരുന്നു. ഇവയിലൂടെ അനുശീലനം ചെയ്യപ്പെട്ടത് ഏകാത്മകമായ ബ്രഹ്മദർശനമല്ല, ചാതുർവർണ്യ വിഭജിതമായ സാമൂഹ്യാവസ്ഥയുടെ കപട മഹത്വഘോഷണമാണ്.

ഇന്ത്യൻ ബ്രഹ്മദർശനത്തിന്റെ ഏകത്വം ജീവിതത്തിൽ ആസ്വദിക്കാൻ കഴിയുന്നത് സാമൂഹ്യ സാഹോദര്യത്തിലൂടെയാണ്. അത് സാധിക്കണമെങ്കിൽ പുരുഷ സൂക്തവും മനുസ്മൃതിയും ഭഗവദ്ഗീതയും പ്രചരിപ്പിക്കുന്ന ചാതുർവർണ്യ വിഭജിത ബ്രഹ്മത്തെ നിരാകരിക്കണം. പകരം, അവിച്ഛിന്ന സാമൂഹ്യസാഹോദര്യം സൃഷ്ടിക്കാനുതകുന്ന ബ്രഹ്മസങ്കല്പനം വീണ്ടെടുക്കണം. പുരുഷ സൂക്തത്തിലൂടെയും മനുസ്മൃതിയിലൂടെയും ഭഗവദ്ഗീതയിലൂടെയും സമൂഹത്തിൽ ആധിപത്യം നേടിയ പ്രത്യയശാസ്ത്രബോധം ഉന്മൂലനം ചെയ്യപ്പെടണം. ഇല്ലാതെയാകണം. സമൂഹത്തെ പുന:സംഘടിപ്പിക്കാൻ ചരിത്രപരവും ദാർശനികവുമായ തെറ്റുകൾ തിരുത്തപ്പെടണം. യഥാർത്ഥ ബ്രഹ്മസങ്കല്പനം സൃഷ്ടി സ്ഥിതി സംഹാര കാരണനെന്ന് ഓരോ മതവിശ്വാസിയും നിർവ്വചിച്ചെടുത്തിട്ടുള്ള ദൈവമല്ലെന്ന് തിരിച്ചറിയണം.  അവിരാമവും സഹജവുമായ ചലനത്തിന്റെ ഫലമായി നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്ന ഭൗതിക പ്രപഞ്ചമാണ് ബ്രഹ്മം എന്ന ശാസ്ത്രീയാവബോധം വികസിക്കണം. അത് വ്യാപരിച്ച് സാമൂഹ്യബോധമാകണം. കേവലമായ ശാസ്ത്രബോധമല്ല, ദാർശനിക ശാസ്ത്രീയാവബോധമാണ് അതിന് ആവശ്യം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 − ten =

Most Popular