Wednesday, March 19, 2025

ad

Homeലേഖനങ്ങൾകോർപറേറ്റ് അട്ടിമറി

കോർപറേറ്റ് അട്ടിമറി

എ കെ രമേശ്‌

നോർത്ത് ബ്ലോക്ക് കയ്യേറിയ ഒരു ആർ എസ് എസ് നേതൃസംഘം സർക്കാരിന്റെ സകലമാന വരവുചെലവ് കണക്കുകളും ആരോഗ്യരക്ഷാ പദ്ധതി വിവരങ്ങളും നാട്ടുകാരുടെ ടാക്സ് റിട്ടേണുകളും ഉൾപ്പെടെയുള്ള ധനകാര്യമന്ത്രാലയത്തിന്റെ മുഴുവൻ രഹസ്യരേഖകളുടെയും പാസ്‌വേഡുകൾ കൈവശപ്പെടുത്തിയാൽ എങ്ങനെയിരിക്കും? അതാണ് നടന്നത് അമേരിക്കയിൽ ഒക്കച്ചങ്ങായിയുടെ നേതൃത്വത്തിൽ!

കുറ്റവാളിയെന്ന് കോടതി കണ്ടെത്തിയ ട്രംപ്‌ അധികാരത്തിലെത്തിയതുതന്നെ ഒരു ജനാധിപത്യ അട്ടിമറിയിലൂടെയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റല്ല, താനാണ് പ്രസിഡന്റ്‌ എന്നും പറഞ്ഞ് ആളെക്കൂട്ടി ക്യാപിറ്റോൾ ആക്രമിച്ച് നാശം വിതച്ച, കുറ്റവാളിയാണെങ്കിലും നിരുപാധികം വിട്ടയക്കപ്പെട്ട ട്രംപ്‌ വീണ്ടും അധികാരത്തിലേറിയ ഉടനെ ചെയ്തത് ഡോഗ് (DOGE) എന്നൊരു ഭരണഘടനാ ബാഹ്യ ഏജൻസിയെ നിയമിക്കുകയായിരുന്നു. ഡിപ്പാർട്ട്മെന്റ്‌ ഓഫ് ഗവൺമെന്റ്‌ എഫിഷ്യൻസി എന്നാണ് പേരെങ്കിലും അതൊരു സർക്കാർ സംവിധാനമേയല്ല.

“സർക്കാരിന്റെ കാര്യക്ഷമതയും ഉൽപാദനക്ഷമതയും പരമാവധി വർദ്ധിപ്പിക്കാനായി ഫെഡറൽ ടെക്നോളജിയും സോഫ്റ്റ്‌വെയറും നവീകരിക്കുന്ന’തിനാണ് ആ സംവിധാനമെന്നാണ് അതിനായി ഇറക്കിയ ഉത്തരവ് പറയുന്നത്. “ഫെഡറൽ ഗവൺമെന്റിന്റെ പാഴ്‌ചെലവുകളും തട്ടിപ്പുകളും തടയാനായി’ നിയുക്തമായ ഡോഗിന്റെ തലവനായി നിയോഗിക്കപ്പെട്ടത് അതി സമ്പന്നനായട്രംപ്‌ ശിങ്കിടി എലോൺ മസ്കാണ്.

ഈനാംപേച്ചിക്ക്?
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നു കേട്ടിട്ടില്ലേ? ആ മസ്‌കും കൂട്ടരുമാണ് അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റിൽ കയറിച്ചെന്ന് കരിമ്പിൻ തോട്ടത്തിലെത്തിയ ആനയെപ്പോലെ അമേരിക്കൻ പേമെന്റ്‌ സിസ്റ്റത്തിന്റെ രഹസ്യരേഖകളടങ്ങിയ കമ്പ്യൂട്ടർ സംവിധാനത്തിന്റെ “കീ’ കൈവശപ്പെടുത്തിയത്. അമേരിക്കൻ ഗവൺമെന്റിന്റെ മുഖ്യ സിരാകേന്ദ്രങ്ങളായ പേഴ്സണൽ മാനേജ്മെന്റ് ഓഫീസും ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷൻ ഓഫീസും മസ്‌കും സംഘവും കൈയടക്കുകയും ചെയ്തു.

കാര്യം പുക്കാറായതോടെ ട്രഷറി ഡിപ്പാർട്ട്മെന്റ്‌ നാണം മറയ്ക്കാൻ പ്രസ്താവനയുമായി രംഗത്തെത്തി.

“റീഡ് ഓൺലി’ മോഡേ തുറന്നുകൊടുത്തുള്ളൂ എന്നായി ട്രഷറി ഡിപാർട്ട്മെന്റ്‌ വക്താവ് ജൊനാഥൻ ബ്ലമ്മിന്റെ ന്യായം. ഡാറ്റ കോപ്പി ചെയ്തുകൊണ്ടുപോവാനാവില്ല, എഴുതിയെടുക്കാനേ പറ്റൂ എന്ന് മലയാളം.

ക്ലൗഡ് സോഫ്റ്റ്‌വെയർ ഗ്രൂപ്പ് സിഇഒ ആയ ടോം ക്രോസ് എന്ന ആളാണ് രേഖകൾ പരിശോധിച്ചതെന്നും “ഈ പണി നടത്താൻ അദ്ദേഹത്തിനെ അനുവദിക്കാൻ വിദഗ്ധൻ/കൺസൾട്ടന്റ്‌ ആയി ഫെഡറൽ ഗവൺമെന്റ്‌ നിയമിച്ചതാണെന്നും ഇങ്ങനെ “സ്പെഷൽ ഗവൺമെന്റ്‌ എംപ്ലോയി, ആയി നിയമിക്കുന്ന നടപടി ഭരണനിർവഹണത്തിൽ സാധാരണമാണ്’ എന്നും കോൺഗ്രസ്സംഗങ്ങൾക്കുള്ള മറുപടിയിൽ ട്രഷറി ഡിപ്പാർട്ട്‌മെന്റ്‌ ന്യായം ചമയ്ക്കുകയാണ്.

പരിശോധിച്ച രേഖകൾ
തന്റെയും എതിരാളികളുടെയും ബിസിനസ് ഇടപാടുകളെ സംബന്ധിച്ച രഹസ്യരേഖകളും, സർക്കാർ കരാറുകളുടെയും വിദേശ ഇടപാടുകളുടെയും മുഴുവൻ പേമെന്റ്‌വിവരങ്ങളും നിയമവിരുദ്ധമായി പരിശോധിക്കാൻ മസ്‌കിനെ സമ്മതിക്കില്ല എന്ന നിലപാടെടുത്ത ട്രഷറി ഉദ്യോഗസ്ഥരെ കുത്തിപ്പുറത്താക്കാൻ അയാൾക്ക് കഴിഞ്ഞു. ദീർഘകാലമായി പേമെന്റ്‌ ഓപ്പറേഷൻ ചുമതല നിർവഹിച്ചുപോന്ന ഡേവിഡ് ലെബ്രിക്, മസ്‌കിന്റെ ടീമിനോട് ഏറ്റുമുട്ടി പുറത്താവുകകൂടി ചെയ്തതോടെ ആ ശതകോടീശ്വരൻ പുതിയ പ്രസ്താവനയുമായി രംഗത്തെത്തി.

നിയമവിരുദ്ധമായ പേമെന്റുകളുടെ അയ്യരുകളിയാണ് നടന്നതെന്നും അത്തരം തെറ്റായ ചെലവുകൾ ഒന്നുപോലും ഒരുദ്യോഗസ്ഥനും ഇതുവരെ തടയാൻ നിന്നില്ല എന്നും! മുഴുവൻ രേഖകളും അയാളുടെ ഭരണഘടനാ ബാഹ്യ ഏജൻസി അരിച്ചുപെറുക്കി എന്നുതന്നെയാണ് അതിനർത്ഥം!

ഇതല്ലെങ്കിൽ പിന്നെന്താണ് ശിങ്കിടി മുതലാളിത്തം? 
അധികാരമില്ലാത്തൊരു സംഘം അവകാശമില്ലാത്തിടത്ത് പാഞ്ഞുകയറി രേഖകളാകെ അരിച്ചു പെറുക്കുമ്പോൾ അതിന് കൂട്ടുനിന്നവരെ ശിക്ഷിക്കണം എന്ന ആവശ്യത്തിന് പിന്തുണയേറുകയാണ്. ശിങ്കിടി മുതലാളിത്തത്തിന്റെ ലക്ഷണമൊത്ത ഭരണഘടനാ ലംഘനമാണ് അമേരിക്കയിൽ നടന്നത്. ഭരണഘടനയും പാർലമെന്ററി ജനാധിപത്യവും തങ്ങൾക്ക് പുല്ലാണ് എന്ന് പ്രഖ്യാപിക്കുന്ന ഏകാധിപതികൾ ഏതറ്റംവരെയും പോവും എന്നാണ് തെളിഞ്ഞുവരുന്നത്.

ട്രഷറി സെക്രട്ടറിയായി സ്‌കോട്ട് ബെസന്റിനെ ട്രംപ്‌ നിയോഗിച്ചതു തന്നെ ഒരു സൂചനയായിരുന്നു. നിക്ഷേപകത്തമ്പ്രാൻ ജോർജ സോറോസിന്റെ പങ്കാളിയായ ആ ഹെഡ്ജ് ഫണ്ട് മേധാവി വൻകിട കുത്തകകൾക്കായി നിലകൊള്ളും എന്നുറപ്പായിരുന്നുവെങ്കിലും ഇമ്മാതിരി അതിക്രമത്തിന് കൂട്ടുനിൽക്കും എന്ന് ആരും കരുതിയിരുന്നില്ല.

സർക്കാർ ജീവനക്കാർ കോടതിയിൽ
അമേരിക്കയിലെ സർക്കാർ ജീവനക്കാരുടെ സംഘടനയായ അമേരിക്കൻ ഫെഡറേഷൻ ഓഫ് ഗവൺമെന്റ്‌ എംപ്ലോയീസ്, ഈ കോർപ്പറേറ്റ് ഭീകരതയ്‌ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നു. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം അനുവദിക്കാ നാവില്ല എന്നാണ് അവർ പ്രഖ്യാപിക്കുന്നത്. പ്രതിപക്ഷത്തുള്ള ഡെമോക്രാറ്റിക് കക്ഷി വേണ്ടുംവിധം ഇടപെടാത്തതിൽ പ്രതിഷേധമുള്ള സാധാരണ അമേരിക്കക്കാർ സർക്കാർ ജീവനക്കാരുടെ ഇടപെടലിനെ സർവാത്മനാ സ്വാഗതം ചെയ്യുകയാണ്.

കോർപറേറ്റ് ഭീകരത ഏതറ്റംവരെ പോവും എന്ന് തെളിയിച്ചു കാട്ടുന്ന സംഭവമാണ് അമേരിക്കയിൽ നടന്നത്. മൂലധനത്തിന് എന്ത് ഭരണഘടന? എന്ത് ദേശസ്നേഹം? ഈ അമേരിക്കൻ അനുഭവം ലോകത്തിന് നൽകുന്ന പാഠം വളരെ വലുതാണ്. മുഴുവൻ ജനാധിപത്യവാദികളുടെയും നിതാന്ത ജാഗ്രതയാണ് കാലം ആവശ്യപ്പെടുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

7 + three =

Most Popular