വ്യവസായ പ്രമുഖനും വിദ്യാഭ്യാസ വിചക്ഷണനും ആയിരുന്ന തങ്ങൾ കുഞ്ഞു മുസലിയാർ തുടക്കമിട്ട ടി കെ എം കോളേജ് ട്രസ്റ്റിനു കീഴിൽ 1965ൽ ആരംഭിച്ച ടി കെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അറുപതാണ്ട് പിന്നിട്ടിരിക്കുന്നു. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന സാധാരണക്കാരും ന്യൂനപക്ഷങ്ങളും മറ്റു പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങൾക്കു ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസം സാധ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ആർട്സ് ആൻഡ് സയൻസ് കോളേജ് സ്ഥാപിച്ചത്. 11 ബിരുദ കോഴ്സുകൾ, 6 ബിരുദാനന്തര കോഴ്സുകൾ, 4 ഗവേഷണ കേന്ദ്രങ്ങൾ എന്നിവയിലായി 1700 ഓളം വിദ്യാർത്ഥികൾ ഇന്ന് സ്ഥാപനത്തിൽ പഠിക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ നാഷണൽ അക്രഡിറ്റേഷൻ ആൻഡ് അസ്സസ്സ്മെന്റ് കൗൺസിൽ (NAAC) രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ റാങ്കിംഗിൽ ഉയർന്ന ഗ്രേഡോടു കൂടി (CGPA 3.67) എ പ്ലസ് പ്ലസ് (A++) നേടി സംസ്ഥാനത്തെ മുൻ നിര കോളേജുകളിൽ ഒന്നായി ഈ സ്ഥാപനം വളർന്നിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ റൂസ (RUSA) ഫണ്ടിൽ നിന്നും ഒരുകോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഗവേഷണ സമുച്ചയം 2022 മാർച്ചിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഇത് കൂടുതൽ വിപുലമായ രീതിയിൽ ഗവേഷണ രംഗത്ത് മുന്നേറാൻ സ്ഥാപനത്തിന് സഹായകമായി.
അക്കാദമിക രംഗത്തും സാമൂഹ്യസേവന രംഗത്തും മികച്ച പരിശീലനം നൽകുന്നതിന് ടി കെ എം ആർട്സ് കോളേജ് പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. അതോടൊപ്പം വിദ്യാർഥികളുടെ ഉന്നത പഠനത്തിനും തൊഴിൽ കണ്ടെത്തുന്നതിനും മുന്തിയ പരിഗണന നൽകുന്നു. രാജ്യത്ത് വിദ്യാസമ്പന്നരായ തൊഴിൽ രഹിതരുടെ എണ്ണം കൂടിവരുന്നു എന്നത് എല്ലാവരിലും ആശങ്കയുണർത്തുന്ന കാര്യമാണ്. പ്ലസ് ടു പഠനത്തിനുശേഷം ഉയർന്ന ഡിഗ്രികൾ എടുക്കുന്നതിൽ പുതുതലമുറയ്-ക്ക് വിമുഖതയാണ്. കൂടുതൽ സ്വാതന്ത്ര്യവും നല്ല ശമ്പളവും എന്നാൽ എളുപ്പത്തിൽ നേടാൻ കഴിയുന്നതുമായ ജോലി തേടുകയാണ് പുതുതലമുറ. കോളേജ് വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ പരിഷ്കരണങ്ങളാണ് നമ്മുടെ സംസ്ഥാനം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. എന്നിട്ടും ബിരുദ പഠനത്തിനായി കുട്ടികൾ കോളേജുകളിൽ എത്തുന്നില്ല എന്നത് ആശങ്ക യുണർത്തുന്നു. സംസ്ഥാനത്തെ ഗവൺമെന്റ്, എയ്ഡഡ് കോളേജുകളിൽ പല വിഷയങ്ങളിലും വിദ്യാർത്ഥികൾ ഇല്ലാതെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്.
തൊഴിൽ സാധ്യതകൾ
ബിരുദ പഠനത്തിനുശേഷം തൊഴിൽ അന്വേഷിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ മുൻകാലങ്ങളിൽ ഉള്ളതിനേക്കാൾ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എഞ്ചിനിയറിങ്, ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ നിന്നും ഓരോ വർഷവും പുറത്തിറങ്ങുന്ന ലക്ഷക്കണക്കായ യുവതീയുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുക എന്നത് ഏറെ ശ്രമകരമാണ്. ഓരോ വർഷവും സർക്കാർ മേഖലയിൽ റിപ്പോർട്ടു ചെയ്യപ്പെടുന്ന തൊഴിലവസരങ്ങളും തൊഴിൽ അന്വേഷകരുടെ എണ്ണവും തമ്മിൽ തുലനം ചെയ്യാൻപോലും സാധ്യമല്ലാത്തത്ര അന്തരമുണ്ട്. സ്ഥിരതയും സുരക്ഷിതത്വവും, പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളുമാണ് സർക്കാർ ജോലികളെ കൂടുതൽ ആകർഷകമാക്കിയിരുന്നത്. എന്നാൽ സർക്കാർ ജോലികൾക്ക് നൽകാൻ കഴിയുന്നതിലും മികച്ച തൊഴിലിടങ്ങളും ശമ്പളവും സൗകര്യങ്ങളും ഇന്ന് സ്വകാര്യ മേഖല വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ സർക്കാർ ജോലിയെ മാത്രം പ്രതീക്ഷിച്ചും ഉന്നം വെച്ചും തയ്യാറെടുപ്പുകൾ നടത്തുന്നത് വരും കാലങ്ങളിൽ ഗുണകരമാവില്ല. കേന്ദ്ര- സംസ്ഥാന സർക്കാർ മേഖലയിൽ റിപ്പോർട്ടു ചെയ്യപ്പെടുന്നതിനേക്കാൾ പതിന്മടങ്ങ് തൊഴിലവസരങ്ങൾ സ്വകാര്യമേഖലയിൽ റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്. പ്രാദേശികവും അന്തർദേശീയവുമായ (മൾട്ടിനാഷണൽ) സ്വകാര്യ കമ്പനികൾ കഴിവുറ്റ തൊഴിലനേ-്വഷകരെ കണ്ടെത്താനാണ് ക്യാമ്പസുകളിൽ എത്തുന്നത്.
ക്യാമ്പസ് പ്ലേസ്മെന്റ്
കൊല്ലം ജില്ലയിലെ കലാലയങ്ങളിൽ മികച്ച രീതിയിൽ ക്യാമ്പസ് പ്ലേസ്-മെന്റ് സംഘടിപ്പിക്കുന്ന കോളേജാണ് ടി കെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്. ടിസിഎസ്, വിപ്രോ, കോഗ്നിസന്റ്, ഇവൈ, ഗ്രാൻഡ് ടോറാൻ, ഡിലോയിറ്റ്, ഫെഡറൽ ബാങ്ക്, ഇൻഫോസിസ്, പ്രോചന്ദ്, സിഫോ, അമൂറ ഹെൽത്ത് തുടങ്ങി ഒട്ടനവധി പ്രമുഖ കമ്പനികളിൽ വിദ്യാർത്ഥികൾക്ക് ജോലി നേടിക്കൊടുക്കാൻ ടികെഎം കോളേജിന് സാധിച്ചിട്ടുണ്ട്. തുടക്കത്തിൽ 2 ലക്ഷം മുതൽ 10 ലക്ഷം വരെ വാർഷിക വേതനം ഉറപ്പുതരുന്ന ജോലികളിലാണ് ബിരുദ വിദ്യാർത്ഥികൾ നിയമിതരാവുന്നത്. ട്രെയിനിങ്ങിനും പ്രൊബേഷനും ശേഷമുള്ള ശമ്പള വർദ്ധനവും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടെ സാമാന്യം മികച്ച പാക്കേജുകൾ ഉറപ്പുവരുത്താൻ സാധിക്കുന്നുണ്ട്.
മുന്നൊരുക്കങ്ങൾ
രണ്ടാം വർഷം മുതലാണ് വിദ്യാർത്ഥികളെ ക്യാമ്പസ് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ തയ്യാറാക്കുന്നത്. ടികെഎം ആർട്സ് കോളേജിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളിൽ നിന്ന് അതാത് വകുപ്പ് മേധാവികളുടെ സഹകരണത്തോടെ ജോലിക്ക് താല്പര്യമുള്ളവരെ കണ്ടെത്തും. ബിരുദ പഠനത്തിന് ശേഷം തുടർപഠനം, ജോലി എന്നീ രണ്ട് മേഖലകളെക്കുറിച്ച് പ്ലേസ്-മെന്റ് ഓഫീസറുടെ നേതൃത്വത്തിൽ ക്ലാസുകൾ തോറും കയറി വ്യക്തമായ ബോധവൽക്കരണം നടത്തുകയും ഓരോരുത്തരുടെയും അഭിരുചിയനുസരിച്ച് പല ഗ്രൂപ്പുകളാക്കി തരംതിരിക്കുകയും ചെയ്യുന്നതാണ് ഒന്നാംഘട്ടം. രണ്ടാംഘട്ടത്തിൽ ജോലി ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനവും, തുടർപഠനത്തിന് താല്പര്യപ്പെടുന്ന വിദ്യാർത്ഥികൾക്ക് മാർഗദർശനവും നൽകുന്നു. മൂന്നാംഘട്ടത്തിൽ കമ്മ്യൂണിക്കേഷൻ, മുഖാമുഖം, എഴുത്തുപരീക്ഷ, ബയോഡാറ്റ, അപേക്ഷ സമർപ്പിക്കൽ തുടങ്ങിയവയിൽ പരിശീലനം നൽകും. കമ്പനികൾ നേരിട്ടോ, ജോബ് സൈറ്റുകൾ, ലിങ്കിട്ഇൻ (LinkedIn), വാട്സാപ്പ്, തുടങ്ങിയ സോഷ്യൽ മീഡിയ വഴിയോ തൊഴിലവസരങ്ങൾ പ്രസിദ്ധപ്പെടുത്തുമ്പോൾ തൊഴിലന്വേഷകരായ വിദ്യാർഥികളുടെ വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയും, ക്ലാസ് മുറികളിൽ നേരിട്ടു ചെന്നും കമ്പനിയെക്കുറിച്ചും ജോലിയുടെ സ്വഭാവം, സ്ഥലം, ശമ്പളം, എഴുത്തു പരീക്ഷ, മുഖാമുഖം തുടങ്ങിയവയെക്കുറിച്ചും വിദ്യാർത്ഥികളെ അറിയിക്കുന്നതാണ് നാലാംഘട്ടം. ആ ജോലിയിൽ തൽപരരായ വിദ്യാർഥികളെ മാത്രം ഉൾപ്പെടുത്തി പ്രത്യേക പരിശീലനം നൽകുന്നതാണ് അടുത്തഘട്ടം. തുടർന്ന് കമ്പനികളുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കുകയും തുടർ നടപടികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുന്നു.
പരിശീലനത്തിനായി അധ്യാപകരുടെയും മുൻകാലങ്ങളിൽ പ്ലേസ്-മെന്റ് സെല്ലു വഴി ജോലി നേടിയ പൂർവ്വ വിദ്യാർത്ഥികളുടെയും സഹായം തേടും. ഏത് കമ്പനിയിലാണോ ജോലി ഒഴിവുള്ളത് ആ കമ്പനിയിൽ നേരത്തെ ജോലി നേടിയ പൂർവ്വ വിദ്യാർത്ഥികളെയാണ് പരിശീലനത്തിനായി വിളിക്കുന്നത്.
വെല്ലുവിളികൾ
ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്ലേസ്-മെന്റ് സെല്ലുകൾ നേരിടുന്ന വെല്ലുവിളികൾ പലതാണ്. തൊഴിലവസരങ്ങളെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ അറിവില്ലായ്മയാണ് ഒന്നാമത്തെ പ്രശ്നം. ഡിഗ്രി കഴിഞ്ഞാൽ പിഎസ്-സി കോച്ചിങ്ങിനോ, ബാങ്ക് കോച്ചിങ്ങിനോ ചേരുക, ആ മേഖലകളിൽ തൊഴിലവസരങ്ങൾ വരുന്നതും കാത്തിരിക്കുക എന്നീ നടപ്പുശീലങ്ങളിൽ മാറ്റം ഉണ്ടാവേണ്ടതുണ്ട്. പഠിച്ചിറങ്ങിയ വിഷയങ്ങളിലും ഭാഷയിലും അറിവും പരീക്ഷകളിൽ ഉയർന്ന മാർക്കും ഉണ്ടെങ്കിലും അത് പ്രകടിപ്പിക്കാൻ മടിയോ പേടിയോ കാരണം ഇന്റർവ്യൂകളിൽ പരാജയപ്പെടുന്നു. അന്യസംസ്ഥാനങ്ങളിലോ ദൂരസ്ഥലങ്ങളിലോ പോയി ജോലി ചെയ്യാനുള്ള വിമുഖത മറ്റൊരു പ്രശ്നമാണ്. പ്രത്യേകിച്ച്, പെൺകുട്ടികളും അവരുടെ രക്ഷിതാക്കളും വീടിനടുത്ത് ലഭിക്കുന്ന ജോലികൾക്ക് മുൻഗണന നൽകുന്നവരാണ്. അവസാന വർഷ പരീക്ഷയിലടക്കം എല്ലാ വിഷയത്തിലും വിജയിച്ചിരിക്കണം എന്നത് മിക്ക കമ്പനികളും ആവശ്യപ്പെടുന്ന മിനിമം യോഗ്യതയാണ്.
കോളേജ് ക്യാമ്പസുകളിലെ പ്ലേസ്-മെന്റ് സെല്ലുകൾ വിദ്യാർഥികൾക്കിടയിൽ കൂടുതൽ ജനകീയമാക്കുകയും, വിദ്യാർത്ഥികളുമായി നിരന്തര ബന്ധം പുലർത്തുകയും വേണം. അധ്യാപകരും രക്ഷിതാക്കളും പ്ലേസ്-മെന്റ് സെല്ലുമായി സഹകരിക്കേണ്ടതുണ്ട്. സർക്കാർ സർവീസുകളിലും ബാങ്കിംഗ് മേഖലയിലും മാത്രമല്ല ബിരുദ-–ബിരുദാനന്തര വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്ന ധാരാളം തൊഴിലവസരങ്ങൾ നമുക്കു ചുറ്റും ഉണ്ട് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തണം. പഠന വിഷയങ്ങളിലുള്ള അറിവിനോടൊപ്പം തന്നെ ആശയവിനിമയത്തിലും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകണം. ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നീ ഘട്ടങ്ങളിലാണ് നമ്മുടെ വിദ്യാർത്ഥികൾ പലപ്പോഴും പിന്നിലാവുന്നത്. പറയുന്നത് തെറ്റിപ്പോകുമോ എന്ന ഉൾഭയമാണ് അതിന് കാരണം. ഇതിനെ മറികടക്കാൻ ആവശ്യമായ കൗൺസിലിങ്- സംവിധാനങ്ങൾ ഉണ്ടാവേണ്ടതുണ്ട്. വിദ്യാസമ്പന്നരായ യുവതലമുറയ്-ക്ക് തൊഴിൽ കണ്ടെത്താൻ പരിശീലനം നൽകുന്നതിലും തൊഴിൽ നേടിക്കൊടുക്കുന്നതിലും കോളേജ് ക്യാമ്പസുകളിലെ പ്ലേസ്-മെന്റ് സെല്ലുകൾക്ക് സുപ്രധാന പങ്കുവഹിക്കാനുണ്ട്. l



