എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പ്രഥമ അന്താരാഷ്ട്ര പഠന കോൺഗ്രസ് കേരള വികസനവുമായി ബന്ധപ്പെട്ട് സംഘടിക്കപ്പെട്ടിട്ട് മൂന്ന് പതിറ്റാണ്ടിലേറെ കടന്നുപോയിരിക്കുന്നു. 2026 ഫെബ്രുവരി മൂന്നാം വാരത്തിൽ അഞ്ചാമത് കേരള പഠന കോൺഗ്രസ് നടക്കുകയാണ്. ഇന്ന് കേരളം നേരിടുന്ന പ്രശ്നങ്ങളും ഇതിനിടെ കേരളം കെെവരിച്ച നേട്ടങ്ങളും ചർച്ച ചെയ്യാൻ വിദഗ്-ധരും പണ്ഡിതരും മാത്രമല്ല, പൊതുപ്രവർത്തനങ്ങളിലൂടെ നേടിയെടുത്ത അനുഭവസമ്പത്ത് മുഖ്യമായും കെെമുതലായുള്ള രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും ഒരുമിച്ചിരുന്ന് ഏത് പാതയിലൂടെ കേരളത്തിന്റെ ഭാവി രൂപപ്പെടുത്തണമെന്ന് ആലോചിക്കുന്നത് ജനാധിപത്യ ആസൂത്രണത്തിന്റെ ഏറ്റവും നല്ല മാതൃകയാണ്. ഒന്നാം കേരള പഠന കോൺഗ്രസ്സിന്റെ അധ്യക്ഷ പ്രസംഗത്തിൽ ഇ എം എസ് ചൂണ്ടിക്കാട്ടിയതുപോലെ, പാവങ്ങളുടെ പടത്തലവൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന സഖാവ് എ കെ ഗോപാലന്റെ ജീവിത സ്വപ്നമെന്ന നിലയിലാണ് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് എ കെ ജി പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കപ്പെട്ടതും അതിന്റെ ആഭിമുഖ്യത്തിൽ 1994ൽ ആദ്യത്തെ അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് സംഘടിപ്പിക്കപ്പെട്ടതും. നാടിന്റെയും ജനങ്ങളുടെയും പ്രശ്നങ്ങൾ ഗൗരവപൂർവം ചർച്ച ചെയ്യുകയും അവയ്ക്കു പരിഹാരം കണ്ടെത്താൻ ആസൂത്രണ പരിപാടികൾ കരുപ്പിടിപ്പിക്കുകയും ചെയ്യുന്നത് കമ്യൂണിസ്റ്റുകാർ അവരുടെ പ്രധാനപ്പെട്ട ചുമതലയായി ഏറ്റെടുക്കാറുണ്ട് എന്നത് പ്രസിദ്ധമാണ്. ഉദാഹരണത്തിന്, 1956ൽ മലബാറിന്റെയും കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും ഭാഗങ്ങൾ കൂട്ടിച്ചേർത്ത് കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോൾ തൃശ്ശൂരിൽവെച്ച് ഭാവി കേരളത്തിന്റെ വികസന പാതയെക്കുറിച്ച് സമഗ്രമായി ചർച്ചചെയ്ത് ഒരു രേഖയ്ക്ക് രൂപം നൽകുവാൻ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി മുൻകെെ എടുത്ത കാര്യം ഒാർക്കാവുന്നതാണ്. കേരളത്തിന്റെ പ്രകൃതി സമ്പത്തും ധാതുവിഭവ ലഭ്യതയും മനുഷ്യാധ്വാനവും ഉപയോഗപ്പെടുത്തി സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായി ഐശ്വര്യപൂർണമായ പുതിയൊരു കേരളം സൃഷ്ടിക്കുവാനുള്ള ഭാവനാപൂർണവും യാഥാർഥ്യബോധത്തോടുകൂടിയതുമായ ആലോചനകൾ അന്നവിടെ നടന്നു. ഇന്നത് വീണ്ടും വായിക്കുമ്പോൾ ചിലർക്ക് അൽപം വിസ്മയം തോന്നാവുന്നതാണ്. വിഴിഞ്ഞം പോർട്ടിന്റെ സാധ്യതകൾ അന്ന് ഗൗരവമായി ചർച്ച ചെയ്തിരുന്നു. പിന്നീട് പല ഘട്ടങ്ങളിലും പല തോതിൽ അത് ചർച്ചാ വിഷയമായെങ്കിലും അത് പൂർണ തോതിൽ യാഥാർഥ്യമാക്കാൻ സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റിന്റെ ഭരണത്തുടർച്ച വേണ്ടിവന്നു എന്നതും നാടിന്റെ വികസന വളർച്ചയുമായി ബന്ധപ്പെട്ട പരിശോധനയിൽ അടിവരയിടേണ്ട ഒരു വസ്തുതയാണ്.
ഇതോടനുബന്ധിച്ച് നമ്മുടെ നാട്ടിൽ ജനങ്ങൾ ചർച്ചചെയ്യേണ്ട ഒരു പ്രധാന കാര്യം, രാജ്യത്ത് വളരെ പാരമ്പര്യമുള്ള കോൺഗ്രസ് പാർട്ടി സംസ്ഥാനത്തിന്റെ വികസനനയത്തെപ്പറ്റി എന്തുകൊണ്ട് ഗൗരവമുള്ള ചർച്ചകളൊന്നും നടത്തുന്നില്ല എന്നതാണ്. അതിന്റെ ഉത്തരം കണ്ടെത്താൻ പ്രയാസമില്ല. രാജ്യത്തിന്റെ ഭാവിക്ക് പിന്തുടരേണ്ടത് മുതലാളിത്ത വികസന പാതയാണ് എന്ന വ്യക്തമായ ബോധ്യമാണ് കോൺഗ്രസ്സുകാർക്കുള്ളത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പ്രധാനമന്ത്രി യായിരുന്ന നാളുകളിൽ നടപ്പാക്കിയിരുന്ന പഞ്ചവത്സര പദ്ധതികൾ പൊതുമേഖല കൂടി ഉൾക്കൊള്ളുന്നതായിരുന്നെങ്കിലും മുതലാളിത്ത വളർച്ചയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കേരളത്തിലെ കോൺഗ്രസ് നേതൃത്വമാകട്ടെ കമ്യൂണിസ്റ്റു വിരോധ തിമിരം ബാധിച്ച് ‘‘വിമോചനസമര’’മനസ്ഥിതിയും അമേരിക്കൻ സാമ്രാജ്യത്വാനുകൂല നിലപാടും പൊതുവേ പിന്തുടർന്നുപോരുകയായിരുന്നു.
1994ൽ ഒന്നാം അന്താരാഷ്ട്ര പഠന കോൺഗ്രസ് നടക്കുമ്പോൾ ലോകം വലിയ സ്തോഭജനകമായ സംഭവവികാസങ്ങളെ അഭിമുഖീകരിക്കുകയായിരുന്നു. സോവിയറ്റ് യൂണിയൻ ശിഥിലമാകുകയും കിഴക്കൻ യൂറോപ്പിലെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങൾക്ക് തിരിച്ചടിയേൽക്കുകയും ചെയ്തതിന്റെ ഒരു മ്ലാനത കമ്യൂണിസ്റ്റുകാരിലും പുരോഗമനവാദികളിലും നിഴലിച്ചിരുന്നു. ആ അനുഭവങ്ങളെ മുൻനിർത്തി സിപിഐ എം സ്വയംവിമർശനപരമായി നടത്തിയ പരിശോധന ചില പ്രധാനപ്പെട്ട നിഗമനങ്ങളിൽ എത്തുകയുണ്ടായി. ഒന്നാമതായി തിരിച്ചടി താൽക്കാലികം മാത്രമാണ്. രണ്ടാമതായി, തിരിച്ചടിയുടെ കാരണം സോഷ്യലിസം നടപ്പാക്കാൻ ശ്രമിച്ചപ്പോഴുണ്ടായ പിശകുകളാണ്; അതല്ലാതെ സോഷ്യലിസത്തിന്റെ പിഴവല്ല. മൂന്നാമതായി തെറ്റുകൾ സൂക്ഷ്മമായി പരിശോധിച്ച് തിരുത്തിയാൽ പൂർവാധികം ശക്തമായ തിരിച്ചുവരവ് സോഷ്യലിസ്റ്റ് ചേരിക്ക് സാധ്യമാണ് എന്നതിൽ സംശയമില്ല എന്നും സിപിഐ എം വിലയിരുത്തി.
സോഷ്യലിസ്റ്റ് രാഷ്ട്രങ്ങൾ ആസൂത്രണത്തിലൂടെ മുതലാളിത്ത വ്യവസ്ഥയ്ക്ക് ബദലായി വികസിപ്പിച്ചെടുത്ത മാതൃകകൾ മാനവരാശിക്ക് അഭിമാനം പകരുന്നതാണ്. അതേസമയം പ്രസ്തുത പരീക്ഷണങ്ങളിൽ സംഭവിച്ച മുഖ്യ പോരായ്മ പൊതുവിൽ കേന്ദ്രീകരണമാണ്. അതിനുപകരം രാഷ്ട്രത്തിനാകെ ബാധകമായ വികസന സംരംഭങ്ങൾ ദേശരാഷ്ട്ര സംവിധാനത്തിന്റെ നേതൃത്വ നിയന്ത്രണങ്ങളിൽ ആയിരിക്കുമ്പോൾത്തന്നെ, ഗ്രാമ–നഗര– ജില്ലാതലങ്ങളിൽ സാധ്യമായത്ര വികേന്ദ്രീകൃത ആസൂത്രണം സാധ്യമാണ് എന്ന കാഴ്ചപ്പാട്- മുന്നോട്ടുവച്ചു. ചുരുക്കത്തിൽ, ആസൂത്രണം മേലെനിന്ന് താഴോട്ടും താഴെനിന്ന് മേലോട്ടും ആവശ്യം കണക്കിലെടുത്ത് പ്രയോഗിക്കാമെന്ന വെെരുദ്ധ്യാത്മക സമീപനമാണ് കേരളത്തിലെ ചർച്ചകളിൽ ഉരുത്തിരിഞ്ഞുവന്ന പ്രധാനപ്പെട്ട നിലപാട്. മുകളിൽനിന്നു താഴേക്കും താഴെനിന്ന് മുകളിലേക്കുമുള്ള വളർച്ചയെ ഗൗരവപൂർവം കാണാൻ നമ്മുടെ പഠന കോൺഗ്രസ് ചർച്ചകൾ പ്രയോജനപ്പെടുത്തണം.
ഒന്നാമത് അന്താരാഷ്ട്ര പഠന കോൺഗ്രസ് ഉദ്ഘാടനം ചെയ്ത അന്നത്തെ ഇന്ത്യൻ വെെസ് പ്രസിഡന്റ് കെ ആർ നാരായണൻ, പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞരായ പ്രൊഫസർ ഐ എസ് ഗുലാത്തി, ഡോ. കെ എൻ രാജ്, പ്രശസ്ത ശാസ്ത്രജ്ഞൻ പി ആർ പിഷാരടി, പ്രശസ്ത കവി പ്രൊഫ. ഒ എൻ വി കുറുപ്പ് എന്നിവരുടെ പ്രസംഗങ്ങൾ സഖാവ് ഇ എം എസ്സിന്റെ അദ്ധ്യക്ഷ പ്രസംഗം പോലെ പഠനാർഹമാണ്. തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ മത്സരം നടത്തുകയും സ്വന്തം പാർട്ടിയുടെയോ മുന്നണിയുടെയോ വികസന കാഴ്ചപ്പാട് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു കഴിഞ്ഞാൽ ജനവിധി മാനിച്ചുകൊണ്ട് ജനാധിപത്യ പ്രക്രിയയിൽ എങ്ങനെയായിരിക്കണം പാർട്ടികൾ പെരുമാറേണ്ടത് എന്നത് സംബന്ധിച്ച് സ. ഇ എം എസ് ഒരു നിർദ്ദേശം വെച്ചു: വിജയിപ്പിച്ചവർ പ്രതിപക്ഷത്തെക്കൂടി സഹകരിപ്പിച്ചുകൊണ്ട് തങ്ങൾക്കു ലഭിച്ച മാൻഡേറ്റ് നടപ്പാക്കാൻ ശ്രമിക്കുക. പരാജയപ്പെട്ടവർ വിമർശനാത്മകമായ പിന്തുണ ഭരണമേൽക്കുന്നവർക്കു നൽകുക.
1994ൽ നടന്ന ഒന്നാം അന്താരാഷ്ട്ര പഠന കോൺഗ്രസ്സിലെ ചർച്ചകളിൽനിന്നുകൂടി ഉരുത്തിരിഞ്ഞ ‘ജനകീയാസൂത്രണം’ (Peoples Plan) എന്ന ആശയം വിപ്ലവകരമായ ഒരു പുതിയ ചുവടുവയ്പായിരുന്നു. (Peoples Plan എന്ന ഒരു പ്രയോഗം ആദ്യം നടത്തിയത് ആദ്യകാല കമ്യൂണിസ്റ്റായ മാനവേന്ദ്ര നാഥ് റോയ് എന്ന എം എൻ റോയ് ആയിരുന്നു എന്നാണ് മനസ്സിലാക്കുന്നത്).
പഞ്ചായത്തുതലം മുതൽ മേലോട്ട് അവിടവിടങ്ങളിൽ ശ്രമിച്ചാൽ നിർവഹിക്കാവുന്ന പദ്ധതികൾ ആവിഷ്കരിക്കുന്നതിലും നടപ്പാക്കുന്നതിലും അതാതിടങ്ങളിലെ ജനങ്ങൾക്കും ജനപ്രതിനിധികൾക്കും വിദഗ്-ധർക്കും നേരിട്ട് പങ്കെടുക്കാനാവുന്ന ഒരു സമ്പ്രദായമാണ് ഇതിലൂടെ ആവിഷ്കരിക്കപ്പെട്ടത് ! പദ്ധതി നിർവഹണത്തിൽ പ്രദേശങ്ങളിൽനിന്ന് സംഭാവനയായി സ്വീകരിക്കുന്ന ഉൽപന്നങ്ങളും സന്നദ്ധ സേവന പ്രവർത്തനവും വിദഗ്-ധരുടെ സഹായ സഹകരണങ്ങളും വമ്പിച്ച മുതൽക്കൂട്ടായി മാറിയ ജനകീയാസൂത്രണം അതുല്യമായ ഒരു കേരള മാതൃകയായി മാറി.
എന്നാൽ നമുക്ക് അവിടെനിന്നും ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. 1991ൽ നായനാർ സർക്കാരിന്റെ കാലത്ത് കേരളം കെെവരിച്ച സമ്പൂർണ സാക്ഷരതയും ഇപ്പോൾ 2025 നവംബർ ഒന്നിന് പിണറായി വിജയൻ സർക്കാർ പ്രഖ്യാപിച്ച ‘അതിദാരിദ്ര്യമുക്തകേരളം’ എന്ന അഭിമാനകരമായ നേട്ടവും കടന്ന് മുന്നോട്ടുപോകുമ്പോൾ എന്താണ് നമുക്ക് ഏറ്റെടുക്കാനുള്ള കടമ? മദ്ധ്യ വരുമാനരാഷ്ട്രങ്ങളോടു കിടപിടിക്കാവുന്ന ഒരു വിജ്ഞാന സമൂഹമായും വിജ്ഞാന സമ്പദ്ഘടനയായും കേരളത്തെ ഉയർത്തിക്കൊണ്ട് വ്യത്യസ്തമായൊരു ബദൽ സാധ്യമാണെന്നു തെളിയിക്കുക. അതുസംബന്ധിച്ച ചർച്ചകളും ആലോചനകളും വിമർശന– സ്വയംവിമർശന സന്നദ്ധതയോടെ നമുക്ക് ഏറ്റെടുക്കാൻ കഴിയുമോ എന്നതാണ് 2026 ഫെബ്രുവരി മൂന്നാം വാരത്തിൽ തിരുവനന്തപുരത്തുനടക്കുന്ന അഞ്ചാം പഠന കോൺഗ്രസ്സിലെ മുഖ്യചർച്ചാവിഷയങ്ങളിൽ ഒന്ന്.
പശ്ചാത്തലസൗകര്യ വികസനത്തിൽ കേരളം വൻകുതിച്ചുചാട്ടം തന്നെ കഴിഞ്ഞ പത്തുവർഷക്കാലം കൊണ്ടു നടത്തി. യുഡിഎഫ് ഭരണകാലത്ത് അസാധ്യമെന്ന് സമ്മതിച്ച് അടച്ചുപൂട്ടിയ ദേശീയപാതാ വികസന ഓഫീസ് തുറന്ന് പ്രവർത്തനം പുനരാരംഭിക്കുക മാത്രമല്ല, ഭൂമി നഷ്ടപ്പെട്ടവർക്ക് അർഹമായ പ്രതിഫലം നൽകുവാൻ സംസ്ഥാന സർക്കാർ 6,000 കോടിയോളം രൂപ കിഫ്ബി വഴി ലഭ്യമാക്കിയതുകൊണ്ടുമാത്രം ഏതാനും മാസങ്ങൾക്കകം തെക്കുവടക്ക് ദേശീയ പാത നാടിനും ജനങ്ങൾക്കും സമർപ്പിക്കപ്പെടാൻ പോവുകയാണ്.
ഇതിനുപുറമെയാണ് തീരദേശ പാതയും മലയോര പാതയും അതിവേഗം പൂർത്തീകരണത്തിന്റെ വീഥിയിൽ വിജയകരമായി മുന്നോട്ടുനീങ്ങുന്നത്. ഗെയിൽ പാചകവാതക പെെപ്പ്-ലെെനും വിദ്യുച്ഛക്തി ഉൽപ്പാദന വിതരണ ശൃംഖലയും, (പവർകട്ടും ലോഡ് ഷെഡ്ഡിംഗും ഇല്ലാത്ത കേരളം) കേരള ഒപ്ടിക്കൽ ഫെെബർ നെറ്റ്-വർക്കും (കെ ഫോൺ) ഡിജിറ്റൽ സാക്ഷരതയും ഡിജിറ്റൽ സർവകലാശാലയും വിദ്യാഭ്യാസ–ആരോഗ്യമേഖലകളുടെ വിവാദാതീതമായ മുന്നേറ്റവും വസ്തുനിഷ്ഠമായി കാര്യങ്ങൾ നോക്കിക്കാണുന്നവരുടെ അംഗീകാരം നേടിയെടുക്കുന്നവയാണ്.
വീട്ടുജോലികളിൽ തളച്ചിടപ്പെടുന്ന സ്ത്രീകൾക്ക് അംഗീകാരമായി പ്രതിമാസം 1000 രൂപ അലവൻസ് നൽകുന്ന ഇന്ത്യയിലെ പ്രഥമപദ്ധതി കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഏതാനും മാസങ്ങൾക്കുമുമ്പ് പ്രഖ്യാപിക്കുകയുണ്ടായി. തൊഴിൽ തേടുന്ന അഭ്യസ്തവിദ്യരായ യുവാക്കൾക്ക് നെെപുണ്യ വികസനത്തിനും മറ്റും സഹായകമായി സ്റ്റെെപെൻഡ് പ്രഖ്യാപിച്ചതും ഇതിനോടു ചേർത്തു കാണേണ്ടതാണ്.
ഇത്തരത്തിൽ വികസനം, ക്ഷേമം, ആരോഗ്യ– വെെജ്ഞാനിക രംഗങ്ങളിലെ പുരോഗതി തുടങ്ങി സമഗ്രമായൊരു നയം, നവകേരള സൃഷ്ടി ലക്ഷ്യം വച്ചുകൊണ്ട് വികസിപ്പിക്കുക എന്ന പ്രവർത്തന പരിപാടിയുടെ ഭാഗമായാണ് അന്താരാഷ്ട്ര പഠന കോൺഗ്രസ് ചർച്ചകൾ നടക്കുന്നത്. പാരിസ്ഥിതിക സന്തുലനം കാത്തുസൂക്ഷിച്ചുകൊണ്ടും സ്ത്രീ സുരക്ഷയും അരികുവൽക്കരിക്കപ്പെടുന്നവരുടെ പരിരക്ഷയും സാംസ്കാരിക നവോത്ഥാനവും ഉറപ്പുവരുത്തിയുമാണ് മേൽപ്പറഞ്ഞ കടമകളോരോന്നും ഏറ്റെടുക്കേണ്ടത് എന്ന കൃത്യമായ വീക്ഷണവും അന്താരാഷ്ട്ര പഠന കോൺഗ്രസിന്റെ സംഘാടകർക്കുണ്ട്.
ഐശ്വര്യപൂർണവും എല്ലാ വിഭാഗം ജനങ്ങൾക്കും സംതൃപ്തിയും സമാധാനവും പ്രദാനം ചെയ്യുന്നതുമായ ഒരു നവകേരളവും പുതിയ ഇന്ത്യയും നിർമിക്കുകയാണ് നമ്മുടെ ലക്ഷ്യം. വർഗീയ–തീവ്രവാദ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ തക്കംപാർത്തിരിക്കുന്ന പ്രബലമായ ഒട്ടേറെ വിധ്വംസക സംഘങ്ങൾ ഉണ്ടായിരുന്നിട്ടും ഒരു തരത്തിലുള്ള വർഗീയ ലഹളകളും നടക്കാത്ത സംസ്ഥാനമെന്ന സൽപ്പേര് എൽഡിഎഫ് ഭരണത്തിന്റെ കഴിഞ്ഞ 10 വർഷങ്ങളിൽ നിലനിർത്താൻ കേരളത്തിനു സാധിച്ചു.
എന്തുകൊണ്ട് അവർക്ക് വർഗീയ കലഹങ്ങളും രക്തച്ചൊരിച്ചിലും സംഘടിപ്പിക്കാൻ കഴിഞ്ഞില്ല? മതനിരപേക്ഷതയിൽ ഉറച്ചുനിൽക്കുന്ന ജനതയാണ് കേരളത്തിൽ മഹാഭൂരിപക്ഷമെന്നതും, ആ നിലപാടിൽ നിന്ന് സ്വകാര്യ രാഷ്ട്രീയ ലാഭത്തിനായി അണുവിടപോലും വ്യതിചലിക്കാത്ത മൂല്യാധിഷ്ഠിത രാഷ്ട്രീയം പിന്തുടരുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയാണ് ഇക്കാലത്ത് കേരളം ഭരിച്ചത് എന്നതുമാണ് ഈ അഭിമാനനേട്ടത്തിനു പിന്നിലുള്ള മുഖ്യകാരണങ്ങൾ.
സാമ്പത്തികമായി കേരളത്തെ കഴുത്തുഞെരിച്ചു കൊല്ലാൻ ശ്രമിക്കുന്ന ബിജെപി ഭരണത്തിന്റെ കൊടുംക്രൂരതകളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടും ജനക്ഷേമത്തിലൂന്നി പരമാവധി പ്രശ്നരഹിതമായി നാടിന്റെ നിലനിൽപ്പിനും മുന്നോട്ടുപോക്കിനും നേതൃത്വം നൽകാൻ എൽഡിഎഫിന് സാധിക്കുന്നു എന്ന വസ്തുതയും ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്.
ചുരുക്കത്തിൽ, പ്രശ്ന സങ്കീർണതയുടെ മദ്ധ്യത്തിൽ എപ്രകാരം ഒരു ഇടതുപക്ഷ ബദൽ വികസിപ്പിച്ചു മുന്നോട്ടുപോകാം എന്ന ചോദ്യവും, എഐയുടെയും വെെജ്ഞാനിക വിസ്ഫോടനങ്ങളുടെയും ഇക്കാലത്ത് എങ്ങനെ നവകേരളത്തെ കരുപ്പിടിപ്പിക്കാം എന്ന വലിയ വെല്ലുവിളിയുമാണ് അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്സിൽ അഭിമുഖീകരിക്കാനുള്ളത്. വിദഗ്ധരും, പൊതുജനപ്രവർത്തനങ്ങളുടെ അനുഭവ സമ്പത്തുള്ളവരും സാധാരണക്കാരും ഒത്തുചേർന്നു നടത്തുന്ന സംവാദത്തിലൂടെ ഉയരുന്ന ചോദ്യങ്ങൾക്കെല്ലാം ഒരു പരിധി വരെ തൃപ്തികരമായ മറുപടികൾ ലഭ്യമാക്കാൻ നമുക്കു കൂട്ടായി പരിശ്രമിക്കാം. l



