1957ൽ അധികാരത്തിൽ വന്ന ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാർ കേരളത്തിന്റെ വികസനത്തിന് അടിസ്ഥാനമിട്ടു. ഭൂപരിഷ്‌കരണം,വിദ്യാഭ്യാസ-ം, തൊഴിൽ തുടങ്ങിയ മേഖലകളിലെ പരിഷ്‌കാരങ്ങൾ,അധികാര വികേന്ദ്രീകരണം, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തൽ, കുടിയൊഴിപ്പിക്കൽ നിരോധന നിയമം തുടങ്ങിയവ ആ വികസന നടപടികളിൽ പ്രധാനപ്പെട്ടവയാണ്. 1967 ലെ സർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്‌കരണ ബിൽ കേരളത്തിന്റെ വികസന ചരിത്രത്തിലെ പ്രധാന ചുവടുവയ്പ് ആയിരുന്നു. തുടർന്നുവന്ന ഇടതുപക്ഷ സർക്കാരുകൾ, -1980 ലെ സർക്കാർ, കർഷക-തൊഴിലാളി പെൻഷനും 1987 ലെ നായനാർ സർക്കാർ സമ്പൂർണ സാക്ഷരത, ജില്ലാ കൗൺസിലുകൾ, പൊതുവിതരണ സംവിധാനത്തിന് ഊന്നൽ, ഗ്രൂപ്പ് ഫാമിംഗ് തുടങ്ങി നിരവധി ജനപക്ഷ വികസന ഇടപെടലുകളും നടത്തി കേരളത്തിന്റെ വളർച്ചയിലും ജീവിത ഗുണനിലവാരം ഉയർത്തുന്നതിലും നിർണായക പങ്കുവഹിച്ചു. നവോത്ഥാന പ്രസ്ഥാനങ്ങളും തൊഴിലാളി പ്രസ്ഥാനങ്ങളും മറ്റ് സാമൂഹ്യ – സാംസ്കാരിക സംഘടനകളും നടത്തിയ സാമൂഹിക ഇടപെടലുകളും പ്രക്ഷോഭങ്ങളും ഇടതുപക്ഷ സർക്കാരുകളുടെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകളുമാണ് കേരള വികസനത്തിന്റെ സ്വാധീനഘടകങ്ങൾ. എന്നാൽ യൂണിയൻ സർക്കാർ പിന്തുടർന്നുവന്ന ആഗോളവൽക്കണ – ഉദാരവൽക്കരണ നയങ്ങൾ ഇന്ത്യയിലെ കാർഷിക, വ്യാവസായിക മേഖലകളേയും സേവന മേഖലകളേയും തകർക്കുന്നതും സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതത്തിലേക്ക് നയിക്കുന്നതും സാമ്പത്തിക അന്തരം ഉയർത്തുന്നതുമായിരുന്നു. ഈ വേളയിലാണ് എ.കെ.ജി. പഠനഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഒന്നാം കേരള പഠന കോൺഗ്രസ് നടത്തിയത്. ആഗോളവൽക്കരണ – ഉദാരവൽക്കരണ നയങ്ങൾക്കെതിരെ ശക്തമായ രാഷ്ട്രീയ സമരങ്ങളും ജനകീയ പ്രക്ഷോഭങ്ങളും നടത്തുന്നതിനൊപ്പം നിലവിലുള്ള സംവിധാനങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തി ജനജീവിതം ദുസ്സഹമാകാതിരിക്കാനുള്ള പുതിയ വികസന സാധ്യതകൾ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും രാഷ്ട്രീയ പ്രവർത്തകരും സാമൂഹ്യ, പ്രവർത്തനരംഗത്ത് നിൽക്കുന്നവരും കൂട്ടായി കണ്ടെത്തണമെന്ന സമീപനത്തിൽ നിന്നാണ് ഒന്നാം പഠന കോൺഗ്രസ് നടന്നത്. കേരളത്തിന്റെ വികസന ചരിത്രത്തിന്റെ സാമൂഹ്യ -രാഷ്ട്രീയ തലങ്ങൾ വിശകലനം ചെയ്തു കൊണ്ട് ജനകീയ പഠനാന്വേഷണത്തിന്റെ പ്രാധാന്യവും പഠന കോൺഗ്രസ്സിന്റെ പ്രസക്തിയും ഇ.എം.എസ് വിശദമായി തന്നെ എഴുതിയിട്ടുണ്ട്. കഴിഞ്ഞകാലത്തെ മികച്ച സാമൂഹ്യ നേട്ടങ്ങളെ സംരക്ഷിച്ചുകൊണ്ട്, ഉൽപ്പാദന മേഖലയിൽ ഊന്നിയുള്ള പുതിയൊരു വികസന പാത രൂപപ്പെടുത്തുക എന്നതായിരുന്നു 1994 ലെ ഒന്നാം പഠന കോൺഗ്രസ് മുന്നോട്ടു വച്ച പ്രധാന ആശയം. ഈ പഠന കോൺഗ്രസ് രേഖകളിൽ പ്രശ്‌നങ്ങൾ അക്കമിട്ട് നിരത്തുകയുണ്ടായി:
♦ കാർഷിക, വ്യാവസായിക മേഖലയിലെ ഉല്പാദനവും ഉല്പാദനക്ഷമതയും കുറയുന്നു.
♦ വിദ്യാഭ്യാസ മേഖല സാർവ്വത്രികമായിയെങ്കിലും അതിന്റെ ഗുണനിലവാരം മെച്ചപ്പെട്ടിട്ടില്ല.
♦ ആരോഗ്യമേഖലയുടെ ഗുണനിലവാരം ഇനിയും ഉയരേണ്ടതുണ്ട്.
♦ ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളുടെ സാമ്പത്തിക പിന്നാക്കാവസ്ഥ തുടരുന്നു.
♦ സ്ത്രീകളുടെ സാമൂഹ്യ പദവിയിൽ വേണ്ടത്ര മുന്നേറ്റമുണ്ടായിട്ടില്ല.
♦ കേന്ദ്രത്തിൽനിന്ന് അർഹതപ്പെട്ട വിഹിതങ്ങൾ ലഭിക്കുന്നില്ല.
ഈ വികസന പ്രശ്നങ്ങൾക്ക് രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതിനുളള ചർച്ചയും സംവാദവുമാണ് ഒന്നാം പഠന കോൺഗ്രസ്സിന്റെ കേന്ദ്രബിന്ദു ആയിരുന്നത്. ആഗോളവൽക്കരണ നയങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ ചെറുത്തുതോൽപ്പിക്കാൻ ജനകീയ സമരങ്ങൾ ശക്തിപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. അതോടൊപ്പം, നിലവിലുള്ള അവസ്ഥയ്ക്കുള്ളിൽ നിന്നുകൊണ്ട് ജനങ്ങൾക്ക് ആശ്വാസം പകരാനുള്ള കർമ്മപദ്ധതികൾ നടപ്പിലാക്കുക എന്നത് ഒരു പ്രധാന സമീപനമായി പഠന കോൺഗ്രസ്സിൽ ഉയർന്നുവന്നിരുന്നു. . നിലനിൽക്കുന്ന വ്യവസ്ഥയുടെ മാറ്റത്തിലൂടെ മാത്രമേ കേരളത്തിന്റെ വികസന പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയുള്ളൂ എന്ന കാഴ്ചപ്പാടിനോടൊപ്പം, വ്യവസ്ഥയ്ക്കുള്ളിൽ നിന്നുകൊണ്ട് ചെയ്യാവുന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ് ഈ പഠന കോൺഗ്രസ്സിൽ നടന്നത്. ഒന്നാം പഠന കോൺഗ്രസ്സിൽ നിന്നും രൂപപ്പെട്ട ആശയങ്ങളെക്കൂടി അടിസ്ഥാനമാക്കിയാണ് 1996 ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാർ വികസന നയങ്ങൾക്കും പരിപാടികൾക്കും രൂപം നൽകി നടപ്പാക്കിയത്.
തദ്ദേശസ്ഥാപന തലത്തിൽ വികസന മുന്നേറ്റത്തിന് വഴിതെളിച്ച ജനകീയാസൂത്രണം, സ്ത്രീകളുടെ സാമ്പത്തിക- സാമൂഹ്യപദവി ഉയർത്തുന്നതിനുള്ള കുടുംബശ്രീ, വിദ്യാഭ്യാസ – ആരോഗ്യ സംവിധാനങ്ങളുടെ സേവന ഗുണനിലവാരം ഉയർത്തുന്നതിനുള്ള നടപടികൾ, ക്ഷേമ പെൻഷനുകൾ ഉയർത്തിയത്, ഐ.ടി. ടൂറിസം രംഗങ്ങളിലെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള കർമ്മപരിപാടികൾ തുടങ്ങി കേരള വികസനത്തിൽ നിർണായക സ്വാധീനം ചെലുത്തിയ വികസന പദ്ധതികളാണ് 1996 ലെ ഇടതുപക്ഷ സർക്കാർ നടപ്പാക്കിയത്. ആഗോളവൽക്കരണ നയങ്ങളുടെ പ്രത്യാഘാതങ്ങൾ സാധാരണ ജനങ്ങളുടെ ജീവിത സാഹചര്യം ദുസ്സഹമാക്കാതിരിക്കാൻ കേരളത്തിലെ ഇടതുപക്ഷ സർക്കാരുകളുടെ ഈ ജനപക്ഷ വികസന സമീപനങ്ങൾ സഹായകമായിട്ടുണ്ട്. എന്നാൽ 2001 ൽ അധികാരത്തിൽ വന്ന വലതുപക്ഷ സർക്കാർ ആഗോളവൽക്കരണ നയങ്ങളുടെ ചുവടുപിടിച്ചുകൊണ്ട് എല്ലാ രംഗത്തും ജനദ്രോഹനയങ്ങൾ നടപ്പിലാക്കിയതിലൂടെ കേരളത്തെ തകർച്ചയിലേക്ക് എത്തിക്കുകയായിരുന്നു. കേരളത്തിലെ സാധാരണക്കാരുടേയും പാർശ്വവൽക്കരിപ്പെട്ടവരുടേയും ജീവിതം കൂടുതൽ ദുസ്സഹമാക്കുന്നതായിരുന്നു 2001 ലെ യുഡിഎഫ് സർക്കാരിന്റെ ഭരണനടപടികൾ.
2001-2006 ലെ യുഡിഎഫ് ഭരണനടപടികളും സാമൂഹിക രാഷ്ട്രീയ പ്രത്യാഘാതങ്ങളും
2001 മുതൽ 2006 വരെ ആദ്യം എ.കെ. ആന്റണിയുടെയും (2001–-2004) പിന്നീട് ഉമ്മൻ ചാണ്ടിയുടെയും (2004-–2006) നേതൃത്വത്തിൽ കേരളം ഭരിച്ച യുഡിഎഫ്. സർക്കാർ, സംസ്ഥാനത്തിന്റെ വികസന മാതൃകയിൽ പ്രതികൂലമായ സമീപനങ്ങൾക്ക് തുടക്കമിട്ടു. കേരള മോഡൽ വികസനത്തിന്റെ ‘പൊളിച്ചെഴുത്തിന്’ -നിയോലിബറൽ പരിഷ്-ക്കാരങ്ങൾക്ക് അടിയറ വയ്ക്കൽ Modernising Government Programme – (MGP) എന്ന നയരേഖയുടെ അടിസ്ഥാനത്തിലാണ് യുഡിഎഫ് നടപടികൾ നടപ്പിലാക്കിയത്. വികസന മുന്നേറ്റങ്ങൾക്കൊപ്പം കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജനകീയ പ്രക്ഷോഭങ്ങളും ഈ ഭരണകാലത്തെ പ്രത്യേകം അടയാളപ്പെടുത്തി. കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ, സ്വാശ്രയ വിദ്യാഭ്യാസ നയം, മുത്തങ്ങ വെടിവെപ്പ് തുടങ്ങി കേരളം പ്രതിഷേധ സമരങ്ങളുടെ കാലഘട്ടമായി മാറി. ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ നയപരമായ മാറ്റം ഉന്നതവിദ്യാഭ്യാസ മേഖലയിലായിരുന്നു. അതുവരെ സർക്കാർ നിയന്ത്രണത്തിലായിരുന്ന പ്രൊഫഷണൽ വിദ്യാഭ്യാസം സ്വകാര്യ സ്വാശ്രയ കോളേജുകൾക്കായി യുഡിഎഫ് സർക്കാർ തുറന്നുകൊടുത്തു. മെഡിക്കൽ, എഞ്ചിനീയറിംഗ് കോളേജുകൾ വ്യാപകമായി അനുവദിച്ചു. ഇത് സ്വാശ്രയമേഖലയിൽ വിദ്യാഭ്യാസ കച്ചവടവൽക്കരണത്തിന് വഴിവെച്ചു. സാധാരണക്കാർക്ക് താങ്ങാനാവാത്ത ഫീസ് ഘടന വന്നതോടെ വിദ്യാഭ്യാസം പണമുള്ളവന് മാത്രമായി. ഫീസ് അടയ്ക്കാൻ പണമില്ലാത്തതിനെ തുടർന്ന് തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിൽ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം കേരളത്തെ നടുക്കുകയും സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ ദുരന്തമുഖം തുറന്നുകാട്ടുകയും ചെയ്തു. ഗുണനിലവാരം ഉറപ്പുവരുത്താതെ പല കോളേജുകൾക്കും അനുമതി നൽകിയത് വിദ്യാഭ്യാസത്തിന്റെ നിലവാരത്തെയും ബാധിച്ചു. ഇതിന്റെ തുടർ ദുരന്തം ഇന്നും ഉന്നത വിദ്യാഭ്യാസ മേഖല അനുഭവിക്കുന്നുണ്ട്. ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകാനുള്ള സർക്കാർ കരാർ നടപ്പിലാക്കാതിരുന്നതിനെ തുടർന്ന് ആദിവാസി ജനവിഭാഗം ശക്തമായ സമരത്തിലേക്ക് നീങ്ങി. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ റദ്ദാക്കുകയും പെൻഷൻ ആനുകൂല്യങ്ങൾ, ക്ഷാമബത്ത നിയമനങ്ങൾ എന്നിവ മരവിപ്പിക്കുകയും ചെയ്തു. തസ്തികകൾ വെട്ടിക്കുറയ്ക്കാനുള്ള ഉത്തരവും ഇതോടൊപ്പം പുറത്തിറങ്ങി.
സംസ്ഥാനത്തെ “നിക്ഷേപ സൗഹൃദ സംസ്ഥാനം’ ആക്കി മാറ്റുന്നതിന് നടത്തിയ ഗ്ലോബൽ ഇൻവെസ്-റ്റേഴ്സ് മീറ്റ് (GIM –2003) വെറും വാഗ്-ദാനങ്ങൾ മാത്രമായി. കൂടാതെ, വൈദ്യുതി ബോർഡിനെ കമ്പനിയാക്കാനുള്ള നീക്കങ്ങളും കടുത്ത വൈദ്യുതി ക്ഷാമവും താരിഫ് വർദ്ധനവും ഈ കാലയളവിന്റെ സൃഷ്ടിയാണ്.
ആഗോള വിപണിയിലെ വിലയിടിവും കൊടും വരൾച്ചയും നമ്മുടെ കാർഷിക മേഖലയെ തകർത്തു. വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിൽ കർഷകർ കടക്കെണിയിലായി; ഇത് കർഷക ആത്മഹത്യക്ക് കാരണമായി. പൊതുജനാരോഗ്യ മേഖലയിലെ ഏറ്റവും വിവാദപരമായ പരിഷ്കാരങ്ങളിലൊന്നായിരുന്നു സർക്കാർ ആശുപത്രികളിൽ ‘യൂസർ ഫീ’ ഏർപ്പെടുത്തിയത്. അതുവരെ സൗജന്യമായിരുന്ന ഒ.പി. ടിക്കറ്റുകൾക്കും മറ്റു പരിശോധനകൾക്കും യുഡിഎഫ് സർക്കാർ പണം ഈടാക്കാൻ തുടങ്ങിയത് പാവപ്പെട്ട രോഗികൾക്ക് ചികിത്സ അപ്രാപ്യമാക്കുന്നതിനും പൊതുജനാരോഗ്യം കച്ചവടവൽക്കരിക്കുന്നതിനും വഴി തുറന്നു . പൊതുവിദ്യാഭ്യാസ രംഗത്ത്, ‘ആദായകരമല്ലാത്ത സ്കൂളുകൾ’ എന്ന പേരിൽ 2720 സ്കൂളുകൾ പട്ടികപ്പെടുത്തി അടച്ചുപൂട്ടാൻ നീക്കം നടത്തിയതും ഈ കാലഘട്ടത്തിലാണ് . ഇതിൽ 20 ശതമാനം എസ്-സി/എസ്ടി ഗ്രാമീണ ദരിദ്രജനവിഭാഗങ്ങളുടെ മക്കൾ പഠിക്കുന്ന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു. മുൻ എൽഡിഎഫ് സർക്കാർ തുടങ്ങിയ ജനകീയാസൂത്രണ പദ്ധതിയിൽ മാറ്റങ്ങൾ വരുത്തി ‘കേരള വികസന പദ്ധതി’ എന്ന പേര് നൽകിയെങ്കിലും, സാമ്പത്തിക പ്രതിസന്ധി കാരണം തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് കൈമാറ്റം കൃത്യമായി നടന്നില്ല. ഇത് ജനകീയാസൂത്രണത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങളെ അട്ടിമറിക്കുകയും ഉദ്യോഗസ്ഥ മേധാവിത്വം തിരികെ കൊണ്ടുവരികയും ചെയ്തു. കേന്ദ്ര നയങ്ങളുടെ ഭാഗമായി റേഷൻ സമ്പ്രദായത്തിൽ– APL, BPL വേർതിരിവ് കർശനമാക്കിയത് സാർവത്രികമായിരുന്ന റേഷൻ സമ്പ്രദായം ഇല്ലാതാകുന്നതിനും, അർഹരായ പലരും ലിസ്റ്റിൽ നിന്ന് പുറത്താകുന്നതിനും കാരണമായി. ക്ഷേമ പെൻഷനുകൾ (വാർദ്ധക്യകാല പെൻഷൻ, വിധവാ പെൻഷൻ മുതലായവ) വിതരണം ചെയ്യുന്നതിൽ വലിയ കുടിശ്ശിക വരുത്തിയത് സാധാരണക്കാരായ ജനങ്ങളെ നേരിട്ട് ബാധിച്ചു. ഭവനരഹിതർക്ക്- സൗജന്യ വീട് നൽകുന്നതിനുപകരം ബാങ്ക് വായ്പാ ബന്ധിത പദ്ധതി ആക്കി മാറ്റിയതിലൂടെ പാവപ്പെട്ടവരെ പാർപ്പിടത്തിന്റെ പേരിൽ കടക്കെണിയിലേക്ക് നയിച്ചു. 2001-2006 കാലത്തെ യുഡിഎഫ് സർക്കാരിന്റെ ഈ ജനവിരുദ്ധ നടപടികൾ കേരളത്തിന്റെ പരമ്പരാഗത സാമൂഹിക സുരക്ഷാ ശൃംഖലയെ (Social Safety Net) തകർത്തു. കർഷക ആത്മഹത്യകൾ, സ്വാശ്രയ കോളേജ് ഫീസ് വർദ്ധന, മുത്തങ്ങ വെടിവെപ്പ്, ജീവനക്കാരുടെ സമരത്തെ നേരിട്ട രീതി, പെൻഷൻ കുടിശ്ശിക, ആശുപത്രിയിലെ യൂസർ ഫീ എന്നിവയെല്ലാം ചേർന്ന് സാധാരണക്കാരന്റെ കേരളത്തിലെ സാമൂഹ്യ- വികസനാന്തരീക്ഷം പ്രതിസന്ധികളും ദുരിതവും നിറഞ്ഞതാക്കി ആ സർക്കാർ മാറ്റി. സാമ്പത്തിക -സാമൂഹ്യരംഗത്തെ തകർച്ചയെ – കാർഷിക മേഖലയിലെ വരുമാനം കുറയുന്നതിനും (1999–-2000നും 2003-–04നും ഇടയിൽ 15%), തൊഴിലില്ലായ്മ വൻതോതിൽ വർദ്ധിക്കാനും, ജില്ലകൾക്കിടയിലെ വരുമാന അസമത്വം ഉയരുന്നതിനും ഇടയാക്കി. സ്വാശ്രയ വിദ്യാഭ്യാസ നയം, മെറിറ്റിനെയും സാമൂഹ്യ നീതിയെയും അവസര സമത്വത്തെയും തകർക്കുന്നതിനും, പൊതുവിദ്യാഭ്യാസ-ആരോഗ്യ സമ്പ്രദായങ്ങളെ തകർക്കുന്നതിനും, ജനാധിപത്യപരമായ അധികാര വികേന്ദ്രീകരണത്തിന്റെ വിപുലീകരണത്തെ പരിമിതപ്പെടുത്തുന്നതിനും കാരണമായി. ഈ സാമൂഹ്യ അന്തരീക്ഷത്തിലാണ് പുതിയ കേരളത്തെ സ്വപ്നം കാണുന്നതിനുള്ള രണ്ടാം കേരള പഠന കോൺഗ്രസ് നടന്നത്.
സാമ്പത്തികമായും സാമൂഹികമായും തകർന്ന കേരളത്തെ വീണ്ടെടുക്കുക എന്നതായിരുന്നു രണ്ടാം പഠന കോൺഗ്രസിലെ മുഖ്യ ചർച്ചാവിഷയം. 1957ലെ സർക്കാർ മുതൽ 1996 വരെയുള്ള ഇടതുപക്ഷ സർക്കാരുകൾ സാമൂഹിക നീതിയും സുസ്ഥിരതയും ഉറപ്പാക്കി നടപ്പാക്കി വന്ന വികസന പരിപാടികളുടെ തുടർച്ച സാധ്യമാക്കുന്നതിന് സാമൂഹിക നീതിയും ലിംഗ നീതിയും സുസ്ഥിരതയും ഉറപ്പാക്കുന്ന വികസന തന്ത്രം രൂപപ്പെടുത്തുന്നതിനുള്ള സെമിനാറുകളും ചർച്ചകളും സമ്മേളനങ്ങളുമാണ് രണ്ടാം പഠന കോൺഗ്രസിൽ നടന്നത്. ഇതിലേക്ക് 3 പ്രബന്ധ സമാഹാര പുസ്തകങ്ങളിലായി 200ലേറെ പ്രബന്ധങ്ങൾ ചർച്ചയ്ക്ക് വിധേയമാക്കി. നിലവിലെ വികസന നയങ്ങളെ വിമർശനാത്മകമായി വിലയിരുത്തുകയും സാമ്പത്തികം, ഭരണപരിഷ്കാരം, കാർഷികം, വ്യവസായം, പശ്ചാത്തല സൗകര്യം, പരിസ്ഥിതി, വിദ്യാഭ്യാസം, ആരോഗ്യം, അധികാര വികേന്ദ്രീകരണം, സ്ത്രീശാക്തീകരണം, സംസ്കാരം എന്നീ മേഖലകളിലെ പ്രശ്‌നങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങൾ തേടുകയുമായിരുന്നു ചർച്ചകളുടെയും സംവാദങ്ങളുടെയും പ്രധാന ലക്ഷ്യം. ഇന്ത്യൻ യൂണിയനുള്ളിൽ ഒരു സംസ്ഥാനത്തിന് മാത്രമായി ഒരു ബദൽ മാർഗം നടപ്പാക്കുന്നതിന് പരിമിതികളുണ്ടെന്ന് ചർച്ചകളിൽ വിലയിരുത്തി . കേന്ദ്ര സർക്കാരിന്റെ പുതിയ സാമ്പത്തിക നയങ്ങൾ സാധ്യതകളെ കൂടുതൽ പരിമിതപ്പെടുത്തുന്നു വെങ്കിലും, ദേശീയ നയങ്ങൾ തിരുത്തുന്നതുവരെ കാത്തുനിൽക്കാതെ നിലവിലുള്ള സാധ്യതകൾ ബോധപൂർവ്വം പ്രയോജനപ്പെടുത്തി സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങൾക്ക് പ്രായോഗിക പരിഹാരം കണ്ടെത്തണമെന്ന നിർദേശങ്ങളാണ് വിവിധ സമ്മേളനങ്ങളിൽനിന്നും ഉയർന്നുവന്നത്. കേന്ദ്ര മൂലധന നിക്ഷേപം ഗണ്യമായി ഉയർത്തുക, പൊതുമേഖലയുടെ നവീകരണവും പുനഃസംഘാടനവും, ഉത്പാദനക്ഷമത ഉയർത്തൽ, വ്യവസായ പ്രോത്സാഹന സംവിധാനത്തിന്റെ ഉടച്ചുവാർക്കൽ, മാനേജ്‌മെന്റിൽ തൊഴിലാളി പങ്കാളിത്തം ഉറപ്പാക്കൽ, താരതമ്യേന നേട്ടമുള്ള ചെറുകിട വ്യവസായ മേഖലകളിൽ കൂടുതൽ പ്രോത്സാഹനം, വ്യവസായ പാർക്കുകൾ പോലുള്ളവയെ പ്രോത്സാഹിപ്പിക്കൽ, പരമ്പരാഗത വ്യവസായങ്ങളുടെ ആധുനികവൽക്കരണത്തിനും ഉത്പന്ന വൈവിധ്യവൽക്കരണത്തിനും ഊന്നൽ നൽകുക എന്നിങ്ങനെയുള്ള നിർദേശങ്ങളും ഉയർന്നുവന്നു. പശ്ചാത്തല സൗകര്യങ്ങളുടെ പിന്നാക്കാവസ്ഥ വ്യവസായവൽക്കരണത്തിന് വലിയ പ്രതിബന്ധമാണെന്നതും വിലയിരുത്തിയിരുന്നു. ഗതാഗത ശൃംഖലയിലെ അസന്തുലിതാവസ്ഥ ഒരു പൊതുപ്രശ്നമായും റെയിൽവേ വികസനത്തിന്റെ അപര്യാപ്തത, ജലഗതാഗത മാർഗങ്ങളുടെ നവീകരണത്തിന്റെ ആവശ്യം, വ്യോമഗതാഗത സൗകര്യങ്ങൾ വിപുലപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എന്നിവയും മുഖ്യമായി ഉയർന്നുവന്ന ശുപാർശകളായിരുന്നു. വൈദ്യുതി കമ്മി പരിഹരിക്കുന്നതിന് വൈദ്യുതി ഉത്പാദനശേഷി ഉയർത്തുക, പുതിയ ഊർജ സ്രോതസ്സുകൾ കണ്ടെത്തുക, വിതരണ നഷ്ടം കുറയ്ക്കുക തുടങ്ങിയവ മുഖ്യ നിർദേശങ്ങളായിരുന്നു. കൃഷിഭൂമിയുടെ വിസ്തൃതി വർദ്ധിപ്പിക്കാനുള്ള സാധ്യതകൾ ഇല്ലാത്തതിനാൽ ഉത്പാദനക്ഷമതയിൽ ഊന്നിയുള്ള ഇടപെടലാണ് മുഖ്യ നിർദേശമായി കാർഷിക മേഖലയിൽ ഉണ്ടായത്. പ്രാദേശിക സ്ഥല-ജല മാനേജ്‌മെന്റിനെ അടിസ്ഥാനമാക്കി കാർഷിക വികസനത്തിന് രൂപം നൽകണമെന്നതും നിർദേശങ്ങളായിരുന്നു. പരിസ്ഥിതിയും വികസനവും സമന്വയിപ്പിച്ചുകൊണ്ടുളള സമീപനമാണ് പരിസ്ഥിതി സംബന്ധിച്ച ചർച്ചയിലെ മുഖ്യവിഷയമായി ഉയർന്നു വന്നത്. സാമ്പത്തിക വളർച്ചയെ സ്ഥായിയാക്കുന്നതിന് പരിസ്ഥിതി വികസന തന്ത്രത്തിൽ ഉദ്ഗ്രഥിതമാക്കണമെന്ന പൊതു സമീപനവും വനനശീകരണം, വയൽഭൂമി നികത്തൽ, മണൽവാരൽ, മലിനീകരണം, മാലിന്യ നിർമാർജനം തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് ജനകീയവും ശാസ്ത്രീയവുമായ പരിഹാരങ്ങൾ സമ്മേളനത്തിലെ ശ്രദ്ധേയ ശുപാർശകളായിരുന്നു. ദേശീയ-പ്രാദേശിക ആവശ്യങ്ങളെ കണക്കിലെടുത്തു കൊണ്ടുള്ള മനുഷ്യവിഭവ വികസനത്തെ അടിസ്ഥാനമാക്കി വിദ്യാഭ്യാസത്തെ പുനഃസംഘടിപ്പിക്കണമെന്നതായിരുന്നു വിദ്യാഭ്യാസത്തെ സംബന്ധിച്ച മുഖ്യാ ചർച്ചാവിഷയം . വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം തൊഴിൽ ആഭിമുഖ്യം സൃഷ്ടിക്കുന്നതിന് പര്യാപ്തമല്ലെന്നും സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ജനകീയ യജ്ഞം, ഉന്നത വിദ്യാഭ്യാസ മേഖലയിൽ പൊതു ആർട്‌സ് & സയൻസ് കോളേജുകളെ കൂടുതൽ തൊഴിലധിഷ്ഠിതമാക്കുക, സാങ്കേതിക പരിശീലന സൗകര്യങ്ങൾ വിപുലമാക്കുക, ‘സ്കൂൾ കോംപ്ലക്‌സ്’ പോലുള്ള പരീക്ഷണങ്ങളെ അടിസ്ഥാനമാക്കി നിലവാരം ഉയർത്താനുള്ള ജനകീയ പ്രസ്ഥാനം ആരംഭിക്കുക തുടങ്ങിയ ശ്രദ്ധേയമായ നിർദേശങ്ങളും രണ്ടാം പഠന കോൺഗ്രസ്സിന്റെ സംഭാവനകളായിരുന്നു. ആരോഗ്യ സേവനങ്ങളുടെ വ്യാപനവും ഗുണനിലവാരവും ഉയർത്തുന്നതിലൂന്നിയ പുതിയ ആരോഗ്യ നയം രൂപീകരിക്കണമെന്നതായിരുന്നു മുഖ്യ നിർദേശം. കൂടാതെ, ആരോഗ്യരംഗത്തെ പൊതുമേഖലയുടെ പങ്ക് കൃത്യമായി നിർവ്വഹിക്കുകയും കുടുംബക്ഷേമ പ്രവർത്തനങ്ങൾക്ക് പുനർദിശാ നിർണയം നടത്തുകയും വേണം; ജനകീയ പങ്കാളിത്തതോടെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ നടത്തിപ്പിൽ മാറ്റം കൊണ്ടുവരണമെന്നതും മെഡിക്കൽ വിദ്യാഭ്യാസത്തിനും പാരാമെഡിക്കൽ പരിശീലനത്തിനും കൂടുതൽ ഊന്നൽ നൽകണമെന്നതും പ്രധാന ശുപാർശകളായിരുന്നു. ഈ കോൺഗ്രസ്സിലെ സജീവ ചർച്ചയ്ക്ക് വിധേയമായ മറ്റൊരു വിഷയം അധികാര വികേന്ദ്രീകരണമായിരുന്നു. ഭരണത്തിലും വികസന പ്രവർത്തനത്തിലും അധികാര വികേന്ദ്രീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠന കോൺഗ്രസ്സിൽ എല്ലാവരും ഏകാഭിപ്രായക്കാരായിരുന്നു. ജനപങ്കാളിത്തവും സുതാര്യതയും ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ, ഗ്രാമസഭകളുടെ ശാക്തീകരണം, സ്ത്രീസംവരണം അമ്പത് ശതമാനമായി ഉയർത്തൽ, ഉദ്യോഗസ്ഥപുനർവിന്യാസം തുടങ്ങി വിപുലമായ നിർദേശങ്ങളാണ് ഉയർന്നുവന്നത്. കുടുംബശ്രീ സംവിധാനത്തിന്റെ സമഗ്ര നവീകരണത്തിനുളള മൂർത്തമായ നിർദേശങ്ങളും കോൺഗ്രസിൽ നിന്നും ഉയർന്നുവന്നു. കുടുംബശ്രീ അയൽക്കൂട്ട സംവിധാനം നവലിബറൽ സൂക്ഷ്മ ചട്ടക്കൂടിൽ നിന്നും വ്യത്യസ്തമായി രൂപകല്പന ചെയ്തിരിക്കുന്നത് എങ്ങനെയെന്നും അധികാര വികേന്ദ്രീകരണത്തെ ശക്തിപ്പെടുത്താൻ തദേശസ്വയംഭരണ സ്ഥാപനങ്ങളേയും കുടംബശ്രീ ത്രിതല സംഘടനാ സംവിധാനത്തേയും സമന്വയിപ്പിച്ച് പ്രാദേശികവികസനവും ഗ്രാമസഭാ ശാക്തീകരണവും സാധ്യമാക്കുക തുടങ്ങിയ വ്യക്തമായ നിർദേശങ്ങളാണ് കോൺഗ്രസ്സിൽനിന്നും ലഭിച്ചത്. മാത്രമല്ല, അയൽകൂട്ട സംവിധാനത്തിന്റെ സ്വതന്ത്ര പ്രവർത്തന പദവി ഉറപ്പാക്കുന്നതിനും തദേശസ്വയംഭരണസ്ഥാപനങ്ങളുടെ ദാരിദ്ര്യ നിർമാർജന– സ്ത്രീശാക്തീകരണ സംഘടനാ സംവിധാനമായി രൂപാന്തരപ്പെടുത്തുന്നതിനുമുള്ള നിർദേശങ്ങളും രണ്ടാം പഠന കോൺഗ്രസ്സിൽ നിന്നും ലഭിച്ച നിർദേശങ്ങളായിരുന്നു . ഏതാനും മേഖലകളിലെ ചർച്ചകളുടേയും നിർദേശങ്ങളുടേയും ചില സൂചനകൾ മാത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്. കേരളത്തിന്റെ പ്രത്യേക സാമൂഹ്യ,- രാഷ്ട്രീയ സാഹചര്യത്തിൽ നടന്ന രണ്ടാം പഠന കോൺഗ്രസ്സിൽ നിന്നും രൂപപ്പെട്ട മറ്റൊരു പ്രധാന സന്ദേശം, ‘കഴിഞ്ഞകാല നേട്ടങ്ങൾ സംരക്ഷിക്കുകയും ഭാവിയിലേക്കുള്ള സ്വന്തം പാത രൂപപ്പെടുത്തുകയും ചെയ്യുക’ എന്നതായിരിക്കണം കേരള വികസനത്തിന്റെ മുദ്രാവാക്യം എന്നതായിരുന്നു. കേരളത്തിന്റെ സാമ്പത്തിക വളർച്ച ചരിത്രപരമായി പല ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. സേവനമേഖല നൽകിയ ഉണർവ്വ് ശ്രദ്ധേയമാണെങ്കിലും, സുസ്ഥിരവും സമഗ്രവുമായ സാമ്പത്തിക വളർച്ചയ്ക്ക് കാർഷിക-വ്യാവസായിക ഉൽപ്പാദനമേഖലകളിൽ ഊന്നൽ നൽകേണ്ടത് അത്യാവശ്യമാണെന്നും തൊഴിലില്ലായ്മ, വിദേശ വരുമാനത്തെ ആശ്രയിക്കൽ, ഘടനാപരമായ അസന്തുലിതാവസ്ഥ തുടങ്ങിയ വെല്ലുവിളികളെ മറികടക്കാൻ ഉൽപ്പാദനപരമായ വളർച്ചയിൽ അധിഷ്ഠിതമായ ഒരു സമഗ്ര സാമ്പത്തിക നയം കേരളത്തിന് അനിവാര്യമാണെന്നും രണ്ടാം പഠന കോൺഗ്രസ്സ് നിർദേശിച്ചു. ഇതിന്റെ ഭാഗമായി പഠന കോൺഗ്രസ്സിൽ നിന്നും രൂപപ്പെട്ട പ്രധാന വികസന സമീപനം തുടർന്ന് കേരളത്തിൽ സജീവമായ പൊതു ചർച്ചക്ക് വിധേയമായി. ഇത് കേരളത്തിൽ പുതിയ വികസന പരിപ്രേക്ഷ്യ ചർച്ചയ്ക്ക് വഴിതെളിച്ചതായും കാണാം.
രണ്ടാം പഠനകോൺഗ്രസ്സും
2006 – 2011 ലെ LDF സർക്കാരും
രണ്ടാം പഠന കോൺഗ്രസ് നിർദേശങ്ങളിൽനിന്നും രൂപപ്പെട്ട നിരവധി ആശയങ്ങളും സമീപനങ്ങളും കർമ്മപഥത്തിൽ എത്തിക്കാൻ 2006–2011 കാലത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനു കഴിഞ്ഞു. ഈ കാലഘട്ടം വികസനത്തെ വെറും ഭരണപരമായ മാനേജ്മെന്റ് പ്രക്രിയയിൽ നിന്നും തികച്ചും വ്യത്യസ്തമായി ജനകേന്ദ്രീകൃത സമീപനമാക്കി മാറ്റി. വികസനം എന്നത് സാങ്കേതിക വിദഗ്ധർ തീരുമാനിക്കുന്ന ഒരു നിഷ്പക്ഷ പ്രക്രിയയല്ല, മറിച്ച് അധികാരബന്ധങ്ങൾ, വർഗഘടന, അവകാശങ്ങൾ, സാമൂഹിക നീതി എന്നിവയുമായി ബന്ധപ്പെട്ട ഒരു ജനാധിപത്യ ഇടപെടലാണ് എന്നത് പ്രവർത്തനത്തിലൂടെ തെളിയിക്കാൻ കഴിഞ്ഞു. വികസന ഭരണത്തെ ടെക്‌നോക്രാറ്റിക് ഭാഷയിൽ നിന്നും വ്യത്യസ്തമായി സാമൂഹിക ഉത്തരവാദിത്വവും അവകാശാധിഷ്ഠിതത്വവും മുന്നോട്ടുവച്ചു എന്നതും ശ്രദ്ധേയമാണ്. ക്ഷേമ പെൻഷനകളുടെ കുടിശ്ശിക തീർത്ത് പെൻഷൻതുക ഉയർത്തുക, ജീവനക്കാരുടെ ആനുകൂല്യങ്ങളും ശമ്പള കുടിശിഖകളും തീർക്കുക തുടങ്ങി ക്ഷേമാനുകൂല്യങ്ങളിൽനിന്നും വ്യത്യസ്ത-മായി അവകാശാധിഷ്ഠിത സമീപനം സ്വീകരിച്ചു. യുഡിഎഫ് ഭരണകാലത്ത് തദ്ദേശസ്ഥാപനങ്ങൾ പലപ്പോഴും പദ്ധതികളുടെ നടപ്പാക്കൽ ഏജൻസികളായി മാത്രം ചുരുങ്ങിയിരുന്നുവെങ്കിൽ എൽഡിഎഫ് സർക്കാർ രണ്ടാംഘട്ട അധികാരവികേന്ദ്രീകരണത്തിന്റെ നടപടികൾ സ്വീകരിക്കുകയാണ് ചെയ്തത്. തദ്ദേശസ്ഥാപനങ്ങൾക്ക് കൂടുതൽ പ്ലാൻ ഫണ്ട് അനുവദിക്കുകയും പ്രവർത്തന സ്വാതന്ത്ര്യം നൽകുകയും, പ്രാദേശിക വികസനത്തിന്റെ യഥാർത്ഥ ആസൂത്രകരായും തീരുമാനമെടുക്കുന്ന സ്ഥാപനങ്ങളായും അവയെ ശക്തിപ്പെടുത്തുകയും ചെയ്തു. ജനപ്രതിനിധികൾക്കും ജനകീയാസൂത്രണ പ്രവർത്തകർക്കും വിപുലമായ പരിശീലനം നൽകുന്നതിനുള്ള സംവിധാനമായി കിലയെ വിപുലപ്പെടുത്തി. ദാരിദ്ര്യത്തെ വെറും വരുമാനക്കുറവായി മാത്രം കണ്ടില്ല. അതിനെ നൈപുണ്യത്തിന്റെ യും സാമൂഹ്യശേഷികളുടെയും പരിമിതികളായി കണ്ട് ഇടപെടാൻ കഴിയുന്ന രീതിയിൽ കുടുബശ്രീയെ നവീകരിക്കാൻ ശ്രമിച്ചു. നഗര ദാരിദ്ര്യവും അസംഘടിത തൊഴിൽ മേഖലയും നയപരമായ അജൻഡയിലേക്കു കൊണ്ടുവന്നു. ഉപജീവന മാർഗങ്ങൾ, നെെപുണി വികസനം, കൂട്ടായ സംരംഭങ്ങൾ എന്നിവയ്-ക്ക് ഊന്നൽ നൽകി. കുടുബശ്രീ സംവിധാനത്തെ കൂടുതൽ ജനാധിപത്യവൽക്കരിച്ചും ദാരിദ്ര്യം കേവലം സഹായിക്കേണ്ട അവസ്ഥയല്ല, മറിച്ച് മാറ്റേണ്ട സാമൂഹിക ഘടനയാണെന്ന തിരിച്ചറിവ് കുടുബശ്രീ സംവിധാനത്തിന്റെ പ്രവർത്തന രീതിയാക്കി മാറ്റാൻ കഴിഞ്ഞു. സാമൂഹിക നീതി, “ബെനിഫിഷ്യറി തിരഞ്ഞെടുപ്പ്” എന്ന ഭരണപരമായ പ്രക്രിയയിൽനിന്ന് മാറി അവകാശാധിഷ്ഠിതമായ (rights- based) സമീപനത്തിലേക്ക് നീങ്ങി. SC/ST പ്ലാൻ ഫണ്ടുകളുടെ വിനിയോഗത്തിൽ കൂടുതൽ കാർക്കശ്യവും ഉത്തരവാദിത്വവും ഉറപ്പാക്കി. ക്ഷേമം ദാനം അല്ല, സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്ന് ഭാഷയും നിലപാടും ശക്തമായി ഉയർത്തിപ്പിടിച്ചു. അതോടെ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ സഹായം തേടുന്നവരല്ല, മറിച്ച് രാഷ്ട്രീയ വിഷയങ്ങളായി മാറി. പൊതുവിദ്യാഭ്യാസ മേഖലയിലെ തളർച്ച ഗൗരവമായൊരു നയപ്രശ്നമാണെന്ന് തുറന്നുകാട്ടി. വിദ്യാഭ്യാസം വിപണിയ്-ക്കു വിട്ടുകൊടുക്കുന്ന സമീപനത്തെ ചോദ്യംചെയ്തു. സമത്വം, സാർവത്രിക പ്രവേശനം, സംസ്ഥാന ഉത്തരവാദിത്വം എന്നിവയാണ് വിദ്യാഭ്യാസ നയമെന്നതിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ സംവിധാനം വിപുലപ്പെടുത്താനും ഗുണമേന്മ ഉയർത്താനുമുള്ള പരിപാടികൾക്ക് തുടക്കംകുറിച്ചു. ആരോഗ്യത്തെ ആശുപത്രി കെട്ടിടങ്ങളിലേക്കും ഉപകരണങ്ങളിലേക്കും മാത്രം ചുരുക്കിയ സമീപനത്തിൽനിന്ന് മാറി, പൊതുജനാരോഗ്യ സംവിധാനമായി തിരിച്ചറിഞ്ഞു. പ്രൈമറി ഹെൽത്ത് കെയറിന്റെയും പ്രതിരോധ ആരോഗ്യത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു. ആരോഗ്യരംഗത്തെ സ്വകാര്യവൽക്കരണ പ്രവണതകളെ തുറന്നു വിമർശിക്കുകയും, ആരോഗ്യ സേവനം ഒരു പൊതു അവകാശമാണെന്ന നിലപാട് വ്യക്തമാക്കുകയും ചെയ്തു. ഇതിലൂടെ ആരോഗ്യ മേഖലയെ വീണ്ടും സംസ്ഥാന ഉത്തരവാദിത്വത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നു. ചുരുക്കത്തിൽ രണ്ടാം പഠന കോൺഗ്രസ്സിലെ മിക്ക ശുപാർശകളും തുടർന്നുവന്ന എൽഡിഎഫ് സർക്കാരിന്റെ നയത്തിന്റെയും പ്രവർത്തന പരിപാടികളുടേയും ഭാഗമായി മാറിയെന്ന് കാണാം. ഈ കുറിപ്പ് തയ്യാറാക്കുന്നതിന് ഒന്നും രണ്ടും പഠന കോൺഗ്രസ്സുകളുടെ പ്രബന്ധങ്ങൾ ചുരുങ്ങിയ സമയംക്കൊണ്ട് ഒന്നുകൂടി വായിച്ചു. ശരിക്കും ആവേശവും സന്തോഷവും നൽകുന്നതായിരുന്നു അത‍്. പഠന കോൺഗ്രസ് ചർച്ചകളും ശുപാർശകളും തുടർന്നുള്ള ഇടതുപക്ഷ സർക്കാർ നടപടികളും വേഗത്തിൽ താരതമ്യം ചെയ്യുമ്പോഴാണ് പഠന കോൺഗ്രസ്സിന്റെ സ്വാധീനവും ശക്തിയും നമുക്ക് ആവേശം നൽകുന്നത്. ആദ്യ പഠന കോൺഗ്രസ് മുതൽ ഇതുവരെയുള്ള എല്ലാ പഠന കോൺസ്സുകളിലും പങ്കെടുക്കുന്നതിന് ഈ ലേഖകന് അവസരം ലഭിച്ചിരുന്നു. കൂടാതെ 1996 ൽ ജനകീയാസൂത്രണ പ്രസ്ഥാനത്തിലും 2006ൽ കുടുംബശ്രീയിലും 2016 ൽ ഹരിതകേരളമിഷനിലും 2021 ൽ മാലിന്യ മുക്ത കേരളം പരിപാടിയിലും നേരിട്ട് പങ്കാളിയാകാനും കഴിഞ്ഞു. എല്ലാ പഠന കോൺഗ്രസ്സുകളിലും അവതരിപ്പിച്ച പ്രബന്ധങ്ങളും ചർച്ചകളും ഞാൻ പങ്കാളിയായ ഓരോ പരിപാടിയിലും പ്രായോഗികമായി നടപ്പിലാക്കുന്നതിൽ എങ്ങനെ സ്വാധീനിച്ചു എന്നും അനുഭവത്തിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല മറ്റൊരു കാര്യംകൂടി ബോധ്യമായി. ഇതുവരെയുള്ള പഠനകോൺസ്സുകളിൽ അവതരിപ്പിച്ച പ്രബന്ധങ്ങൾ, ചർച്ചകൾ, ഉയർന്നുവന്ന നിർദേശങ്ങളുടെ പരസ്പരബന്ധം, അവ സർക്കാർ പരിപാടികളിൽ പ്രതിഫലിക്കുന്നത് എന്നിവ പ്രത്യേകം പഠനവിധേയമാക്കേണ്ട വിഷയമാണെന്നും തോന്നിപ്പോയി . കേരളത്തിന്റെ കഴിഞ്ഞ 30 വർഷത്തെ വികസന ചരിത്രത്തെക്കുറിച്ച് എഴുതാൻ സഹായിക്കുന്ന നല്ലൊരു രേഖയായി പഠന കോൺഗ്രസ് പ്രബന്ധ സമാഹാരങ്ങൾ നമുക്ക് ഒപ്പമുണ്ട്. l



