Friday, November 22, 2024

ad

Homeകവര്‍സ്റ്റോറികേരളത്തിന്റെ കാർഷിക മേഖലയിലെ പ്രശ്നങ്ങളും പുതിയ നയദിശകളും

കേരളത്തിന്റെ കാർഷിക മേഖലയിലെ പ്രശ്നങ്ങളും പുതിയ നയദിശകളും

ആർ രാംകുമാർ

ദീർഘകാലാടിസ്ഥാനത്തിൽ പരിശോധിച്ചാൽ ഘടനാപരമായും സാങ്കേതികപരമായും സാമൂഹികവും സാമ്പത്തികവുമായുള്ള പലവിധ കാരണങ്ങളാല്‍ നിലനില്ക്കുന്ന ഒരു പ്രതിസന്ധിയാണ് കേരളത്തിന്റെ കാർഷിക മേഖലയിൽ. ഒന്നാമതായി, ഘടനാപരമായിട്ടുള്ള പ്രശ്നം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കൃഷിയിടങ്ങളുടെ ശരാശരി വിസ്തീര്‍ണ്ണം വളരെ കുറഞ്ഞുനില്‍ക്കുന്ന വിഷയവും അത് മൂലമുണ്ടാവുന്ന വിപണനത്തിലും മൂല്യവര്‍ദ്ധനവിലുമുള്ള ചിതറലും (fragmentation) ഉത്പന്നത്തിന്റെ വലിപ്പക്കുറവും (absence of scale) ആണ്. രണ്ടാമതായി, സാങ്കേതികമായിട്ടുള്ള പ്രശ്നങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശാസ്ത്രസാങ്കേതിക മേഖലയിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും ഏറ്റവും നൂതനമായിട്ടുള്ള ആശയങ്ങളും കാര്‍ഷിക രംഗത്ത് പരീക്ഷിക്കുന്നതിന്റെ പരാജയമാണ്. ഉദാഹരണത്തിന്, ഇന്ത്യയില്‍ ഇന്ന് ഏറ്റവും കുറവ് രാസവളം ഒരു ഹെക്ടറില്‍ പ്രയോഗിക്കുന്ന ഒരു സംസ്ഥാനമായിട്ട് കേരളം മാറിയിരിക്കുകയാണ്. മൂന്നാമതായി, സാമൂഹിക-വും സാമ്പത്തികമായിട്ടുള്ള പ്രശ്നങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ നാട്ടില്‍ ഒരു ശരാശരി കൃഷിക്കാരന്‍ ആരാണ് എന്ന് നിര്‍വചിക്കുന്നതിലുള്ള പ്രശ്നത്തിൽ തുടങ്ങുന്നു. ഒരു വശത്ത്, സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ കൃഷിയുടെ പ്രാധാന്യം കുറയുന്നു. അതുമൂലം ഒരു കൃഷിക്കാരന്‍ എന്നാൽ കാർഷിക മേഖലയെ മാത്രം ആശ്രയിക്കുകയും അവിടെ പണിയെടുക്കുകയും ചെയ്യുന്ന ഒരാൾ എന്ന ഒരു സങ്കല്പം നമ്മുടെ നാട്ടില്‍ താരതമ്യേന ഇല്ല. ഇവിടെ ഭാഗിക-സമയ (പാർട്ട് ടൈം) കൃഷിക്കാരാണ് കൂടുതല്‍. ഈ സാഹചര്യത്തിൽ, കാര്‍ഷിക മേഖലയിലെ സ്വകാര്യ നിക്ഷേപസാധ്യതകള്‍ എത്രയാണ് എന്നുള്ളത് പലപ്പോഴും നമ്മള്‍ കൃത്യമായി പരിശോധിച്ചിട്ടില്ല.

നാഷണൽ സാമ്പിൾ സർവ്വേ ഓഫീസിന്റെ (NSSO) 2018–19 ലെ സിറ്റുവേഷൻ അസെസ്‌മെന്റ് സർവേ (SAS) പ്രകാരം കേരളത്തിലെ 44 ലക്ഷം ഗ്രാമീണ കുടുംബങ്ങളിൽ 14 ലക്ഷം കുടുംബങ്ങൾ (അല്ലെങ്കിൽ 33 ശതമാനം) മാത്രമാണ് “കാർഷിക കുടുംബങ്ങൾ’. ഇന്ത്യയിൽ മൊത്തത്തിൽ ഗ്രാമീണ കുടുംബങ്ങളിൽ 54 ശതമാനവും കാർഷിക കുടുംബങ്ങളായിരുന്നു. ഈ 14 ലക്ഷം കാർഷിക കുടുംബങ്ങളിൽ 34.4 ശതമാനം വിള ഉൽപാദനത്തിലും 4.3 ശതമാനം കന്നുകാലി വളർത്തലിലും 1.6 ശതമാനം മറ്റ് കാർഷിക പ്രവർത്തനങ്ങളിലും സ്വയം തൊഴിൽ ചെയ്യുന്നവരായിരുന്നു. ബാക്കിയുള്ളവർ ഒന്നുകിൽ കാർഷികേതര മേഖലകളിൽ സ്വയം തൊഴിൽ ചെയ്യുന്നവരോ അല്ലെങ്കിൽ കാർഷിക, കാർഷികേതര മേഖലകളിൽ സ്ഥിരമായ ശമ്പളത്തിനോ കാഷ്വൽ വേതനത്തിനോ ജോലി ചെയ്യുന്നവരായിരുന്നു.

കഴിഞ്ഞ ദശകത്തിലെ കേരളത്തിന്റെ കാർഷിക മേഖലയുടെ ഒരു പ്രധാന പ്രശ്നം അതിന്റെ മോശം നെഗറ്റീവ് വാർഷിക വളർച്ചാ നിരക്കായിരുന്നു. 2011-12 നും 2019-20 നും ഇടയിൽ, കൃഷിയും അനുബന്ധ മേഖലകളും വർഷം തോറും ‐2.2 ശതമാനം എന്ന തോതിലാണ് വളർന്നത്. വിള മേഖല മാത്രമെടുത്താൽ വളർച്ചാ നിരക്ക് കൂടുതൽ മോശമായിരുന്നു: പ്രതിവർഷം ‐3.6 ശതമാനം. പണപ്പെരുപ്പം കിഴിച്ചാൽ, ഈ കാലയളവിലെ മൊത്തം സംസ്ഥാന മൂല്യവർദ്ധനവിലെ (GSVA) കേവല നഷ്ടം കൃഷിയിലും അനുബന്ധ മേഖലകളിലുമായി 8,024 കോടി രൂപയും കാർഷിക മേഖലയിൽ മാത്രം 7,575 കോടി രൂപയുമായിരുന്നു. കഴിഞ്ഞ ദശകത്തിന് പകരം കഴിഞ്ഞ 15 വർഷമെടുത്താൽ, അതായത് 2005-06നും 2021–22നും ഇടയ്ക്ക്, കേരളത്തിന്റെ മൊത്തം സംസ്ഥാന മൂല്യവർദ്ധനവിലെ (GSVA) വളർച്ചാ നിരക്ക് 0.7 ശതമാനമായിരുന്നു. ഇന്ത്യയിൽ ഈ പതിനഞ്ച് വർഷത്തിൽ നെഗറ്റീവ് വളർച്ചാനിരക്ക് ഉണ്ടായിരുന്ന ഏക സംസ്ഥാനം കേരളമായിരുന്നു.

2012-13, 2018–19 എന്നീ വർഷങ്ങളിലെ SAS-ൽ നിന്നുള്ള ഗാർഹിക-തല കണക്കുകൾ ഈ പൊതുനിഗമനങ്ങളെ സ്ഥിരീകരിക്കുന്നു. 2012-13 നും 2018–19 നും ഇടയിൽ കേരളത്തിലെ ഒരു കാർഷിക കുടുംബത്തിന്റെ യഥാർത്ഥ പ്രതിമാസ വരുമാനം 2,157 രൂപ വർദ്ധിച്ചു, എന്നാൽ “കൃഷി” വഴി മാത്രമുള്ള യഥാർത്ഥ പ്രതിമാസ വരുമാനത്തിൽ 574 രൂപ കുറഞ്ഞു.

കാർഷിക വളർച്ചാ നിരക്ക് പുനരുജ്ജീവിപ്പിക്കുക എന്നതായിരിക്കണം കേരളത്തിന്റെ പ്രാഥമിക ലക്ഷ്യം. തീർച്ചയായും, കേരളത്തിലെ കാർഷികമേഖലയുടെ മോശം വളർച്ചയുടെ പല പ്രേരകങ്ങളും ബാഹ്യമാണ്. ഉദാഹരണത്തിന്, കേന്ദ്ര സർക്കാരിന്റെ കർഷക-വിരുദ്ധ സ്വതന്ത്ര വ്യാപാര നയങ്ങൾ വിലകുറഞ്ഞ കാർഷികോൽപ്പന്നങ്ങളുടെ ഇറക്കുമതിക്കും അതു മൂലമുണ്ടാവുന്ന വിലത്തകർച്ചയ്ക്കും വഴി വെക്കുന്നു. 2015നും 2022നും ഇടയിൽ കർഷകരുടെ യഥാർത്ഥ വരുമാനം ഇരട്ടിയാക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, കാർഷിക മേഖലയിലെ സ്വന്തം ആഭ്യന്തര നയങ്ങൾ — നോട്ട് അസാധുവാക്കൽ, ഗോവധ നിരോധനം, സങ്കോചപരമായ ധന-നിലപാട്, ജിഎസ്ടി പരിഷ്കാരങ്ങൾ — ഇവയെല്ലാം കഴിഞ്ഞ ദശകത്തിലെ കൃഷിയിൽ നിന്നുള്ള യഥാർത്ഥ വരുമാനത്തിന്റെ ഇടിവിന് കാരണമായി.

അതേസമയം, എല്ലാ പഴികളും കേന്ദ്ര സർക്കാരിന്റെ വാതിലുകളിൽ വയ്ക്കാനാവില്ല. ഒന്നാമതായി, കേരളത്തിലെ കാർഷിക വളർച്ചാ നിരക്ക് മോശമാകാനുള്ള ഒരു പ്രധാന കാരണം മിക്ക വിളകളുടെയും ഉത്പാദനക്ഷമത കുറഞ്ഞതാണ്. ഗവേഷണ നിലയങ്ങളിലെ വിളവും ഓരോ കാർഷിക മേഖലയിലും കർഷകർക്ക് നിലവിൽ ലഭിക്കുന്ന വിളവുമായി താരതമ്യപ്പെടുത്തുമ്പോൾ വിളകളിലുടനീളം വലിയ ഉത്പാദനക്ഷമതാ-വിടവ് (yield gap) വ്യാപകമാണ്. കുറഞ്ഞ വിളവ് കർഷകന്റെ വരുമാനം ഉയർത്താനുള്ള ശ്രമങ്ങളെ ഇത് തടസ്സപ്പെടുത്തുന്നു.

രണ്ടാമതായി, കുറഞ്ഞ ഉത്പാദനക്ഷമത അശാസ്ത്രീയമായ വിളപരിപാലന രീതികളുമായി ബന്ധപ്പെട്ടിരിക്കുന്നു. കേരളത്തിലെ മണ്ണിന്റെ നല്ലൊരു പങ്കിലും ചെറുതും വലുതുമായ പോഷകങ്ങളുടെ അഭാവമുണ്ട്. 91 ശതമാനം മണ്ണും അമ്ലമാണ്. ലഭ്യമായ പോഷകങ്ങളുടെ കുറവുള്ള മണ്ണിന്റെ അനുപാതം ഇപ്രകാരമാണ്: നൈട്രജനിൽ 34 ശതമാനം; ഫോസ്ഫറസിൽ 37 ശതമാനം; പൊട്ടാസ്യത്തിൽ 31 ശതമാനം; കാൽസ്യത്തിൽ 59 ശതമാനം, മഗ്നീഷ്യത്തിൽ 79 ശതമാനം; സൾഫറിൽ 56 ശതമാനം; ബോറോണിൽ 64 ശതമാനം എന്നിങ്ങനെയാണ് കുറവ്. അടിക്കടിയുള്ള വെള്ളപ്പൊക്കവും കനത്ത മഴയും ഓർഗാനിക് കാർബൺ നഷ്ടം വഴിയുൾപ്പെടെ മണ്ണിന്റെ ആരോഗ്യത്തെ കൂടുതൽ വഷളാക്കുന്നു. അതേസമയം, ഇന്ത്യയിൽ ഏറ്റവും കുറവ് വളം ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 2011-12ൽ നമ്മള്‍ ഒരു ഹെക്ടറില്‍ 113 കിലോഗ്രാം എൻ.പി.കെ (NPK) വളങ്ങള്‍ ഇട്ടിരുന്നെങ്കില്‍ 2020–21ൽ അതേ ഒരു ഹെക്ടറില്‍ 39 കിലോഗ്രാം മാത്രമാണ് പ്രയോഗിക്കുന്നത്. കേരളത്തിലെ കൃഷി ഇപ്പോൾ തന്നെ പ്രകൃതി കൃഷിയായി മാറി കഴിഞ്ഞുവോ എന്നുള്ള ഒരു സംശയമാണ് ഇവിടെ തോന്നുന്നത്. ഔദ്യോഗിക പാക്കേജ് ഓഫ് പ്രാക്ടീസിൽ നിന്ന് വളരെ വ്യത്യാസത്തിൽ നിൽക്കുന്ന ഇത്തരം അസന്തുലിതമായ വളപ്രയോഗം സംസ്ഥാനത്തെ കാർഷിക മേഖലയിലെ ശാസ്ത്രീയമായ പുരോഗതിക്കു തടസ്സമാണ്.

മൂന്നാമതായി, ഗ്രാമീണ വായ്പ പോലുള്ള മേഖലകളിൽ സഹകരണ പ്രസ്ഥാനത്തിന്റെ സമ്പന്നമായ ചരിത്രമാണ് കേരളത്തിനുള്ളതെങ്കിലും, ചെറുകിട-നാമമാത്ര കർഷകരെ കൂട്ടായ ഉൽപ്പാദനത്തിലേക്കോ വിപണനത്തിലേക്കോ കൊണ്ടുവരുന്നതിൽ അത് പരാജയപ്പെട്ടു. കേരളത്തിന്റെ ചിതറിക്കിടക്കുന്ന കാർഷിക ഭൂപ്രകൃതിയിൽ കർഷകർക്ക് സുസ്ഥിരമായ വിപണിയും ആദായകരമായ വിലയും ഉറപ്പാക്കാനുള്ള ഏക മാർഗം സ്കെയിൽ-സമ്പദ്‌വ്യവസ്ഥ (വലിപ്പക്കൂടുതൽ) ഉറപ്പാക്കുക എന്നതാണ്. നമുക്കതിന് കഴിഞ്ഞിട്ടില്ല.

നാലാമതായി, കേരളത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന തദ്ദേശസ്വയംഭരണ സംവിധാനങ്ങൾ ഉള്ളപ്പോൾ, ഉൽപ്പാദന–-കാർഷിക മേഖലകളിൽ ഈ സ്ഥാപനങ്ങൾ ചെലവഴിക്കുന്നതിന്റെ വ്യാപ്തി അപര്യാപ്തമാണ്. പ്ലാൻ ഫണ്ടിന്റെ 30 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൽപ്പാദന മേഖലയിൽ വിനിയോഗിക്കണമെങ്കിൽ, ചെലവിന്റെ യഥാർത്ഥ വ്യാപ്തി പലയിടത്തും പത്ത് പതിനഞ്ച് ശതമാനത്തിൽ കൂടുന്നില്ല. കൃഷിയിൽ ലൈൻ വകുപ്പുകളുമായുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനത്തിന്റെ വ്യാപ്തിയും ദുർബലമാണ്.

പതിമൂന്നാം പഞ്ചവത്സര പദ്ധതിയിൽ, ഉൽപ്പാദനക്ഷമത, ലാഭക്ഷമത, സുസ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മൂന്ന് ലക്ഷ്യങ്ങളിൽ കേരള സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഈ പദ്ധതി കാലയളവിൽ, സുഭിക്ഷ കേരളം പരിപാടി പോലുള്ള പ്രത്യേക ഇടപെടലുകളും സർക്കാർ അവതരിപ്പിച്ചു. വെള്ളപ്പൊക്കവും മറ്റ് പ്രകൃതിക്ഷോഭങ്ങളും പോലുള്ള പ്രതികൂല സാഹചര്യങ്ങളിലും ഈ ഇടപെടലുകളിൽ നിന്ന് വലിയ നേട്ടങ്ങളുണ്ടായി. നെൽകൃഷിയുടെ വിസ്തൃതി കുറയുന്നത് തടയാനായി. ഇന്ത്യയിൽ നെല്ലിന് ഏറ്റവും ഉയർന്ന താങ്ങുവില നൽകുന്നത് കേരളമാണ്. ഉൽപ്പാദിപ്പിക്കുന്ന നെല്ലിന്റെ ഭൂരിഭാഗവും പൊതുമേഖലയിൽ സംഭരിക്കുന്നു. പച്ചക്കറി ഉൽപ്പാദനത്തിൽ പ്രകടമായ വർദ്ധനവുണ്ടായി; ഉൽപ്പാദന സബ്സിഡികൾ ഉയർത്തി; അടിസ്ഥാന വില പ്രഖ്യാപിച്ചു; പൊതു ഏജൻസികളുടെ വിപണി ഇടപെടലുകൾ ശക്തിപ്പെടുത്തുകയും ചെയ്തു. തെങ്ങിൽ ഒരു വർഷം 10 ലക്ഷം പുതിയ തൈകൾ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു മിഷൻ പരിപാടി പ്രഖ്യാപിച്ചു. ഫലവൃക്ഷ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള മറ്റൊരു പരിപാടിയും അവതരിപ്പിച്ചു. എങ്കിലും, ഈ മേഖലയിലെ പല അടിസ്ഥാന പ്രശ്‌നങ്ങളും പരിഹരിക്കാൻ ഈ ഇടപെടലുകൾക്ക് കഴിഞ്ഞില്ല എന്ന് നാം തിരിച്ചറിയണം. പതിനാലാം പഞ്ചവത്സര പദ്ധതി കാലയളവിൽ വ്യക്തമായ ലക്ഷ്യങ്ങളും ഫലങ്ങളും ഈ വിഷയങ്ങളിൽ നമുക്കുണ്ടാവണം.

പതിനാലാം പഞ്ചവത്സര പദ്ധതി കാലയളവിൽ, കേരളം കാർഷിക മേഖലയിലെ വിളകളുടെ ഉത്പാദനക്ഷമത ഉയർത്തണം. ഇത് കാർഷിക വളർച്ചാ നിരക്ക് പുനരുജ്ജീവിപ്പിക്കാനുള്ള പ്രാഥമിക ഉപകരണമായിരിക്കണം. കാർഷിക മേഖലയിലെ ഉൽപാദനബന്ധങ്ങൾ ഉൽപ്പാദനശക്തികളുടെ വിശാലമായ വികസനത്തിന് അനുസൃതമായി പരിഷ്കരിക്കണം. കേരളത്തിലെ കാർഷിക മേഖല പുതിയ സാങ്കേതിക വിദ്യകളുടെ, പ്രത്യേകിച്ച് ബയോടെക്‌നോളജിയിലും നാനോടെക്‌നോളജിയിലും ഉള്ള, സാധ്യതകൾ ഉൾക്കൊള്ളണം. കൃഷിയെ സാമ്പത്തികമായി ലാഭകരവും ബൗദ്ധിക ഉത്തേജനം നല്കുന്നതുമാക്കി മാറ്റി കൂടുതൽ യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കണം. ഉൽപ്പാദനവും വിപണനവും കൂട്ടായതും സഹകരണാത്മകവുമായ രീതിയിൽ പുനഃക്രമീകരിക്കണം. സംസ്ഥാനത്തിന്റെ സഹകരണമേഖലയുടെ കരുത്ത് ഉപയോഗിച്ചുള്ള വിപണന രംഗത്തെ ഇടപെടലുകൾക്ക് മുൻഗണന നൽകണം. മൂല്യവർധനയിലും സംസ്‌കരണത്തിലും വ്യാവസായികാടിസ്ഥാനത്തിലുള്ള സ്വകാര്യ നിക്ഷേപത്തിനും കേരളം വാതിൽ തുറക്കണം. പ്രളയാനന്തര പശ്ചാത്തലത്തിൽ കേരളത്തിലെ കൃഷി കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുക കൂടി വേണം. ഇതിന് ശാസ്ത്രീയ കൃഷിയെ പ്രോത്സാഹിപ്പിക്കുകയും കാർഷിക ഗവേഷണത്തിലെ നൂതനാശയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. പതിനാലാം പഞ്ചവത്സര പദ്ധതിക്കാലത്ത് പ്രത്യേക ഇടപെടലുകൾ രൂപപ്പെടുത്തുന്നത് ഇത്തരമൊരു വിശാലമായ വീക്ഷണകോണിൽ നിന്നായിരിക്കും. കൂടുതൽ വ്യക്തമായ രീതിയിൽ ഇനിപ്പറയുന്ന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.

1) കാർഷിക മേഖലയിലെ പദ്ധതികൾ കേരളത്തിലെ കൃഷിയുടെ സ്വഭാവം നന്നായി പ്രതിഫലിപ്പിക്കുന്നതായിരിക്കണം. കേരളത്തിന്റേത് ഒരു സംയോജിത, ബഹുവിള കൃഷി സമ്പ്രദായമാണ്. വിളകൾ, കന്നുകാലികൾ, മത്സ്യബന്ധനം, തേനീച്ച വളർത്തൽ, സെറികൾച്ചർ തുടങ്ങിയ മറ്റ് പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന സംയോജിത കാർഷിക പദ്ധതികളിലേക്ക് — വിളകളെ അടിസ്ഥാനമാക്കിയുള്ള പദ്ധതികളിൽ നിന്നുമാറി — പദ്ധതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇവിടെയാണ് ഫാം പ്ലാനുകൾ എന്ന ആശയം പ്രധാപ്പെട്ടതാകുന്നത്.

2) കൃഷിയിൽ ഭൂമിയുടെ ഉപയോഗം മാറണം. കൃഷിഭൂമിയെ ഊഹക്കച്ചവടത്തിനുള്ള ഒരു ഉപകരണമായി കാണാതെ ഒരു ഉൽപ്പാദനവിഭവമായി കാണണം. കൃഷിക്കായുള്ള ആസൂത്രണം ഭൂവിനിയോഗ ശേഷിയുടെ വർഗ്ഗീകരണത്തിന് അനുസൃതമായിരിക്കണം. ആധുനിക സാറ്റലൈറ്റ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ തണ്ണീർത്തടങ്ങളുടെയും നെൽപ്പാടങ്ങളുടെയും കൃത്യമായ ഡാറ്റാബേസ് തയ്യാറാക്കണം. തണ്ണീർത്തട സംരക്ഷണത്തിന് ശാസ്ത്രീയമായി ആസൂത്രണം ചെയ്യാൻ ഇത് സർക്കാരിനെ സഹായിക്കും. കാർഷികേതര ആവശ്യങ്ങൾക്കായി ഭൂമി തരിശായി ഉപേക്ഷിക്കുന്നതും തണ്ണീർത്തടങ്ങൾ വീണ്ടെടുക്കുന്നതും നിരുത്സാഹപ്പെടുത്തണം. കൃഷിയിൽ താൽപ്പര്യമില്ലാത്ത ഭൂവുടമകൾ ഭൂരഹിതരും കൃഷി ചെയ്യാൻ താൽപ്പര്യമുള്ളവരുമായവർക്ക് ഭൂമി പാട്ടത്തിന് നൽകുന്നത് പ്രോത്സാഹിപ്പിക്കണം. അത്തരം പാട്ടരീതികളെ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ നിയമപരിഷ്കാരങ്ങൾ പരിശോധിക്കണം.

3) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കാർഷിക ആസൂത്രണത്തിൽ അവരുടെ പങ്കാളിത്തം തീവ്രമാക്കണം. മാതൃകാ പദ്ധതികളുടെ ഒരു ശേഖരം തയ്യാറാക്കുന്നതുൾപ്പെടെ കാർഷികമേഖലയിൽ പ്രായോഗികവും അർത്ഥവത്തായതുമായ പദ്ധതികൾ തയ്യാറാക്കുന്നതിന് അവർക്ക് പ്രത്യേക സഹായം നൽകണം.

4) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കാർഷിക മേഖലയിലെ അവരുടെ ഇടപെടലുകൾക്ക് മുൻഗണന നൽകണം. ഒന്നാമതായി, എല്ലാ പഞ്ചായത്തുകളും ശാസ്ത്രീയമായ ഭൂവിനിയോഗ പദ്ധതികൾ തയ്യാറാക്കണം. ഈ ഭൂവിനിയോഗ പദ്ധതികൾ കൃഷി, പാർപ്പിട നിർമ്മാണം, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വ്യാവസായിക യൂണിറ്റുകൾ എന്നിങ്ങനെ വ്യത്യസ്ത ആവശ്യങ്ങൾക്കായി ഭൂമിയെ നിർവചിക്കേണ്ടതാണ്. രണ്ടാമതായി, നമ്മുടെ 44 നദികളിൽ ഓരോന്നിനും ഒരു നദീതട പദ്ധതി ആവശ്യമാണ്. ഇതിനായി ഹൈഡ്രോളജി, ജിയോളജി, എഞ്ചിനീയറിംഗ്, പരിസ്ഥിതിശാസ്ത്രം എന്നീ മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി ഒരു റിവർ ബേസിൻ അതോറിറ്റി സ്ഥാപിക്കണം. മൂന്നാമതായി, ഈ നദീതട പദ്ധതികളെ മുൻനിർത്തി ഓരോ പഞ്ചായത്തും പ്രാദേശിക നീർത്തട പദ്ധതികൾ തയ്യാറാക്കണം. നാലാമതായി, മേൽപ്പറഞ്ഞവയെ അടിസ്ഥാനമാക്കി, ഓരോ പഞ്ചായത്തിലും ഒരു ശാസ്ത്രീയ വിളപദ്ധതിയും വികസിപ്പിക്കണം; അത് ഭൂമിയുടെ ഇനം, മണ്ണ്, ഭൂപ്രകൃതി എന്നിവയെ അടിസ്ഥാനമാക്കി ഓരോ പ്രദേശത്തും കൃഷി ചെയ്യാൻ കഴിയുന്ന വിളകൾ ശുപാർശ ചെയ്യണം.

സുസ്ഥിര കൃഷിയിലേക്കുള്ള പാത ഭൂമിയുമായി ബന്ധപ്പെട്ട ഈ വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ കടന്നുപോകണം. ഈ പദ്ധതികളിൽ വിളകൾ, കന്നുകാലികൾ, മത്സ്യബന്ധനം എന്നിവ ഉൾപ്പെടുത്തണം. കൂടാതെ, ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തൽ, വരുമാന വളർച്ച, ഭക്ഷ്യസുരക്ഷ, പോഷകാഹാര സുരക്ഷ എന്നിവയുടെ ആവശ്യകതകളും കണക്കിലെടുക്കണം.

5) പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളുടെ ഒഴുക്ക് കേരളത്തിന്റെ ഭൂമിശാസ്ത്രത്തിന്റെ പ്രത്യേകതയാണ്. എന്നാൽ, ഈ വെള്ളത്തിന്റെ വലിയൊരു ഭാഗം ഉപയോഗശൂന്യമായി കടലിലേക്ക് ഒഴുകുകയാണ്. ചെറുതും വലുതുമായ പുതിയ ജലസംഭരണികളിൽ ഇത്തരം ജലം സംഭരിക്കുന്നതിനുള്ള വഴികൾ കേരളം സജീവമായി അന്വേഷിക്കണം. ഇത് ജലസേചനമുള്ള പ്രദേശം മെച്ചപ്പെടുത്തുന്നതിനും വേനൽക്കാലത്ത് കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനും സഹായിക്കും.

6) പതിമൂന്നാം പദ്ധതിക്കാലത്ത് ജലസേചന മേഖലയിൽ രണ്ട് തരം ശ്രമങ്ങൾക്ക് തുടക്കമിട്ടിരുന്നു. ഒന്നാമതായി, 1970-കളിലും 1980-കളിലും തുടങ്ങിയതും എന്നാൽ മുടങ്ങിക്കിടന്നതുമായിരുന്ന നാല് വൻകിട-ഇടത്തരം ജലസേചന പദ്ധതികൾ പൂർത്തീകരിക്കാനും കമ്മീഷൻ ചെയ്യാനും ലക്ഷ്യമിട്ടിരുന്നു. അവയിൽ ഒന്ന് – മൂവാറ്റുപുഴ പദ്ധതി – കമ്മീഷൻ ചെയ്തു കഴിഞ്ഞു. മറ്റ് മൂന്നെണ്ണം പിന്നിലാണ്. കാരാപ്പുഴ, ബാണാസുരസാഗർ, ഇടമലയാർ എന്നീ മൂന്ന് പദ്ധതികൾ പതിനാലാം പദ്ധതി കാലയളവിൽ കമ്മീഷൻ ചെയ്യാനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്തണം. രണ്ടാമതായി, വൻകിട-, ഇടത്തരം പദ്ധതികളിൽ നിന്ന് വിഭവങ്ങൾ ചെറുകിട-ജലസേചന പദ്ധതികളിലേക്കും നീർത്തടാടിസ്ഥാനത്തിലുള്ള പദ്ധതികളിലേക്കും മാറ്റണം. കൃഷിയിടങ്ങളിലെ ജലലഭ്യത തടസ്സങ്ങളില്ലാതെ ഉറപ്പു വരുത്തുന്നതിന് ജലസേചന പദ്ധതികളുടെ ടെയിൽ എൻഡ് കനാലുകൾക്ക് പ്രത്യേക ശ്രദ്ധ നൽകണം.

7) ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് നിലനിർത്തണം. സംസ്ഥാനത്തുടനീളം നദികൾ, കനാലുകൾ, തടാകങ്ങൾ, കുളങ്ങൾ, തോടുകൾ എന്നിവയുടെ ഡ്രഡ്ജിംഗും ശുചീകരണവും നടത്തണം. കുട്ടനാട് പോലുള്ള പ്രത്യേക പ്രദേശങ്ങളിൽ, “റൂം ഫോർ ദ റിവർ’ എന്ന ആശയം നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇത് തുടരണം. കരകൾ ബലപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും മാത്രമല്ല, കൃഷിഭൂമികളുടെ ബണ്ടുകൾ സംരക്ഷിക്കാനും ശ്രമിക്കേണ്ടതുണ്ട്.

8) ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും ലവണാംശം, അമ്ലം തുടങ്ങിയ പ്രത്യേക പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുന്നതിനുമുള്ള വഴികൾ കാർഷിക ഗവേഷണത്തിലുണ്ട്. ഉയർന്ന വിളവ് നൽകുന്നതും കീടങ്ങൾക്കും രോഗങ്ങൾക്കും പ്രതിരോധശേഷിയുള്ളതുമായ പുതിയ സങ്കര-വിത്തിനങ്ങൾ അവതരിപ്പിക്കാൻ കേരളത്തിലെ പൊതുഗവേഷണ സംവിധാനം പര്യാപ്തമാണ്. എന്നിരുന്നാലും, കാലാവസ്ഥാ വ്യതിയാനങ്ങൾ കാർഷിക പ്രയോഗത്തിൽ പുതിയ വെല്ലുവിളികൾ കൊണ്ടുവരുന്നു. നെൽകർഷകർക്ക് ഉയർന്ന വിളവ് നൽകുന്നതും കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കുന്നതും മാത്രമല്ല, കാലാവസ്ഥാ വ്യതിയാനങ്ങൾ, ലവണാംശം, അമ്ലം എന്നിവയോട് സഹിഷ്ണുത പുലർത്തുന്നതുമായ പുതിയ വിത്തുകൾ ആവശ്യമാണ്. പച്ചക്കറി കർഷകർക്ക് വേണ്ടത് ഉയർന്ന വിളവ് നൽകുന്നതും കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കുന്നതും കൃത്യതാ-കൃഷിക്കും പോളിഹൗസുകൾക്കും അനുയോജ്യവുമായ ഹൈബ്രിഡ് വിത്തുകളാണ്. നാളികേര കർഷകർക്ക് വേണ്ടത് ഉയരം കുറഞ്ഞതും ഉയർന്ന വിളവ് നൽകുന്നതും കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കുന്നതുമായ തൈകളാണ്. ഉയർന്ന് വരുന്ന ഈ വെല്ലുവിളികളെ നേരിടാൻ നമ്മുടെ ഗവേഷണ മേഖല മികച്ച രീതിയിൽ സജ്ജമാകണം. വിത്തുകളുടെ ഗുണനിലവാരം ആശങ്കയുടെ മറ്റൊരു മേഖലയാണ്, അവിടെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

9) കാർഷിക ഗവേഷണ സംവിധാനം കാർഷിക മേഖലയിലെ രാസ ഉപയോഗം യുക്തിസഹമാക്കാനുള്ള പ്രധാന വഴികളായി സംയോജിത പോഷകപരിപാലനവും സംയോജിത കീടപരിപാലനവും നിർദ്ദേശിക്കുന്നു. അതേ സമയം, നമ്മുടെ കാർഷിക വിജ്ഞാന-വ്യാപന സംവിധാനം അവ സ്വീകരിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. യുക്തിരഹിതമായ കൃഷിരീതികൾ — ഒരു വശത്ത്, രാസവള രഹിത കൃഷിയുടെ വാദത്തെ അടിസ്ഥാനമാക്കി മറുവശത്ത്, രാസവസ്തുക്കളുടെ ദുരുപയോഗത്തിനും അമിത ഉപയോഗത്തിനും എതിരെയുള്ള അലംഭാവത്തിലേക്ക് ചായുന്നതും — ആധുനികവും പ്രതികരിക്കുന്നതുമായ കാർഷിക വിഞ്ജാന-വ്യാപന സംവിധാനം വികസിപ്പിക്കുന്നതിലൂടെ നിരുത്സാഹപ്പെടുത്തണം. കൃഷിഭവനുകൾ സ്മാർട്ട് കൃഷിഭവനുകളായി മാറണം. ഇത് കൃഷി ഓഫീസർമാർക്ക് കർഷകരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അവസരമൊരുക്കും. സോഷ്യൽ മീഡിയയും മൊബൈൽ ആപ്ലിക്കേഷനുകളും പുതിയ വിജ്ഞാന-വ്യാപന തന്ത്രങ്ങളിൽ ഇടം കണ്ടെത്തണം.

10) അതേസമയം, പ്രത്യേക കാർഷിക ജോലികൾക്ക് കർഷകത്തൊഴിലാളികളുടെ ക്ഷാമം തുടരുന്നത് ആശങ്കാജനകമാണ്. കർഷകത്തൊഴിലാളികൾക്ക് സ്ഥിരവരുമാനവും മാന്യമായ ജീവിതവും ഉറപ്പാക്കുന്ന നയം രൂപീകരിക്കാനുള്ള ശ്രമങ്ങൾക്ക് നമ്മൾ നേതൃത്വം നൽകണം. തൊഴിലാളികളുടെ കൂട്ടായ്മകൾ രൂപീകരിക്കാനുള്ള ശ്രമങ്ങൾ വലിയ വിജയം കണ്ടിട്ടില്ല. നിലവിൽ, സംസ്ഥാനത്തുടനീളം കാർഷിക കർമ്മ സേനകൾ പ്രവർത്തിക്കുന്നുണ്ട്, അവയ്ക്ക് സമ്മിശ്രമായ റെക്കോർഡ് ആണുള്ളത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന ഉയർന്ന പ്രതിദിന വേതനം ഉണ്ടായിരുന്നിട്ടും അത്തരം സേനയിൽ നിന്നുള്ള ആളോഹരി വരുമാനം ഇപ്പോഴും ആകർഷകമല്ല; ഇത് തൊഴിലാളികളെ അത്തരം സംരംഭങ്ങളിൽ നിന്ന് അകറ്റുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചർച്ച ചെയ്ത് ഇതിനൊരു പരിഹാരം കാണണം. കാർഷികമേഖലയിൽ എംജിഎൻആർഇജിഎസ് പോലുള്ള പദ്ധതികൾ എങ്ങനെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താമെന്നും കേരളം അന്വേഷിക്കണം. കാർഷിക യന്ത്രവൽക്കരണത്തിൽ ശ്രദ്ധ തുടരണം. കേരളത്തിലെ ചെറുകിട കൃഷിയിടങ്ങൾക്ക്, പ്രത്യേകിച്ച് വീട്ടുവളപ്പുകൾക്ക് അനുയോജ്യമായ യന്ത്രങ്ങളും ഉപകരണങ്ങളും വികസിപ്പിക്കുന്നതിനാണ് നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

11) കാർഷിക വിപണനം ഒരു പ്രധാന വിഷയമാണ്. പതിനാലാം പദ്ധതി കാലയളവിൽ കാർഷിക വിപണന തന്ത്രം മുൻകാല ശ്രമങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കണം. നാളികേരം, പച്ചക്കറികൾ, റബ്ബർ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ പ്രധാന ചരക്കുകൾക്കായി നിയന്ത്രിതമായ ഒരു വിതരണശൃംഖല (supply chain) നിർമ്മിക്കണം. ബ്ലോക്ക്, ജില്ലാ തലങ്ങളിൽ വലിയ വിപണികൾക്ക് ഫീഡർ മാർക്കറ്റായി വർത്തിക്കുന്ന, ശീതീകരണ സൗകര്യങ്ങളുള്ള, എല്ലാ പഞ്ചായത്തിലും കുറഞ്ഞത് ഒരു പ്രാഥമിക ഗ്രാമീണ കാർഷിക വിപണി (primary rural agricultural market; PRAM) കേരളത്തിന് ആവശ്യമാണ്. ഓരോ കർഷകനെയും കാർഷിക സഹകരണ സംഘത്തെയും കർഷക ഉൽപാദക കമ്പനിയെയും ഈ PRAM-കളുമായി ബന്ധിപ്പിച്ചിരിക്കണം. വിപണികളുടെ ഫെഡറേഷനുകൾ സൃഷ്ടിക്കുന്നതിനും മൂല്യവർദ്ധന, സംസ്കരണ മേഖലകളുമായുള്ള പ്രായോഗിക ബന്ധം ഉറപ്പാക്കുന്നതിനും ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. പഞ്ചായത്തുതല വിപണികൾ സഹകരണമേഖലയുടെ കീഴിലാണെങ്കിൽ അത് ഏറ്റവും ഉചിതമായിരിക്കും.

12) കേരളത്തിലെ കാർഷിക വിപണനത്തിലെ മറ്റൊരു പ്രധാന പരിമിതി ഫാം ഗേറ്റിൽ ഉത്പന്നത്തിന്റെ ശേഖരണം നടത്താനുള്ള സൗകര്യങ്ങളുടെ അഭാവമാണ്. തൽഫലമായി, ചെറുകിട നാമമാത്ര കർഷകർക്ക് വിപണിയിൽ വിലപേശാനുള്ള കഴിവില്ല; അവർക്ക് ആദായകരമായ വില നിഷേധിക്കപ്പെടുന്നു. ശേഖരണത്തിന്റെ സാന്നിധ്യത്തിൽ മാത്രമേ കർഷകരെ മൂല്യവർദ്ധനവും സംസ്കരണവുമായി ബന്ധിപ്പിക്കാൻ കഴിയൂ. സംയോജനം ഉറപ്പാക്കാൻ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ (പിഎസിഎസ്), കർഷക ഉൽപാദക കമ്പനികൾ, കുടുംബശ്രീ ഗ്രൂപ്പുകൾ പോലുള്ള കർഷകരുടെ സമാന കൂട്ടായ്മകൾ എന്നിവയുടെ പങ്കിന് ഊന്നൽ നൽകണം. ഈ കൂട്ടായ്മകളുടെ സാമ്പത്തിക സ്ഥിരത പ്രധാനമാണ്.

13) മൂല്യവർദ്ധന-സംസ്കരണ മേഖലകളിൽ സ്വകാര്യ നിക്ഷേപം സ്വാഗതം ചെയ്യണം. കേരളത്തിൽ നിരവധി ഫുഡ് പാർക്കുകളും ഇൻഡസ്ട്രിയൽ പാർക്കുകളും ഉണ്ടെങ്കിലും ഇവയ്ക്ക് വേണ്ടത്ര വേഗത ലഭിച്ചിട്ടില്ല. ശേഖരണത്തിലുള്ള മോശം സൗകര്യങ്ങളും വിതരണ ശൃംഖലകൾ നിർമ്മിക്കുന്നതിനുള്ള ഒരു തന്ത്രത്തിന്റെ അഭാവവുമാണ് കാരണം.

14) കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ അവയുടെ അംഗങ്ങളുടെയും, അതുവഴി സമൂഹത്തിന്റെയും, പൊതുവായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആളുകളെ അണിനിരത്തുന്നതിലും അവരുടെ വിഭവങ്ങൾ സമാഹരിക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇന്ന് സംസ്ഥാനത്തെ ഗ്രാമീണ സാമ്പത്തിക പ്രവർത്തനങ്ങളുടെ നട്ടെല്ല് സഹകരണ സംഘങ്ങളാണ്. തുടർച്ചയായ പഞ്ചവത്സര പദ്ധതികളിലൂടെയും അനുബന്ധ ഗ്രാന്റുകളിലൂടെയും സർക്കാർ കേരളത്തിലെ സഹകരണ സംഘങ്ങളെ ശക്തമായി പിന്തുണച്ചിട്ടുണ്ട്. സഹകരണ സ്ഥാപനങ്ങൾക്ക് പ്ലാൻ ഫണ്ട് അനുവദിക്കുന്നതിന് ഊന്നൽ നൽകുന്നതിനൊപ്പം, സഹകരണ വായ്പ പിന്തുണയോടെ സഹകരണ സ്ഥാപനങ്ങൾ വഴി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നയത്തിൽ ഊന്നൽ നൽകിയിട്ടുണ്ട്.

15) കാർഷിക വായ്പയുടെ മേഖലയാണ് നയം പുതുക്കേണ്ട മറ്റൊരു മേഖല. നിലവിൽ കേരളത്തിന് പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും വിപുലമായ ശൃംഖലയുണ്ട്. എന്നിരുന്നാലും ഈ സ്ഥാപനങ്ങളിൽ നിന്ന് നൽകുന്ന കാർഷിക വായ്പയുടെ വ്യാപ്തി അവരുടെ മൊത്തം വായ്പാ പോർട്ട്ഫോളിയോയുടെ 15 ശതമാനത്തിൽ താഴെയാണ്. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ പ്രാദേശിക തലത്തിൽ ഉൽപ്പാദന, കാർഷിക മേഖലകളിലെ നിക്ഷേപങ്ങൾക്ക് മതിയായ ധനസഹായം നൽകണം. കന്നുകാലി, മത്സ്യബന്ധന മേഖലകളിൽ വായ്പ നൽകുന്നതിൽ പ്രത്യേക ശ്രദ്ധ നൽകണം. ഈ ആവശ്യത്തിനായി, ഈ സ്ഥാപനങ്ങളുടെ അറ്റ വായ്പാ ഒഴുക്കിന്റെ ഒരു നിശ്ചിത അനുപാതം ഉൽപ്പാദന-കാർഷിക മേഖലകൾക്ക് നിർബന്ധമായും വായ്പ നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്നതിനുള്ള വഴികൾ സർക്കാർ ആരായണം. ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (എഫ്പിഒ) ഉൾപ്പെടെയുള്ള വിജയകരമായ സബ്സിഡിയറി സംരംഭങ്ങൾ സ്ഥാപിക്കാനും ധനസഹായം നൽകാനും സഹകരണ സംഘങ്ങൾക്ക് കഴിയണം. സഹകരണ മേഖലയിൽ യുവാക്കളുടെ ഇടപെടലുകൾക്കും നിർണായക ശ്രദ്ധ നൽകണം. സാങ്കേതികവിദ്യയുടെ കൂടുതൽ ഇൻഫ്യൂഷൻ യുവാക്കളെ ഈ മേഖലയിലേക്ക് ആകർഷിക്കാൻ സഹായിക്കും. പുതിയ സംരംഭങ്ങൾക്ക്, പ്രത്യേകിച്ച് സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകുന്നതിൽ സഹകരണ സ്ഥാപനങ്ങൾ ഏർപ്പെടണം.

ചുരുക്കത്തിൽ, പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ശ്രദ്ധ കേരളത്തിലെ കാർഷിക സമ്പദ്‌വ്യവസ്ഥയെ നവീകരിക്കുക എന്നതായിരിക്കണം. ഈ പ്രവർത്തനം കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, തദ്ദേശസ്വയംഭരണം, സഹകരണം, വ്യവസായം എന്നീ വകുപ്പുകളുടെ നേതൃത്വത്തിലായിരിക്കണം. കൃഷി ആധുനികമാക്കുകയും ഉൽപ്പാദനക്ഷമത ഉയർത്താൻ ലഭ്യമായ ഏറ്റവും ആധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കുകയും വേണം. ഉൽപ്പാദനക്ഷമത വർധിപ്പിച്ചാൽ മാത്രമേ കർഷകരുടെ വരുമാനം ഉയർത്താൻ കഴിയൂ. ശേഖരണം, വിപണനം, മൂല്യവർദ്ധനവ് എന്നിവയിലും നയം പ്രത്യേക ശ്രദ്ധ നൽകണം. സഹകരണ സ്ഥാപനങ്ങളും മറ്റ് തരത്തിലുള്ള കൂട്ടായ്‌മകളും ഈ ലക്ഷ്യത്തെ പ്രോത്സാഹിപ്പിക്കണം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × 4 =

Most Popular