Saturday, April 12, 2025

ad

Homeകവര്‍സ്റ്റോറികണ്ണൂർ സംഘചേതന കേരളത്തിന്റെ 
ജനകീയ നാടകപ്രസ്ഥാനം

കണ്ണൂർ സംഘചേതന കേരളത്തിന്റെ 
ജനകീയ നാടകപ്രസ്ഥാനം

കരിവെള്ളൂർ മുരളി

1987 ഫെബ്രുവരി 10 മുതൽ പ്രവർത്തനമാരംഭിക്കുകയും മൂന്നു വർഷത്തിനിടയിൽ തന്നെ ജനലക്ഷങ്ങളുടെ ഹൃദയം കവർന്ന രംഗാവതരണങ്ങളിലൂടെ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ജനകീയ നാടകപ്രസ്ഥാനമായി വളർച്ച പ്രാപിക്കുകയും ചെയ്ത കണ്ണൂർ സംഘചേതനയുടെ നാൾവഴികൾ നമ്മുടെ നാടക ചരിത്ര വിദ്യാർത്ഥികൾക്ക് എന്നും പാഠപുസ്തകമായിരിക്കും.

വളരെ സമൃദ്ധമായ ഫോക്ക് ദൃശ്യകലാപാരമ്പര്യമുള്ള നാടാണ് വടക്കൻ കേരളം. തെയ്യവും പൂരക്കളിയും കോൽക്കളിയും കോതാമ്മൂരിയും പൊറാട്ടും ദഫും അറബനമുട്ടും ആലാമിക്കളിയും മാത്രമല്ല, തമിഴ് സംഗീത നാടകങ്ങളുടെ ചുവടുപിടിച്ച് പരക്കെ അവതരിപ്പിച്ചിരുന്ന മലയാള സംഗീത നാടകങ്ങളും ഒരു ജനതയുടെ ദൃശ്യബോധത്തെയും സംസ്ക്കാരത്തെയും രൂപപ്പെടുത്തിയ നാടാണ് പഴയ വടക്കേ മലബാർ. തെയ്യത്തിന്റെ കുലഗുരുവായ മണക്കാടൻ ഗുരുക്കളുടെയും നാട്  പഴയ ചിറക്കൽ താലൂക്കിന്റെ വടക്കേ അറ്റത്തെ ഗ്രാമമായ കരിവെള്ളൂരാണ്. നാടകത്തിന്റെ സ്വതഃസിദ്ധമായ ഒരു സംസ്കാരം വടക്കൻനാടുകൾക്ക് ലഭിച്ചതുതന്നെ തെയ്യത്തിൽ നിന്നായിരിക്കണം.

കുട്ടമത്ത് കുഞ്ഞമ്പുക്കുറുപ്പ്, മഹാകവി കുട്ടമത്ത്, കുന്നിയൂർ കുഞ്ഞികൃഷ്ണക്കുറുപ്പ്, വിദ്വാൻ പി. കേളുനായർ, രസികശിരോമണി കോമൻനായർ, മലബാർ രാമൻ നായർ, അയിത്തല അമ്പു ആശാൻ, പി.എം. അനന്തൻ മടയൻ, മോയൻ ചാത്തുക്കുട്ടി നമ്പ്യാർ, സി.കെ.ഭാഗവതർ, തുടങ്ങിയവരാണ് ഉത്തര കേരളത്തിലെ സംഗീത നാടക പ്രസ്ഥാനത്തിന്റെ ആദ്യ പഥികർ. ഇതിൽ മഹാകവി കുട്ടമത്തും വിദ്വാൻ പി. കേളു നായരും രസികശിരോമണി കോമൻനായരും കേവലം സംഗീത നാടകക്കാർ മാത്രമല്ല. ദേശീയപ്രസ്ഥാനത്തിന്റെയും സാമ്രാജ്യത്വ വിരുദ്ധ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെയും ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിന് നാടകവേദിയെ ആയുധമാക്കി മാറ്റിയവരാണ്. പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും നിഴലിലിരുന്ന് സമകാലിക രാഷ്ട്രീയപ്രശ്നങ്ങളെ നാടകത്തിലൂടെ ആവിഷ്കരിച്ചവരാണ് അവർ. ആ അർത്ഥത്തിൽ വടക്കൻ കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയനാടകക്കാർ കൂടിയാണ് കുട്ടമത്തും കേളുനായരും കോമൻനായരുമെല്ലാം. ദേശീയപ്രസ്ഥാനത്തിന്റെ പ്രവർത്തകർക്ക് ഒത്തുചേരാനും രാഷ്ട്രീയ പ്രവർത്തനം തുടരാനുമുള്ള ഒരു മറ കൂടിയായിരുന്നു വടക്കൻ കേരളത്തിലെങ്ങും നടന്നിരുന്ന സംഗീത നാടകങ്ങളുടെ ആവിഷ്കാരവും അവതരണവും. സ്വാതന്ത്ര്യപൂർവ്വകാലത്തു തന്നെ പ്രത്യക്ഷമായിരുന്ന നാടകവേദിയിലെ ഈ രാഷ്ട്രീയബോധം പിന്നീട് നാടകപ്രസ്ഥാനം ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്നതിന് പ്രേരകശക്തിയായിട്ടുണ്ട്.

കെ ദാമോദരൻ
വെെക്കം ചന്ദ്രശേഖരൻ നായർ
പി ജെ ആന്റണി

1935 മുതൽ പ്രവർത്തനമാരംഭിച്ച മലബാർ കർഷകപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് 1937ൽ കെ. ദാമോദരൻ രചിച്ച പാട്ടബാക്കി എന്ന നാടകത്തിന്റെ അവതരണം വലിയ അളവിൽ സഹായകരമായിട്ടുണ്ട്. ഗ്രാമങ്ങൾ തോറും കർഷക സമ്മേളനങ്ങളിൽ പാട്ടബാക്കി നാടകം പ്രമുഖ കർഷകനേതാക്കൾ പങ്കാളികളായി അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഐ പി ടി എ ( ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ) രൂപംകൊള്ളുന്നതിനുമുമ്പ് പഴയ മലബാറിലെങ്ങും പാട്ടബാക്കി പരക്കെ അവതരിപ്പിച്ചിട്ടുണ്ട്.

കർഷകസമരങ്ങളുടെയും തുടർന്നുള്ള കൽക്കത്താ തിസീസിന്റെയും കാലഘട്ടത്തിലെ ഭരണകൂടശക്തികളുടെ കിരാതമായ നരനായാട്ടിന്റെകാലത്ത് നാടകമടക്കമുള്ള സർഗ്ഗാത്മക മേഖലകളിൽ പ്രകടമായ ഒരു നിശ്ശബ്ദഘട്ടമുണ്ടായിട്ടുണ്ട്.

1953-ൽ രൂപീകൃതമായ മലബാർ കേന്ദ്രകലാസമിതിയുടെ കാലഘട്ടമാണ് ഉത്തരകേരളത്തിലെ  ഗ്രാമീണകലാസമിതികളുടെയും അമേച്വർ നാടകങ്ങളുടെയും പിന്നീടുണ്ടായ വസന്തകാലം. ഇന്ത്യയൊട്ടാകെ മുന്നേറിക്കൊണ്ടിരുന്ന ഇപ്റ്റയുടെ സ്വാധീനവും കെ.പി.എ. സി യുടെ രൂപീകരണവുമെല്ലാം അമ്പതുകളുടെ ആദ്യപകുതിയിലെ നാടകമുന്നേറ്റത്തെ വലിയ അളവിൽ ത്വരിതപ്പെടുത്തിയിട്ടുണ്ട്. വെറും നാലു വർഷത്തിനുള്ളിൽ മലബാർ കേന്ദ്രകലാസമിതിയിൽ അംഗത്വമുള്ള കലാസമിതികൾ ചേർന്ന് ആയിരം നാടകങ്ങൾ അവതരിപ്പിച്ചതായി 54-ലെ സ്മരണികയിൽ പറയുന്നുണ്ട്. ഇങ്ങനെ നാടെങ്ങും നാടകങ്ങളുമായി മുന്നേറിയ ഒരു കാലഘട്ടം കേരളമാകെ രാഷ്ട്രീയ ബോധത്തിന്റെ ഊർജ്ജസ്വലമായ ഒരു നവതരംഗം തന്നെയാണ് സൃഷ്ടിച്ചത്.

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന കെ.പി.എ.സി നാടകം ഒരു പുതിയ തിയേറ്റർ ശൈലിക്ക് തന്നെയാണ് തുടക്കമിട്ടത്. പഴയ കമ്പനി നാടകങ്ങളുടെ കാലത്തിനു ശേഷം പല വേദികളിലായി യാത്ര ചെയ്ത് നാടകം അവതരിപ്പിക്കുന്ന ടൂറിംഗ് തിയേറ്ററിന് അത് ആരംഭം കുറിച്ചു. കോട്ടയം കേരള തിയറ്റേഴ്സ്, കൊല്ലം കാളിദാസ കലാകേന്ദ്രം, എറണാകുളം പ്രതിഭാ ആർട്സ് ക്ലബ്ബ്, ആലപ്പുഴ കല്പനാ തിയറ്റേഴ് സ്, ചങ്ങനാശ്ശേരി ഗീഥ, ആറ്റിങ്ങൽ ദേശാഭിമാനി, വൈക്കം മാളവിക തുടങ്ങിയ ഈ നാടകസംഘങ്ങളുടെ പ്രശസ്തങ്ങളായ നാടകങ്ങൾ നാടെങ്ങും തലങ്ങും വിലങ്ങും അവതരിപ്പിച്ചു തുടങ്ങി. ഈ വഴിയിൽ കോഴിക്കോട് കേന്ദ്രമായും പുതിയ നാടക സമിതികൾ ഉയർന്നുവന്നു. കോഴിക്കോട് എക്സ്പിരിമെന്റൽ തിയറ്റേഴ്സ്, മ്യൂസിക്കൽ തിയറ്റേഴ്സ്, കോഴിക്കോട് സംഗമം, കോഴിക്കോട് കലിംഗ, ചിരന്തന, സ്റ്റേജ് ഇന്ത്യ തുടങ്ങി നിരവധി നാടകസംഘങ്ങൾ ഉദയം ചെയ്തു. മലയാളത്തിലെ എക്കാലത്തെയും വലിയ നാടകപ്രതിഭകളുടെ മഹത്തായ നാടകങ്ങളെല്ലാം പ്രൊഫഷണൽനാടകം എന്നു വിളിക്കപ്പെട്ട ഈ നാടകവേദിയിലൂടെയാണ് പുറത്തുവന്നത്. തോപ്പിൽ ഭാസി (‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’, ‘സർവ്വേക്കല്ല്’, ‘മുടിയനായ പുത്രൻ’, ‘മൂലധനം’, ‘ പുതിയ ആകാശം പുതിയ ഭൂമി’, ‘അശ്വമേധം’, ‘ശരശയ്യ’, ‘കയ്യും തലയും പുറത്തിടരുത്’) വൈക്കം ചന്ദ്രശേഖരൻ നായർ (‘ഡോക്ടർ’, ‘ജനനീ ജന്മഭൂമി’) പൊൻകുന്നം വർക്കി (‘കതിരുകാണാക്കിളി’) പി.ജെ.ആന്റണി (‘ഇൻക്വിലാബിന്റെ മക്കൾ’) എസ്. എൽ. പുരം സദാനന്ദൻ (‘ഒരാൾ കൂടി കള്ളനായി’, ‘വില കുറഞ്ഞ മനുഷ്യർ’, ‘കാക്കപ്പൊന്ന്’, ‘അഗ്നിപുത്രി’,‘സത്രം’) കെ.ടി. മുഹമ്മദ് (‘ഇത് ഭൂമിയാണ്’, ‘സൃഷ്ടി, സ്ഥിതി, സംഹാരം’, ‘മുത്തുച്ചിപ്പി’, ‘രാഷ്ട്രഭവൻ’, ‘സ്വന്തം ലേഖകൻ’, ‘ജീവപര്യന്തം’) ഏരൂർ വാസുദേവ് (‘ജീവിതം അവസാനിക്കുന്നില്ല’) തുടങ്ങി എണ്ണമറ്റ നാടകപ്രതിഭകളും അവരുടെ നാടകങ്ങളും ഇക്കാലത്ത് പുറത്തുവന്നു.
1952 മുതൽ തോപ്പിൽ ഭാസിയുടെ നാടകങ്ങളുമായി മുൻനിരയിലുള്ള കെ.പി.എ.സി. കമ്യൂണിസ്റ്റ് പാർട്ടി ഉടമസ്ഥതയിലുള്ള നാടകസംഘമാണ്. 1960 മുതൽ ഒ. മാധവന്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച കാളിദാസ കലാകേന്ദ്രവും പാർട്ടി നിയന്ത്രണത്തിലാണ് പ്രവർത്തിച്ചത്.

1964-ൽ സിപിഐ എം പ്രവർത്തനമാരംഭിച്ചതോടെ കേരളത്തിൽ പാർട്ടിയുടെ നേതൃത്വത്തിൽ ഔപചാരിക സംഘടനാബന്ധമുള്ള ഒരു നാടകസംഘം ഇല്ലാതെയായി. അഡ്വ. കെ.എസ്. ഉമ്മർ സിപിഐ എം പ്രവർത്തകനായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ആറ്റിങ്ങൽ ദേശാഭിമാനി മാത്രമാണ് അതിന് അപവാദമായിരുന്നത്. കോഴിക്കോട് സംഗമം 1970 മുതൽക്കാണ്‌ പ്രവർത്തനമാരംഭിച്ചത്. പക്ഷേ ഒരിക്കലും കണ്ണൂരിൽ ഒരു പ്രൊഫഷണൽ നാടക സംഘത്തിന് വേരുപിടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. എൻ.പി.രാജന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച രാജാ തിയറ്റേഴ്സ് അധികകാലം നീണ്ടുനിന്നില്ല. പക്ഷേ സമ്മേളന വേദികളിലും വായനശാലാ – സ്കൂൾ വാർഷികങ്ങളിലും ഏറ്റവുമധികം നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടിരുന്നത് കണ്ണൂർ, കാസർകോട് ജില്ലകളിലായിരുന്നു. തെക്കൻ ജില്ലകളിൽ നിന്നും തീയതികൾ ഷെഡ്യൂൾ ചെയ്ത് എത്തുന്ന നാടകസംഘങ്ങളുടെ മേച്ചിൽപ്പുറമായിരുന്നു കുറേക്കാലം വടക്കൻ കേരളം. കലാമൂല്യമോ പ്രമേയദാർഢ്യമോ ഇല്ലാത്ത നേരംകൊല്ലി നാടകങ്ങളുടെ അതിപ്രസരമായിരുന്നു ഇടക്കാലത്ത്. അമേച്വർ നാടക രംഗത്ത് വളരെയധികം പരിശ്രമങ്ങൾ നടക്കുമ്പോഴും മുഖ്യധാരാ നാടകവേദി മുഖം തിരിച്ചു നിൽക്കയായിരുന്നു.

കെ ടി മുഹമ്മദ്
പിരപ്പൻകോട് മുരളി
എം പി നാരായണൻ നമ്പ്യാർ

1987-ൽ പിണറായി വിജയൻ സി.പിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് ഇതിന് ഒരു മാറ്റം വരുന്നത്. സിപിഐ എം കണ്ണൂർ ജില്ലാകമ്മിറ്റിയുടെ ഉടമസ്ഥതയിൽ ഒരു പ്രൊഫഷണൽ നാടകസംഘത്തിന് രൂപംനൽകുന്നതിനുള്ള പ്രോജക്ട് തയ്യാറാക്കാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. 1987 ഫെബ്രുവരി 10-ന് വിളിച്ചുചേർത്ത നാടകപ്രവർത്തകരുടെ വിപുലമായ ഒരു യോഗത്തിൽ വെച്ച് ആ പ്രോജക്ട് ഞാൻ അവതരിപ്പിക്കുകയും അവിടെ വെച്ച് കണ്ണൂർ സംഘചേതന എന്ന പേരിൽ കണ്ണൂർ കേന്ദ്രമായി ഒരു പുതിയ നാടകസംഘം രൂപീകരിക്കുകയും ചെയ്തു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റുമായ എം.പി. നാരായണൻ നമ്പ്യാർ പ്രസിഡന്റും കരിവെള്ളൂർ മുരളി സെക്രട്ടറിയുമായിട്ടാണ് കണ്ണൂർ സംഘചേതന സ്ഥാപിക്കപ്പെട്ടത്. കെ.എം. രാഘവൻ നമ്പ്യാർ രചനയും സംവിധാനവും നിർവ്വഹിച്ച രണ്ടു നാടകങ്ങളുമായിട്ടായിരുന്നു സംഘചേതന തുടക്കം കുറിച്ചത്. ആദ്യം നീതിപക്ഷം, രണ്ടാമത്തേത് പ്രജാപതി. മൂന്നാമത്തെ നാടകമാണ് കണ്ണൂർ സംഘചേതന എന്ന നാടകസംഘത്തെ കേരളത്തിലും പുറത്തും അടയാളപ്പെടുത്തുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കക്കാരനും സ്ഥാപകസെക്രട്ടറിയുമായ സഖാവ് പി. കൃഷ്ണപിള്ളയുടെ ജീവിതവും സമരങ്ങളും തന്നെയായിരുന്നു ‘സഖാവ്‘ എന്ന പേരിൽ പ്രശസ്തമായ നാടകത്തിന്റെ പ്രമേയം. പിരപ്പൻകോട് മുരളി രചനയും പി.കെ. വേണുക്കുട്ടൻ നായർ സംവിധാനവും നിർവ്വഹിച്ച സഖാവ് എന്ന നാടകം കേരളമാകെ തെക്കുവടക്കു ഭേദമില്ലാതെ അവതരിപ്പിക്കപ്പെട്ടു. നാടകം അവതരിപ്പിക്കുന്നതിനുവേണ്ടി മാത്രമായി നൂറുകണക്കിന് പുതിയ സംഘടനകൾ രൂപീകരിക്കപ്പെട്ടു. ഉദ്ഘാടനത്തിനു ശേഷം ഒറ്റ ദിവസവും ഒഴിവില്ലാതെ കേരളമാകെ ബുക്കിംഗ് ആയിരുന്നു. ഇ.എം എസ് രണ്ടു തവണ റിഹേഴ്സൽ ക്യാമ്പിലെത്തി ആവശ്യമായ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നിർദ്ദേശിച്ചു. ഇ.കെ. നായനാർ തലശ്ശേരി ബാങ്ക് ഹാളിൽവെച്ച്  ഉദ്ഘാടനം നിർവ്വഹിച്ചു. എല്ലാ ജില്ലകളിലും ഗ്രാമങ്ങൾ തോറും സഖാവിന് വൻസ്വീകരണമാണ് ലഭിച്ചത്. പ്രേക്ഷകർ കൂട്ടത്തോടെ മുദ്രാവാക്യം മുഴക്കുകയും ആവേശപൂർവ്വം അഭിവാദ്യം ചെയ്യുകയും ഒക്കെ പതിവായി. പിരപ്പൻകോട് മുരളിയും കരിവെള്ളൂർ മുരളിയും എഴുതി ആമച്ചൽ സദാനന്ദൻ, ധർമ്മൻ  ഏഴോം എന്നിവർ സംഗീതം നൽകിയ ‘സഖാവി’ലെ പാട്ടുകൾ പഴയ കെ.പി.എ.സിക്കാലത്തെ പാട്ടുകൾ പോലെ ജനം ഏറ്റെടുത്തു. നാടകത്തിലെ പാട്ടുകളുടെ ഓഡിയോ കാസറ്റുകൾക്ക് വലിയ വില്പനയുണ്ടായി. പി. കൃഷ്ണപിള്ള, ഇ.എം.എസ്, എ.കെ.ജി, എ.വി. കുഞ്ഞമ്പു, എ. കുഞ്ഞിക്കണ്ണൻ, ടി.വി.തോമസ്, എസ്.വി. ഘാട്ടെ തുടങ്ങിയ മുപ്പതുകളിലെയും നാൽപ്പതുകളിലെയും കമ്യൂണിസ്റ്റ് നേതാക്കളെല്ലാം നാടകത്തിൽ കഥാപാത്രങ്ങളായിരുന്നു. നാടകം അവതരിപ്പിച്ച സ്ഥലങ്ങളിലെല്ലാം ജനങ്ങൾ നൽകിയ പ്രതികരണം അത്യാവേശകരമായിരുന്നു. ഒരു നാടകസംഘമെന്ന നിലയിൽ ജനങ്ങളുടെ ഈ പ്രതികരണം വലിയ ആത്മവിശ്വാസത്തിലേക്കും ഉത്തരവാദിത്തത്തിലേക്കും കണ്ണൂർ സംഘചേതനയെ ഉയർത്തി.

പി വി കെ പനയാൽ

തൊഴിൽ നാടകവേദിയിൽ കച്ചവടമൂല്യങ്ങൾ ഇരച്ചുകയറുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്ന ഒരു ഘട്ടമായിരുന്നു അത്. അതിൽ നിന്ന് ഭിന്നമായി കൃത്യമായ രാഷ്ട്രീയ ഉള്ളടക്കമുള്ള, അഭിനയത്തിലും സാങ്കേതികവിഭാഗങ്ങളിലും ഒരു പോലെ ഗുണമേന്മയുള്ള നാടകങ്ങൾ സൃഷ്ടിക്കുന്ന ഒരു തിയേറ്റർ ആവണമെന്ന് സംഘചേതനയുടെ പ്രവർത്തകർ ഒന്നടങ്കം തീരുമാനിച്ചു.

കെ.എം.ആറിന്റെ ‘കാളകൂട’മാണ് നാലാമത്തെ നാടകം. അഞ്ചാമത്തെ നാടകം ‘പഴശ്ശിരാജ’. ‘പഴശ്ശിരാജ’യുടെ രചനയും പിരപ്പൻകോട് മുരളി തന്നെയാണ്. ഗോപിനാഥ് കോഴിക്കോട് സംവിധാനം. ‘സഖാവ്’, ‘പഴശ്ശിരാജ’ എന്നീ നാടകങ്ങൾ ഒരേസമയം കേരളം മുഴുവൻ സംഘചേതന മാറിമാറി അവതരിപ്പിച്ചു കൊണ്ടിരുന്നു. ഒരു യഥാർത്ഥ പ്രൊഫഷണൽ തിയേറ്ററിനു വേണ്ടിയുള്ള അന്വേഷണം കൂടിയായിരുന്നു അത്. നാടകത്തെക്കുറിച്ച് സംഘാംഗങ്ങൾ ഒന്നിച്ചിരുന്ന് ചർച്ച ചെയ്യുക, അതിന്റെ രാഷ്ട്രീയ അന്തർധാരകൾ തിരിച്ചറിയുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുക. നാടകം സംബന്ധിച്ച ജനങ്ങളുടെ ചർച്ചകളിൽ ഇടപെട്ട് സംശയങ്ങൾ ദൂരീകരിക്കാനും മറുപടി പറയാനും ആർട്ടിസ്റ്റുകളെയാകെ പ്രാപ്തരാക്കുക, അഭിനയത്തിനു പുറമെ എല്ലാവരെയും സാങ്കേതിക വിഭാഗങ്ങളിലും പരിശീലനം നൽകുക, രംഗമൊരുക്കുന്നതിൽ മാത്രമല്ല, സെറ്റുകൾ ലോഡ് ചെയ്യുന്നതിലും പാക്കിംഗ് നടത്തുന്നതിലും വരെ എല്ലാവരെയും പങ്കാളികളാക്കുക – ഇങ്ങനെ സർഗ്ഗാത്മക സംഘാടനത്തിന്റെ പുതിയൊരു അധ്യായം സൃഷ്ടിക്കുക കൂടിയായിരുന്നു സംഘചേതന. ഹിന്ദു വർഗീയവാദികൾ പഴശ്ശിരാജയെ ഒരു ഹിന്ദുത്വഐക്കൺ ആക്കി മാറ്റാൻ ശ്രമിക്കുന്ന കാലത്താണ് ആ നാടകം സംഘചേതന അവതരിപ്പിച്ചത്. അതുകൊണ്ട് പഴശ്ശിരാജയുടെ ജീവിതത്തിലെ മതനിരപേക്ഷമൂല്യങ്ങൾക്ക് വലിയ പ്രാധാന്യമാണ് നാടകത്തിൽ നൽകിയത്. നാടകം കാണുന്ന പ്രേക്ഷകരുമായി പിന്നീട് എല്ലായിടത്തും നടത്തുന്ന ചർച്ചകളിൽ പ്രമേയത്തിലെയും പരിചരണത്തിലെയും ഇതുപോലെയുള്ള  പ്രത്യേകതകൾ വിശദീകരിക്കുവാൻ നാടകസംഘം മുഴുവൻ പരിശീലിപ്പിക്കപ്പെട്ടിരുന്നു. സംസ്ഥാന സർക്കാർ നടത്തിയ മത്സരത്തിൽ മികച്ച രണ്ടാമത്തെ നാടകമായി ‘പഴശ്ശിരാജ’ തെരഞ്ഞെടുക്കപ്പെട്ടു.

തെലങ്കാന സമരത്തിന്റെ വീരഗാഥയായ ‘സൂര്യാപേട്ട്’ സംഘചേതനയുടെ ആറാമത്തെ നാടകമായിരുന്നു. പി.വി.കെ.പനയാൽ രചനയും ഗോപിനാഥ് കോഴിക്കോട് സംവിധാനവും നിർവ്വഹിച്ച ‘സൂര്യാപേട്ടി’ന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കു വേണ്ടി നാടകകൃത്തും സംവിധായകനും ഞാനും ചേർന്ന് ആഴ്ചകളോളമാണ് തെലങ്കാനയിൽ താമസിച്ച് അന്വേഷണം നടത്തിയത്. തെലങ്കാന സമരനായിക മല്ലു സ്വരാജ്യം നാടകത്തിന്റെ ഉദ്ഘാടന ദിവസം കാസർകോട്ടെത്തി. ഇ.കെ. നായനാരുടെ അദ്ധ്യക്ഷതയിൽ ഇ.എം. എസാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. തുടർച്ചയായി  അഞ്ചു വർഷം ബോംബെയിൽ കണ്ണൂർ സംഘചേതനയുടെ നാടകോത്സവങ്ങൾ സംഘടിപ്പിച്ചിരുന്നു.

‘ചരിത്രം അവസാനിക്കുന്നില്ല’ മാർക്സിന്റെ ജീവിതവും പോരാട്ടങ്ങളുമായിരുന്നു. ചന്ദ്രശേഖരൻ തിക്കോടി രചനയും ഡോ. ഷിബു എസ് കൊട്ടാരം സംവിധാനവും നിർവ്വഹിച്ചു. സുലൈമാൻ കക്കോടി രചനയും ഷിബു എസ് കൊട്ടാരം സംവിധാനവും നിർവ്വഹിച്ച സ്വാതന്ത്ര്യത്തിന്റെ മുറിവുകൾ, മഹാത്മാഗാന്ധിയുടെ ജീവിതത്തിലെ അവസാന വർഷത്തിന്റെ ആവിഷ്ക്കാരമായിരുന്നു. വിഭജനത്തിന്റെ നാളുകളും സ്വാതന്ത്ര്യത്തിന്റെ ദിനങ്ങളും കടന്ന് ഗാന്ധിവധത്തിൽ അവസാനിക്കുന്ന നാടകം. സംസ്ഥാന സർക്കാരിന്റെ നാലു അവാർഡുകൾ നാടകത്തെ തേടിയെത്തി. ഹാവാർഡ് ഫാസ്റ്റിന്റെ ഫ്രീഡം റോഡ് എന്ന നോവലിനെ അവലംബിച്ച് സോമൻ വില്വമംഗലം രചിച്ച് ഷിബു എസ് കൊട്ടാരം സംവിധാനം ചെയ്ത ഫ്രീഡം റോഡ് ആണ് അടുത്ത നാടകം. സമയതീരം, മറുപുറം എന്നീ രണ്ടു നാടകങ്ങൾ കൂടി അവതരിപ്പിച്ച ശേഷമാണ് പന്ത്രണ്ടാമത് നാടകമായി കരിവെള്ളൂർ മുരളി രചിച്ച് ഗോപിനാഥ് കോഴിക്കോട് സംവിധാനം ചെയ്ത അതിപ്രശസ്തമായ ചെഗുവേര നാടകവുമായി സംഘചേതന രംഗത്തെത്തുന്നത്. സംസ്ഥാന സർക്കാരിന്റെ ആറ് അവാർഡുകളാണ് ചെഗുവേര നാടകത്തിന് ലഭിച്ചത്.

അതോടെ കണ്ണൂർ സംഘചേതന എന്ന ജനകീയ നാടകപ്രസ്ഥാനത്തിന്റെ ആദ്യഘട്ടം അവസാനിച്ചു. 1999-നു ശേഷം സംഘചേതനയുടെ കൊടിയിറക്കത്തിന്റെ കാലമായിരുന്നു. ഒറ്റ വർഷം 300 വേദികളിൽ അവതരിപ്പിച്ച നാടകമാണ് ‘ചെഗുവേര’. പിന്നീട് മൂന്നു വർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും നാടകങ്ങളുമായി അരങ്ങിലെത്തിയപ്പോൾ വേദികളുടെ എണ്ണം വളരെ കുറഞ്ഞു. പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടു. 2022-നു ശേഷം നാടകം അവതരിപ്പിച്ചിട്ടില്ല.

വടക്കൻ കേരളത്തിൽ നാടകം വേരുപിടിക്കില്ലെന്ന മൂഢവിശ്വാസത്തെ സംഘടിതമായ പ്രവർത്തനം കൊണ്ട് മറികടക്കുകയും 15 വർഷത്തോളം കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നാടകങ്ങളുടെ അവതരണങ്ങൾ വഴി മലയാള നാടകവേദിയിൽ കൊടുങ്കാറ്റ് വിതയ്ക്കുകയും ചെയ്ത കേരളത്തിലെ ഏറ്റവും ഉജ്ജ്വലമായ ജനകീയ നാടകപ്രസ്ഥാനമാണ് കണ്ണൂർ സംഘചേതന. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve − 6 =

Most Popular