Sunday, April 13, 2025

ad

Homeകവര്‍സ്റ്റോറിസമത വനിതാകലാവേദി സമാനതകളില്ലാത്ത പെണ്‍കൂട്ടായ്മ

സമത വനിതാകലാവേദി സമാനതകളില്ലാത്ത പെണ്‍കൂട്ടായ്മ

പ്രൊഫ. ടി എ ഉഷാകുമാരി

കേരളത്തിലെ സ്ത്രീപക്ഷ സാംസ്കാരികപ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു 1987 ല്‍ തൃശ്ശൂരില്‍ രൂപംകൊണ്ട സമത. ടി.എ.ഉഷാകുമാരി കണ്‍വീനറും പി.വിജയമ്മ ജോയിന്റ് കണ്‍വീനറുമായി പുരോഗമന കലാ സാഹിത്യസംഘം തൃശ്ശൂര്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് രൂപംകൊണ്ടത്. സി.ആര്‍.ദാസ് പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറിയും, ഡോ.എ.കെ.നമ്പ്യാര്‍ ജില്ലാ പ്രസിഡന്റുമായിരുന്നു. വനിതാകലാവേദിക്ക് സമത എന്ന പേര് നിര്‍ദ്ദേശിച്ചത് ഡോ.എ.കെ.നമ്പ്യാരായിരുന്നു. കലാപ്രവര്‍ത്തനം രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണ് എന്നു വിശ്വസിച്ച വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥിനികള്‍, കര്‍ഷകത്തൊഴിലാളികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെട്ട സമത, സ്ത്രീ പ്രശ്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കി സാമൂഹ്യപ്രശ്നങ്ങളെ നാടകങ്ങളിലൂടെ സൂക്ഷ്മമായി ആവിഷ്കരിച്ചു.

ജനപ്രിയതയും വിപ്ലവാത്മകതയും കലാമൂല്യവും തികഞ്ഞ സമതയുടെ അരങ്ങുകള്‍ വിഷാദനീലാംബരികളല്ല വിപ്ലവരക്താംബരികളാണ് സ്ത്രീകള്‍ എന്ന് ഉദ്ഘോഷിച്ചു. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് സമത എന്ന പെണ്‍ നാടകസംഘം ആദ്യമായി തെരുവിലിറങ്ങുന്നത്. 1988 ഡിസംബറില്‍ തിരുവനന്തപുരത്തു ചേര്‍ന്ന സിപിഐ എം 13–ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ കലാവിഭാഗവും സമാപനസമ്മേളനത്തിന്റെ ഗായകസംഘവും സമതയുടെ നേതൃത്വത്തിലായിരുന്നു. രണ്ടാഴ്ചക്കാലം തിരുവനന്തപുരം ജില്ലയിലെ വിവിധകേന്ദ്രങ്ങളില്‍ സമതയുടെ നേതൃത്വത്തിൽ തെരുവുനാടകങ്ങളും വിപ്ലവഗാനങ്ങളും അവതരിപ്പിച്ചു. കേരളത്തിനകത്തും പുറത്തുമായി 2,500 ലധികം വേദികളില്‍ തെരുവുനാടകങ്ങളും സംഗീതശില്‍പങ്ങളുമായി നിറഞ്ഞുനിന്ന സമത ജനമനസ്സുകളില്‍ വിപ്ലവാശയങ്ങളുടെ കനല്‍ വാരിവിതറുന്ന രണ്ട് ഓഡിയോ കാസറ്റുകളും പുറത്തിറക്കി.

എട്ടു വര്‍ഷത്തെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കുശേഷം 1994 ല്‍ നിശ്ശബ്ദമായ സമതയുടെ തുടര്‍ച്ചയായിട്ടാണ് 2010 നവംബര്‍ 1 ന് സമത എ കലക്ടീവ് ഫോര്‍ ജന്‍ഡര്‍ ജസ്റ്റിസ് എന്ന 29 അംഗ പെണ്‍കൂട്ടായ്മ ഒരു പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റായി രൂപീകരിക്കപ്പെട്ടത്. പുസ്തക പ്രസാധനരംഗത്താണ് അവർ പ്രധാനമായും കേന്ദ്രീകരിക്കുന്നത്. 99 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. പ്രൊഫ. ടി.എ.ഉഷാകുമാരി മാനേജിങ് ട്രസ്റ്റിയും ടി.ജി.അജിത ചെയര്‍പേഴ്സണും എ.കൃഷ്ണകുമാരി ട്രഷററുമാണ്.

സമത സ്ത്രീനാടക പഠനക്കളരി 
1988 മെയ് 15 –24
കേരളചരിത്രത്തിലെ ശ്രദ്ധേയമായ ഒരു ചുവടുവെപ്പായിരുന്നു തൃശ്ശൂര്‍ ജില്ലയിലെ കോലഴി പഞ്ചായത്തില്‍വെച്ച് സമത സംഘടിപ്പിച്ച 10 ദിന സ്ത്രീനാടക പഠനക്കളരി. പഠനക്കളരിയുടെ വിജയത്തിന് സഖാക്കള്‍ എം.ആര്‍.കൃഷ്ണന്‍കുട്ടി ജനറല്‍ കണ്‍വീനറും കെ.രാമചന്ദ്രന്‍ ചെയര്‍മാനും ടി.എ.ഉഷാകുമാരി കണ്‍വീനറുമായി വിപുലമായ ഒരു സംഘാടകസമിതി രൂപീകരിക്കപ്പെട്ടു. കളരിയോടനുബന്ധിച്ച് കോലഴി പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സെമിനാറുകള്‍, കലാപരിപാടികള്‍, നാടകങ്ങള്‍, സിനിമാ പ്രദര്‍ശനങ്ങള്‍ എന്നീ അനുബന്ധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. പ്രൊഫ. ടി.ഗംഗാധരന്‍, ഡോ.എന്‍.കെ.ഗീത എന്നിവരായിരുന്നു പഠനക്കളരിയുടെ ഡയറക്ടര്‍മാര്‍. ഇന്ന് നാടക – സാഹിത്യരംഗത്ത് ശ്രദ്ധേയരായ സുജാത ജനനേത്രി, സജിത മഠത്തില്‍, സി.എസ്.ചന്ദ്രിക, ജിഷ, അഭിനയ എന്നിവരെല്ലാം അതിലെ അംഗങ്ങളായിരുന്നു. പഠനക്കളരിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് പ്രൊഫ. നബീസാ ഉമ്മാള്‍ ആയിരുന്നു. സംഗീത നാടകഅക്കാദമി സെക്രട്ടറി എം എന്‍ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ഇ.കെ.മേനോന്‍ എം.എല്‍.എ, സി.രാവുണ്ണി, എം.സി.ജോസഫൈന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

പഠനക്കളരിയിലെ അംഗങ്ങള്‍ക്ക് വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സുകളും ഗ്രൂപ്പ് ചര്‍ച്ചകളും ഉണ്ടായിരുന്നു. കലയും സാമൂഹ്യമാറ്റവും, നാടകത്തിന്റെ സാങ്കേതികവശങ്ങള്‍ (പ്രൊഫ.പി.ഗംഗാധരന്‍), സമത പ്രവര്‍ത്തകരുടെ സാമൂഹ്യകാഴ്ചപ്പാട് (ടി.കെ.നാരായണദാസ്), മലയാളനാടകത്തിന്റെ വികാസപരിണാമങ്ങള്‍ (പ്രൊഫ.എം.എം.നാരായണന്‍), സ്ത്രീകളും സാമൂഹ്യമാറ്റവും (ഡോ.എന്‍.കെ.ഗീത) എന്നീ ക്ലാസ്സുകളാണ് നല്‍കിയത്. പഠനക്കളരിയില്‍ ചിട്ടപ്പെടുത്തിയ നാടകമായ ‘അടുക്കള’. ഇരട്ടച്ചൂഷണമനുഭവിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങളാണ് പ്രമേയമാക്കിയത്. നൂറുകണക്കിന് വേദികളില്‍ തുടര്‍ന്ന് നാടകം അരങ്ങേറി.

അനുബന്ധ പരിപാടികള്‍കൊണ്ടും ശ്രദ്ധേയമായിരുന്നു പഠനക്കളരി. 1988 മെയ് 16 ന് സ്ത്രീകളും കലാസാംസ്കാരിക രംഗവും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയ സെമിനാറില്‍ അദ്ധ്യക്ഷത വഹിച്ചത് കെ.പി.എ.സി. സുലോചനയാണ്. സി.പി.ചിത്ര വിഷയം അവതരിപ്പിച്ചു. പ്രൊഫ.എം.എന്‍.വിജയനാണ് ചര്‍ച്ച നയിച്ചത്. മെയ് 22 ഞായറാഴ്ച സ്ത്രീ മലയാളസാഹിത്യത്തില്‍ എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്തത് കെ.ആര്‍. ഗൗരിയമ്മയാണ്-. എം.കെ.സാനുമാസ്റ്റര്‍ എം.എല്‍.എ (പ്രസിഡന്റ്, കേരള സാഹിത്യഅക്കാദമി) അദ്ധ്യക്ഷത വഹിച്ചു. കെ.ഇ.എന്‍. കുഞ്ഞഹമ്മദ് വിഷയം അവതരിപ്പിച്ചു. ഹൈമവതി തായാട്ട് (മേയര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍), പ്രൊഫ. മീനാക്ഷി തമ്പാന്‍ (സംസ്ഥാന പ്രസിഡന്റ് മഹിളാ സംഘം), വി.എം.ഗിരിജ, ജാനമ്മ കുഞ്ഞുണ്ണി, എന്‍.സുകന്യ, ബിന്ദു മോഹന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

സമാപന ദിവസമായ മെയ് 24 ന് വൈകുന്നേരം 4.00 മണിക്ക് സാംസ്കാരിക ജാഥയും തുടര്‍ന്ന് 5.00 മണിക്ക് സാംസ്കാരിക സമ്മേളനവും നടത്തി. ടി.കെ.രാമകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമതയുടെ അടുക്കള നാടകത്തിന്റെ രംഗാവതരണത്തോടെയാണ് പഠനക്കളരി സമാപിച്ചത്.

1987 മുതല്‍ 90 വരെയുള്ള വര്‍ഷങ്ങളില്‍ സമത കലാകാരികള്‍ നാടക റിഹേഴ്സല്‍ നടത്തിയത് തൃശ്ശൂരിലെ സിഐ.ടി.യു ജില്ലാകമ്മിറ്റി ഓഫീസിന്റെ ഒന്നാം നിലയിലുള്ള ഹാളിലാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിച്ച് രാത്രി കാലങ്ങളില്‍ വൈകി തിരിച്ചെത്തുമ്പോഴും അവര്‍ താമസിച്ചതും അതേ ഹാളില്‍ തന്നെ. കമ്യുണിസ്റ്റ് പാര്‍ട്ടിയുടെയും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെയും പിന്തുണയോടെയും കരുതലോടെയുമാണ് സമത എന്ന പെണ്‍ സാംസ്കാരികസംഘം കേരളത്തിനകത്തും പുറത്തുമായി സഞ്ചരിച്ച് തെരുവുനാടകങ്ങളും സംഗീതശില്‍പങ്ങളുമൊക്കെയായി മുദ്ര പതിപ്പിച്ചത് ഒരു സവിശേഷതയാണ്. സി.പി.ഐ എം, സി.ഐ.ടി.യു നേതാക്കളായ കെ.പത്മനാഭന്‍, കെ.കെ.മാമക്കുട്ടി. സി.ഒ.പൗലോസ് മാസ്റ്റര്‍, എം.എ.കൃഷ്ണന്‍, എ.പത്മനാഭന്‍ തുടങ്ങിയ സഖാക്കളുടെ നിര്‍ദ്ദേശങ്ങളും പിന്തുണയുമാണ് ആത്മവിശ്വാസത്തോടെ മുന്നേറാന്‍ പ്രചോദനമായത് എന്ന കാര്യവും ഇവിടെ സ്മരിക്കുന്നു. 1991 ൽ തൃശ്ശൂരിലെ ലാലൂരില്‍ ഒരു വീട് വാടകക്കെടുത്ത് സമതയുടെ ഓഫീസും റിഹേഴ്സല്‍ കേന്ദ്രവും ഒരുക്കി.

മറ്റു നാടകങ്ങളും സമത അവതരിപ്പിച്ചിട്ടുണ്ട്. ഗോര്‍ക്കിയുടെ അമ്മ നോവലിനെ മുന്‍നിര്‍ത്തിയുള്ള ബെര്‍തോള്‍ഡ് ബ്രെഹ്റ്റിന്റെ അമ്മ നാടകത്തിന്റെ 11 –ാം അങ്കം സമതയ്ക്കുവേണ്ടി ചിട്ടപ്പെടുത്തി പരിശീലിപ്പിച്ചത് കരിവെള്ളൂര്‍ മുരളിയാണ്. സമതയുടെ പല നാടകങ്ങളും സംവിധാനം ചെയ്തതും പരിശീലിപ്പിച്ചതും കോലഴി നാരായണനും വി.ഡി.പ്രേംപ്രസാദും ഉണ്ണിക്കൃഷ്ണന്‍ നെല്ലിക്കാടും ആണ്. അതില്‍ പ്രധാനമായിരുന്നു ബെർതോള്‍ഡ് ബ്രെഹ്റ്റിന്റെ ചോരക്കുഞ്ഞിനെക്കൊന്ന മേരി ഫെറാര്‍.

കെ.വി.വിനോബ, സുജാത ജനനേത്രി, അമ്മിണി (മൂന്ന് പേരും തൃശ്ശൂര്‍ ശ്രീകേരളവര്‍മ്മ കോളേജിലെ എന്റെ പ്രീഡിഗ്രി വിദ്യാര്‍ത്ഥികളായിരുന്നു. സമത കലാവേദിക്ക് തുടക്കംകുറിക്കുന്നത് ഇവരിലൂടെയാണ്), പുഷ്പ, റബേക്ക, അന്ന, പ്രിയാദാസ്, പി.എസ്.ലത, രാജി, സജിതാ രാജന്‍, ഷീജ മലാക്ക, റംല, ബിന്ദു കോലഴി, രേഖ സുരേന്ദ്രന്‍, സി.എസ്.ചന്ദ്രിക, പഞ്ചാക്ഷരി, സോവിയറ്റ് ബ്രീസ്, സബീന, ജോളി, സതി, ചന്ദ്രമതി, സരോജിനി, പി.സലിംരാജ്, റിയാദ്, ഗായകരായ പി.ബി.ഗിരീഷ്, നാരായണന്‍, പ്രകാശന്‍, ബേബി, രാജേഷ് കണ്ണന്‍, തബലിസ്റ്റ് മണി, കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് ഹനീഫ, ആര്‍ട്ടിസ്റ്റ് സുന്ദരന്‍ തച്ചപ്പിള്ളി, ഉണ്ണിക്കൃഷ്ണന്‍ നെല്ലിക്കാട്, ഒ.അജിത്കുമാര്‍ എന്നിവരെല്ലാം സമതയോടൊപ്പം സഞ്ചരിച്ചവരാണ്.

സമതയുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഓര്‍മ്മയാണ് കരിവെള്ളൂര്‍ മുരളിയുടെ നേതൃത്വത്തില്‍ 1989 ല്‍ കരിവെള്ളൂര്‍ കേന്ദ്രമാക്കി സംഘടിപ്പിച്ച 10 ദിവസത്തെ സമത കലാമേള. സമതയ്ക്കായി സാമാന്യം വലിയ ഒരു വീട് സജ്ജമാക്കി, ഭക്ഷണം പാകം ചെയ്യാനുള്ള സംവിധാനമൊരുക്കി, വിപുലമായ ഒരു സംഘാടക സമിതിയും രൂപീകരിച്ചു. കരിവെള്ളൂര്‍, കയ്യൂര്‍, മുനയന്‍കുന്ന്, കാവുമ്പായി എന്നിവരുള്‍പ്പെടെയുള്ള പോരാട്ടഗ്രാമങ്ങളില്‍ സമത നാടകങ്ങള്‍ അവതരിപ്പിച്ചു. കരിവെള്ളൂരിന്റെ അമ്മ സ.കെ.ദേവയാനിയെ സമത പരിചയപ്പെടുന്നതും ആ സന്ദര്‍ഭത്തിലാണ്.

ഒരു ചരിത്രദൗത്യം നിര്‍വ്വഹിച്ചതിനുശേഷം 1994 ല്‍ സമത നിശ്ശബ്ദമായി. 2010 നവംബറില്‍ സമത എ കലക്ടീവ് ഫോര്‍ ജന്‍ഡര്‍ ജസ്റ്റിസ് എന്ന പേരില്‍ സമതയുടെ 2 –ാം ഘട്ടം ആരംഭിച്ചു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 − 9 =

Most Popular