നമ്മുടെ നീല ഗ്രഹത്തിന്റെ ഉപരിതലത്തിൽ എഴുപതുശതമാനത്തിലധികവും സമുദ്രങ്ങളാണ്. ലോകജനസംഖ്യയുടെ 40 ശതമാനത്തിലധികവും തീരദേശവാസികളാണ്. കൂടാതെ ആഗോള ജനസംഖ്യയുടെ ഗണ്യമായ ഒരു ഭാഗത്തിന് സമുദ്രവിഭവങ്ങൾ ഭക്ഷണവും ഉപജീവനവും നൽകുന്നു. ഒരു തീരദേശ സംസ്ഥാനമായ കേരളത്തിലും പൊതുസമൂഹത്തിന് കടലുകളുടെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല. നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കടല്‍ എന്ന ആവാസവ്യവസ്ഥയുടെ ആരോഗ്യത്തെ ബാധിക്കുമെന്നും, കടലിന്റെ ആരോഗ്യം എങ്ങനെ നമ്മുടെ ആരോഗ്യത്തെയും നിലനില്‍പ്പിനെയും ബാധിക്കുമെന്നുമുള്ള തിരിച്ചറിവിലാണ് സമുദ്രസാക്ഷരത തുടങ്ങേണ്ടത്. ലോകമെമ്പാടും സമുദ്രങ്ങളെ ആധാരമാക്കിയുള്ള സമ്പദ്-വ്യവസ്ഥയ്ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഏറെ സ്വീകാര്യത ലഭിക്കുന്ന ഒരു കാലഘട്ടവുമാണിത്. ഇത് നമ്മുടെ ജീവിത സ്രോതസ്സാണ്, മനുഷ്യരാശിയുടെയും ഭൂമിയിലെ മറ്റെല്ലാ ജീവികളുടെയും നിലനിൽപ്പിനെ പിന്തുണയ്ക്കുന്ന ഒരു ബൃഹത്തായ ആവാസവ്യവസ്ഥയാണിത്.
സമുദ്രങ്ങൾ ഭൂമിക്കുവേണ്ട ഓക്സിജന്റെ 50 ശതമാനമെങ്കിലും ഉത്പാദിപ്പിക്കുന്നു. ഇത് ഭൂമിയുടെ ഭൂരിഭാഗം ജൈവവൈവിധ്യത്തിന്റെയും ആവാസ കേന്ദ്രമാണ്. മാത്രമല്ല, ലോകമെമ്പാടുമുള്ള മുന്നൂറു കോടി ജനങ്ങളുടെ ആഹാരത്തിലെ മാംസ്യത്തിന്റെ, പോഷകസുരക്ഷയുടെ, പ്രധാന ഉറവിടം സമുദ്രങ്ങളാണ്. തീരസംരക്ഷണം, പോഷക ചംക്രമണം, ചരക്കുഗതാഗതം, ഊർജലഭ്യത, ജലകൃഷി, ജൈവവിഭവങ്ങളും ധാതുക്കളും ഖനിജങ്ങളും ലഭ്യമാക്കൽ, ഔഷധങ്ങളും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കൽ, വിനോദസഞ്ചാരം പരിപോഷിപ്പിക്കൽ, കാലാവസ്ഥാ സംരക്ഷണം, എന്നിങ്ങനെ പോകുന്നു സമുദ്ര ആവാസവ്യവസ്ഥകൾ നൽകുന്ന സേവനങ്ങൾ. മനുഷ്യർ ഉൽപാദിപ്പിക്കുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ 30% സമുദ്രങ്ങൾ ആഗിരണം ചെയ്യുന്നു. ഇത് ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നു. 2030 ഓടെ 4 കോടി ആളുകൾ സമുദ്രാധിഷ്ഠിത വ്യവസായങ്ങളിൽ ജോലി ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു.
ഇതിനൊക്കെ പുറമെ സമുദ്ര മത്സ്യബന്ധനം നേരിട്ടോ അല്ലാതെയോ 20 കോടിയിലധികം ആളുകൾക്ക് ജോലി നൽകുന്നുവെന്നതാണ് ഈ ആവാസവ്യസ്ഥയുടെ സാമൂഹ്യ പ്രസക്തി. ഏതാണ്ട് 6 കോടി ആളുകൾ മത്സ്യബന്ധന, മത്സ്യകൃഷി മേഖലകളിൽ വിവിധ ജോലികളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു, അവരിൽ 14 ശതമാനം സ്ത്രീകളാണ്. ഇതിൽ മൊത്തം 85 ശതമാനം പേരും ഏഷ്യയിലാണ്. മത്സ്യവ്യാപാരവും സംസ്കരണവുമായി ബന്ധപ്പെട്ട തൊഴിലുകളിലെല്ലാം സ്ത്രീകളുടെ പങ്ക് നിർണായകമാണ്.
ഇന്ത്യയ്ക്ക് സവിശേഷമായ ഒരു സമുദ്ര സ്ഥാനമുണ്ട്. 7517 കിലോമീറ്റർ നീളമുള്ള തീരപ്രദേശത്ത് ഒമ്പത് തീരദേശ സംസ്ഥാനങ്ങളും 1382 ദ്വീപുകളും ഉണ്ട്. രാജ്യത്തിന് 12 പ്രധാന തുറമുഖങ്ങളും 187 നോൺ-മേജർ തുറമുഖങ്ങളുമുണ്ട്, ഓരോ വർഷവും ഏകദേശം 140 കോടി ടൺ ചരക്ക് കൈകാര്യം ചെയ്യുന്നു. ഇന്ത്യയുടെ 95% വ്യാപാരവും കടൽ വഴിയുള്ള വോളിയം ട്രാൻസിറ്റ് വഴിയാണ്. രണ്ട് ദശലക്ഷത്തിലധികം ചതുരശ്ര കിലോമീറ്റർ ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോൺ (EEZ) പ്രകൃതിവിഭവങ്ങളാൽ സമ്പന്നമാണ്. കൂടാതെ ക്രൂഡ് ഓയിലിന്റെയും പ്രകൃതിവാതകത്തിന്റെയും ഗണ്യമായ വിഭവങ്ങൾ ഇവിടെയുണ്ട്. 2023–-24 സാമ്പത്തിക വർഷത്തിൽ, ഇന്ത്യ എക്കാലത്തെയും ഉയർന്ന അളവിൽ 60,523.89 കോടി രൂപ വിലമതിക്കുന്ന 17,81,602 മെട്രിക് ടൺ സമുദ്ര വിഭവങ്ങൾ കയറ്റുമതി ചെയ്തു. അമേരിക്കയും ചൈനയുമാണ് ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ പ്രധാന ഇറക്കുമതിക്കാർ. മത്സ്യ സെൻസസ് സംബന്ധിച്ച് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI ) പ്രസിദ്ധീകരിച്ച രേഖകളനുസരിച്ച് ഇന്ത്യയിൽ 9 സമുദ്ര സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 3,288 സമുദ്ര മത്സ്യബന്ധന ഗ്രാമങ്ങളും 1,511 സമുദ്ര മത്സ്യ ലാൻഡിങ് കേന്ദ്രങ്ങളും ഉണ്ട്. മൊത്തം സമുദ്ര മത്സ്യത്തൊഴിലാളികളുടെ എണ്ണം 8,64,550 കുടുംബങ്ങളിലായി ഏകദേശം 40 ലക്ഷമാണ്. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ 61% ബിപിഎൽ വിഭാഗത്തിലാണ്. കേരളത്തിൽ മത്സ്യത്തൊഴിലാളികളുടെ ജനസംഖ്യ 6,10,165-ഉം കുടുംബങ്ങളുടെ എണ്ണം 1,18,937-ഉം ആണ്. ഇതിൽ 98 ശതമാനവും പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ്. ഇവരിൽ പകുതിയിലധികം കുടുംബങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്.
ഇതുവരെ പ്രതിപാദിച്ച കാര്യങ്ങൾകൊണ്ടുതന്നെ തീരദേശ-സമുദ്ര ആവാസവ്യവസ്ഥകൾ ലഭ്യമാക്കുന്ന പാരിസ്ഥിതിക സേവനങ്ങളുടെ സാമ്പത്തികമൂല്യം ഭൂമിയിലെ മറ്റേത് ആവാസവ്യവസ്ഥകളുടേതിനേക്കാളും അധികമാണ് എന്ന് അനുമാനിക്കാം. ഇതുകൂടാതെ സാമ്പത്തികസുരക്ഷയ്ക്ക് സമുദ്രങ്ങളുടെ സാധ്യതകൾ, പ്രധാനമായും ഫിഷറീസ്, വിനോദസഞ്ചാരം, ചരക്ക് ഗതാഗതം, ജലകൃഷി, ഊർജം, ജൈവസാങ്കേതികവിദ്യക്കുവേണ്ട ഉത്പന്നങ്ങൾ, മൂലകങ്ങൾ/ഖനിജങ്ങൾ എന്നിവ മുന്നിൽകണ്ട് ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ നീല സമ്പദ്‌വ്യവസ്ഥ (Blue Economy) പരിപോഷിപ്പിക്കാനുള്ള ബൃഹദ്പദ്ധതികൾ ആസൂത്രണം ചെയ്തുവരുന്നു.
നീല സമ്പദ്‌വ്യവസ്ഥ (Blue Economy)
നീല സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച സങ്കൽപ്പങ്ങൾ: ആഗോളതാപനം ഉയർത്തുന്ന ഭീഷണികൾക്കൊപ്പം ഭാവിയിലെ വളർച്ചയുടെയും സമൃദ്ധിയുടെയും ആവശ്യങ്ങൾ പ്രതിഫലിപ്പിക്കുന്നതിനായി 1994-ൽ യുണൈറ്റഡ് നേഷൻസ് യൂണിവേഴ്‌സിറ്റിയിലെ (UNU) പ്രൊഫസർ ഗുന്തർ പോളിയാണ് നീല സമ്പദ്‌വ്യവസ്ഥയുടെ സാമ്പത്തിക തത്വശാസ്ത്രം ആദ്യമായി അവതരിപ്പിച്ചത്. സാമ്പത്തിക വളർച്ചയ്ക്കും മെച്ചപ്പെട്ട ഉപജീവനമാർഗത്തിനും സമുദ്ര ആവാസവ്യവസ്ഥയുടെ ആരോഗ്യത്തിനും സമുദ്രവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗത്തെയാണ് നീല സമ്പദ്‌വ്യവസ്ഥ അഥവാ ‘ബ്ലൂ എക്കണോമി’ സൂചിപ്പിക്കുന്നത്. പരമ്പരാഗത സമുദ്രാധിഷ്ഠിത സമ്പദ്‌വ്യവസ്ഥകളിൽ നിന്ന് വ്യത്യസ്തമായി, ദീർഘകാല പരിഗണനകളില്ലാതെ സമുദ്ര വിഭവങ്ങൾ പലപ്പോഴും ചൂഷണം ചെയ്യപ്പെടുന്നു. നീല സമ്പദ്‌വ്യവസ്ഥ എന്ന ആശയം സംരക്ഷണം, സുസ്ഥിരത, സാമൂഹിക തുല്യത എന്നിവയ്ക്ക് മുൻഗണന നൽകുന്നു. മത്സ്യബന്ധനം, പുനരുപയോഗ ഊർജം, സമുദ്രഗതാഗതം, തീരദേശ ടൂറിസം, മറൈൻ ബയോടെക്‌നോളജി എന്നിവയുൾപ്പെടെ വിവിധ മേഖലകളെ ഇത് ഉൾക്കൊള്ളുന്നു. 2012-ലെ മൂന്നാം ഭൗമ ഉച്ചകോടി സമ്മേളനം -റിയോ+20-ക്കു ശേഷം, നീല സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം 14 ആഗോള ഭരണത്തിനും സമുദ്ര വിഭവങ്ങളുടെ ഉപയോഗത്തിനുമുള്ള മാർഗ്ഗനിർദ്ദേശക തത്വമായി “സമുദ്രങ്ങളും കടലുകളും സമുദ്ര വിഭവങ്ങളും സുസ്ഥിര വികസനത്തിനായി സംരക്ഷിക്കാനും സുസ്ഥിരമായി ഉപയോഗിക്കാനും” ശ്രമിച്ചപ്പോൾ നീല സമ്പദ്‌വ്യവസ്ഥ എന്ന ആശയത്തിന് കൂടുതൽ ഊന്നൽ ലഭിച്ചു. ആസ്‌ട്രേലിയ, ബ്രസീൽ, ബ്രിട്ടൺ, അമേരിക്ക, റഷ്യ, നോർവേ തുടങ്ങിയ രാജ്യങ്ങൾ അളക്കാവുന്ന ഫലങ്ങളും ബജറ്റ് പ്രൊവിഷനുകളും ഉള്ള സമർപ്പിത ദേശീയ സമുദ്ര നയങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കാനഡ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ നിയമനിർമ്മാണം പോലും നടത്തിയിട്ടുണ്ട്.
സമഗ്രവികസനത്തിനുള്ള നിരവധി മേഖലകൾ നീല സമ്പദ്‌വ്യവസ്ഥയിൽ ഉൾപ്പെട്ടിട്ടുണ്ട്: അക്വാകൾച്ചർ (മത്സ്യകൃഷി മാത്രമല്ല കടൽ പായൽ കൃഷിയും ഇതിൽ പെടും), സമുദ്ര സംരക്ഷണം, മാരിടൈം ബയോടെക്നോളജി, ബയോപ്രോസ്പെക്റ്റിങ്, മത്സ്യബന്ധനം, സമുദ്ര ഗതാഗതം, തീരദേശ – സമുദ്ര ടൂറിസം (ബ്ലൂ ടൂറിസം), ധാതു വിഭവങ്ങൾ, കടലിലെ എണ്ണയും വാതകവും, കടലിലെ ഊർജ്ജസ്രോതസുകൾ (വേലിയേറ്റവും തിരമാലയും), കപ്പൽ നിർമ്മാണവും കപ്പൽ നന്നാക്കലും, കാർബൺ വേർതിരിക്കൽ, തീരസംരക്ഷണം, മാലിന്യ നിർമാർജനം, സമുദ്ര ജൈവവൈവിധ്യം, സമുദ്ര വികസനം, ഉത്തരവാദിത്ത ടൂറിസം, ഗതാഗതം, അടിസ്ഥാന സൗകര്യങ്ങൾ, വ്യാപാരം, ബയോടെക്നോളജിയും ഫാർമസ്യൂട്ടിക്കൽസും.
ബ്ലൂ ഇക്കണോമിയുടെ വാർഷിക സാമ്പത്തിക മൂല്യം 2.5 ലക്ഷം കോടി ഡോളർ ആയി കണക്കാക്കിയാൽ, സമുദ്രവുമായി ബന്ധപ്പെട്ട മേഖലകൾ അല്ലെങ്കിൽ ‘നീല സമ്പദ്‌വ്യവസ്ഥ’ ലോകത്തിലെ ഏഴാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയ്ക്ക് തുല്യമാണ്. സാമ്പത്തിക സ്ഥാപനങ്ങൾ സമുദ്രവുമായി ബന്ധപ്പെട്ട മേഖലകളെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ ധനസഹായം, നിക്ഷേപം, ഇൻഷുറൻസ് എന്നിവ നൽകുന്നു, അവ നിക്ഷേപകരെയും ഇൻഷുറർമാരെയും ബാങ്കുകളെയും പോളിസി നിർമ്മാതാക്കളെയും പുതിയ അവസരങ്ങളുടെയും വിഭവങ്ങളുടെയും സമൃദ്ധിയുടെയും ഉറവിടമായി ആകർഷിക്കുകയും ചെയ്യുന്നു. നീല സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആഗോളതലത്തിൽ ഏകദേശം 35 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഫിഷറീസ്, തുറമുഖങ്ങളും ഷിപ്പിങ്ങും, മറൈൻ ടൂറിസം, ഓഫ്‌ഷോർ ഓയിൽ ആൻഡ് ഗ്യാസ്, മറൈൻ ബയോടെക്‌നോളജി, ആഴക്കടൽ ഖനനം, പുനരുപയോഗ ഊർജം, ഗതാഗതം, ലോജിസ്റ്റിക്‌സ് എന്നിവയാണ് നീല സമ്പദ്‌വ്യവസ്ഥയുടെ പ്രധാന പരമ്പരാഗത മേഖലകൾ. വളർച്ചയ്ക്കും വികസനത്തിനുമായി സമുദ്രവിഭവങ്ങളുടെ ഏറ്റവും മികച്ചതും സുസ്ഥിരവുമായ ഉപയോഗം ലക്ഷ്യമിടുന്ന ബ്ലൂ ഇക്കണോമിയുടെ പങ്ക്, ശക്തമായ ഉൾനാടൻ ബന്ധങ്ങളും മൂല്യ ശൃംഖലയും വികസിപ്പിക്കാനുള്ള സാധ്യതയുള്ള തീരദേശ സംസ്ഥാനങ്ങൾക്ക് നിർണായകമാണ്. ഇന്ത്യയിലെ പരമ്പരാഗത സമുദ്ര വ്യവസായങ്ങളായ മത്സ്യബന്ധനം, ടൂറിസം, സമുദ്ര ഗതാഗതം എന്നിവ വികസനത്തിന് വലിയ സാധ്യതകൾ നൽകുന്നു. ഉയർന്നുവരുന്ന മേഖലകളായ ഓഫ്‌ഷോർ പുനരുപയോഗ ഊർജം, അക്വാകൾച്ചർ, ഖനിജങ്ങളും മണലും വേർതിരിച്ചെടുക്കുക, മറൈൻ ബയോടെക്‌നോളജി, ബയോപ്രോസ്‌പെക്റ്റിങ് എന്നിവയുമായി ബന്ധപ്പെട്ട വ്യവസായ-സേവന മേഖലയുടെ വികസനം വളരെ മന്ദഗതിയിലാണ്. നീല ബയോടെക്നോളജി, ആഴക്കടൽ ഖനനം തുടങ്ങിയ വളർന്നുവരുന്ന വ്യവസായങ്ങളും നൂതനത്വത്തിന് സംഭാവന നൽകുന്ന ഗവേഷണത്തിന്റെയും വികസനത്തിന്റെയും പുതിയ വഴികൾ തുറക്കുന്നു.
ഇന്ത്യയുടെ നീല സമ്പദ്‌വ്യവസ്ഥ ആഗോള നീല സമ്പദ്‌വ്യവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ നീല സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിന് ശക്തമായ ആഭ്യന്തര സമന്വയവും വിശാലമായ അന്താരാഷ്ട്ര സമുദ്ര സമൂഹവുമായുള്ള സംയോജനവും ആവശ്യമാണ്. നിലവിലുള്ള പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗത്തിന് സംഭാവന നൽകുന്ന ശക്തമായ നിയന്ത്രണ ചട്ടക്കൂടിലൂടെ നീല സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ദേശീയ വളർച്ച, സാമ്പത്തിക അഭിവൃദ്ധി, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയ്ക്ക് കാരണമായേക്കാവുന്ന നിരവധി ദേശീയ മുൻഗണനകളുടെ ഉറവയായി ബ്ലൂ ഇക്കണോമി ഇപ്പോൾ കണക്കാക്കപ്പെടുന്നു. പാരീസ് ഉടമ്പടി, ഐക്യരാഷ്ട്രസംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) എന്നിവയോടുള്ള പ്രതിബദ്ധതയുൾപ്പെടെ, ഇന്ത്യയുടെ വലിയ സാമ്പത്തികവും തന്ത്രപരവുമായ വാസ്തുവിദ്യയുടെ ഒരു പ്രധാന വശം കൂടിയാണ് നീല സമ്പദ്‌വ്യവസ്ഥ. ഈ പ്രതിബദ്ധതകൾ ഉണ്ടെങ്കിലും, ജൈവവൈവിധ്യം സംരക്ഷിക്കുക, തദ്ദേശവാസികളുടെ ഉപജീവനമാർഗം സുരക്ഷിതമാക്കുക, സാമ്പത്തിക വളർച്ചയുടെ സുസ്ഥിരമായ മാർഗ്ഗങ്ങൾ, പ്രത്യേകിച്ച് മത്സ്യബന്ധനം, വിനോദസഞ്ചാരം, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ നമ്മുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നിന്ന് നമ്മൾ ഇപ്പോഴും വളരെ അകലെയാണ്. അതിനാൽ, ബ്ലൂ ഇക്കണോമിയുടെ ഏതൊരു വ്യവഹാരവും അതിനെ സാമ്പത്തിക സുരക്ഷ ശക്തിപ്പെടുത്തുന്നതിനും എല്ലാവർക്കും സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിനുമുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായി കാണേണ്ടതാണ്. സമുദ്രങ്ങളുടെ ജിയോസ്ട്രാറ്റജിക് പ്രാധാന്യം, ഒരു സാമ്പത്തിക ജീവനാഡി എന്ന നിലയിൽ അതിന്റെ പങ്ക്, ആഗോള കാലാവസ്ഥാ വ്യതിയാനത്തിലും ജൈവവൈവിധ്യത്തിലും അതിന്റെ സ്വാധീനം എന്നിവയ്ക്ക് ഒരു മികച്ച നയം ആവശ്യമാണ്.
ഇന്ത്യയുടെ നീല സാമ്പത്തിക നയം
ഭാരത സർക്കാർ ഫെബ്രുവരി മാസം പ്രസിദ്ധീകരിച്ച ബ്ലൂ ഇക്കോണമി കരട് നയരേഖ (2021) വിശദമായി പൊതുസമൂഹം ചർച്ചചെയ്യേണ്ടുന്ന ഒന്നാണ്. യൂണിയൻ ബജറ്റ് 2024-–25: ബ്ലൂ ഇഷ ക്കണോമി 2.0 ബൂസ്റ്റ് ചെയ്യുന്നതിനുള്ള പുതിയ സംരംഭം പ്രഖ്യാപിച്ചു. ഈ സംരംഭം ഇന്ത്യയുടെ തീരപ്രദേശത്തുള്ള 140 ലക്ഷം ജനങ്ങളിൽ നല്ല സ്വാധീനം ചെലുത്തുമെന്ന് വാഗ്ദാനം ചെയ്യുമെങ്കിലും, തെറ്റായ നടപടികളുടെ ഫലമായുണ്ടാകുന്ന അപാകതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നുവരുന്നു. “പുനരുദ്ധാരണത്തിനും പൊരുത്തപ്പെടുത്തൽ നടപടികൾക്കും, തീരദേശ അക്വാകൾച്ചർ, മാരികൾച്ചർ എന്നിവ സംയോജിതവും ബഹു-മേഖലാ സമീപനവുമുള്ള’ ഒരു പുതിയ പദ്ധതി എന്ന രീതിയിലാണ് പ്രസ്തുത പ്രഖ്യാപനമെങ്കിലും ബജറ്റിലെയും കരടുനയത്തിലെയും പ്രധാന ഊന്നൽ കടൽ വിഭവസമാഹരണത്തിനുമാത്രമാണ്.
എന്നിരുന്നാലും, പദ്ധതിക്കായുള്ള ബജറ്റ് വിഹിതത്തെക്കുറിച്ചോ അത് ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങളെക്കുറിച്ചോ പ്രത്യേക വിശദാംശങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്നും മാറിനിൽക്കുന്ന സമീപനം, ആഗോളതലത്തിൽ നീലസമ്പദ്‌വ്യവസ്‌ഥ എന്ന ആശയം മുന്നോട്ടുവയ്ക്കുന്ന സുസ്ഥിരതയെക്കുറിച്ചും വിഭവങ്ങളെ ആശ്രയിച്ച് മാറുന്ന പാരിസ്ഥിതിക സാഹചര്യങ്ങളിൽ ജീവിക്കുന്ന ജനതയുടെ ഭാവിയെപ്പറ്റിയും ആശങ്കകൾ നിറയ്ക്കുന്നതാണ്.
ഇന്ത്യയുടെ 7,500 കിലോമീറ്റർ വിസ്തൃതമായ തീരപ്രദേശത്ത് (വൻകരയെയും ദ്വീപുകളെയും ഉൾക്കൊള്ളുന്നു) മത്സ്യബന്ധനത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് ഈ വികസനം ഗുണകരമാണെങ്കിലും, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല ആഘാതങ്ങളുമായി പൊരുത്തപ്പെടുന്ന കാര്യത്തിലും, തെറ്റായ പൊരുത്തപ്പെടുത്തൽ നടപടികളുടെ ഫലമായുണ്ടാകുന്ന അപാകതകളെക്കുറിച്ചുമുള്ള ആശങ്കകൾ നിലനിൽക്കുന്നു. ഒപ്പം, നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് ഖനനം, ആഴക്കടൽ മത്സ്യബന്ധനം എന്നിവ, സ്വകാര്യമേഖലയിൽ സംഭവിക്കുമ്പോൾ അത് രാജ്യത്തെ സമുദ്രപരിസ്ഥിതിയെയും മത്സ്യത്തൊഴിലാളികളുടെ വരുമാനത്തെയും കാര്യമായി ബാധിക്കും. ബ്ലൂ ഇക്കോണമി മേഖലകളുടെ ദ്രുതഗതിയിലുള്ള സുസ്ഥിരമല്ലാത്ത വളർച്ച പാരിസ്ഥിതിക അപകടങ്ങൾക്കും സമുദ്രത്തിന്റെ വിഭവ അടിത്തറ ഇല്ലാതാക്കുന്നതിനിടയാക്കും.
ഒരു സുസ്ഥിര നീല സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള സാധ്യതകളെ പരിമിതപ്പെടുത്തുന്ന മൂന്ന് വെല്ലുവിളികൾ ലോകബാങ്ക് വ്യക്തമാക്കുന്നു:
• സമുദ്രവിഭവങ്ങളെ അതിവേഗം നശിപ്പിക്കുന്ന നിലവിലെ സാമ്പത്തിക പ്രവണതകൾ.
• നൂതനമായ ബ്ലൂ ഇക്കോണമി മേഖലകളിലെ തൊഴിലിനും വികസനത്തിനുമായി മനുഷ്യ മൂലധനത്തിൽ നിക്ഷേപത്തിന്റെ അഭാവം.
• സമുദ്രവിഭവങ്ങൾക്കും സമുദ്രങ്ങളുടെ ആവാസവ്യവസ്ഥയുടെ സേവനങ്ങൾക്കുമുള്ള അപര്യാപ്തമായ പരിചരണം.
ഇന്ത്യയുടെ തീരങ്ങളിൽ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് നിരവധി പൊരുത്തപ്പെടുത്തൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തീരദേശ മണ്ണൊലിപ്പ് ബാധിച്ച ഗ്രാമങ്ങളുടെ പുനർനിർമ്മാണം, ജിയോസിന്തറ്റിക് ട്യൂബുകൾ പോലുള്ള ഘടനകളിലൂടെ തീരസംരക്ഷണം, കണ്ടൽക്കാടുകളുടെ പുനരുദ്ധാരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും, ഈ നടപടികളിൽ പലതും, തീരദേശ ജനസംഖ്യയുടെയും ജൈവവൈവിധ്യത്തിന്റെയും അപകടസാധ്യത കുറയ്ക്കുന്നതിന്, സമുദ്രനിരപ്പ് വർദ്ധന, തീവ്രമായ സമുദ്രനിരപ്പ് സംഭവങ്ങൾ, ചുഴലിക്കാറ്റുകൾ എന്നിവയുടെ ആഘാതം കുറയ്ക്കുന്നതിൽ ഫലപ്രദമല്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ഒഡീഷയിലെ പെന്ത ഗ്രാമത്തിൽ ജിയോസിന്തറ്റിക് ട്യൂബുകൾ സ്ഥാപിച്ചത്, ഗ്രാമത്തിന്റെ തെക്കും വടക്കും ഉള്ള ബീച്ചുകളിൽ നിന്നുള്ള തീരദേശ മണ്ണൊലിപ്പിലേക്ക് നയിച്ചു. കേരളത്തിലും അശാസ്ത്രീയമായ തീരദേശ നിർമിതികൾ രൂക്ഷമായ തീരശോഷണത്തിനു വഴിവച്ചിട്ടുണ്ട്. പകരം, തദ്ദേശീയ കടൽപ്പായൽ കൃഷി, കൃത്രിമ പാരുകളുടെ വിന്യാസം, കടൽത്തീരത്തെ മണൽക്കൂനകൾ സ്ഥിരപ്പെടുത്തൽ തുടങ്ങിയ ഫലപ്രദമായ പൊരുത്തപ്പെടുത്തൽ നടപടികൾക്കും അഡാപ്റ്റേഷൻ ആവശ്യങ്ങൾക്കും ലഘൂകരണ നടപടികൾക്കും മുൻഗണന നൽകണം. ഈ സമീപനങ്ങൾ തീരപ്രദേശങ്ങളെ മണ്ണൊലിപ്പിൽ നിന്ന് സംരക്ഷിക്കുന്നതിനും പ്രാദേശിക സമൂഹങ്ങൾക്ക് ഉപജീവനമാർഗം നൽകുന്നതിനും സഹായിക്കുന്നു.
പാരിസ്ഥിതിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്, സമുദ്ര ആവാസവ്യവസ്ഥയിൽ നിന്ന് കാർബൺ ഡൈ ഓക്‌സൈഡ്, നൈട്രജൻ, ഫോസ്ഫറസ് എന്നിവ നീക്കം ചെയ്യുന്നതിനായി ഇന്ത്യൻ തീരത്തിന്റെ അനുയോജ്യമായ ഭാഗങ്ങളിൽ ശാസ്ത്രീയ രീതികൾ ഉപയോഗിച്ച് തിരഞ്ഞെടുത്ത നാടൻ കടൽപ്പായൽ ഇനങ്ങളുടെ കൃഷിക്ക് ഊന്നൽ നൽകേണ്ടതുണ്ട്. കടൽപ്പായൽ, അവയുടെ പാരിസ്ഥിതിക നേട്ടങ്ങൾക്കു പുറമേ, പ്രോട്ടീനുകളുടെ വിലപ്പെട്ട ഉറവിടമായി വർത്തിക്കും. ഇവയിൽ നിന്ന് വേർതിരിച്ചെടുക്കപ്പെടുന്ന പ്രോട്ടീനുകളും മറ്റ് ഉപോല്പന്നങ്ങളും വിപണിയിൽ ഏറെ സ്വീകാര്യമുള്ളവയാണ്.
ഇന്ത്യയുടെ നീല സമ്പദ്‌വ്യവസ്ഥ അതിന്റെ സാധ്യതകൾ ഉണ്ടായിരുന്നിട്ടും, സുസ്ഥിരമായ വളർച്ചയ്ക്കായി അഭിമുഖീകരിക്കേണ്ട നിരവധി വെല്ലുവിളികൾ അഭിസംബോധന ചെയ്യേണ്ടതുണ്ട്.
അമിത മത്സ്യബന്ധനം: പല മത്സ്യബന്ധനങ്ങളും അമിതമായി ചൂഷണം ചെയ്യപ്പെടുന്നു, ഇത് ദീർഘകാല സുസ്ഥിരതയ്ക്കും സമുദ്ര ജൈവവൈവിധ്യത്തിനും അപകടമുണ്ടാക്കുന്നു.
കാലാവസ്ഥാ വ്യതിയാനം: ഉയരുന്ന സമുദ്രനിരപ്പ്, സമുദ്രത്തിലെ അസിഡിഫിക്കേഷൻ, തീവ്രമായ കാലാവസ്ഥാ രീതികൾ എന്നിവ തീരദേശ ആവാസവ്യവസ്ഥകൾക്കും സമൂഹങ്ങൾക്കും കാര്യമായ ഭീഷണി ഉയർത്തുന്നു.
സമുദ്ര മലിനീകരണം: പ്ലാസ്റ്റിക്കുകൾ, രാസവസ്തുക്കൾ, എണ്ണച്ചോർച്ചകൾ എന്നിവയിൽ നിന്നുള്ള മലിനീകരണം സമുദ്രത്തിന്റെ ആരോഗ്യം മോശമാക്കുകയും സമുദ്രജീവികളെയും തീരദേശ ഉപജീവനമാർഗത്തെയും അപകടത്തിലാക്കുകയും ചെയ്യുന്നു.
അടിസ്ഥാന സൗകര്യങ്ങളുടെ കമ്മി: ഇന്ത്യയുടെ തുറമുഖ ഇൻഫ്രാസ്ട്രക്ചർ തിരക്കും കാര്യക്ഷമതയില്ലായ്മയും നേരിടുന്നു. ഇത് സമുദ്ര വ്യാപാരത്തിന്റെയും തീരദേശ വികസനത്തിന്റെയും വളർച്ചയെ തടസ്സപ്പെടുത്തുന്നു.
മെച്ചപ്പെട്ട നിയന്ത്രണ ചട്ടക്കൂടുകളും നൂതന സാങ്കേതികവിദ്യകളും ഉത്തരവാദിത്തമുള്ള മത്സ്യബന്ധന രീതികൾ പ്രോത്സാഹിപ്പിക്കുകയും മത്സ്യസമ്പത്ത് നിറയ്ക്കാനും ദീർഘകാല സുസ്ഥിരത ഉറപ്പാക്കാനും സഹായിക്കുന്നു. പുനരുപയോഗിക്കാവുന്ന മറൈൻ എനർജിയിലും തീരദേശ അടിസ്ഥാന സൗകര്യങ്ങളിലുമുള്ള നിക്ഷേപങ്ങൾ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുമ്പോൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളെ ലഘൂകരിക്കുന്നു. മാലിന്യ സംസ്‌കരണത്തിലും മലിനീകരണ നിയന്ത്രണത്തിലുമുള്ള നവീനതകൾക്കൊപ്പം ശക്തമായ പാരിസ്ഥിതിക നിയന്ത്രണങ്ങളും സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നു. ഹരിത സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതും ലോജിസ്റ്റിക്‌സ് കാര്യക്ഷമമാക്കുന്നതും കാര്യക്ഷമത വർദ്ധിപ്പിക്കുകയും പാരിസ്ഥിതിക ആഘാതം കുറയ്ക്കുകയും ചെയ്യുന്നു.
മണൽ ഖനനവും നീല സമ്പദ്‌വ്യവസ്ഥയും
ജലം കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്ന പ്രകൃതിവിഭവമാണ് മണൽ. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ അവയുടെ ഉപയോഗം മൂന്നിരട്ടിയായി വർദ്ധിച്ച് പ്രതിവർഷം ഏകദേശം 40-50 ബില്യൺ മെട്രിക് ടൺ ആയി. 2050-ഓടെ ആഗോള നഗര ജനസംഖ്യ ലോക ജനസംഖ്യയുടെ ഏതാണ്ട് 68% ആയിത്തീരുകയും, അതോടൊപ്പം നഗരങ്ങൾ വികസിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുകയും ചെയ്യുന്നതിനാൽ, മണലിന്റെ ആവശ്യം കാര്യമായി വർദ്ധിക്കും.
മണലിന്റെ ഭൗമ സ്രോതസ്സുകൾ ക്ഷയിച്ചതോടെ, സമുദ്ര ആവാസവ്യവസ്ഥകളിലേക്ക് നമ്മുടെ ശ്രദ്ധ തിരിഞ്ഞു. ആഴക്കടൽ മണൽ ഖനനം എന്നത് സമുദ്രത്തിന്റെ അടിത്തട്ടിൽ 200 മീറ്റർ ആഴത്തിൽ നിന്ന് മണൽ വേർതിരിച്ചെടുക്കുന്നതിനെ സൂചിപ്പിക്കുന്നു. മണലിന്റെ ഉയർന്ന ആവശ്യകതയും ഭൂമിയിൽ എളുപ്പത്തിൽ എടുക്കാവുന്ന നിക്ഷേപങ്ങളുടെ ദൗർലഭ്യവും കാരണം തീരക്കടൽ/ആഴക്കടൽ ഖനനങ്ങളുടെ തോത് വരുംനാളുകളിൽ വർദ്ധിക്കുമെന്ന കാര്യം അവിതർക്കിതമാണ്.
നീല സമ്പദ്‌വ്യവസ്ഥയിൽ വിഭാവനം ചെയ്യപ്പെടുന്ന ഒരു പ്രധാന സാമ്പത്തിക സ്രോതസ് മണലും മറ്റ് ധാതുക്കളും ആണ്. ആവാസവ്യവസ്ഥയുടെ സേവനങ്ങൾ നൽകുന്നതിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനും സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കുന്നതിനും കമ്യൂണിറ്റികൾക്കുള്ളിൽ ഉപജീവനമാർഗങ്ങൾ സുരക്ഷിതമാക്കുന്നതിനും മണൽ വിഭവങ്ങൾ തന്ത്രപരമായ പ്രധാന പങ്ക് വഹിക്കുന്നു. പ്രകൃതിദത്ത പരിതഃസ്ഥിതിയിലെ മണൽ, മത്സ്യബന്ധനത്തെയും ജൈവവൈവിധ്യത്തെയും പിന്തുണയ്ക്കുന്നു; തീരദേശ മണ്ണൊലിപ്പിൽ നിന്നും ജലസ്രോതസ്സുകളുടെ ഉപ്പുവെള്ളത്തിൽ നിന്നും സംരക്ഷിക്കുന്നു. കൂടാതെ ആവാസവ്യവസ്ഥകളിൽ ജലത്തിന്റെ സ്വാഭാവിക ശുദ്ധീകരണത്തിന് ഏറ്റവുമധികം സംഭാവനചെയ്യുന്നതും അടിത്തട്ടിലെ മണൽ ആണ്. കാലാവസ്ഥാ വ്യതിയാനം, കടലാക്രമണം, കൊടുങ്കാറ്റ് പോലുള്ള കാലാവസ്ഥാ സംഭവങ്ങൾ, സമുദ്രനിരപ്പ് ഉയർച്ച എന്നിവയെ സ്വാഭാവികമായി പ്രതിരോധിക്കുന്നതിൽ ബീച്ചുകളും മൺകൂനകളും പ്രധാനമാണ്. തീരദേശ മൺകൂനകൾ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങൾക്ക് ആവാസ വ്യവസ്ഥകൾ നൽകുന്നു. തീരരൂപീകരണത്തിനും പോഷക സൈക്ലിങ്ങിനും ഇവ പിന്തുണ നൽകുന്നു, തീരദേശ ജലാശയങ്ങളിലെ ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റത്തിൽനിന്ന് സംരക്ഷണം നൽകുന്നു. മണൽ കടൽത്തീരങ്ങൾ വിനോദസഞ്ചാരത്തിന്റെ പ്രധാന സൈറ്റുകൾ കൂടിയാണ്. ആവാസവ്യവസ്ഥയുടെ സേവനങ്ങൾ നൽകുന്നതിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനും സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കുന്നതിനും അതുപോലെ സമൂഹങ്ങൾക്കുള്ളിൽ ഉപജീവനമാർഗങ്ങൾ സുരക്ഷിതമാക്കുന്നതിനും മണൽ വിഭവങ്ങൾ തന്ത്രപരമായ ഒരു പങ്ക് വഹിക്കുന്നു.
ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ, മണൽ വേർതിരിച്ചെടുക്കൽ ഉണ്ടാക്കുന്ന കാര്യമായ ആഘാതങ്ങൾ സ്വാഭാവിക സന്തുലിതാവസ്ഥയെ ബാധിക്കും, ഇത് ഗുരുതരമായ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. അതുകൊണ്ടുതന്നെ ഓരോ പ്രദേശത്തിന്റെയും ഭൂപ്രകൃതിയുടെയും പാരിസ്ഥിതിക സാഹചര്യങ്ങളുടെയും അവിഭാജ്യ ഘടകമായി മണലിനെ അംഗീകരിക്കുകയും മണൽ വിതരണം നിയന്ത്രിക്കുന്ന പ്രക്രിയകൾ മനസ്സിലാക്കുകയും ചെയ്യുക എന്നത് സുസ്ഥിര മാനേജ്‌മെന്റിലേക്കുള്ള ആദ്യപടിയാണ്. ഉദാഹരണത്തിന്, പൊതുവേ, പ്രവർത്തനരഹിതമായ മണൽ നിക്ഷേപം വേർതിരിച്ചെടുക്കുന്നത് ഉടനടി ആഘാതം ഉണ്ടാക്കാൻ സാധ്യതയില്ല. നേരെമറിച്ച്, ജൈവസമ്പന്നമായ, ഒപ്പം ജൈവവിഭവങ്ങൾ ജനങ്ങളുടെ വരുമാനസ്രോതസായി വർത്തിക്കുന്ന ഇടങ്ങളിൽനിന്ന് മണൽ വേർതിരിച്ചെടുക്കുന്നതിന് സൂക്ഷ്മമായ വിലയിരുത്തലും ലഘൂകരണവും മാനേജ്മെന്റും ആവശ്യമാണ്. കേരളത്തിലെ മണൽ ഖനനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രശ്നങ്ങളുടെ ആഘാതം വിലയിരുത്താൻ വിശദമായ ഡാറ്റയും അതിന്റെ വിലയിരുത്തലും അനിവാര്യമാണ്. ചുരുക്കത്തിൽ, മണൽ വസ്തുക്കളുടെ ഭൂമിശാസ്ത്രപരമായ ഉത്ഭവവും ആധുനിക കാലത്തെ പ്രകൃതി പ്രക്രിയകളും മനസ്സിലാക്കുകയും അവയിൽ പ്രവർത്തിക്കുകയും ചെയ്യുന്നത് അവയുടെ സുസ്ഥിരമായ വേർതിരിച്ചെടുക്കലിന്റെ വിജയത്തിന് നിർണായകമാണ്.
ഇന്ത്യയിൽ, തീരത്തിന്റെ 12 നോട്ടിക്കൽ മൈലിനുള്ളിൽ (ടെറിറ്റോറിയൽ വാട്ടർ/ പ്രാദേശിക ജലം; 22. 22 കിലോമീറ്റർ) മത്സ്യബന്ധന അവകാശം പ്രാഥമികമായി നിയന്ത്രിക്കുന്നത് സംസ്ഥാന സർക്കാരുകളാണ്, അതേസമയം കേന്ദ്ര ഗവൺമെന്റ് 200 നോട്ടിക്കൽ മൈൽ വരെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിൽ (EEZ) മത്സ്യബന്ധന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു. നിർദ്ദിഷ്ട കടൽ മണൽ ഖനന പ്രദേശം പ്രാദേശിക ജലമേഖലയ്ക്ക് തൊട്ടുപുറത്താണ്, എന്നാൽ 40 മുതൽ 70 മീറ്റർ വരെ ആഴമുള്ള തീരക്കടലിനോട് ചേർന്ന പ്രദേശത്താണ്. സാങ്കേതികമായി ഇരുന്നൂറുമീറ്ററിലധികം ആഴമുള്ള പ്രദേശങ്ങളിലാണ് ആഴക്കടൽ ഖനനം സംഭവിക്കുന്നത്. പുതിയ ഔട്ട്ബോർഡ് എഞ്ചിനുകളുടെ വരവോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ 80 മീറ്ററിലധികം ആഴമുള്ള സമുദ്ര ഭാഗങ്ങളിൽ പോയി മീൻ പിടിക്കുന്നുണ്ട്. യന്ത്രവൽകൃതയാനങ്ങൾ ആഴക്കടലിലും മീൻപിടിക്കുന്നുണ്ട്. അതിനുപുറമെ ആഴക്കടൽ ട്രോളറുകളുടെ ഒരു പ്രധാന പ്രവർത്തന മേഖലയും കയറ്റുമതിക്കുള്ള മത്സ്യങ്ങൾ, ആഴക്കടൽ ചെമ്മീൻ, കണവ, ലോബ്സ്റ്റർ എന്നിവയുടെ പ്രധാന സ്രോതസ്സായ കൊല്ലം പരപ്പിലേക്കുള്ള വഴിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സാങ്കേതികമായി നിർദ്ദിഷ്ട ഖനന മേഖല 12 നൗട്ടിക്കൽ മൈൽ ദൂരത്തിന് വെളിയിലാണെങ്കിലും 70 മീറ്ററിനു താഴെ ആഴമുള്ള ഭാഗത്താണ് ഖനനം നടക്കുന്നത് , അതായത് നിർദ്ദിഷ്‌ട ഖനനം ആഴക്കടൽ ഖനനത്തേക്കാൾ തീരക്കടൽ ഖനനമാണ്, ഒപ്പം മത്സ്യബന്ധന മേഖലയും ആണ്.
ആവാസവ്യവസ്ഥയുടെ നാശം മൂലം മത്സ്യസമ്പത്ത് കുറയുന്നത് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെയും അനുബന്ധതൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെയും വരുമാനത്തെയും ഭക്ഷ്യസുരക്ഷയെയും ബാധിക്കും. കേരളത്തിൽത്തന്നെ ഏറ്റവും മെച്ചപ്പെട്ട മത്സ്യബന്ധനം നടക്കുന്ന, പ്രതിവർഷം ഏറ്റവുമധികം സമുദ്രമത്സ്യവിഭവ ലാൻഡിങ് നടക്കുന്ന, കൊല്ലം തീരത്ത് ഇതിനുള്ള സാധ്യതകൾ ഏറെയാണ്. നിർദ്ദിഷ്ട മണൽ ഖനന ബ്ലോക്കുകൾ എല്ലാം തന്നെ 70 മീറ്റർ താഴ്ചക്കുള്ളിൽ വരുന്ന ഭാഗങ്ങൾ ആണ്. നിലവിൽ മോട്ടോർ ബോട്ടുകൾ ഈ മേഖലയിൽ നിന്ന് മീൻ പിടിക്കുന്നുണ്ട്. സാങ്കേതികമായി ടെറിട്ടോറിയൽ ജലമേഖലയ്ക്ക് പുറത്താണെങ്കിലും മീൻപിടിത്തമേഖലയുമായി ചേർന്നുകിടക്കുന്ന ഭാഗമെന്ന നിലയിൽ മീൻപിടിത്തത്തിന് വലിയ വെല്ലുവിളിയാകും മണൽ ഖനനത്താൽ സൃഷ്ടിക്കപ്പെടുക. ഒപ്പം കൊല്ലം പരപ്പിലേക്ക് യന്ത്രവത്കൃതയാനങ്ങൾ പോകുന്ന മേഖലയിലാണ് നിർദ്ദിഷ്ട ഖനന ബ്ലോക്കുകളെല്ലാം സ്ഥിതി ചെയ്യുന്നത്. കൂടാതെ, നിർദ്ദിഷ്ട ഖനന മേഖല തീരസമുദ്രത്തിലെ ജൈവസമ്പന്നമായ പാറപ്പാരുകൾക്കും ആഴക്കടലിലെ കൊല്ലം പരപ്പിനും മദ്ധ്യേ സ്ഥിതിചെയ്യുന്നതിനാൽ ഇതിന്റെ പ്രത്യാഘാതം ഇരുപ്രദേശങ്ങളിലും ഉണ്ടാകാനും മത്സ്യത്തൊഴിലാളികളുടെ ജീവസാന്ധാരണ മാർഗങ്ങളെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. കേരള തീരത്ത് കൃത്രിമ പാരുകൾ സ്ഥാപിക്കുന്നതുപോലെയുള്ള കടൽ മത്സ്യസമ്പത്ത് സംരക്ഷിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്കിടയിലും മണൽ ഖനനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക നാശം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ കൂടുതൽ ദുരിതത്തിലാക്കും.
അത്യുൽപാദന ശേഷിയുള്ള കൊല്ലം പരപ്പിന് സമീപം മണൽ ഖനനംനടത്തിയാൽ മത്സ്യസമ്പത്ത് ഗണ്യമായി കുറയുകയും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വരുമാനം കുറയുകയും ചെയ്യും. കടലിന്റെ അടിത്തട്ടിലുള്ള ആവാസവ്യവസ്ഥയുടെ തകരാറുകൾ വീണ്ടെടുക്കാൻ വർഷങ്ങളെടുത്തേക്കാം, അടിത്തട്ടിൽ വസിക്കുന്ന ചെമ്മീനുകളെ ലക്ഷ്യമിടുന്ന ട്രോളർ പ്രവർത്തനങ്ങളെ ഇത് ബാധിക്കും. കൂടാതെ, കൊല്ലത്തെ പാറക്കെട്ടുകളുടെ നാശം മത്സ്യസമ്പത്ത് കൂടുതൽ കുറയ്ക്കും, ഇത് ആവാസവ്യവസ്ഥയെ ഉപജീവനത്തിനായി ആശ്രയിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കും. മണൽ ഖനനത്തിനെതിരെ മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ മത്സ്യത്തൊഴിലാളികൾ മത്സ്യങ്ങളുടെ എണ്ണം കുറയുന്നതായി ചൂണ്ടിക്കാട്ടി പ്രതിഷേധിച്ചിരുന്ന കാര്യം ഇത്തരുണത്തിൽ പരിഗണിക്കേണ്ടതാണ്.
അനിയന്ത്രിതമായ മണൽ ഖനനം തീരത്തിന്റെ തകർച്ചയ്ക്കും ജനവാസമേഖലകളിൽ വെള്ളപ്പൊക്കത്തിനും കാരണമാകും. ഇത് പ്രാദേശിക സമൂഹങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നിർബന്ധിതമാക്കുന്ന സാഹചര്യം സൃഷ്ടിക്കാം. ഏഷ്യയുടെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഇന്തോനേഷ്യയിൽ, അമിതമായ മണലെടുപ്പ് പല തീരദേശഗ്രാമങ്ങളെയും പൂർണമായി നശിപ്പിച്ചതായി പഠനങ്ങൾ വ്യക്തമാക്കുന്നു. സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് മണൽ നീക്കം ചെയ്യുന്നത് സ്വാഭാവിക അവശിഷ്ട ഗതാഗതത്തെ തടസ്സപ്പെടുത്തുന്നു, ഇത് തീരപ്രദേശങ്ങളുടെ ദീർഘകാല സ്ഥിരതയെ ബാധിക്കുന്നു.
സുസ്ഥിര ആവാസവ്യവസ്ഥ മാനേജ്മെന്റിൽ ദീർഘകാല പാരിസ്ഥിതികവും സാമ്പത്തികവുമായ മൂല്യം വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. നിലവിൽ ഇന്ത്യയുടെ കടൽ മണൽ വേർതിരിച്ചെടുക്കുന്നതിൽ നിന്ന് ലഭിക്കുന്ന വരുമാനം പാരിസ്ഥിതിക ചെലവിനേക്കാൾ കൂടുതലാകില്ല. 2023-–24 കാലഘട്ടത്തിൽ ഇന്ത്യയിൽനിന്നുള്ള സമുദ്രോല്പന്ന കയറ്റുമതി 60,523.89 കോടി രൂപയാണ്. സ്വാഭാവികമായും മണൽ ഖനനം സൃഷ്ടിക്കാനിടയുള്ള പാരിസ്ഥിതിക നാശവും മത്സ്യബന്ധനത്തിലെ കുറവ് ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടവും കടൽ മണൽ ഖനനത്തിന്റെ ഉയർന്ന ചെലവും കൂടി കണക്കാക്കുമ്പോൾ ലാഭം, ഖനനം ചെയ്യുന്ന കമ്പനിക്ക് മാത്രമായി പരിമിതപ്പെടാനാണ് സാധ്യത.
ഇതുകൂടാതെ കടൽ മണൽ ഖനന പ്രക്രിയ സങ്കീർണ്ണമാണ്. ആദ്യം, മണലും അവശിഷ്ടവും ഡ്രഡ്ജ് ചെയ്ത് ബാർജുകൾ വഴി കൊണ്ടുപോകണം. ശേഖരിച്ച മണൽ കളിമണ്ണും ചെളിയും നീക്കം ചെയ്യുന്നതിനായി ഒന്നിലധികം റൗണ്ട് വൃത്തിയാക്കൽ ആവശ്യമാണ്. തുടർന്ന് കരയിലെത്തിച്ച് ശുദ്ധജലം ഉപയോഗിച്ച് മണൽ കൂടുതൽ കഴുകേണ്ടി വരും. വേർതിരിച്ചെടുക്കുന്ന മണൽ കഴുകുന്നതിന് കരയിൽ നിന്നുള്ള ശുദ്ധജല സ്രോതസ്സുകൾ ഉപയോഗിക്കുന്നതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും അതിനുവേണ്ട ശുദ്ധജലലഭ്യതയും ശ്രദ്ധാപൂർവ്വം പരിഗണിക്കേണ്ടതുണ്ട്.
കടലിലെ മണൽ നിക്ഷേപം ഭാഗികമായി എത്തുന്നത് നദികളിൽ നിന്നാണെന്ന് പര്യവേക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, നദികളുടെ ഒഴുക്കും അതുവഴിയുള്ള മണലിന്റെ ഒഴുക്കും ഇപ്പോൾ അണക്കെട്ടുകൾ കാരണം വളരെ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ഇത് സമുദ്ര ആവാസവ്യവസ്ഥയിൽ മണൽ സുസ്ഥിരമായി എത്തുന്നത് കുറയ്ക്കുന്നു. കൊല്ലം തീരത്ത്, അഷ്ടമുടിക്കായലിലേക്ക് എത്തുന്ന പുഴകളിലെ അണക്കെട്ടുകൾ മണൽ ഒഴുക്കിവിടുന്നത് കുറച്ചിട്ടുണ്ട്, ഒപ്പം കൂടുതൽ എക്കൽ ആണ് കടലിൽ കൂടുതൽ അടിയുന്നത്. നദിയിൽ നിന്നുള്ള മണൽ വരവ് തടഞ്ഞതിനാൽ ഈ വീണ്ടെടുക്കൽ കൂടുതൽ വൈകുന്നു.
വേർതിരിച്ചെടുക്കുന്ന മണൽ പ്രാഥമികമായി നിർമ്മാണ നിലവാരത്തിലുള്ളതാണെന്ന അനുമാനം തെളിയിക്കപ്പെടേണ്ടതുണ്ട്. പ്രദേശത്തെ ഫീൽഡ് പഠനങ്ങൾ സൂചിപ്പിക്കുന്നത് ഉയർന്ന എക്കലിന്റെ അളവ്, അഷ്ടമുടിക്കായലിൽ നിന്നുള്ള ചെളി നി ക്ഷേപം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട് എന്നാണ്. അതായത് കൊല്ലം തീരത്ത് മണലിൽ സിംഹഭാഗവും നിർമ്മാണ നിലവാരത്തിലുള്ളതാണെന്ന അവകാശവാദം ശരിയാവണമെന്നില്ല. ഈ പ്രദേശത്തു നടത്തിയ സ്‌കൂബാ ഡൈവിങ് പഠനങ്ങൾ വൻതോതിൽ എക്കൽ അടിയുന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഖനനം ചെയ്ത വസ്തുക്കളുടെ യഥാർത്ഥ ഘടനയെക്കുറിച്ചും നിർമ്മാണ ആവശ്യങ്ങൾക്ക് അനുയോജ്യമാണ് എന്നതിനെക്കുറിച്ചും ആശങ്ക ഉയർത്തുന്നു.
സമുദ്ര ആവാസവ്യവസ്ഥകൾക്ക് വ്യക്തമായ ഭൗതിക അതിരുകൾ ഇല്ലാത്തതിനാൽ, ആഴക്കടൽ ഖനനത്തിന്റെ പ്രത്യാഘാതങ്ങൾ ഖനനമേഖലയ്ക്ക് അപ്പുറത്തേക്ക് വ്യാപിക്കുന്നു. അതുവഴി പാരിസ്ഥിതിക അസ്വസ്ഥതകൾ പ്രദേശങ്ങളിലുടനീളം വ്യാപിക്കുകയും പ്രവചനാതീതമായ പ്രത്യാഘാതങ്ങൾക്ക് കാരണമാവുകയും ചെയ്യും. പ്രാഥമിക ഉൽപാദനത്തിലെ ഇടിവ് പ്രാദേശിക തലങ്ങളിൽ മാത്രമല്ല ആഗോളതലത്തിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും മീൻപിടിത്തം ഉപജീവനമാർഗമായ ലക്ഷക്കണക്കിന് ജനങ്ങളുടെ വരുമാനത്തെയും പോഷകസുരക്ഷയെയും ബാധിക്കുകയും ചെയ്യാം.
ലോകമെമ്പാടും രാജ്യങ്ങൾ നീല സമ്പദ്‌വ്യവസ്ഥയെ മുറുകെപ്പിടിക്കുന്ന കാലഘട്ടത്തിൽ കടൽ മണൽ ഖനനം ഒരു ആഗോള സമ്പ്രദായമായി മാറിയിട്ടുണ്ട്. അതിന്റെ പ്രതികൂല പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ കാരണം കൂടുതൽ സൂക്ഷ്മപരിശോധനയ്ക്ക് അത് വിധേയമാവുകയും ചെയ്യുന്നുണ്ട്. വർദ്ധിച്ചുവരുന്ന ഈ ആശങ്ക സമുദ്ര ജൈവവൈവിധ്യത്തെക്കുറിച്ചും വിഭവ സുസ്ഥിരതയിൽ മണൽ ഖനനം സൃഷ്ടിക്കാനിടയുള്ള ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചും ആഴത്തിലുള്ള പഠനങ്ങൾ ആവശ്യപ്പെടുന്നതിലേക്ക് നയിച്ചു.
ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ, മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം ആഴം കുറഞ്ഞ തീരദേശ ജലത്തിന്റെ ആരോഗ്യത്തെയും സുസ്ഥിരമായ വിഭവ ലഭ്യതയെയും ആശ്രയിച്ചിരിക്കുന്നു. ഉത്തരവാദിത്തമുള്ള റിസോഴ്സ് മാനേജ്മെന്റിന്റെ ആവശ്യകത പ്രത്യേകിച്ചും അടിയന്തിരമായും അനിവാര്യമാണ്. വാണിജ്യാടിസ്ഥാനത്തിൽ വിലപിടിപ്പുള്ള പല സമുദ്രജീവികളും 100 മീറ്റർ വരെ ആഴത്തിൽ സ്ഥിതി ചെയ്യുന്ന ഭക്ഷണ, പ്രജനന കേന്ദ്രങ്ങളെ ആശ്രയിക്കുന്നു, പലപ്പോഴും ആഴത്തിലുള്ള വെള്ളത്തിൽ നിന്ന് മത്സ്യബന്ധനം നിലനിർത്തുന്ന തീരപ്രദേശങ്ങളിലേക്ക് ഇവ കുടിയേറുന്നു. ഇത്തരം പാരിസ്ഥിതിക പാരസ്പര്യത്തിനുള്ള ഒരു പ്രധാന ഭീഷണിയാണ് കടൽ മണൽ ഖനനം.
യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ (യുഎൻഇപി) 2019 ലെ സാൻഡ് ഗവേണൻസ് റിപ്പോർട്ട് മണൽ ഖനന മേഖലയിൽ നിലനിൽക്കുന്ന ദുർബലമായ പരിപാലനസംവിധാനങ്ങളും അപര്യാപ്തമായ ഗവേഷണവും എടുത്തുകാണിക്കുന്നു. കടൽത്തീരത്തെ മണൽ ഖനനം പലപ്പോഴും മോശമായി കൈകാര്യം ചെയ്യപ്പെടുന്നുവെന്നും, ഇത് ഗുരുതരമായ പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആഗോളതലത്തിൽ മണൽ ഖനനത്തിന്റെ തോത് വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ അടുത്ത ദശകങ്ങളിൽ മണൽ ഖനനത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങളെ സംബന്ധിച്ച് നിരവധി ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. ഇത് സംരക്ഷണവും സുസ്ഥിരതയും സംബന്ധിച്ച അന്താരാഷ്ട്ര ചർച്ചകളിൽ മണൽ ഖനനം പ്രത്യേക പരാമർശവിഷയമാകാൻ പ്രേരകമായിട്ടുണ്ട്. ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടി പരിപാടി, വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (ഡബ്ല്യുഡബ്ല്യുഎഫ്) തുടങ്ങിയ അന്താരാഷ്ട്ര സംഘടനകൾ മണൽ ഖനനത്തിൽ നിന്നുള്ള കൂടുതൽ നാശനഷ്ടങ്ങൾ തടയുന്നതിനുള്ള ശുപാർശകൾ പുറത്തിറക്കിയിട്ടുണ്ട്. വിപുലമാണെങ്കിലും, ഈ ശുപാർശകൾ സാധാരണയായി നാല് വ്യത്യസ്ത വിഭാഗങ്ങളിൽ ഉൾപ്പെടുന്നു:
l മണലിനെ പരിമിതമായ തന്ത്രപരമായ ഒരു വിഭവമായി തിരിച്ചറിയാനും അതനുസരിച്ച് അതിന്റെ ഉപഭോഗം ക്രമപ്പെടുത്താനും നിയന്ത്രിക്കാനും ലക്ഷ്യമിടുന്ന നിയമനിർമ്മാണം.
l നമ്മുടെ പരിസ്ഥിതിയിൽ മണൽ ഖനനത്തിന്റെ പ്രത്യാഘാതങ്ങൾ നന്നായി മനസ്സിലാക്കാനും പുതിയ ബദൽ വിഭവങ്ങളും റീസൈക്ലിങ് ടെക്നിക്കുകളും കണ്ടെത്താനും സഹായിക്കുന്നതിന് മണൽ വിഭവങ്ങളെ മാപ്പ് ചെയ്യാനും നിരീക്ഷിക്കാനും റിപ്പോർട്ടുചെയ്യാനും ലക്ഷ്യമിടുന്ന ഗവേഷണം.
l പുനരുപയോഗം ചെയ്ത വിഭവങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും നൈതികമായി എടുക്കാവുന്ന ഉറവിടങ്ങൾ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന സുസ്ഥിരത. അതുപോലെ തന്നെ പരിസ്ഥിതി വ്യവസ്ഥകൾ പുനഃസ്ഥാപിക്കുന്നതിനും നഷ്ടം നികത്തുന്നതിനുമുള്ള പദ്ധതികൾ സ്ഥാപിക്കുക.
l മണൽ ഖനനത്തിന്റെ പരുഷമായ യാഥാർത്ഥ്യത്തെ ചുറ്റിപ്പറ്റിയുള്ള പൊതു അവബോധം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന വിദ്യാഭ്യാസം. ഒപ്പം, എഞ്ചിനീയർമാരെയും ആർക്കിടെക്റ്റുകളെയും കുറഞ്ഞ വിഭവാധിഷ്ഠിത ഡിസൈനുകളെയും അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ച് ബോധവൽക്കരിക്കാനുള്ള പ്രവർത്തനങ്ങൾ.
കടലിൽ മികച്ച മണൽശേഖരവും വികസനത്തിനായുള്ള മണലിന്റെ വർദ്ധിച്ചുവരുന്ന ആവശ്യവും ഉണ്ടായിരുന്നിട്ടും, നയരൂപകർത്താക്കൾ കടൽ മണൽ ഖനനത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങളെ അവഗണിക്കുകയാണ് എന്നു കാണാം. ആഴക്കടൽ ഖനനത്തിലേക്ക് ഇന്ത്യ ചുവടുവെക്കുമ്പോൾ, വിശദമായ മാനേജ്മെന്റ് ആക്ഷൻ പ്ലാനുകൾ തയ്യാറാക്കുകയും സമഗ്രമായ പാരിസ്ഥിതിക ആഘാത വിലയിരുത്തലുകൾ നടത്തുകയും ഉത്തരവാദിത്തമുള്ള കടൽത്തീര മണൽ ഖനനം ഉറപ്പാക്കുന്നതിന് സുതാര്യമായ ഭരണ ചട്ടക്കൂടുകൾ നടപ്പിലാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഖനനത്തിന്റെ ശാസ്ത്രീയവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിന് ഡാറ്റാധിഷ്ഠിത സമീപനം ആവശ്യമാണ്, പ്രത്യേകിച്ചും ആഴക്കടൽ ഖനനത്തിന് മൊറട്ടോറിയം വേണമെന്ന സമുദ്ര ശാസ്ത്രജ്ഞരുടെ ആഗോള ആഹ്വാനത്തിന്റെ വെളിച്ചത്തിൽ.
സമഗ്രമായ പാരിസ്ഥിതിക ആഘാത വിലയിരുത്തലില്ലാതെ കൊല്ലത്തെ തീരക്കടലിൽ നിന്ന് മണൽ ഖനനം ചെയ്യാനുള്ള ഏതൊരു ശ്രമവും ഗുരുതരമായ പാരിസ്ഥിതിക പിഴവായിരിക്കും. വംശനാശഭീഷണി നേരിടുന്ന പവിഴപ്പുറ്റുകളെ സംരക്ഷിക്കുകയും സുപ്രധാന മത്സ്യസമ്പത്ത് നിലനിർത്തുകയും ചെയ്യുന്ന സവിശേഷമായ പാറപ്പാരുകൾ നിറഞ്ഞ ആവാസവ്യവസ്ഥയാണ് കൊല്ലത്തെ തീരക്കടലിൽ ഉള്ളത്. ഈ ആവാസവ്യവസ്ഥകൾ സമുദ്ര ആരോഗ്യം നിലനിർത്തുന്ന അവശ്യ സേവനങ്ങൾ നൽകുന്നു. കൂടാതെ, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത (SDG 1: ദാരിദ്ര്യമില്ലായ്മ; SDG 2: പട്ടിണിയില്ലായ്മ; SDG 6: ശുദ്ധജലവും ശുചിത്വവും; SDG 8: മാന്യമായ ജോലിയും സാമ്പത്തിക വളർച്ചയും; SDG 12: ഉത്തരവാദിത്തമുള്ള ഉപഭോഗവും ഉൽപാദനവും; SDG 13: കാലാവസ്ഥാ പ്രവർത്തനം; 14: വെള്ളത്തിന് താഴെയുള്ള ജീവൻ) നിറവേറ്റാൻ മണൽ ഖനനത്തിന് കൂടുതൽ ജാഗ്രതയോടെയുള്ള സമീപനം ആവശ്യമാണ്.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഒരു പര്യവേക്ഷണ പഠനത്തിൽ കേരള തീരത്ത് 20 മുതൽ 80 മീറ്റർ വരെ ആഴത്തിലുള്ള സമുദ്ര അവശിഷ്ടങ്ങളിൽ നിർമ്മാണ-ഗ്രേഡ് മെറ്റീരിയലും സിലിക്കയും ഉൾപ്പെടെ വലിയ അളവിൽ മണൽ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് (സുകുമാരൻ et al., 2010). എന്നിരുന്നാലും, പ്രസ്തുത റിപ്പോർട്ടിൽ തന്നെ ആവാസവ്യവസ്ഥയിലും ജൈവവൈവിധ്യത്തിലും മണൽ ഖനനത്തിന്റെ മുഴുവൻ ആഘാതവും മനസ്സിലാക്കാൻ തുടർച്ചയായ നിരീക്ഷണത്തിന്റെയും പാരിസ്ഥിതിക വിലയിരുത്തലുകളുടെയും ആവശ്യകതയും റിപ്പോർട്ട് ഊന്നിപ്പറയുന്നു.
സമുദ്ര പരിസ്ഥിതിയുടെ സുസ്ഥിരമായ മാനേജ്മെന്റ് ആവാസവ്യവസ്ഥയുടെ ഘടനയും പാരിസ്ഥിതിക പ്രവർത്തനങ്ങളും എങ്ങനെ സമൂഹത്തിന് നേട്ടമായി മാറുന്നുവെന്ന് പര്യവേക്ഷണം ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള ആഴത്തിലുള്ള സമഗ്രപഠനങ്ങൾ നിർദ്ദിഷ്ട ഖനന മേഖലയിൽ നടന്നിട്ടില്ല. കടൽത്തീര ധാതു നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ജീവിവർഗങ്ങളെയും ആവാസ വ്യവസ്ഥയെയും കുറിച്ചുള്ള ഡാറ്റ വളരെ കുറവാണ്, ഇത് പാരിസ്ഥിതിക ആഘാതം സംബന്ധിച്ച പ്രസ്താവനകളിൽ വെള്ളംചേർക്കാൻ ഇടയാക്കുന്നു. നിർദ്ദിഷ്ട ഖനന ബ്ലോക്കുകളിലെ ബയോളജിക്കൽ കമ്യൂണിറ്റികളെയും ജലപ്രവാഹങ്ങളുടെ രീതികളെയും ഭൂമിശാസ്ത്രപരമായ സവിശേഷതകളെയും കുറിച്ചുള്ള സമഗ്രമായ അടിസ്ഥാന ഡാറ്റ, അനുബന്ധ ഇക്കോസിസ്റ്റം സേവനങ്ങളുടെ മാപ്പിങ് സുഗമമാക്കും. ധാതു നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥയുടെ പ്രവർത്തനങ്ങളും സേവനങ്ങളും അനുമാനിക്കുന്നത്, ധാതുക്കൾ വേർതിരിച്ചെടുക്കുന്നതിന്റെ ആഘാതം കണക്കാക്കുന്നതിന് അത്യന്താപേക്ഷിതമാണ്. കൂടാതെ മാനേജ്മെന്റ് ആവശ്യങ്ങൾക്കായി ഖനനത്തിന്റെ അനന്തരഫലങ്ങൾ രേഖപ്പെടുത്തുകയും അവയെ പാരിസ്ഥിതിക ആഘാത പ്രസ്താവനകളുമായി സംയോജിപ്പിക്കുകയും വേണം. നിർദ്ദിഷ്ട സമ്മർദങ്ങളുടെ പ്രത്യാഘാതങ്ങൾ കണക്കാക്കുന്നത്, വലിയ തോതിലുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുമുമ്പ് മതിയായ മാനേജ്മെന്റ് നടപടികളോ ഉചിതമായ നഷ്ടപരിഹാര തീരുമാനങ്ങളോ എടുക്കാൻ പ്രാപ്തമാക്കും.
സമഗ്രമായ പാരിസ്ഥിതിക ആഘാത വിലയിരുത്തലുകളുടെ അഭാവവും വ്യത്യസ്ത ഖനന രീതികളെക്കുറിച്ചുള്ള താരതമ്യ പഠനങ്ങളുടെ അഭാവവും കണക്കിലെടുക്കുമ്പോൾ, വൻതോതിലുള്ള മണൽ ഖനനത്തിലേക്ക് തിരക്കുകൂട്ടുന്നതിന് ന്യായീകരണമില്ല. 2006-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി പ്രമേയം 61/105 അംഗീകരിച്ച ജൈവവൈവിധ്യത്തിന്റെ അന്തർലീനമായ മൂല്യം, ദുർബലമായ ആഴക്കടൽ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള അടിയന്തര നടപടിയുടെ ആവശ്യകതയെ അടിവരയിടുന്നു. ഈ പ്രമേയം ആഴക്കടൽ ജൈവവൈവിധ്യത്തിന്റെ അപാരമായ പ്രാധാന്യം അംഗീകരിക്കുകയും വിനാശകരമായ പ്രവർത്തനങ്ങളിൽ നിന്ന് അതിനെ സംരക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. കൂടാതെ, 2030 ഓടെ ജൈവവൈവിധ്യ നഷ്ടം ഇല്ലാതാക്കുന്നതിനുള്ള സമീപകാല ആഗോള പ്രതിബദ്ധതകൾ ഒരു മുൻകരുതൽ സമീപനത്തിന്റെ ആവശ്യകതയെ ശക്തിപ്പെടുത്തുന്നു.
പ്രാദേശികവൽക്കരിച്ച മണൽ ഡാറ്റ സിഗ്‌നലുകൾ കാണിക്കുന്നതിലൂടെ നയ നടപടികളും പ്രാദേശിക തലത്തിലുള്ള ഇടപെടലുകളും സാധ്യമാക്കുന്നു. അടുത്തിടെ വികസിപ്പിച്ച മറൈൻ സാൻഡ് വാച്ച് റിപ്പോർട്ടിംഗ് പ്ലാറ്റ്‌ഫോം (https://oceanrisk.earth/reports/) അനുസരിച്ച്, മണൽ ഖനന സ്രോതസ്സുകളെക്കുറിച്ചുള്ള അടിസ്ഥാന അറിവിന്റെയും അവബോധത്തിന്റെ യും അഭാവം, വിഭവങ്ങളിലും തീരദേശ ഉപജീവനത്തിലും മണലിന്റെ സ്വാധീനം നിരീക്ഷിക്കുന്നതിനുള്ള പ്രാദേശികവും ആഗോളവുമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. ഇത് ഭാഗികമായി സൂചിപ്പിക്കുന്നത് ഡാറ്റ ദൗർലഭ്യമുള്ള പ്രദേശങ്ങൾക്ക്, ഉദാഹരണത്തിന് ഇന്ത്യയുടെ ചില ഭാഗങ്ങളിലും ദക്ഷിണേന്ത്യയിലും, അത്തരം ഒരു ചട്ടക്കൂട് പ്രാദേശിക സുസ്ഥിര പ്രവർത്തനങ്ങളുടെ വികസനത്തിന് സഹായകമാകും. അടിസ്ഥാന വിവരശേഖരണത്തിന്റെ മൂല്യം 2013-ലെ റവന്യൂ വാച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് നന്നായി വിശദീകരിക്കുന്നുണ്ട്, അത്തരം വിവരങ്ങളുടെ അഭാവം എക്‌സ്‌ട്രാക്ഷൻ കരാറുകളുടെ സുതാര്യതയെ പരിമിതപ്പെടുത്തുന്നു. 2021-ലെ നാച്ചുറൽ റിസോഴ്‌സ് ഗവേണൻസ് ഇൻഡക്‌സ് അനുസരിച്ച്, നൽകിയിട്ടുള്ള എക്‌സ്‌ട്രാക്ഷൻ സോണിൽ നിന്ന് ലഭിക്കേണ്ട മൂല്യ സാക്ഷാത്കാരവും റവന്യൂ മാനേജ്‌മെന്റ് സ്‌കോറുകളും അടിസ്ഥാനമാക്കി അത്തരം അടിസ്ഥാന ഡാറ്റ കൂടുതൽ വിലയിരുത്താവുന്നതാണ്. ആഗോളവും പ്രാദേശികവുമായ വിതരണ, ഡിമാൻഡ് ശൃംഖലയുടെ പശ്ചാത്തലത്തിൽ മണൽ ഖനനത്തിൽ നിന്നുള്ള വരുമാനം എത്രമാത്രം അസ്ഥിരമാണ് എന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഭാവിയിൽ മണൽ ഖനനത്തിൽ നിന്നുണ്ടാകുന്ന അപകടസാധ്യതകൾ കുറയ്ക്കുന്നതിൽ അത് നിർണായകമാണ്. യുഎൻഇപി അടുത്തിടെ വികസിപ്പിച്ച മറൈൻ സാൻഡ് വാച്ച് ടൂളും റിപ്പോർട്ടിംഗ് ഡാഷ്‌ബോർഡും സുസ്ഥിരമായ ഫലങ്ങൾ പ്രാപ്‌തമാക്കുന്നതിന്, മണൽ ഖനനവുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ ഏകോപിപ്പിച്ച അക്കൗണ്ടിംഗ് സമീപനങ്ങൾ ആവശ്യമാണ് എന്ന് വ്യക്തമാക്കുന്നു.
മുന്നോട്ടുള്ള വഴി
വളർച്ച, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, തുല്യത, പരിസ്ഥിതി സംരക്ഷണം എന്നീ വിശാലമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സുസ്ഥിരതയുമായി സാമ്പത്തിക നേട്ടങ്ങളെ സന്തുലിതമാക്കുക എന്ന ഗാന്ധിയൻ സമീപനം ഇന്ത്യ സ്വീകരിക്കണം.
മറൈൻ ഐസിടി, ഗതാഗതം (ഷിപ്പിംഗ്), ആശയവിനിമയ സേവനങ്ങൾ, സമുദ്ര ഗവേഷണത്തിനും വികസനത്തിനുമായി ഒരു വിജ്ഞാന കേന്ദ്രം സൃഷ്ടിക്കൽ എന്നിവയിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണം.
വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ മഹാസമുദ്ര സുരക്ഷാ തന്ത്രത്തിന് മാനുഷിക പ്രതിസന്ധികളെയും പ്രകൃതി ദുരന്തങ്ങളെയും നേരിടാൻ ഫലപ്രദമായ പ്രതികരണ സംവിധാനം ഉണ്ടാക്കണം.
ഇന്ത്യ അതിന്റെ സമുദ്രങ്ങളെ വെറും ജലസ്രോതസ്സുകളും വിഭവ സ്രോതസ്സുകളും മാത്രമായി കാണരുത്, മറിച്ച് സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ തുടർച്ചയായ സംവേദനത്തിനുള്ള ആഗോള വേദിയായി കാണണം.
വിശാലമായ സമുദ്ര താൽപ്പര്യങ്ങൾക്കൊപ്പം, ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ നീല സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു സുപ്രധാന സ്ഥാനമുണ്ട്. സുസ്ഥിരതയും സാമൂഹിക-, സാമ്പത്തിക ക്ഷേമവും കേന്ദ്ര-ഘട്ടമായി നിലനിർത്തിയാൽ, അത് ജിഡിപിയുടെയും ക്ഷേമത്തിന്റെ യും അടുത്ത ഗുണിതമാകാം.
വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ മഹാസമുദ്ര സുരക്ഷാ തന്ത്രത്തിന് മാനുഷിക പ്രതിസന്ധികളെയും പ്രകൃതി ദുരന്തങ്ങളെയും നേരിടാൻ ഫലപ്രദമായ പ്രതികരണ സംവിധാനം ഉണ്ടാക്കേണ്ടതുണ്ട്.
മെച്ചപ്പെട്ട നിയന്ത്രണ ചട്ടക്കൂടുകളും നൂതന സാങ്കേതികവിദ്യകളും ഉത്തരവാദിത്തമുള്ള മത്സ്യബന്ധന രീതികൾ പ്രോത്സാഹിപ്പിക്കാനും മത്സ്യസമ്പത്ത് നിറയ്ക്കാനും ദീർഘകാല സുസ്ഥിരത ഉറപ്പാക്കാനും സഹായിക്കുന്നു. l