Friday, April 25, 2025

ad

Homeകവര്‍സ്റ്റോറിരാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ ഇടം

രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ ഇടം

എം എ ബേബി/കെ എസ് രഞ്ജിത്ത്

ഇന്ത്യൻ രാഷ്ട്രീയം
1. വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഇടതുപക്ഷത്തിന്റെ ഇടത്തെ എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത്?

നിരന്തരമായ സമരത്തിന്റെ ഇടമാണ് ഇടതുപക്ഷം. സമരങ്ങൾ ശരിയായ പ്രശ്നങ്ങളെ മുൻനിർത്തിയാവണം. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കോർപ്പറേറ്റ് ഹിന്ദുത്വ കൂട്ടുകെട്ടിന്റെ അമിതാധികാര ഭരണം ഇന്ത്യൻ ഭരണകൂടത്തെ പൂർണ്ണ ഫാസിസത്തിലേക്ക് നയിക്കുന്നതിനുമുമ്പ് ഈ ഭരണത്തെ നിഷ്കാസനം ചെയ്യുക എന്നതാണ് ഇടതുപക്ഷം അതിന്റെ മുഖ്യ അടിയന്തര കടമയായി നിർവചിക്കുന്നത്. എന്നാൽ ഇടതുപക്ഷ ഇതര പാർട്ടികളും ബിജെപി ഭരണത്തെ അവസാനിപ്പിക്കുക എന്നത് തങ്ങളുടെ ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ ഇടതുപക്ഷത്തിന്റെ ലക്ഷ്യം വർഗീയ സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള നരേന്ദ്ര മോദി ഭരണം അവസാനിപ്പിക്കുക എന്നത് മാത്രമല്ല അതിനെതുടർന്ന് ബിജെപി ഭരണകാലത്ത് ഇന്ത്യൻ സമൂഹത്തിന്റെ കോശങ്ങളിൽ കുത്തിവെച്ചിട്ടുള്ള വർഗീയ വിഷം ഊറ്റിക്കളഞ്ഞ് ഇന്ത്യൻ സമൂഹത്തെ വിഷവിമുക്തമാക്കുക എന്ന ദീർഘകാല രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനവും ഇടതുപക്ഷം ഇന്ത്യയിലെ അടിയന്തര കടമയായി നിർവചിക്കുന്നു. മറ്റു പാർട്ടികൾക്ക് ബിജെപിയെന്നാൽ തങ്ങളിൽ നിന്നും അധികാരം തട്ടിപ്പറിക്കുന്ന ഒരു പാർട്ടി മാത്രമാണ്. എന്നാൽ സിപിഐഎമ്മും ഇടതുപക്ഷ സംഘടനകളും ബിജെപിയെ ഫാസിസ്റ്റ് സംഘടനയായ ആർഎസ്എസിന്റെ രാഷ്ട്രീയപാർട്ടിയായി കൃത്യതയോടെ അടയാളപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ മറ്റ് ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾക്കെതിരായിട്ടുള്ള പോരാട്ടം മതിയാവില്ല ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപിയെ നേരിടാൻ.
ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ജനജീവിതം ദുസ്സഹമാക്കുന്ന കോർപ്പറേറ്റനുകൂല സാമ്പത്തിക നയങ്ങൾക്കെതിരായ ഉശിരൻ ജനകീയ സമരങ്ങളും വളരെ പ്രാധാന്യമുള്ളതാണ്. ഇത്തരം അവകാശ സമരങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്താൻ കഴിയുന്നതും ഒരർത്ഥത്തിൽ വർഗീയ വിഭജനത്തിനെതിരായ ജനകീയ സമരത്തിന്റെ ഭാഗമാണ്. വർഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കുന്നത് വർഗ ഐക്യത്തിന് ഹാനികരമാകുമെന്ന് നമുക്കറിയാം. മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഇടതുപക്ഷത്തെ വ്യത്യസ്തമാക്കുന്നത് നവ ഫാസിസ്റ്റ് പ്രവണതകൾക്കെതിരായ സമരവും ജനവിരുദ്ധ സാമ്പത്തിക നയങ്ങൾക്കെതിരായ സമരവും സാധ്യമായേടത്തോളം സമാന്തരമായോ കൂട്ടിയിണക്കിക്കൊണ്ടോ മുന്നോട്ടുകൊണ്ടുപോകാൻ സിപിഐഎമ്മിനും ഇടതുപക്ഷത്തിനും മാത്രമേ ജാഗ്രതയുള്ളൂ എന്നതുകൊണ്ടാണ്.

2. വർഗീയതയുടെ വ്യാപനം ദ്രുതഗതിയിലാണ്‌ നമ്മുടെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെ എങ്ങനെയാണ് തടുത്തുനിർത്താനാവുക?
ഒന്നാമതായി, എന്താണ് വർഗീയത എന്നത് സംബന്ധിച്ച് കൃത്യമായ ഒരു നിർവചനം ആവശ്യമുണ്ട്. എങ്കിൽ മാത്രമേ അതിന്റെ വ്യാപനം തടയാനാവശ്യമായ ബഹുമുഖമായ കർമ്മപദ്ധതിക്ക് രൂപംനൽകാൻ സാധിക്കുകയുള്ളൂ. മതത്തെ ദുർവ്യാഖ്യാനിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള നീക്കമാണ് വർഗീയത എന്ന് ചുരുക്കി പറയാം. മതം യഥാർത്ഥത്തിൽ മനുഷ്യനും വിവിധ മതവിശ്വാസികൾ സങ്കൽപ്പിക്കുന്ന ദൈവവുമായുള്ള ബന്ധത്തെയാണ് മതാത്മകതയിലൂടെ ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്. മത പൗരോഹിത്യം മനുഷ്യനെ ദൈവവുമായി പല അനുഷ്ഠാനങ്ങളിലൂടെ ബന്ധപ്പെടുത്താൻ ശ്രമിക്കുന്നു. അത് ഓരോരുത്തരുടെയും വിശ്വാസമാണ്. എന്നാൽ വ്യത്യസ്ത മതങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് രാഷ്ട്രീയ ഇടപെടൽ നടത്തുകയും രാഷ്ട്രീയ സംഘടനകൾ തന്നെ രൂപവൽക്കരിക്കുകയും ചെയ്യുന്നത് ആധുനിക ദേശരാഷ്ട്രങ്ങളിൽ അംഗീകരിക്കാവുന്ന കാര്യമല്ല. ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും എന്ന ചൊല്ല് ഇതും അർത്ഥമാക്കുന്നുണ്ട്. മതത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്നതാണ് വർഗീയത. അന്യമത വിശ്വാസങ്ങൾക്കെതിരായുള്ള സ്പർധ വളർത്തിക്കൊണ്ടാണ് വ്യത്യസ്ത വർഗീയതകൾ പ്രവർത്തിക്കുന്നത്. മതവിശ്വാസം ഓരോ വ്യക്തിയുടെയും സ്വകാര്യ മൗലികാവകാശമാണ്. ഒരു മതത്തിൽ വിശ്വസിക്കുന്നതും വ്യത്യസ്ത മതങ്ങളുടെ നല്ല മൂല്യങ്ങളെ അംഗീകരിച്ചുകൊണ്ട് ജീവിക്കുന്നതും മതനിർമുക്തമായ ജീവിതം നയിക്കുന്നതുമെല്ലാം ഓരോ വ്യക്തിയുടെയും ജനാധിപത്യപരമായ മൗലികവകാശമാണ്. ഈ അടിസ്ഥാനതത്വം മറന്നുകൊണ്ട് അപരമതവിദ്വേഷം പ്രചരിപ്പിക്കുന്നത് സംസ്കാരസമ്പന്നമായ ഒരു ജനാധിപത്യ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കുവാൻ കഴിയുകയില്ല. ഇക്കാര്യം സമൂഹത്തിൽ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ട് വർഗീയതയ്ക്കെതിരായ സംഘടിത പൊതുബോധം വളർത്തിയെടുക്കുവാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹ്യ സംഘടനകളും വ്യക്തികളും നിരന്തരം പരിശ്രമിക്കുകയാണ് വർഗീയതയുടെ വ്യാപനം തടയുവാൻ ഒന്നാമതായി ചെയ്യേണ്ടത്. ജനങ്ങളുടെ ദൈനംദിന ജീവിത പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് ഉശിരൻ ബഹുജന സമരങ്ങൾ വളർത്തിയെടുക്കുകയാണ് ഇതോടൊപ്പം ചെയ്യേണ്ട മറ്റൊരു സുപ്രധാന പ്രവർത്തനം. കാരണം, – തൊഴിലാളികൾ, കർഷകർ, കർഷകത്തൊഴിലാളികൾ, സ്ത്രീകൾ, തൊഴിൽരഹിതരായ യുവാക്കൾ, ആദിവാസി ദളിത് വിഭാഗങ്ങൾ, അരികുവൽക്കരിക്കപ്പെടുന്ന അതിപിന്നാക്ക ജനവിഭാഗങ്ങൾ തുടങ്ങിയവരെ അണിനിരത്തിക്കൊണ്ടുള്ള ഇടപെടലുകൾ ജാതി മതാതീതമായ ജനസഞ്ചയ മുന്നേറ്റത്തിലാണ് കലാശിക്കുക. അത് ഫലത്തിൽ വർഗീയ വിഭജനത്തിനെയാണ് നിർവീര്യമാക്കുന്നത്.

ചരിത്രത്തിന്റെ ദുർവ്യാഖ്യാനം വർഗീയ വിചാരങ്ങളും വർഗീയ വികാരങ്ങളും ഉത്പാദിപ്പിക്കാൻ വലിയതോതിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. മുഗൾ ഭരണകാലത്തെ സംഭവങ്ങളെ വളച്ചൊടിച്ചും അതിശയോക്തി കലർത്തിയും അവതരിപ്പിക്കുന്നത് ഇതിന്റെ ഒരുദാഹരണമാണ്. ടിപ്പുസുൽത്താനെക്കുറിച്ചും ഇത്തരം അവതരണങ്ങൾ വർഗീയ ദുരുദ്ദേശ്യത്തോടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളത് നമുക്കറിയാം. ചരിത്ര വസ്തുതകളുടെ വെളിച്ചത്തിൽ ഇത്തരം കപടമായ ആഖ്യാനങ്ങൾ തുറന്നുകാണിക്കാൻ ബോധപൂർവ്വമായ ഇടപെടലുകൾ വർഗീയതക്കെതിരായ പ്രവർത്തന പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയണം. ബിജെപി ഭരണകാലത്ത് പാഠപുസ്തകങ്ങളെ വർഗീയ പ്രചാരണത്തിന് ഉപയോഗപ്പെടുത്തുന്ന സംഘപരിവാർ പദ്ധതികളിൽ ചരിത്രത്തിന്റെ ദുർവ്യാഖ്യാനം ഒരു പ്രധാന മേഖലയായിരുന്നുവല്ലോ.

ഭൂരിപക്ഷ വർഗീയതയുടെ രൂപത്തിലും ന്യൂനപക്ഷ വർഗീയതയുടെ രൂപത്തിലും വർഗീയത എന്ന മനുഷ്യവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ പ്രതിഭാസം സമൂഹത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് നമുക്കറിയാം. ഇതിൽ ഭൂരിപക്ഷ വർഗീയത ഫാസിസ്റ്റ് സ്വഭാവത്തിലേക്ക് രൂപാന്തരപ്പെടാം എന്ന വലിയ ആപത്തുണ്ട് എന്നത് നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ ഭൂരിപക്ഷ വർഗീയതയുടെ ആപത്ത് കൂടുതൽ വലുതാണ് എന്ന് കരുതുന്നതും സ്വാഭാവികംതന്നെ. അതേസമയം ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പരസ്പരം പരിപോഷിപ്പിക്കുന്ന പ്രവർത്തനം നടത്തിവരുന്നു എന്നതുകൊണ്ടുതന്നെ ഏതെങ്കിലുമൊ ഒരു സ്വഭാവത്തിലുള്ള വർഗീയതയോട് എന്തെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച ചെയ്യുക എന്നത് ആത്മഹത്യാപരമാണ് എന്നതും നാം മറന്നുപോകരുത്. സാംസ്കാരിക പ്രവർത്തനത്തെ സംസ്കാരത്തിൽ ഇടപ്പെട്ട് പ്രവർത്തിക്കുക എന്ന നിലയിൽ ഗൗരവത്തോടുകൂടി കാണുക എന്നതും വർഗീയതയ്ക്കെതിരായ പോരാട്ടത്തിന്റെ ഒരു പ്രധാന ഭാഗമാണ്. സാംസ്കാരികമായ ഇടപെടലുകൾ വർഗീയതയ്ക്കെതിരായ, വർഗീയതയുടെ വ്യാപനത്തിനെതിരായ പോരാട്ടത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് എന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയിലെ ഇടപെടലും അനിവാര്യമാണ്. സാംസ്കാരിക മേഖലയിലെ ഇടപെടലും ഇത്തരം ഇടപെടലുകൾ ജനങ്ങൾ ജീവിക്കുകയും പ്രവർത്തി എടുക്കുകയും ചെയ്യുന്ന എല്ലാ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുവാനുള്ള ശ്രദ്ധാപൂർവ്വമായ നീക്കങ്ങളും വർഗീയതയുടെ വ്യാപനത്തെ തടയുന്നതിൽ നാം ശ്രദ്ധിക്കേണ്ട പ്രവർത്തന സമീപനങ്ങളാണ്.

3. സംഘപരിവാറിന്റേത് ദീർഘകാല രാഷ്ട്രീയ പദ്ധതികളാണ് . പൊതുവിൽ ഇന്ത്യയിലെ ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും അതിനെ മാറ്റിനിർത്തുന്ന പ്രധാന ഘടകം അതാണ് . സെക്കുലർ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഇത് ശരിയാംവിധം തിരിച്ചറിഞ്ഞു പ്രതിരോധിക്കാനാവുന്നില്ല. ഈ ദൗർബല്യത്തെ എങ്ങനെ മറികടക്കും?
സംഘപരിവാറിന്റെ, വിശേഷിച്ച് ആർഎസ്എസിന്റെ പദ്ധതികൾ ദീർഘകാല അടിസ്ഥാനത്തിലും അതേസമയം ഹ്രസ്വകാലാടിസ്ഥാനത്തിലും ഉള്ളവയാണ്. ആർഎസ്എസിന്റെ ഏറ്റവും പ്രധാനപ്പെട്ട സൈദ്ധാന്തികനും പ്രായോഗിക പദ്ധതികളുടെ പ്രയോക്താവുമായ മാധവ് സദാശിവ് ഗോൾവാൾക്കർ ഇത് സംബന്ധിച്ച് വളരെ കൃത്യമായ തെളിവ് നമുക്ക് ലഭ്യമാക്കുന്നുണ്ട് എന്നത് സത്യമാണ്. ഹിന്ദു രാഷ്ട്ര സ്ഥാപനത്തിന് നിങ്ങൾക്ക് ഭരണാധികാരം ആവശ്യമാണല്ലോ എന്ന് വിമർശനപരമായി പതിറ്റാണ്ടുകൾക്കുമുമ്പ് ഒരു അഭിമുഖത്തിൽ റോഡ് ചോദിച്ചപ്പോൾ അതിന് ആർഎസ്എസ് സർ സംഘ ചാലക് അന്നു നൽകിയ മറുപടി വളരെ ചിന്തനീയമാണ്. ഗോൾവാൾക്കർ പറഞ്ഞു: ‘‘ശരിയാണ്, ഭരണാധികാരം ഹിന്ദു രാഷ്ട്ര സ്ഥാപനത്തിന് ആവശ്യമാണ്. ഇപ്പോൾ ഞങ്ങൾ ഭരണാധികാരം കയ്യിലുള്ളവരല്ല എന്നതും ശരിതന്നെ. എന്നാൽ ഹിന്ദുരാഷ്ട്ര സ്ഥാപനത്തിലേക്ക് എത്തിച്ചേരുവാൻ വേറെയും വഴികളുണ്ട്. ആളുകളുടെ മനസ്സിലേക്ക് കടന്നുചെന്ന് സ്വാധീനം ഉറപ്പിക്കുക എന്നതാണ് ആ ബദൽ വഴി.’’ ആർഎസ്എസും സംഘപരിവാറും ക്ഷമാപൂർവ്വം ആളുകളുടെ പ്രവൃത്തി സ്ഥലങ്ങളിലും താമസസ്ഥലങ്ങളിലും കടന്നുചെന്ന് മനസ്സിലേക്ക് കടന്നുകയറാനുള്ള ഈ വർഗീയ പ്രചാരവേലകളും പ്രവർത്തനങ്ങളും തുടർച്ചയായി നടത്തി പോരുകയായിരുന്നു. ഇതിന്റെ അപകടം സൂക്ഷ്മമായി തിരിച്ചറിഞ്ഞ് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് വർഗീയതയുടെ വ്യാപനത്തിനായി ആർഎസ്എസ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ അന്നുതന്നെ തുറന്നുകാട്ടാനും പരാജയപ്പെടുത്താനും ഇടതുപക്ഷവും മതനിരപേക്ഷ പ്രതിപക്ഷവും വേണ്ടത്ര ജാഗ്രത കാണിക്കാതിരുന്നതു കൊണ്ടുകൂടിയാണ് ഇന്നത്തെ സാഹചര്യം രൂപപ്പെടുവാൻ ഇടയായത് എന്ന് സ്വയംവിമർശനപരമായി നാം തിരിച്ചറിയേണ്ടതുണ്ട്. ഇപ്പോഴാകട്ടെ, കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം കേന്ദ്രഭരണത്തിൽ എത്തിയ വാജ്പേയി ഗവൺമെന്റിന്റെ കാലം മുതൽ വ്യക്തമായി ബിജെപി നേതാക്കൾ ഇന്ത്യൻ ഭരണകൂടത്തിന്റെ കേന്ദ്ര സ്ഥാനത്ത് അധികാരമേറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. അവർക്ക് ഇപ്പോൾ കേന്ദ്ര ഭരണകൂടത്തിന്റെ മർമ്മപ്രധാനങ്ങളിൽ സ്വാധീനമുറപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഈ ശ്രദ്ധാപൂർവ്വമായ ആർഎസ്എസ് വർഗീയ പ്രചാരണ പദ്ധതിയുടെ ഒരു ഫലം. അതോടൊപ്പം ആർഎസ്എസും സംഘപരിവാറും അവരുടെ ജനങ്ങൾക്കിടയിലെ വ്യാപനവും വലിയ തോതിൽ വർധിപ്പിച്ചുകൊണ്ടിരിക്കുന്നു. ആർഎസ്എസ് ഒരു അർധസൈനിക ദളമാണ് . സംഘപരിവാറിന്റെ പദ്ധതികൾ നടപ്പാക്കാനുള്ള, ഇന്ത്യയിലാകെ വ്യാപിച്ചുകിടക്കുന്ന സംഘടനാപരമായ ആയുധം കൈവശമുള്ള ഒരേയൊരു സംഘടനയും ആർഎസ്എസാണ് എന്ന് നമുക്കറിയാം. ചുരുക്കത്തിൽ, ജനമനസ്സുകളിൽ പ്രവർത്തിച്ചുകൊണ്ട് ആർഎസ്എസു നേടിയ സ്വാധീനം അവർക്കുണ്ട്. ആർഎസ്എസ് ഇന്ത്യയാകെ വ്യാപിച്ചു കിടക്കുന്ന ഒരു അർധ സൈനിക സംവിധാനം കൈവശമുള്ള സംഘടനയാണ്. ഇതിനു പുറമേ കേന്ദ്ര ഭരണാധികാരത്തിൽ തുടർച്ചയായി ഇരിക്കുകവഴി ഭരണകൂട സംവിധാനത്തിന് വ്യത്യസ്ത തലങ്ങളിൽ ആഴത്തിൽ പിടിമുറുക്കാനും ആർഎസ്എസിന് സാധിക്കുന്നുണ്ട്. ഇത് സൂക്ഷ്മമായി തിരിച്ചറിഞ്ഞുകൊണ്ട് ബദൽ പ്രവർത്തന പദ്ധതികൾ സൂക്ഷ്മമായി തന്നെ നിശ്ചയിച്ച് ഏറ്റെടുക്കുകയും എല്ലാ തലങ്ങളിലും വിവിധ വിഭാഗം ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടുകൊണ്ട് ആർഎസ്എസിന്റെ സ്വാധീനത്തിനും വ്യാപനത്തിനും എതിരായി സമഗ്രമായ പോരാട്ട പദ്ധതികൾ സാംസ്കാരിക മണ്ഡലത്തിലും ചിന്താ ലോകത്തും രൂപപ്പെടുത്തുവാൻ മതനിരപേക്ഷ ജനാധിപത്യ ശക്തികൾ വലിയ തോതിൽ പരിശ്രമിക്കണം. ബാലഗോകുലം പോലെയുള്ള കൊച്ചു കുട്ടികളുടെ ഇടയിലെ ‘സാംസ്കാരികം’ എന്നു തോന്നുന്ന വിധത്തിലുള്ള ആഘോഷ പരിപാടികളിലൂടെ, തങ്ങളുടെ അപകടകരവും വിഷലിപ്തവുമായ വർഗീയ പ്രചാരണ പദ്ധതിയിലേക്ക് ബാലമനസ്സുകളെ ആകർഷിക്കുന്നതിലൂടെയാണ് ആർഎസ്എസ് അവരുടെ പ്രവർത്തനത്തിന്റെ അടിത്തറ പാകുന്നത്. അതുകൊണ്ടുതന്നെ, കുട്ടികളുടെ സംഘടനാ രംഗത്ത് കേരളത്തിൽ വിപുലമായ തലങ്ങളിൽ ബാലസംഘം പ്രവർത്തിക്കുന്നതുപോലെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സമാനമായ സംഘടനകൾ കുഞ്ഞുങ്ങൾക്കിടയിൽ രൂപവൽക്കരിക്കുകയും അവരെ സാംസ്കാരിക ബോധത്തിലും ശാസ്ത്രോന്മുഖതയിലും യുക്തി ചിന്തയിലും വളർത്തിയെടുക്കാൻ കളികളിലൂടെയും പാട്ടുകളിലൂടെയുമൊക്കെ പരിശ്രമിക്കുകയും ചെയ്യുക എന്നത് പുരോഗമന പ്രസ്ഥാനം അതിന്റെ ഏറ്റവും പ്രധാനപ്പെട്ട കർത്തവ്യങ്ങളിൽ ഒന്നായി ഏറ്റെടുക്കേണ്ടിയിരിക്കുന്നു.

സംഘപരിവാർ സംഘടന കടന്നുചെല്ലാത്ത ജീവിത- –സാമൂഹ്യ മേഖലകളില്ല. ന്യൂനപക്ഷവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കാൻ ആക്രമണോത്സുകമായി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ആർഎസ്എസും സംഘപരിവാറും അതോടൊപ്പം ജാതീയമായ ചേരിതിരിവുകൾ സൃഷ്ടിച്ച് അവരെ വർഗീയമായി അണിനിരത്താനുള്ള നിഗൂഢമായ സാമൂഹിക എൻജിനീയറിങ്ങും നടപ്പാക്കിക്കൊണ്ടാണ് സ്വത്വ രാഷ്ട്രീയത്തിന്റെ വിചിത്രവും കൗശലപൂർണവുമായ പ്രയോഗത്തിലൂടെ സ്വന്തം സ്വാധീനം വ്യാപിപ്പിക്കാൻ ശ്രമിക്കുന്നത്. തങ്ങളുടെ സാമൂഹ്യവിരുദ്ധമായ വ്യാജ രാഷ്ട്രീയത്തിന്റെ ആഖ്യാനങ്ങളെ സമൂഹത്തിന്റെ കോമൺസെൻസ് ആയി, പൊതു ബോധമായി പരിവർത്തിപ്പിക്കുന്നതിലും അവർ ബദ്ധശ്രദ്ധരാണ് . ഈ കാരണങ്ങളാൽ വളരെ സമഗ്രവും വ്യാപകവുമായ ബദൽ ചെറുത്തുനിൽപ്പുകൾ വികസിപ്പിച്ചെടുത്തുകൊണ്ടു മാത്രമേ സംഘപരിവാറിന്റെ കുടിലതന്ത്രങ്ങളെയും കുറുക്കൻ രാഷ്ട്രീയത്തെയും നേരിടാൻ ആവുകയുള്ളൂ. മതവിശ്വാസത്തെ വർഗീയമാക്കിമാറ്റുന്നതിനെ നേരിടുവാൻ മതവിശ്വാസികൾ വർഗീയവാദികളായി മാറുന്നതിനെ സൂക്ഷ്മമായി ഇടപെടലുകളിലൂടെ തടയേണ്ടതുണ്ട്. മതവിശ്വാസികളെക്കൂടി ഒപ്പം അണിനിരത്താൻ മതനിരപേക്ഷ ശക്തികൾ ജാഗ്രതയോടെ ശ്രമിച്ചാൽ മാത്രമേ മതവിശ്വാസികളെ കൂട്ടുപിടിക്കാനുള്ള വർഗീയവാദികളുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്താൻ കഴിയൂ. l
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

six + seven =

Most Popular