Tuesday, March 3, 2026

ad

Homeകവര്‍സ്റ്റോറിഭരണ മാറ്റവാദത്തിനു പിന്നിലെ അജൻഡ

ഭരണ മാറ്റവാദത്തിനു പിന്നിലെ അജൻഡ

എം വി ഗോവിന്ദൻ

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവന്നിരിക്കുന്ന ഘട്ടത്തില്‍ പലവിധ ചര്‍ച്ചകള്‍ കേരള സമൂഹത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. മാധ്യമങ്ങളാണ് ഇത്തരത്തിലുള്ള ചര്‍ച്ചകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്ന് കാണാവുന്നതാണ്. ആ ചര്‍ച്ചകളില്‍ കാര്യങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള പലരുടേയും നിഗമനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അത് സ്വാഭാവികമാണ് താനും. എന്നാല്‍, ഭരണമാറ്റം ഉണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസ് തകരുമെന്നും, തുടര്‍ന്ന് ബി.ജെ.പി അധികാരത്തില്‍ വരുന്നതിന് അത് ഇടയാക്കുമെന്നുമുള്ള ചര്‍ച്ചകള്‍ വലതുപക്ഷ ചിന്തകരും, സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ചിലരും മുന്നോട്ടുവെച്ചിട്ടുണ്ട്. നിരുപദ്രവകരമെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന ഈ ചിന്തയ്ക്കു പിന്നില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തെ സംരക്ഷിക്കുന്നതിനും, ഇടതുപക്ഷത്തേയും ജനകീയ താല്‍പര്യങ്ങളേയും തകര്‍ക്കുന്നതിനുമുള്ള സമീപനങ്ങളാണുള്ളത് എന്ന് തിരിച്ചറിയേണ്ടതുണ്ട്.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പത്തു വര്‍ഷം പൂര്‍ത്തീകരിച്ച് വീണ്ടും ജനവിധി തേടുന്ന ഘട്ടത്തിലാണ് ഇത്തരം ചര്‍ച്ച ഉയര്‍ന്നുവന്നിരിക്കുന്നത് എന്നതും പ്രസക്തമാണ്. കഴിഞ്ഞ പത്തു വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണം കേരളത്തെ സംബന്ധിച്ചിടത്തോളം നേട്ടങ്ങളുടെ പരമ്പര തന്നെ സൃഷ്ടിച്ച് മുന്നോട്ടുപോയിട്ടുള്ളതാണ്. അതിദാരിദ്ര്യം പരിഹരിച്ച സംസ്ഥാനമായി കേരളം മാറി. സാമൂഹിക സുരക്ഷാ രംഗത്തും വന്‍തോതിലുള്ള മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. ഇവയെല്ലാംതന്നെ സര്‍ക്കാരിനെക്കുറിച്ച് വലിയ മതിപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. രാജ്യത്തെമ്പാടും വര്‍ഗീയമായ ധ്രുവീകരണം നടത്തുന്നതിനുള്ള വലിയ പരിശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടമാണിത്. അതില്‍ നിന്നും വ്യത്യസ്തമായി മതനിരപേക്ഷതയുടെ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്നതും പ്രധാനപ്പെട്ട കാര്യമാണ്.

ആഗോളവല്‍ക്കരണ നയങ്ങള്‍ രാജ്യത്തെമ്പാടും നടപ്പിലാക്കപ്പെടുമ്പോള്‍ അതില്‍ നിന്നും വ്യത്യസ്തമായി ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന സര്‍ക്കാരാണിത്. അതുകൊണ്ടുതന്നെ അത്തരം നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് കരുത്തു പകരുന്ന സര്‍ക്കാരായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറിയിട്ടുണ്ട്. അതിദാരിദ്ര്യം പരിഹരിച്ച ശേഷം ദാരിദ്ര്യം പരിഹരിക്കുന്നതിനുള്ള ചുവടുവെപ്പിലേക്കാണ് സംസ്ഥാന സര്‍ക്കാര്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.

കേരളത്തിന് ഇത്തരമൊരു മാറ്റം ഉണ്ടാക്കിയെടുക്കാന്‍ സാധ്യമായത് തുടര്‍ച്ചയായ ഭരണം എല്‍ഡിഎഫിന് ലഭിച്ചുവെന്നതുകൊണ്ടാണ്. പത്ത് വര്‍ഷത്തെ തുടര്‍ഭരണത്തിന്റെ കൂടി പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളെ ലോകം അത്ഭുതത്തോടെയാണ് വീക്ഷിക്കുന്നത്.

ഇന്ത്യയില്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായി ജനപക്ഷ നിലപാട് സ്വീകരിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഫെഡറലിസത്തിനുവേണ്ടിയുള്ള രാജ്യത്തെ സമരങ്ങളില്‍ ഇടതുപക്ഷം മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്നുണ്ട്. മതനിരപേക്ഷതയുടെ പുതിയ അദ്ധ്യായങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഏക ഇടതുപക്ഷ സര്‍ക്കാരിനെ നിലനിര്‍ത്തുകയെന്നത് ഇത്തരം സമരപോരാട്ടങ്ങള്‍ക്ക് ഏറെ അനിവാര്യമാണെന്ന് നാം കാണേണ്ടതുണ്ട്.

എല്‍.ഡി.എഫ് സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചില്ലെങ്കില്‍ 15 വര്‍ഷം കേരളം പിറകോട്ട് പോകുമെന്നും നാം ഓര്‍ക്കേണ്ടതുണ്ട്. അത്തരമൊരു സാഹചര്യം സൃഷ്ടിക്കാതിരിക്കുകയെന്നത് നാടിനെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളുടേയും ഉത്തരവാദിത്വമായി തിരിച്ചറിഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഘട്ടത്തിലാണ് മാറ്റം എന്ന മുദ്രാവാക്യവുമായി വലതുപക്ഷത്തെ സംരക്ഷിക്കാന്‍ രാഷ്ട്രീയ ന്യായങ്ങള്‍ ഇല്ലാത്തതിനാല്‍ ചിലര്‍ രംഗപ്രവേശം ചെയ്തിട്ടുള്ളത്. മാറ്റം എന്തിനുവേണ്ടി എന്നതാണ് പ്രധാനം. മതനിരപേക്ഷ സര്‍ക്കാര്‍ നൂറു വര്‍ഷം ഭരിക്കുന്ന ഒരു രാജ്യത്ത് മാറ്റത്തിനുവേണ്ടി ഒരു ഫാസിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് നാടിനെ സ്നേഹിക്കുന്ന ആരും ആഗ്രഹിക്കില്ലയെന്ന് നമുക്കറിയാം.

2011–2016 കാലഘട്ടം കേരളത്തിന്റെ എല്ലാ മേഖലകളും തകര്‍ക്കപ്പെട്ട ഒരു കാലമായിരുന്നു. പൊതുസേവന മേഖലകള്‍ എല്ലാം തകര്‍ന്നു. കാര്‍ഷിക വളര്‍ച്ച പിന്നോട്ടുപോയി. വര്‍ഗീയ സംഘര്‍ഷങ്ങള്‍ കേരളത്തില്‍ ഉയര്‍ന്നുവന്നു. പൊതുമേഖലയെ നഷ്ടത്തിലാക്കി സ്വകാര്യവല്‍ക്കരണത്തിന്റെ പാതയിലേക്ക് നയിച്ചു. കാര്‍ഷിക മേഖലയിലെ സര്‍ക്കാര്‍ നിക്ഷേപങ്ങള്‍ കുറച്ചു. ക്ഷേമ പദ്ധതികളെയെല്ലാം തകര്‍ക്കുന്ന നിലയുണ്ടാക്കി. നാടിന്റെ ക്രമസമാധാന നിലയും പ്രതിസന്ധിയിലാകുന്ന സാഹചര്യമുണ്ടായി. ഇത്തരമൊരു ഘട്ടത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതും, കേരളത്തെ എല്ലാ മേഖലകളിലും ശക്തിപ്പെടുത്തി അതിദാരിദ്ര്യം പരിഹരിക്കുന്ന അവസ്ഥ സംജാതമാക്കിയതും. എന്നാൽ മുൻപത്തെ അത്തരമൊരു സാഹചര്യത്തിലേക്ക് നാടിനെ എത്തിക്കുന്നതാണ് തുടര്‍ഭരണം പാടില്ലയെന്ന മുദ്രാവാക്യം അതു നാം തിരിച്ചറിയണം.

യു.ഡി.എഫ് പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസുകാരെല്ലാം ബിജെപിയാകും എന്നാണ് ഇത്തരക്കാരുടെ വാദം. വിജയിച്ച കോണ്‍ഗ്രസ് തന്നെ ബി.ജെ.പിയായി മാറിയ അനുഭവമാണ് രാജ്യത്തുള്ളത്. അരുണാചല്‍ പ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സംഭവിച്ചത് അതാണ്. ഇപ്പോള്‍ വര്‍ഗീയ വിഷം ചീറ്റുന്ന ആസാം മുഖ്യമന്ത്രി നേരത്തെ കോണ്‍ഗ്രസിന്റെ നേതാവായിരുന്നു. ഇന്ന് ബിജെപിയുടെ പാര്‍ലമെന്റ് അംഗങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗം പഴയ കോണ്‍ഗ്രസുകാരാണ്. നിരവധി പിസിസി പ്രസിഡന്റുമാരും, മുഖ്യമന്ത്രിമാരും ബിജെപിയിലേക്ക് ചേക്കേറുകയാണ് ചെയ്തത്. കോണ്‍ഗ്രസിനെ വിജയിപ്പിച്ചാല്‍ അവരെ കാലുമാറ്റി ബി.ജെ.പിയിലെത്തിക്കാന്‍ കഴിയും എന്നതാണ് രാജ്യത്തിന്റെ അനുഭവം. അതുകൊണ്ടാണ് ഒരു ബി.ജെ.പി നേതാവ് കേരളത്തില്‍ 35 സീറ്റ് ബിജെപിക്ക് ലഭിച്ചാല്‍ അധികാരത്തില്‍ എത്താന്‍ കഴിയുമെന്ന പ്രഖ്യാപനം നടത്തുന്നവിധം ആത്മവിശ്വാസത്തിലേക്ക് എത്തിയത് എന്ന കാര്യവും നാം ഓര്‍ക്കേണ്ടതുണ്ട്.

അധികാരത്തിന്റേയും പണത്തിന്റേയും അടിസ്ഥാനത്തില്‍ നിലപാടുകള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയും പ്രവര്‍ത്തകരും രാഷ്ട്രീയ രംഗത്തിനു തന്നെ അപമാനമാണെന്ന് കാണണം. അത്തരത്തില്‍ മാറുമെന്ന് ഞങ്ങൾ പ്രഖ്യപിക്കുന്നവരെ വിജയിപ്പിക്കണമെന്നാണ് മാറ്റവാദക്കാർ പറയുന്നത്. അധികാരവും പണവും എവിടെ കണ്ടാലും ചാടിപ്പോകുന്നവരെ വിജയിപ്പിക്കുകയല്ല, പരാജയത്തിന്റെ പടുകുഴിയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ടു മാത്രമേ രാഷ്ട്രീയത്തെ സംശുദ്ധമാക്കാനും നാടിനെ ജനകീയ വികസനത്തിന്റെ പാതയിലേക്ക് നയിക്കാനുമാകൂ എന്നു മനസ്സിലാക്കേണ്ടതുണ്ട്. ഇങ്ങനെ സ്വയം നാടിനെ കുഴിയിലേക്ക് ചാടിക്കാന്‍ ശ്രമിക്കുന്നവരുടെ ജല്‍പ്പനങ്ങളുടെ പിന്നിലുള്ള വലതുപക്ഷ രാഷ്ട്രീയ അജൻഡ തിരിച്ചറിയപ്പെടേണ്ടതുണ്ട്.

യുഡിഎഫ് ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തെ സംബന്ധിച്ച് വിശദീകരിച്ച് ജനങ്ങളില്‍ നിന്ന് വോട്ട് വാങ്ങാനാവില്ലയെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് രാഷ്ട്രീയ സംവാദത്തിന് തയ്യാറാവാതെ മാറ്റവാദവുമായി രംഗത്തുവന്നിരിക്കുന്നത്. മാറ്റം എന്തിനുവേണ്ടിയാണ്? അത് നാടിനെ മുന്നോട്ടു നയിക്കാനുള്ള ഒന്നായിരിക്കണം. അല്ലാതെ, മുന്നോട്ടുപോകുന്ന ഒരു നാടിനെ പിന്നോട്ടുവലിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കുവേണ്ടി മാറ്റത്തിന്റെ പേരു പറഞ്ഞ് വോട്ടു പിടിക്കുന്നവര്‍ നാടിനെ പിന്നോട്ടു നയിക്കാനും ജനങ്ങളെ വഞ്ചിക്കാനുമുള്ള സമീപനമാണ് സ്വീകരിക്കുന്നത് എന്ന് നാം തിരിച്ചറിയണം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

10 + four =

Most Popular