Tuesday, March 3, 2026

ad

Homeകവര്‍സ്റ്റോറിഎന്താണ് നിങ്ങളുടെ വികസന അജൻഡ? അതാണ് കോൺഗ്രസിനോടും 
ബിജെപിയോടുമുള്ള ചോദ്യം

എന്താണ് നിങ്ങളുടെ വികസന അജൻഡ? അതാണ് കോൺഗ്രസിനോടും 
ബിജെപിയോടുമുള്ള ചോദ്യം

ഡോ. ടി എം തോമസ് ഐസക്

ഞ്ചാമത് അന്തർദേശീയ കേരള പഠന കോൺഗ്രസിന്റെ ക്രോഡീകരണത്തിലെ ഉപസംഹാരത്തെ ദീർഘമായ കയ്യടിയോടെയാണ് പ്രതിനിധികൾ എതിരേറ്റത്.

“ഇതാ ഞങ്ങൾ കൃത്യമായൊരു വികസന അജൻഡ മുന്നോട്ടുവയ്ക്കുന്നു. ഇതിന്റെ ഗ്യാരന്റി എന്ത്? കഴിഞ്ഞ പത്തു വർഷക്കാലത്തെ വികസനാനുഭവം തന്നെയാണ് ഇത് നടപ്പിലാകുമെന്നതിന് ഏറ്റവും നല്ല ഗ്യാരന്റി.

നാലാമത് കേരള പഠന കോൺഗ്രസ് മുന്നോട്ടുവച്ച വികസന അജൻഡ നടപ്പിലാക്കിയതിന്റെ അനുഭവം ഈ സമ്മേളനം വിലയിരുത്തി. അവിശ്വസനീയമായ ഒരു വികസന മുന്നേറ്റത്തിനാണ് കഴിഞ്ഞ ഒരു ദശാബ്ദം സാക്ഷ്യംവഹിച്ചത്. പറയുന്നത് ചെയ്യുന്നവരാണ് ഇടതുപക്ഷം. അതുതന്നെയാണ് ഗ്യാരന്റി.

കോൺഗ്രസിന്റെയും ബിജെപിയുടെയും ബദൽ പരിപാടി എന്താണ്?

‘‘അങ്ങനെ ഒന്ന് അവർക്ക് ഇല്ല. കേരളത്തിന്റെ കഴിഞ്ഞ ഒരു ദശാബ്ദത്തിന്റെ കുതിപ്പ് മുന്നോട്ട് കൊണ്ടുപോകണമോ, അതോ അതിന് 10 വർഷം മുമ്പുള്ള മുരടിപ്പിലേക്കും അരാജകത്വത്തിലേക്ക് തിരികെ പോകണമോ?”

കേരള പഠന കോൺഗ്രസിന്റെ 
രീതിസമ്പ്രദായം
ഭാവി കേരളത്തിനു വേണ്ട വികസന പരിപാടിക്ക് രൂപം നൽകിയത് ഏതാനും പാർട്ടി വക്താക്കൾ മാത്രം കൂടിച്ചേർന്ന് ആയിരുന്നല്ല. അന്തർദേശീയ കേരള പഠന കോൺഗ്രസ് നമ്മുടെ രാജ്യത്തെ ഏറ്റവും വിപുലമായ ജനകീയ വികസന സംവാദമാണ്. പണ്ഡിതർ, വിദഗ്ധർ, നയകർത്താക്കൾ, സാമൂഹ്യ – രാഷ്ട്രീയ പ്രവർത്തകർ, പ്രായോഗിക വികസന മികവു തെളിയിച്ചവർ തുടങ്ങി 10,000-ത്തിലേറെ ആളുകൾ ഇതുവരെ നടന്ന തയ്യാറെടുപ്പ് സെമിനാറുകളിൽ പങ്കെടുത്തിരുന്നു.

45 ഉപസമിതികൾ പ്രവർത്തിച്ചാണ് പഠന കോൺഗ്രസ് ചർച്ച ചെയ്ത 45 അധ്യായങ്ങളിലായി 450 ഓളം പേജുകൾ വരുന്ന സമഗ്ര വികസന രേഖ തയ്യാറാക്കിയത്. 250-ലേറെ ക്ഷണിക്കപ്പെട്ട വിദഗ്ധർ ഈ റിപ്പോർട്ട് ചർച്ചചെയ്യുന്ന പഠന കോൺഗ്രസിന്റെ സെമിനാറുകളിലെ ചർച്ചകൾ നയിച്ചു. 2500 പ്രതിനിധികൾക്ക് അവരെ കേൾക്കുന്നതിനും അഭിപ്രായങ്ങൾ പറയുന്നതിനും സന്ദർഭമുണ്ടായി.

സെമിനാറിലെ പ്രതിനിധികൾ പ്രകടിപ്പിച്ച അഭിപ്രായങ്ങളെല്ലാം ക്രോഡീകരിച്ച് പഠന കോൺഗ്രസിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അഞ്ഞൂറോളം വിദഗ്ധർ അയച്ചുതന്ന വികസന നിർദ്ദേശങ്ങൾ സമാഹരിച്ച് കോൺഗ്രസ് പ്രതിനിധികൾക്ക് മുഖ്യമന്ത്രിക്കും നൽകുകയുണ്ടായി. ഇപ്പോഴും നിർദ്ദേശങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. അവയും വെബ്സെെറ്റിൽ ലഭ്യമാക്കും.

വികസന രേഖ അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്. വെബ്സൈറ്റിൽ അവ ലഭ്യവുമാണ്. ഏതൊരാൾക്കും അതുവായിച്ച് അഭിപ്രായങ്ങൾ പറയുന്നതിനു അവസരമുണ്ട്. അങ്ങനെ നമുക്ക് ഈ സംവാദം തുടരാം.

ഇതു ഞാൻ പറഞ്ഞപ്പോൾ ഒരു പ്രതിനിധിയുടെ കമന്റ് ഇതായിരുന്നു: ‘‘അത്തരത്തിൽ പഠന കോൺഗ്രസ് നിഗമനങ്ങൾ പൊതുമണ്ഡലത്തിൽ ഇട്ടാൽ പ്രതിപക്ഷമത് കോപ്പിയടിക്കും !’’ അങ്ങനെയെങ്കിലും അവർ ഒരു ബദൽ വികസന പരിപാടി തട്ടിക്കൂട്ടി മുന്നോട്ടുവയ്ക്കട്ടെ. അങ്ങനെയെങ്കിലും ഈ തിരഞ്ഞെടുപ്പിലെ യഥാർത്ഥ വിഷയത്തിലേക്ക് നമുക്ക് കടക്കാമല്ലോ! കൂട്ടച്ചിരിയായിരുന്നു സദസ്സിന്റെ പ്രതികരണം.

ബിജെപിയുടെ 
വികസിത കേരളം
പ്രധാനമന്ത്രിയുടെ കേരള സന്ദർശനവേളയിൽ വികസിത കേരളത്തിനുള്ള രൂപരേഖ പ്രഖ്യാപിക്കുമെന്നായിരുന്നു പ്രചാരണം. ഒന്നുമുണ്ടായില്ല. ഇനി ബിജെപിയുടെ വികസിത കേരളം വെബ്സൈറ്റ് സന്ദർശിച്ചാലോ? കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ചേ അവിടെ വിവരങ്ങളുള്ളൂ. പിന്നെ, വികസിത കേരളം വോളന്റിയർമാരുടെ ലോഗിനും. തിരഞ്ഞെടുപ്പ് ഇത്ര അടുത്തു കഴിഞ്ഞില്ലേ ഇനിയെങ്കിലും കേരളത്തെ വികസിപ്പിക്കാനുള്ള നിങ്ങളുടെ പരിപാടി ജനങ്ങളോട് പറയണം?

എങ്ങനെയാണാവോ കേരളത്തെ ബിജെപി വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നത്? ബിജെപി അടക്കിഭരിക്കുന്ന ബീഹാർ, മദ്ധ്യപ്രദേശ്, രാജസ്താൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെപ്പോലെയാണോ?

എന്താണ് ഈ സംസ്ഥാനങ്ങളുടെ അവസ്ഥ? പടവലങ്ങപോലെയാണ് അവയുടെ വളർച്ച. കഴിഞ്ഞ 40 വർഷക്കാലത്തിനിടയിൽ ഈ സംസ്ഥാനങ്ങളെല്ലാം ദേശീയ പ്രതിശീർഷ വരുമാനത്തിൽ നിന്നും കൂടുതൽ കൂടുതൽ താഴേക്കാണ് പോയത്. അവരുടെ പ്രതിശീർഷ വരുമാനം ദേശീയ ശരാശരിയുടെ പകുതിയിൽ താഴെ മാത്രമേ വരൂ. എന്നാൽ കേരളമോ? 1981-ൽ കേരളത്തിന് ദേശീയ പ്രതിശീർഷ വരുമാനത്തിന്റെ 93 ശതമാനമായിരുന്നത് 2021-ൽ 133 ശതമാനമായി ഉയർന്നു.

ഗുജറാത്ത് സോമാലിയക്കൊപ്പം
അല്ല, ഗുജറാത്താണ് കേരളത്തിന്റെ മാതൃകയെന്നായിരിക്കും അവർ പറയുക. മോദി അധികാരത്തിൽ വരുന്നതിന് എത്രയോ ദശാബ്ദങ്ങൾക്കു മുമ്പു തന്നെ ദേശീയ ശരാശരിയേക്കാൾ ഗുജറാത്ത് മുന്നിലായിരുന്നു. ഇന്നും 4.2 % മുന്നിലാണ്. കേരളത്തെക്കാൾ കുറച്ച് മെച്ചം.

പക്ഷേ, മുന്നിലാണെന്ന് പറഞ്ഞിട്ട് എന്തുകാര്യം? സാമ്പത്തിക വളർച്ചയുടെ ഗുണഫലത്തിൽ ജനങ്ങൾക്ക് എന്തുകിട്ടി എന്നതല്ലേ കാതലായ കാര്യം.

വികസന സൂചികകളിൽ ഗുജറാത്ത് എവിടെ? കേരളം എവിടെ? കേരളം ഏറ്റവും മുന്നിൽ. ഗുജറാത്ത് വാലറ്റത്ത്. രണ്ടു സംസ്ഥാനങ്ങളെയും സാങ്കല്പികമായി ആഗോള റാങ്കിങ്ങിൽ രേഖപ്പെടുത്തിയാൽ ഏതാണ്ട് ഒട്ടുമിക്ക വികസന സൂചികകളിലും ഗുജറാത്ത് സോമാലിയ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം 120-–130 റാങ്കുകൾക്കിടയിൽ ആയിരിക്കും. കേരളമാകട്ടെ 30–-40 റാങ്കുകൾക്കിടയിലുമായിരിക്കും.

ഈ സന്ദർഭത്തിലാണ് എൻഡിഎയിലെ പുതിയ ഘടകകക്ഷി ട്വന്റി–20-യുടെ സാബു ജേക്കബ്ബിന്റെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം പ്രസക്തമാകുന്നത്. “പഴയ കേരളത്തെ വീണ്ടെടുക്കുവാൻ പോവുകയാണ്”. അതിനു കേരളം നിന്നുതരാൻ പോകുന്നില്ല.

ഞാൻ പഠിപ്പിച്ചിരുന്ന സിഡിഎസിലെ പിഎച്ച്ഡി വിദ്യാർത്ഥികളായിരുന്ന, ബീഹാറിൽ നിന്നും യുപിയിൽ നിന്നുമുള്ള രണ്ട് വിദ്യാർത്ഥികൾ തിരിച്ചുപോകുന്നതിനുമുമ്പ് കേരളത്തിലെ അനുഭവങ്ങളെക്കുറിച്ച് ഒരു കുറിപ്പ് എഴുതി സ്ക്രോളിൽ അടുത്ത കാലത്ത് പ്രസിദ്ധീകരിച്ചിരുന്നു. അതിൽ അവസാനം അവർ എഴുതിയത് ഇങ്ങനെയാണ്: “ഈ സംസ്ഥാനം കുറ്റമറ്റതല്ല. പക്ഷേ, ദൈനംദിന ജീവിതത്തിൽ മനുഷ്യരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന ഒരു ലോകത്ത് ജീവിതം എങ്ങനെ ആയിരിക്കണമെന്നതിലേക്ക് ഒരു കണ്ണ് നൽകുന്നുണ്ട്. ഇവിടെ കേവലം സ്വന്തം വരുമാനത്തിനപ്പുറം ആസ്വാദ്യകരവും അഭിമാനപൂരിതവുമായ ഒരു മനുഷ്യജീവിതം സാധ്യമാണ്.”

കോൺഗ്രസിന് എന്താ പരിപാടി?
ഇടതു പക്ഷത്തിന്റെ പ്രസ്താവനകൾ വെറും രാഷ്ട്രീയ ഗിമ്മിക്കുകളാണെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ അഭിപ്രായം. എൽഡിഎഫ് പറയുന്നത് ജനങ്ങൾക്ക് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ നല്ല വിശ്വാസമുണ്ടാകുമെന്ന് ഉറപ്പാണ്. കാരണം, അതാണ് അവരുടെ അനുഭവം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ ക്ഷേമ പെൻഷൻ 500–-600 രൂപ ആയിരുന്നു. മൊത്തം ചെലവ് 10,700 കോടി രൂപ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അത് 1600 രൂപയായി ഉയർത്തി മൊത്തം ചെലവ് 48,384 കോടി രൂപ. ഇപ്പോൾ അത് 2000 രൂപയായി. മൊത്തം ചെലവ് 54,000 കോടി രൂപ. ചെലവാക്കാൻ പോകുന്നതിനെക്കുറിച്ചല്ല, ചെലവാക്കിയതിനെക്കുറിച്ചുള്ള കണക്കാണിത്. ജനങ്ങൾ എൽഡിഎഫിനെ വിശ്വസിക്കുമോ, യു.ഡി.എഫിനെ വിശ്വസിക്കുമോ?

5.25 ലക്ഷം ലൈഫ് വീടുകളുടെ പണിയാണ് പൂർത്തീകരിക്കുന്നത്. ജനങ്ങളുടെ അനുഭവമല്ലേ. അവർ എങ്ങനെ വിശ്വസിക്കാതിരിക്കും? ആശാ വർക്കർ മുതൽ സാക്ഷരതാ പ്രേരക്മാർ വരെയുള്ളവരുടെ പ്രതിമാസ അലവൻസ് എടുക്കൂ. മൂന്നു മാസം മുമ്പ് വർദ്ധിപ്പിച്ച 1000 രൂപ കൊടുത്തു. ഇപ്പോൾ വർദ്ധിപ്പിച്ച 1000 രൂപയും കൊടുക്കും. ഇതൊന്നും കളിപ്പീര് അല്ലായെന്നുള്ളതിന്റെ ഉറപ്പ് എന്താ? ഇവർക്ക് ഇന്ന് ആകെ കിട്ടുന്ന അലവൻസിന്റെ 80 ശതമാനവും എൽഡിഎഫ് സർക്കാരുകളാണ് വർദ്ധിപ്പിച്ച് നൽകിയിട്ടുള്ളത് എന്നതുതന്നെ.

കിഫ്ബിക്ക് നിങ്ങൾ എതിരാണ്. ഏതാണ്ട് ഒരുലക്ഷം കോടി രൂപയുടെ പദ്ധതികളല്ലേ കിഫ്ബി ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ 38,000 കോടി രൂപയല്ലേ ഇതുവരെ കരാറുകാർക്ക് ബില്ല് കൊടുത്തിട്ടുള്ളൂ. കിഫ്ബി വേണ്ടെങ്കിൽ എങ്ങനെയാണ് നിങ്ങൾ ഈ പ്രൊജക്ടുകൾ പൂർത്തീകരിക്കുക? ഇത് ജനങ്ങളോടു പറയാനുള്ള ഉത്തരവാദിത്വം പ്രതിപക്ഷത്തിനില്ലേ?

പ്രതിപക്ഷ നേതാവിന്റെ ഓരോ ദിവസത്തെ പ്രഖ്യാപനങ്ങളും ഒന്നിനൊന്ന് പരിഹാസ്യമായിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യമേഖലയിൽ ഷീ ഹോസ്പിറ്റൽ കൊണ്ടുവരുമെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രഖ്യാപനം. ഇപ്പോൾത്തന്നെ പത്ത് വിമൺ & ചൈൽഡ് ആശുപത്രികൾ ഉണ്ട്. അതിൽ നിന്നും എങ്ങനെയാണാവോ ഷീ ഹോസ്പിറ്റലുകൾ വ്യത്യസ്തമാകുക? തൊഴിലില്ലായ്മ പരിഹരിക്കുവാൻ ‘ ഗ്ലോബൽ ജോബ് മാർക്കറ്റ് വാച്ച് ടവർ ഉണ്ടാക്കുമത്രേ’. ഈ ചങ്ങാതി വിജ്ഞാന കേരളത്തെ കുറിച്ച് കേട്ടമട്ടില്ല. ഖജനാവ് നിറയ്ക്കാൻ ഒറ്റമൂലിയും സതീശൻ കണ്ടെത്തിയിട്ടുണ്ട്. സ്വർണ്ണ നികുതി ഒന്നുമാത്രം മതിയത്രേ. കേന്ദ്രത്തെ കുറിച്ചും കേന്ദ്ര അവഗണനയെക്കുറിച്ചും മിണ്ടാട്ടമില്ല.

തുടർഭരണമില്ലെങ്കിൽ 
കേരളത്തിനുണ്ടാവുന്ന നഷ്ടം
2011-–2016 കാലത്തെ യു.ഡി.എഫ് ഭരണത്തെക്കുറിച്ച് കേരളം മറന്നിട്ടില്ല. അന്ന് നിങ്ങൾ ഓരോ മേഖലയിലും ചെയ്ത കാര്യങ്ങളും പിന്നീടുള്ള 10 വർഷക്കാലത്ത് ഞങ്ങൾ ചെയ്ത കാര്യങ്ങളും തമ്മിൽ ഒരു താരതമ്യത്തിന് പ്രതിപക്ഷ നേതാവ് തയ്യാറുണ്ടോ?

കഴിഞ്ഞ 10 വർഷക്കാലത്തിനിടയിൽ ജനങ്ങളുടെ ക്ഷേമത്തിൽ അഭൂതപൂർവ്വമായ വർധനവുണ്ടായി. സാമൂഹ്യസുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം തുടങ്ങിയ ഓരോ മേഖലയിലും ഇത് പ്രകടമാണ്. തർക്കമുണ്ടെങ്കിൽ കണക്കുകൾ വെച്ച് തർക്കിക്കണം.

അതേസമയം, ഏതാണ്ട് 2 ലക്ഷം കോടി രൂപയുടെ പശ്ചാത്തല സൗകര്യ നിർമ്മാണമാണ് കിഫ്‌ബി നേരിട്ടോ, അല്ലെങ്കിൽ ലീവറേജ്‌ ചെയ്തോ കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെയും ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങളുടെയും അടിസ്ഥാനത്തിൽ വിജ്ഞാനസമ്പദ് വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തിലാണ് കേരളം.

നമ്മുടെ സംസ്ഥാനത്തിന്റെ ചരിത്രത്തിലും ഇത്തരമൊരു വികസന തന്ത്രം ആദ്യമായിട്ടാണ്. അതിലേറെ വിസ്മയകരമായ കാര്യം ഇത്രയേറെ ഭീമമായ പണം ചെലവഴിച്ചിട്ടും ഒരു അഴിമതി ആരോപണം പോലും ഉണ്ടായിട്ടില്ല. ഇത്തരമൊരു വികസനമല്ലേ തുടരേണ്ടത്? ഞങ്ങൾ അനുവർത്തിക്കുന്ന വികസനതന്ത്രത്തെ തള്ളിപ്പറയുന്ന യുഡിഎഫിന് ഇതുവരെ ബദലായി ഒന്നും ഉയർത്താൻ കഴിഞ്ഞിട്ടില്ല. ഇതല്ലേ ചർച്ച ചെയ്യേണ്ടത്?

രണ്ടുമാസം മുൻപ് Monthly Review Press കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ അട്ടിമറിച്ചതിനെക്കുറിച്ച് എന്റെ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. അന്ന് ഭരണത്തുടർച്ചയില്ലാതെ പോയതിന്റെ ഭാഗമായി ഭാവികേരളത്തിന് എന്തെല്ലാം നഷ്ടങ്ങൾ സഹിക്കേണ്ടിവന്നു എന്നതിനെ സംബന്ധിച്ചാണ് അവസാന രണ്ട് അധ്യായങ്ങൾ. സാക്ഷരതയ്ക്ക് തുടർച്ചയില്ലാതെ പോയത്.. ജില്ലാപഞ്ചായത്തുകൾ അട്ടിമറിക്കപ്പെട്ടത്.. അങ്ങനെ എന്തെല്ലാം അനുഭവങ്ങൾ. ഇത്തരം ഒരു ചരിത്രം ആവർത്തിക്കണമോ എന്നതാണ് മലയാളിയുടെ മുന്നിലുള്ള ചോദ്യം.

വർഗീയതയും സാമുദായിക ചേരിതിരിവും
രാജീവ് ചന്ദ്രശേഖർ മനോരമയോട് പറഞ്ഞത് ഇതാണ്, “വികസിത കേരളത്തിന് സുരക്ഷിത കേരളം വരണം. അതിന് ഏതെങ്കിലും പ്രത്യേക വിഭാഗങ്ങളെ പ്രീണിപ്പിക്കാത്ത ഭരണം വേണം…. കേരളത്തിൽ ആളോഹരി വരുമാനത്തിലും ഭൂവുടമ അവകാശത്തിലുമെല്ലാം ഭൂരിപക്ഷ വിഭാഗങ്ങൾ പിന്നിലാണ്. ഇതെല്ലാം ചർച്ച ചെയ്യണം.”

ഇടതുപക്ഷം സാധാരണഗതിയിൽ മുതലാളിയുടെ വരുമാനവും സ്വത്തും തൊഴിലാളിയുടെ വരുമാനവും സ്വത്തുമാണ് താരതമ്യപ്പെടുത്തുക. പക്ഷേ, രാജീവ് ചന്ദ്രശേഖറും ബിജെപിയുമെല്ലാം സമുദായ കണ്ണിലൂടെ മാത്രമേ നോക്കൂ. എല്ലാ സമുദായത്തിലെയും തൊഴിലാളികളെ ഒന്നിപ്പിക്കാനാണ് ഞങ്ങളുടെ പരിശ്രമം. അവരുടെ പരിശ്രമമാകട്ടെ അത് തടയുകയെന്നതാണ്. അതിനുള്ള ഒരു കസർത്താണ് മേൽപ്പറഞ്ഞത്. അതിന്റെ വസ്തുത എന്താണ്?

“ഭൂരിപക്ഷ വിഭാഗം” പിന്നിലാണെന്നുള്ള നിഗമനത്തിൽ എങ്ങനെയാണ് ചന്ദ്രശേഖർ എത്തുന്നത്? ലഭ്യമായ കണക്കുകൾ തെളിയിക്കുന്നത് ഇതാണ്; മുന്നാക്ക വിഭാഗങ്ങളിലെ ശരാശരി വരുമാനമാണ് ഏറ്റവും ഉയർന്നത്. (ഇതിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും വരും) മറ്റുള്ളവർ താരതമ്യേന താഴ്ന്നതും. ഇങ്ങനെയൊരു നിലവരാനുള്ള കാരണമെന്താണ്? ബിജെപി നിലനിർത്താൻ ശ്രമിക്കുന്ന ജാതി വ്യവസ്ഥയാണ് കാരണം. സർവ്വകലാശാലകളിൽ ജാതി വിവേചനം ഇല്ലാതാക്കാൻ ഒരു സംവിധാനത്തെക്കുറിച്ച് യുജിസി ആലോചിച്ചപ്പോഴേ അതിനെതിരെ ബിജെപി സമരം തുടങ്ങിക്കഴിഞ്ഞു. ഇതാണ് ബിജെപിയുടെ രാഷ്ട്രീയം. ഇല്ലാത്ത വ്യത്യാസങ്ങൾ പറഞ്ഞുണ്ടാക്കി വിഭാഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് ബിജെപിയുടെ ശ്രമം.

ഇടതുപക്ഷം 
എല്ലാ വർഗീയതകൾക്കുമെതിരെ
സാമുദായിക വർഗീയ ശക്തികളോട് കോൺഗ്രസും ഇടതുപക്ഷവും സ്വീകരിച്ചുവന്നിട്ടുള്ള നിലപാട് ഒരു തുറന്ന പുസ്തകമാണ്. കോൺഗ്രസ് എക്കാലത്തും സാമുദായിക ശക്തികളുടെ ഒരു കൂട്ടുമുന്നണിയായിരുന്നു. ജാതി വിരുദ്ധ സമരത്തിന്റെ ഭാഗമായി ഇടതുപക്ഷം സമുദായപരിഷ്കരണ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും എക്കാലത്തും ഊന്നൽ ജാതിമത ഭേദങ്ങൾക്കതീതമായിട്ടുള്ള വർഗബഹുജന പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിനു വേണ്ടിയായിരുന്നു. ഈ വർഗരാഷ്ട്രീയമാണ്- ഇടതുപക്ഷത്തെ നിർവ്വചിക്കുന്നത്. അതോടൊപ്പം ജാതിവിവേചനത്തിനെതിരായും ന്യൂനപക്ഷ അവകാശങ്ങൾക്കുവേണ്ടിയും ഇടതുപക്ഷം നിലപാടെടുക്കുന്നു.

സിപിഐ എമ്മിന്റെ ഇന്നത്തെ രാഷ്ട്രീയ കാഴ്ചപ്പാടിന്റെയും അടവുകളുടെയും ഒരു കേന്ദ്രബിന്ദു ന്യൂനപക്ഷ അവകാശ സംരക്ഷണം തന്നെയാണ്. ഇതിനെക്കുറിച്ച് സംശയമുണ്ടെങ്കിൽ ആർഎസ്എസ് കൊലചെയ്ത ഞങ്ങളുടെ സഖാക്കളെ മാത്രം ഒന്ന് ഓർത്താൽ മതി. 2004-ൽ കേരളത്തിലെ 20-ൽ 18 ലോക്-സഭാ സീറ്റുകളിലും യുഡിഎഫിനെ തോൽപ്പിച്ചു ഡൽഹിയിൽ പോയ ഞങ്ങൾ ബിജെപിയെ ഒഴിവാക്കാൻ നിരുപാധികമായി കോൺഗ്രസ് സർക്കാരിനെ പിന്താങ്ങിയ ചരിത്രമാണുള്ളത്. ന്യൂനപക്ഷ അവകാശ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന കാര്യത്തിന് ഇതിലേറെ തെളിവ് വേണോ?

അന്നത്തെ കാലത്തെ അപേക്ഷിച്ച് ഹിന്ദുത്വ വർഗീയ ശക്തികൾ കേരളത്തിൽ വളർന്നിരിക്കുന്നു. ഇസ്ലാം മതരാഷ്ട്രവാദക്കാരായ ജമാഅത്തെ ഇസ്ലാമിയുടെ സാന്നിധ്യം ആശയപ്രചാരണത്തിന് ഹിന്ദു മതരാഷ്ട്രവാദികൾക്ക് ഒരു പ്രധാന ആയുധമാണ്. ജമാഅത്തെ ഇസ്ലാമി ഇന്ത്യയിൽ ഏതെങ്കിലും കാലത്ത് അവരുടെ മതരാഷ്ട്രം സ്ഥാപിക്കാൻ എന്തെങ്കിലും സാധ്യത ഉള്ളതായി കരുതുന്നതുകൊണ്ടല്ല, മറിച്ച് അവരുടെ പ്രവർത്തനം ഹിന്ദുത്വ ശക്തികൾക്ക് ശക്തിപകരുന്നു എന്നുള്ളതുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറയുന്നത്.

കോൺഗ്രസാകട്ടെ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യത്തിലാണ്. അതോടൊപ്പം ആവശ്യാനുസരണം കോ-ലീ-ബി സഖ്യമുണ്ടാക്കാൻ അവർക്കൊരു മടിയും ഇല്ല. മറ്റത്തൂർ അടക്കം എത്രയോ തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഇത്തവണയും നമുക്ക് ഇതേ അനുഭവമുണ്ട്.

കേരളത്തിലെ ബിജെപിയെ മൂലയ്ക്കിരുത്തുവാൻ കോ-ലീ-ബിക്കാർക്ക് കഴിയില്ല. ഇടതുപക്ഷത്തിനു മാത്രമേ കഴിയു. അതുകൊണ്ടുതന്നെ കഴിഞ്ഞ 10 വർഷക്കാലത്തിനിടയിൽ ഒരൊറ്റ വർഗീയലഹള പോലും ഇല്ലാത്ത റെക്കോർഡ് കേരളം ഇനിയും നിലനിർത്തും.

ദേശീയതലത്തിൽ 
ഇടതുപക്ഷത്തിന്റെ പ്രസക്തി
ദേശീയതലത്തിൽ ബി.ജെ.പി യുടെ ആധിപത്യത്തെ തകർക്കുന്നതിന് കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ കക്ഷികൾക്ക് പങ്കുണ്ട്. പക്ഷേ ഇന്ത്യാ മുന്നണി മാത്രം പോരാ, ഇടതുപക്ഷവും ശക്തമായി ഇവിടെ ഉണ്ടാവണം. കാരണം കോൺഗ്രസിന്റെയടക്കം നിയോലിബറൽ അജൻഡയ്ക്ക് ബദൽ ഉയർത്തുന്ന ഏക രാഷ്ട്രീയ ശക്തി ഇടതുപക്ഷമാണ്. പല കാരണങ്ങൾ കൊണ്ടും ബംഗാളിലും ത്രിപുരയിലും ഭരണം നഷ്ടപ്പെട്ടു. സച്ചിദാനന്ദന്റെയും എന്റെയും എല്ലാം ജീവിതകാലത്തുതന്നെ അവിടെ തിരിച്ചുവരവും ഉണ്ടാവും. അതിനു മർമ്മ പ്രധാനമാണ് കേരളത്തിലെ ഇടതുപക്ഷ ഭരണത്തിന്റെ തുടർച്ച. ഇതാണ് പുരോഗമന ശക്തികളെ സംബന്ധിച്ചിടത്തോളം കേരളത്തിലെ വരാൻ പോവുന്ന തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം.

ഇന്ത്യാ മുന്നണിയ്ക്കുവേണ്ടി നിർദ്ദേശം വെച്ചപ്പോഴും അതിന്റെ മൂർത്തമായ രൂപം സംസ്ഥാന അടിസ്ഥാനത്തിൽ വ്യത്യസ്തമായിരിക്കുമെന്ന് സഖാവ് സീതാറാം യെച്ചൂരി തന്നെ തുറന്നുപറഞ്ഞിട്ടുള്ളതാണ്. ബിജെപിയെ അധികാര ഭ്രഷ്ടമാക്കുവാനുള്ള എല്ലാവിധ യോജിച്ച പ്രക്ഷോഭങ്ങളിലും പങ്കാളികളാവുമ്പോഴും ഇന്ന് ഒരു ഇടതുപക്ഷ ബദൽ കേരളത്തിൽ ഉയർന്നു നിൽക്കേണ്ടത് അഖിലേന്ത്യാ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്.

ദൗർഭാഗ്യവശാൽ, സച്ചിദാനന്ദനെ പോലുള്ള സാംസ്കാരിക പ്രവർത്തകരിൽ ചിലർ മേൽവിവരിച്ച കാര്യങ്ങൾ മറന്നുപോകുന്നു. ഒന്ന്, കേരളത്തിലെ അന്യാദൃശ്യമായ വികസന മുന്നേറ്റത്തിന് തുടർച്ച വേണ്ടതല്ലേ? അതോ 2011-–16 ഇരുണ്ടകാലത്തേക്ക് തിരിച്ചുപോകണമോ? രണ്ട്, ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ സ്ഥാനം പ്രധാനമല്ലേ? അത് നിലനിർത്തുന്നതിന് കേരളത്തിൽ ഇടതുപക്ഷ ഭരണം അനിവാര്യമല്ലേ?

നമ്മൾ ചർച്ച ചെയ്യേണ്ട വിഷയം ഇവയൊക്കെയാണ്. അല്ലാതെ മാറിമാറി ഭരിക്കുന്നതിനെക്കുറിച്ചല്ല. സിപിഐ എം സെക്രട്ടറി ഗോവിന്ദൻ മാഷ് അഭിപ്രായപ്പെട്ടതുപോലെ, സച്ചിദാനന്ദന്റെ തുടർഭരണ തിസീസ് ഞങ്ങൾ തള്ളിക്കളയുമ്പോഴും, തുടർഭരണം സൃഷ്ടിക്കാൻ സാധ്യതയുള്ള അപചയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ജാഗ്രതപ്പെടുത്തൽ ഞങ്ങൾക്ക് സ്വീകാര്യമാണ്. ആ നിലയിൽ ഇടതുപക്ഷ സുഹൃത്തുക്കളിൽ നിന്നുള്ള വിമർശനങ്ങൾ തുറന്നമനസോടെ കാണാനും ആവശ്യമായ തിരുത്തലുകൾ വരുത്തുവാനും ഇടതുപക്ഷം എന്നും തയ്യാറായിരിക്കും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 3 =

Most Popular