ആമുഖം
01. 23–ാം പാർട്ടി കോൺഗ്രസ്സിനുശേഷമുള്ള കാലയളവ് മോദി സർക്കാർ പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ – കോർപ്പറേറ്റ് വാഴ്ചയും അവരെ എതിർക്കുന്ന മതനിരപേക്ഷ ജനാധിപത്യ ശക്തികളും തമ്മിൽ വളർന്നുവരുന്ന സംഘർഷത്തെ സൂചിപ്പിച്ചു. പിന്തിരിപ്പൻ ഹിന്ദുത്വ അജൻഡ അടിച്ചേൽപ്പിക്കുന്നതിനുള്ള ശ്രമങ്ങളും പ്രതിപക്ഷത്തേയും ജനാധിപത്യത്തേയും അടിച്ചമർത്തുന്നതിനുള്ള അമിതാധികാര നീക്കങ്ങളും നവ ഫാസിസ്റ്റ് സ്വഭാവവിശേഷങ്ങളെയാണ് പ്രകടിപ്പിക്കുന്നത്. കേന്ദ്രസർക്കാരിന്റെ വർഗീയ കോർപ്പറേറ്റ് നയങ്ങളെ സിപിഐ എമ്മും ഇടതുപക്ഷ പാർട്ടികളും നിരന്തരമായി എതിർത്തു പോന്നിട്ടുണ്ട്. തൊഴിലാളികളും കർഷകരും തൊഴിലെടുക്കുന്നവരിലെ മറ്റ് വിഭാഗങ്ങളും തങ്ങളുടെ ഉപജീവന മാർഗ്ഗങ്ങളും സാമ്പത്തിക അവകാശങ്ങളും സംരക്ഷിക്കുന്നതിനായി യോജിച്ചുള്ള പ്രക്ഷോഭത്തിൽ ഏർപ്പെട്ടു.
02. 2024 മെയിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ബിജെപിയ്ക്ക് തിരിച്ചടിയായിരുന്നു. ലോക്സഭയിൽ അവരുടെ ഭൂരിപക്ഷം നഷ്ടപ്പെട്ടു. പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ ശക്തി വർദ്ധിച്ചു. എങ്കിലും മോദി സർക്കാരിന്റെ ഈ മൂന്നാമൂഴം ബിജെപി – ആർഎസ്എസ്സിന്റെ ഹിന്ദുത്വ നവലിബറൽ അജൻഡയുടെ തുടർച്ചയെയാണ് കാണിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലങ്ങൾ പാർലമെന്റിനകത്തും പുറത്തും മോദി സർക്കാരിന്റെ കോർപ്പറേറ്റനുകൂല ഹിന്ദുത്വ നയങ്ങൾക്കെതിരായ വ്യാപകമായ ചെറുത്തുനിൽപ്പിനുള്ള ഇടങ്ങൾ തുറന്നിട്ടിരിക്കുന്നു.
03. കഴിഞ്ഞ മൂന്നു വർഷങ്ങളിലായി മോദി സർക്കാർ അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ബലപ്പെടുത്തിയിരിക്കുകയാണ്. സൈനിക സഹകരണത്തിനുള്ള അടിസ്ഥാന കരാറുകളെല്ലാം പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു. അത് ഏഷ്യാ – പസഫിക് പ്രദേശങ്ങളിലെ അമേരിക്കൻ ഭൗമരാഷ്ട്രീയ താത്പര്യങ്ങളുമായി കൂടുതൽ ചേർന്നുനിൽക്കുന്നവയാണ്. ഈ നിലപാട് ക്വാഡിലെ ഇന്ത്യയുടെ പങ്കാളിത്തത്തിലും, ഇസ്രയേലിന്റെ വംശഹത്യാപരമായ ഗാസ യുദ്ധത്തിന് നൽകുന്ന ലജ്ജാകരമായ പിന്തുണയിലും കാണാം. ഈ സംഭവവികാസങ്ങളെയെല്ലാം ആഗോള സ്ഥിതിഗതികളുടെയും ഭൗമരാഷ്ട്രീയ ബന്ധങ്ങളുടെയും പശ്ചാത്തലത്തിൽ കാണേണ്ടതാണ്. അവയ്ക്ക് നമ്മുടെ ദേശീയ സ്ഥിതിഗതികളുമായി നേരിട്ട് ബന്ധമുണ്ട്.
സാർവ്വദേശീയ സ്ഥിതി
1.1. 23–ാം കോൺഗ്രസ്സിനുശേഷമുള്ള സാർവ്വദേശീയ സ്ഥിതിയിലെ പ്രധാന പ്രവണതകൾ ചുവടെ കൊടുക്കുന്നു:
i. 23- – ാം കോൺഗ്രസ്സിനുശേഷം ലോകത്തിൽ നടക്കുന്ന രണ്ട് പ്രധാന സംഘർഷങ്ങളിലും അമേരിക്കൻ സാമ്രാജ്യത്വം പങ്കാളിയാണ്. പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ ഗാസയിലെ ഇസ്രയേൽ ആക്രമണത്തെ അമേരിക്ക സജീവമായി പിന്തുണയ്ക്കുന്നു. റഷ്യയുമായുള്ള യുദ്ധത്തിൽ ഉക്രൈന് മാരകമായ ആയുധങ്ങൾ നൽകുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.
ii. വ്യവസ്ഥിതിപരമായ പ്രതിസന്ധിയുടെ ഫലമായി ആഗോള സമ്പദ്ഘടന മന്ദഗതിയിലുള്ള വളർച്ചയാണ് കാണിക്കുന്നത്. അസമത്വം, ദാരിദ്ര്യം, തൊഴിലില്ലായ്മ, പട്ടിണി, പോഷകാഹാര ക്കുറവ് എന്നിവ പെരുകുന്നു.
iii. വികസിത രാഷ്ട്രങ്ങളിലടക്കം പല രാഷ്ട്രങ്ങളിലും തൊഴിലാളിവർഗം അവരുടെ അവകാശസംരക്ഷണത്തിനുവേണ്ടിയും സാമ്പത്തിക പരാധീനതകൾക്കെതിരായും പ്രക്ഷോഭത്തിലാണ്. എന്നിരുന്നാലും,
iv. മുമ്പ് സൂചിപ്പിച്ച വലതുപക്ഷ രാഷ്ട്രീയ വ്യതിയാനം തുടരുന്നു. പലരാജ്യങ്ങളിലും തീവ്ര വലതുപക്ഷ പാർട്ടികൾ അധികാര സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നു. ഈ കാലയളവിൽ കൊളംബിയ, ബ്രസീൽ, മെക്സിക്കോ, ഉറുഗ്വേ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ ഇടതുപക്ഷം നേട്ടങ്ങൾ കൈവരിച്ചു.
v. അമേരിക്കയും ചൈനയും തമ്മിലുള്ള സംഘർഷം കൂടുതൽ തീവ്രമാകുകയാണ്.
vi. സാമ്രാജ്യത്വ ആക്രമണങ്ങളെ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങൾ ഫലപ്രദമായി നേരിടുന്നു.
vii. എല്ലായിടത്തും സാമ്രാജ്യത്വത്തിനും, യുദ്ധത്തിനും ആക്രമണങ്ങൾക്കുമെതിരായ പ്രതിഷേധം വളർന്നുവരുന്നു.
viii. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള വാഗ്ദാനങ്ങൾ സർക്കാരുകൾ നടപ്പിലാക്കാതിരുന്നതുകൊണ്ട് പ്രത്യേകിച്ച് ആഗോള തെക്കൻ മേഖലകളിൽ ഗുരുതരമായ മാറ്റങ്ങളും ജനങ്ങൾക്ക് കനത്ത നാശനഷ്ടങ്ങളും ഉണ്ടാകുന്നു.
ix. നമ്മുടെ അയൽരാജ്യങ്ങളിൽ ശക്തമായ ജനകീയ പ്രതിഷേധം വളർന്നുവരികയും അത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ പതനത്തിലേക്ക് നയിക്കുകയും ചെയ്തിരിക്കുന്നു.
x. അയൽപക്ക രാജ്യങ്ങളിൽ നിന്ന് ഇന്ത്യയുടെ ഒറ്റപ്പെടൽ തുടരുന്നു.
പലസ്തീനിൽ ഇസ്രയേലിന്റെ വംശഹത്യ
1.2 2023 ഒക്ടോബർ 7 ലെ ഹമാസിന്റെ ആക്രമണത്തിനുശേഷം ഇസ്രയേൽ 15 മാസത്തേക്ക് തുടർച്ചയായി ഗാസയുടെമേൽ വംശഹത്യാപരമായ ആക്രമണം നടത്തി. വെടിനിർത്തൽ പ്രഖ്യാപിക്കുന്നതുവരെ മൃഗീയമായ ഇസ്രയേലിന്റെ ആക്രമണത്തിൽ 47,035 പലസ്തീൻകാർ കൊല്ലപ്പെടുകയും ഒരു ലക്ഷം പേർക്ക് മുറിവേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ 60 ശതമാനത്തോളം പേർ സ്ത്രീകളും കുട്ടികളുമായിരുന്നു. സ്കൂളുകൾക്കും ആശുപത്രികൾക്കും ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി ഷെൽട്ടറുകൾക്കും, നിരായുധരായ സിവിലിയന്മാർക്കുംനേരെ ആക്രമണമഴിച്ചുവിടുന്നതുവഴി ഇസ്രയേൽ എല്ലാവിധത്തിലുള്ള അന്താരാഷ്ട്ര നിയമങ്ങളേയും നിർദാക്ഷിണ്യം ലംഘിച്ചു. ഡ്രോണുകൾ, നിരോധിക്കപ്പെട്ട ആയുധങ്ങൾ എന്നിവ ഉപയോഗിക്കുകയും എതിരാളികളെ മുൻകൂട്ടി ലക്ഷ്യമിട്ട് വധിക്കുകയും ചെയ്തു. അമേരിക്കയുടെ ഭരണ സംവിധാനത്തിന്റേയും അവരുടെ സഖ്യശക്തികളുടേയും സഹായത്തോടെ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ഇസ്രയേൽ ഉദ്ദേശിക്കുകയാണ്.
1.3 അമേരിക്ക നൽകുന്ന പിന്തുണ മൂലം പലസ്തീനെ നശിപ്പിക്കാനും പശ്ചിമേഷ്യയിലെ പല രാജ്യങ്ങളേയും ആക്രമിക്കാനും ഇസ്രയേലിനു കഴിയുന്നുണ്ട്. 2023 നുശേഷം അമേരിക്ക ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി വർദ്ധിപ്പിച്ചിരിക്കുകയാണ്. അമേരിക്ക നൽകുന്ന ധനസഹായം 3.6 ശതകോടി ഡോളറിൽ നിന്ന് 17.9 ശതകോടി ഡോളറായി. അതായത് അഞ്ചിരട്ടി കണ്ട് വർദ്ധിച്ചു. ഐക്യരാഷ്ട്ര സഭയിൽ അവതരിപ്പിച്ച, അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയങ്ങളെയെല്ലാം അമേരിക്ക വീറ്റോ ചെയ്തു. അതിനോടൊപ്പം ഇസ്രയേലിന്റെ പ്രവർത്തനങ്ങൾ വംശഹത്യയിലേക്ക് നയിക്കുന്നു എന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പരാമർശവും അവർ അവഗണിച്ചു. ഈ സംഘർഷത്തിൽ കൂടുതൽ ശക്തമായ ഇസ്രയേൽ ഉണ്ടാകുമെന്ന് ഉറപ്പു വരുത്തുകയെന്നത് അമേരിക്കയുടെ താത്പര്യമാണ്; പശ്ചിമേഷ്യയിൽ അമേരിക്കയുടെ അധീശത്വം നിലനിർത്താൻ ഈ നീക്കംകൊണ്ട് സാധിക്കുമെന്നതിനാലാണത്.
1.4 ലബനനെ ആക്രമിക്കുന്നതുവഴി ഇസ്രയേൽ സംഘർഷം മേഖല വിപുലപ്പെടുത്തി. വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനുമുമ്പ് 3700 ലധികം പേരാണ് അവിടെ കൊല്ലപ്പെട്ടത്. സിറിയ, യമൻ, ഇറാൻ, ഇറാഖ് എന്നിവിടങ്ങളിലും ഇസ്രയേൽ ബോംബുകൾ വർഷിച്ചു. യമനെ ആക്രമിക്കുന്നതിൽ അമേരിക്കയും ബ്രിട്ടനും പങ്കു ചേർന്നു. ഇറാനുമേലുള്ള ഇസ്രയേൽ ആക്രമണത്തെ അവർ പിന്തുണച്ചു. ഉയർന്ന ഇറാനിയൻ ജനറൽമാർ ഇറാനിലും സിറിയയിലും കൊല്ലപ്പെട്ടു.
1.5 മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കപ്പെടുന്ന വെടിനിർത്തൽ പ്രഖ്യാപിച്ചതുവഴി ഇസ്രയേൽ ഗാസ ആക്രമണം തത്ക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. പ്രഖ്യാപനം നടന്ന് 24 മണിക്കൂറിനകം ഗാസയെ എപ്പോൾ വേണമെങ്കിലും ആക്രമി ക്കാനുള്ള അവകാശം അവർക്കുണ്ടെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു. ഈ വെടിനിർത്തൽ കരാറിന്റെ അനിശ്ചിതത്വത്തെയും സുരക്ഷിതത്വമില്ലായ്മയെയുമാണ് ഇത് കാണിക്കുന്നത്.

സിറിയ: അസദിന്റെ പതനം
1.6 സിറിയയിൽ ബാഷർ അൽ അസദിന്റെ ഭരണത്തിന്റെ പതനം വളരെ പ്രധാനപ്പെട്ട പ്രത്യാഘാതങ്ങളാണുണ്ടാക്കുക. പശ്ചിമേഷ്യയിലെ അവസാനത്തെ മതനിരപേക്ഷ രാഷ്ട്രത്തിന്റെ അന്ത്യം ആ പ്രദേശത്തിന്റെ സ്ഥിരതയെ തകർക്കുകയും വിഭാഗീയ സംഘർഷങ്ങൾ വർദ്ധിപ്പിക്കുകയുമാണ് ചെയ്യുക. അസദിനെതിരായി സായുധാക്രമണം നയിച്ച ഇസ്ലാമിസ്റ്റുകളായ ഹയാത്ത് തഹ്-രീ അൽ–ഷാം (എച്ച്ടിഎസ്) സർക്കാർ രൂപീകരിച്ചുകഴിഞ്ഞു. എല്ലാ മതന്യൂനപക്ഷങ്ങളുടേയും താത്പര്യം സംരക്ഷിക്കുമെന്ന് എച്ച്ടിഎസ് ഉറപ്പു നൽകിയെങ്കിലും യാഥാർത്ഥ്യം ഭിന്നമാണ്. ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. കൂടുതൽ ആക്രമണങ്ങൾ ഭയന്ന് നിരവധി പേർ സിറിയയിൽ നിന്ന് പലായനം ചെയ്യുകയാണ്. എച്ച്ടിഎസ്, ഇസ്രയേൽ, തുർക്കി എന്നിവർ ചേർന്ന് സിറിയയെ അവരുടെ സ്വാധീന പ്രദേശങ്ങളായി വേർതിരിക്കുകയാണ്. ഇസ്രയേൽ ഗോലാൻ കുന്നുകളിലെ ബഫർസോൺ കടന്ന് അവരുടെ സൈന്യത്തെ വിന്യസിച്ചു. അതിർത്തി പ്രദേശങ്ങളെ നിയന്ത്രിക്കുവാനും കുർദ്ദുകൾ അടിച്ചമർത്തപ്പെടുമെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് തുർക്കി ആഗ്രഹിക്കുന്നത്. എന്നാൽ കുർദ്ദുകളെ പിന്തുണയ്ക്കുന്ന അമേരിക്കയും സഖ്യശക്തികളും എച്ച്ടിഎസ്സുമായി സാധാരണ നിലയിലുള്ള ബന്ധം സ്ഥാപിച്ച് അവരുടെ സാമ്രാജ്യത്വ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ശ്രമിക്കുന്നത്. മതനിരപേക്ഷ രാഷ്ട്രങ്ങൾക്കെതിരെ ഭീഷണി ഉയർത്തുന്ന മത–മൗലികവാദ–തീവ്രവാദ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന അമേരിക്കയുടെ ചരിത്രം പരിശോധിക്കുമ്പോൾ, ഇത് അപ്രതീക്ഷിതമല്ല.
ഉക്രൈൻ യുദ്ധം
1.7 റഷ്യ– ഉക്രൈൻ യുദ്ധത്തിൽ ഇരുഭാഗത്തു നിന്നുമുള്ള ആക്രമണങ്ങൾ വർദ്ധിക്കുകയാണ്; റഷ്യയ്ക്കകത്ത് ദീർഘദൂര മിസൈലുകൾ പ്രയോഗിക്കുന്നതിന് അമേരിക്ക ഉക്രൈന് അനുവാദം കൊടുത്ത ഇത്തരം ആക്രമണങ്ങളെ നാറ്റോ സഖ്യത്തിൽനിന്ന് നേരിട്ടുള്ള ആക്രമണങ്ങളായാണ് റഷ്യ വിശേഷിപ്പിച്ചത്. അവർ ആണവായുധങ്ങൾ ഉപയോഗിക്കുമെന്നും ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ആയുധങ്ങളും ധനസഹായവുമായി അമേരിക്കയും നാറ്റോ സഖ്യവും നൽകിയ എല്ലാ പിന്തുണയും ഉണ്ടായിട്ടുപോലും കിഴക്കേ ഉക്രൈനിൽ നിന്ന് റഷ്യയെ പിന്തിരിപ്പിക്കുന്നതിനോ, സ്വന്തം മുന്നണി സ്ഥാനങ്ങൾ സംരക്ഷിക്കുന്നതിനോ ഉക്രൈന് സാധിക്കുന്നില്ല. റഷ്യ ഡോൺബാസിനുമേലുള്ള അവരുടെ ആധിപത്യം ശക്തിപ്പെടുത്തുകയും ഉക്രൈന്റെ കിഴക്കൻ പ്രദേശങ്ങളിലേക്ക് നീങ്ങുകയുമാണ്. റഷ്യയെ ദുർബലപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനുംവേണ്ടി ഉക്രൈനെ ഉപയോഗിക്കുകയാണ് അമേരിക്ക ചെയ്യുന്നത്.
1.8 അമേരിക്കയും സഖ്യശക്തികളും ചേർന്ന് റഷ്യക്കുമേൽ അടിച്ചേൽപ്പിച്ച സാമ്പത്തിക ഉപരോധത്തിന് റഷ്യൻ സമ്പദ്ഘടനയെ തകർക്കാൻ കഴിഞ്ഞിട്ടില്ല. റഷ്യക്ക് ഉപരോധങ്ങളുടെ വലക്കെട്ടിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞത് നിരവധി വികസ്വര രാഷ്ട്രങ്ങളുമായുള്ള പ്രത്യേകിച്ച് ചൈനയും ഇന്ത്യയുമായുള്ള അതിന്റെ അടുത്ത ബന്ധവും വ്യാപാരവും മൂലമാണ്. പ്രാദേശിക നാണയങ്ങൾ ഉപയോഗിച്ച് വ്യാപാരം നടത്താനും, കുറഞ്ഞ നിരക്കിൽ ഇന്ധനം നൽകാനും കഴിഞ്ഞത് റഷ്യയെ അവരുടെ കമ്പോള വിഹിതം നിലനിർത്തുന്നതിനും ഉപരോധത്തിന്റെ ആഘാതത്തെ മറികടക്കുന്നതിനും സഹായിച്ചു. റഷ്യയെപ്പോലൊരു പ്രധാന സമ്പദ്ഘടനയെ നേരിടുന്നതിന് സാമ്പത്തിക ഉപരോധം ഒരു ആയുധമായി പ്രയോഗിക്കുന്നത് തികഞ്ഞ പരാജയമാണെന്നും ഇത് തെളിയിച്ചു. മറുവശത്ത് , റഷ്യയിൽനിന്ന് ഇന്ധനം വാങ്ങുന്നത് നിരോധിച്ചത് യൂറോപ്യൻ രാജ്യങ്ങളെ ദോഷകരമായി ബാധിച്ചു. പാചകവാതകത്തിന്റേയും ഭക്ഷ്യധാന്യങ്ങളുടേയും വിലവർദ്ധന ജനങ്ങളുടെ പ്രയാസത്തെ വർദ്ധിപ്പിച്ചു.
ഏഷ്യ – പസഫിക് പ്രദേശം
– വളരുന്ന സംഘർഷം
1.9 ചൈനയെ നിയന്ത്രിക്കാനും ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, അമേരിക്ക ഏഷ്യ – പസഫിക് പ്രദേശത്ത് അവരുടെ നാവികപ്പടയുടെ സാന്നിദ്ധ്യം വർദ്ധിപ്പിക്കുകയും സൈനികാഭ്യാസങ്ങൾ നടത്തുകയും ചെയ്യുന്നത് അവിടെ സംഘർഷങ്ങൾ സൃഷ്ടിക്കുകയാണ്. ആ പ്രദേശത്തെ രാജ്യങ്ങളുമായി അമേരിക്ക സൈനിക സഖ്യങ്ങൾ (രാജ്യരക്ഷാ കരാറുകൾ) ശക്തിപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. വിനാശകരമായ, പുതിയ ഇന്റർമീഡിയറ്റ് – റേഞ്ച് ലാൻഡ് അധിഷ്ഠിത മിസെെൽ സംവിധാനം മേഖലയിൽ വിന്യസിക്കാനും അമേരിക്ക തുടക്കമിട്ടിരിക്കുന്നു. തായ-്-വാന് ആയുധം നൽകുകയും, വിഭാഗീയ ശക്തികൾക്ക് പരസ്യമായ പിന്തുണ നൽകുകയും ചെയ്യുന്നതുവഴി ചൈനയുടെ ആഭ്യന്തരകാര്യങ്ങളിൽ അമേരിക്ക പച്ചയായി ഇടപെടുകയാണ്.
1.10 കൊറിയൻ ഉപദ്വീപ്: കൊറിയൻ ഉപദ്വീപിലെ സ്ഥിതി അമേരിക്കയുടെ പ്രകോപനംമൂലം സംഘർഷഭരിതമായി തുടരുന്നു. ആ പ്രദേശത്തിന്റെ സുരക്ഷയെ ഇത് കാര്യമായി ബാധിക്കുകയാണ്. അമേരിക്കയും ജപ്പാനും ദക്ഷിണ കൊറിയയും ത്രികക്ഷി സൈനിക സഹകരണം ശക്തിപ്പെടുത്തുകയും തീവ്രമായ സൈനികാഭ്യാസങ്ങൾ നടത്തുകയുമാണ്. ദക്ഷിണ കൊറിയയുമായുള്ള ബന്ധത്തെ സംബന്ധിച്ച നിലപാടിൽ (ഡിപിആർകെ) ഉത്തര കൊറിയ മാറ്റംവരുത്തിയിരിക്കുന്നു. ദക്ഷിണ കൊറിയയും ഉത്തര കൊറിയയും ഒരേ രാഷ്ട്രത്തിൽപ്പെട്ട ജനത അല്ലെന്നും, അവർ ശത്രുക്കളും യുദ്ധം ചെയ്യുന്നവരുമാണെന്നുമാണ് ഉത്തര കൊറിയ ഇപ്പോൾ പ്രഖ്യാപിക്കുന്നത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ചരിത്രപരമായി തന്നെ ഏറ്റവും മോശമായ അവസ്ഥയിലാണ്.
1.11 ഈ പ്രദേശത്തെ അമേരിക്കയുടെ പ്രധാന ശത്രുക്കൾ ചൈനയും ഉത്തരകൊറിയയും റഷ്യയുമാണ്. ഇവരെ ഔദ്യോഗികമായിത്തന്നെ തിരുത്തൽവാദ ശക്തി (ചൈന), ദ്രോഹി രാഷ്ട്രം (റഷ്യ), തെമ്മാടി രാഷ്ട്രം (ഉത്തരകൊറിയ) എന്നിങ്ങനെയാണ് അമേരിക്ക വിളിക്കുന്നത്.
1.12 അമേരിക്കയുടെ സമ്പദ്ഘടന ദുർബലമായിട്ടും അവർ ലോകം മുഴുവൻ സ്വന്തം അധീശത്വം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. അവരുടെ സൈനിക ശക്തിയുടെ പരിമിതികൾ ഉക്രൈനിലും പശ്ചിമേഷ്യയിലും നടത്തിയ ഇടപെടലുകളിൽ നിന്നുതന്നെ വ്യക്തമായിരുന്നു. മറുവശത്ത് റഷ്യയും ചൈനയും തമ്മിലുണ്ടായ ശക്തമായ കൂട്ടുകെട്ടും, പല വികസ്വര രാഷ്ട്രങ്ങളും അവരുടെ പിന്നിൽ അണിനിരന്നതും അമേരിക്കയുടെ ആയുധ ശക്തിയുടെ ദൗർബ്ബല്യങ്ങൾ പുറത്തു കൊണ്ടുവരുന്നു. ജി–7 ഉം, നാറ്റോയും പോലുള്ള സഖ്യങ്ങളെ ശക്തിപ്പെടുത്തിയും പുതിയ സഖ്യങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചുമാണ് റഷ്യയുടേയും ചൈനയുടേയും മുന്നേറ്റത്തെ നേരിടാൻ അമേരിക്ക ശ്രമിക്കുന്നത്. ലോകം രണ്ടുസംഘർഷ ഗ്രൂപ്പുകൾ എന്ന നിലയിലേക്ക് വീണ്ടും തള്ളിനീക്കപ്പെടുകയാണ്. അങ്ങനെ മറ്റൊരു ശീതസമരത്തിന്റെ തിരശ്ശീല ഉയരുന്നു.
1.13 തങ്ങളുടെ സഖ്യകക്ഷികളെ റഷ്യയ്ക്കും ചൈനയ്ക്കുമെതിരെ അണിനിരത്താൻ അമേരിക്കൻ ഭരണകൂടം ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും സാമ്രാജ്യത്വ രാഷ്ട്രങ്ങൾ തമ്മിലുള്ള ഭിന്നതകൾ ഇപ്പോഴും നിലനിൽക്കുന്നുവെന്ന് 23–ാം പാർട്ടി കോൺഗ്രസ്സിൽ നമ്മൾ ചൂണ്ടിക്കാണിച്ചിരുന്നു. ഈ കാലയളവിൽ നാറ്റോയേയും ജി–7 നെയും ഉപയോഗിച്ച് തങ്ങളുടെ സഖ്യശക്തികളുടെ ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് അവരെ റഷ്യയ്ക്കും ചൈനയ്ക്കും എതിരായി അണിനിരത്താൻ അമേരിക്കയ്ക്ക് കഴിഞ്ഞു. ചൈനയും റഷ്യയും ആശങ്ക ഉണർത്തുന്ന രാജ്യങ്ങളാണെന്നും അവരെ നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്നും നാറ്റോയും, ജി–7 ഉം പ്രഖ്യാപിച്ചു. അതുകൊണ്ട് സാമ്രാജ്യത്വചേരിക്കുള്ളിലുള്ള വൈരുദ്ധ്യങ്ങൾ നിശബ്ദമായി തുടരുന്നു. പുതിയ അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ട്രംപിന്റെ, കാലാവസ്ഥാ വ്യതിയാനത്തേയും യൂറോപ്യൻ സഖ്യം, നാറ്റോ എന്നിവയേയും സംബന്ധിച്ച നിലപാടുകൾ, സാമ്രാജ്യത്വ രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ വിടവുകൾ സൃഷ്ടിക്കും.
വർദ്ധിക്കുന്ന
സൈനിക ചെലവുകൾ
1.14 2023 ലെ ആഗോള സൈനിക ചെലവുകൾ തുടർച്ചയായ ഒമ്പതാം വർഷവും വർദ്ധിച്ച് 2.44 ലക്ഷം കോടി ഡോളറിലെത്തിയിരിക്കുകയാണ്. രാജ്യരക്ഷയ്ക്കുവേണ്ടി ഏറ്റവുമധികം ചെലവാക്കുന്ന രാഷ്ട്രമായി അമേരിക്ക ഇപ്പോഴും തുടരുന്നു. നാറ്റോ സഖ്യകക്ഷികളോടൊപ്പം അമേരിക്ക ആഗോള സൈനിക ചെലവുകളുടെ പകുതിയിലധികം ചെലവഴിക്കുന്നു. കാലഹരണപ്പെട്ട ആണവ നിയന്ത്രണ കരാറുകൾ ഒപ്പിടുന്നതിൽ അമേരിക്ക മടികാണിക്കുന്നു. പുതിയ തന്ത്രപ്രധാനമായ ആയുധങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനുള്ള കരാർ (New START) അമേരിക്കയും റഷ്യയും തമ്മിലുള്ള അവസാനത്തെ ആണവായുധ നിയന്ത്രണ കരാറാണ്. ഉക്രൈൻ യുദ്ധത്തിനുശേഷം അത് തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. പല ആയുധ നിയന്ത്രണ കരാറുകളും കാലഹരണപ്പെട്ടതും, നശീകരണക്ഷമതയുള്ള നിരവധി പുതിയ ആയുധങ്ങൾ വികസിപ്പിക്കുന്നതിനായുള്ള വർദ്ധിച്ച ചെലവും ലോകത്തെ മുഴുവൻ അപകട ഭീഷണിയിലാഴ്ത്തുന്നു.
1.15 വൻതോതിൽ ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന വിധത്തിലുള്ള സൈനിക അട്ടിമറികളും ആന്തരിക സംഘർഷങ്ങളും ആഫ്രിക്കൻ വൻകരയിൽ പെരുകിക്കൊണ്ടിരിക്കുകയാണ്. 2022 നുശേഷം ആഫ്രിക്കയിൽ എട്ട് അട്ടിമറികൾ നടന്നു. അവയിൽ മൂന്നെണ്ണം വിജയിക്കുകയും ചെയ്തു. സാമൂഹ്യ അസ്ഥിരതയും സംഘർഷങ്ങളും കാരണം 45 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നു. സഹേൽ പ്രദേശത്തിന്റേയും, വൻ തടാകങ്ങളുടേയും ‘ആഫ്രിക്കൻ കൊമ്പ്’ എന്നറിയപ്പെടുന്ന പ്രദേശത്തിന്റേയും അടുത്തുള്ള 15 രാഷ്ട്രങ്ങളിലാണ് ഈ സംഘർഷം വ്യാപിക്കുന്നത്. അവയിൽ ഏറ്റവും ദോഷകരമായി ബാധിക്കപ്പെട്ട രാജ്യം സുഡാനാണ്. അവിടെ ആഭ്യന്തര യുദ്ധം നടക്കുകയാണ്. ആഫ്രിക്കോം (AFRICOM) എന്ന സൈനിക കേന്ദ്രം വഴിയായി അമേരിക്ക ആഫ്രിക്കയിലെ പല രാജ്യങ്ങളിലേയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടു പാേരുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷങ്ങ ളിലായി മാലി, ബുർക്കിനഫാസോ, നൈജർ. ചാഡ്, സെനഗൽ, ഐവറി കോസ്റ്റ് തുടങ്ങിയ മുൻ കോളനികളിൽ നിന്ന് തങ്ങളുടെ സെെന്യത്തെ പിൻവലിക്കാൻ ഫ്രാൻസ് നിർബന്ധിതമായി. തങ്ങളുടെ മണ്ണിൽ തമ്പടിച്ചിരിക്കുന്ന വിദേശ സൈന്യം പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധം ഉയർത്തുന്നു. ആഫ്രിക്കയിലെ പല രാജ്യങ്ങളും അവരുടെ ബന്ധങ്ങളെ വൈവിദ്ധ്യവത്കരിക്കാൻ ശ്രമിക്കുകയാണ്. സാമ്രാജ്യത്വ രാഷ്ട്രങ്ങൾ അതിൽ തൃപ്തരല്ല.
1.16 ഐക്യരാഷ്ട്രസഭയുടെ പങ്ക്
ഗാസ, ഉക്രൈൻ, സുഡാൻ, കോംഗോ മുതലായ രാജ്യങ്ങളിലെ അക്രമോത്സുകമായ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിൽ ഐക്യരാഷ്ട്ര സഭ പരാജയപ്പെട്ടിരിക്കുന്നു. രാഷ്ട്രീയവും, സൈനികവും ധനപരവുമായ അധികാരങ്ങളും വീറ്റോ അധികാരവുമുള്ള രാഷ്ട്രങ്ങളാണ് യഥാർത്ഥ അധികാരം കയ്യാളുന്നതെന്ന് കൂടുതൽ വ്യക്തമാകുന്നു.
യുഎൻ ബജറ്റിലെ തങ്ങളുടെ വിഹിതം നൽകാൻ വിസമ്മതിക്കുകയും, അന്താരാഷ്ട്ര നിയമം ഉയർത്തിപ്പിടിക്കുന്നതിനുവേണ്ടി ചിട്ടപ്പെടുത്തിയിട്ടുള്ള യുഎൻ സംഘടനകളെ ബഹിഷ്കരിക്കുകയും ചെയ്യുന്നത് ഉൾപ്പെടെ അമേരിക്കയും ഇസ്രയേലും പോലെയുള്ള രാജ്യങ്ങൾ തങ്ങൾക്കിഷ്ടമുള്ളതെല്ലാം ചെയ്തുകൂട്ടുകയാണ്. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ ഐക്യരാഷ്ട്ര സഭയ്ക്കുണ്ടായ പരാജയം അതിന്റെ തന്നെ അംഗങ്ങൾക്കിടയിലെ അസമമായ അധികാരത്തിന്റെ പ്രകടനമാണ്. ഐക്യരാഷ്ട്രസഭയുടെയും അതിന്റെ വ്യത്യസ്ത സ്ഥാപനങ്ങളുടെയും അടിയന്തിരമായ ജനാധിപത്യവത്കരണം അവശ്യമാക്കിത്തീർക്കുന്നു.
1.17 ബഹുധ്രുവതയിലേക്കുള്ള നീക്കം
ബ്രിക്സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക) സഖ്യത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അഞ്ചു പുതിയ അംഗങ്ങളെ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. പുതിയതായി നിലവിൽവരുന്ന ബ്രിക്സ് പ്ലസ്സിൽ ലോകജന സംഖ്യയിലെ പകുതിയിൽ അധികവും ആഗോള ജി.ഡി.പിയിൽ 37 ശതമാനവും ഉൾപ്പെടുന്നു. ഈ രാഷ്ട്രങ്ങൾ അവരുടെ ദേശീയ നാണയത്തിൽ വാണിജ്യം നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. അങ്ങനെ അവർക്ക് വ്യാപാരം നടത്തുന്നതിന് ഡോളറിനെ ആശ്രയിക്കുന്നത് വെട്ടിച്ചുരുക്കാനും അവർ ശ്രമിക്കുന്നു. അമേരിക്കൻ സാമ്രാജ്യത്വത്തിനും അവരുടെ ഡോളർ അധീശത്വത്തിനും നേരിടുന്ന ആഘാതമായിരിക്കും ഇത്. പല രാജ്യങ്ങളും ഈ സംഖ്യത്തിൽ ചേരാൻ താത്പര്യം കാണിക്കുകയും, അംഗങ്ങളാക്കാൻ അപേക്ഷിക്കുകയും ചെയ്തിരിക്കുന്നു. ഇതിനെ കൂടുതൽ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തരം രാഷ്ട്രങ്ങളിൽ ചിലതിനെ പങ്കാളിത്ത രാഷ്ട്രങ്ങൾ എന്ന നിലയിൽ ബന്ധപ്പെടാൻ അനുവദിച്ചിട്ടുണ്ട്. ബ്രിക്സ് ഒരു സാമ്രാജ്യത്വവിരുദ്ധ വേദിയല്ല. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏക ധ്രുവതയെ വെല്ലുവിളിച്ചുകൊണ്ട് ബഹുധ്രുവതയെ ശക്തിപ്പെടുത്താനുള്ള ബഹുമുഖ സ്വഭാവമുള്ള വേദിയായി അതിന് മാറാൻ കഴിയും.
1.18 ആഗോള സമ്പദ്ഘടന
ആഗോള സമ്പദ്ഘടനയിൽ മന്ദഗതിയിലുള്ള വളർച്ച എന്നത് ഒരു പുതിയ സാധാരണ നിലയായിത്തീർന്നിരിക്കുകയാണ്. അന്താരാഷ്ട്ര നാണയനിധി പറയുന്നത് 2024 ലും 2025 ലും ആഗോള സാമ്പത്തിക വളർച്ച സ്ഥിരമായി 3.2 ശതമാനമായി തുടരുമെന്നാണ്. ഈ നിരക്കുകൾ മഹാമാരിക്ക് മുമ്പ് വികസിത – വികസ്വര രാഷ്ട്രങ്ങളിൽ എത്തിച്ചേർന്ന നിരക്കുകളിലും കുറവാണ്. ഇപ്പോഴുള്ള സാമ്പത്തികവും – സമൂഹ്യവും വികസനപരവും പാരിസ്ഥിതികവുമായ വെല്ലുവിളികളെ നേരിടാൻ ഇത് അപര്യാപ്തമാണ്. വികസനത്തിന്റെ കാര്യത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന 46 രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഗൗരവമുള്ളതാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ ആവശ്യമായ 7 ശതമാനം വളർച്ച നിരക്കുകളെ അപേക്ഷിച്ച് ഏറെ കുറവാണിത്.
1.19 വിലക്കയറ്റവും വാങ്ങൽ ശേഷിയുടെ തകർച്ചയും ലോക ജനതയ്ക്ക് ഏറ്റവുമധികം ആശങ്കയുളവാക്കുന്നത് വിലക്കയറ്റമാണ്. 2024 ൽ ആഗോളതലത്തിൽ ഉപഭോക്തൃവില 4.3 ശതമാനം കണ്ട് വർദ്ധിച്ചിരിക്കുകയാണ്. മുന്നാക്കം നിൽക്കുന്ന രാഷ്ട്രങ്ങളിലും, വികസ്വര രാഷ്ട്രങ്ങളിലും ഉപഭോക്തൃ വിലയുടെ വർദ്ധന ജനങ്ങളുടെ വാങ്ങൽ ശേഷിയിൽ ഇടിവുണ്ടാക്കുന്നു. 2023 ൽ ഭക്ഷണ പദാർത്ഥങ്ങളുടെ വില ഉയർന്നിരുന്നു. 2023 ഡിസംബറിൽ മാത്രമാണ് അൺക്ടാഡിന്റെ ഭക്ഷ്യവില സൂചിക 2022 ഫെബ്രുവരിയിലെ നിലയെക്കാൾ താഴോട്ടു പോയത്. അതുപോലും മഹാമാരിയ്ക്ക് മുമ്പുള്ള വിലയെക്കാൾ 20 ശതമാനം അധികമാണ്. എണ്ണക്കുരുക്കളും എണ്ണയും പോലുള്ള കാർഷിക ഉത്പന്നങ്ങളുടെ വിലയിലും ഇതുപോലുള്ള ഏറ്റക്കുറച്ചിലുകൾ ഉണ്ടായി. അതേസമയം, അരിയുടെ വില 2022 ഫെബ്രുവരിയിലെ നിലയിൽ നിന്ന് താഴോട്ടു പോയിട്ടില്ല. രാസവളങ്ങളുടെ വിലയും മഹാമാരിയ്ക്കു മുമ്പുള്ള നിലയെക്കാൾ ഉയർന്നിരുന്നു.
1.20 വിലക്കയറ്റത്തിന് പല കാരണങ്ങളുണ്ട്. ഉക്രൈൻ യുദ്ധം പോലുള്ള പ്രാദേശിക സംഘർഷങ്ങൾ, ചരക്കു വിലയുടെ കനത്ത വർദ്ധന, കമ്പോളത്തിലുള്ള കേന്ദ്രീകരണത്തിന്റെ വളർച്ച, കൃഷി – ഭക്ഷ്യ കോർപ്പറേഷനുകളും ഊർജ്ജ കോർപ്പറേഷനുകളും അടക്കമുള്ള വൻകിട കോർപ്പറേറ്റുകളുടെ വില നിർണ്ണയം തുടങ്ങിയവയെല്ലാം വിലക്കയറ്റത്തിനിടയാക്കുന്ന ഘടകങ്ങളാണ്. കമ്പോള കേന്ദ്രീകരണത്തിന്റെ ദുർവിനിയോഗം, പ്രധാന മേഖലകളിൽ കോർപ്പറേറ്റുകളുടെ കേന്ദ്രീകരണം, കാർഷിക ഉത്പന്നങ്ങളിലെ ഊഹക്കച്ചവടം എന്നിവ തടയുകയും മത്സരാധിഷ്ഠിത സ്വഭാവത്തെ എതിർക്കുന്ന പ്രവർത്തന രീതികൾ ഉപയോഗിക്കുകയും ചെയ്തില്ലെങ്കിൽ ഉയർന്ന ഉത്പന്ന വിലയിൽ നിന്ന് ആശ്വാസം നേടാൻ സാധിക്കുകയില്ല.
1.21 തൊഴിലാളി വർഗ്ഗത്തിനു നേരെയുള്ള ആക്രമണം
വിലക്കയറ്റത്തിന്റെ ഫലങ്ങൾ തൊഴിലാളി വർഗ്ഗത്തേയാണ് ഏറ്റവും രൂക്ഷമായി ബാധിച്ചത്; കാരണം അവരുടെ യഥാർത്ഥ കൂലി ഉയർന്നില്ല എന്നതാണ്. 79.1 കോടി തൊഴിലാളികളുടെ കൂലി വിലക്കയറ്റത്തിന് അനുസരിച്ച് ഉയർന്നില്ല. അതിന്റെ ഫലമായി കഴിഞ്ഞ 2 വർഷത്തിനിടയിൽ 1.5 ലക്ഷം കോടി ഡോളറാണ് അവർക്ക് നഷ്ടപ്പെട്ടത്. അതായത് ഓരോ തൊഴിലാളിക്കും 25 ദിവസത്തെ കൂലി നഷ്ടപ്പെട്ടതിന് തുല്യമാണിത്. കൂലിയുടെ കുറവ് അധ്വാനത്തിനുള്ള വേതനത്തിന്റെ പങ്കിന്റെ ഇടിവിലും കാണാമായിരുന്നു. 2019 ൽ ആഗോളതലത്തിൽ അത് 52.9 ശതമാനമായിരുന്നെങ്കിൽ 2022 ൽ 52.3 ശതമാനമായി, അതായത് 0.6 ശതമാനം കണ്ട് കുറഞ്ഞു. അതിന് ശേഷം ഈ തോത് അതേപടി നിലനിന്നു. ശതമാന കണക്കിൽ ഈ ഇടിവ് നിസ്സാരമാണെന്ന് തോന്നാം; എന്നാൽ 2024 ൽ അധ്വാനത്തിനുള്ള വരുമാനത്തിലെ വാർഷിക ഇടിവ് 2.4 ലക്ഷം കോടി ഡോളറായിരുന്നു. 2004 ന് ശേഷം വരുമാനത്തിലെ അധ്വാനത്തിന്റെ വിഹിതം സ്ഥിരമായിരുന്നു വെങ്കിൽ തൊഴിലാളികൾക്ക് കിട്ടുമായിരുന്ന വേതനത്തെ അടിസ്ഥാനമാക്കിയാണ് ഈ ഇടിവ് കണക്കാക്കിയിരിക്കുന്നത്. കൂലിയിലെ ലിംഗപരമായ വിവേചനം മൂലം സ്ത്രീ തൊഴിലാളികൾ ഇതിനെക്കാളധികം ദുരിതങ്ങൾ നേരിടുകയാണ്. പുരുഷന് ലഭിക്കുന്ന ഓരോ ഡോളറിന്റെയും സ്ഥാനത്ത് സ്ത്രീകൾക്ക് 51.8 സെന്റ് മാത്രമാണ് ലഭിക്കുന്നത്.
1.22 വികസിതവും വികസ്വരവുമായ സമ്പദ് ഘടനകളിൽ അധ്വാന ത്തിന്റെ വിഹിതത്തിലെ ഇടിവും സ്തൂപികയുടെ ഏറ്റവും ഉയർന്ന അഗ്രത്തിൽ വരുമാനം കേന്ദ്രീകരിക്കുന്നതിലെ വർദ്ധനവും കാണിക്കുന്നത് അധ്വാനത്തിന്റെ വിഹിതത്തിലുണ്ടാകുന്ന ഇടിവിന്റെ ഭാരം മുഴുവൻ പേറേണ്ടിവരുന്നത് ഏറ്റവും താഴെത്തട്ടിലുള്ളവരാണെന്നാണ്. വർദ്ധിച്ചു വരുന്ന അസമത്വങ്ങളുടെ പ്രധാന കാരണം ഇതാണ്. മൂലധനവും അധ്വാനവും തമ്മിലുള്ള വൈരുദ്ധ്യം രൂക്ഷമാക്കുന്നതിനും ഇത് ഇടയാക്കുന്നു.
1.23 വർധിച്ചുവരുന്ന തൊഴിലില്ലായ്മ
സമീപ വർഷങ്ങളിൽ ആഗോളതലത്തിൽ തൊഴിലില്ലായ്മയുടെ തോത് ഏതാണ്ട് 5 ശതമാനമാണ്. 2024 ൽ 2 ദശലക്ഷം തൊഴിലാളികളുടെ തൊഴിലാണ് നഷ്ടപ്പെട്ടത്. 2023 ലെ ആഗോള യുവജന തൊഴിലില്ലായ്മ നിരക്ക് 13 ശതമാനമായിരുന്നു. അതായത് 64.9 ദശലക്ഷം പേർ. യുവജനങ്ങളിൽ അഞ്ചിൽ നാല് വിഭാഗത്തിനും ലഭിക്കുന്ന തൊഴിലുകൾ താഴ്ന്ന തരത്തിൽപ്പെട്ടവയാണ്– അരക്ഷിതവും അസ്ഥിരവുമായതും കാര്യമായ വേതനം ലഭിയ്ക്കാത്തതുമായ തൊഴിലുകളാണവ. ശേഷിച്ച അഞ്ചിലൊന്നിൽ നിരവധിപേർ കരാർ തൊഴിലാളികളാണ്. തൊഴിലിലോ, വിദ്യാഭ്യാസത്തിലോ, പരിശീലനത്തിലോ ഒന്നും പെടാത്ത യുവാക്കളുടെ ആഗോള കണക്ക് 2024 ൽ 20.4 ശതമാനമായിരുന്നു. ലോകത്തിലെ 27.6 ദശലക്ഷം ജനങ്ങൾ നിർബന്ധിത തൊഴിൽ ചെയ്യാൻ ബാധ്യതപ്പെട്ടവരാണ്. അതേ സമയം നിർബന്ധിത തൊഴിലിൽ നിന്ന് മുതലാളിമാർ പ്രതിവർഷം 23,600 കോടി ഡോളർ ലാഭമായി എടുക്കുന്നുണ്ട്. നിർബന്ധിത തൊഴിലിന്റെ 86 ശതമാനവും സ്വകാര്യ മേഖലയിലാണ്. മുതലാളിമാർക്ക് ചൂഷണ വേതനം നൽകി തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കണമെന്ന താത്പര്യമുണ്ട്. തൊഴിലാളികളുടെ അധ്വാന ശക്തി പരമാവധി ഊറ്റിയെടുക്കുന്ന വിധത്തിലുള്ള ഏത് അധ്വാന രൂപത്തിലും തൊഴിലാളികളെ ക്കൊണ്ട് മുതലാളിമാർ പണിയെടുപ്പിക്കും.
1.24 സമഗ്രമായ അസമത്വങ്ങൾ
2023 ൽ ലോകജനസംഖ്യയിൽ ഏതാണ്ട് 46 ശതമാനം, അതായത് 3 ശതകോടിയിലേറെ, ജനങ്ങൾ പ്രതിദിനം 6.85 ഡോളറിലും (ആഗോള ദാരിദ്ര്യ രേഖ) താഴെയുള്ള തുക ജീവിക്കുന്നവരാണ്. (2017 ലെ വാങ്ങൽ ശേഷി തുലനം അനുസരിച്ചാണിത്). ആഗോള വടക്കൻ മേഖലയും, ആഗോള തെക്കൻ മേഖലയും തമ്മിലുള്ള വിടവ് കഴിഞ്ഞ 25 വർഷത്തിനിടയിൽ ആദ്യമായി വർദ്ധിച്ചിരിക്കുന്നു. ലോകമാസകലം ഏതാണ്ട് 700 ദശലക്ഷം ജനങ്ങൾ അതീവ ദാരിദ്ര്യത്തിൽ ജീവിക്കുകയാണ്. അവർ പ്രതിദിനം, പ്രതിശീർഷം 2.15 ഡോളർകൊണ്ട് നിത്യവൃത്തി കഴിക്കുന്നവരാണ്. 2023 ൽ ലോകജനസംഖ്യയുടെ 10.7 ശതമാനം, അതായത് 86.41 കോടി പേർ രൂക്ഷമായ ഭക്ഷ്യ സുരക്ഷയില്ലായ‍്മയിൽ കഴിഞ്ഞുകൂടുന്നവരായിരുന്നു. സ്ത്രീകളും പെൺകുട്ടിക ളുമാണ് പട്ടിണി കിടക്കുന്നവരിൽ 60 ശതമാനവും. കാലാവസ്ഥാ തകർച്ചയും ആഗോള അസമത്വത്തിന്റെ വർദ്ധനവിന് കാരണമാകുന്നുണ്ട്.
1.25 കുത്തകകളിൽ സമ്പത്തിന്റെ കേന്ദ്രീകരണം
അതേസമയം, സമ്പത്തിന്റെ കേന്ദ്രീകരണം അമ്പരിപ്പിക്കുന്ന വേഗതയിലാണ് നടക്കുന്നത്. ലോകത്തിലെ അതിസമ്പന്നരായ 1 ശതമാനം പേർ മനുഷ്യരാശിയിലെ 95 ശതമാനം പേരെക്കാൾ സമ്പത്തിന്റെ ഉടമകളാണ്. അതിസമ്പന്നരായ ഒരു ശതമാനം 2020 ന് ശേഷമുള്ള പുതിയ സമ്പത്തിന്റേയാകെ പേർ മുന്നിൽ രണ്ട് ഭാഗവും കയ്യടക്കിയിരുക്കുകയാണ്. ലോകജനസംഖ്യയിലെ 99 ശതമാനത്തിന്റെ മൊത്തം വരുമാനത്തിന്റെ ഇരട്ടിയോളമാണിത്. ശതകോടീശ്വരരുടെ വരുമാനം പ്രതിദിനം 2.7 ശതകോടി ഡോളർ കണ്ടാണ് വർദ്ധിക്കുന്നത്. കുറഞ്ഞത് 1.7 ശതകോടി തൊഴിലാളികളുടെ വേതനത്തെക്കാൾ വേഗതയിൽ വിലകൾ കുതിച്ച് കയറുമ്പോഴാണിത്.
1.26 സമ്പത്തിന്റെ അതിഭീമമായ കേന്ദ്രീകരണം കുത്തകകളുടെ ആധിപത്യത്തിന്റെ കേന്ദ്രീകരണവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. മരുന്ന് വ്യവസായം, കൃഷി, സാങ്കേതിക വിദ്യകൾ എന്നിവയടക്കം ലോകത്തുടനീളമുള്ള പ്രധാന വിപണികളെയെല്ലാം നിയന്ത്രിക്കുന്നത് ചുരുക്കം ചില സ്ഥാപനങ്ങളാണ്. ഏറ്റവും മുകളിൽ നിൽക്കുന്ന സോഷ്യൽ മീഡിയകൾ, ടെക്, ചിപ്പ് കമ്പിനികളാണ്- 12 ലക്ഷം കോടി ഡോളറിന്റെ വാണിജ്യ മൂലധനം കെെവശപ്പെടുത്തിയിരിക്കുന്നത്. അതേ സമയം, മറ്റ് 493 കമ്പിനികൾ മുരടിപ്പും തകർച്ചയും നേരിടുന്നു. കുത്തകകളുടെ വർധിച്ചുവരുന്ന കരുത്ത് ഗവൺമെന്റ് നയങ്ങളേയും നിയന്ത്രിക്കുന്നതാണ്. അതിനു വേണ്ടി സ്വാധീന ശക്തിയുടെ ഉപയോഗം, രാഷ്ട്രീയ സംഭാവനകൾ, നിയമപരമായ വെല്ലുവിളികൾ, മാധ്യമ നിയന്ത്രണം, നവലിബറൽ നയങ്ങൾ നടപ്പിലാക്കുന്നതിനായി നിക്ഷേപം പിൻവലിക്കുമെന്ന് ഭീഷണിപ്പെടുത്തൽ തുടങ്ങിയവയെല്ലാം പ്രയോഗിക്കുന്നു. കോർപ്പറേറ്റ് നികുതികൾ വെട്ടിക്കുറയ്ക്കൽ, തൊഴിൽ സുരക്ഷ ദുർബലപ്പെടുത്തൽ പൊതുസേവനം സ്വകാര്യവത്കരിക്കൽ, സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കൽ തുടങ്ങി വിവിധ രീതികളിൽ സർക്കാർ കോർപ്പറേറ്റ് താത്പര്യങ്ങളെ സംരക്ഷിക്കുന്നു. നവലിബറൽ നയങ്ങൾ സാമ്പത്തിക അസമത്വത്തെ വർദ്ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്; മറിച്ച് ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു; ഇത് ലിബറൽ ജനാധിപത്യത്തിന്റെ പരിമിതികളാണ് പുറത്തു കൊണ്ടുവരുന്നത്.
1.27 രൂക്ഷമായ വായ്പാ പ്രതിസന്ധി
2024 ൽ 54 രാഷ്ട്രങ്ങൾ വായ്പാ പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്നു. വികസ്വര രാജ്യങ്ങളിൽ നിന്ന് വികസിത രാഷ്ട്രങ്ങളിലേ ക്കുള്ള വിഭവ കൈമാറ്റത്തിന്റെ വാർഷിക ശരാശരി 70,000 കോടി ഡോളറായിരിക്കുകയാണ്. കഴിഞ്ഞ 3 വർഷം മാത്രം വികസ്വര രാഷ്ട്രങ്ങളുടെ കടം തിരിച്ചടവിൽ വീഴ്ചവരുത്തിയ 18 സന്ദർഭങ്ങളുണ്ടായിരുന്നു– ശ്രീലങ്ക ഉൾപ്പെടെയാണിത്; കഴിഞ്ഞ 2 ദശകങ്ങൾക്കിടയിൽ വരുത്തിയ വീഴ്ചകളെക്കാൾ കൂടുതലാണിത്. പല രാഷ്ട്രങ്ങളും നേരിടുന്ന വായ്പാ പ്രതിസന്ധിയുടെ പ്രധാന കാരണം സ്വകാര്യ പണമിടപാടുകാർക്കു കിട്ടുന്ന വമ്പിച്ച പ്രാധാന്യമാണ്. ബാങ്കുകളും ഹെഡ്ജ് ഫണ്ടുകളും അടങ്ങുന്ന സ്വകാര്യ പണമിടപാടുകാരുടെ കയ്യിലാണ് ദരിദ്ര രാഷ്ട്രങ്ങളുടെയും – ഇടത്തരം വരുമാനമുള്ള രാഷ്ട്രങ്ങളുടെയും വിദേശകടത്തിന്റെ പകുതി ഭാഗവും. 2022 ൽ വികസ്വര രാഷ്ട്രങ്ങൾ അവരുടെ വിദേശ സ്വകാര്യ പണമിടപാടുകാർക്ക് കൊടുത്ത പണം അവർക്ക് ലഭിച്ച പണത്തെക്കാൾ 90 ശതകോടിയോളം ഡോളർ അധികമായിരുന്നു.
1.28 ഐഎംഎഫിനെപ്പോലെയുള്ള അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾ അടിച്ചേൽപ്പിക്കുന്ന അപായകരമായ വായ്പാ നിബന്ധനകളും ഉയർന്ന പലിശ നിരക്കുകളുമാണ് വായ്പാ പ്രതിസന്ധിയിലേക്ക് നയിക്കുന്ന മറ്റു ഘടകങ്ങൾ. ഈ കടങ്ങൾ അവികസിതവും വികസ്വരവുമായ രാഷ്ട്രങ്ങളിൽ നിന്ന് സമ്പന്നരും വികസിതവുമായ സാമ്രാജ്യത്വ രാഷ്ട്രങ്ങളിലേക്ക് വിഭവങ്ങൾ കൈമാറ്റം ചെയ്യുന്നതിനുള്ള ഉപാധിയാണ്.
1.29 നിർമ്മിത ബുദ്ധി
ടെക്-സ്റ്റുകളും ഇമേജുകളും വീഡിയോകൾപോലും സൃഷ്ടിക്കുകയെന്ന ദൗത്യങ്ങൾ നിറവേറ്റുന്നതിൽ നിർമ്മിത ബുദ്ധി ഉപകരണങ്ങൾ നിർണ്ണായകമായ ശേഷി പ്രകടിപ്പിച്ചിട്ടുണ്ട്. മനുഷ്യരിൽ നിന്ന് ഭിന്നമായി നിർമ്മിത ബുദ്ധി അവ ചെയ്യുന്ന ജോലികളെക്കുറിച്ച് അവയ്ക്ക് മനസ്സിലാക്കാനാകാത്തതുകൊണ്ട് കണക്ക് കൂട്ടലിന്റെ രീതിയാണ് അവ ഉപയോഗിക്കുന്നത്. ഇത്തരം ഉപകരണങ്ങൾ, സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച യന്ത്രങ്ങളുടെ കഴിവിനപ്പുറം എന്ന് കരുതിയിരുന്ന നിരവധി മധ്യവർഗ്ഗ തൊഴിലുകൾ ഇപ്പോൾ യന്ത്രവത്കരിക്കാൻ കഴിയുമെന്നതിനാൽ അവ അത്രയേറെ ശക്തമായിരിക്കുകയാണ്. നിരവധി മേഖലകളിലെ തൊഴിലാളി വർഗ്ഗത്തിന് അവരുടെ തൊഴിലുകൾക്കുള്ള ഭീഷണികൾ നേരിടേണ്ടതുണ്ട്. സേവന തുറകളിലും നേട്ടങ്ങളുടെയും ആനുകൂല്യങ്ങളുടെയും മേഖലകളിലും കടന്നുവരാൻ നിർബന്ധിതബുദ്ധി സംവിധാനങ്ങളെ ഉപയോഗിക്കുന്നുണ്ട്. ജനങ്ങളുടെ പങ്കാളിത്തമില്ലാതെ തന്നെ ജനജീവിത്തെക്കുറിച്ച് അവ നിർണ്ണായക തീരുമാനങ്ങളെടുക്കുന്നത് ആശങ്ക ജനിപ്പിക്കുന്നതാണ്. നിർമ്മിത ബുദ്ധിയെ ആയുധവത്കരിച്ച് യുദ്ധങ്ങളിലും ഉപയോഗിക്കുന്നു. വൻകിട ടെക്നോളജി കമ്പനികൾ നമ്മളെ സംബന്ധിച്ച ഡാറ്റ, വ്യക്തിഗത ഡറ്റയടക്കം, ശേഖരിക്കുന്നത് സ്വകാര്യതയ്ക്കുള്ള അടിസ്ഥാന അവകാശത്തിന്റെ ലംഘനമാണ്. നിർമ്മിത ബുദ്ധി ജനതാത്പര്യങ്ങളെ സേവിക്കുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താൻ നിർമ്മിത ബുദ്ധിയുടെ വികസനത്തിന് ക്യത്യമായ നിയന്ത്രണം ഏർപ്പെടുത്തേണ്ടത് ഇന്നത്തെ ആവശ്യമാണ്.
പ്രതിഷേധങ്ങൾ കത്തിപ്പടരുന്നു
1.30 വളരുന്ന അസമത്വങ്ങളും തൊഴിലില്ലായ്മയും ദാരിദ്ര്യവും വ്യാപകമായ അസംതൃപ്തിയും, അസന്തുഷ്ടിയും സൃഷ്ടിച്ചിട്ടുണ്ട്. 2022 നുശേഷം അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ഗ്രീസ്, തുടങ്ങിയ വികസിതരാജ്യങ്ങളിലും പോർച്ചുഗൽ, അർജന്റീന, ബ്രസീൽ, കെനിയ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലുമെല്ലാം പ്രക്ഷോഭങ്ങളുടെ വേലിയേറ്റം ഉയർന്നുവന്നിട്ടുണ്ട്. പല രാജ്യങ്ങളിലും വ്യത്യസ്ത ജനവിഭാഗങ്ങൾ സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. നമ്മുടെ അയൽപക്കത്തെ ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളേയും പ്രക്ഷോഭം പിടിച്ചുകുലുക്കി. സാമ്പത്തിക പ്രതിസന്ധികൾ, സാമൂഹ്യ അസമത്വം, രാഷ്ട്രീയ അഴിമതി എന്നിവയെ സർക്കാരുകൾ കൈകാര്യം ചെയ്ത രീതിയ്ക്കെതിരെ വിവിധ രാഷ്ട്രങ്ങളിലെ തൊഴിലാളികളും കർഷകരും പ്രതിഷേധം സംഘടിപ്പിച്ചു. അവർ മെച്ചപ്പെട്ട കൂലിയും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും കൂടുതൽ സാമ്പത്തിക നീതിയുമാണ് ആവശ്യപ്പെടുന്നത്.
തീവ്രവലതുപക്ഷത്തിന്റെ വളർച്ച
1.31 ക്ഷയിച്ചുകൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങളെ സംബന്ധിച്ച് ജനങ്ങൾക്കുള്ള ന്യായമായ ആശങ്കളെ ചൂഷണം ചെയ്തു കൊണ്ട്, ചില രാജ്യങ്ങളിൽ നവ ഫാസിസ്റ്റ് ശക്തികളും തീവ്രവലതുപക്ഷ പാർട്ടികളും നേട്ടങ്ങൾ കൊയ്യുകയാണ്. അവർ വംശീയത, അന്യദേശക്കാരോടുള്ള വിദ്വേഷം, കുടിയേറ്റങ്ങളെ സംബന്ധിച്ച ഭയം എന്നീ വികാരങ്ങളുയർത്തി അവയെ മുതലെടുക്കുകയാണ് ചെയ്യുന്നത്. പ്രയോഗക്ഷമമായ ഒരു ഇടതുപക്ഷ ബദലിന്റെ അഭാവത്തിൽ പ്രക്ഷോഭങ്ങളിലൂടെ വളർന്നുവരുന്ന ജനകീയ ഐക്യത്തെ ഭിന്നിപ്പിക്കാൻ ജനങ്ങളുടെ അസന്തുഷ്ടി ഉപയോഗിക്കുകയാണ് തീവ്രവലതുപക്ഷം ചെയ്യുന്നത്. സോഷ്യൽ ഡെമോക്രാറ്റുകളും യാഥാസ്ഥിതികരും അടക്കമുള്ള വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികൾ നവലിബറൽ നയങ്ങൾ നടപ്പിലാക്കുന്നതിനോടുള്ള രോഷം തീവ്രവലതുപക്ഷത്തേക്ക് ജനങ്ങൾ മാറാൻ കാരണമായിട്ടുണ്ട്. തീവ്രവലതുപക്ഷ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കാനും ഇത് സഹായിച്ചിട്ടുണ്ട്. ഇത്തരം പാർട്ടികൾ അധികാരത്തിൽ വരുമ്പോൾ നവലിബറൽ നയങ്ങൾ പിന്തുടരുകയും അതേസമയം സാമൂഹ്യ ഐക്യത്തിന് ഭീഷണിയാകുന്ന വിഭാഗീയ ശക്തികളുടെ വളർച്ചയെ പ്രോത്സാഹിപ്പി ക്കുകയും ചെയ്യുന്നു. 23–ാം പാർട്ടി കോൺഗ്രസ്സിൽ ചൂണ്ടിക്കാണിക്കപ്പെട്ട രാഷ്ട്രീയമായ ചുവടുമാറ്റം (വലതുപക്ഷത്തേക്കുള്ള) ഇപ്പോഴും തുടരുന്നു. അതൊരു ഗൗരവമുള്ള ഭീഷണിയായി മാറിയിരിക്കുന്നു.
1.32 മഹാമാരിക്കു ശേഷമുള്ള കാലഘട്ടത്തിൽ ഭരണം ഏറ്റെടുത്ത സർക്കാരുകൾ പല രാജ്യങ്ങളിലും പുറത്താക്കപ്പെട്ടിരിക്കുന്നു. പ്രായപൂർത്തി വോട്ടവകാശം നിലവിൽ വന്നതിനുശേഷം ആദ്യമായാണ് വികസിത രാഷ്ട്രങ്ങളിൽ ഭരിക്കുന്ന പാർട്ടികളുടെ വോട്ട് വിഹിതം കുറയുന്നത്. മൊത്തത്തിൽ ഈ തിരഞ്ഞെടുപ്പുകൾ വളർന്നുവരുന്ന ശിഥിലീകരണത്തേയും ധ്രുവീകരണത്തേയും പ്രതിഫലിപ്പിക്കുന്നു. സോഷ്യൽ ഡെമോക്രാറ്റുകളും, മധ്യവർത്തി പാർട്ടികളും ഗ്രീൻ പാർട്ടികളും തീവ്ര വലതുപക്ഷത്തിനായി സ്ഥലം ഒഴിഞ്ഞു കൊടുക്കുന്നതോടെയാണ് ഇത് സംഭവിക്കുന്നത്.
1.33 കൊളംബിയ, മെക്സിക്കോ, ബ്രസീൽ, ശ്രീലങ്ക, ഉറുഗ്വേ എന്നിവിടങ്ങളിൽ പുരോഗമന ശക്തികളാണ് തിരഞ്ഞെടുപ്പിൽ ജയിച്ചത്. അവിടെയെല്ലാം ജനവിരുദ്ധ സർക്കാരുകൾക്കെതിരെയാണ് ജനങ്ങൾ വോട്ടു ചെയ്തത്. ജനകീയ പ്രക്ഷോഭങ്ങളിൽ സജീവമായ പങ്കുവഹിക്കുകയും വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളിൽ നിന്ന് സ്വന്തം നിലപാടുകളെ വേർതിരിക്കുകയും ചെയ്യാൻ കഴിഞ്ഞ പല സ്ഥലങ്ങളിലും ഇടതുപാർട്ടികൾക്ക് ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ കഴിഞ്ഞു. അവരുടെ തിരഞ്ഞെടുപ്പ് വിജയങ്ങൾ വഴി തീവ്രവലതുപക്ഷത്തിന്റെ മുന്നേറ്റത്തെ തടഞ്ഞുനിർത്താനും കഴിഞ്ഞു.
1.34 എങ്കിലും ലോകത്തിലെ പല ഭാഗങ്ങളിലും ജനങ്ങൾ തീവ്രവലതുപക്ഷത്തെ അധികാരത്തിലെത്തിക്കുകയാണ്. യൂറോപ്യൻ പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ പല രാഷ്ട്രങ്ങളിലും തീവ്രവലതുപക്ഷ പാർട്ടികളുടെ പിന്തുണ വൻതോതിൽ വർദ്ധിച്ചു. അർജന്റീനയിൽ ഹാവ്യർ മിലേയിയുടെയും, ഇറ്റലിയിൽ ജോർജിയ മെലോണിയയുടേയും അമേരിക്കൻ ഐക്യനാടുകളിൽ ഡൊണാൾഡ് ട്രംപിന്റേയും തിരഞ്ഞെടുപ്പ് ആഗോള പ്രവണതയെന്ന നിലയിൽ വലതുപക്ഷത്തേക്കുള്ള രാഷ്ട്രീയമായ ചുവടുമാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. ഇത് സാമ്പത്തിക അനിശ്ചിതത്വത്തിന്റേയും നയതന്ത്ര രംഗത്തെ വെല്ലുവിളികളുടേയും പാരിസ്ഥിതിക നയത്തിലെ വൈരുദ്ധ്യങ്ങളുടേയും കാലഘട്ടത്തെയാണ് അടയാളപ്പെടുത്തുന്നത്. ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്ന ഉടൻ തന്നെ അദ്ദേഹം തന്റെ ആക്രമണാത്മകവും അതിർത്തി വികസിപ്പിക്കൽപരവുമായ ഉദ്ദേശ്യങ്ങൾ പ്രകടമാക്കി. തന്റെ ഗവൺമെന്റ്, പനാമയിൽ നിന്ന് പനാമ കനാൽ തിരിച്ചെടുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഭീകരത പ്രാവർത്തികമാക്കുന്ന ഭരണഘടനകളുടെ പട്ടികയിൽ ക്യൂബയെ വീണ്ടും പെടുത്തി. പുതിയ ഭണകൂടം ചൈനയെപ്പോലുള്ള രാജ്യങ്ങളുടെ മേലുള്ള ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. അങ്ങനെ ലോകസമ്പദ്ഘടനയെ ബാധിക്കുന്ന വിധത്തിൽ വാണിജ്യ യുദ്ധങ്ങളെ വളർത്തും. ട്രംപിന്റെ ഭരണം യുദ്ധങ്ങളെ അവസാനിപ്പിക്കുകയില്ല. അദ്ദേഹം ഇസ്രയേലിനെ പൂർണ്ണമായി പിന്തുണയ്ക്കുന്നു. അമേരിക്കൻ സാമ്പത്തിക ശക്തിയെ വെല്ലുവിളിക്കുന്ന ഏതു രാഷ്ട്രത്തിന്റെ വളർച്ചയ്ക്കും അദ്ദേഹം എതിരാണ്. പാരീസ് കാലാവസ്ഥാ കരാറിൽ നിന്നും ലോകാരോഗ്യ സംഘടനയിൽ നിന്നും പിന്മാറുമെന്ന് ട്രംപ് പ്രഖ്യാപിച്ച് കഴിഞ്ഞു.അന്താരാഷ്ട്ര കരാറുകളോടും സ്ഥാപനങ്ങളോടുമുള്ള അദ്ദേഹത്തിന്റെ അവജ്ഞ പ്രകടമാണ്. അദ്ദേഹം തീവ്രവലതുപക്ഷ ആഭ്യന്തര അജൻഡ നടപ്പിലാക്കുന്ന നിരവധി ഔദ്യോഗിക ഉത്തരവുകൾ പുറപ്പെടുവിച്ചു കഴിഞ്ഞു.
കാലാവസ്ഥാ വ്യതിയാനം
1.35 വികസിത രാഷ്ട്രങ്ങളിൽ, സർക്കാരിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പല തീവ്രവലതുപക്ഷ പാർട്ടികളും കാലാവസ്ഥാ വ്യതിയാനത്തെ പൂർണ്ണമായി നിരാകരിക്കുന്നവരാണ്. അത് കാലാവസ്ഥ ഉയർത്തുന്ന വെല്ലുവിളിയെ നേരിടാനുള്ള ശ്രമങ്ങളെ ദോഷകരമായി ബാധിക്കും. 2024 ജനുവരി മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ആഗോള ശരാശരി താപനില വ്യവസായ പൂർവ്വ ശരാശരിയെക്കാൾ മുകളിൽ അഥവാ 1.5 ഡിഗ്രി സെൽഷ്യസ് എന്ന നിലയിൽ ഒരു വർഷക്കാലം നിലനിന്നത് ആദ്യത്തെ അനുഭവമാണ്. ആഗോളതാപനത്തെ നിയന്ത്രിക്കാനുള്ള 2015 ലെ പാരീസ് ഉടമ്പടി തീരുമാനിച്ച അഭിലഷണീയമായ താഴ്ന്ന പരിധി ലംഘിക്കപ്പെടുന്നുവെന്ന ഭീഷണി ഇത് ഉയർത്തുന്നു. ഏറ്റവും മുകളിലുള്ള ഒരു ശതമാനം ജനങ്ങളുടെ കാർബൺഡൈ ഓക്സൈഡ് ബഹിർഗമനം ലോകത്തിലെ മൂന്നിൽ രണ്ടോളം വരുന്ന ദരിദ്ര ജനതയുടെ, അതായത് താഴെത്തട്ടിലുള്ള 500 കോടി ജനങ്ങളുടെ ബഹിർഗമനത്തേക്കാൾ കൂടുതലാണ്. മറുവശത്ത് ആഗോള – തെക്കൻ മേഖലയിലെ ദരിദ്രരും, നിരാലംബരുമായ ജനങ്ങളാണ് ഇതിന്റെ കെടുതികളെല്ലാം അനുഭവിയ്ക്കുന്നത്, അനുഭവിയ്ക്കാൻ പോകുന്നത്.
1.36 കാലാവസ്ഥാ വ്യതിയാനത്തിനെതിരായി പോരാടുന്നതിനും പരിസ്ഥിതി സംരക്ഷണത്തിന് സംഭാവനകൾ നൽകാനുമുള്ള അവരവരുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ സമ്പന്ന വികസിത രാഷ്ട്രങ്ങൾ ഇപ്പോഴും തയ്യാറല്ല. ഫോസിൽ ഇന്ധനങ്ങൾ വികസിത രാഷ്ട്രങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്നു. അവ മെല്ലെ മാത്രമേ കുറയ്ക്കുന്നുള്ളൂ. എന്നാൽ വിലകൂടിയ പുനരുപയോഗിക്കാവുന്ന ഊർജ്ജ വിഭവങ്ങൾ ഉപയോഗിക്കാൻ വികസ്വര രാഷ്ട്രങ്ങളെ നിർബന്ധിക്കുന്നു. അതുവഴി വികസ്വര രാഷ്ട്രങ്ങളുടെ വ്യാവസായിക വളർച്ചയെ പരിമിതപ്പെടുത്താനും അവിടങ്ങളിലെ ജനസംഖ്യയ്ക്ക് തത്തുല്യമായ ഊർജ്ജലഭ്യതയ്ക്കുള്ള സാധ്യതകൾക്കു തടയിടാനും ശ്രമിക്കുന്നു. 2024 ൽ ബാക്കുവിൽ അവസാനിച്ച COP 29 ൽ, വികസിത രാഷ്ട്രങ്ങൾ വികസ്വര രാഷ്ട്രങ്ങൾക്ക് കാലാവസ്ഥാ ധനസഹായം എന്ന നിലയിൽ 2015 നകം പൂർണ്ണമായി നൽകാമെന്ന് സമ്മതിച്ചത് 30,000 കോടി ഡോളർ മാത്രമാണ്. ഈ ‘കരാർ’ എന്നു പറയുന്നത്, ദരിദ്ര രാഷ്ട്രങ്ങൾ സ്വീകരിക്കാൻ നിർബന്ധിക്കപ്പെടുന്ന തുച്ഛമായ സംഖ്യയാണ്; ഇത് നമ്മുടെ ഭൂഗോളത്തിനും ഒപ്പം തന്നെ വെള്ളപ്പൊക്കം, ക്ഷാമം, ആഗോളതാപനം മൂലമുണ്ടാകുന്ന കുടിയൊഴിഞ്ഞുപോകൽ എന്നിവയുടെ ഭീഷണി നേരിടുന്ന ജനസമൂഹങ്ങൾക്കും വന്നു ചേരുന്ന ദുരന്തമാണ്. വേണ്ടത്ര ധനസഹായം നൽകുന്നതിന് പകരം, വികസിത രാഷ്ട്രങ്ങൾ പ്രകൃതിയെ കൂടുതൽ ചരക്കുവത്കരിക്കുന്നതിനാണ് ശ്രമിക്കുന്നത്. കാർബൺ ബഹിഗമനം കുറയ്ക്കുന്നതിന്റെ ഭാരം ചെറുകിട കർഷകരുടേയും ഗ്രാമീണ ജനതയുടേയും മേൽ അടിച്ചേൽപ്പിച്ചുകൊണ്ട് ഇത് നടപ്പാക്കുന്നു. ജൈവ ഇന്ധനങ്ങൾക്കും ഊർജ്ജത്തിനും വേണ്ടിയുള്ള വിള ഉത്പാദനത്തിലേക്കു മാറുന്നതിനുവേണ്ടി സമ്മർദം ചെലുത്തുന്നത് ആഗോള ഭക്ഷ്യസുരക്ഷയിലെ മിതമായ നേട്ടങ്ങൾക്കു പോലും ഭീഷണിയാകുന്നു; അത്തരം നീക്കം ഭക്ഷണത്തിന്റേയും പോഷകാഹാരത്തിന്റേയും ഉത്പാദനത്തെ ബാധിക്കുന്നു.
1.37 വ്യവസായവത്കരണത്തിന്റെ ആരംഭംമുതൽ ആഗോള തലത്തിലുള്ള സഞ്ചിത ബഹിർഗമനത്തിന്റെ 75 ശതമാനത്തിന്റെയും ഉത്തരവാദിത്വം സമ്പന്ന രാഷ്ട്രങ്ങൾക്കാണ്. അവർക്ക് വികസ്വര രാഷ്ട്രങ്ങൾക്ക് പിന്തുണ നൽകാനുള്ള ഉത്തരവാദിത്വമുണ്ട്. കാലാവസ്ഥാ ദുരന്തങ്ങളുടെ ആഘാതം കൊണ്ടുണ്ടാകുന്ന അപായങ്ങളും നഷ്ടങ്ങളും പരിഹരിക്കുന്നതിനും കാലാവസ്ഥാ മാറ്റവുമായി സമരസപ്പെടുന്നതിനും വികസ്വര രാജ്യങ്ങൾക്ക് ധനസഹായം നൽകേണ്ടതുണ്ട്. ഫോസിൽ ഇന്ധനങ്ങളുടെ മേലുള്ള ആശ്രിതത്വത്തിൽനിന്ന് പുനരുപയോഗിക്കാവുന്ന ഊർജ്ജത്തിലും കാലാവസ്ഥയുടെ സ്ഥിതി പഴയപടിയാക്കുന്നതിലും അധിഷ്ഠിതമായ സമൂഹങ്ങളിലേക്ക് നീതിപൂർവ്വവും തുലനാത്മകവുമായ രീതിയിൽ മാറുന്ന ഒരു വികസന പാത സൃഷ്ടിക്കുന്നതിനും ഇത്തരത്തിൽ സഹായം ആവശ്യമാണ്. വികസ്വര രാഷ്ട്രങ്ങൾക്ക് വാർഷികമായി നൽകേണ്ട കാലാവസ്ഥാ ബാധ്യത എന്ന നിലയിൽ ഡോളർ നിരക്കിൽ ലക്ഷം കോടികളാണ് സമ്പന്ന വികസിത രാഷ്ട്രങ്ങൾ നൽകേണ്ടത്. കാർബൺ ബഹിർഗമനം ആഴത്തിൽ വെട്ടിക്കുറയ്ക്കുന്നതിനും കാലാവസ്ഥാ ധനസഹായത്തിനും സാങ്കേതികവിദ്യാ കൈമാറ്റത്തിനുമുള്ള ബാധ്യത നിറവേറ്റുന്നതിനായി വിവിധ മുതലാളിത്ത രാഷ്ട്രങ്ങളുടെമേൽ സമ്മർദ്ദം ചെലുത്തുന്നതിനുള്ള പോരാട്ടങ്ങളിൽ ഇടത് പുരോഗമന ശക്തികൾ ചേർന്നു പ്രവർത്തിക്കണം.
1.38 വികസ്വര രാഷ്ട്രങ്ങളുടെ കടഭാരത്തിന്റെ വളർച്ച, വർധിതമായ അസമത്വം, ആഗോളതാപനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനും കാലാവസ്ഥാ നീതി ഉറപ്പാക്കുന്നതിനും സമ്പന്ന രാജ്യങ്ങൾ കൂട്ടാക്കാതിരിക്കൽ എന്നിവ സമ്പന്ന വികസിത മുതലാളിത്ത രാഷ്-ട്രങ്ങളും വികസ്വര രാഷ്ട്രങ്ങളിലെ ജനതയും തമ്മിലുള്ള വൈരുദ്ധ്യത്തെ കൂടുതൽ രൂക്ഷമാക്കുകയാണ്.
നമ്മുടെ അയൽപക്ക രാഷ്ട്രങ്ങൾ
1.39 നമ്മുടെ അയൽപക്കത്ത് ഗണ്യമായ മാറ്റങ്ങൾ സംഭവിയ്ക്കുകയാണ്. പല രാഷ്ട്രങ്ങളിലും അവരുടെ സർക്കാരുകൾക്കെതിരായി വൻതോതിലുള്ള ബഹുജന പ്രതിഷേധമാണ് കാണാൻ കഴിയുന്നത്. വിദ്യാർത്ഥികളും യുവാക്കളുമാണ് പല പ്രതിഷേധങ്ങളും നയിക്കുന്നത്. അവരോടൊപ്പം എല്ലാ ജനവിഭാഗങ്ങളും ചേരുന്നു. മിക്കവാറും പ്രതിഷേധങ്ങളിലെയെല്ലാം പൊതുവായ പ്രധാന ആവശ്യങ്ങൾ അഴിമതി, ജീവിത ചെലവുകളുടെ വർദ്ധന, സാമ്പത്തിക കുഴപ്പങ്ങൾ, അമിതാധികാര പ്രവണത എന്നിവയ്ക്കെതിരായ പോരാട്ടമാണ്. ഇത്തരം പ്രതിഷേധങ്ങളെ പൊലീസിനെയും സൈന്യത്തെയും ഉപയോഗിച്ച് മൃഗീയമായി അടിച്ചമർ ത്താനുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും അവ വിജയിക്കുന്നില്ല.
1.40 ബംഗ്ലാദേശിൽ വിദ്യാർത്ഥികൾ നയിച്ച ഒരു ജനകീയപ്രക്ഷോഭത്തിന്റെ ഭാഗമായി അവാമി ലീഗിന്റെ നേതാവായ ഷെയ്ഖ് ഹസീന വാജെദിന്റെ സേ-്വച്ഛാധിപത്യ ഭരണകൂടം നിലംപതിച്ചു. ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര സേനാനികളുടെ പിന്മുറക്കാർക്ക് നൽകുന്ന സംവരണത്തിനെതിരായ പ്രതിഷേധം എന്ന നിലയിലാണ് ആരംഭിച്ചതെങ്കിലും, അത് പെട്ടെന്ന് വ്യാപിക്കുകയും വിശാലമായ സ്വഭാവം കൈവരിക്കുകയും ചെയ്തു. സർക്കാരിന്റെ ഭരണത്തിനെതിരായ പ്രതിഷേധമായി അത് മാറി. മൃഗീയമായ അടിച്ചമർത്തലാണ് പ്രതിഷേധക്കാർക്ക് നേരിടേണ്ടി വന്നത്. പൊലീസ് വെടിവെയ്പിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു. സർക്കാരിന് അനുകൂലമായി ഇടപെടാൻ സൈന്യം വിസ്സമ്മതിച്ചതോടെ ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. ഈ കുഴപ്പങ്ങൾക്കിടയിൽ, ഇസ്ലാമിസ്റ്റ് മൗലികവാദികൾ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ച് ആക്രമിച്ച് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ ശ്രമിച്ചു. മതനിരപേക്ഷ പ്രതിപക്ഷവും ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ നേരിടുകയാണ്. അറസ്റ്റുചെയ്യപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട മതമൗലികവാദികളേയും തീവ്രവാദികളേയും ഇടക്കാല സർക്കാർ വിട്ടയച്ചു. ഈ സംഭവവികാസങ്ങൾ ഭരണഘടനയും രാഷ്ട്രീയ സംവിധാനവുമായി ബന്ധപ്പെട്ട നിർദ്ദിഷ്ട മാറ്റങ്ങളെ സംബന്ധിച്ച് ആശങ്കകളുണർത്തുന്നു.
1.41 അമേരിക്കയും അവരുടെ പാശ്ചാത്യ സഖ്യകക്ഷികളും ഇതിൽ ഇടപെട്ട് അവരുടെ താത്പര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുകയാണ്. ബംഗ്ലാദേശ് സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ സ്ഥാനം, ഈ രാഷ്ട്രത്തെ സംബന്ധിച്ച അവരുടെ താത്പര്യത്തിന് ഏറെ പ്രധാനപ്പെട്ട കാരണമാണ്. അവിടുത്തെ ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്താൻ ജനാധിപത്യ ശക്തികൾക്ക് സാധിക്കേണ്ടതുണ്ട്. എല്ലാവിധത്തിലുള്ള ബാഹ്യ സ്വാധീനങ്ങളിൽനിന്നും സമ്മർദ്ദങ്ങളിൽനിന്നും ബംഗ്ലാദേശിലെ ജനാധിപത്യവും പരമാധികാരവും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്താനും ജനാധിപത്യ ശക്തികൾക്ക് കഴിയണം. സാമ്രാജ്യത്വ ശക്തികളുടേയും വിഭാഗീയ ശക്തികളുടേയും ഇരകളായിത്തീരുന്നതിൽനിന്ന് ഈ രാഷ്ട്രത്തെ സംരക്ഷിക്കണമെങ്കിൽ ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ ഏറ്റെടുത്ത് പരിഹരിച്ചുകൊണ്ടു മാത്രമേ കഴിയൂ. ഇന്ത്യയുമായി നീണ്ട ഭൂഅതിർത്തി പങ്കിടുന്ന രാജ്യമെന്ന നിലയിൽ ബംഗ്ലാദേശിലെ സംഭവവികാസങ്ങൾ ഇന്ത്യയിലും സ്വാധീനമുണ്ടാക്കുമെന്നതിൽ സംശയമില്ല.
1.42 ശ്രീലങ്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും പിന്നീടുണ്ടായ പാർലമെന്റ് തിരഞ്ഞെടുപ്പിലും, രണ്ട് പ്രധാന ഭരണവർഗ്ഗ പാർട്ടികളുടെ അഴിമതി ഭരണത്തിൽ മടുത്ത ജനങ്ങൾ മാറ്റത്തിനുവേണ്ടി വോട്ട് ചെയ്തു. ജനതാ വിമുക്തി പെരമുന (ജെവിപി) നയിച്ച ദേശീയ ജനശക്തി (എൻപിഎപി) എന്ന സഖ്യം വിജയിച്ചു. ജെവിപി നേതാവായ അനുരകുമാര ദിസ്സനായകയെ രാഷ്ട്രത്തിന്റെ ഭരണത്തലവനായി തിരഞ്ഞെടുത്തു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൻപിപി വൻ വിജയമാണ് നേടിയത്. 70 ശതമാനം പാർലമെന്റ് അംഗങ്ങൾ ഈ ഇടതുപുരോഗമന സഖ്യത്തിലെ അംഗങ്ങളാണ്. ഇത് നമ്മുടെ മേഖലയിലെ ഏറ്റവും ശ്രദ്ധേയവും ഗുണപരവുമായ സംഭവവികാസമാണ്.
1.43 മ്യാൻമറിൽ വംശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെട്ട് സായുധ മിലിഷ്യകൾ അവിടുത്തെ സെെനിക അട്ടിമറി സംഘത്തിന്റെ വാഴ്ചയെ വെല്ലുവിളിച്ചു. രാജ്യത്ത് പ്രകടമായൊരു ആഭ്യന്തര യുദ്ധം നടക്കുകയാണ്; ഒട്ടേറെ ഭാഗങ്ങളിൽ സെെനിക അട്ടിമറിവാഴ്ചയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവൺമെന്റിനെ കീഴ്-മേൽ മറിച്ചതും സമാധാനപരമായ പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്തിയതും വളർന്നുവരുന്ന സാമ്പത്തിക ദുരിതങ്ങൾക്ക് പരിഹാരം കാണുന്നതിൽ സെെനിക ഭരണകൂടം പരാജയപ്പെട്ടതുമാണ് സെെന്യവും സായുധ ഗ്രൂപ്പുകളും തമ്മിലുള്ള സംഘർഷത്തിന്റെ കേന്ദ്ര ബിന്ദു. ഈ ഏറ്റുമുട്ടലുകൾക്കു പിന്നിലെ സാമ്രാജ്യത്വ ഏജൻസികളുടെ സാന്നിധ്യവും അവ നൽകുന്ന പിന്തുണയും തള്ളിക്കളയാനാവില്ല.
1.44 പാകിസ്ഥാനിൽ പാകിസ്ഥാൻ തെഹരീക് ഇ– ഇൻസാഫിന്റെ (പിടിഐ) പ്രവർത്തനാവകാശം റദ്ദാക്കപ്പെട്ടതിനുശേഷം പാകിസ്ഥാൻ മുസ്ലീം ലീഗ് – നവാസ് ഷെറീഫും, (പിഎംഎൽഎൻ) പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയും ചേർന്ന് ഒരു മുന്നണി സർക്കാർ രൂപീകരിച്ചു. സൈന്യം ഇവിടെ പ്രധാന പങ്കുവഹിക്കുകയും ഗവൺമെന്റിന്റെ പ്രവർത്തനത്തിൽ ഇടപെടുകയുമാണ്. രാഷ്ട്രത്തിന്റെ സാമ്പത്തിക ദുരിതങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ നേരിടുന്ന പരാജയം ജനങ്ങളെ ഒരിക്കൽക്കൂടി തെരുവിലിറങ്ങാൻ പ്രേരിപ്പിക്കുന്നു. അവർ സർക്കാർ നയങ്ങൾക്കും സമീപനങ്ങൾക്കുമെതിരെ പ്രതിഷേധമുയർത്തുന്നു. വിവിധ കുറ്റങ്ങൾ ചുമത്തി ജയിലിലടയ്ക്കപ്പെട്ട ഇമ്രാൻഖാനെ ജയിൽ വിമോചിതനാക്കാനായി വ്യാപകമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കപ്പെട്ടു.
1.45 അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്ക പിൻവാങ്ങിയതിനെത്തുടർന്ന് താലിബാൻ സർക്കാർ രൂപികരിക്കപ്പെട്ടു. അതിനെ പല രാഷ്ട്രങ്ങളും ക്രമേണ അംഗീകരിച്ചുവരികയാണ്. ഇന്ത്യാ സർക്കാരും താലിബാനുമായി പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്നു. താലിബാൻ അവരുടെ പിന്തിരിപ്പനും, പ്രതിലോമകരവുമായ നയങ്ങൾ പ്രത്യേകിച്ച് സ്ത്രീകളോട് തുടരുകയാണ്.
1.46 മാലദ്വീപുകളുടെ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം ആ രാഷ്ട്രവുമായുള്ള ഇന്ത്യയുടെ ബന്ധം വളരെ മോശമായി. ഇന്ത്യാ – വിരുദ്ധ പ്രചരണത്തിലൂടെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. മാല ദ്വീപുകളിൽ ഇന്ത്യൻ സൈന്യത്തിന്റെ വർദ്ധിച്ച സാന്നിദ്ധ്യം ആ രാഷ്ട്രത്തിന്റെ പരമാധികാരത്തിനുള്ള വെല്ലുവിളിയായി വിലയിരുത്തിയാണ് പ്രചരണം നടത്തിയത്. ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ മാലദ്വീപ് ഭരണകൂടം ഇപ്പോൾ ശ്രമിക്കുന്നുണ്ട്.
1.47 നേപ്പാളിൽ സിപിഎൻ (യുഎംഎൽ) നേപ്പാളി കോൺഗ്രസ്സിനൊപ്പം ചേർന്ന് ഒരു മുന്നണി സർക്കാരിനെ നയിക്കുകയാണ്. മുൻപത്തെ ഏകീകൃത കമ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ മൂന്ന് വിഭാഗങ്ങളായി വിഘടിച്ചിരിക്കുന്നു. കമ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പുകൾ ഒരു വിഭാഗം ജനങ്ങളെ ഈ പാർട്ടികളിൽനിന്നും അകറ്റിയിരിക്കുന്നു. രാജവാഴ്ചാനുകൂലികളായ ശക്തികൾ ജനങ്ങൾക്കിടയിലെ അസംതൃപ്തി മുതലെടുത്ത് വീണ്ടും ജനമധ്യത്തിൽ സ്വീകാര്യത നേടുന്നതിനും ഒരു ബദൽ രാഷ്ട്രീയ ശക്തിയായി വളരുന്നതിനും ശ്രമിച്ചുവരുന്നു. ഹിന്ദുത്വ – ആർ.എസ്.എസ് അനുകൂലികൾ ഈ ശക്തികളെ സജീവമായി പിന്തുണയ്ക്കുകയാണ്. പുതിയതായി അംഗീകരിക്കപ്പെട്ട മതനിരപേക്ഷ ഭരണഘടനയ്ക്കും കമ്യൂണിസ്റ്റ് പാർട്ടികൾക്കും എതിരായി അവർ പ്രചരണം നടത്തുന്നു.
സോഷ്യലിസ്റ്റ് രാഷ്ട്രങ്ങൾ
1.48 ചൈന : 23–ാം കോൺഗ്രസ്സ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടിയത്, അമേരിക്ക ചൈനയെ ഒതുക്കുന്നതിനു മാത്രമല്ല. ഒറ്റപ്പെടുത്തുന്നതിനുമുള്ള തുടർച്ചയായ നടപടികൾ കൈക്കൊള്ളുന്നു എന്നായിരുന്നു. ചൈനയെ തന്ത്രപ്രധാനമായ എതിരാളിയായും അമേരിക്ക വിശേഷിപ്പിക്കുന്നു. പ്രമേയം തുടർന്ന് ഇങ്ങനെ രേഖപ്പെടുത്തുന്നു: അമേരിക്കയും ചൈനയും തമ്മിലുള്ള സംഘർഷം സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള കേന്ദ്ര വൈരുദ്ധ്യത്തെ സ്വാധീനിക്കും (ഖണ്ഡിക 1.29) ഈ കാലയളവിൽ, ചൈനയെ ഒതുക്കാനും ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങൾ അമേരിക്ക കൂടുതൽ ശക്തിപ്പെടുത്തിയെങ്കിലും അതിൽ അവർ കാര്യമായി വിജയിച്ചിട്ടില്ല.
1.49 പ്രധാന സാങ്കേതികവിദ്യകളിലേക്കും ഉപകരണങ്ങളിലേക്കും സാമഗ്രികളിലേക്കുമുള്ള ചൈനയിലെ ഹൈടെക് സംരംഭങ്ങളുടെ പ്രവേശനത്തെ പലവിധ പ്രതിസന്ധികൾ സൃഷ്ടിച്ച് അടച്ചിടാൻ എല്ലാവിധ ശ്രമങ്ങളും അമേരിക്ക നടത്തുന്നുണ്ട്. ചൈനയെ ആഗോള സെമി കണ്ടക്ടർ ശൃംഖലയിൽ നിന്ന് ഒഴിവാക്കാൻ അമേരിക്ക ദക്ഷിണ കൊറിയയും, ജപ്പാനും തായ–്-വാനുമായി ചേർന്ന് ഒരു ‘ചിപ്പ് ചതുർകക്ഷി സഖ്യം’ ഉണ്ടാക്കി. ബൈഡൻ ഭരണകൂടം വാണിജ്യബന്ധങ്ങളെ ആയുധവത്കരിക്കുകയും ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച് ‘അത്യുന്നത’ തലങ്ങളിലെത്തിക്കുകയും ഒരു വാണിജ്യ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. അമേരിക്കൻ നേതൃത്വത്തിലുള്ള ജി–7 രാഷ്ട്രങ്ങളും നാറ്റോയും തങ്ങളുടെ ആഗോള ആധിപത്യത്തിനുള്ള പ്രധാന ഭീഷണി ചൈനയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ചൈനയെ ഒതുക്കുന്നതിനും ഒറ്റപ്പെടുത്തുന്നതിനും. പരാജയപ്പെടുത്തുന്നതിനും സഖ്യങ്ങളെ ശക്തിപ്പെടുത്താൻ അവർ നിശ്ചയിച്ചിരിക്കുന്നു.
1.50 ഇത്തരത്തിലുള്ള എല്ലാ ആക്രമണങ്ങളുമുണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ചൈന ആഗോള സമ്പദ്ഘടനയിലെ ഏറ്റവും വലിയ വളർച്ചാ എഞ്ചിനായി മാറിയിരിക്കുകയാണ്. 2024 ലെ ആദ്യത്തെ മൂന്ന് ത്രൈമാസികങ്ങളിൽ ചൈനയുടെ ജിഡിപി വളർച്ച 4.8 ശതമാനമായിരുന്നു. അതിന്റെ വാർഷിക വളർച്ചാ ലക്ഷ്യം ഏതാണ്ട് 5 ശതമാനത്തിലേക്ക് നീങ്ങുകയാണ്. അതിന്റെ ജിഡിപി 2023 ൽ 126 ലക്ഷം കോടി യുവാൻ കടന്നു; 5.2 ശതമാനം വർദ്ധന. ആഗോള വിദേശനാണയ വിനിമയത്തിൽ ചൈനീസ് കറൻസിയുടെ വിഹിതം 20 വർഷം മുമ്പ് ഒരു ശതമാനത്തിൽ താഴെയായിരുന്നത് ഇപ്പോൾ 7 ശതമാനത്തിലധികമായിരിക്കുന്നു. വിശ്വാസയോഗ്യമായ സാമ്പത്തിക ശക്തിയിലൊന്നായി ചൈന മാറുന്നുവെന്നതിന്റെ സൂചനയാണിത്. ചൈന ഭരണകൂട ഉടമസ്ഥതയിലുള്ള മേഖലകൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു. ഭരണകൂടമൂലധനവും ഭരണകൂട ഉടമസ്ഥതയിലുള്ള സംരംഭങ്ങളും കൂടുതൽ ശക്തിപ്പെടുന്നുവെന്നും മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നുവെന്നും വൻതോതിൽ വളരുന്നുവെ ന്നും ഉറപ്പാക്കുവാനും ചെെന തീരുമാനിച്ചിരിക്കുന്നു. സമ്പദ്ഘടനയ്ക്ക് കൂടുതൽ ഉത്തേജനം നൽകാൻ ഏതാണ്ട് 90,000 കോടി ഡോളർ ചൈന പ്രഖ്യാപിച്ചിരിക്കുകയാണ്.
1.51 ചൈനയുടെ ബെൽറ്റ് & റോഡ് ഇൻഷ്യേറ്റീവിൽ (ബിആർഐ) 150 ലധികം രാജ്യങ്ങളും 30 ലധികം അന്താരാഷ്ട്ര സംഘടനകളും ചേർന്നുകഴിഞ്ഞു. തുല്യവും പരസ്പര നേട്ടങ്ങൾ ഉണ്ടാക്കാവുന്നതുമായ അന്താരാഷ്ട്ര സഹകരണത്തിനുള്ള പ്രധാന വേദിയായി ബി.ആർ.ഐ യെ ഇന്ന് കണക്കാക്കുന്നുണ്ട്. അന്താരാഷ്ട്ര ബന്ധങ്ങളെ സംബന്ധിച്ച ചൈനയുടെ സമീപനത്തിലും ശ്രദ്ധേയമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. പല സംഭവവികാസങ്ങളിലും സംഘർഷങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളിലും ചൈന സജീവമായി ഇടപെടുന്നുണ്ട്. ഉക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഒരു പദ്ധതി അവതരിപ്പിക്കുക, ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ സഹായിക്കുക; ഇസ്രയേലിനെതിരെ പോരാടുന്ന പലസ്തീൻ സംഘടനകളേയും ഗ്രൂപ്പുകളേയും വിഭാഗങ്ങളേയും ഒന്നിച്ചു കൊണ്ടു വരിക തുടങ്ങിയവ ഇത്തരം ഇടപെടലുകളിൽ പെടുന്നു.
1.52 വിയറ്റ്നാം: വിയറ്റ്നാം ലോകത്തിലെ ഏറ്റവും വേഗത്തിൽ വളർന്നുവരുന്ന സമ്പദ്ഘടനകളിലൊന്നാണ്. അതിന്റെ ജിഡിപി വളർച്ചാനിരക്കുകൾ 2024 ൽ 6.87 ശതമാനമായാണ് കണക്കാക്കുന്നത്. പ്രതിശീർഷ ജിഡിപി 2024 ൽ 4,900 ഡോളറിൽ എത്തിയിരിക്കുന്നു. 3 ദശകങ്ങൾക്ക് മുമ്പ് അത് 200 ഡോളർ ആയിരുന്നു. ബഹുമുഖ ദാരിദ്ര്യനിരക്ക് ഏതാണ്ട് ഒരു ശതമാനത്തിലേക്ക് താഴ്ന്നിരിക്കുന്നു. തൊഴിലില്ലായ്മനിരക്ക് ഏതാണ്ട് 4 ശതമാനമാണ്. പാഴ് ചെലവിനും അഴിമതിക്കുമെതിരായി ശക്തമായ നടപടികൾ കെെക്കൊള്ളുന്നതിനും രാഷ്ട്രത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കുന്നതിനുംവേണ്ടി ഭരണകൂട ഉടമസ്ഥതിലുള്ള സംരംഭങ്ങളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടി (സിപിവി) തീരുമാനിച്ചിട്ടുണ്ട്.
1.53 ക്യൂബ: കടുത്ത സാമ്പത്തിക ഉപരോധം കൂടാതെ കോവിഡ് മഹാമാരിയുടെ കാലത്തുണ്ടായ സാമ്പത്തിക തിരിച്ചടികളേയും ക്യൂബൻ സമ്പദ്ഘടനയ്ക്ക് മറികടക്കേണ്ടതുണ്ട്. പ്രധാന വരുമാന മാർഗ്ഗമായ പുറം നാടുകളിൽ നിന്നുള്ള നിക്ഷേപങ്ങൾ ഇപ്പോൾ തടസ്സപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇന്ധനം നൽകുന്ന രാഷ്ട്രങ്ങൾക്കുമേൽ ഉപരോധം മൂലം ഇന്ധനവും ഇപ്പോൾ ദുർലഭമാണ്. ഈ പ്രതിസന്ധികളെയെല്ലാം, പ്രത്യേകിച്ച് ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവയുടെ ദൗർലഭ്യത്തെ മറികടക്കാനുള്ള പ്രക്രിയയിലാണ് ക്യൂബ ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കൂടുതൽ ശക്തിയായ ആക്രമണത്തേയും ക്യൂബ നേരിടുകയാണ്. അമേരിക്ക കരുതുന്നത്, ക്യൂബയിൽ ഒരു ഭരണമാറ്റം അടിച്ചേൽപ്പിക്കാനുള്ള സമയമായിരിക്കുന്നു എന്നാണ്. അതിനായി നുണകൾ പ്രചരിപ്പിച്ച് അസ്ഥിരത പടർത്താൻ അമേരിക്കൻ സാമ്രാജ്യത്വം ശ്രമിക്കുന്നു.
1.54 വടക്കൻ കൊറിയ (ഡി.പി.ആർ.കെ): മൂന്ന് വർഷം തുടർച്ചയായി ഉണ്ടായ ശോഷണത്തിനുശേഷം 2023 ൽ വടക്കൻ കൊറിയയുടെ സമ്പദ്ഘടന വീണ്ടും ശക്തിയായി വളർന്നു. ചൈനയുമായുള്ള വ്യാപാരം വളർന്നതിന്റെ ഫലമായിരുന്നു അത്. അതിന്റെ ജിഡിപി 3.1 ശതമാനവും, വ്യാവസായികോത്പാദനം 4.9 ശതമാനവും (7 വർഷത്തിലെ ഏറ്റവും വേഗത കൂടിയ വർദ്ധനവാണിത്) നിർമ്മാണ മേഖല 8.2 ശതമാനവും (2002 നുശേഷമുള്ള ഏറ്റവും വലിയ വളർച്ച) കാർഷിക മേഖല ഒരു ശതമാനവും വർദ്ധിച്ചു. റഷ്യയും അവരുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തി പരസ്പര പ്രതിരോധ ഉടമ്പടിയിൽ ഒപ്പിട്ടു. വ്യാപാരം, സമ്പദ്ഘടന, നിക്ഷേപം എന്നിവയിലുള്ള സഹകരണം വിപുലമാക്കാൻ ഇരുകൂട്ടരും തീരുമാനിച്ചു.
1.55 ലാവോസ്: ലാവോസിന്റെ ജി.ഡി.പി 2024 ൽ 4.6 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം, ഗതാഗതം, ലോജിസ്റ്റിക്സ്, ഊർജ്ജം എന്നീ മേഖലകളുടെ മുന്നേറ്റം കാരണമാണിത്. ലക്ഷ്യമിട്ടതിനേക്കാൾ കൂടുതലാണ് ഈ വളർച്ച. വിലക്കയറ്റം, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ, ചരക്ക് വിലവർദ്ധന, വിദേശ കടബാധ്യത, തീവ്രമായ വെള്ളപ്പൊക്കം തുടങ്ങിയവ സൃഷ്ടിച്ച ഗൗരവമേറിയ വെല്ലുവിളികളെല്ലാം ഉണ്ടായിട്ടും സാമ്പത്തിക വളർച്ച നിലനിർത്താൻ സർക്കാരിന് സാധിച്ചു. പൊതുകടം, വിലക്കയറ്റം, വിനിമയ നിരക്കുകൾ, ജീവിത ചെലവുവർദ്ധന എന്നിവ കൈകാര്യം ചെയ്യേണ്ട ആവശ്യത്തിന് ലാവോ പീപ്പിൾസ് റെവല്യൂഷണറി പാർട്ടി മുൻഗണന നൽകിയിട്ടുണ്ട്.
1.56 ഈ കാലയളവിലുടനീളം, സാമ്രാജ്യത്വം ചൈന, ക്യൂബ, കൊറിയൻ റിപ്പബ്ലിക് എന്നിവയ്ക്കെതിരെയുള്ള ആക്രമണം വർദ്ധിപ്പിച്ചു. ഇവിടെയെല്ലാം ഭരണമാറ്റം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് സാമ്രാജ്യത്വം ശക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടികൾ, സോഷ്യലിസം, മാർക്സിസം– ലെനിനിസം എന്നിവ സാമ്രാജ്യത്വത്തിന് ഭീഷണിയാണെന്ന് പരസ്യമായിത്തന്നെ വിലയിരുത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അർത്ഥശൂന്യമാണെന്ന് സ്ഥാപിക്കാനും ഈ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളെ അസ്ഥിരപ്പെടുത്താനുമുള്ള എല്ലാവിധ ശ്രമങ്ങളും നടക്കുന്നുണ്ട്. അവ സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള കേന്ദ്ര വൈരുദ്ധ്യത്തെ കൂടുതൽ തീക്ഷ്ണമാക്കുന്നു.
സാർവ്വദേശീയ
കമ്യൂണിസ്റ്റ് സഹകരണവും
സാമ്രാജ്യത്വവിരുദ്ധ
ഐക്യദാർഢ്യവും
1.57
i. വർധിതമായ സാമ്രാജ്യത്വ കടന്നാക്രമണത്തിന്റെയും മുതലാളിത്ത ചൂഷണത്തിന്റെയും തീവ്ര വലതുപക്ഷ ശക്തികളുടെ വളർച്ചയുടെയും പശ്ചാത്തലത്തിൽ കമ്യൂണിസ്റ്റ് – തൊഴിലാളി പാർട്ടികൾ തമ്മിലുള്ള ഐക്യദാർഢ്യത്തിനും സഹകരണത്തിനും പ്രാധാന്യമേറുകയാണ്. യോജിച്ച പ്രക്ഷോഭങ്ങൾ, ഐക്യദാർഢ്യ പ്രസ്ഥാനങ്ങൾ, സാമ്രാജ്യത്വത്തിനെതിരായി പോരാടുന്ന എല്ലാ ശക്തികളുടേയും സംഘാടനം എന്നിവയ്ക്കാണ് പ്രഥമപരിഗണന.
ii. സാമ്രാജ്യത്വത്തിനും നവലിബറലിസത്തിനും എതിരായും പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ നീതിക്കും വേണ്ടിയും പൊരുതുന്ന എല്ലാ ശക്തികളോടും സിപിഐ എം കെെകോർക്കും.
iii. സിപിഐ എം പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം ആവർത്തിച്ചു പ്രഖ്യാപിക്കുന്നു. 1967 ന് മുമ്പുള്ള അതിർത്തികളോടു കൂടിയ, കിഴക്കേ ജറുസലേം തലസ്ഥാനമായിട്ടുള്ള പലസ്തീൻ രാഷ്ട്രത്തിന്റെ സ്ഥാപനത്തിനു വേണ്ടി സിപിഐ എം നിലകൊള്ളുന്നു.
iv. സിപിഐ എം എല്ലാ സോഷ്യലിസ്റ്റ് രാജ്യങ്ങളുമായുള്ള– ചൈന, വിയറ്റ്നാം, ക്യൂബ, വടക്കൻ കൊറിയ (കൊറിയൻ ജനകീയ ജനാധിപത്യ റിപ്പബ്ലിക്) ലാവോസ് – അതിന്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. അവരുടെ രാഷ്ട്രങ്ങളിൽ സോഷ്യലിസ്റ്റ് നിർമിതിക്കു വേണ്ടി അവർ നടത്തുന്ന എല്ലാ ശ്രമങ്ങളേയും, സാമ്രാജ്യത്വത്തിനെതിരായ പോരാട്ടങ്ങളേയും സിപിഐ എം ശക്തമായി പിന്തുണയ്ക്കുന്നു.
v. അടിച്ചമർത്താനും പരമാധികാരം കവർന്നെടുക്കാനും സാമ്രാജ്യത്വം നടത്തുന്ന നീക്കങ്ങളെ ചെറുക്കുന്ന വെനസ്വേല, ബൊളീവിയ, നിക്കരാഗ്വ, കൊളംബിയ, ഉറുഗ്വേ, ബ്രസീൽ, മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ എന്നിവയിലെ ജനതയോടൊപ്പം സിപിഐ എം നിലയുറപ്പിക്കുന്നു.
vi. നവ ഫാസിസം, ഭീകരവാദം, മതഭ്രാന്ത നിലപാടുകൾ, വംശീയത, പുരുഷമേധാവിത്വം, ഗോത്രസങ്കുചിതവാദം മറ്റെല്ലാ തരത്തിലുമുള്ള പിന്തിരിപ്പൻ ശക്തികൾ എന്നിവയുടെ എല്ലാ രൂപങ്ങൾക്കുമെതിരെ പോരാടുന്ന ജനതയോടൊപ്പം സി.പി.ഐ എം നിലകൊള്ളുന്നു.
ദേശീയ സ്ഥിതി
ദേശീയ സാഹചര്യത്തിലെ മുഖ്യ സവിശേഷതകൾ
2.1 23–ാം കോൺഗ്രസ്സിനുശേഷം മൂന്ന് വർഷത്തെ കാലയളവിൽ ദേശീയ സ്ഥിതിയുടെ പ്രധാന സവിശേഷതകൾ താഴെ പറയുന്നവയാണ്:
i. ഈ കാലയളവിൽ, ഭരണകൂടം സ്പോൺസർ ചെയ്യുന്ന പലവിധത്തിലുള്ള പ്രവർത്തനങ്ങളിലൂടെ ബിജെപി സർക്കാരിന്റെ ഹിന്ദുത്വ മുന്നേറ്റത്തിന്റെ അക്രമാസക്തമായ തുടർച്ചയാണ് കാണാനായത്; 2024 ജനുവരിയിൽ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം, ഉത്തരാഖണ്ഡിലെ ബിജെപി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ യൂണിഫോം സിവിൽ കോഡ്, വ്യത്യസ്ത മതവിശ്വാസികൾ തമ്മിലുള്ള വിവാഹത്തെ നിരോധിക്കുന്ന നിയമം, പാർലമെന്റിൽ കൊണ്ടുവന്നിട്ടുള്ള വഖഫ് (ഭേദഗതി) ബിൽ എന്നിവ പോലെ മുസ്ലീം ന്യൂനപക്ഷത്തെ ലക്ഷ്യമിടുന്ന വ്യത്യസ്ത നിയമങ്ങൾക്ക് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അംഗീകാരം നൽകുന്നത് തുടങ്ങിയവ ഇത്തരം നീക്കങ്ങളിൽ ചിലതാണ്. താഴേത്തട്ടിൽ മുസ്ലീം ന്യൂനപക്ഷങ്ങൾക്കെതിരെ സ്ഥിരവും ആവർത്തിച്ചുള്ളതുമായ അക്രമങ്ങൾ നടക്കുകയാണ്; ഉത്സവ ഘോഷയാത്രകളും, മുസ്ലീം പള്ളികളുടെ മേലുള്ള അവകാശവാദങ്ങളുമാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. സ്ഥിരമായ വർഗീയ വിഭജനം സൃഷ്ടിക്കുകയും എല്ലാത്തിനുമുപരിയായി അഖില ഹിന്ദുസ്വത്വത്തെ ദൃഢീകരിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.
ii. പ്രധാനമായും വൻകിട മുതലാളിമാർക്ക് വിഭവങ്ങളും ആസ്തികളും കൈമാറ്റം ചെയ്യുന്ന പ്രക്രിയയ്ക്ക് അവസരമൊരുക്കുന്നത് ലക്ഷ്യമാക്കിക്കൊണ്ടുള്ള സാമ്പത്തിക നയങ്ങളാണ് ബി.ജെ.പി സർക്കാർ പിന്തുടരുന്നത്. പശ്ചാത്തല സൗകര്യങ്ങളിലും ഊർജ്ജത്തിലുമുള്ള പ്രോജക്ടുകൾ വഴി വൻ കമ്പനികളുടെ തെരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പിന് കൊള്ളലാഭം കിട്ടിയിട്ടുണ്ട്. ഈ നയങ്ങൾ മന്ദഗതിയിലുള്ള വളർച്ചയ്ക്കും അസമത്വങ്ങൾ വർദ്ധിക്കുന്നതിനും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും ഇടയാക്കുന്നു.
iii. കഴിഞ്ഞ 3 വർഷങ്ങളിൽ പൗരരുടെ ജനാധിപത്യ അവകാശങ്ങൾക്കുനേരെയും ജനാധിപത്യത്തിനെതിരായും കൂടുതൽ ശക്തമായ ആക്രമണമാണ് ദൃശ്യമായത്. യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) പിഎംഎൽഎ (ധന ദുർവിനിയോഗം തടയുന്ന നിയമം) തുടങ്ങിയ കിരാത നിയമങ്ങൾ ഉപയോഗിച്ച് കേന്ദ്ര ഏജൻസികളെക്കൊണ്ട് പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസുകൾ ഫയൽ ചെയ്യുകയും ജയിലിൽ അടയ്ക്കുകയും ചെയ്യുന്ന രീതി ഇപ്പോൾ നിഷ്ഠുരമായ വിധത്തിൽ തുടരുന്നു. സ്വതന്ത്ര മാധ്യമങ്ങളേയും പത്ര പ്രവർത്തകരേയും ഇപ്പോൾ ആക്രമണ ലക്ഷ്യമാക്കുകയാണ്. പാർലമെന്റിന്റെ പ്രവർത്തനത്തിൻമേലുള്ള വിലക്കുകൾ ഇപ്പോൾ കൂടുതൽ രൂക്ഷമാണ്.
iv. കേന്ദ്രീകരണത്തിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുന്നതോടെ സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കു നേരെ കൂടുതൽ ആക്രമണങ്ങളിലേക്ക് നയിക്കുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വിഭവങ്ങൾ നിഷേധിക്കുന്നു. സംസ്ഥാന സർക്കാരിന്റെ കാര്യങ്ങളിൽ ഗവർണർമാർ കൂടുതൽ നഗ്നമായി ഇടപെടുന്നു.
v. അമേരിക്കൻ അനുകൂല വിദേശനയവും അമേരിക്കൻ സാമ്രാജ്യത്വവുമായുള്ള തന്ത്രപരമായ ബന്ധങ്ങളും ശക്തിപ്പെട്ടുവെങ്കിലും ബഹുധ്രുവ ലോകത്തിന്റെ വളർച്ച എന്ന യാഥാർത്ഥ്യം ബ്രിക്സിന്റേയും ഷാങ്ഹായ് സഹകരണ സംഘടനയുടെയും സജീവ പങ്കാളിയാക്കി ഇന്ത്യയെ മാറ്റാൻ മോദി സർക്കാരിനെ നിർബന്ധിതമാക്കുകയാണ്.
vi. ഈ കാലയളവിൽ സ്വകാര്യവത്കരണം, തൊഴിൽ കോഡുകൾ അടിച്ചേൽപ്പിക്കൽ, മിനിമം കൂലി, യൂണിയനുകൾ ഉണ്ടാക്കാനുള്ള അവകാശം എന്നീ പ്രശ്നങ്ങളെ മുൻനിർത്തി തൊഴിലാളി വർഗ്ഗത്തിന്റെ നിരവധി സമരങ്ങൾ നടന്നു. കാർഷികോൽപ്പന്നങ്ങൾക്കുള്ള മിനിമം താങ്ങുവിലയ്ക്കായി നിയമപരമായ അടിസ്ഥാനമുണ്ടാക്കുന്നതിനുവേണ്ടിയും മറ്റ് ആവശ്യങ്ങൾക്കുവേണ്ടിയും സംയുക്ത കർഷക പ്രസ്ഥാനം തങ്ങളുടെ പ്രക്ഷോഭം തുടർന്നു. കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും ചേർന്നുള്ള പ്രവർത്തനങ്ങളും വളർന്നു വരികയാണ്.
vii.2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ബി.ജെ.പിക്ക് ഒരു തിരിച്ചടിയായിരുന്നു. അതിന് സ്വന്തം നിലയിൽ പാർലമെന്റിൽ ഭൂരിപക്ഷം ലഭിച്ചില്ല. ഒരു മുന്നണി സർക്കാരിന്റെ രൂപീകരണത്തിന് അവർക്ക് തങ്ങളുടെ എൻ.ഡി.എ സഖ്യകക്ഷികളെ ആശ്രയിക്കേണ്ടതായും വന്നു. എങ്കിലും അവരുടെ ഹിന്ദുത്വ – കോർപ്പറേറ്റ് അമിതാധികാര അജൻഡയുമായി മുന്നോട്ടു നീങ്ങി തങ്ങളുടെ ദൗർബല്യം മറികടക്കാൻ ബി.ജെ.പി ശ്രമിക്കുന്നു.
സാമ്പത്തിക മന്ദത
2.2 ഔദ്യോഗികമായി പ്രസിദ്ധീകരിക്കപ്പെടുന്ന ജി.ഡി.പി വളർച്ചയുടെ കണക്കുകൾ സംശയാസ്പദമാണ്. അതിനാവശ്യമായ കണക്കുകൂട്ടൽ നടത്തിയിരിക്കുന്നത് ഉപഭോക്തൃ വില സൂചികയിൽ നിന്ന് ലഭ്യമായ വിലക്കയറ്റത്തിന്റെ തോത് ഉപയോഗിച്ചാണ്. ഇത്തരത്തിൽ വളച്ചൊടിക്കപ്പെട്ട കണക്കുകൾ ഉപയോഗിച്ചിട്ടുപോലും സാമ്പത്തിക മന്ദത സംഭവിക്കുന്നു എന്ന വസ്തുത മറച്ചുവെയ്ക്കാൻ കഴിയുന്നില്ല. 2024 –25 നുവേണ്ടി മുന്നോട്ടുവെച്ച ജിഡിപിയുടെ എസ്റ്റിമേറ്റുകൾ അനുസരിച്ച് ഇന്ത്യയുടെ യഥാർത്ഥ ജിഡിപി വളർച്ച 6.4 ശതമാനമാണ്. അതിനുമുമ്പുള്ള വർഷത്തിലെ ജി.ഡി.പി വളർച്ച നിരക്ക് 8.2 ശതമാനമായിരുന്നു. എന്നാൽ തൊഴിലാളികളുടെ മേൽ കൂടുതൽ ഭാരം അടിച്ചേൽപ്പിച്ചുകൊണ്ട് കോവിഡ് പ്രതിസന്ധിയിൽനിന്നുള്ള മുതലാളിത്തത്തിന്റെ വീണ്ടെടുപ്പ് വളരെ ഹ്രസ്വകാലം നിലനിന്ന മായക്കാഴ്ചയായിരുന്നു.
2.3 തുടർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ കാരണം സമ്പദ്ഘടനയിലുണ്ടായിട്ടുള്ള ചോദനത്തിന്റെ അഭാവമാണ്. അതായത് ജനങ്ങൾക്ക് വേണ്ടത്ര വാങ്ങൽ ശേഷി ഇല്ലാത്തതാണ്. ഇന്ത്യൻ ജനതയുടെ ഭൂരിപക്ഷത്തിനും വളരെ തുച്ഛമായ വരുമാനമോ കൂലിയോ കൊണ്ട് ജീവിക്കേണ്ടതായി വരുന്നു. 2023–24 ലെ ഗാർഹിക ഉപഭോക്തൃ ചെലവുകളെക്കുറിച്ച് അടുത്ത കാലത്ത് പുറത്തുവന്ന കണക്കുകൾ കാണിക്കുന്നത്, 4 പേരുള്ള ഒരു കുടുംബത്തിന്റെ ഒരു മാസത്തെ ശരാശരി ചെലവ് ഗ്രാമപ്രദേശങ്ങളിൽ 8,079 രൂപയും നഗരങ്ങളിൽ 14,528 രൂപയുമാണെന്നാണ്. ഇതിനോടൊപ്പം വളർന്നുവന്ന തൊഴിലില്ലായ്മയും നാണയപ്പെരുപ്പവും, പ്രത്യേകിച്ച് ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റവും കൂടി ചേർന്ന് വരുമാനത്തെ കുറയ്ക്കുന്നു. ദുർബലമായ ചോദനമാണെങ്കിൽ ഉത്പാദനം നടക്കുന്നത് ഉത്പാദനശേഷിയിൽ കുറച്ച് മാത്രമായിരിക്കും. പുതിയ നിക്ഷേപം വഴി ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് താത്പര്യമുണ്ടാവുകയുമില്ല. കസ്റ്റംസ് തീരുവകൾ തുടർച്ചയായി കുറയ്ക്കുന്ന സർക്കാർ നടപടിമൂലം ഇറക്കുമതി വർദ്ധിക്കുന്നു. ഇത് ആഭ്യന്തര വ്യവസായത്തെ തകർക്കുകയും സദാ ഉയർന്നുവരുന്ന വ്യാപാര കമ്മി സൃഷ്ടിക്കുകയും ചെയ്യുന്നു. സമ്പദ്ഘടനയുടെ ദൗർബല്യം രൂപയുടെ മൂല്യത്തിൽ ഇടിവ് വരുത്തുന്നു. അത് വീണ്ടും ഇറക്കുമതിയുടെ ചെലവ് വർദ്ധിപ്പിക്കുന്നു. ഇത് തുടർച്ചയായി വ്യാപിക്കുന്ന പ്രതിസന്ധിയിലേക്ക് നയിക്കുന്നു. മോദി സർക്കാരിന് ഇതിനെക്കുറിച്ച് ഒരു തുമ്പും കിട്ടിയിട്ടില്ല, കോർപ്പറേറ്റ് മേഖലയ്ക്കു നേട്ടങ്ങൾ ഉണ്ടാക്കുന്നതിനുവേണ്ടി നിർലജ്ജം നയങ്ങൾ വളച്ചൊടിക്കാൻ മാത്രമാണ് അവർക്കു സാധിക്കുന്നത്. അതേസമയം സമ്പദ്ഘടനയിലെ മാന്ദ്യം, കുറഞ്ഞ വരുമാനം, വർദ്ധിക്കുന്ന ചെലവുകൾ, വ്യാപകമായ തൊഴിലില്ലായ്മ എന്നിവ ജനങ്ങളെ ഒഴിയാബാധപോലെ പിന്തുടരുന്നു. സർക്കാരിൽ നിന്ന് ഒരു പിന്തുണയും അവർക്ക് ലഭിക്കുന്നില്ല.
2.4 കോർപ്പറേറ്റുകളുടെമേൽ നികുതി ചുമത്തുന്നതിനുപകരം സർക്കാർ ആദായ നികുതിയിൽ നിന്നാണ് കൂടുതൽ നികുതി വരുമാനം ഉണ്ടാക്കുന്നത്. ആദായ നികുതിയിൽ നിന്ന് ലഭിയ്ക്കുന്ന നികുതി വരുമാനത്തിന്റെ ശതമാനം 2014–2015 ൽ 20.8 ശതമാനം ആയിരുന്നത് 2024–25 ൽ 30.9 ശതമാനമായി. 2017–18 ൽ മൊത്തം നികുതി വരുമാനത്തിന്റെ 32 ശതമാനം കോർപ്പറേറ്റ് നികുതി ആയിരുന്നു. അത് 2024–25 ബജറ്റിൽ 26.5 ശതമാനമായി കുറഞ്ഞു. ഓരോ വർഷവും കോർപ്പറേറ്റ് നികുതി വെട്ടിക്കുറയ്ക്കുന്നത് കാരണം സർക്കാരിന് 1.45 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നുണ്ട്. ഇതിൽ നിന്ന് സർക്കാരിന് കോർപ്പറേറ്റുകളോടുള്ള പക്ഷപാതിത്വം വളരെ സ്പഷ്ടമാണ്. ഇതിനു വേണ്ടി സാമൂഹ്യമേഖലയിലെ ചെലവുകൾ പോലും വെട്ടിക്കുറയ്ക്കേണ്ടതായി വരുന്നു. കോർപ്പറേറ്റ് നികുതിയിളവ് പോലുള്ള സർക്കാരിന്റെ പ്രോത്സാഹനം ഉണ്ടായിട്ടും സ്വകാര്യ മുതലാളിമാർ നിക്ഷേപം നടത്താൻ തയ്യാറാകുന്നില്ല. കാരണം ഉത്പാദിപ്പിക്കപ്പെടുന്ന വസ്തുക്കൾക്ക് ആവശ്യക്കാരില്ല. ഡിമാൻഡിന്റെ അഭാവമുണ്ടാകുന്നത് തൊഴിലാളികളുടെ യഥാർത്ഥ വേതനത്തിലെ മാന്ദ്യം കൊണ്ടാണ്.
2.5 ഒഇസിഡി രാജ്യങ്ങൾ സാമൂഹ്യമേഖലയിൽ ജി.ഡി.പിയുടെ 21 ശതമാനം ചെലവാക്കുമ്പോൾ കേന്ദ്രസർക്കാർ 7 ശതമാനത്തിൽ കുറച്ചു മാത്രമാണ് ചെലവാക്കുന്നത്. ബജറ്റിലെ മൊത്തം ചെലവുകളുടെ വിഹിതം എന്ന നിലയിൽ 2024–25 ലെ ബജറ്റിൽ സാമൂഹ്യ മേഖലാ ബജറ്റ് വകയിരുത്തൽ 2020 – 21 ലെ വകയിരുത്തലിനെ അപേക്ഷിച്ച് 40 ശതമാനത്തോളം കുറവായിരുന്നു. ജി.ഡി.പിയുടെ ശതമാനം എന്ന നിലയിൽ ഇത് നേർപകുതിയായി കുറഞ്ഞു. ഇതിന്റെ ഫലമായി തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസബ്സിഡി, സാമൂഹ്യക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം, വളം സബ്സിഡി തുടങ്ങിയവയ്ക്കായി നീക്കിവെയ്ക്കുന്ന പണം വെട്ടിക്കുറയ്ക്കപ്പെട്ടു. സർക്കാർ പിന്തുണയുടെ അഭാവം ജീവിത ചെലവിന്റെ വർദ്ധനയ്ക്കും വാങ്ങൽശേഷിയുടെ കുറവിനും ദാരിദ്ര്യവത്ക്കരണത്തിനും കാരണമായി.
വിഭവങ്ങളുടെ കൈമാറ്റവും
കോർപ്പറേറ്റ് കൊള്ളയും
2.6 പ്രകൃതി വിഭവങ്ങളും, പൊതു ആസ്തികളും വൻകിട മുതലാളിമാർക്ക് കൈമാറുന്ന വിധത്തിൽ മൊത്തം സാമ്പത്തിക മാനേജുമെന്റിനെ പുനഃസംഘടിപ്പിക്കുന്നതിനുള്ള ഒരു കൂട്ടം നയങ്ങളാണ് മോദി ഗവൺമെന്റ് ആവിഷ്കരിച്ചത്. നാഷണൽ ഹൈവേ, റെയിൽവേ, വിമാനത്താവളങ്ങൾ, പൈപ്പ് ലൈനുകൾ, സംപ്രേഷണ ലൈനുകൾ തുടങ്ങിയ ഇടനാഴികൾ അടക്കമുള്ള വൻതോതിൽ വികസിപ്പിച്ചെടുത്ത ഭൂസ്വത്തിന്റെ മേലുള്ള കുത്തകാവകാശം ദീർഘകാല പാട്ടമെന്ന പേരിൽ സ്വകാര്യ മുതലാളിമാർക്കും ധനകാര്യ കമ്പനികൾക്കും നൽകുന്ന നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ (എൻ.എം.പി) 2021–22 ലെ ബജറ്റിലാണ് അവതരിപ്പിച്ചത്. ദേശീയ പശ്ചാത്തല സൗകര്യ പൈപ്പ് ലൈൻ വഴി വൻതോതിൽ ഗവൺമെന്റ് നിക്ഷേപങ്ങൾ പശ്ചാത്തല സൗകര്യ വികസനത്തിന് നൽകി. ആ പ്രോജക്റ്റുകളിൽ നിന്ന് വൻതോതിൽ പണം വാരിക്കൂട്ടുന്നത് 5 അതിഭീമ കോർപ്പറേറ്റുകളാണ്. മറ്റൊരു സവിശേഷത രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങൾ വിദേശികളും സ്വദേശികളുമായ സ്വകാര്യ ഇടപാടുകാർക്ക് കൈമാറ്റം ചെയ്യുന്ന പിടിച്ചെടുക്കൽ വഴികളാണ്. 2019–ൽ അംഗീകരിക്കപ്പെട്ട ദേശീയ ധാതുനയം അനുസരിച്ച് ഇരുമ്പയിര്, കൽക്കരി, ബോക്സൈറ്റ് തുടങ്ങിയ പ്രകൃതി വിഭവങ്ങൾ ഖനനം ചെയ്യുന്നതിന് വിഭവപ്രദേശങ്ങളെ ധാതു ബ്ലോക്കുകളായി തിരിച്ച് ലേലത്തിനു നൽകുന്ന രീതിവന്നു.അതിൽ ഏറ്റവും ഒടുവിലത്തെ നീക്കം ലിഥിയം, കൊബാൾട്ട് മുതലായ ധാതുക്കൾ ഖനനം ചെയ്യാൻ സ്വകാര്യമേഖലയെ അനുവദിക്കുന്നതിനായി ‘ഖനികളും ധാതുക്കളും (വികസനവും, നിയന്ത്രണവും) നിയമ’ത്തിൽ വരുത്തിയ ഭേദഗതിയാണ്. അവസാനമായി മൂലധന നിക്ഷേപത്തിന് പ്രോത്സാഹനമായി, മാറ്റം വരുത്തിയ പ്രത്യേക പ്രോത്സാഹന പാക്കേജ് പദ്ധതിയായും പലവിധത്തിലുള്ള മേഖലാതല ഉൽപ്പാദന ബന്ധിതമായ പ്രോത്സാഹനമായും കോർപ്പറേറ്റുകൾക്ക് നേരിട്ട് ഫണ്ട് കൈമാറ്റം ചെയ്യുന്നതിനുള്ള സംവിധാനങ്ങളും നടപ്പിലാക്കിയിരിക്കുന്നു. ചില വൻ ബിസിനസ് ഹൗസുകളാണ് ഇതിന്റെ നേട്ടങ്ങൾ മുഴുവൻ കൊയ്യുന്നത്. അഞ്ച് വൻ ബിസിനസ്സ് കോർപ്പറേഷനുകൾ – അംബാനി, അദാനി, ടാറ്റ, ആദിത്യ ബിർള, ഭാരതി ടെലികോം – ധനകാര്യേതര മേഖലയിലെ ആസ്തികളുടെ 20 ശതമാനത്തിലധികം കയ്യാളുന്നവരാണ്. ഇപ്പോൾ നടക്കുന്ന സമ്പത്തിന്റെ കേന്ദ്രീകരണത്തിന്റെയും, കുത്തകവൽക്കരണത്തിന്റെയും തോത് എത്രമാത്രമെന്ന് ഇത് വ്യക്തമാക്കുന്നു.
രൂക്ഷമാകുന്ന അസമത്വം
2.7 ലോകത്തിൽ ഏറ്റവും അസമത്വമുള്ള രാഷ്ട്രങ്ങളിൽ ഒന്നായി ഇന്ത്യ മാറിയിരിക്കുന്നു. ലോക അസമത്വ റിപ്പോർട്ടനുസരിച്ച്, 2022 – 23 നകം ജനസംഖ്യയിലെ ഉയർന്ന ഒരുശതമാനം പേർ എല്ലാ വരുമാനത്തിന്റെയും 22.6 ശതമാനം കയ്യടക്കുകയും, രാഷ്ട്രത്തിന്റെ സമ്പത്തിന്റെ 40.1 ശതമാനത്തിന്റെ ഉടമകളാവുകയും ചെയ്യുന്നു. ഇത് ഇന്ത്യാ ചരിത്രത്തിൽത്തന്നെ ഏറ്റവും ഉയർന്ന തോതാണ്. ബ്രിട്ടീഷ് കാലഘട്ടത്തെക്കാൾ അധികമാണിത്. ഇന്ത്യയിൽ മുകൾതട്ടിലുള്ള 1 ശതമാനത്തിന് വരുമാനത്തിലുള്ള വിഹിതം ലോകത്തിൽ തന്നെ ഏറ്റവും ഉയർന്നതാണ്. അത് ദക്ഷിണാഫ്രിക്ക, ബ്രസീൽ, അമേരിക്ക എന്നിവയെക്കാളും മുകളിലാണ്. മറുവശത്ത്, ഇന്ത്യയിലെ താഴെത്തട്ടിലുള്ള 50 ശതമാനത്തിന് ആകെ സമ്പത്തിന്റെ 3 ശതമാനം മാത്രമേ കൈവശമുള്ളൂ.
2.8 മോദി കാലത്ത് തീവ്രമായ സമ്പത്തിന്റെ കേന്ദ്രീകരണമുണ്ടായതിന് മറ്റൊരു തെളിവ് കൂടിയുണ്ട്. ശതകോടീശ്വരരെ സംബന്ധിച്ച് ഫോർബ്സ് മാഗസിൻ തയ്യാറാക്കിയ പട്ടികയിൽ 2014–ൽ 100 ശതകോടീശ്വരരുണ്ടായിരുന്നു. ആ വർഷമാണ് മോദി പ്രധാനമന്ത്രിയാവുന്നത്. അത് 2024–ൽ ഇരട്ടിച്ച് 200 പേരായി. ഇതു കൂടാതെ, അവരിൽ സമ്പന്നരായ 100 പേർക്ക് ഉള്ള സമ്പത്ത് മൊത്തമെടുത്താൽ ഒരു ലക്ഷം കോടി ഡോളർ കടക്കും. ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. മോദി ഗവൺമെന്റിന്റെ 10 വർഷത്തെ ഭരണത്തിന്റെ മുഖമുദ്രയാണിത്.
കാർഷിക കെടുതികൾ
2.9 മോദി ഗവൺമെന്റിന്റെ നവലിബറൽ കോർപ്പറേറ്റ് അനുകൂല നയങ്ങളുടെ ഫലമായി ഏറ്റവുമധികം ദുരിതം പേറേണ്ടിവന്നത് കാർഷിക മേഖലയാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് മോദി അധികാരത്തിൽ വന്ന 2014 മുതൽ കണക്കുകൾ ലഭ്യമായ 2022 വരെ ഇന്ത്യയിലെ 1,00,474 കർഷകരും, കർഷകത്തൊഴിലാളികളും ആത്മഹത്യ ചെയ്യാൻ നിർബന്ധിക്കപ്പെട്ടു. കട ബാധ്യതയാണ് മുഖ്യ കാരണം. 2024–ലെ ലോക പട്ടിണി സൂചിക അനുസരിച്ച്, 127 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 105–ാമതാണ്. ഈ കാലയളവിൽ ഗുരുതരമായി മാറിയ കാർഷിക പ്രതിസന്ധിയുടെ ചില അടിസ്ഥാന കാരണങ്ങൾ ഇവയാണ്:
a) കാർഷിക ചെലവുകൾ വൻതോതിൽ വർദ്ധിക്കുന്നു. ഇതിനുകാരണം ഗവൺമെന്റ് സബ്സിഡികളുടെ വെട്ടിക്കുറയ്ക്കലും, കാർഷിക വിഭവങ്ങളുടെ ഉൽപ്പാദനത്തിന് കോർപ്പറേറ്റുകൾക്ക് നൽകുന്ന പ്രോത്സാഹനവുമാണ്.
b) മൊത്തം ഉൽപ്പാദന ചെലവിന്റെ ഒന്നര ഇരട്ടിയെങ്കിലും സംഖ്യ മിനിമം താങ്ങുവിലയായി നടപ്പിലാക്കാൻ കേന്ദ്ര ഗവൺമെന്റ് വിസമ്മതിക്കുന്നതു കാരണം കാർഷിക വിളകളുടെ വിലയിൽ ആപേക്ഷികമായ തോതിൽ വർദ്ധനയുണ്ടാകുന്നില്ലെന്ന് മാത്രമല്ല, വിലയിടിയുകയും ചെയ്യുന്നു.
c) കാലാവസ്ഥാ വ്യതിയാനം കാരണം കൂടുതൽ തീക്ഷ്ണമാകുന്ന പ്രകൃതി ദുരന്തങ്ങൾമൂലം വൻതോതിലുള്ള വിളനാശം ഉണ്ടാകുന്നുണ്ട്. അത് സൃഷ്ടിക്കുന്ന നഷ്ടം പരിഹരിക്കുന്നതിന് ആവശ്യമായ ഇൻഷുറൻസ് സംരക്ഷണം കർഷകർക്ക് ലഭിക്കുന്നില്ല. മാത്രമല്ല, പ്രധാനമന്ത്രിയുടെ ഫസൽ ബീമാ യോജന (പി.എം.എഫ്.ബി.വൈ) കർഷകരെ സംബന്ധിച്ചിടത്തോളം പ്രഹസനമായി മാറുകയാണ്. ഇൻഷുറൻസ് കമ്പനികളെ സംബന്ധിച്ചാകട്ടെ 25 ശതമാനത്തോളം ശരാശരി മൊത്ത ലാഭം ലഭിക്കുന്ന ഒരു ഐശ്വര്യ പദ്ധതി മാത്രമാണത്.
d) കോർപ്പറേറ്റുകൾക്ക് അനുകൂലമായും, കർഷകർക്ക് എതിരായും പ്രവർത്തിക്കുന്ന ബാങ്ക് വായ്പാ നയം കർഷകരെ ദുരാഗ്രഹികളായ സ്വകാര്യ പണമിടപാടുകാരുടെ പിടിയിലൊതുക്കുകയും, കടക്കെണിയിൽപ്പെടുത്തുകയും ചെയ്യുന്നു.
2.10 കാർഷിക പ്രതിസന്ധിയുടെയും, കർഷകരുടെ ഗൗരവകരമായ ദുരവസ്ഥയുടെയും മറ്റൊരു അടിസ്ഥാന കാരണം കൃഷിയിലും അനുബന്ധ മേഖലകളിലും പൊതുമുതൽമുടക്ക് വെട്ടിക്കുറയ്ക്കുന്നതാണ്. കേന്ദ്ര ബജറ്റിൽ കൃഷിക്കും, അനുബന്ധ മേഖലകൾക്കും നീക്കിവെച്ച തുക 2019–ൽ 5.44 ശതമാനം ആയിരുന്നത് 2024–ൽ 3.15 ശതമാനമാക്കി. രാസവളം സബ്സിഡിയും ഭക്ഷ്യ സബ്സിഡിയും വെട്ടിക്കുറച്ചു. തൊഴിലുറപ്പ് പദ്ധതിക്ക് നീക്കിവെച്ച തുക 86,000 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഈ പദ്ധതിയിൽ ചെലവഴിച്ചതിലും കുറവാണിത്. പി.എം കിസാൻ സമ്മാൻ നിധി, പി.എം ഫസൽ ബിമാ യോജന എന്നിവയിലും മറ്റ് പദ്ധതികളിലും വെട്ടിക്കുറവുണ്ടായി. കാർഷിക ഗവേഷണ വികസന പദ്ധതികൾക്കും അവയുടെ വ്യാപനത്തിനുമുള്ള പണവും ഇല്ലാതായിരിക്കുകയാണ്. ബഹുരാഷ്ട്ര കുത്തകകളെയാണ് ഇത് സഹായിക്കുന്നത്.
2.11 കേന്ദ്ര ഗവൺമെന്റിന്റെ പ്രധാന ലക്ഷ്യം ഇരപിടിയൻ കാർഷിക ബിസിനസ്സുകാരെ സഹായിക്കുന്നതിനായി നടത്തുന്ന കൃഷിയുടെ കോർപ്പറേറ്റുവൽക്കരണമാണ്. വൈദ്യുതി സ്വകാര്യവത്കരിക്കപ്പെടുകയാണ്. (വൈദ്യുതി ഭേദഗതി) നിയമം, സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാനുള്ള നീക്കങ്ങൾ, അദാനി പവർ എന്ന കമ്പനിയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം, റിലയൻസ് പവർ, ടാറ്റ പവർ തുടങ്ങിയവ ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. ഗ്രാമീണ – നഗര ഉപഭോക്താക്കളുടെ മേൽ വൈദ്യുതി താരിഫുകളും വൻതോതിൽ വർദ്ധിക്കുകയാണ്. ജലസേചന മേഖലയുടെ അവസ്ഥയും ഇത് തന്നെയാണ്. ഡിജിറ്റലൈസേഷന്റെ പേരിൽ ഗ്രാമീണ ദരിദ്രരുടെ അവകാശങ്ങളുടെ മേൽ ഗവൺമെന്റ് അതിശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടിരിക്കുന്നത്. ഇത് തൊഴിലുറപ്പ് തൊഴിലാളികളുടെ അവസ്ഥയിൽ പ്രകടമാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 8 കോടിയോളം തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ രജിസ്ട്രേഷൻ റദ്ദാക്കി. നിയമവിരുദ്ധമായ രീതിയിൽ അവർക്ക് അവകാശപ്പെട്ട തൊഴിൽ ആനുകൂല്യങ്ങൾ നിഷേധിച്ചു. ഗ്രാമീണ ഭൂരഹിതരുടെ എണ്ണവും, കൃഷിഭൂമിയുടെ ഉടമാവകാശത്തിലുള്ള അസമത്വവും വൻതോതിൽ വർദ്ധിച്ചു. 2019 – 21 ൽ നടത്തിയ അഞ്ചാമത് നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ (എൻ.എഫ്.എച്ച്.എസ്) അനുസരിച്ച് 47.8 ശതമാനം ഗ്രാമീണ വീട്ടുടമകളുടെ കയ്യിൽ കൃഷിഭൂമിയൊന്നും ഉണ്ടായിരുന്നില്ല. ഗ്രാമീണ വീട്ടുടമകളിൽ മുകൾത്തട്ടിലുള്ള 20 ശതമാനം പേർ 82 ശതമാനം ഭൂമിയുടേയും ഉടമകളായിരുന്നു.
2.12 തൊഴിലാളികൾ കൃഷിയിലേക്ക് തിരിച്ചുവന്നതോടെ ഗ്രാമീണ ദരിദ്രരുടെ അവസ്ഥ വീണ്ടും മോശമായിരിക്കുകയാണ്. യഥാർത്ഥ ഗ്രാമീണ കൂലി നിരക്കുകൾ 0.4 ശതമാനം കുറഞ്ഞു. യഥാർത്ഥ കാർഷിക കൂലി നിരക്കുകൾ 0.2 ശതമാനം മാത്രമാണ് ഉയർന്നത്. ഗ്രാമീണ തൊഴിലാളികളുടെ യഥാർത്ഥ കൂലിയിൽ വന്ന ഇടിവ് ഗ്രാമീണ സമ്പന്ന കൂട്ടുകെട്ട് ഗ്രാമീണ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിൽ വന്ന തീവ്രതയെയാണ് കാണിക്കുന്നത്. ദരിദ്രരായ കുടിയാൻ കർഷകരും ഈ പ്രതിസന്ധിയുടെ ഭാരം പേറുന്നവരാണ്. കാർഷിക കെടുതികൾ കർഷകത്തൊഴിലാളികളുടെ ആത്മഹത്യകളുടെ വർദ്ധനയിലേക്കും നയിക്കുന്നു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് 2022 ൽ 6,087 കർഷകത്തൊഴിലാളികൾ ആത്മഹത്യ ചെയ്തു. 2021 നെക്കാൾ 5,563 ആത്മഹത്യകൾ അധികമാണ് 2022ൽ.
തൊഴിലാളിവർഗത്തിനുമേലുള്ള
രൂക്ഷമായ ചൂഷണം
2.13 ഈ കാലയളവിൽ തൊഴിലാളി വർഗം പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളുടെ നേരെയുള്ള രണ്ടും കൽപ്പിച്ചുള്ള ആക്രമണങ്ങളാണ് കണ്ടത്. യോജിച്ചുള്ള ട്രേഡ് യൂണിയൻ സമരങ്ങളുടെ ശക്തിമൂലം കുപ്രസിദ്ധമായ 4 തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നത് വൈകിപ്പിച്ചിട്ടുണ്ട്. എങ്കിലും, കൂലിക്ക് ആളുകളെ നിയമിക്കുന്ന രീതികളിൽ ചൂഷണം വർദ്ധിപ്പിക്കുന്ന വിധത്തിലുള്ള മാറ്റങ്ങൾ വരുത്തുമെന്ന് മോദി ഗവൺമെന്റും, പല സംസ്ഥാന ഗവൺമെന്റുകളും ഉറപ്പാക്കിയിട്ടുണ്ട്. നവലിബറൽ നയങ്ങളിലെ അവശ്യ ഘടകമായ തൊഴിലുകളുടെ കരാർവൽക്കരണ പ്രക്രിയ ശക്തിപ്പെട്ടിരിക്കുന്നു. 2018 ൽ മാനുഫാക്ചറിങ് മേഖലയിൽ കരാർ തൊഴിലാളികളുടെ എണ്ണം 36.38 ശതമാനമായിരുന്നത് 2023 ൽ 40.72 ശതമാനമായി വർദ്ധിച്ചിരിക്കുന്നു. 2014 – 15 മുതൽ 2020 – 21 വരെയുള്ള കാലയളവിൽ സംഘടിത മേഖലയിലെ കൂലി വർദ്ധന ഞെട്ടിപ്പിക്കുന്ന വിധം 6 ശതമാനമായി കുറഞ്ഞു. അതിനുമുമ്പുള്ള ആറ് വർഷങ്ങളിൽ 10.1 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയിരുന്നത്. വൻതോതിലുള്ള വിലക്കയറ്റത്തിന്റെ തോത് കൂടി പരിഗണിക്കുമ്പോൾ തൊഴിലാളികളുടെ യഥാർത്ഥ കൂലി കുറഞ്ഞിരിക്കുകയാണ്. വ്യവസായ മേഖലയിലെ ചൂഷണത്തെ കാണാനുള്ള മറ്റൊരു വഴി കൂട്ടിച്ചേർക്കുന്ന മൂല്യത്തിൽ കൂലിയുടെ പങ്കുകണക്കുകൂട്ടുകയാണ്. ഇത് 2020 മുതൽ 18.9 ശതമാനമായിരുന്നത് 2023–ൽ 15.9 ശതമാനമായി കുറഞ്ഞു. അതേ കാലയളവിൽ ലാഭത്തിന്റെ വിഹിതം 38.7 ശതമാനത്തിൽ നിന്ന് 51.9 ശതമാനമായി വർദ്ധിച്ചു.
2.14 രാജ്യത്തിന്റെ മിക്കവാറുമെല്ലാ ഭാഗങ്ങളിലും മിനിമം കൂലി നൽകുന്നില്ല. ചില സംസ്ഥാനങ്ങളിൽ തൊഴിൽ സമയം 12 മണിക്കൂറും, അതിൽ കൂടുതലുമായി രായ്ക്കുരാമാനം വർദ്ധിപ്പിക്കുകയാണ്. അധിക സമയം ജോലി ചെയ്യുന്നതിന് ഓവർടെെം കൂലി നൽകുന്നുമില്ല. യൂണിയനുകൾ രൂപീകരിക്കാനുള്ള അവകാശവും ആക്രമണത്തിനിരയാകുന്നു. ബിസിനസ്സ് സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുവേണ്ടി ഗവൺമെന്റുകൾ വൻ കമ്പനികളോടൊപ്പം നിൽക്കുകയാണ്. ഇത് വിലപേശൽ ശേഷി കുറയ്ക്കുന്നു. മറുവശത്ത് തൊഴിലില്ലായ്മയുടേതായ കരിനിഴൽ പടരുന്നു. സംഘടിക്കാൻ ശ്രമിക്കുന്ന കരാർ തൊഴിലാളികൾ പിരിച്ചുവിടപ്പെടുന്നു.
2.15 ഗിഗ് സാമ്പത്തിക സേവനങ്ങളടക്കമുള്ള ചില്ലറ വ്യാപാര മേഖലയുടെ വളർച്ച 77 ലക്ഷം പേരെ കരാർ തൊഴിലാളികളായും അസ്ഥിര തൊഴിലാളികളായും, സ്വതന്ത്ര തൊഴിലാളികളായും നിയമിക്കുന്നു. ആമസോൺ, ഫ്ളിപ്കാർട്ട്, സ്വിഗ്ഗി, സൊമാറ്റോ, ഊബർ, മറ്റ് കമ്പനികളെല്ലാം ഇങ്ങനെ ചെയ്യുന്നുണ്ട്. ഈ വളർന്നുവരുന്ന തൊഴിൽ സേനക്ക് നിർബന്ധിതമായി ബാധകമായതോ, പ്രത്യേകമായതോ ആയ തൊഴിൽ നിയമങ്ങൾ നിലവിലില്ല. അവരെ ഏറ്റവും ഭീതിദമായ സാഹചര്യങ്ങളിലേക്കാണ് ഇത് തള്ളിവിടുന്നത്.
2.16 സ്ത്രീ തൊഴിലാളികൾ ഭൂരിപക്ഷമുള്ള സ്കീം തൊഴിലാളികളെ കൈകാര്യം ചെയ്യുന്ന രീതിയിൽ കേന്ദ്ര ഗവൺമെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകളുടെ ചട്ടക്കൂട് സൃഷ്ടിക്കുന്നുണ്ട്. ലക്ഷക്കണക്കിന് സ്ത്രീകൾ സ്വന്തമായി വരുമാനമുണ്ടാക്കാൻ തുനിഞ്ഞിറങ്ങുന്നതിന്റെ ഭാഗമായാണ് അവർ അംഗൻവാടികൾ, പാചക തൊഴിൽ, ആശ മുതലായ സേവന തുറകളിലേക്ക് വരുന്നത്. ഈ സ്ത്രീകളെ നിർലജ്ജം ചൂഷണം ചെയ്യുകയും, അവർക്ക് മിനിമം കൂലി, പെൻഷൻ മുതലായ മിനിമം അവകാശങ്ങൾ നിഷേധിക്കുകയുമാണ് കേന്ദ്ര ഗവൺമെന്റ് ചെയ്യുന്നത്. മോദി ഗവൺമെന്റ് ഏറ്റവുമധികം തൊഴിലാളിവിരുദ്ധ ഗവൺമെന്റാണെന്ന് തെളിയിച്ചിരിക്കുകയാണ്.
2.17 കോവിഡ് കാലഘട്ടത്തിൽ ഇന്ത്യയിലെ കുടിയേറ്റ തൊഴിലാളികളുടെ ദയനീയാവസ്ഥ ഉയർത്തിക്കാട്ടപ്പെട്ടു. അന്ന് 12 കോടി തൊഴിലാളികളെയാണ് ദാരുണമായ വിധത്തിൽ അത് ബാധിച്ചത്. എങ്കിലും, ഇന്ത്യയിലെ കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് വിശ്വാസയോഗ്യമായ സ്ഥിതിവിവര കണക്കുകൾ ഇപ്പോഴും ലഭ്യമല്ല. അവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെന്നാണ് ചില ഔദ്യോഗിക കണക്കുകൾ അവകാശപ്പെടുന്നത്. എന്നാൽ, കാർഷിക കെടുതിയുടെ വ്യാപനം കാർഷിക തൊഴിലാളികളുടെ കുറവും, കൂലിയും ഗ്രാമീണ ഇന്ത്യയിൽ മറ്റ് ബദൽ തൊഴിലുകൾ ലഭ്യമല്ലാത്തതുകൊണ്ടും ഹ്രസ്വകാലത്തേക്ക് നാട്ടിൽ നിന്ന് പോയും, വന്നും തൊഴിൽ ചെയ്യുന്നവരും ദീർഘകാലത്തേക്ക് നാട് വിടുന്നവരുമായ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം വർദ്ധിക്കാനാണ് സാധ്യത. കോവിഡ് കാലത്ത് പലവിധ വാഗ്ദാനങ്ങളും നൽകിയെങ്കിലും കുടിയേറ്റക്കാരുടെ ദാരുണാവസ്ഥയിൽ ഒരു കുറവും ഉണ്ടായിട്ടില്ല. അവർ കരാറുകാരുടെ ആശ്രിതർ മാത്രമാണ്. അവർക്കുള്ള ഗവൺമെന്റ് പിന്തുണ തീരെ തുച്ഛമാണ്, അല്ലെങ്കിൽ തീരെ ഇല്ല എന്നുതന്നെ പറയാം. സ്ത്രീ കുടിയേറ്റ തൊഴിലാളികളെയാണ് ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്.
ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ
2.18 വിലക്കയറ്റത്തിന്റെ ഭാരം: പ്രത്യേകിച്ച് അത്യാവശ്യ ഭക്ഷ്യ വസ്തുക്കളിലുള്ള തുടർച്ചയായ വിലക്കയറ്റം കുടുംബ ബജറ്റുകളെ തകർത്തുകൊണ്ടിരിക്കുകയാണ്. തൊഴിലെടുക്കുന്നവരുടെ താഴ്ന്ന വേതനം കാരണം അവ നേരത്തേ തന്നെ തീരെ കുറവായിരുന്നു. ഉപഭോക്തൃ വില സൂചിക അനുസരിച്ചുള്ള പൊതുവിലക്കയറ്റം കഴിഞ്ഞ 3 വർഷത്തിനിടയിൽ 20 ശതമാനമായിരുന്നെങ്കിൽ ഭക്ഷ്യവില 26 ശതമാനമാണ് വർദ്ധിച്ചത്. മിക്കവാറും ജനങ്ങൾ അവരുടെ വരുമാനത്തിന്റെ പകുതിയോളം ഭക്ഷണത്തിന് ചെലവാക്കുന്നവരാണ്. അതുകൊണ്ട് ഈ വിലക്കയറ്റം നിർദാക്ഷിണ്യം ജീവിത ചെലവ് വർദ്ധിപ്പിക്കുന്നു. മോദി ഗവൺമെന്റിന്റെ തീരുമാനങ്ങൾ ഭക്ഷണം കൂടാതെ നിരവധി അത്യാവശ്യ വസ്തുക്കളുടെ വില വർദ്ധിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, വില നിയന്ത്രിക്കാൻ വേണ്ടി നിയോഗിക്കപ്പെട്ട ഗവൺമെന്റ് സംവിധാനം നിരവധി മരുന്നുകളുടെ വില വർദ്ധിപ്പിക്കാനുള്ള അനുവാദം നൽകിയിട്ടുണ്ട്. ഗവൺമെന്റ് തന്നെ വില ഉയർത്തുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം പെട്രോളിയം ഉൽപ്പന്നങ്ങളാണ്. മോദി ഗവൺമെന്റ് ഈടാക്കുന്ന ഉയർന്ന എക്സൈസ് ഡ്യൂട്ടി കാരണമാണ് പെട്രോളിന്റേയും, ഡീസലിന്റേയും ചില്ലറ വില ഉയർന്ന് നിൽക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ ക്രൂഡോയിലിന്റെ അന്താരാഷ്ട്ര വില 18 ശതമാനം കുറഞ്ഞപ്പോഴാണിത്. ഇന്ധന വില വർദ്ധന ഗതാഗത ചെലവിന്റെ വർദ്ധനയ്ക്ക് കാരണമായി. ഇത് മറ്റു പല കാര്യങ്ങൾക്കൊപ്പം ഭക്ഷണ പദാർത്ഥങ്ങളുടെ ഉയർന്ന വിലയ്ക്ക് ഇടയാക്കുകയും ജനങ്ങൾ ഈ ഭാരം മുഴുവൻ താങ്ങേണ്ടി വരികയും ചെയ്തു. പാചകവാതക സബ്സിഡി അതിനോടൊപ്പം അവസാനിപ്പിക്കപ്പെട്ടു. അതിന്റെ ഫലമായി പാചകവാതകത്തിന്റെ വിലയും വൻതോതിൽ വർദ്ധിച്ചു. ചുരുക്കത്തിൽ വിഭവങ്ങൾ സ്വന്തം ഖജനാവിലേക്കോ, വൻകിട ബിസിനസ്സുകാർക്കും മൊത്ത വ്യാപാരികൾക്കുമോ കൈമാറുന്നതിനുവേണ്ടി വിലകൾ കൈകാര്യം ചെയ്യുന്ന ഗവൺമെന്റ് സാധാരണ ജനങ്ങളെ പിഴിഞ്ഞെടുക്കുകയാണ്.
2.19 തൊഴിലില്ലായ്മ: കഴിഞ്ഞ ചില വർഷങ്ങളായി രാജ്യത്തെ തൊഴിൽ പ്രതിസന്ധി ബഹുമുഖമായ രീതിയിൽ വഷളായിരിക്കുകയാണ്. മഹാമാരിക്കുശേഷം വന്നതായി കൊട്ടിഘോഷിക്കപ്പെട്ട വീണ്ടെടുപ്പ് ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട ഗവൺമെന്റ് കണക്കുകൾ 2023 – 24 ൽ പൊതുവിലുള്ള തൊഴിലില്ലായ്മയുടെ തോത് 3 ശതമാനം മാത്രമാണെന്നാണ് കാണിക്കുന്നത്. എന്നാൽ മറ്റ് വിലയിരുത്തലുകൾ, ഉദാഹരണത്തിന് സി.എം.ഐ.ഇയുടെ കണക്കുകൾ 2024 സെപ്തംബറിൽ തൊഴിലില്ലായ്മ 8 ശതമാനമാണെന്ന് കണ്ടെത്തുന്നു. അതിന് മുമ്പുള്ള പല മാസങ്ങളിലും 6 – 9 ശതമാനമായിരുന്നതിന് ശേഷമാണിത്. ഗവൺമെന്റ് തന്നെ രേഖപ്പെടുത്താൻ നിർബന്ധിക്കപ്പെടുന്നത് 15 – 29 വയസ്സിനിടയിലുള്ള യുവാക്കളിൽ പൊതു തൊഴിലില്ലായ്മ നിരക്ക് 10 ശതമാനത്തിലധികമാണ് എന്നാണ്. നഗരങ്ങളിൽ ഈ തോത് 15 ശതമാനത്തിലധികമാണ്. ഇന്നത്തെ സാഹചര്യത്തിന്റെ യഥാർത്ഥ ചിത്രം ഇത് പുറത്തുകൊണ്ടുവരുന്നില്ല. തൊഴിൽ ചെയ്യാൻ കഴിയുന്ന പ്രായത്തിൽപ്പെട്ടവർ കൂലി എത്ര കുറവാണെങ്കിലും തൊഴിൽ സാഹചര്യം എത്ര മോശമാണെങ്കിലും അത്തരം തൊഴിലുകൾ സ്വീകരിക്കുന്നുന്നത് അവരുടെ നിലനിൽപ്പിനായാണ്; ഇത്തരക്കാരെയും ‘തൊഴിലുള്ളവർ’ ആയാണ് കണക്കാക്കുന്നത്. ഇത് മറച്ചുവെക്കപ്പെട്ട, വേഷം മാറിയ തൊഴിലില്ലായ്മ മാത്രമാണ്. കഴിഞ്ഞ വർഷങ്ങളിലെ ഗൗരവമുള്ള മറ്റൊരു പ്രവണതയ്ക്ക് മഹാമാരിക്കുശേഷം വേഗത വർദ്ധിച്ചിട്ടുണ്ട്. കൃഷി ചെയ്യുന്നവരുടെ എണ്ണത്തിൽ വന്ന വർദ്ധനയാണിത്. വ്യവസായ തൊഴിലുകൾ കുറയുകയാണ്. സ്ഥിരവും വരുമാന ദായകവും സുരക്ഷിതവുമായ തൊഴിലുകൾ നൽകുന്നതിന് പകരം ഗവൺമെന്റ് നയങ്ങൾ മുൻപുണ്ടായിരുന്ന പ്രവണതകളെ കീഴ്മേൽ മറിക്കുകയാണ്. ഇപ്പോൾ തന്നെ വൻതോതിൽ ആൾശേഷിയുള്ള കുറഞ്ഞ വരുമാനവും സീസണനുസരിച്ചുള്ള തൊഴിലും മാത്രമുള്ള കാർഷിക മേഖലയിലേക്ക് ജനങ്ങളെ തള്ളിവിടുകയാണ്.
ഹിന്ദുത്വ അജൻഡ
നടപ്പാക്കൽ
2.20 ഹിന്ദുത്വത്തെ ഭരണകൂട ആശയ സംഹിതയാക്കാനും മതനിരപേക്ഷ – ജനാധിപത്യ റിപ്പബ്ലിക്കിനെ ഹിന്ദുരാഷ്ട്രമായി പരിവർത്തനം ചെയ്യാനുമുള്ള ആർ.എസ്.എസ് അജൻഡ ക്രമാനുബദ്ധമായി പിന്തുടരുന്നു എന്നതിന് കഴിഞ്ഞ 3 വർഷത്തെ സംഭവങ്ങൾ ആവശ്യമായ തെളിവ് നൽകുന്നുണ്ട്. സമഗ്രമായ ഹിന്ദുത്വം സൃഷ്ടിക്കുന്നതിന് മുസ്ലീങ്ങളെ ‘അപര’രായി മുദ്രയടിക്കുന്നത് ഈ പദ്ധതിയുടെ കേന്ദ്ര ബിന്ദുവാണ്. പ്രധാനമന്ത്രി തന്നെ മതപരമായ ചടങ്ങുകൾ നിർവ്വഹിക്കുന്നതു വഴി 2024 ജനുവരിയിൽ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ഭരണകൂടം നേരിട്ട് നേതൃത്വം നൽകിയ സംഭവമായിത്തീർന്നു. അടുത്ത പടി വാരണാസിയിലെ ഗ്യാൻവാപി പള്ളിയേയും, മഥുരയിലെ ഈദ്ഗാഹിനെയും ലക്ഷ്യമിടുകയും ഈ രണ്ടിടങ്ങളിലും നയമപരമായ തർക്കങ്ങൾ സൃഷ്ടിച്ച് ഇവിടെ ഹിന്ദു ക്ഷേത്രങ്ങൾ നിലവിലിരുന്നു എന്ന അവകാശവാദം ഉന്നിയിക്കുകയുമാണ്. വിശ്വഹിന്ദു പരിഷത്തിന്റെ ആദ്യ മുദ്രാവാക്യം അയോദ്ധ്യ, കാശി, മധുര എന്നീ സ്ഥലങ്ങൾ ക്ഷേത്രങ്ങൾ പണിയുന്നതിനുവേണ്ടി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്നതായിരുന്നു. പ്രാദേശിക കോടതികൾ ഇത്തരം പരാതികൾ അംഗീകരിക്കുകയും, നേരത്തെ ഏതെങ്കിലും ക്ഷേത്രം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കാനായി പള്ളികളുടെ അങ്കണങ്ങളിൽ സർവ്വേകൾ നടത്താൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഏറ്റവും ഉയർന്ന തലത്തിലുള്ള ജുഡീഷ്യറിയുടെ ഒത്താശയോടെ ഇതിന് പ്രോത്സാഹനം ലഭിച്ചു. അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സർവ്വേകൾ തുടരാൻ അനുവദിച്ചു. സർവ്വേകൾ 1991–ലെ ആരാധനാലയ നിയമത്തിലെ നിബന്ധനകൾ ലംഘിക്കുന്നില്ലെന്ന് പറഞ്ഞാണ് അനുവാദം നൽകിയത്. ഇതിപ്പോൾ നിയമ തർക്കങ്ങളുടെ ഒരു ശൃംഖല തന്നെ സംഭലിലും അജ്മേറിലും സൃഷ്ടിച്ചിരിക്കുകയാണ്.
2.21 പ്രത്യേകിച്ച്, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ രാം നവമി, ഹനുമാൻ ജയന്തി, ഗണേശ് പൂജ മുതലായ ഉത്സവങ്ങളിൽ ഘോഷയാത്രകൾ നടത്തി ന്യൂനപക്ഷ പ്രദേശങ്ങളിലേക്ക് പ്രവേശിക്കുകയും അവിടെ പ്രകോപനപരമായി പെരുമാറി സംഘർഷങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക ഒരു സ്ഥിരം പ്രവണതയായിരിക്കുന്നു. ഇത്തരത്തിലുള്ള സംഭവങ്ങളിലെല്ലാം ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങളാണ് പോലീസ് മർദ്ദനം നേരിടേണ്ടി വരുന്നത്. മുസ്ലീങ്ങളുടെ വീടുകൾ തകർക്കാൻ ബുൾഡോസറുകൾ ഉപയോഗിക്കുന്ന രീതി ഉത്തർപ്രദേശിലാണ് തുടങ്ങിവെച്ചത്. അത് മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി മുതലായ പ്രദേശങ്ങളിലേക്കും വ്യാപിച്ചു. ഹിന്ദു ഉത്സവങ്ങളുടെ സമയത്ത് ഇത്തരത്തിൽ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നത് യാദൃച്ഛികമല്ല. അത് ധ്രുവീകരണം സൃഷ്ടിക്കാനും, വർഗീയ വിഭജനം സ്ഥിരമാക്കാനുമുള്ള തുടർച്ചയായ പരിശ്രമമാണെന്ന് ഇപ്പോൾ വ്യക്തമാണ്. തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ നിർബാധം ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം നടത്തുന്നു. അവർക്ക് ഭരണകൂടത്തിന്റെ പിന്തുണ ലഭിക്കുമ്പോൾ ഇരകളാണ് ശിക്ഷിക്കപ്പെടുന്നത്.
2.22 ഈ കാലയളവിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നു. നിലവിലുള്ള ചില നിയമങ്ങൾ കൂടുതൽ കർക്കശമാക്കിയിരിക്കുന്നു. ഉത്തർ പ്രദേശിൽ ‘‘ലൗ ജിഹാദ്” എന്ന് വിളിക്കപ്പെടുന്ന ഭിന്ന മത വിശ്വാസികൾ തമ്മിലുള്ള വിവാഹം ഇപ്പോൾ ജീവപര്യന്തം തടവിനിടയാക്കുന്നതാണ്. മുസ്ലീങ്ങളെ ആക്രമിക്കുന്നതിനായി ‘‘ലാൻഡ് ജിഹാദ്” ‘‘ഫുഡ് ജിഹാദ്” തുടങ്ങിയ പുതിയ പ്രയോഗങ്ങളും ഉപയോഗിക്കുന്നുണ്ട്. അസമിലെ ബി.ജെ.പി ഗവൺമെന്റാണ് ഇക്കാര്യത്തിൽ മിക്കവാറും ഗവൺമെന്റുകളെക്കാൾ മുന്നോട്ടുപോയിട്ടുള്ളത്. ഉത്തരാഖണ്ഡിലെപ്പോലെ വളരെ ചെറിയ മുസ്ലീം ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ പോലും മുസ്ലീം കടയുടമകളോട് കടയടപ്പിക്കാൻ ആവശ്യപ്പെടുകയും, മുസ്ലീം വ്യാപാരികളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുകയുമുണ്ടായിട്ടുണ്ട്.
2.23 ഹിന്ദുത്വ ശക്തികൾ ന്യൂനപക്ഷ വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി ക്രിസ്ത്യൻ ന്യൂനപക്ഷത്തേയും ആക്രമണ ലക്ഷ്യമിടുന്നുണ്ട്. 2023–ൽ ക്രിസ്ത്യാനികൾക്കെതിരായുള്ള ആക്രമണങ്ങൾ 734 ആയിരുന്നത് 2024–ൽ 834 ആയി വർദ്ധിച്ചിരിക്കുന്നു. ക്രിസ്ത്യാനികളെ ഉപദ്രവിക്കുന്നത്, പള്ളികളുടെയും, പ്രാർത്ഥനാ യോഗങ്ങളുടെയും നേരെയുള്ള അക്രമങ്ങൾ, ഊരുവിലക്കുകൾ, കർക്കശമായ മതപരിവർത്തന നിരോധന നിയമങ്ങൾ ഉപയോഗിച്ച് ക്രിമിനൽ കേസുകൾ നൽകൽ തുടങ്ങിയ രീതികളിലൂടെയാണ്. ആർ.എസ്.എസുമായി ബന്ധമുള്ള സംഘടനകൾ ക്രിസ്ത്യൻ ആദിവാസികൾക്കെതിരെ പ്രചരണം നടത്തുന്നു. അവരുടെ ആവശ്യം മതപരിവർത്തനം നടത്തിയ എല്ലാ ആദിവാസികളേയും ഗോത്രവർഗ്ഗ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നതാണ്. അതായത്, ക്രിസ്ത്യൻ ആദിവാസികൾക്ക് പട്ടികവർഗ്ഗ പദവി ഉപയോഗിക്കാൻ കഴിയുകയില്ലയെന്നർഥം.
അമിതാധികാരം
പരിപോഷിപ്പിക്കപ്പെടുന്നു
2.24 വിവിധ ജനാധിപത്യവിരുദ്ധ നടപടികളിലൂടെ അമിതാധികാരം ദൃഢീകരിക്കപ്പെടുന്നതു സംബന്ധിച്ച് 23–ാം കോൺഗ്രസ് പ്രമേയം രേഖപ്പെടുത്തിയിരുന്നു. ഈ പ്രവണതകളുടെ തീക്ഷ്ണമായ വളർച്ചയാണ് കഴിഞ്ഞ 3 വർഷങ്ങളിൽ കണ്ടത്. പാർലമെന്റിന്റെ പ്രവർത്തനത്തെ വെട്ടിച്ചുരുക്കുന്നതിനും, ഉന്നത ജുഡീഷ്യറിയെ ദുർബലപ്പെടുത്തുന്നതിനും, തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര പദവി തകർക്കുന്നതിനും കൂടുതൽ നടപടികൾ ഇക്കാലത്ത് കൈക്കൊള്ളപ്പെട്ടു.
2.25 പാർലമെന്റിൽ നിന്ന് പ്രതിപക്ഷം ഏതാണ്ട് പുറത്താക്കപ്പെടുന്ന അവസ്ഥയായിരുന്നു. മണിപ്പൂരിലെ വംശീയ അക്രമമടക്കം പൊതു താൽപര്യമുള്ള പ്രധാനപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പോലും അനുവദിച്ചില്ല. 2023–ലെ പാർലമെന്റ് ശീതകാല സമ്മേളനത്തിൽ നിന്ന് രണ്ട് സഭകളിലേയും 146 അംഗങ്ങളാണ് ഇദംപ്രഥമമായി സസ്പെന്റ് ചെയ്യപ്പെട്ടത്. പ്രധാനപ്പെട്ട ബില്ലുകൾ പാർലമെന്ററി കമ്മിറ്റികൾക്ക് പരിശോധനയ്ക്ക് വിട്ടില്ല. അവയെല്ലാം പെട്ടെന്ന് കൊണ്ടുവന്ന് പാസ്സാക്കുകയാണ് ചെയ്തത്. പ്രധാനമന്ത്രി ഹിന്ദുമതാചാര പ്രകാരം പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തു. സ്പീക്കറുടെ കസേരയുടെ പിന്നിൽ ചെങ്കോൽ സ്ഥാപിച്ചു.
2.26 യു.എ.പി.എയും, പി.എം.എൽ.എയും പോലുള്ള കിരാത നിയമങ്ങൾ പ്രതിപക്ഷ നേതാക്കൾക്കെതിരെ ഉപയോഗിക്കപ്പെട്ടു. ഒന്നുകിൽ അതുപയോഗിച്ചത് അവരെ ബി.ജെ.പിയിലേക്ക് കൂറുമാറ്റം നടത്താൻ പ്രേരിപ്പിക്കുന്നതിനായിരുന്നു. അല്ലെങ്കിൽ, ജയിലിലടയ്ക്കുന്നതിനായിരുന്നു. നമ്മുടെ രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഝാർഖണ്ഡിലേയും, ഡൽഹിയിലേയും മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. പത്രപ്രവർത്തകരുടെ അറസ്റ്റും, ജയിൽവാസവും സ്വതന്ത്ര മാധ്യമങ്ങളുടെ നേരെയുള്ള അക്രമവും തുടർന്നു. പഴയ ക്രിമിനൽ കോഡുകൾക്കുപകരം വന്ന മൂന്ന് ക്രിമിനൽ നിയമങ്ങൾ പാർലമെന്റിൽ ചർച്ച കൂടാതെ പാസ്സാക്കിയതിനുശേഷമാണ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഈ നിയമങ്ങൾ കുറ്റവാളികളെ കസ്റ്റഡിയിലെടുത്ത് റിമാൻഡിൽ വെക്കാനുള്ള പൊലീസിന്റെ അധികാരങ്ങളെയും, കുറ്റമെന്തെന്ന് പറയാതെ തന്നെ രാജ്യദ്രോഹ കുറ്റം ചുമത്താനുള്ള രീതിയിൽ ആ വകുപ്പിനെയും വിപുലമാക്കിയിരിക്കുന്നു. പുതിയതായി പ്രാബല്യത്തിൽ വന്ന ടെലികമ്യൂണിക്കേഷൻ നിയമം മേൽനോട്ടത്തിനുള്ള രീതികളെ ശക്തിപ്പെടുത്തുകയും, സ്വകാര്യതയ്ക്കുള്ള പൗരാവകാശത്തിലേക്ക് കടന്നു കയറുകയും ചെയ്തിരിക്കുന്നു.
2.27 അമിതാധികാര സംവിധാനത്തെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി ഗവൺമെന്റ് ഉന്നത ജുഡീഷ്യറിയെ മെരുക്കിയെടുക്കാൻ ശ്രമിക്കുകയാണ്. ഹൈക്കോടതി ജഡ്ജിമാരേയും, ചീഫ് ജസ്റ്റിസുമാരേയും നിയമിക്കുന്നതിനുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശകൾ നടപ്പിലാക്കാൻ പലതവണയായി വിസമ്മതിക്കുന്നു. ഉന്നത ജുഡീഷ്യറി അധികമധികമായി ഒരു ‘‘എക്സിക്യൂട്ടീവ് ജുഡീഷ്യറിയായി” പ്രവർത്തിക്കുകയാണ്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കുഴിതോണ്ടുന്നു
2.28 തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വയംഭരണ പദവി സ്ഥിരമായ നിലയിൽ തകർന്നുകൊണ്ടിരിക്കുകയാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും, മറ്റ് കമ്മീഷണർമാരെയും നിയമിക്കുന്നതിനുള്ള പാർലമെന്റ് പാസ്സാക്കിയ നിയമം സുപ്രീം കോടതിയുടെ നിർദ്ദേശത്തിന് എതിരാണ്. സെലക്ഷൻ കമ്മിറ്റിയിൽ ഗവൺമെന്റിനാണ് ഭൂരിപക്ഷം. ബി.ജെ.പി നേതൃത്വത്തിന്റെ വർഗീയ പ്രചരണത്തിന്റെ പ്രശ്നം ഉയരുമ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നത് നിർത്തുന്നു. തിരഞ്ഞെടുപ്പ് തീയതികൾ നിശ്ചയിക്കുമ്പോൾ പോലും തിരഞ്ഞെടുപ്പ് കമ്മീഷൻ ഗവൺമെന്റ് നിർദ്ദേശങ്ങളാണ് പിന്തുടരുന്നത്. തെരഞ്ഞെടുപ്പുകളുടെ നടത്തിപ്പിന്റെ സുതാര്യത നഷ്ടപ്പെട്ടിരിക്കുന്നു. പോൾ ചെയ്ത വോട്ടുകളും, എണ്ണിയ വോട്ടുകളും തമ്മിലുള്ള വലിയ അന്തരം, വോട്ടർ പട്ടികയിലെ കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും, ഇലക്ട്രോണിക് വോട്ടിംഗ് മിഷനിന്റെ പ്രവർത്തനം തുടങ്ങി പലവിധത്തിലുള്ള പ്രശ്നങ്ങൾ വിശദീകരിക്കപ്പെടാതെ പോകുന്നു.
2.29 ഭരണകക്ഷിക്ക് അവിഹിതമായി കോർപ്പറേറ്റ് ധനസഹായം നൽകുന്ന സ്ഥാപനവൽക്കരിക്കപ്പെട്ട അഴിമതിയെന്ന നിലയിൽ ഇലക്ട്രൽ ബോണ്ട് പദ്ധതിയെ 2024–ൽ സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച് കോടതി റദ്ദാക്കി. കോടതി വിധി സി.പി.ഐ എം നിലപാടിനെ സാധൂകരിച്ചു. ആദ്യം മുതൽ തന്നെ ഇലക്ട്രൽ ബോണ്ടുകൾ സ്വീകരിക്കില്ലെന്ന് സി.പി.ഐ എം പ്രഖ്യാപിച്ചിരുന്നു. അതിനോടൊപ്പം പദ്ധതിക്കെതിരെ പാർട്ടി സുപ്രീം കോടതിയിൽ നിയമ നടപടിയും സ്വീകരിച്ചു. ഇലക്ട്രൽ ബോണ്ടുകൾ റദ്ദുചെയ്യപ്പെട്ടുവെങ്കിലും തിരഞ്ഞെടുപ്പിൽ പല തലങ്ങളിലും വോട്ടർമാരെ സ്വാധീനിക്കുന്നതിനും, പോളിംഗ് പ്രക്രിയ ദുർബലപ്പെടുത്തുന്നതിനും വൻതോതിലുള്ള പണമാണ് ചെലവാക്കപ്പെട്ടത്. രാഷ്ട്രീയക്കാരും, ബിസിനസ്സുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഈ നിയമവിരുദ്ധ ഫണ്ടിങ്ങിന്റെ ഉറവിടം. തിരഞ്ഞെടുപ്പ് സംവിധാനത്തിൽ പണാധിപത്യം തടയുന്നതിന് സുദൃഢമായ തീരുമാനങ്ങളും, നടപടികളും ആവശ്യമായ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ നടത്തുന്നത് അടിയന്തിര പ്രാധാന്യമുള്ള ഒന്നായിരിക്കുന്നു.
ഫെഡറലിസത്തെ പൊളിച്ചടുക്കുന്നു
2.30 ഫെഡറൽ ചട്ടക്കൂടിനെ പൊളിച്ചും, ഫെഡറൽ തത്വത്തെ നിയമപരമായി അസാധുവാക്കിയും എല്ലാ അധികാരങ്ങളും കേന്ദ്രീകരിക്കാനുള്ള മോദി ഗവൺമെന്റിന്റെ നീക്കം തുടർന്നു. രാഷ്ട്രീയവും, സാമ്പത്തികവും, ധനപരവുമായ ഒരുകൂട്ടം നടപടികളിലൂടെ കേന്ദ്ര ഗവൺമെന്റും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാര ബലതന്ത്രത്തെ മോദി ഗവൺമെന്റ് പുനർനിർവ്വഹിക്കുകയാണ്. വിഭജിക്കപ്പെടാവുന്ന നികുതി വിഹിതം വെട്ടിച്ചുരുക്കുക, സംസ്ഥാനങ്ങൾക്ക് വിഭവങ്ങൾ നിഷേധിക്കുക, ജി.എസ്.ടി നഷ്ടപരിഹാരം നൽകുന്നത് നിർത്തിവെക്കുക തുടങ്ങിയ നടപടികളിലൂടെ കേന്ദ്രം പ്രതിപക്ഷം ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ധനപ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. കേന്ദ്ര നികുതി കൈമാറ്റത്തിൽ സംസ്ഥാനങ്ങളുടെ വിഹിതം കുറഞ്ഞിരിക്കുന്നു. കേന്ദ്ര ബജറ്റുകളിൽ നിർദ്ദേശിക്കുന്ന വിഭജിക്കപ്പെടാവുന്ന നികുതി വിഹിതത്തിൽ സംസ്ഥാനങ്ങൾക്കുവേണ്ടി നീക്കിവെക്കുന്ന പണത്തിൽ കുറെ വർഷങ്ങളായി ഇടിവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. 2016–ൽ ഇത് 41.1 ശതമാനമായിരുന്നെങ്കിൽ 2023–ൽ അത് 35.1 ശതമാനമായി കുറഞ്ഞു. സംസ്ഥാനങ്ങളുമായി പങ്കിടുന്ന നികുതി വിഹിതം കുറയാനുള്ള ഒരു കാരണം വിഭജിക്കപ്പെടാത്ത സെസ്സുകളേയും, സർ ചാർജ്ജുകളേയും കേന്ദ്രം കൂടുതലായി ആശ്രയിക്കുന്നതാണ്. വിഭവങ്ങൾ ഇത്തരത്തിൽ ചുരുങ്ങുമ്പോൾ കടം വാങ്ങുന്നതിനും വർദ്ധിച്ച നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾക്ക് നേരിടേണ്ടിവരുന്നു. ഈ നീക്കങ്ങൾ വികസന പ്രവർത്തനങ്ങൾക്കും, ക്ഷേമ പ്രവർത്തനങ്ങൾക്കും ആവശ്യമായ വിഭവ സമാഹരണത്തിൽ നിന്ന് സംസ്ഥാനങ്ങളെ തടയുന്നു.
2.31 മോദി ഗവൺമെന്റിന്റെ രണ്ടാം ഊഴം ആരംഭിച്ചതിനുശേഷം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാരുടെ ഇടപെടലുകളിൽ സ്ഥിരമായ വർദ്ധനയുണ്ടായി. ഗവർണർമാർ സംസ്ഥാന ഗവൺമെന്റിന്റേയും, നിയമസഭയുടേയും അധികാരങ്ങളിൽ കൈകടത്താനാരംഭിച്ചു. സ്വേച്ഛാപരമായ വൈസ്ചാൻസലർ നിയമനങ്ങൾ, നിയമസഭ പാസ്സാക്കുന്ന നിയമങ്ങളുടെ അംഗീകാരം നിഷേധിക്കൽ, സംസ്ഥാന ഗവൺമെന്റുകളെ മറികടന്ന് ഉയർന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുക തുടങ്ങിയവ സാധാരണ സംഭവങ്ങളായി. കേന്ദ്ര – സംസ്ഥാന ബന്ധങ്ങളുടെ അടിസ്ഥാന ഘടനയുടെ കുഴിതോണ്ടാൻ ഗവർണർമാരെയാണ് ഉപയോഗിക്കുന്നത്. കൂടാതെ, ചെറിയ കേന്ദ്ര ധനസഹായമുള്ള പദ്ധതികൾ പോലും കേന്ദ്ര പദ്ധതികളായി വ്യാഖ്യാനിച്ചും, മറ്റ് പദ്ധതികളിലേക്കുള്ള ധനസഹായം നിർത്തുമെന്ന് ഭീഷണിപ്പെടുത്തിയും സംസ്ഥാനങ്ങളുടെ വികസന പദ്ധതികളെ കയ്യടക്കാനും കേന്ദ്രം ശ്രമിക്കുന്നു.
2.32 ബി.ജെ.പി കേന്ദ്രീകരണ നീക്കങ്ങളുമായി മുന്നോട്ടുപോകും എന്നതിന്റെ തെളിവാണ് ‘‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് (ഒ.എൻ.ഒ.ഇ)” പദ്ധതി പിന്തുടരുന്നത്. ഗവൺമെന്റ് ഒരു ഭരണഘടനാ ഭേദഗതി ബില്ലും ലോക്സഭയിലേക്കും, എല്ലാ സംസ്ഥാന അസംബ്ലികളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള മറ്റൊരു ബില്ലും പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുന്നു. അത്തരത്തിലുള്ള സംവിധാനം സംസ്ഥാനങ്ങളുടെ അവകാശങ്ങളെ വൻതോതിൽ വെട്ടിക്കുറയ്ക്കും. 5 വർഷം ഭരിക്കുന്നതിനുള്ള ഭരണഘടനാപരമായ ഉറപ്പ് പോലും ഇല്ലാതാകും. ഒ.എൻ.ഒ.ഇ പരമാധികാര കേന്ദ്രീകരണത്തിലേക്കാണ് നയിക്കുക.
2.33 കേന്ദ്രീകരണ നീക്കങ്ങൾക്ക് ആവശ്യമായ ഇന്ധനം പകരുന്നത് ഹിന്ദുത്വയും, വൻകിട കോർപ്പറേറ്റുകളുമാണ്. ഇതുകൊണ്ട് ഫെഡറലിസത്തേയും, സംസ്ഥാനങ്ങളുടെ അവകാശങ്ങളേയും സംരക്ഷിക്കുന്നതിനുള്ള സമരം അമിതാധികാര വിരുദ്ധ, ഹിന്ദുത്വ വിരുദ്ധ സമരത്തിന്റെ ഭാഗമാകണം. സംസ്ഥാനങ്ങളുടെ അവകാശ സംരക്ഷണത്തിനായി ഒരു ഐക്യമുന്നണിയായി പ്രവർത്തിക്കാൻ എല്ലാ ബി.ജെ.പി ഇതര സംസ്ഥാന ഗവൺമെന്റുകളേയും സംഘടിപ്പിക്കാൻ കഴിയണം.
ജമ്മുകാശ്മീർ – ജനാധിപത്യത്തിനും ഫെഡറലിസത്തിനും
എതിരായ ആക്രമണത്തിന്റെ പ്രതീകം
2.34 ബി.ജെ.പി ഗവൺമെന്റിന്റെ ജനാധിപത്യവിരുദ്ധവും ഫെഡറൽ വിരുദ്ധവുമായ തീവ്രസമീപനത്തിന്റെ പ്രതീകമാണ് ജമ്മുകാശ്മീരിൽ സംഭവിച്ചത്. 2019–ൽ ഭരണഘടനയിലെ 370–ാം വകുപ്പ് എടുത്തുകളയുകയും, ജമ്മുകാശ്മീർ സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്തതിന് ശേഷം ആ കേന്ദ്ര ഭരണ പ്രദേശത്ത് ഭരണകൂടത്തിന്റെ അടിച്ചമർത്തലും, പൗരാവകാശങ്ങളുടെ നിഷേധവും ഒരു സ്ഥിരം നടപടി ക്രമമായി. അവിടെ സ്ഥിരമായി താമസിക്കുന്നവരുടെ സ്ഥിരവാസ പദവിയും, ഭൂവുടമാവകാശങ്ങളും എടുത്തുകളയാനുള്ള നടപടികൾ കൈക്കൊണ്ടു. പുതിയ നിയമസഭയിലേക്ക് കാശ്മീർ താഴ്വരയിൽ നിന്നുള്ള പ്രാതിനിധ്യം കുറക്കുന്നതിനുവേണ്ടി മണ്ഡലങ്ങളുടെ പുനർവിഭജനം നടത്തി. 370–ാം വകുപ്പ് റദ്ദ് ചെയ്തതിനെതിരായും, ജമ്മുകാശ്മീർ സംസ്ഥാനത്തെ വിഭജിച്ചതിനെതിരായും നൽകപ്പെട്ട ഹർജികൾ തള്ളിക്കൊണ്ട് സുപ്രീം കോടതി ഫെഡറലിസത്തിനും, തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന നിയമസഭകളുടെ അവകാശങ്ങൾക്കും ആഘാതമേൽപ്പിച്ചു.
2.35 അവസാനം, 2024 സെപ്തംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി എല്ലാ തന്ത്രങ്ങളും മെനഞ്ഞിട്ടും നാഷണൽ കോൺഫറൻസിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. വളരെ പരിമിതമായ അധികാരങ്ങളോടെ ഒമർ അബ്ദുള്ള ഗവൺമെന്റ് ഭരണം ഏറ്റെടുത്തിരിക്കുകയാണ്. എങ്കിലും, ജമ്മു കാശ്മീരിന് സംസ്ഥാന പദവി എന്ന കേന്ദ്രം സുപ്രീം കോടതിക്ക് നൽകിയ ഉറപ്പ് ഇതുവരെ നടപ്പിലായിട്ടില്ല. അതേസമയം, ലഡാക്കിന് ആറാം ഷെഡ്യൂൾ പദവിയും, സ്വയം ഭരണം നേടിയെടുക്കാനുള്ള ബഹുജന പ്രസ്ഥാനവും അവിടെ വളർന്നുവരുന്നു. മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ ലക്ഷ്യം സംസ്ഥാന പദവി ഉടൻ തന്നെ കൈവരിക്കുന്നതിനും, പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനുമുള്ള സമരം തുടരുകയാണ്.
മണിപ്പൂർ: ആഴത്തിലാകുന്ന
വിഭാഗീയത
2.36 2023 മെയ്3–ന് മണിപ്പൂരിൽ ഗോത്ര സംഘർഷം പൊട്ടിപ്പുറപ്പെട്ട് 20 മാസത്തിനുശേഷവും അവിടുത്തെ സാഹചര്യം ഗൗരവകരമാണ്. കൊള്ളിവെപ്പ്, ബലാത്സംഗം, നിരപരാധികളെ തട്ടിക്കൊണ്ട് പോകലും കൊലപാതകങ്ങളും തുടങ്ങിയ നിഷ്ഠുരമായ കൃത്യങ്ങളാണ് അവിടെ നടത്തപ്പെട്ടത്. സംഘർഷം കാരണം 250 പേർ കൊല്ലപ്പെട്ടു. ഭവനരഹിതരാക്കപ്പെട്ട 60,000 പേർ ക്യാമ്പുകളിൽ കഴിയുകയാണ്. സംസ്ഥാന ഗവൺമെന്റും, കേന്ദ്ര ബി.ജെ.പി ഗവൺമെന്റും സംസ്ഥാനത്തിൽ സാധാരണ നില പുനഃസ്ഥാപിക്കുന്നതിലും, സമാധാനം കൊണ്ടുവരുന്നതിലും പരാജയപ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രി മോദി ഇതുവരെ ഒരു പ്രാവശ്യം പോലും മണിപ്പൂർ സന്ദർശിച്ചിട്ടില്ല. മുഖ്യമന്ത്രി ബീരേൻ സിങ്ങിന്റെ പക്ഷപാതപരമായ നയങ്ങളെക്കുറിച്ച് വ്യാപകമായ രോഷം വളർന്നുവന്നുവെങ്കിലും അദ്ദേഹത്തെ ഇതുവരെ തൽസ്ഥാനത്തുനിന്ന് മാറ്റിയിട്ടുമില്ല. സുരക്ഷാ സൈന്യത്തെപ്പോലും വളരെ വൈകിയാണ് നിയോഗിച്ചത്; ജനപ്രതിനിധികളുമായും, രാഷ്ട്രീയ പാർട്ടികളുമായും, സംഘർഷത്തിൽ ഉൾപ്പെട്ട വ്യത്യസ്ത ഗോത്ര വിഭാഗങ്ങളുമായും ഇതുവരെ ഒരു ചർച്ചയും ആരംഭിച്ചിട്ടുമില്ല. കേന്ദ്ര ഗവൺമെന്റിന്റെ പ്രവർത്തനരാഹിത്യം ജനങ്ങൾക്കിടയിൽ ആത്മവിശ്വാസം പുനഃസ്ഥാപിക്കുന്നതിനും സമാധാനവും, സമവായവും സ്ഥാപിക്കുന്നതിനാവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും തടസ്സമായി നിൽക്കുന്നു.
2.37 ഇത്തരത്തിൽ ഒരു നടപടിയും സ്വീകരിക്കാതിരിക്കുന്നതുകൊണ്ടുള്ള അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാർ ചിന്തിക്കുന്നതുപോലുമില്ല. അത് മണിപ്പൂരിലെ സംഘർഷം കുതിച്ചുയരുന്നതിനും, വടക്കു – കിഴക്കൻ പ്രദേശങ്ങളിലെ സമാധാനത്തിന് ഭീഷണിയായി മാറുന്നതിനും ഇടയാക്കിയിരിക്കുന്നു. കേന്ദ്ര ഗവൺമെന്റ് ഉടനടി ഇടപെട്ട് ബിരേൻ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം. എല്ലാ വിഭാഗങ്ങളുമായി ചർച്ച നടത്തി എല്ലാ സമുദായങ്ങളുടേയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്നും സമാധാനവും, സാധാരണ നിലയും പുനഃസ്ഥാപിക്കപ്പെടുന്നുവെന്നും ഉറപ്പുവരുത്തുകയും വേണം.
വിദേശനയവും,
അമേരിക്കയുമായുള്ള
തന്ത്രപരമായ ബന്ധവും
2.38 മോദി ഗവൺമെന്റിന്റെ രണ്ടാം ഊഴത്തിന്റെ സവിശേഷത അമേരിക്കയുമായുള്ള ഉറ്റ ബന്ധമായിരുന്നു. ട്രംപ് പ്രസിഡന്റായി വരുന്നതോടെ ഈ ബന്ധം തുടരാനാണ് സാധ്യത. ഉക്രൈൻ – റഷ്യ യുദ്ധത്തിൽ ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിച്ചുവെങ്കിലും ഇന്ത്യയുടെ വിദേശ നയം പൊതുവിൽ അമേരിക്കയുടെ ഭൗമ രാഷ്ട്രീയ താൽപര്യങ്ങളുമായി ഒത്തുപോകുന്നതാണ്. ഉക്രൈനെക്കുറിച്ചുള്ള ഇന്ത്യൻ നിലപാട് മുറുമുറുപ്പോടെയാണെങ്കിലും അമേരിക്ക സ്വീകരിച്ചതിനു കാരണം ഏഷ്യ – പെസഫിക് മേഖലയിലെ ചൈനാ വിരുദ്ധ സഖ്യത്തിന് ഇന്ത്യ സ്വീകരിക്കുന്ന അനുകൂലമായ നിലപാടിനാണ് അമേരിക്ക മുൻഗണന നൽകുന്നത്. ക്വാഡിനെ നേതൃത്വ ഉച്ചകോടികളുടെ തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്. ക്വാഡിനെ സുരക്ഷാപരവും, സൈനികവുമായ സഖ്യമാക്കി മാറ്റാനുള്ള അമേരിക്കയുടെ പരിശ്രമങ്ങൾക്ക് മോദി ഗവൺമെന്റ് കീഴടങ്ങിക്കൊടുത്തു. ക്രിട്ടിക്കൽ ആൻഡ് എമർജിങ് ടെക്നോളജി കരാർ (2022), സെക്യൂരിറ്റി ഒഫ് സപ്ലൈ അറേഞ്ച്മെന്റ്സ് ആൻഡ് റെസിപ്രോക്കൽ ഡിഫെൻസ് പ്രൊക്യുർമെന്റ് അറേഞ്ച്മെന്റ് കരാർ (2023) എന്നിവയിൽ ഒപ്പുവച്ചതോടെ ഇന്ത്യാ അമേരിക്കയുടെ രാജ്യരക്ഷാ സുരക്ഷാ വലയത്തിൽ സുപ്രധാന പങ്കുവഹിക്കാൻ ആരംഭിച്ചിരിക്കുന്നു. കഴിഞ്ഞ് 7 വർഷങ്ങളിൽ ഇന്ത്യ അമേരിക്കയിൽ നിന്ന് 1500 കോടി ഡോളറിന്റെ ആയുധങ്ങൾ വാങ്ങിയിട്ടുണ്ട്.
2.39 അമേരിക്ക – ഇന്ത്യ – ഇസ്രയേൽ അച്ചുതണ്ട് മൂലമാണ് ഗാസക്കെതിരെ നടക്കുന്ന വംശഹത്യാപരമായ യുദ്ധത്തിൽ ഇസ്രയേലിന് ലജ്ജാകരമായ പിന്തുണ ഉറപ്പുവരുത്തിയത്. ഐക്യരാഷ്ട്ര ജനറൽ അസംബ്ലിയിൽ പലസ്തീൻ നിലപാടിനെ പിന്തുണച്ചുകൊണ്ട് അവതരിപ്പിക്കുന്ന പ്രമേയങ്ങളിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. കൂടാതെ, ഇസ്രയേലിലേക്ക് ഇന്ത്യ കയറ്റി അയക്കുന്ന ആയുധങ്ങൾ ഗാസ യുദ്ധത്തിനുവേണ്ടി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യ – ഇസ്രയേൽ – യു.എസ് – യുഎഇ (ഐ2 യു2) സഖ്യവും, ഇന്ത്യ – മിഡിൽ ഈസ്റ്റ് – യൂറോപ്പ് സാമ്പത്തിക ഇടനാഴിയും (ഐഎംഇസി) പശ്ചിമേഷ്യയിൽ ഇന്ത്യയുടെ വിദേശ നയത്തെ അമേരിക്കയുമായി ചേർത്തു നിർത്താൻ സൃഷ്ടിക്കപ്പെട്ട രണ്ട് ഗ്രൂപ്പുകളാണ്. അതേസമയം, ബ്രിക്സിലും എസ്.സി.ഒയിലും ഉള്ള ഇന്ത്യയുടെ അംഗത്വം ലോകത്തിലെ ബഹുധ്രുവാത്മകതയുടെ വളർച്ചയെപ്പറ്റിയുള്ള തിരിച്ചറിവുമാണ്. വളർന്നുകൊണ്ടിരിക്കുന്ന ബഹുധ്രുവത നൽകുന്ന എല്ലാ സാധ്യതകളേയും പ്രയോജനപ്പെടുത്തുന്നതിൽ ഇന്ത്യക്ക് തടസ്സം നിൽക്കുന്നത് അമേരിക്കയുമായുള്ള തന്ത്രപരമായ ബന്ധങ്ങളാണ്.
വിദ്യാഭ്യാസ ലഭ്യത ചുരുങ്ങുന്നു
2.40 കഴിഞ്ഞ 3 വർഷത്തിനിടയിൽ ഏറ്റവുമധികം ആഘാതമേറ്റിരിക്കുന്നത് വിദ്യാഭ്യാസത്തിനാണ്. വിദ്യാഭ്യാസ ലഭ്യത കുറയുന്നതാണ് ഈ ആക്രമണത്തിന്റെ നിർണ്ണായകമായ സവിശേഷത.‘ലാഭകരമല്ലെ’ന്ന പേരിൽ ആയിരക്കണക്കിന് ഗവൺമെന്റ് സ്കൂളുകൾ അടച്ചിടുന്നു. അയൽപക്കത്ത് സ്കൂളുകൾ ആരംഭിക്കണമെന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ നിബന്ധനക്ക് നേർ വിപരീതമാണിത്. കേരളത്തെപ്പോലുള്ള ചില അപവാദങ്ങൾ മാറ്റിനിർത്തിയാൽ, സ്വകാര്യവൽക്കരണ നീക്കങ്ങൾ ഗവൺമെന്റ് സ്കൂളുകളിൽ നിന്ന് സ്വകാര്യ സ്കൂളുകളിലേക്കുള്ള വൻതോതിലുള്ള ഒഴിച്ചുപോക്കാണ് കാണിക്കുന്നത്. ഇതേ നയം തന്നെയാണ് കോളേജുകളിലും സ്വീകരിക്കുന്നത്. ഇതിന്റെ ഫലമായി കോളേജുകളിലെ കൊഴിഞ്ഞുപോക്കിന്റെ തോത് വൻതോതിൽ വർദ്ധിച്ചിരിക്കുകയാണ്. സാമൂഹ്യ മേഖലയിൽ ധനസഹായം നിഷേധിക്കലും, വെട്ടിക്കുറയ്ക്കലും വഴി ചെലവുകൾ ചുരുക്കുന്നതിനുള്ള ഗവൺമെന്റിന്റെ നീക്കങ്ങൾ ദോഷകരമായ ഈ പ്രവണതകൾക്കുള്ള പ്രധാന ഘടകമാണ്. കോവിഡ് മഹാമാരിക്ക് ശേഷം ദീർഘകാലത്തേക്ക് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടത് ഈ പുതിയ നയസമീപനത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.
2.41 സയൻസ്, ശാസ്ത്രബോധം, യുക്തിചിന്ത എന്നിവയുടെ നേരെയുള്ള ആക്രമണമാണ് മറ്റൊരു പ്രധാന ഘടകം. അമിതാധികാര – ഫാസിസ്റ്റ് തത്വങ്ങളിലേക്കുള്ള നീക്കങ്ങളുടെ മുഖമുദ്ര എന്ന നിലയിൽ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ഉള്ളടക്കത്തെ പ്രോത്സാഹിപ്പിക്കുന്നു. ഈ ദിശാ നിർണ്ണയം വർഗീയവും, സ്വത്വാധിഷ്ഠിതവുമായ വിദ്വേഷ പ്രകടനങ്ങളെ ശക്തിപ്പെടുത്തുന്നു. കൂടാതെ, റിപ്പബ്ലിക്കിന്റേയും, അതിലെ പൗരരുടേയും ജനാധിപത്യപരവും മതനിരപേക്ഷവുമായ വ്യക്തിത്വങ്ങളെ ഹിന്ദുത്വ കേന്ദ്രിത രീതികളിൽ പുനർനിർവചിക്കുന്നു. പ്രത്യേക നയ സമീപന സമിതികളുടെയും സ്ഥാപനങ്ങളുടെയും പിടിച്ചെടുക്കലുകളിൽ അവിടെ നടത്തുന്ന നിയമങ്ങളിലും ഈ മാറ്റം പ്രകടമാണ്. ഇത് സർവ്വകലാശാലകളിലേക്കും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കൂടി വ്യാപിക്കുന്നു.
2.42 ഗവൺമെന്റ് ധനസഹായം പിൻവലിക്കുന്നതോടെ സൃഷ്ടിക്കപ്പെടുന്ന വൻതോതിലുള്ള വിഭവപരമായ വിടവ് ലാഭത്തിനുള്ള വ്യാപകമായ കോർപറേറ്റ് മുതൽമുടക്കു വഴിയാണ് നികത്തുന്നത്. ഇതിന്റെ ഫലമായി അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള മുഖാമുഖങ്ങൾക്ക് ഓൺലൈൻ പഠനം ബദലായി മാറുന്നു. വിദ്യാഭ്യാസ കോർപറേറ്റുകൾ സൃഷ്ടിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ കാരുണ്യത്തിനായി വിദ്യാഭ്യാസ പ്രക്രിയയെ മാറ്റുകയാണ്.
2.43 ദേശീയ വിദ്യാഭ്യാസനയം 2020 ന്റെ നിർവഹണം ഈ മേഖലകളുടെ മാനേജ്മെന്റിന്റെ അമിത കേന്ദ്രീകരണത്തിലേക്ക് നയിക്കുകയും ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കുകയും ചെയ്യുന്നു. കേന്ദ്രീകരണത്തിന്റെ മുഖ്യഘടകം ചാൻസലർ പദവികളുടെ ദുരുപയോഗമാണ്. ഭരണഘടനാ രീതികൾക്ക് വിരുദ്ധമായി കേന്ദ്ര ഗവൺമെന്റ് അജൻഡ നടപ്പിലാക്കുന്ന ഉപകരണങ്ങളായാണ് ഗവർണർമാർ പ്രവർത്തിക്കുന്നത്. യുജിസിയുടെ കരട് മാർഗരേഖ സംസ്ഥാന സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരെ തെരഞ്ഞെടുക്കാനുള്ള ചുമതല ചാൻസലർക്ക് നൽകണമെന്നാണ് അനുശാസിക്കുന്നത്. കൂടാതെ പല സംസ്ഥാനങ്ങളിലും കോളേജുകളിലും സർവ്വകലാശാലകളിലും വിദ്യാർത്ഥി യൂണിയനുകൾക്ക് അനുവാദമില്ല.
ആരോഗ്യ സംവിധാനത്തിന്റെ
സ്വകാര്യവൽക്കരണം
2.44 അടുത്തകാലത്തായി പൊതുജനാരോഗ്യ രംഗത്ത് നിരവധി പ്രതികൂല സാഹചര്യങ്ങളാണ് ഇന്ത്യക്ക് നേരിടേണ്ടി വരുന്നത്. എല്ലാ പ്രധാന സമ്പദ്ഘടനകളിലും ആരോഗ്യത്തിനുള്ള ധനവിനിമയത്തിൽ ഇപ്പോൾ തന്നെ നിലവിലുള്ള വളരെ കുറഞ്ഞ പൊതുവായ വിഹിതം വീണ്ടും വെട്ടിക്കുറച്ചിരിക്കുകയാണ്. ചികിത്സാച്ചെലവുകൾ സ്വന്തം കീശയിൽ നിന്ന് വഹിക്കേണ്ട ഭാരം വർദ്ധിച്ചിരിക്കുന്നു. ആരോഗ്യ രംഗത്തെ കോർപറേറ്റ് വൽക്കരണം ആരോഗ്യ പരിപാലനത്തിലും മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള ലാഭം കൊയ്യലും അവിശ്വസനീയമാം വിധം വർദ്ധിച്ചിരിക്കുകയാണ്. പൊതു ഖജനാവിൽനിന്ന് മുതൽമുടക്കുന്ന സ്വകാര്യ പരിരക്ഷയ്ക്ക് പിഎംജെഎവൈ പോലുള്ള ഇൻഷ്യൂറൻസ് പദ്ധതികൾ വഴി പൊതു അംഗീകാരം നേടിയിരിക്കുന്നു. അത് അഴിമതിയെ സ്ഥാപനവൽക്കരിക്കുകയും ചെയ്യുന്നു. അതേ സമയം അത് പൊതുമേഖലാ ആരോഗ്യ പരിപാലന സംവിധാനവും സേവനങ്ങളും ദുർബലപ്പെടുത്തുന്നു. പൊതുമേഖലാ മരുന്നുൽപ്പാദനവും ആരോഗ്യ സാങ്കേതികവിദ്യാ മേഖലയും ക്രമാനുഗതമായി ദുർബലമാവുകയാണ്. വളരെ മോശപ്പെട്ട നിലയിൽ നിയന്ത്രിക്കപ്പെടുന്ന കോർപ്പറേറ്റ് ശൃംഖലകൾക്ക് കുത്തകാവകാശം ലഭിച്ചിരിക്കുന്നു. വാക്സിനുകളടക്കം ഗവേഷണ വികസന മേഖല സ്വകാര്യ മേഖലയിലെ ശിങ്കിടി മുതലാളിമാർക്ക് കൈമാറിയിരിക്കുകയാണ്. ഗിഗ് സമ്പദ്ഘടനയിലടക്കം തൊഴിൽ ജന്യമായുള്ള ആരോഗ്യപരമായ വെല്ലുവിളികൾ വർദ്ധിച്ചുവരികയാണ്. ഡിജിറ്റൽ സാങ്കേതിക വിദ്യയും ബന്ധപ്പെട്ട സാങ്കേതിക കേന്ദ്രിത മാറ്റങ്ങളും അധഃസ്ഥിത വിഭാഗങ്ങളെ കൂടുതൽ പുറന്തള്ളുകയാണ്. ദരിദ്രർക്കുള്ള ജനകീയാരോഗ്യ സംവിധാനങ്ങളുടെ ഫലപ്രാപ്തി മോശമാവുകയാണ്. പൊതുജനാരോഗ്യ സംവിധാനം തന്നെ അതിവേഗം തകരുകയാണ്. കോവിഡ് മഹാമാരിയുടെ കാലത്ത് ഇന്ത്യക്കുണ്ടായ ദുരന്താനുഭവങ്ങളുള്ളപ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്. രാഷ്ട്രത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ പാപ്പരത്തം അന്നുതന്നെ പുറത്തുവന്നിരുന്നു.
2.45 ആരോഗ്യം ഒരു സംസ്ഥാന വിഷയമാണ്. കേന്ദ്ര സർക്കാർ ധനകാര്യഫെഡറലിസം അട്ടിമറിക്കുന്നതു വഴി പൊതുജനാരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന സംസ്ഥാനങ്ങൾക്ക് വിലങ്ങുതടി സൃഷ്ടിക്കുകയാണ്. ആരോഗ്യ നിലവാരത്തെയും ആരോഗ്യ പരിപാലനത്തെയും കുറിച്ച് തെറ്റായ അവകാശവാദങ്ങളും പ്രചരണവുമാണ് ബി.ജെ.പി ഗവൺമെന്റ് നടത്തുന്നത്. ഇവയ്ക്ക് ആധികാരികത തേടാനുള്ള എല്ലാ വഴികളും അടയ്ക്കുകയും ചെയ്യുന്നു. വളരെ ആവശ്യമുള്ള നിശ്ചിതകാലയളവിലുള്ള ആരോഗ്യ സർവേകളെ ദുഷിപ്പിക്കുകയും വിട്ടുവീഴ്ചകൾ നടത്തുകയും ചെയ്യുന്നു. ഔഷധ നിർമാണ മേഖലയിൽ കോർപ്പറേറ്റുകൾക്ക് വൻ ലാഭം ഉണ്ടാക്കുന്നതിനു സഹായിക്കുന്ന നയങ്ങൾ ഗവൺമെന്റ് പിന്തുടരുന്നു. അതിനുവേണ്ടി അത്യാവശ്യമുള്ളതും പേറ്റന്റില്ലാത്തതുമായ ഔഷധങ്ങളുടെ വില വൻതോതിൽ വർദ്ധിപ്പിക്കാൻ അനുവാദം നൽകുന്നു. പേറ്റന്റുള്ള ഔഷധങ്ങൾക്ക് ബഹുരാഷ്ട്ര കമ്പനികൾ ഈടാക്കുന്ന ഭീമമായ വിലയെ ഗവൺമെന്റ് എതിർക്കുന്നുമില്ല. ആരോഗ്യം ജനങ്ങളുടെ അവകാശമാക്കുന്നതിനുള്ള സമരവും പൊതു മുതൽമുടക്കോടുകൂടിയ ആരോഗ്യ പരിപാലനം സാർവത്രികമായി ലഭ്യമാക്കുന്നതിനുള്ള സമരവും ബദൽ നയങ്ങളുടെ ഭാഗമായി മുന്നോട്ടു കൊണ്ടു പോകണം.
സംസ്കാരത്തിനു
നേരെയുള്ള ആക്രമണം
2.46 ആർ.എസ്.എസ് അവരുടെ ആളുകളെ കടത്തിവിട്ടുകൊണ്ട് സാംസ്കാരിക സ്ഥാപനങ്ങളിലും ഗവേഷണ സ്ഥാപനങ്ങളിലുമുള്ള അവരുടെ സ്വാധീനം വർദ്ധിപ്പിച്ചിരിക്കുന്നു. അവർ വർഗീയ നിലപാടിൽ നിന്ന് ഇന്ത്യാ ചരിത്രം തിരുത്തിയെഴുതാനും ഐതിഹ്യങ്ങളെ യഥാർത്ഥ ചരിത്രമായി അവതരിപ്പിക്കാനും ശ്രമിക്കുന്നു. ഇന്ത്യാചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും അഹിന്ദുക്കളുടെ സംഭാവനകൾ കുറച്ചുകാണിക്കുകയും നിഷേധിക്കുകയും ചെയ്യുന്നു. സാമൂഹ്യ പരിഷ്കരണങ്ങളുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും മതനിരപേക്ഷവും പുരോഗമനപരവുമായ പൈതൃകത്തെ താറടിച്ച് അവതരിപ്പിക്കുന്നു. വ്യാജ ആഖ്യാനങ്ങൾ ഉപയോഗിച്ച് മിഥ്യാഭിമാനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഹിന്ദുത്വ വർഗീയ അജൻഡ വിജയിക്കുന്നത് ജനതയുടെ പൊതുബോധത്തിന്റെ ഭാഗമായി അത് മാറുമ്പോഴാണ്. അതിനായി ജന സംസ്കൃതി വഴിയുള്ള പ്രചാരണം നിർണായകമാണ്. അതിനായി സിനിമാ വ്യവസായം, ടെലിവിഷൻ ചാനലുകൾ, ഒ.ടി.ടി പ്ലാറ്റ് ഫോമുകൾ, ഏറ്റവും അവസാനമായി വരേണ്യകലാരൂപങ്ങൾ എന്നിവയിലേക്ക് നുഴഞ്ഞുകയറാൻ തുടർച്ചയായി അവർ ശ്രമിക്കുന്നു. പ്രാദേശികവും തദ്ദേശീയ മതാചാര പ്രകാരമുള്ളതുമായ ഉത്സവങ്ങളെ അഖിലേന്ത്യാ തലത്തിൽ അവതരിപ്പിക്കുന്നത് ഇത്തരത്തിൽ ഏകീഭാവമുള്ള ഒരു ഹിന്ദു സ്വത്വം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. യുക്തിക്കും യുക്തിചിന്തക്കുമെതിരായ ആക്രമണങ്ങളും ഇതിനോടൊപ്പം തുടരുന്നു. വിജ്ഞാന നിഷേധം അന്ധവിശ്വാസങ്ങൾ, ഫ്യൂഡൽ മൂല്യങ്ങൾ, പുരുഷ മേധാവിത്വം, സ്ത്രീ വിദേ-്വഷം, ജാതി വിശുദ്ധിയെയും അയിത്തത്തെയും കുറിച്ചുള്ള ആശയങ്ങൾ തുടങ്ങിയവ ഹിന്ദുത്വ വർഗീയ പ്രത്യയശാസ്ത്രം പടർന്നു പന്തലിക്കുന്ന മണ്ണാണ്. യുക്തിരഹിതവും ശാസ്ത്രവിരുദ്ധവുമായ സിദ്ധാന്തങ്ങളും വ്യവഹാരങ്ങളും ഇപ്പോൾ ഭരണകൂടത്തിന്റെ പിന്തുണയോടെ സാംസ്കാരിക – ധൈഷണിക സ്ഥാപനങ്ങൾ വഴി പ്രോത്സാഹിപ്പിക്കപ്പെടുന്നു. സാംസ്കാരിക മേഖലയിൽ ഹിന്ദുത്വ അജൻഡയെ നേരിടുന്നതിന് എല്ലാ മതനിരപേക്ഷ – പുരോഗമന സാംസ്കാരിക ഗ്രൂപ്പുകളുടെയും സ്ഥാപനങ്ങളുടെയും സുസ്ഥിരമായ, കൂട്ടായ ശ്രമം ആവശ്യമാണ്.
മാധ്യമങ്ങൾ പിടിച്ചെടുക്കപ്പെടുന്നു
2.47 ചില അപവാദങ്ങൾ മാറ്റിനിർത്തിയാൽ മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഭരണകക്ഷികളുടെയും കേന്ദ്ര ഗവൺമെന്റിന്റെയും നിയന്ത്രണത്തിലേക്ക് വന്നിരിക്കുകയാണ്. കോർപറേറ്റ് മാധ്യമങ്ങളുടെ ഉടമകൾ ഗവൺമെന്റിനോടൊപ്പം അണിനിരന്നിരിക്കുന്നു. അവരുടെ ടെലിവിഷൻ ചാനലുകൾ വർഗീയ പ്രചരണം നടത്തുന്നു. സ്വതന്ത്ര മാധ്യമങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ഭീഷണികളെ നേരിടുകയാണ്. പൊലീസും കേന്ദ്ര ഏജൻസികളും ചേർന്ന് ന്യൂസ് ക്ലിക്കിനെതിരായി നടത്തിയ ആക്രമണം ഒരു മുന്നറിയിപ്പായിരുന്നു. മാധ്യമങ്ങളെ നിയന്ത്രിക്കാനും സെൻസർ ചെയ്യാനും തുടർച്ചയായ ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനുവേണ്ടി കൊണ്ടുവന്ന ഐ.ടി നിയമ ഭേദഗതി 2023 ലെ ചില നിബന്ധനകൾ ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തു. 2024 ലെ പത്ര സ്വാതന്ത്ര്യ സൂചിക അനുസരിച്ച് 180 രാഷ്ട്രങ്ങളിൽ 159 –ാ മത്തെ സ്ഥാനത്താണ് ഇന്ത്യ.
സ്ത്രീകൾ: ബി.ജെ.പി
ഭരണത്തിൻ കീഴിലെ
ദുർഘടാവസ്ഥ
2.48 പാർലമെന്റിൽ സ്ത്രീ സംവരണ ബിൽ അംഗീകരിക്കുകയും അതിന്റെ നിർവഹണം അനിശ്ചിത കാലത്തേക്ക് നീട്ടിക്കൊണ്ടുപോവുകയും ചെയ്ത നാടകത്തിലൂടെ മോദി ഗവൺമെന്റ് ഇന്ത്യൻ സ്ത്രീകളെ വഞ്ചിച്ചിരിക്കുകയാണ്. ഏറെ വൈകിയ സെൻസസ്സുമായും നീണ്ടുപോയ ഡീലിമിറ്റേഷൻ പ്രക്രിയയുമായും ഈ നിയമത്തെ തെറ്റായും അനാവശ്യമായും ബന്ധിപ്പിച്ചാണ് ഈ നാടകം നടത്തിയത്. ഇതിന്റെ ഫലമായി ഇന്ത്യയിലെ അസംബ്ലികളിലും പാർലമെന്റിലുമുള്ള സ്ത്രീകളുടെ എണ്ണം ഈ പ്രദേശത്തെ ഏറ്റവും കുറഞ്ഞ സംഖ്യകളിൽ ഒന്നാണ്.
2.49 ഈ കാലയളവിൽ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിൽ 1000 – 1500 രൂപ വരെ നിക്ഷേപിക്കുന്ന ഒരു ധന വിനിമയ പദ്ധതി വഴി പല സംസ്ഥാന ഗവൺമെന്റുകളും സ്ത്രീകളുടെ പിന്തുണ നേടാൻ ശ്രമം നടത്തി. ശരാശരി സ്ത്രീകളുടെ സാമ്പത്തിക ദുരിതങ്ങൾ അത്രയ്ക്ക് ഭീകരമായതുകൊണ്ട് ഇത്തരം ചെറിയ സംഖ്യപോലും അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുകയും വോട്ടിങ് രീതികളെ രാഷ്ട്രീയമായി സ്വാധീനിക്കുകയും ചെയ്യും. സാധാരണ സ്ത്രീകൾക്കിടയിൽ ഇത്തരം പദ്ധതികൾക്കു ലഭിക്കുന്ന ഗുണപരമായ പ്രതികരണത്തെക്കുറിച്ച് മനസ്സിലാക്കി വേണം നാം ഇടപെടേണ്ടത്. ബി.ജെ.പി യുടെ സമീപനം സ്ത്രീകളെ ഭരണഘടനാപരമായി തുല്യ പൗരത്വാവകാശമുള്ളവർ എന്ന നിലയിൽ നിന്ന് ഇത്തരം പദ്ധതികളെ ആശ്രയിക്കുന്ന വെറും ‘ഗുണഭോക്താ’ക്കളാക്കി മാറ്റുകയാണ്. ഇത്തരം പദ്ധതികൾ ലഭ്യമാക്കാൻ സ്ത്രീകളെ സഹായിക്കുന്നതിനോടൊപ്പം സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി നടത്തുന്ന പോരാട്ടങ്ങളെ ശക്തിപ്പെടുത്തുകയും വേണം. അവരുടെ കുടുംബത്തിന്റെ നിലനിൽപ്പിനാധാരമായ തൊഴിലിനു ലഭിക്കുന്ന അംഗീകാരവും അതിൽ പ്രധാനമാണ്.
2.50 ഏറ്റവും ക്രൂരമായ യാഥാർത്ഥ്യം ഇന്ത്യയിലെ സ്ത്രീകൾ നടത്തുന്ന വൻതോതിലുള്ള കൂലിയില്ലാത്ത അധ്വാനമാണ്. ഇതിൽ ഗാർഹിക തൊഴിലും കുടുംബത്തിന്റെ ഭൂമിയിൽ നടത്തുന്ന കാർഷിക ജോലികളും ചെറുകിട സംരംഭങ്ങളിലെ ജോലികളും ഉൾപ്പെടും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സമീപകാലത്തെ ഒരു റിപ്പോർട്ട് അനുസരിച്ച് സ്ത്രീകളുടെ കൂലിയില്ലാത്ത ഗാർഹിക തൊഴിലിന്റെ ജി.ഡി.പി യിലേക്കുള്ള സംഭാവന 22.7 ലക്ഷം കോടി രൂപയാണ്. അതായത് ഇന്ത്യയുടെ ജി.ഡി.പിയുടെ 7.5 ശതമാനം വരുമത്. വിലക്കയറ്റം, സ്ത്രീ തൊഴിലില്ലായ്മയുടെ വർദ്ധിച്ച തോത്, തൊഴിലുറപ്പ് പദ്ധതിക്കു നൽകുന്ന ധനസഹായം വെട്ടിക്കുറയ്ക്കൽ, ഇവയുടെ ഫലമായി ഉണ്ടാകുന്ന തൊഴിൽ ദിനങ്ങളുടെ കുറവ് എന്നിവ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ദുരന്തഫലങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. അവർ വൻ പലിശ നിരക്കിൽ വായ്പ നൽകുന്നവരും ദുരാഗ്രഹികളുമായ പണമിടപാടുകാരുടെ ആശ്രിതരായി കടക്കെണിയിലകപ്പെടുകയും ചെയ്യുന്നു.
2.51 മോദി ഗവൺമെന്റിന്റെ കഴിഞ്ഞ ഒരു ദശകത്തിനിടയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ 28 ശതമാനം കണ്ട് വർദ്ധിച്ചിട്ടുണ്ട്. എൻ.സി.ആർ.ബി റിപ്പോർട്ടനുസരിച്ച് 2022 ൽ ഓരോ മണിക്കൂറും സ്ത്രീകൾക്കെതിരെ ശരാശരി 50 കുറ്റകൃത്യങ്ങൾ നടത്തപ്പെടുന്നു. ഓരോ ദിവസവും 88 സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു. ഇവരിൽ 11 പേർ ദളിത് സ്ത്രീകളാണ്. എന്നാൽ ശിക്ഷ വിധിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണ്. 100 ബലാത്സംഗ കേസുകളിൽ 75 ലും കുറ്റം ചുമത്തപ്പെടുന്നവർ മോചിപ്പിക്കപ്പെടുകയാണ്. വനിതാ ഗുസ്തിതാരങ്ങളുടെ കേസുപോലെയുള്ള പ്രശസ്തമായ കേസുകളിൽ ബി.ജെ.പി ഗവൺമെന്റു തന്നെ കുറ്റവാളികളെ ന്യായീകരിക്കുകയായിരുന്നു. ബിജെപിയുടെ ഭരണത്തിലുള്ള ഇന്ത്യ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും അരക്ഷിതാവസ്ഥയിലുള്ള രാജ്യമാണ്.
2.52 പന്ത്രണ്ട് ‘‘ഡബിൾ എൻജിൻ” (ബിജെപി) സംസ്ഥാന ഗവൺമെന്റുകൾ സ്ത്രീകൾക്ക് മറ്റൊരു മതത്തിൽ നിന്ന് പങ്കാളിയെ സ്വീകരിക്കുന്നതിനുള്ള അവകാശം തടഞ്ഞുകൊണ്ടുള്ള നിയമങ്ങൾ കൊണ്ടു വന്നു. ഉത്തരാഖണ്ഡിൽ അംഗീകരിക്കപ്പെട്ടതും ബി.ജെ.പി ഒരു മാതൃകയായി അവതരിപ്പിക്കുന്നതുമായ ഏക സിവിൽ കോഡ് പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം, അതായത് സഹജീവിത ബന്ധങ്ങൾ ക്രിമിനൽ കുറ്റമാക്കുന്നു. ഇത് എങ്ങനെയാണ് സ്വന്തം ജീവിതം നയിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് പ്രായപൂർത്തിയായ സ്ത്രീയുടെ അടിസ്ഥാന മൗലികാവകാശത്തെ ചോദ്യംചെയ്യുന്നതാണ്. ബി.ജെ.പി വീണ്ടും ഊന്നുന്നത് ഗോത്ര സമൂഹങ്ങളെ സിവിൽ കോഡിൽ ഉൾപ്പെടുത്തുകയില്ലെന്നതാണ്. സിവിൽ കോഡിന്റെ ഉപയോഗം മുസ്ലിം സമുദായത്തിനെതിരെയാണെന്ന് ഇതിൽ നിന്നും തെളിയുന്നു. ബി.ജെ.പി സ്വന്തം ആശയ സംഹിത പ്രകാരവും അതിന്റെ പ്രയോഗത്തിലും സ്ത്രീകളുടെ അവകാശങ്ങൾക്കെതിരാണ്. ഇതു രണ്ടിലും അവർ പ്രോത്സാഹിപ്പിക്കുന്നത് പുരുഷ മേധാവിത്വത്തെയാണ്.
യുവജനങ്ങൾ:
നിറവേറാത്ത പ്രതീക്ഷകൾ
2.53 ജനസംഖ്യയുടെ 65 ശതമാനം വരുന്ന യുവജനങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും എങ്ങനെയാണ് നിറവേറ്റപ്പെടുന്നത് എന്നതാണ് രാഷ്ട്രത്തിന്റെ ഭാവി ദിശ നിർണയിക്കുന്നത്. അടിസ്ഥാന വിദ്യാഭ്യാസം മാത്രം നേടുന്ന വളരെ വലിയൊരു വിഭാഗം യുവജനങ്ങൾക്ക് തൊഴിൽ അവസരങ്ങളുടെയും മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിനുള്ള അവരുടെ അഭിലാഷങ്ങൾ സാധ്യമാക്കുന്ന ഗുണനിലവാരമുള്ള തൊഴിലുകളുടെയും അഭാവം കൊണ്ട് ഭാവി സാധ്യതകൾ മങ്ങിയതായി അനുഭവപ്പെടുന്നു. തെറ്റായ രീതിയിൽ സിവിൽ സർവീസ് പരീക്ഷ നടത്തുന്നതിനും ചോദ്യപേപ്പർ ചോർച്ചയ്ക്കും എതിരെ വിദ്യാസമ്പന്നരായ യുവജനങ്ങളുടെ വൻ പ്രക്ഷോഭങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ കണ്ടു. അഗ്നിവീർ പദ്ധതി കാരണം സൈന്യങ്ങളിൽ സ്ഥിര സേവനം നിഷേധിക്കുന്നതിനെതിരെ പതിനായിരക്കണക്കിനാളുകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. താഴെ തട്ടിലെ ഗവൺമെന്റ് – പൊതുമേഖലാ തൊഴിലുകൾ ലഭിക്കുന്നതിൽ കേന്ദ്രീകരിക്കുന്നത് മറ്റു മേഖലകളിൽ തൊഴിൽ ലഭിക്കുന്നതിനുള്ള സാധ്യതകൾ കുറവായതുകൊണ്ടാണ്. മിക്കവാറും തൊഴിലുകളും വരുമാനവും സാമൂഹ്യ സുരക്ഷയുമില്ലാത്ത അനൗപചാരിക മേഖയിലാണ്. മിക്കവാറും യുവജനങ്ങൾക്കും ലഭിക്കുന്ന വിദ്യാഭ്യാസവും ഇടത്തരം നിലവാരമുള്ളതാണ്. അത് അവരെ ഗുണപരമായ ഏതെങ്കിലും തൊഴിലോ ജീവിത വൃത്തിയോ ലഭിക്കുന്നതിന് പ്രാപ്തരാക്കുന്നില്ല.
2.54 യുവതലമുറയുടെ സാമൂഹ്യവും സാംസ്കാരികവുമായ ജീവിതത്തിലും ഒരു ശൂന്യതയുണ്ട്. ആരോഗ്യകരവും പുരോഗമനപരവുമായ സാമൂഹ്യ സാംസ്കാരിക മൂല്യങ്ങൾക്ക് പകരം, വാണിജ്യ – ഉപഭോക്തൃ സ്വഭാവമുള്ളതും വ്യക്തി കേന്ദ്രീകൃതവുമായ മൂല്യങ്ങളാണ് അവരെ പഠിപ്പിക്കുന്നത്. ഹിന്ദുത്വ വാഴ്ചയിൽ തീവ്ര വർഗീയതയും വിഭാഗീയതയും അവരിൽ കുത്തിച്ചെലുത്തപ്പെടുന്നു. യുവജനങ്ങൾക്ക് മികവുറ്റ വിദ്യാഭ്യാസം നൽകണമെന്ന ആവശ്യം നിറവേറ്റുന്നതിന് ഗുണമേന്മയുള്ള തൊഴിൽ ഉറപ്പുനൽകുന്നതും, സഫലമായ സാമൂഹ്യവും സാംസ്കാരികവുമായ ജീവിതം സാധ്യമാക്കുന്നതുമായ ഒരു ബദൽ പ്രവർത്തന പദ്ധതി നൽകേണ്ടതുണ്ട്. അത്തരത്തിലുള്ള രാഷ്ട്രീയവേദി രൂപപ്പെടുത്തുന്നതിനോടൊപ്പം സമൂഹത്തിൽ അടിസ്ഥാന പരിവർത്തനം കൊണ്ടുവരുന്ന സോഷ്യലിസ്റ്റ് ആദർശത്തെ യുവാക്കളുടെ മുമ്പിൽ അവതരിപ്പിക്കണം.
ദളിതർ: സാഹചര്യങ്ങൾ
വഷളായി വരുന്നു
2.55 ആർ.എസ്.എസ് – ബി.ജെ.പി ഹിന്ദുത്വ ശക്തികൾ സനാതന ധർമ്മത്തിന്റെ മേലങ്കിയണിയിച്ച് മനുസ്മൃതിയിലെ ആശയങ്ങളാണ് പ്രചരിപ്പിക്കുന്നത്. അവർ ജാതിയുടെ ശ്രേണീബദ്ധതയെ നിലനിർത്തിക്കൊണ്ടു തന്നെ ജാതി സ്വത്വങ്ങളെ കൈകാര്യം ചെയ്ത് ദളിതരെയും പുറന്തള്ളപ്പെട്ട ജാതികളെയും ഹിന്ദുത്വ ചട്ടക്കൂടിൽ ഉൾപ്പെടുത്താനാണ് ശ്രമിക്കുന്നത്. മർദ്ദിത ജാതികളെ വിഭജിക്കുന്നതിനായി ഉപജാതി സ്വത്വങ്ങളെ ഉപയോഗിക്കുകയും സ്വന്തം സ്വാധീനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇവരുടെ തന്ത്രത്തിൽ ഉൾപ്പെട്ട ഘടകം മർദ്ദിത ജാതി സമുദായങ്ങളെ വർഗീയമായ രീതിയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ഉപയോഗിക്കാനുള്ള നീക്കങ്ങളാണ്. ഈ അടവുകളെ പ്രതിരോധിക്കുന്നതിന് ജാതി വ്യവസ്ഥയ്ക്കും ജാതിബദ്ധമായ അടിച്ചമർത്തലിനെതിരായും സാമൂഹ്യനീതിക്കുവേണ്ടിയും സാമൂഹ്യ പരിഷ്കാരങ്ങളെ പിന്നോട്ട് തിരിച്ചുവിടാനുള്ള നീക്കങ്ങളെ തടയുന്നതിനുമുള്ള വൻതോതിലുള്ള സംഘാടനം ആവശ്യമാണ്.
2.56 ബി.ജെ.പി – ഹിന്ദുത്വ ശക്തികൾ സൃഷ്ടിക്കുന്ന മനുസ്മൃതിയുടെ സ്വാധീനത്തിലുള്ള സാഹചര്യങ്ങളിലാണ് ജാതി സംബന്ധമായ അതിക്രമങ്ങൾ നടക്കുന്നത്. എൻ.സി.ആർ.ബി കണക്കുകൾ കാണിക്കുന്നത് പട്ടികജാതിക്കാർക്കെതിരായ കുറ്റകൃത്യങ്ങൾ 2021 നും 2022 നും ഇടയിൽ 13 ശതമാനം വർദ്ധിച്ചു എന്നാണ്. ഇവയിൽ 26 ശതമാനം കേസുകൾ ഉത്തർപ്രദേശിലും 15 ശതമാനം കേസുകൾ രാജസ്ഥാനിലും 14 ശതമാനം മദ്ധ്യപ്രദേശിലുമാണ്.
2.57 മോദി ഗവൺമെന്റിന്റെ കീഴിൽ സ്വകാര്യവൽക്കരണത്തിന്റെ വേഗതയിലെ വർദ്ധന, സ്വകാര്യ മേഖലയിൽ സംവരണത്തിന്റെ അഭാവം, തൊഴിലുകളുടെ അനൗപചാരികവൽക്കരണം എന്നിവ സംവരണത്തിനുള്ള ഭരണഘടനാപരമായ അനുശാസനത്തെ ദുർബലപ്പെടുത്തുന്നു. 2022 ൽ പട്ടികജാതിക്കാരിലെ തൊഴിലില്ലായ്മ നിരക്ക് 8.4 ശതമാനമായിരുന്നു. പട്ടികജാതിക്കാരിലെ 84 ശതമാനം പേർക്കും അനൗപചാരിക തൊഴിലുകളാണ് ലഭിക്കുന്നത്. എല്ലാ ഗ്രൂപ്പുകളിലെയും ഏറ്റവും ഉയർന്ന നിരക്കാണിത്. മോദി ഗവൺമെന്റ് പ്രത്യേക ഘടക പദ്ധതികൾ ഇല്ലാതാക്കി. 2019 നും 2024 നും ഇടയിൽ പട്ടികജാതികൾക്ക് കേന്ദ്ര പദ്ധതികളിൽ നിന്ന് 10.6 ശതമാനം മാത്രമാണ് വകയിരുത്തിയത്. അനുശാസിക്കപ്പെട്ട 15 ശതമാനത്തെക്കാൾ വളരെ കുറവാണിത്. അതിൽ 3.3 ശതമാനം മാത്രമാണ് 80 ശതമാനം ഉപയോഗിക്കപ്പെട്ട ലക്ഷ്യനിർണയത്തോടെയുള്ള പദ്ധതികൾക്ക് നൽകിയത്. മൊത്തത്തിൽ ഈ കാലയളവിൽ ദളിതരുടെ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങൾ താഴേക്ക് കൂപ്പുകുത്തുകയാണ്.
ആദിവാസികൾക്കുമേലുള്ള
ആക്രമണങ്ങൾ
2.58 ബി.ജെ.പി ഗവൺമെന്റ് പാർലമെന്റിലെ ഭൂരിപക്ഷമുപയോഗിച്ച് വിവിധ നിയമങ്ങൾക്കും ചട്ടങ്ങൾക്കും ഭേദഗതികൾ കൊണ്ടുവന്നു. ഇവ ആദിവാസികൾക്ക് ഇപ്പോഴുള്ള അപര്യാപ്തമായ സുരക്ഷയെപ്പോലും ദോഷകരമായി ബാധിച്ചു. പ്രത്യേകിച്ച് സ്വയംഭരണത്തിനുള്ള അവകാശത്തെ ബാധിച്ചു. വനസംരക്ഷണ നിയമത്തിനും ചട്ടങ്ങൾക്കും വരുത്തിയ ഭേദഗതികളിൽ ‘ഗ്രാമസഭ’ എന്ന വാക്കുവരെ ഒഴിവാക്കിയിരിക്കുന്നു. വനാവകാശ നിയമത്തിനുള്ള ചട്ടങ്ങളുടെ ഭേദഗതികളും ഖനന – ധാതു വികസന നിയമങ്ങളും ആദിവാസികൾ താമസിക്കുന്ന പ്രദേശങ്ങളിൽ രൂപപ്പെടുന്ന പ്രോജക്ടുകൾക്ക് അവരുടെ സ്വതന്ത്രവും അറിവോടുകൂടിയുള്ളതുമായ സമ്മതം വേണമെന്ന അനുശാസനവും എടുത്തുകളഞ്ഞിരിക്കുന്നു. ചില ഭേദഗതികൾ മൈനിംഗ് കമ്പനികൾക്ക് ഗ്രാമസഭയുടെ സമ്മതമില്ലാതെ ഖനന പര്യവേക്ഷണം നടത്താനുള്ള അനുവാദം നൽകിയിരിക്കുന്നു. ആദിവാസികൾ അധിവസിക്കുന്ന ഭൂമി ഏറ്റെടുക്കാൻ വേണ്ടി ഭൂനിയമങ്ങളിൽ വെള്ളം ചേർക്കുകയും ഏറ്റെടുത്ത ഭൂമിക്കുപകരം വേറെ ഭൂമി നൽകണമെന്ന വ്യവസ്ഥ ലംഘിക്കുകയും ചെയ്തിരിക്കുന്നു. ഇവയെല്ലാം ഇത്തരം ദ്രോഹ നടപടികളിൽ ചിലതാണ്. ആദിവാസി ഭൂമി സംരക്ഷിക്കുന്ന ഭരണഘടനയുടെ അഞ്ചും ആറും ഷെഡ്യൂളുകൾക്കും പെസ (PESA) പോലുള്ള നിലവിലുള്ള നിയമങ്ങളുടെയും നിർദ്ദേശങ്ങളുടെയും ലംഘനത്തിന് പുറമെയാണിവയെല്ലാം. വെള്ളം, വനം, ഭൂമി എന്നിവയുടെ മേൽ ആദിവാസികൾക്കുള്ള അടിസ്ഥാന മൗലികാവകാശങ്ങൾ കടുത്ത ആക്രമണങ്ങൾ നേരിടുകയാണ്. ആദിവാസികൾ താമസിക്കുന്ന പ്രദേശങ്ങളിലാണ് രാഷ്ട്രത്തിന്റെ പ്രകൃതിസമ്പത്ത് ഏറ്റവുമധികമുള്ളത്. ഈ പ്രദേശങ്ങളിൽ ആദിവാസികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന ഏതു നിയമപരമായ നിർദ്ദേശവും കോർപറേറ്റ് താല്പര്യങ്ങൾക്ക് എതിരാകും. അതുകൊണ്ട് കോർപറേറ്റുകളും ആദിവാസികളും തമ്മിലുള്ള സംഘർഷത്തിൽ. ഗവൺമെന്റ് വ്യക്തമായും കോർപറേറ്റുകൾക്കൊപ്പമാണ്.
2.59 രാജ്യരക്ഷ, ഖനനം, ഊർജം, ജലസേചനം മുതലായ തന്ത്രപ്രധാനമായ മേഖലകളെല്ലാം സ്വകാര്യവൽക്കരിക്കപ്പെടുമ്പോൾ ശക്തരും തത്വദീക്ഷയില്ലാത്തവരും, നിയന്ത്രണങ്ങൾക്ക് വിധേയരല്ലാത്തവരുമായ സ്വകാര്യകമ്പനികളാണ് വിവിധ പദ്ധതികളുമായി ആദിവാസിമേഖലയിൽ വരുന്നത്. പല ആദിവാസി മേഖലകളിലും സ്വകാര്യ സംരംഭകർ നിയമവിരുദ്ധമായി ഏറ്റെടുത്ത ഭൂമിയിൽ ടൂറിസം പദ്ധതികൾക്ക് ഗവൺമെന്റുകൾ പ്രോത്സാഹനം നൽകുന്നു. സ്വകാര്യവൽക്കരണ നയങ്ങൾ പൊതു ലക്ഷ്യം എന്ന ആശയത്തെ തന്നെ മാറ്റിമറിച്ച് പരസ്യമായ കോർപറേറ്റ് ലക്ഷ്യങ്ങൾക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കുന്നതിനായി പ്രയോജനപ്പെടുത്തുകയാണ്. നിയന്ത്രണങ്ങൾ ഒഴിവാക്കൽ സ്വകാര്യവൽക്കരണ നയത്തിന്റ തുടർച്ചയായി നടപ്പിലാക്കപ്പെടുന്നു. ഇതിന് തൊഴിലുകളുമായും ബന്ധമുണ്ട്. മുമ്പ് ചെയ്തിരുന്നതുപോലെ, സ്വകാര്യകമ്പനികൾ പദ്ധതിമൂലം പുറന്തള്ളപ്പെട്ട കുടുംബങ്ങൾക്ക് തൊഴിലുകൾ നൽകാമെന്ന ഉറപ്പുകൊടുക്കുന്നില്ല. അതായത്, സ്വകാര്യകമ്പനികൾ ഖനനമോ മറ്റേതെങ്കിലും പദ്ധതികളോ ആരംഭിക്കുന്ന പ്രദേശങ്ങളിൽ ഗോത്രഭൂമിയും വനഭൂമിയും ഏറ്റെടുക്കുമ്പോൾ നൽകുന്ന നഷ്ടപരിഹാര പാക്കേജുകളെ സംബന്ധിച്ച നിബന്ധനകൾ കമ്പനികൾ തന്നെ നിർണയിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നവയാണ്. ഖനനത്തിനുമാത്രം 2019 നും 2024 മാർച്ചിനും ഇടയിൽ 18,922 ഹെക്ടർ വനഭൂമിയാണ് കൈമാറ്റം ചെയ്യപ്പെട്ടത്.
2.60 സ്വകാര്യവൽക്കരണ നയങ്ങൾ വിദ്യാഭ്യാസത്തിലും ഗവൺമെന്റ് ജോലിയിലുമുള്ള സംവരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇപ്പോഴുള്ള ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾക്ക് പുറമേയാണിത്. കേന്ദ്ര ഗവൺമെന്റ് ഡിപ്പാർട്ടുമെന്റുകളിലും മറ്റു സ്ഥാപനങ്ങളിലും പട്ടികവർഗ ജീവനക്കാരുടെ എണ്ണം കുറയുകയാണ്. പൊതുമേഖലയിൽ പട്ടികവർഗങ്ങൾക്ക് സംവരണം ചെയ്ത 25000 ജോലികൾ റദ്ദ് ചെയ്തിരിക്കുന്നു. സ്കൂൾ വിദ്യാഭ്യാസത്തിൽ 2018 ലേതിനേക്കാൾ പട്ടികവർഗ അധ്യാപകരുടെ എണ്ണം 35000 കുറഞ്ഞിരിക്കുകയാണ്. കരാർ തൊഴിലുകളിലും പുറംതൊഴിലുകളിലും സംവരണം ഏർപ്പെടുത്താൻ കേന്ദ്ര ഗവൺമെന്റ് വിസമ്മതിച്ചിരിക്കുന്നു.
ഭിന്നശേഷിക്കാരുടെ
ദുരിതങ്ങൾ തുടരുന്നു
2.61 ഇന്ത്യയിലെ ഭിന്നശേഷി ജനസംഖ്യയുടെ ഇപ്പോൾ തന്നെ പരിതാപകരമായ ജീവിതസാഹചര്യങ്ങളുടെമേൽ നവലിബറൽ നയങ്ങൾ കൂടുതൽ ആഘാതമേൽപ്പിച്ചിരിക്കുകയാണ്. ബന്ധപ്പെട്ട വകുപ്പിനും മാനസികാരോഗ്യത്തിനുമുള്ള ബജറ്റ് വകയിരുത്തലുകൾ പല വർഷങ്ങളായി സ്തംഭനാവസ്ഥയിലാണ്. വകയിരുത്തിയ ധനം പോലും ചെലവാക്കപ്പെടാതെ കിടക്കുകയാണ്. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ മുൻനിർത്തിയുള്ള നിയമങ്ങളും നയങ്ങളും നടപ്പിലാക്കുന്നതിന് ഇത്തരം നടപടികൾ തീവ്രമായ തടസ്സം സൃഷ്ടിക്കുന്നു.
പരിസ്ഥിതി ദുരന്തത്തിലേക്ക്
2.62 തുടർച്ചയായി ബി.ജെ.പി ഗവൺമെന്റുകൾക്കു കീഴിൽ ഇന്ത്യക്കാരുടെ പാരിസ്ഥിതികവും അതിനോട് ബന്ധപ്പെട്ടതുമായ ജനങ്ങളുടെ അവകാശങ്ങൾ മുമ്പില്ലാത്ത വിധത്തിൽ ആക്രമണം നേരിടുകയാണ്. ശിങ്കിടി മുതലാളിമാർ, ബഹുരാഷ്ട്രകുത്തകകൾ അടക്കമുള്ള വൻ കോർപറേഷനുകൾ എന്നിവർ പരിസ്ഥിതിലോല പ്രദേശങ്ങളിൽ ഖനനം, പര്യവേക്ഷണം, വിഭവശോഷണം തുടങ്ങിയവ നടത്തുന്ന വ്യവസായങ്ങൾ വ്യാപിപ്പിക്കുകയാണ്. ഇവയിൽ വനഭൂമിയുടെ ഉൾഭാഗം, വന്യമൃഗ സങ്കേതങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഇത്തരം വ്യവസായങ്ങൾ പരിസ്ഥിതി വ്യൂഹങ്ങളെയും ഗോത്രവർഗക്കാർ, വനവാസികൾ, പ്രകൃതിവിഭവങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവർ തുടങ്ങിയവരുടെ ജീവിതങ്ങളെയും ആവാസവ്യവസ്ഥകളെയും ഉപജീവനമാർഗങ്ങളെയും നശിപ്പിക്കുന്നു. വന്യമൃഗ സങ്കേതങ്ങൾ ചുരുങ്ങുന്നതോടെ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങളും വളരുന്നു. ഇത്തരം സംഘർഷങ്ങൾ കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ ആസൂത്രിതവും സമഗ്രവുമായ രീതിയിൽ നടക്കുന്നില്ല. ബിസിനസ് സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനായി ബിജെപിയുടെ ശ്രമങ്ങളിൽ പരിസ്ഥിതിയെ സംബന്ധിച്ച ചട്ടങ്ങളുടെ പൊളിച്ചെഴുത്ത്, സംരക്ഷിത പ്രദേശങ്ങളിൽ വ്യവസായ പ്രോജക്ടുകൾ അനുവദിക്കുക, നിയന്ത്രണ ഏജൻസികളെയും സംവിധാനങ്ങളെയും ദുർബലപ്പെടുത്തുക തുടങ്ങിയവ ഉൾപ്പെടുന്നു. ഗുണമേന്മയുള്ള വനങ്ങൾ വൻതോതിൽ അപ്രത്യക്ഷമാകുന്നു. ഇത് കെട്ടിച്ചമയ്ക്കുന്നതും തെറ്റായതുമായ കണക്കുകൾ കാണിച്ച് ഗവൺമെന്റ് മറച്ചുവെക്കുകയാണ്. വികസനത്തിന്റെയും ടൂറിസത്തിന്റെയും പേരിൽ ദുർബലമായ പശ്ചിമ – പൂർവ ഹിമാലയങ്ങളിൽ നടപ്പിലാക്കുന്ന അതിഭീമമായ പശ്ചാത്തല സൗകര്യങ്ങളുടെയും ജലവൈദ്യുതിയുടെയും റോഡുകളുടെയും പദ്ധതികൾ കടുത്ത വർഷപാതം പോലുള്ള കാലാവസ്ഥാ ആഘാതങ്ങൾ ഇപ്പോൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെല്ലാം ഉരുൾപൊട്ടലുകൾ, ആവർത്തിക്കുന്ന വെള്ളപ്പൊക്കങ്ങൾ പട്ടണങ്ങൾ തകർന്നുപോകൽ തുടങ്ങിയവ വഴി എല്ലാ വർഷവും വൻതോതിൽ ജീവനാശത്തിനും ഉപജീവനമാർഗങ്ങളുടെ നാശത്തിനും ഇടയാക്കുന്നുണ്ട്. അനാസൂത്രിതമായ നഗരവൽക്കരണം പരിസ്ഥിതി പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നു.
2.63 കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം രാജ്യത്തിലെ മുഴുവൻ ജനങ്ങൾക്കും പശ്ചാത്തല സൗകര്യങ്ങൾക്കും ഹാനികരമാകുന്നുണ്ട്. ആരോഗ്യത്തെ തകർക്കുന്നതു കൂടാതെ തുടർച്ചയായി വൻതോതിലുള്ള സാമൂഹ്യ സാമ്പത്തിക നഷ്ടങ്ങൾക്കും കാരണമാകുന്നു. ഇന്ത്യ ഇപ്പോൾ കൂടുതൽ തീവ്രവും ദീർഘകാലം നിലനിൽക്കുന്നതുമായ താപതരംഗത്തെ നേരിടുകയാണ്. നിർമ്മാണത്തൊഴിലാളികളും, മറ്റു തുറന്ന സ്ഥലങ്ങളിൽ പണിയെടുക്കുന്നവരും, വഴിയോര കച്ചവടക്കാർ, കർഷകത്തൊഴിലാളികൾ, ഗാർഹികസഹായികൾ, ഗിഗ് തൊഴിലാളികൾ, അനൗപചാരിക കുടിയിരിപ്പുകളിൽ താമസിക്കുന്നവർ തുടങ്ങിയവരാണ് ഏറ്റവും തീവ്രമായി ബാധിക്കുന്നത്. ഇതിനാവശ്യമായ സഹായം നൽകാൻ രാഷ്ട്രത്തിലെ മിക്കവാറും സ്ഥലങ്ങളിലെയും പൊതുജനാരോഗ്യ സംവിധാനത്തിനു പ്രാപ്തിയില്ല. ദീർഘകാല നടപടികളെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല. നഗരങ്ങളിലെ കോൺക്രീറ്റ് പശ്ചാത്തല സൗകര്യങ്ങൾ ഊഷ്മാവിനെ തടഞ്ഞുനിർത്തുന്നതുകൊണ്ട് നഗരപ്രദേശങ്ങളെ ഈ പ്രവണത കൂടുതൽ ബാധിക്കുന്നു. കടുത്ത മഴ, അതുമായി പൊരുത്തപ്പെടാത്ത ഡ്രെയിനേജ് സംവിധാനങ്ങൾ, അനാസൂത്രിതമായ നഗരവൽക്കരണം തുടങ്ങിയവ ചേർന്ന് മെട്രോ നഗരങ്ങളിൽ പോലും വെള്ളപ്പൊക്കങ്ങൾ എല്ലാവർഷവും സൃഷ്ടിക്കുന്നു. പതിനായിരക്കണക്കിനു കോടി രൂപയാണ് അതുമൂലം നഷ്ടമാകുന്നത്. കേന്ദ്ര ഗവൺമെന്റിന്റെ അമിതമായ ധനകേന്ദ്രീകരണം സൃഷ്ടിക്കുന്ന ഞെരുക്കംമൂലം സംസ്ഥാന ഗവൺമെന്റുകൾക്കും ഈ സ്ഥിതിഗതികളെ നേരിടാൻ ആവശ്യമായ പണം സമാഹരിക്കാൻ സാധിക്കുന്നില്ല.
പോരാട്ടങ്ങളും
ചെറുത്തുനിൽപ്പും:
2.64 കണ്ണൂർ കോൺഗ്രസ്സിനുശേഷമുണ്ടായ പ്രധാനപ്പെട്ട ഒരു പ്രവർത്തനം 2023 ആഗസ്ത് 24 ന് ഡൽഹിയിൽ വെച്ച് സംയുക്ത കിസാൻമോർച്ചയും കേന്ദ്ര ട്രേഡ് യൂണിയനുകളും ചേർന്നു സംഘടിപ്പിച്ച ദേശീയ തൊഴിലാളി – കർഷക കൺവെൻഷൻ ആയിരുന്നു. അതിൽ ഇന്ത്യയിലെ തൊഴിലാളികളുടെയും കർഷകരുടെയും സംയുക്ത അവകാശപത്രിക അംഗീകരിക്കപ്പെട്ടു. 2023 നവംബർ 26 മുതൽ 28 വരെ 3 ദിവസം എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും നടന്ന മഹാപഡാവുകളിൽ രാജ്യത്തെല്ലായിടത്തു നിന്നും ലക്ഷക്കണക്കിനു തൊഴിലാളികളും കർഷകരും പങ്കെടുത്തു. 2024 ഫെബ്രുവരി 16 ന് കേന്ദ്ര ട്രേഡ് യൂണിയനുകൾ ദേശീയതലത്തിൽ വ്യാവസായിക/മേഖലാതല പണിമുടക്കിന് ആഹ്വാനം ചെയ്തു. സംയുക്ത കിസാൻമോർച്ച പണിമുടക്കിനെ ഗ്രാമീണ ഹർത്താൽ വഴി പിന്തുണച്ചു. 2024 മാർച്ച് 14 ന് സംയുക്ത കിസാൻമോർച്ച ദേശീയതലത്തിലുള്ള കർഷകറാലി ഡൽഹിയിൽ നടത്തി. 2024 നവംബറിൽ എസ്.കെ.എം ഉം സി.ടി.യു വും ചേർന്ന് ജില്ലാതലങ്ങളിൽ വലിയ പ്രകടനങ്ങൾ നടത്തി.
2.65 വിപുലമായ സംയോജിത തൊഴിലാളി – കർഷക മുന്നേറ്റങ്ങൾക്കുപുറമെ, ട്രേഡ് യൂണിയൻ, കർഷക, കർഷക തൊഴിലാളി മുന്നണികൾ നിരവധി സംയുക്ത പ്രക്ഷോഭങ്ങളിൽ നല്ല രീതിയിൽ ഏകോപിച്ചു പ്രവർത്തിച്ചിരുന്നു. 2022 ലും അതിനുശേഷവും അവർ നിരവധി ആയിരങ്ങൾ പങ്കെടുത്ത വലിയ സംയുക്ത ദേശീയ തല പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. അവയിൽ 2022 സെപ്തംബർ 5 ന് ഡൽഹിയിൽ നടന്ന സംയുക്ത ദേശീയ കൺവെൻഷൻ, 2023 ഏപ്രിൽ 5 ലെ ഡൽഹി റാലി, 2023 ആഗസ്റ്റ് 9 മുതൽ 14 വരെ നടന്ന സംസ്ഥാനതല മഹാപഡാവും മറ്റു പ്രക്ഷോഭങ്ങളും ഉൾപെട്ടിരുന്നു. മുമ്പു പറഞ്ഞ എല്ലാ സംയുക്ത പ്രക്ഷോഭങ്ങളും തൊഴിലാളി – കർഷക ഐക്യം എന്ന ലക്ഷ്യം പ്രായോഗിക തലത്തിൽ വളർത്തിക്കൊണ്ടുവരാൻ സഹായിച്ചു.
2.66 ഈ കാലയളവിൽ നിരവധി ട്രേഡ് യൂണിയൻ സമരങ്ങൾ നടന്നു. തമിഴ്നാട്ടിലെ സാംസങ് തൊഴിലാളികൾ ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതിനും അതിന് അംഗീകാരം നേടുന്നതിനുമുള്ള അവകാശത്തിനുവേണ്ടി നടത്തിയ 37 ദിവസത്തെ സമരം വിജയത്തിലെത്തി. ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ജമ്മു കാശ്മീർ, ചണ്ഡിഗഢ്, പുതുച്ചേരി എന്നിവിടങ്ങളിൽ വൈദ്യുതി വിതരണത്തിലെ സ്വകാര്യവൽക്കരണത്തിനെതിരായി വൈദ്യുതി തൊഴിലാളികളും ജീവനക്കാരും പണിമുടക്കി സമരം ചെയ്തു. ഇവർക്ക് ഭാഗികമായ വിജയമുണ്ടായി. പല സംസ്ഥാനങ്ങളിലും അംഗൻവാടികൾ, ആശ, ഉച്ചഭക്ഷണ പാചക തൊഴിലാളികൾ തുടങ്ങിയ സ്കീം തൊഴിലാളികളുടെ നീണ്ടു നിന്ന പണിമുടക്കുകളും വലിയ റാലികളും നടന്നു. അവ പലതും ഭാഗികമായി വിജയിച്ചു. ബാങ്ക്, ഇൻഷുറൻസ്, കേന്ദ്ര – സംസ്ഥാന ഗവൺമെന്റുകൾ, പോസ്റ്റ്, ടെലികോം, കൽക്കരി മുതലായ മേഖലകളിലും മെഡിക്കൽ റെപ്രസെന്റേറ്റീവുമാരുടെ ഇടയിലും പണിമുടക്കുകളും പോരാട്ടങ്ങളും നടന്നു.
2.67 കിസാൻ സംഘടന വിളകളുടെ അടിസ്ഥാനത്തിലുള്ള സമരങ്ങൾ, ഭക്ഷ്യസമാഹരണ കേന്ദ്രങ്ങൾക്കുവേണ്ടിയുള്ള സമരങ്ങൾ, വിള ഇൻഷുറൻസ്, ഭൂമി അവകാശങ്ങൾ, വനാവകാശങ്ങൾ എന്നിവയ്ക്കുവേണ്ടിയും വന്യ മൃഗശല്യത്തിനെതിരായുമുള്ള സമരങ്ങൾ ഏറ്റെടുത്തു. റബ്ബർ കർഷകരെ പിന്തുണച്ച് ടയർ കാർട്ടെലിനെതിരായി രാഷ്ട്രീയവും നിയമപരവുമായ സമരം ഏറ്റെടുത്തു. തൊഴിലുറപ്പ് പദ്ധതി, കൂലി, ഭൂമി, ഭവന നിർമ്മാണം, ജാതി വിവേചനം മുതലായ പ്രശ്നങ്ങളെ കേന്ദ്രീകരിച്ച് കർഷക – തൊഴിലാളി മുന്നണി നിരവധി സമരങ്ങൾ നടത്തി. ബിജെപി കേന്ദ്ര നേതൃത്വത്തിലുള്ള ഗവൺമെന്റ് തൊഴിലുറപ്പ് പദ്ധതികൾക്കെതിരെ നടത്തിയ നയപരമായ ആക്രമണത്തിനെതിരെ 2023 ഒക്ടോബർ 11 ന് നടത്തിയ അഖിലേന്ത്യാ പ്രതിഷേധ ദിനത്തിൽ ലക്ഷക്കണക്കിന് കർഷക തൊഴിലാളികൾ പങ്കെടുത്തു. വനിത മുന്നണി വിലക്കയറ്റം, പൊതുവിതരണ സമ്പ്രദായത്തിന്റെ ശാക്തീകരണം, സ്ത്രീകൾക്കെതിരായ അതിക്രമണങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും വർദ്ധന എന്നിവയുമായി ബന്ധപ്പെട്ട നിരവധി സമരങ്ങൾ നടത്തി. 2023 ഒക്ടോബർ 5 ന് ഡൽഹിയിൽ വെച്ച് ആയിരക്കണക്കിന് സ്ത്രീകൾ പങ്കെടുത്ത ദേശീയ റാലി നടത്തി. വിദ്യാർത്ഥി മുന്നണി ദേശീയ വിദ്യാഭ്യാസനയം, വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണം, ഫീസ് വർദ്ധന, സ്കൂളുകൾ അടച്ചുപൂട്ടൽ തുടങ്ങിയവക്കെതിരായ സമരങ്ങളിൽ മുൻപന്തിയിൽ നിന്നു. യുണൈററഡ് സ്റ്റുഡൻസ് ഓഫ് ഇന്ത്യ എന്ന സംയുക്ത പ്ലാറ്റ് ഫോം രൂപീകരിക്കപ്പെട്ടു. ഡൽഹി, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ അവർ വലിയ റാലികൾ നടത്തി. തൊഴിലില്ലായ്മ, അഗ്നിവീർ പദ്ധതി തുടങ്ങിയ പ്രശ്നങ്ങളിൽ യുവജന മുന്നണിയും സജീവമായിരുന്നു.
2.68 ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് സ്ഥായിയായ രീതിയിൽ നടത്തിയ ചില പ്രധാന സമരങ്ങൾ ഈ കാലയളവിൽ നടന്നു. അവയിൽ പശ്ചിമബംഗാളിലെ ആർ ജി കർ ആശുപത്രിയിൽ ഒരു ഡോക്ടറുടെ ബലാത്സംഗത്തിനും കൊലപാതകത്തിനും എതിരായ സമരം, തെലങ്കാനയിൽ പാർപ്പിടങ്ങൾക്കുവേണ്ടി നടത്തിയ പ്രാദേശിക സമരം, ബീഹാറിലെ ഭൂസമരങ്ങൾ, വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിന്റെ സ്വകാര്യവൽക്കരണത്തിനെതിരായ സമരം, ആന്ധ്രപ്രദേശിൽ പോളവാരം പ്രോജക്ട് കാരണം കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസത്തിനുവേണ്ടിയുള്ള സമരം, രാജസ്ഥാനിൽ വിള ഇൻഷ്വറൻസിനു വേണ്ടിയുള്ള സമരം, ഝാർഖണ്ഡിൽ കുടിയൊഴിപ്പിക്കലിനെതിരായ സമരം, മഹാരാഷ്ട്രയിൽ ആദിവാസികൾക്ക് വനഭൂമി കൊടുക്കുന്നതിനു വേണ്ടിയുള്ള സമരം, തമിഴ്നാട്ടിൽ പാർപ്പിടങ്ങൾക്ക് പട്ടയം കൊടുക്കുന്നതിനുവേണ്ടിയുള്ള സമരം എന്നിവ ഉൾപ്പെടുന്നു.
രാഷ്ട്രീയ പാർട്ടികൾ
2.69 ബി.ജെ.പി : ഫാസിസ്റ്റ് സ്വഭാവമുള്ള ആർ.എസ്.എസിന്റെ രാഷ്ട്രീയ മുന്നണിയായ ബിജെപി കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ആധിപത്യമുള്ള രാഷ്ട്രീയ പാർട്ടിയായി വളർന്നു വന്നിരിക്കുന്നു. വൻകിട ബൂർഷ്വാ – ഭൂപ്രഭു വർഗങ്ങളുടെ മുഖ്യ പ്രതിനിധിയായി അതുമാറിയിരിക്കുന്നു. പ്രത്യേകിച്ച് വൻകിട കോർപറേറ്റുകളുടെ ഇടയിൽ നിന്നുള്ള പിന്തുണ അത് സുഗമമാക്കിയിരിക്കുന്നു. ബി.ജെ.പി ഹിന്ദുത്വ ആശയസംഹിതയുടെ സ്വാധീനം ഉപയോഗിച്ച് വലതുപക്ഷ ദൃഢീകരണം വളർത്തിക്കൊണ്ടുവന്നിരിക്കുന്നു. വൻകിട ബിസിനസ്സുമായുള്ള സഖ്യവും അഭുതപൂർവ്വമായ വിധത്തിൽ പണത്തിന്റെയും മാധ്യമങ്ങളുടെയും ശക്തിയും ഇതിനുവേണ്ടി ഉപയോഗിക്കുന്നു.
2.70 പൊതുവിൽ, തിരഞ്ഞെടുപ്പു പോരാട്ടങ്ങൾക്കായി മൂന്നുതലങ്ങളുള്ള തന്ത്രമാണ് ബി.ജെ.പി സ്വീകരിക്കുന്നത്.
1. ഹിന്ദുസ്വത്വ പ്രശ്നങ്ങൾ അക്രമാസക്തമായ രീതിയിൽ ഉപയോഗിച്ച് ധ്രുവീകരണം സൃഷ്ടിക്കുകയും അതുവഴി സമഗ്ര ഹിന്ദുത്വത്തെ ദൃഢീകരിക്കുകയും ചെയ്യുക.
2. തിരഞ്ഞെടുപ്പുനേട്ടങ്ങൾക്കായി ജാതി – ഉപജാതി സഖ്യങ്ങൾ സൃഷ്ടിക്കുക.
3. ഗുണഭോക്താക്കളെ കയ്യിലെടുക്കാൻ ഭരണകൂട ധനസഹായത്തോടെ നേരിട്ട് പണംകൈമാറ്റം നടത്തുന്ന പദ്ധതികളെ ഉപയോഗിക്കുക.
കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ഭരണത്തിലിരുന്ന കോൺഗ്രസിനെ പുറത്താക്കി രാജസ്ഥാനിലും ഛത്തീസ്ഗഢിലും ബി.ജെ.പി അധികാരത്തിൽ വന്നു. അസംബ്ലി തിരഞ്ഞെടുപ്പ് നിർണ്ണായകമായ വിധത്തിൽ ജയിച്ചു. മധ്യപ്രദേശിൽ ബി.ജെ.പി ഭരണം നിലനിർത്തി. ഭരണത്തിലുണ്ടായിരുന്ന കർണാടകയിലും ഹിമാചൽപ്രദേശിലും ബി.ജെ.പി പരാജയപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം ജമ്മു കാശ്മീരിലും ഝാർഖണ്ഡിലും നടന്ന തിരഞ്ഞെടുപ്പുകളിലും ബിജെപി പരാജയപ്പെട്ടു.
2.71 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടു. അവർക്ക് 240 സീറ്റ് മാത്രമാണ് കിട്ടിയത്. പക്ഷേ, ഈ പരാജയത്തെ വ്യക്തമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കണം. ബിജെപിക്ക് ലഭിച്ച വോട്ടിന്റ വിഹിതം 2019 ലെ തിരഞ്ഞെടുപ്പിൽ ലഭിച്ചതിലും 1.1 ശതമാനം മാത്രമായിരുന്നു കുറവ്. ബി.ജെ.പി നേട്ടങ്ങളുമുണ്ടാക്കി. ഒഡിഷയിൽ ബി.ജെ.പി ലോക്സഭ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും തൂത്തുവാരി (21 സീറ്റിൽ 20 എണ്ണം നേടി). സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പിൽ ആദ്യമായി വിജയിക്കുകയും ഗവൺമെന്റ് രൂപീകരിക്കുകയും ചെയ്തു. തെക്കൻ സംസ്ഥാനങ്ങളിൽ പാർട്ടി നേട്ടങ്ങളുണ്ടാക്കിയത് വോട്ടിങ് ശതമാനം വർദ്ധിപ്പിച്ചാണ്. ഹരിയാനയിലും ബിജെപി നയിച്ച സഖ്യം മഹാരാഷ്ട്രയിലും ലോക്സഭ തിരഞ്ഞെടുപ്പിനുശേഷം വിജയിച്ചത് കാണിക്കുന്നത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഈ രണ്ടു സംസ്ഥാനങ്ങളിലും തിരിച്ചടി നേരിട്ടതിനുശേഷവും അവർക്ക് പുനഃസംഘടിക്കാനും നഷ്ടങ്ങൾ നികത്തി തിരിച്ചുവരാനും കഴിയുന്നുണ്ടെന്നതാണ്.
2.72 ബി.ജെ.പിക്ക് രാഷ്ട്രീയ പാർട്ടി എന്ന നിലയിലുള്ള അടിത്തറ പാകുന്നത് ആർ.എസ്.എസ് ആണ്. ആർ.എസ്.എസും അതിന്റെ രാഷ്ട്രീയ മുന്നണിയും തമ്മിലുള്ള ഏകോപനവും യോജിച്ചുള്ള പ്രവർത്തനവും ഈ കാലയളവിൽ ശക്തിപ്പെട്ടിട്ടുണ്ട്. മോദി – ഷാ ദ്വന്ദ്വത്തിന്റെ ആധിപത്യം തുടരുന്നു. പാർട്ടി സംഘടനയിലെ എല്ലാ അധികാരവും അവരുടെ കയ്യിൽ തന്നെയാണ് കേന്ദ്രീകരിക്കുന്നത്.
2.73 കോൺഗ്രസ്: കോൺഗ്രസിന് അതിന്റെ ലോക്സഭയിലെ ശക്തി 44 ൽ നിന്ന് 100 ആയി മെച്ചപ്പെടുത്താൻ കഴിഞ്ഞു. ഇന്ത്യ ബ്ലോക്കിലെ സഖ്യ കക്ഷികൾ അവർക്ക് നേട്ടങ്ങൾ സൃഷ്ടിച്ചു. ഇന്ത്യയൊട്ടുക്കുള്ള മുസ്ലിം ന്യൂനപക്ഷത്തിന്റെ വൻതോതിലുള്ള പിന്തുണ കോൺഗ്രസിന് ലഭിച്ചു. കോൺഗ്രസിന് കാര്യമായ തോതിൽ വ്യാപിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. രാജസ്ഥാൻ, മദ്ധ്യപ്രദേശ് ഛത്തീസ്ഗഢ്, ഹരിയാന എന്നിവിടങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പരാജയപ്പെട്ടു. പഞ്ചാബ്, ഒഡിഷ, അസം മുതലായ സംസ്ഥാനങ്ങളിൽ അത് വൻതോതിൽ ദുർബലമായി. തെക്കെ ഇന്ത്യയിലാണ് കോൺഗ്രസ് ചില നേട്ടങ്ങളുണ്ടാക്കിയത്. കർണാടക, തെലങ്കാന അസംബ്ലി തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയിക്കുകയും ഗവൺമെന്റുകൾ രൂപീകരിക്കുകയും ചെയ്തു.
2.74 കോൺഗ്രസ് അതിന്റെ സാമ്പത്തിക നയങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. അത് ശിങ്കിടി മുതലാളിത്തത്തിനെതിരായി സംസാരിക്കുന്നുവെങ്കിലും ഇത്തരം ചങ്ങാത്തം സൃഷ്ടിക്കുന്ന നവലിബറൽ നയങ്ങളോട് ചേർന്നുനിൽക്കുകയും ചെയ്യുന്നു. കോൺഗ്രസിന്റെ ദേശീയ നേതൃത്വം ഹിന്ദുത്വ അജൻഡക്കെതിരായി വെട്ടിത്തുറന്നുള്ള നിലപാട് സ്വീകരിക്കുന്നുണ്ട്. എങ്കിലും ചാഞ്ചാട്ടങ്ങളും കാണാം. ബി.ജെ.പിയുടെയും ഹിന്ദുത്വ സഖ്യ കക്ഷികളുടെയും അക്രമാസക്തമായ നിലപാടുകളെ നേരിടേണ്ടി വരുമ്പോൾ വിട്ടുവീഴ്ചയ്ക്കുള്ള പ്രവണതയും പ്രകടമാണ്. കോൺഗ്രസ് പാർട്ടി ബി.ജെ.പിയുടെ അതേ വർഗ താല്പര്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. എങ്കിലും, പ്രധാന മതനിരപേക്ഷ പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ ബി.ജെ.പി ക്കെതിരായ സമരത്തിലും മതനിരപേക്ഷ ശക്തികളുടെ വിശാലമായ ഐക്യത്തിന്റെ രൂപീകരണത്തിലും അതിനൊരു പങ്കു നിർവഹിക്കാനുണ്ട്. സിപിഐ എമ്മിന്റെ കോൺഗ്രസിനോടുള്ള നിലപാട് നിർണയിക്കുന്നത് മതനിരപേക്ഷ ശക്തികളുടെ വിശാല ഐക്യമെന്ന ആവശ്യത്തെ മുൻനിർത്തിയാണ്. എങ്കിലും കോൺഗ്രസുമായി ഒരു രാഷ്ട്രീയ സഖ്യം സാധ്യമല്ല.
2.75 പ്രാദേശിക പാർട്ടികൾ: പ്രാദേശിക പാർട്ടികളെ പൊതുവിൽ മൂന്നു വിഭാഗങ്ങളായി തരം തിരിക്കാം : ഒന്നാമത്തേത്, വിട്ടുവീഴ്ചയില്ലാതെ ബി.ജെ.പിയെ എതിർത്തുപോരുന്ന പാർട്ടികൾ. ഡിഎംകെ, എസ്-പി, ആർജെഡി, എൻസിപി, എഎപി, ജെഎംഎം എന്നിവർ ഇതിൽപ്പെടും. രണ്ടാമത്തെ വിഭാഗം ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുകയും എൻഡിഎയിൽ നിൽക്കുകയും ചെയ്യുന്ന പാർട്ടികളാണ് ജെ ഡി(യു) തെലുഗുദേശം, ജെ ഡി(എസ്), എ ജി പി, ജനസേന എന്നിവയും മറ്റു ചില ചെറിയ പാർട്ടികളും ഇതിൽപെടും. മൂന്നാമത്തെ വിഭാഗം, സംസ്ഥാനത്തിൽ അധികാരത്തിലുണ്ടായിരുന്നപ്പോൾ ബി.ജെ.പിയെയോ കേന്ദ്ര ഗവൺമെന്റിനെയോ എതിർക്കാതിരുന്ന പാർട്ടികളാണ്. ബിജെഡി, എഐഎഡിഎംകെ, വൈഎസ്ആർസിപി എന്നിവയെപോലെയുള്ള പാർട്ടികൾ ഇതിൽ പെടുന്നു. ബിആർഎസ് കേന്ദ്രത്തെ പിന്തുണച്ചുകൊണ്ടാണ് ആരംഭിച്ചത്. എന്നാൽ, തെലങ്കാനയിൽ ബിജെപി യുടെ ഭീഷണി കണ്ടതോടെ അവർ നിലപാടുമാറ്റി. ഈ മൂന്നു പാർട്ടികൾക്കും കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പുകളിൽ ഭരണം നഷ്ടപ്പെട്ടു എന്നത് ശ്രദ്ധേയമാണ്.
2.76 പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് ക്രിമിനൽ – അഴിമതി – രാഷ്ട്രീയ കൂട്ടുകെട്ടിന്റെ അടിസ്ഥാനത്തിലുള്ള ഒരു സേ-്വച്ഛാധിപത്യ പാർട്ടിയാണ് അത് കൊടിയ കമ്യൂണിസ്റ്റ് വിരുദ്ധ പാർട്ടിയാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അത് ബിജെപിക്കെതിരായിരിക്കുകയും, സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും പാർശ്വവൽക്കരിക്കുന്നതിനുവേണ്ടി തൃണമൂൽ കോൺഗ്രസ് – ബി.ജെ.പി എന്ന ദ്വന്ദ്വം നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുന്നു.
2.77 ബിജെപി യെ എതിർക്കുന്ന പ്രാദേശിക പാർട്ടികൾക്ക് ഇപ്പോൾ രൂപപ്പെട്ട വിശാല പ്രതിപക്ഷ ഐക്യത്തിൽ പ്രധാനപ്പെട്ട പങ്കുണ്ടായിരുന്നു. ഇനിവരും നാളുകളിലും അവർ ഈ പങ്ക് തുടർന്നും നിർവഹിക്കും.
2.78 ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐ യും പോലെയുള്ള മുസ്ലീം മത മൗലിക – തീവ്രവാദ സംഘടനകൾ മുസ്ലീം ജനവിഭാഗത്തിനിടയിൽ തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാനുള്ള പ്രവർത്തനം നടത്തിവരികയാണ്. ഹിന്ദുത്വ ശക്തികളുടെ നിരന്തരമായ ആക്രമണങ്ങൾക്ക് വിധേയരാകുന്ന ന്യൂനപക്ഷ സമുദായത്തിന്റെ അന്യവൽക്കരണവും ഭീതിയും ഇത്തരം പാർട്ടികൾ മുതലെടുക്കാൻ ശ്രമിക്കുന്നു. കേരളത്തിൽ സിപിഐ എമ്മിന് ന്യൂനപക്ഷങ്ങൾക്കിടയിലുള്ള സ്വാധീനത്തിന് കടിഞ്ഞാണിടാൻ അവർ സിപിഐ എമ്മിനെ ശത്രുക്കളാക്കുന്നു. അധികാരത്തിലിരിക്കുന്ന ഹിന്ദുത്വ വർഗീയ ശക്തികളുമായി ന്യൂനപക്ഷ വർഗീയതയെ തുലനം ചെയ്യാൻ കഴിയുകയില്ല. എങ്കിലും തീവ്രവാദ സ്വഭാവമുള്ള ന്യൂനപക്ഷ പ്രവർത്തനങ്ങൾ ഭൂരിപക്ഷ വർഗീയതയുടെ ശക്തികളെ ശക്തിപ്പെടുത്തുകയേ ഉള്ളൂ എന്ന തിരിച്ചറിവുണ്ടാകേണ്ടതാണ്. ഇടതുപക്ഷ ജനാധിപത്യ ശക്തികൾ ന്യൂനപക്ഷാവകാശങ്ങളെ സുദൃഢമായി സംരക്ഷിക്കുകയും മതമൗലിക ശക്തികളെ നേരിട്ടുകൊണ്ട് ന്യൂനപക്ഷങ്ങളെ മതനിരപേക്ഷ വേദിയിലേക്ക് കൊണ്ടുവരികയുമാണ് വേണ്ടത്.
ഹിന്ദുത്വത്തെ നേരിടുക
2.79 ഹിന്ദുത്വത്തിന്റെയും ആർഎസ്എസ് നേതൃത്വത്തിലുള്ള വിവിധ സംഘടനകളുടെയും പ്രവർത്തനങ്ങളെയും സ്വാധീനത്തെയും നേരിടാനായി രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സാംസ്കാരികവും സാമ്പത്തികവും സാമൂഹികവുമായ മേഖലകളിൽ സുസ്ഥിരമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് പാർട്ടിയെ സജ്ജമാക്കണം. തിരഞ്ഞെടുപ്പു പോരാട്ടങ്ങളിലൂടെ മാത്രം ബിജെപി – ആർഎസ്എസിനെ ഒറ്റപ്പെടുത്താനും തോല്പിക്കാനും സാധ്യമല്ല എന്നത് ആവർത്തിച്ച് പറയേണ്ടതുണ്ട്-. കഴിഞ്ഞ ഒരു ദശകത്തിൽ, ഹിന്ദുത്വ ശക്തികൾ അവരുടെ ആശയപരമായ സ്വാധീനത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് ബൃഹത്തായ പിന്തുണയുടേതായ ഒരടിത്തറ സൃഷ്ടിച്ചെടുത്തിട്ടുണ്ട് എന്ന വസ്തുത നിലവിലിരിക്കെ, ഹിന്ദുത്വത്തെ നേരിടുന്നതിനായി സമഗ്രമായ ഒരു പരിപാടി അനിവാര്യമാണ്.
2.80 ഇതിനായി, പാർട്ടിയും ബഹുജന സംഘടനകളും ചെയ്യേണ്ടത്:
i. ഹിന്ദുത്വ ശക്തികളുടെ വിനാശകരമായ പ്രചരണത്തെയും പ്രവർത്തനങ്ങളെയും തുറന്നുകാട്ടാനായി എല്ലാ ധൈഷണിക വിഭവങ്ങളെയും സമാഹരിച്ച് മൾട്ടിമീഡിയ പ്രചരണത്തിന് ഉപയോഗിക്കാവുന്ന സാമഗ്രികൾ തയ്യാറാക്കുക.
ii. സാമ്പത്തിക നയങ്ങൾക്കും ജനകീയ പ്രശ്നങ്ങൾക്കുമെതിരായ ക്യാംപയ്നുകളുമായും സമരങ്ങളുമായും ഹിന്ദുത്വവിരുദ്ധ ക്യാംപയ്നുകളെയും സമരങ്ങളെയും കൂട്ടിയോജിപ്പിക്കുക.
iii. പാർട്ടിയും ട്രേഡ് യൂണിയനുകളും തൊഴിലാളി വർഗത്തിനിടയിലും തൊഴിലാളി വർഗം താമസിക്കുന്ന പ്രദേശങ്ങളിലും സാമൂഹ്യവും സാംസ്കാരികവുമായ പരിപാടികളിലൂടെ വർഗീയ വിരുദ്ധ പ്രവർത്തനം സംഘടിപ്പിക്കാൻ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുക.
iv. ചരിത്രം തിരുത്തിയെഴുതാനും വിദ്യാഭ്യാസരംഗത്ത് വർഗീയ ഉള്ളടക്കം കൊണ്ടുവരാനുമുള്ള ശ്രമങ്ങളെ നേരിടുക.
v. മതവിശ്വാസവും, രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി മതത്തെ ദുരുപയോഗം ചെയ്യലും തമ്മിലുള്ള വ്യത്യാസം മതവിശ്വാസികളുടെ ഇടയിൽ വിശദീകരിക്കുക. ഉത്സവങ്ങളിലും സാമൂഹ്യ കൂട്ടായ്മകളിലും ഇടപെട്ട് അവയെ വർഗീയവൽക്കരണത്തിനുവേണ്ടി ഉപയോഗിക്കുന്നത് തടയുക.
vi. മനുവാദ– വിജ്ഞാന വിരോധ മൂല്യങ്ങളെ ചെറുക്കുന്നതിന് സാമൂഹ്യ സേവന പ്രവർത്തനങ്ങൾ, ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങൾ തുടങ്ങിയവയിൽ ഭാഗമാകുകയും മതനിരപേക്ഷ ശാസ്ത്ര ചിന്തയെയും വിശാലാടിത്തറയുള്ള സാംസ്കാരിക പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
സിപിഐ എമ്മിന്റെ
ശക്തി വർദ്ധിപ്പിക്കുക
2.81 18–ാമത് ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനം പാർട്ടിയുടെ സ്വതന്ത്രമായ ശക്തി വികസിപ്പിച്ചെടുക്കുന്നതിന്റെ അടിയന്തരമായ ആവശ്യകതയെ സംബന്ധിച്ച് അടിവരയിട്ടു പറഞ്ഞിരുന്നു. പാർട്ടിയുടെ ബഹുജനാടിത്തറയും സ്വാധീനവും വർദ്ധിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ വ്യക്തമായതിനെതുടർന്നാണ് ഇങ്ങനെ എടുത്തുപറഞ്ഞത്. ഇത് നേടിയെടുക്കാൻ താഴെ പറയുന്ന നടപടികൾ ഏറ്റെടുക്കേണ്ടതാണ്:
1. അടിസ്ഥാന വർഗങ്ങൾക്കിടയിലെ പാർട്ടിയുടെ പ്രവർത്തനത്തിന് മുൻഗണന നൽകണം. ഗ്രാമീണ – സമ്പന്ന കൂട്ടുകെട്ടിന്റെ ചൂഷണത്തിനെതിരെയുള്ള ഗ്രാമീണ ദരിദ്രരുടെ സമരങ്ങളിലെ ദൗർബല്യം പരിഹരിക്കാൻ കഴിയണം. ഇത്തരം സമരങ്ങൾ നടത്തേണ്ട രീതികളെക്കുറിച്ച് മൂർത്തമായ പഠനങ്ങൾ നടത്തണം. നിർമാണരംഗത്തും തന്ത്രപ്രധാനമായ വ്യവസായങ്ങളുടെ രംഗത്തുമുള്ള സംഘടിത മേഖലയിലെ തൊഴിലാളികൾക്കിടയിൽ പാർട്ടി അതിന്റെ സ്വാധീനം വർദ്ധിപ്പിക്കണം. സംഘടിത മേഖലയിലെ കരാർ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും പ്രാധാന്യം നൽകണം. തൊഴിലാളി – കർഷക ഐക്യവും യോജിച്ചുള്ള പ്രക്ഷോഭങ്ങളും വളർത്തിക്കൊണ്ടുവരുന്നതിൽ പാർട്ടി ശ്രദ്ധിക്കണം. അടിസ്ഥാന വർഗങ്ങൾക്കിടയിൽ ഹിന്ദുത്വവിരുദ്ധ പ്രചരണം ഏറ്റെടുക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനം നടത്തുകയും ഈ സമരങ്ങളിൽ അണിനിരക്കുന്നവരെ രാഷ്ട്രീയവത്കരിക്കുകയും ചെയ്യണം.
2. പാർട്ടിയുടെ രാഷ്ട്രീയ പ്ലാറ്റ്ഫോമിൽ കേന്ദ്രീകരിച്ച് സ്വതന്ത്ര രാഷ്ട്രീയ ക്യാംപയ്നുകൾ നടത്തുന്നതിലും ബഹുജനങ്ങളെ അണിനിരത്തുന്നതിലും പാർട്ടി കൂടുതൽ ശ്രദ്ധ ചെലുത്തണം. തിരഞ്ഞെടുപ്പ് ധാരണയുടെയോ സഖ്യത്തിന്റെയോ പേരിൽ പാർട്ടിയുടെ സ്വതന്ത്രമായ അസ്തിത്വത്തിനു മങ്ങലേൽപ്പിക്കുകയോ സ്വതന്ത്രമായ പ്രവർത്തനത്തിൽ കുറവ് വരുത്തുകയോ ചെയ്യാൻ പാടില്ല. ആർഎസ്എസ് – ഹിന്ദുത്വ ശക്തികളുടെ പ്രവർത്തനങ്ങളെയും ആശയസംഹിതയെയും നേരിടാനുള്ള പ്രത്യയശാസ്ത്രപരമായ പ്രവർത്തനത്തിനും ക്യാംപയ്നിനും പ്രത്യേക ശ്രദ്ധ നൽകണം.
3. സുസ്ഥിരമായ രീതിയിലുള്ള പ്രാദേശിക സമരങ്ങൾക്കുവേണ്ടി വർഗ – ബഹുജന പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിന്റെ പ്രാധാന്യം അടിവരയിട്ടുകാണണം. ഈപ്രവർത്തനത്തിലുള്ള മാന്ദ്യം പരിഹരിക്കപ്പെടണം. മേൽക്കമ്മിറ്റികൾ പ്രാദേശിക യൂണിറ്റുകളെയും ബ്രാഞ്ചുകളെയും ഈ രീതിയിൽ പ്രവർത്തിപ്പിക്കണം. വാർപ്പ് മാതൃകകളിലുള്ള പ്രതിഷേധങ്ങൾക്കുപകരം നൂതനവും ഭാവനാത്മകവുമായ സമരരൂപങ്ങളും മുന്നേറ്റങ്ങളും രൂപപ്പെടുത്തണം.
4. സാമൂഹ്യവും ജാതീയവുമായ അടിച്ചമർത്തലിന്റെയും ലിംഗപരമായ വിവേചനത്തിന്റെയും പ്രശ്നങ്ങൾ പാർട്ടി നേരിട്ട് ഏറ്റെടുത്ത് പ്രചരണം നടത്തുകയും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും വേണം. സാമൂഹ്യമായ അടിച്ചമർത്തലിനെതിരായ സമരങ്ങളെ വർഗ ചൂഷണത്തിനെതിരായ സമരങ്ങളുമായി ബന്ധപ്പെടുത്തണം.
5. പാർട്ടിയുടെ രാഷ്ട്രീയമായ പ്ലാറ്റ്ഫോമും ഡിമാൻഡുകളും യുവാക്കൾക്ക് പ്രസക്തമായ വിഷയങ്ങളിലേക്കുകൂടി കേന്ദ്രീകരിക്കണം. ‘സോഷ്യലിസമാണ് ബദൽ’ എന്ന ക്യാംപയ്ൻ അവരിലേക്ക് പ്രത്യേകമായി കേന്ദ്രീകരിക്കണം.
6. പാർട്ടിയുടെ ശക്തിയുടെ കാര്യമായ വർദ്ധനയ്ക്ക് പശ്ചിമബംഗാളിലും ത്രിപുരയിലും പാർട്ടിയുടെയും ഇടതുപക്ഷത്തിന്റെയും പുനർനിർമ്മാണവും വ്യാപനവും ആവശ്യമാണ്. പശ്ചിമബംഗാളിൽ, ബഹുജനസമരങ്ങളും പ്രസ്ഥാനങ്ങളും സംഘടിപ്പിക്കുന്നതിനോടൊപ്പം ഗ്രാമീണ ദരിദ്രരുടെയിടയിൽ പ്രവർത്തിക്കുകയും അവരെ സംഘടിപ്പിക്കുകയും ചെയ്യുന്നതിൽ പ്രത്യേക ശ്രദ്ധ പതിക്കുകയും വേണം. തൃണമൂൽ കോൺഗ്രസ്സിനെയും ബിജെപിയെയും എതിർക്കുന്നതിനോടൊപ്പം ബിജെപിക്കെതിരായ രാഷ്ട്രീയവും ആശയപരവുമായ സമരത്തിൽ പാർട്ടി കൂടുതൽ ശ്രദ്ധ ചെലുത്തണം. ത്രിപുരയിൽ പാർട്ടി, തൃണമൂല തല സംഘടനയെ ശക്തിപ്പെടുത്തണം; തൊഴിലെടുക്കുന്നവരെ സംഘടിപ്പിക്കുകയും അതിനോടൊപ്പം തന്നെ ഗോത്രജനതയുടെ പ്രത്യേക ആവശ്യങ്ങളിലും പ്രശ്നങ്ങളിലും കേന്ദ്രീകരിക്കുകയും ചെയ്യുന്ന ഒരു പരിപാടി അവിടെ നടപ്പിലാക്കണം.
7. കേരളം, ശക്തമായ ബഹുജനാടിത്തറയോടു കൂടിയ പാർട്ടിയുടെ ഏറ്റവും വലിയ ഘടകമാണ്. എൽഡിഎഫ് ഗവൺമെന്റ് അതിന്റെ തുടർച്ചയായ രണ്ടാമൂഴത്തിൽ കേന്ദ്രത്തിന്റെ ശത്രുതാപരമായ സമീപനം സംസ്ഥാനത്തെ കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെ സംഘടിതമായ പ്രചരണവും കാരണം അതിതീവ്രമായ വെല്ലുവിളികളെ നേരിടുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പു ഫലങ്ങൾ ബിജെപിയെ നേരിടുന്നതിൽ നമ്മുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ പ്രവർത്തനത്തിലെ ദൗർബല്യങ്ങളെ ചൂണ്ടിക്കാണിക്കുന്നു. ഇത് പരിഹരിക്കാൻ കഴിയണം. സംസ്ഥാനത്തെ അതിദാരിദ്ര്യത്തെ തുടച്ചുനീക്കുന്നതിലും എല്ലാവർക്കും വീട് നൽകുന്നതിലും ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. കേന്ദ്ര ഗവൺമെന്റിന്റെ വിവേചനപരമായ സമീപനംമൂലം സംസ്ഥാനം ഒരു ധനപ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഗവൺമെന്റ്, ദരിദ്രർക്കും തൊഴിലെടുക്കുന്നവർക്കും വേണ്ടിയുള്ള ക്ഷേമ പരിപാടികൾക്ക് പണം നീക്കിവെക്കുന്നതിന് മുൻഗണന നൽകുന്നുണ്ട്.
ഇടതുപക്ഷ ഐക്യം
2.82 ലോക്സഭ തിരഞ്ഞെടുപ്പുകളിൽ വിശാല ഐക്യം സൃഷ്ടിക്കാനുള്ള പ്രവർത്തന കേന്ദ്രീകരണംമൂലം ഈകാലയളവിൽ യോജിച്ചുള്ള ഇടതുപക്ഷ പ്രവർത്തനങ്ങൾ വേണ്ടത്ര നടന്നിട്ടില്ല. ഗാസയിൽ ഇസ്രയേലിന്റെ കടന്നാക്രമണയുദ്ധത്തിനെതിരെ പ്രതിഷേധിക്കുന്നതിന് ഇടതുപക്ഷ പാർട്ടികൾ രണ്ടുതവണ യോജിച്ചുള്ള ആഹ്വാനം നൽകിയിരുന്നു. ഇടതുപക്ഷത്തിന്റെ ബദൽനയങ്ങൾ അവതരിപ്പിക്കുന്നതിനുവേണ്ടി ഇടതുപക്ഷ ഐക്യത്തിനും യോജിച്ചുള്ള പ്രവർത്തനത്തിനും വീണ്ടും ഊന്നൽ നൽകേണ്ടതുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ വർദ്ധിച്ച ഇടപെടലുകൾ മോദി ഗവൺമെന്റിന്റെ വിഭാഗീയവും അപകടകരവുമായ നയങ്ങൾക്കെതിരായ യോജിച്ചുള്ള സമരങ്ങളെ ശക്തിപ്പെടുത്തും.
ഇടതുപക്ഷ ജനാധിപത്യ ബദൽ
2.83 കേന്ദ്രത്തിൽ മാറിമാറി വരുന്ന ഗവൺമെന്റുകൾ കഴിഞ്ഞ മൂന്നു ദശകങ്ങളിലേറെയായി നവലിബറൽ, വൻകിട ബൂർഷ്വാ – ഭൂപ്രഭു അനുകുല നയങ്ങളാണ് പിന്തുടരുന്നത്. പിന്നിട്ട ഒരു ദശകത്തിൽ അപകടകരമായ വിധത്തിലുള്ള കോർപ്പറേറ്റ് – വർഗീയ – അമിതാധികാര വലതുപക്ഷ വ്യതിയാനം സംഭവിച്ചിരിക്കുന്നു. ഇന്നത്തെ ബൂർഷ്വാ ഭൂപ്രഭു ആധിപത്യത്തിനുള്ള ഒരൊറ്റ യഥാർത്ഥ ബദൽ ഇടതുപക്ഷ ജനാധിപത്യ ബദൽ ആണെന്നു കൂടുതൽ വ്യക്തമായിരിക്കുന്നു. തൊഴിലാളിവർഗം, കർഷകജനസാമാന്യം, കൈത്തൊഴിലുകാർ, ചെറുകിട പീടികയുടമകൾ, മധ്യവർഗവും ബുദ്ധിജീവികളും എന്നിവരുടെ താല്പര്യങ്ങളെ സംരക്ഷിക്കുകയും അഭിലാഷങ്ങൾ നിറവേറ്റുകയും ചെയ്യുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കാൻ സിപിഐ എം പരിശ്രമിക്കും. ബദൽ നയങ്ങൾക്കുവേണ്ടി സുസ്ഥിരമായ വർഗബഹുജന സമരങ്ങളിലുടെ പടുത്തുയർത്തുന്ന ശക്തമായ ഒരു ഇടതുപക്ഷ ജനാധിപത്യമുന്നണിയ്ക്കായിരിക്കും മുൻഗണന.
2.84 താഴെപറയുന്ന ഘടകങ്ങൾ ഇടതുപക്ഷ ജനാധിപത്യ പരിപാടിയ്ക്കുണ്ടാവേണ്ടതാണ്:
1. ഭരണഘടനാ സംവിധാനത്തിനകത്ത് ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം എന്നിവ ശക്തിപ്പെടുത്താനുള്ള നടപടികൾ ഉണ്ടാവണം. അതിനായി:
• മതവും ഭരണകൂടവും തമ്മിലുള്ള വേർപെടുത്തൽ ഭരണഘടനയിൽ ഉറപ്പാക്കണം.
• ജനാധിപത്യാവകാശങ്ങളെയും പൗര സ്വാതന്ത്ര്യങ്ങളെയും പരിമിതപ്പെടുത്തുന്ന എല്ലാ നിയമങ്ങളും നിബന്ധനകളും നീക്കം ചെയ്യണം.
• കേന്ദ്ര–സംസ്ഥാന ബന്ധങ്ങളുടെ പുനഃസംഘാടനവും ഫലപ്രദമായ ജനാധിപത്യവികേന്ദ്രീകരണവും നടപ്പിലാക്കണം.
2. സ്വാശ്രയത്വത്തിലുറച്ചതും ജനപക്ഷത്തിലൂന്നിയതുമായ വികസന പാതയ്ക്കുവേണ്ടി:
• അന്താരാഷ്ട്ര ധനപ്രവാഹത്തിനുമേൽ കൃത്യമായ നിയന്ത്രണം നടപ്പിലാക്കണം. ഖനനവും പ്രകൃതി എണ്ണ വിഭവങ്ങളും ദേശസാൽക്കരിക്കരണം; ആസൂത്രിതവികസനവും സന്തുലിതമായ വളർച്ചയും കൈവരിക്കണം.
• സാമ്പത്തികവും സാമൂഹ്യവുമായ അസമത്വങ്ങൾ കുറച്ചുകൊണ്ടുവരുക; കുത്തകകളെ നിയന്ത്രിക്കുകയും പൊതുമേഖലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം; സമ്പത്തിന്റെ പുനർവിതരണത്തിനായി ധനപരവും നികുതിപരവുമായ നടപടികൾ കൈക്കൊള്ളണം
• സമഗ്രമായ ഭൂപരിഷ്കാരവും കാർഷികബന്ധങ്ങളുടെ ജനാധിപത്യപരമായ പരിവർത്തനവും നടപ്പിൽ വരുത്തുക; എല്ലാ വിളകൾക്കും വരുമാനദായകമായ മിനിമം താങ്ങുവില നൽകുന്നത് നിയമപരമാക്കുക; കർഷക ജനസാമാന്യത്തെ കടബാധ്യതയിൽനിന്ന് മോചിപ്പിക്കുക; കർഷകത്തൊഴിലാളികളുടെ കൂലിയും സാമൂഹ്യസുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര നിയമം കൊണ്ടുവരുക; സഹകരണകൃഷി, ഉല്പാദനം, വിപണനം തുടങ്ങിയ കൂട്ടായ ഇടപെടലുകളുടെ അടിസ്ഥാനത്തിൽ കൃഷി വളർത്തിക്കൊണ്ടുവരുക.
3. അധ്വാനിക്കുന്ന ജനതയുടെ അവകാശങ്ങൾ:
• ഉപജീവനത്തിനുള്ള അവകാശം, വരുമാനദായകമായ തൊഴിൽ, ന്യായമായ കൂലി, പാർപ്പിടം, സാമൂഹ്യസുരക്ഷ എന്നിവ ഉറപ്പുവരുത്തുക; രഹസ്യ ബാലറ്റുവഴി ട്രേഡ് യൂണിയനുകൾക്ക് അംഗീകാരം നൽകുക; മാനേജ്മെന്റിൽ തൊഴിലാളികൾക്ക് പ്രാതിനിധ്യം നൽകുക; നാലു ലേബർകോഡുകൾ പിൻവലിക്കുക;
• ഭക്ഷണത്തിനും മറ്റ് അവശ്യ വസ്തുക്കൾക്കുമുള്ള പൊതുവിതരണ സമ്പ്രദായം വികസിപ്പിക്കുകയും സാർവത്രികമാക്കുകയും ചെയ്യുക.
• സാർവത്രിക വയോജന പെൻഷൻ ഏർപ്പെടുത്തുക.
4. വിദ്യാഭ്യാസവും സംസ്കാരവും:
• വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പുവരുത്തുക; ജിഡിപിയുടെ 6 ശതമാനം വിദ്യാഭ്യാസത്തിനുവേണ്ടി നീക്കിവയ്ക്കുക; പൊതു വിദ്യാഭ്യാസ സംവിധാനം വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക; അംഗൺവാടി പദ്ധതി സാർവത്രികമാക്കുക.
• ഭരണകൂടത്തിന്റെ ധനസഹായത്തോടെ സാർവത്രിക പൊതുജനാരോഗ്യ സംവിധാനം വികസിപ്പിക്കുക; അവശ്യ മരുന്നുകളുടെ വിലകുറയ്ക്കുക.
• മതനിരപേക്ഷ ജനാധിപത്യ സംസ്-കാരം വളർത്തിയെടുക്കുകയും ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പട്ടികപ്പെടുത്തിയ എല്ലാ ഭാഷകൾക്കും തുല്യപദവി നൽകുകയും ചെയ്യുക.
5 സാമൂഹ്യ നീതി:
• ജാതിവ്യവസ്ഥയും എല്ലാ വിധത്തിലുമുള്ള ജാതീയമായ അടിച്ചമർത്തലുകളും നിരോധിക്കുക; ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ എന്നീ വിഭവങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണം.
• എല്ലാ മേഖലകളിലുമുള്ള സ്ത്രീകൾക്ക് തുല്യാവകാശങ്ങൾ നൽകുക; തുല്യജോലിക്ക് തുല്യവേതനം നൽകുകയും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുകയും ചെയ്യുക.
• ഭിന്നശേഷിയുള്ള വ്യക്തികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുകയും ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുക.
6. തിരഞ്ഞെടുപ്പു പരിഷ്കാരങ്ങളും പരിസ്ഥിതിയും:
• ഉന്നതതലത്തിലെ അഴിമതി തടയാനുള്ള ശക്തമായ നടപടികൾ, തിരഞ്ഞെടുപ്പു പരിഷ്കാരങ്ങൾ, ഭാഗികമായ ലിസ്റ്റ് സംവിധാനത്തോടുകൂടിയ ആനുപാതിക പ്രാതിനിധ്യം നടപ്പിൽവരുത്തൽ എന്നിവ.
• പരിസ്ഥിതിയുടെ സംരക്ഷണം, വിഷവാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുക; പുനരുപയോഗിക്കാവുന്ന ഊർജം പ്രോത്സാഹിപ്പിക്കുക; എല്ലാവർക്കും ഊർജ ലഭ്യതയിൽ തുല്യത ഉറപ്പുവരുത്തുക.
7. വിദേശനയം:
• സാമ്രാജ്യത്വ അധീശാധിപത്യത്തോടുള്ള എതിർപ്പിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്രമായൊരു വിദേശനയം നടപ്പിലാക്കുക; അമേരിക്കയുമായുള്ള എല്ലാ തന്ത്രപരവും രാജ്യരക്ഷാപരവുമായ കരാറുകളിൽ നിന്നും പിൻവലിയുക.
രാഷ്ട്രീയ ലൈൻ
2.85 ഏതാണ്ട് പതിനൊന്നു വർഷത്തെ മോദിഗവൺമെന്റിന്റെ ഭരണം നവഫാസിസ്റ്റ് സ്വഭാവവിശേഷങ്ങളുള്ള വലതുപക്ഷ, വർഗീയ അമിതാധികാര ശക്തികളുടെ ദൃഢീകരണത്തിനിടയാക്കിയിരിക്കുകയാണ്. ഹിന്ദുത്വ ശക്തികളും വൻകിട ബൂർഷ്വാസിയും തമ്മിലുള്ള സഖ്യത്തെയാണ് മോദിഗവൺമെന്റ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് ബിജെപി – ആർഎസ്എസിനും അതിന്റെ അടിത്തറയായ ഹിന്ദുത്വ – കോർപ്പറേറ്റ് കൂട്ടുകെട്ടിനുമെതിരായി പൊരുതുകയും അവരെ പരാജയപ്പെടുത്തുകയുമാണ് പ്രഥമ കടമ.
2.86 ബിജെപിയെയും ഹിന്ദുത്വ ശക്തികളെയും ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യുന്നതിന് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനും വർഗീയശക്തികളുടെ പ്രവർത്തനങ്ങൾക്കുമെതിരായ നിരന്തരമായ പോരാട്ടം ആവശ്യമാണ്. ഹിന്ദുത്വവർഗീയതയ്-ക്കെതിരായി എല്ലാ മതനിരപേക്ഷ ശക്തികളുടെയും വിശാലമായ അണിനിരക്കലിനുവേണ്ടി പാർട്ടി പരിശ്രമിക്കണം.
2.87 ഹിന്ദുത്വ നവലിബറൽ വാഴ്ചയ്ക്കെതിരായ പോരാട്ടങ്ങളുടെ വിജയത്തിന് സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും സ്വതന്ത്രമായ ശക്തിയുടെ വളർച്ച ആവശ്യമാണ്. ഹിന്ദുത്വ വർഗീയതയ്-ക്കെതിരായ സമരത്തെ നവലിബറൽ നയങ്ങൾക്കെതിരായ സമരങ്ങളുമായി കൂട്ടിയോജിപ്പിക്കുക എന്നതും അതിനാവശ്യമാണ്.
2.88 മോദി ഗവൺമെന്റിനും ബിജെപിക്കുമെതിരായ പോരാട്ടം നടത്തേണ്ടത് തൊഴിലെടുക്കുന്നവരുടെ ചൂഷണത്തെ ത്വരിതഗതിയിലാക്കുകയും അവരുടെ ഉപജീവനത്തെയും ജീവിത സാഹചര്യങ്ങളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന ഗവൺമെന്റിന്റെ കോർപ്പറേറ്റനുകൂല നവലിബറൽ നയങ്ങൾക്കെതിരായി വർഗബഹുജന പ്രക്ഷോഭങ്ങൾ നടത്തിക്കൊണ്ടാണ്. ശിങ്കിടി മുതലാളിത്തത്തെയും ദേശീയ ആസ്തികളുടെ കൊള്ളയെയും വൻതോതിലുള്ള സ്വകാര്യവൽക്കരണത്തെയും എതിർക്കുന്നതിൽ പാർട്ടി മുൻപന്തിയിലായിരിക്കണം.
2.89 പാർലമെന്റിനകത്ത് പാർട്ടി ഇന്ത്യാ ബ്ലോക്കിലെ പാർട്ടികളുമായി സഹകരിക്കും; യോജിപ്പുളള പ്രശ്നങ്ങളിൽ പാർലമെന്റിനു പുറത്തും സഹകരിക്കും. ജനാധിപത്യത്തിനെതിരായ സേ-്വച്ഛാധിപത്യ കടന്നാക്രമണം, എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നതിന് കിരാതമായ നിയമങ്ങൾ ഉപയോഗിക്കൽ തുടങ്ങിയ വിഷയങ്ങൾക്കെതിരായി നിലകൊള്ളുന്ന എല്ലാ മതനിരപേക്ഷ – ജനാധിപത്യ ശക്തികളുമായും പാർട്ടി കൈകോർക്കും; ഭരണഘടനയെയും ഭരണകൂട സ്ഥാപനങ്ങളെയും അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെയും ഇതേ നിലപാട് സ്വീകരിക്കും.
2.90 ബിജെപിയെ ശക്തമായി എതിർക്കുന്ന പ്രാദേശിക പാർട്ടികളുമായി സിപിഐ എം സഹകരിക്കും. അത്തരം പാർട്ടികൾ സംസ്ഥാന ഗവൺമെന്റുകൾ നയിക്കുന്നിടങ്ങളിൽ ജനങ്ങൾക്ക് ഗുണകരമായ ഏതുനയത്തെയും സിപിഐ എം പിന്തുണയ്ക്കും. അതേസമയം തൊഴിലെടുക്കുന്ന ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നയങ്ങളെ എതിർക്കുകയും അവയ്ക്കെതിരെ ജനങ്ങളെ അണിനിരത്തുകയും ചെയ്യും.
2.91 വർഗ ബഹുജന സംഘടനകളുടെ സംയുക്തവേദികളെയും യോജിച്ചുള്ള പ്രവർത്തനങ്ങളെയും പാർട്ടി പിന്തുണയ്ക്കും. ബൂർഷ്വാ പാർട്ടികൾക്കൊപ്പം നിലകൊള്ളുന്ന ജനങ്ങളെ യോജിച്ചുള്ള സമരങ്ങളിലേക്ക് കൊണ്ടുവരാൻ എല്ലാ ശ്രമങ്ങളും സിപിഐ എം നടത്തും.
2.92 പാർട്ടിയുടെ സ്വതന്ത്രമായ ശക്തിയുടെ വികാസത്തിന് മുൻഗണന നൽകുന്നതിനോടൊപ്പം ഇടതുപക്ഷ ഐക്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളും നടത്തേണ്ടതുണ്ട്. ഇടതുപക്ഷത്തിന്റെ സംയുക്ത ക്യാംപയ്നുകളും സമരങ്ങളും ബദൽ നയങ്ങളെ ഉയർത്തിക്കാണിക്കണം. ബഹുജന സംഘടനകളും സാമൂഹ്യ പ്രസ്ഥാനങ്ങളുമടക്കം എല്ലാ ഇടതുപക്ഷ ജനാധിപത്യ ശക്തികളെയും ഒന്നിച്ചണിനിരത്താനും, ഇടതുപക്ഷ ജനാധിപത്യ പ്ലാറ്റ്ഫോമും പരിപാടിയും രൂപപ്പെടുത്താനും പാർട്ടി പ്രവർത്തിക്കണം.
2.93 മേൽപറഞ്ഞ രാഷ്ട്രീയ ലൈനനുസരിച്ച് ബിജെപി വിരുദ്ധ വോട്ടുകളെ പരമാവധി സമാഹരിക്കുന്നതിനുള്ള അനുയോജ്യമായ തിരഞ്ഞെടുപ്പ് അടവുകൾ സ്വീകരിക്കണം.
കടമകൾ
2.94
1) നവലിബറൽ സാമ്പത്തിക നയങ്ങൾ, ഹിന്ദുത്വ വർഗീയത, ജനാധിപത്യത്തിനുനേരെയുള്ള സേ-്വച്ഛാധിപത്യ അമിതാധികാര ആക്രമണങ്ങൾ എന്നിവയ്ക്കെതിരായ ക്യാംപയ്നുകളും പ്രക്ഷോഭങ്ങളും പാർട്ടി ശക്തിപ്പെടുത്തണം.
2) ഉപജീവന പ്രശ്നങ്ങൾ, ഭൂമി, ഭക്ഷണം, കൂലി, പാർപ്പിടങ്ങൾ, സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ, തൊഴിലവസരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഗ്രാമീണ ദരിദ്രരുടെയും തൊഴിലാളിവർഗത്തിന്റെയും നഗരങ്ങളിലെ ദരിദ്രരുടെയും സമരങ്ങളെ പാർട്ടി വളർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യണം.
3) ഹിന്ദുത്വ വർഗീയതയ്ക്കെതിരായി എല്ലാ മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെയും വിശാല ഐക്യത്തിനുവേണ്ടി പാർട്ടി പരിശ്രമിക്കണം.
4) ജനാധിപത്യവും, ജനാധിപത്യാവകാശങ്ങളും, പൗര സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുവേണ്ടി പാർട്ടി സുദൃഢമായി നിലകൊള്ളണം. എതിർശബ്ദങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താനും, കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യാനും ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കാനും വേണ്ടി നടത്തുന്ന സേ-്വച്ഛാധിപത്യ കടന്നാക്രമണങ്ങൾക്കെതിരെ വിശാലമായ ഐക്യം രൂപപ്പെടുത്തുന്നതിന് പാർട്ടി സഹകരിക്കണം.
5) എല്ലാ വിധത്തിലുമുള്ള ജാതീയമായ അടിച്ചമർത്തലിനും വിവേചനത്തിനുമെതിരായ പോരാട്ടം പാർട്ടി സജീവമായി ഏറ്റെടുക്കണം. സ്ത്രീകളുടെയും ദളിതരുടെയും ആദിവാസികളുടെയും മതന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളുടെ വക്താവാകണം പാർട്ടി. ഗോത്ര പ്രദേശങ്ങളിലെ പ്രവർത്തനത്തിൽ പാർട്ടി പ്രത്യേക ശ്രദ്ധ ചെലുത്തണം.
6) ഇന്ത്യൻ ജനതയുടെ സാമ്രാജ്യത്വവിരുദ്ധ ബോധം വളർത്താൻ പാർട്ടി പ്രവർത്തിക്കണം. മോദി ഗവൺമെന്റിന്റെ അമേരിക്കൻ അനുകൂല വിദേശനയത്തിനും അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യത്തിനുമെതിരായി പൊതുജനാഭിപ്രായം സമാഹരിക്കണം.
7) സംസ്ഥാനങ്ങളുടെ അവകാശങ്ങളും ഫെഡറലിസവും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ശക്തികളെ പാർട്ടി അണിനിരത്തണം.കേരളത്തിലെ എൽഡിഎഫ് ഗവൺമെന്റിന്റെ സംരക്ഷണം പാർട്ടി ഏറ്റെടുക്കുകയും ജനപക്ഷനയങ്ങൾ നടപ്പിലാക്കാനുള്ള അതിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യണം.
8) ഇടതുപക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുന്നതിനുവേണ്ടി പാർട്ടി പ്രവർത്തിക്കുകയും ഒരു ബദലെന്ന നിലയിൽ ഇടതു ജനാധിപത്യ പരിപാടി അവതരിപ്പിക്കുകയും വേണം. ബദലെന്ന നിലയിൽ സോഷ്യലിസം–അതായത് ഇന്ത്യൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന സോഷ്യലിസം– എന്ന ക്യാംപയ്നുമായും അത് ബന്ധപ്പെടുത്തണം.
വെല്ലുവിളികളെ നേരിടാൻ
കുതിച്ചുയരുക
2.95 മേൽപറഞ്ഞ കടമകൾ നിറവേറ്റണമെങ്കിൽ പാർട്ടിയുടെ സ്വതന്ത്രമായ ശക്തി വൻതോതിൽ വർദ്ധിപ്പിണ്ടേത് അത്യാവശ്യമാണ്.
• പാർട്ടി രാഷ്ട്രീയമായും ആശയപരമായും സാംസ്കാരികമായും സംഘടനാപരവുമായും ബിജെപി – ആർഎസ്എസിനെ നേരിടേണ്ടതുണ്ട്.
• നവലിബറൽ ക്രമത്തിന്റെ ചൂഷണമുറകൾക്കെതിരായി തൊഴിലാളികളുടെയും കർഷകരുടെയും ഗ്രാമീണ തൊഴിലാളികളുടെയും മറ്റെല്ലാ വിഭാഗങ്ങളിലുംപെട്ട തൊഴിലെടുക്കുന്ന ജനങ്ങളുടെയും പ്രക്ഷോഭങ്ങൾ പാർട്ടി നിശ്ചയദാർഢ്യത്തോടെ ഏറ്റെടുക്കേണ്ടതുണ്ട്.
• ജനങ്ങളുടെ മുമ്പിൽ യഥാർത്ഥ ബദൽ അവതരിപ്പിക്കുന്നതിനായി എല്ലാ ഇടതുപക്ഷ ജനാധിപത്യ ശക്തികളെയും പാർട്ടി ഒന്നിച്ചണിനിരത്തേണ്ടതുണ്ട്.
2.96 ഈ പ്രമേയത്തിന്റെ രാഷ്ട്രീയവും ആശയപരവുമായ സന്ദേശം പാർട്ടിയാകെ ഇന്ത്യയിലെ ജനതയുടെ മുമ്പിൽ എത്തിക്കട്ടെ! ജനങ്ങളുടെയിടയിൽ ആഴത്തിൽ വേരുകളുള്ള സംഘടനയോടുകൂടിയ ശക്തമായൊരു അഖിലേന്ത്യാ പാർട്ടി കെട്ടിപ്പടുക്കുന്നതിനായി നമുക്ക് മുന്നേറാം! കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉജ്വലമായ പാരമ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ നമുക്ക് മുമ്പിലുള്ള വെല്ലുവിളികളെ നേരിടുന്നതിനായി കുതിച്ചുയരാനാകുമെന്ന് നമുക്കുറുപ്പുണ്ട്. l