Saturday, April 27, 2024

ad

Homeലേഖനങ്ങൾഹിന്ദു, ഹിന്ദുത്വ, ഹിന്ദുരാഷ്‌ട്രം

ഹിന്ദു, ഹിന്ദുത്വ, ഹിന്ദുരാഷ്‌ട്രം

കെ എ വേണുഗോപാലൻ

ഭാഗം 1

മ്യൂണിസ്റ്റുകാരുടെ പ്രത്യയശാസ്ത്രം എന്ത് എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരമുണ്ട്. അത് മാർക്സിസം ലെനിനിസമാണ്. എന്നാൽ ആർ എസ് എസിന്റെ പ്രത്യയശാസ്ത്രമെന്ത് എന്ന് ചോദിച്ചാൽ അങ്ങനെ ഒറ്റ വാചകത്തിൽ ഉത്തരം പറയാനാവില്ല. അവരുടെ മാറിവരുന്ന വർഗപരമായ ഉള്ളടക്കത്തിനനുസരിച്ച് അവരുടെ പ്രത്യയശാസ്ത്രത്തിലും സാമ്പത്തിക നയത്തിലുമൊക്കെ മാറ്റം വന്നിട്ടുണ്ട്. തുടക്കത്തിൽ ആർ എസ് എസിനേയും ഹിന്ദു മഹാസഭയേയുമൊക്കെ പരിപോഷിപ്പിച്ചു വന്നിരുന്നത് നാട്ടുരാജാക്കന്മാരും ഭൂപ്രഭുക്കളും മേൽജാതി ഹിന്ദുക്കളുമായിരുന്നു. പെറ്റിബൂർഷ്വാകളും മധ്യവർഗക്കാരും വിശിഷ്യാ വ്യാപാരികളും വ്യവസായികളും ഒക്കെ അവരുടെ അനുചരവൃന്ദത്തിൽ ഉണ്ടായിരുന്നു.

സ്വാതന്ത്ര്യാനന്തരം വിശിഷ്യാ എഴുപതുകളിലും എൺപതുകളിലുമൊക്കെ മതനിരപേക്ഷത ദുർബലപ്പെട്ടതിനാൽ വളർന്നുവന്ന മതാത്മകതയെ മുതലെടുക്കാനും അതുവഴി നഗരങ്ങളിലും ചെറുകിട പട്ടണങ്ങളിലും പുതിയതായി വളർന്നുവന്ന മധ്യവർഗത്തിനിടയിൽ സ്വാധീനം ചെലുത്താനും അവർക്ക് കഴിഞ്ഞു.ഫ്യൂഡൽ ഭൂപ്രഭുത്വശക്തികൾക്കു പുറമേ ഹരിതവിപ്ലവത്തിന്റെ അനന്തരഫലമായി വടക്കൻ സംസ്ഥാനങ്ങളിൽ പുതിയതായി വളർന്നുവന്ന മുതലാളിത്ത ഭൂപ്രഭുക്കളും ധനിക കർഷകരും ഒക്കെ വർഗീയമായ ചേരിതിരിവുകളോട് ക്രിയാത്മകമായി പ്രതികരിച്ചു. ഇന്നത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇന്ന് അവരുടെ സ്വാധീന മേഖലയെ ലളിതമായി മേൽജാതി പ്രതിഭാസം മാത്രമായി ചുരുക്കിക്കാണാനാവില്ല. ജാതി വിഭാഗങ്ങളിലെ സമ്പന്നരെയും അവർക്ക് നല്ലതോതിൽ സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ട്.

നവലിബറിൽ പരിഷ്കാരങ്ങളിൽ നിന്ന് ഗുണം ലഭിച്ച മധ്യവർഗത്തിൽ ഒരു വലിയ വിഭാഗം കരുതുന്നത് തൽസ്ഥിതി നിലനിർത്തിക്കൊണ്ട് ബിജെപിക്ക് തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിയും എന്നാണ്. കീഴ്ജാതിക്കാരുടെ അഭിലാഷങ്ങളെ ഒതുക്കിനിർത്താൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്നാണ് മേൽജാതിക്കാർ വിശ്വസിക്കുന്നത്. ശത്രുതാപരമായ താല്പര്യങ്ങളാൽ ഏറ്റുമുട്ടുന്ന എല്ലാ ശക്തികളെയും ഒതുക്കി നിർത്താൻ ബി ജെ പി യുടെ ആക്രമണോത്സുകമായ ഏകാധിപത്യ നയങ്ങൾക്ക് മാത്രമേ കഴിയൂ എന്നാണ് കോർപ്പറേറ്റ് മൂലധന ശക്തികൾ കരുതുന്നത്.

നവലിബറൽ നയങ്ങൾ നടപ്പിലാക്കാൻ ബി ജെ പി യെ അനുവദിക്കുന്ന ആർ എസ് എസിന്റെ കാര്യത്തിൽ അന്തർദേശീയ ധനമൂലധന ശക്തികളും ഇന്ത്യയിലെ കോർപ്പറേറ്റ് മൂലധന ശക്തികളും സന്തുഷ്ടരാണ്. അവരുടെ കർക്കശമായ സാംസ്കാരിക ദേശീയത യുവത്വത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ ദേശീയതയെ പകരംവെക്കുകയും അതുവഴി അവരുടെ ഊർജ്ജം സാമ്രാജ്യത്വവിരുദ്ധമായി ഉപയോഗിക്കപ്പെടാതിരിക്കുകയും ചെയ്യുന്നു. എന്നുമാത്രമല്ല ഒരു ആഭ്യന്തര ശത്രുവിനെതിരായി, ന്യൂനപക്ഷങ്ങൾക്ക്, വിശിഷ്യാ മുസ്ലിങ്ങൾക്കെതിരായി തിരിച്ചു വിടാൻ കഴിയുകയും ചെയ്യുന്നു.

ഇങ്ങനെ വളരാൻ ആർഎസ്എസിനെ സഹായിച്ച പ്രത്യയശാസ്ത്രം എന്ത് എന്ന് പരിശോധിക്കാനാണ് ഇനി ശ്രമിക്കുന്നത്. രൂപീകരണത്തിനുശേഷം ആദ്യം നടന്ന യോഗത്തിൽ വളർന്നു വരുന്ന മുസ്ലീം റൗഡിസത്തെക്കുറിച്ച് ആർ എസ് എസ് ചർച്ച ചെയ്യുന്നുണ്ട്. മുസ്ലിം ആക്രമണങ്ങളെ ചെറുക്കാനും നേരിട്ട് ഏറ്റുമുട്ടാനും അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ തയ്യാറാക്കേണ്ടതിന്റെ ആവശ്യകതയും ആ യോഗത്തിൽ ചർച്ചാ വിഷയമായി. ഇതിനുള്ള പരിപാടികളും പ്രവർത്തനങ്ങളുമാണ് ആദ്യ യോഗത്തിൽ ചർച്ചക്ക് വിധേയമായത്.

വർഗീയമായ ആക്രമണം
ആദ്യയോഗത്തിൽ പ്രത്യയശാസ്ത്ര പ്രമേയമൊന്നും അവതരിപ്പിക്കപ്പെട്ടില്ലെങ്കിലും ഹിന്ദുത്വ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ ഹിന്ദുമത വിശ്വാസികളെയാകെ ഏകീകരിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം എന്ന് കാണാനാവും. ആർ എസ് എസ് രൂപീകരണത്തിന് രണ്ട് വർഷം മുമ്പ് അതായത് 1923 ൽ “ഹിന്ദുത്വത്തിന്റെ സത്ത’ എന്ന പേരിൽ വി ഡി സവർക്കർ ഒരു പ്രത്യയശാസ്ത്ര ലഘുലേഖ പ്രസിദ്ധം ചെയ്തിരുന്നു. പക്ഷേ വീണ്ടും അച്ചടിച്ചപ്പോൾ അതിന്റെ പേര് “ഹിന്ദുത്വ: ആരാണ് ഹിന്ദു’ എന്ന് മാറ്റി. ഹിന്ദുത്വ എന്ന നിർവചനത്തിന് കീഴിൽ വരുന്ന ജനവിഭാഗങ്ങൾ ആരൊക്കെയെന്ന് നിർവചിക്കലും അതിന്റെ അടിസ്ഥാനത്തിൽ ഹിന്ദുത്വരാഷ്ട്രം എന്നതിനെ നിർവചിക്കലുമാണ് സവർക്കർ നടത്തിയത്. “ഇന്ത്യയെ മാതൃഭൂമിയും പിതൃഭൂമിയും പുണ്യഭൂമിയുമായി കരുതുന്നവരെല്ലാം അവരുടെ വിശ്വാസത്തിനതീതമായി ഹിന്ദുത്വയുടെ പരിധിയിൽ വരും. ഇന്ത്യയിൽ ജീവിക്കുകയും മുസ്ലിങ്ങളെപ്പോലെയും (മെക്കയോ മദീനയോ) ക്രിസ്ത്യാനികളെപ്പോലെയും (തകർന്ന പാലസ്തീന്റെ ഭാഗമായ ജെറുസലേമോ ബത്ലഹേ മോ)തങ്ങളുടെ പുണ്യഭൂമി മറ്റെവിടെയോ ആണെന്ന് കരുതുകയും ചെയ്യുന്നവരൊന്നും തന്നെ ഹിന്ദുത്വയുടെ പരിധിയിൽ വരില്ല.’

ഇങ്ങനെ ഹിന്ദുത്വയെ നിർവചിച്ച സവർക്കർ തന്നെ ഊന്നിപ്പറഞ്ഞ മറ്റൊരു കാര്യം ഹിന്ദുത്വ എന്നത് ഒരു രാഷ്ട്രീയ പദ്ധതിയാണെന്നും അതിന് ഹിന്ദുമതവുമായി ബന്ധമൊന്നുമില്ലെന്നുമാണ്. ഹിന്ദുത്വ സ്ഥാപിക്കുന്നതിനായി അദ്ദേഹം ഉയർത്തിയ മുദ്രാവാക്യം ഇതായിരുന്നു. “സൈന്യത്തെ ഹിന്ദുവത്കരിക്കുക; ഹിന്ദുക്കളെ സൈനികവത്കരിക്കുക. “അഗ്നിപഥ്’ എന്ന പേരിൽ ഇന്ന് സൈന്യത്തിലേക്ക് നടത്തുന്ന നിയമനങ്ങൾ ഇതിൽ നിന്ന് ആവേശം ഉൾക്കൊണ്ടുള്ള പ്രവർത്തനമാണ്. വെറുപ്പും ആക്രമണോത്സുകതയും ഭീകരതയും പരത്തുന്ന ഹിന്ദുത്വ പ്രചാരവേലയും ഇതിന്റെ തുടർച്ചയാണ്.

ഹിന്ദുമതവുമായി ബന്ധമൊന്നുമില്ലാത്ത രാഷ്ട്രീയ പദ്ധതിയാണ് ഹിന്ദുത്വ സിദ്ധാന്തം എന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും അവർ കെട്ടിപ്പടുക്കാനുദ്ദേശിക്കുന്നത് ഹിന്ദുരാഷ്ട്രമാണെന്നാണ് അവർ സ്വയം അവകാശപ്പെടുന്നത്. അത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ഒന്നാണെന്നതിനാൽ നാം അതിനെ ഹിന്ദുത്വ രാഷ്ട്രമെന്നാണ് ഈ ലേഖനത്തിൽ വിളിക്കുന്നത്. 1939ൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട നാം അല്ലെങ്കിൽ നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു എന്ന ആർ എസ് എസ് സർസംഘചാലകിന്റെ കൃതിയിലാണ് ഇത് ആദ്യമായി പ്രചരിപ്പിക്കപ്പെടുന്നത്. ഈ കൃതിയാണ് ആർ എസ് എസിന് ഒരു പ്രത്യയശാസ്ത്ര അടിത്തറയും ഒപ്പം തന്നെ ഫാസിസ്റ്റിക് ഹിന്ദുത്വ രാഷ്ട്രം നേടിയെടുക്കുന്നതിന് ആവശ്യമായ സംഘടനാപരമായ ഘടനയും രൂപീകരിച്ചത്.

മരിച്ചുപോയ ഒരു ആർഎസ്എസ് നേതാവ് നടത്തിയ ഒരു പ്രസ്താവനയുടെ പാശ്ചാത്തലത്തിലാണ് ഈ ഊന്നൽ നൽകപ്പെട്ടത്. പ്രസ്താവന ഇങ്ങനെയായിരുന്നു “ഈ ഭൂമി എണ്ണായിരം അല്ലെങ്കിൽ പതിനായിരം വർഷങ്ങളായി തർക്കരഹിതമായും തടസങ്ങളേതുമില്ലാതെയും വിദേശവംശങ്ങളുടെ കടന്നാക്രമണത്തിന് മുമ്പ് ഹിന്ദുക്കളുടെ കൈവശമായിരുന്നു. “അതുകൊണ്ടാണ് “ഈ നാട് ഹിന്ദുസ്ഥാൻ അല്ലെങ്കിൽ ഹിന്ദുക്കളുടെ ഭൂമി’ എന്നറിയപ്പെടാൻ തുടങ്ങിയത്. (എം എസ് ഗോൾവാൾക്കർ) ചരിത്രപരമായ വസ്തുതകൾ ഒന്നും തന്നെ അവർ കണക്കിലെടുക്കുന്നില്ല. ഹിന്ദുസ്ഥാൻ എന്ന വാക്ക് അറബികൾ രൂപപ്പെടുത്തിയത് സിന്ധു നദിക്കപ്പുറത്തുള്ള ഭൂമിയെ വിശേഷിപ്പിക്കുന്നതിനായിരുന്നു. ഈ ഭൂമിയിൽ ജീവിക്കുന്നവരെയാണ് അവർ ഹിന്ദുസ് എന്ന് വിളിച്ചത്. (അറബിയിൽ എസ് എന്ന അക്ഷരം സ്വര ശാസ്ത്രപരമായി എച്ച് എന്നാണ് ഉച്ഛരിക്കപ്പെടുക) അങ്ങനെയാണ് സിന്ധു ഹിന്ദുവായി മാറുന്നത്.

അശാസ്ത്രീയവും ചരിത്രവിരുദ്ധവുമായ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ ഹിന്ദുക്കൾ എന്നും എല്ലായ്‌പ്പോഴും ഒരു രാഷ്ട്രമായി തുടരുന്നു എന്ന് സ്ഥാപിക്കുന്ന ഹിന്ദുത്വ മേധാവിത്വവാദികൾ അസഹിഷ്ണുത ഉളവാക്കുന്നതും ഫാസിസ്റ്റ് ഉള്ളടക്കം ഉള്ളതുമായ അത്തരമൊരു ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കുന്നതിനായി ഊന്നൽ നൽകുകയും അതിനുള്ള പ്രവർത്തനവുമായി മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുകയുമാണ്.

ഒരു രാഷ്ട്രം എന്നതിനെ നിർവചിക്കുന്നതിനായി ഗോൾവാൾക്കർ അഞ്ച് സ്വഭാവ സവിശേഷതകളാണ് ഊന്നിപ്പറഞ്ഞിട്ടുള്ളത്. “ഭൂമിശാസ്ത്രപരം, വംശാധിഷ്ഠിതം, മതപരം, സാംസ്കാരികം, ഭാഷാപരം’ എന്നിവയാണ് ആ ഘടകങ്ങൾ. ഇതിനെ തുടർന്ന്‌ ഇന്ത്യയിലെ ഹിന്ദുക്കൾ ഈ എല്ലാ സവിശേഷതകളും ഉള്ളവരാണ് എന്നും അവർ എല്ലായ്‌പ്പോഴും ഒരു രാഷ്ട്രം ആണെന്നും വരുത്തി ത്തീർക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്.

അതുകൊണ്ടുതന്നെ ചോദ്യം ചെയ്യാനാവാത്ത വിധം ബലപ്രയോഗത്തിലൂടെ നമ്മളെക്കൊണ്ട് എത്തിക്കാൻ ശ്രമിക്കുന്ന നിഗമനം ഇതാണ്. “ഹിന്ദുസ്ഥാനിൽ നിലനിൽക്കുന്നത്, ഭാവിയിൽ നിലനിൽക്കേണ്ടത് പുരാതനമായ ഈ ഹിന്ദു രാഷ്ട്രമാണ്; ഹിന്ദു രാഷ്ട്രം അല്ലാതെ മറ്റൊന്നുമല്ല’. ഹിന്ദു വംശത്തിലും മതത്തിലും സംസ്കാരത്തിലും ഭാഷയിലും ഉൾക്കൊള്ളാത്ത മറ്റെല്ലാം തന്നെ യഥാർത്ഥ “ദേശീയ’ ജീവിതത്തിൽ നിന്ന് ഒഴിവാക്കപ്പെടേണ്ടതാണ് എന്നാണ് ആർ എസ് എസ് നിലപാട്.

ഇന്നത്തെ മയക്കത്തിൽനിന്ന് ഹിന്ദുരാഷ്ട്രത്തെ രക്ഷിക്കാനാവണമെങ്കിൽ യഥാർത്ഥത്തിൽ ദേശീയമായതും രാഷ്ട്രത്തെ പുനർനിർമ്മിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും വിമോചിപ്പിക്കുന്നതിനും ലക്ഷ്യം വെക്കുന്നതുമായ പ്രസ്ഥാനങ്ങൾക്കു മാത്രമെ കഴിയൂ. “ദേശീയവാദികളായ രാജ്യഭക്തരാവുന്നവർ സ്വന്തം ഹൃദയത്തോട് ചേർത്തുപിടിച്ച് രാഷ്ട്രത്തെയും ഹിന്ദു വംശത്തെയും മഹത്വവത്കരിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്നവരും ആ ലക്ഷ്യം നേടിയെടുക്കാൻ ശ്രമിക്കുന്നവരുമാണ്. അല്ലാത്തവരെല്ലാം രാഷ്‌ട്രത്തെ വഞ്ചിക്കുന്നവരും ശത്രുക്കളുമാണ്. കുറച്ചുകൂടി ഉദാരമായി പറഞ്ഞാൽ വിഡ്ഢികളെങ്കിലുമാണ്.’ (ഗോൾവാൾക്കർ)

ചില നിരീക്ഷകന്മാരെങ്കിലും പലപ്പോഴും വാദിക്കുന്നത് ആർഎസ്എസിന്റെ സ്വഭാവത്തിൽ മാറ്റം വന്നുകൊണ്ടിരിക്കുന്നു എന്നാണ്. ചില സംഭവങ്ങൾ, മനോഭാവത്തിൽ വരുത്തുന്ന ചില മാറ്റങ്ങൾ, ആർഎസ്എസ് അംഗങ്ങളുടെ അഭിപ്രായത്തിൽ വരുന്ന വ്യതിയാനങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് ഈ വാദം ഉന്നയിക്കപ്പെടുന്നത്. നിലനിൽക്കുന്ന അടിയന്തര പ്രശ്നങ്ങളെ നേരിടുന്നതിനുവേണ്ടി സ്വീകരിക്കുന്ന അടവുപരമായ സമീപനങ്ങളല്ലാതെ മറ്റൊന്നുമല്ല ഇതൊക്കെ. ഈ പുസ്തകങ്ങളിലൊക്കെ പറഞ്ഞിട്ടുള്ള അടിസ്ഥാനപരമായ ആശയങ്ങൾ ആർഎസ്എസിന്റെ ദീർഘമായ ചരിത്രകാലത്ത് ഒരു മാറ്റവും ഇല്ലാതെ തുടരുകയാണ്.

ആർഎസ്എസ് പ്രത്യയശാസ്ത്രം പ്രായോഗിക തലത്തിൽ ആളിക്കത്തിക്കാൻ ശ്രമിക്കുന്നത് മുസ്ലിം വിരുദ്ധതയും ക്രിസ്ത്യൻ വിരുദ്ധതയും കമ്യൂണിസ്റ്റ് വിരുദ്ധതയും ആണ്. കലാകാലങ്ങളിൽ അവസരത്തിനൊത്ത് പദപ്രയോഗങ്ങളിൽ മാറ്റംവരുത്തും എന്നുമാത്രം. അടിസ്ഥാനപരമായി ഫാസിസ്റ്റ് സ്വഭാവമുള്ള സംഘടനയാണ് ആർഎസ്എസ്.

ആർഎസ്എസിന്റെ കാഴ്ചപ്പാട് അനുസരിച്ച് അഫ്ഗാനിസ്ഥാൻ മുതൽ ബർമ്മ വരെയും ഹിമാലയം മുതൽ കന്യാകുമാരി വരെയുമുള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണ്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ആദിമനിവാസികളായിരുന്നു ആര്യന്മാർ എന്നും അവരുടെ പിൻഗാമികളും ആര്യൻ ഇതര ജനവിഭാഗങ്ങളും ഇടകലർന്നും സംയോജിച്ചും ഉണ്ടായവരാണ് ഇന്നത്തെ ഹിന്ദുക്കളെന്നും കായികമായും സാംസ്കാരികമായും ഈ ഉപഭൂഖണ്ഡത്തിലാകെ നിറഞ്ഞുനിൽക്കുന്നത് അവരാണ് എന്നും അതാണ് അവരുടെ പൊതുസംസ്കാരം രൂപപ്പെടുത്തിയത് എന്നുമാണ് ആർഎസ്എസിന്റെ വാദം.ഇന്ത്യാ രാജ്യത്തിന്റെ നാല് അതിരുകൾക്കുള്ളിൽ ജനിച്ചുവീണവരും ഇന്ത്യൻ പാരമ്പര്യം അവകാശപ്പെടുന്നവരും ആയ എല്ലാവരും ഹിന്ദുക്കളാണെന്നും അവർ ഹിന്ദുത്വ എന്ന സങ്കൽപ്പനത്തിന്റെ ഭാഗമാണെന്നും ആർഎസ്എസ് വ്യാഖ്യാനിക്കുന്നു.

ഹിന്ദുത്വവാദികളുടെ ദേശീയത എന്ന സങ്കൽപ്പനത്തിന്റെ കേന്ദ്രം മതമാണ്. അതുകൊണ്ടാണ് അവർ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി തിരിച്ചറിയുന്നത്. എന്തുകൊണ്ടെന്നാൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ യഥാർത്ഥ സ്ഥിര നിവാസികൾ ഹിന്ദുമതത്തെ പിന്തുടരുന്നവരാണ്. അവർ പ്രാർത്ഥിക്കുന്ന ദേവീദേവന്മാരും ആചരിക്കുന്ന ആചാരങ്ങളും ആഘോഷിക്കുന്ന ഉത്സവങ്ങളും അവരുടെ വിശുദ്ധ ഗ്രന്ഥങ്ങളും ഒക്കെ പൊതുവായ ഒന്നാണ് എന്നാണ് ആർ എസ് എസ് അവകാശപ്പെടുന്നത്.

ഇന്ത്യൻ മണ്ണിൽ ജനിച്ചുവീണ എല്ലാ വിഭാഗങ്ങളുടെയും മതവിശ്വാസങ്ങളെ ഉൾക്കൊള്ളുന്ന ഒന്നായി ഹിന്ദുമതത്തെ അവർ നിർവചിക്കുന്നു. ഇന്ത്യയ്ക്ക് പുറത്ത് ഉത്ഭവിച്ച വിശ്വാസങ്ങളെ ഒന്നും ഹിന്ദുത്വയുടെ ഭാഗമായി കാണുവാൻ അവർ തയ്യാറാവുന്നില്ല. ഈ നിർവചനത്തിന്റെ അടിസ്ഥാനത്തിൽ ഹിന്ദുക്കൾ, ബുദ്ധമതക്കാർ , ജൈനമതക്കാർ, സിക്കുകാർ എന്നിവർക്കു മാത്രമേ ഹിന്ദുത്വയുടെ ഭാഗമായി മാറാൻ പറ്റൂ. അവരെ മാത്രമേ സ്വദേശികളായി അംഗീകരിക്കാൻ അവർ തയ്യാറാവുന്നുള്ളൂ. മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഇതിൽനിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്തുകൊണ്ടെന്നാൽ അവർ വിദേശജന്യമായ മതങ്ങൾ എന്ന് മുദ്രകുത്തപ്പെട്ടിട്ടുള്ള മതങ്ങളുടെ വിശ്വാസികളാണ്. ഒരു മുസ്ലിമോ ക്രിസ്ത്യാനിയോ തങ്ങൾ ഇന്ത്യക്കാരാണ് എന്ന് പ്രഖ്യാപിച്ചതുകൊണ്ട് അവരെ ഹിന്ദുത്വയുടെ ഭാഗമായി കാണാൻ കഴിയില്ല. കാരണം അവർ മക്കയിലേക്കോ റോമിലേക്കോ ആണ് തീർഥാടനത്തിനായി പോകുന്നത്. അവർക്ക് ഇന്ത്യയോടുള്ള വിശ്വാസ്യത സംശയരഹിതമായി അംഗീകരിക്കാൻ കഴിയണമെങ്കിൽ അവർ അവരുടെ വിശ്വാസങ്ങൾ ഹിന്ദുമതത്തിനു വേണ്ടി ഉപേക്ഷിക്കാൻ തയ്യാറാവണം. അതിനാൽ ഒന്നുകിൽ അവർ ഹിന്ദു മതം അംഗീകരിക്കാൻ തയ്യാറാവണം അല്ലെങ്കിൽ ജീവിതകാലം മുഴുവൻ രണ്ടാംതരം പൗരന്മാരോ അതിൽ താഴെയോ ആയി ജീവിക്കാൻ തയ്യാറാവണം.

ഹിന്ദുത്വ നിർവചനം വലയംചെയ്യുന്നത് വിശ്വാസത്തേയോ വംശത്തെയോ മാത്രമല്ല സംസ്കാരത്തെക്കൂടിയാണ്. ഹിന്ദുക്കൾ ഇന്ന് ആചരിച്ചുവരുന്ന സംസ്കാരം ഇന്ത്യയുടെ ആധികാരിക സംസ്കാരമായാണ് കരുതപ്പെടുന്നത് എന്നതിനാൽ അതിന് ഹിന്ദു രാഷ്ട്ര രൂപീകരണത്തിൽ പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട്. “അവർ പിന്തുടരുന്ന പാരമ്പര്യങ്ങൾ, അവർ ധരിക്കുന്ന വസ്ത്രം, അവർ കഴിക്കുന്ന ഭക്ഷണം, അവർ സംസാരിക്കുന്ന ഭാഷ, ഇതെല്ലാം ചേർന്നതാണ് ഇന്ത്യയുടെ യഥാർത്ഥമായ സംസ്കാരം. “ഒരാൾക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ തുടരാൻ കഴിയണമെങ്കിൽ അയാൾ ഈ സംസ്കാരത്തെ സ്വീകരിക്കുകയും അതിനെ സ്നേഹിക്കുകയും വേണം.’ സംസ്കാരം എന്ന നിരുപദ്രവകാരിയായ പദത്തിന്റെ മറവിൽ സാംസ്കാരിക ദേശീയത എന്ന സങ്കൽപ്പത്തിന് കീഴിൽ തീവ്രമായ സ്വന്തം വർഗീയതയെ മറച്ചുവെക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്.

ദേശീയത എന്നതിലെ രാഷ്ട്രീയമായ സങ്കൽപ്പനത്തെയും ഭൂമിശാസ്ത്രപരതയേയും ആർഎസ്എസ് തള്ളിക്കളയുകയും സാംസ്കാരിക ദേശീയതയെ ഉയർത്തിക്കാണിക്കുകയും ചെയ്യുന്നു. നഗ്നമായ ഹിന്ദുത്വ വർഗീയ ദേശീയതയെ പൊതിഞ്ഞു പറയാൻ ഉപയോഗിക്കുന്ന ഒരു മുഖംമൂടി മാത്രമാണ് സാംസ്കാരിക ദേശീയത.

അത് വേരുകളാഴ്ത്തിയിരിക്കുന്നത് മതത്തിനും സംസ്കാരത്തിനും ഇടയിലുള്ള ഒരു സ്വത്വത്തിലാണ്. മതപരവും സാംസ്കാരികവുമായ വികാസങ്ങൾ ചരിത്രപരമായിത്തന്നെ പരസ്പരബന്ധിതമായിട്ടാണ് എല്ലാ സമൂഹങ്ങളിലും നടന്നിട്ടുള്ളത് എന്നതിനാൽ സംഘപരിവാർ ഈ ബന്ധത്തെ സാംസ്കാരിക പ്രവർത്തനങ്ങളുടെ മതപരമായ സ്വത്വമായി ചിത്രീകരിക്കുകയും മതവിശ്വാസത്തിൽ വേരൂന്നിയിട്ടുള്ള ഒരു സാംസ്കാരിക പൊതുബോധം സൃഷ്ടിക്കുന്നതിനായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു സംസ്കാരം തുടങ്ങി അവർ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യങ്ങളെല്ലാം ലക്ഷ്യംവെക്കുന്നത് സംസ്കാരം എന്ന പൊതുബോധത്തിനുള്ളിലേക്ക് ഹിന്ദുത്വ വർഗീയ ദേശീയത കടത്തിവിടുന്നതിനും വളർത്തിയെടുക്കുന്നതിനും വേണ്ടിയാണ്.

ആർഎസ്എസിന്റെ കാഴ്ചപ്പാടിൽ രാജ്യഭക്തിയും ദേശസ്നേഹവും ഒക്കെ അർത്ഥമാക്കുന്നത് ഹിന്ദുത്വയെ മഹത്വവൽക്കരിക്കലാണ്. മറ്റെല്ലാ വിമർശനാത്മക സമീപനങ്ങളെയും അവർ ദേശവിരുദ്ധമായി ചിത്രീകരിക്കുകയും അങ്ങനെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രയടിക്കുകയും ചെയ്യും.

ചുരുക്കിപ്പറഞ്ഞാൽ ഹിന്ദുത്വ എന്നത് തീവ്ര ബഹിഷ്കരണത്തിന്റേതും വിവേചനത്തിന്റേതുമായ ഒരു ഫാസിസ്റ്റ് പദ്ധതിയാണ്. രാഷ്ട്രം എന്ന അതിന്റെ ആശയം വിവിധ വിശ്വാസങ്ങളുടെയും സംസ്കാരങ്ങളുടെയും കൂടിച്ചേരലിലൂടെ ഉണ്ടായ സമന്വയാധിഷ്ഠിതമായ ഇന്ത്യൻ സ്വത്വം എന്ന കാഴ്ചപ്പാടിനെ തള്ളിക്കളയുകയാണ് ചെയ്യുന്നത്. അത് മതത്തെയും സംസ്കാരത്തെയും ഒന്നായി കാണുകയും ഹിന്ദുമതത്തെ സംസ്കാരത്തിന്റെ പേരിൽ മറ്റു മത വിശ്വാസികളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. പ്രാങ് മുതലാളിത്ത സമൂഹങ്ങളിൽ മതപരമായ വളർച്ച ഉണ്ടാവുന്നത് സംസ്കാരം അടക്കമുള്ള നിരവധി ഘടകങ്ങളെ കൂട്ടിയിണക്കിയിട്ടാണ് എന്ന വസ്തുത ഉപയോഗപ്പെടുത്തി മതത്തെയും വിശ്വാസത്തെയും കൂട്ടിക്കുഴച്ച് മതവിശ്വാസവും മതനിരപേക്ഷ സംസ്കാരവും തമ്മിലുള്ള വ്യത്യസ്തതയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു.

ആർഎസ്എസ് ശാഖകളിൽ എല്ലാ ദിവസവും നടത്തുന്ന ഒരു കളിയിൽ അവിടെ സംഘടിച്ചിരിക്കുന്നവർ ഉയർത്തുന്ന ഒരു മുദ്രാവാക്യം ഇതാണ്. “ഇന്ത്യ ഹിന്ദുക്കളുടേതാണ് മറ്റാരുടെയും അച്ഛന്റേതല്ല.’ ഇവിടെ രാഷ്ട്രം എന്നതിനെ ഹിന്ദു സമൂഹവുമായി ഏകീകരിക്കുകയാണ് ചെയ്യുന്നത്. ഒപ്പം അത് അഹിന്ദുക്കളെ ഒഴിവാക്കുകയും ചെയ്യുന്നു. ഈ ദേശീയതാ സങ്കല്പനം മുസ്ളീങ്ങൾക്കും മറ്റ് അഹിന്ദുക്കൾക്കുമെതിരായി വെറുപ്പ് ഉല്പാദിപ്പിക്കുന്നതിനാണ് ഉപയോഗിക്കുന്നത്.

മതനിരപേക്ഷത എന്ന ആശയത്തെ വെറുക്കുന്നവരാണ് ആർ എസ് എസുകാർ. നമ്മുടെ ഭരണഘടനയിലെ മതനിരപേക്ഷ സങ്കല്പനം പാശ്ചാത്യ മൂല്യങ്ങളുടെ ഇറക്കുമതിയാണെന്നും അതുകൊണ്ടുതന്നെ മനുസ്മൃതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഭരണഘടന മാറ്റിയെഴുതേണ്ടതുണ്ടെന്നും അവർ കരുതുന്നു. അവർ മതനിരപേക്ഷത എന്ന സങ്കൽപ്പനത്തെ പാശ്ചാത്യവും മതവിരുദ്ധവുമായി കാണുക മാത്രമല്ല മുസ്ലിങ്ങളെയും ന്യൂനപക്ഷങ്ങളെയും പ്രീണിപ്പിക്കുന്നതിനുവേണ്ടിയുള്ള ഉപകരണമാണെന്ന് കരുതുകയും ചെയ്യുന്നു.

മതനിരപേക്ഷത ജന്മനാൽ തന്നെ ഒരു ആധുനികമായ സങ്കല്പനമാണ്. അതിനർത്ഥം മതത്തെ രാഷ്ട്രീയത്തിൽ നിന്ന് വേർതിരിക്കുക എന്നതും മതത്തെ തീർത്തും വ്യക്തിപരമായ ഒരു കാര്യമായി കാണുക എന്നതുമാണ്. ഇതിനർത്ഥം ഭരണകൂടം വ്യക്തികൾക്ക് സ്വന്തം മതവിശ്വാസത്തെ തെരഞ്ഞെടുക്കാനുള്ള അവകാശത്തെ പൂർണമായി സംരക്ഷിക്കുന്നതോടൊപ്പം തന്നെ അത് ഒരിക്കലും ഒരു മതത്തെ സ്വന്തമായി സ്വീകരിക്കുകയോ സവിശേഷ പരിഗണന കൊടുക്കുകയോ, അനുവർത്തിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതല്ല എന്നാണ്.

മതനിരപേക്ഷവത്കരണ പ്രക്രിയ ഇന്ത്യയിൽ രൂപപ്പെടുന്നത് ഇന്ത്യൻ ബൂർഷ്വാസിയുടെ നേതൃത്വത്തിൽ നടക്കുന്ന കോളനിവിരുദ്ധ സമരത്തിൽ ബഹുമത വിശ്വാസികളായ ജനങ്ങളെ ഐക്യപ്പെടുത്തേണ്ടി വന്നപ്പോഴാണ്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം മതത്തെ ഭരണകൂടത്തിൽനിന്ന് ഒഴിവാക്കി നിർത്തുന്നതിന് പകരം ബൂർഷ്വാസിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഭരണകൂടം എല്ലാ മതങ്ങളെയും തുല്യ ബഹുമാനത്തോടുകൂടി കാണുകയും എല്ലാ മതങ്ങളിൽ നിന്നും അകലം പാലിക്കുകയും ചെയ്യുക എന്ന രീതിയിലുള്ള പുതിയ ഒരു മതനിരപേക്ഷ സങ്കൽപ്പനത്തിന് രൂപം കൊടുക്കുകയാണ് ചെയ്തത്. മതത്തിൽനിന്നും പൂർണ്ണമായി വേറിട്ടുനിൽക്കുക എന്ന മതനിരപേക്ഷതയുടെ അടിസ്ഥാന സ്വഭാവത്തിൽ വെള്ളംചേർക്കുക വഴി ഇന്ത്യൻ ഭരണവർഗത്തിന് മതനിരപേക്ഷതയിൽ വെള്ളം ചേർക്കാനും അതുവഴി തങ്ങളുടെ ആവശ്യത്തിനൊത്ത് മതശക്തികളെ പ്രീണിപ്പിക്കാനും കഴിയുന്ന സ്ഥിതിവിശേഷം സംജാതമായി. ഇത് മതനിരപേക്ഷ മൂല്യങ്ങളിൽ വെള്ളം ചേർക്കുകയും വർഗീയശക്തികളുടെ വളർച്ചയ്ക്ക് അരങ്ങൊരുക്കുകയും ചെയ്തു.

ചില ഹിന്ദുത്വവാദികൾ അവകാശപ്പെടുന്നത് തങ്ങളുടേതാണ് യഥാർത്ഥ മതനിരപേക്ഷത എന്നും എതിരാളികളുടേത് വ്യാജ മതനിരപേക്ഷതയാണ് എന്നുമാണ്. സർവ്വധർമ്മ സമഭാവന എന്ന് പറയുന്നതിനർത്ഥം എല്ലാ മതവിഭാഗങ്ങളെയും നിയമത്തിന് മുമ്പിൽ തുല്യരായി പരിഗണിക്കുക എന്നാണെന്നും മതത്തിന്റെ പേരിൽ ഏതെങ്കിലുമൊരു വിഭാഗത്തിന് പ്രത്യേക പരിഗണന കൊടുക്കുന്ന വ്യാജ മതനിരപേക്ഷതയും ന്യൂനപക്ഷ പ്രീണനവുമാണെന്നാണ്. ഭരണഘടനാ അനുഛേദം 370നെ എതിർക്കൽ, പൊതു സിവിൽ കോഡ് കൊണ്ടുവരൽ എന്നിവയെയൊക്കെ അവർ ന്യായീകരിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. അസമമായ മതസമൂഹങ്ങൾക്ക് സമമായ പരിഗണന എന്നതിൽ ഊന്നൽ നൽകുന്നതിലൂടെ ആർ എസ് എസ് ഉദ്ദേശിക്കുന്നത് ആധിപത്യം വഹിക്കുന്ന മത വിഭാഗത്തിന്റെ നിബന്ധനകളെ മതന്യൂനപക്ഷങ്ങൾ അംഗീകരിക്കുന്ന സ്ഥിതിവിശേഷം സംജാതമാക്കലാണ്. മതനിരപേക്ഷതക്ക് പകരം ഭൂരിപക്ഷ മതാധിപത്യം നടപ്പിലാക്കലാണ് അവർ ഉദ്ദേശിക്കുന്നത്.
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 + ten =

Most Popular