Tuesday, December 3, 2024

ad

Homeഗവേഷണംസോവിയറ്റ് യൂണിയന്റെ സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ സ്വാധീനം കേരളത്തിൽ

സോവിയറ്റ് യൂണിയന്റെ സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ സ്വാധീനം കേരളത്തിൽ

ഡോ. അമൽ പുല്ലാർക്കാട്ട്

കേരളം എന്ന ഇന്ത്യാ മഹാരാജ്യത്തിന്റെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കൊച്ചു സംസ്ഥാനം അന്തർദേശീയതലത്തിൽ ഏറ്റവുമധികം ചർച്ചകൾക്ക് വിധേയമായ ഒരു സന്ദർഭമുണ്ട്. അത് ബ്രിട്ടീഷ് കോളനിഭരണം ഒഴിഞ്ഞുപോയതിനുശേഷം 1957ൽ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയതോടെയാണ്. 1945ൽ യൂറോപ്പിലെ സാൻമറീനോക്കും 1953ൽ കരീബിയൻ ദ്വീപുകളിലെ ബ്രിട്ടീഷ് ഗയാനയ്‌ക്കും ശേഷം കമ്യൂണിസ്റ്റ് പാർട്ടിയുടെ ബാലറ്റിലൂടെയുള്ള തിരഞ്ഞെടുപ്പ് വിജയമായിരുന്നു ഇത്. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നെല്ലാം തുലോം വ്യത്യസ്തമായി കേരളം അങ്ങനെ ചിന്തിക്കുകയും അതിന് തുടർച്ചകൾ ഉണ്ടാകുകയും ചെയ്തതിന്റെ പ്രധാന സ്വാധീനം എന്തായിരിക്കാം? ഈ ചോദ്യത്തെ മുൻനിറുത്തി ഒരു ഗവേഷണത്തിന് തയ്യാറെടുക്കുമ്പോൾ ആദ്യം കടന്നുചെല്ലേണ്ടിവരിക നിലനിൽക്കുന്ന കടുത്ത അസമത്വങ്ങൾക്കെതിരായി സമത്വം എന്ന സങ്കൽപ്പനത്തെ കേന്ദ്രീകരിച്ച്‌ ഉയർന്നുവന്ന നമ്മുടെ നാടിന്റെ നവോത്ഥാന മുന്നേറ്റങ്ങളിലേക്കാണ്.

കണ്ടുകൂടായ്‌മ മുതൽ തൊട്ടുകൂടായ്‌മ വരെ നിലനിന്ന കേരളീയ ദേശങ്ങൾ ഇന്ത്യൻ ഭൂമികയിൽ തന്നെ ഏറ്റവുമേറെ അനാചാരങ്ങളും വിവേചനങ്ങളും നിലനിന്ന പ്രദേശമാണ്. ഇതിനെതിരായി തുല്യനീതി നിലനിൽക്കുന്ന ഒരു സാമൂഹിക വ്യവസ്ഥിതി കെട്ടിപ്പടുക്കുക എന്ന ആശയമായിരുന്നു നമ്മുടെ നവോത്ഥാന മുന്നേറ്റങ്ങളുടെ കാതൽ. ജാതിസമൂഹങ്ങളിൽനിന്നും ആത്മീയ നേതൃത്വങ്ങളായി ഉയർന്നുവന്നവരായ ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, അയ്യാ വൈകുണ്ഠർ, മക്തി തങ്ങൾ, വാഗ്ഭടാനന്ദൻ, പൊയ്‌കയിൽ അപ്പച്ചൻ തുടങ്ങിയവർ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലും ഈ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകി. ഇവരേയും ഇവരുടെ പിന്തുടർച്ചക്കാരായിരുന്ന മഹാത്മാ അയ്യൻ‌കാളി, ഡോ. പൽപ്പു, പണ്ഡിറ്റ് കെ. പി. കറുപ്പൻ, തുടങ്ങിയ നേതാക്കളെയും പിന്തുടർന്നായിരുന്നു സമത്വത്തിലധിഷ്ഠിതമായ രാഷ്ട്രീയ മുന്നേറ്റം കേരളത്തിൽ വേരുപിടിച്ചത്. പ്രാദേശികവും ദേശീയവുമായ സംഭവവികാസങ്ങൾക്കപ്പുറം അന്തർദേശീയമായ വിപ്ലവ മുന്നേറ്റങ്ങളിലേക്കുകൂടി ഇവരുടെയെല്ലാം ശ്രദ്ധ പതിഞ്ഞിരുന്നു. അങ്ങനെ ഫ്രഞ്ച് വിപ്ലവവും റഷ്യൻ വിപ്ലവവുമെല്ലാം ഈ കാലഘട്ടത്തിലെ കേരളത്തിലെ ധൈഷണിക വ്യവഹാരങ്ങൾക്ക് പ്രിയപ്പെട്ടതായിമാറി.

റഷ്യൻ വിപ്ലവത്തിന്റെ അടിസ്ഥാന ആശയം വിവേചനങ്ങളും ചൂഷണങ്ങളും നിലനിൽക്കുന്ന യാഥാസ്ഥിതിക വ്യവസ്ഥിതിയെ മാറ്റിമറിച്ചുകൊണ്ട് സമത്വാധിഷ്‌ഠിതമായ പുതിയൊരു സമൂഹം കെട്ടിപ്പടുക്കുക എന്നതായിരുന്നു. ഈ ആശയം നമ്മുടെ നവോത്ഥാന വിപ്ലവകാരികളിൽ പലർക്കും പ്രിയപ്പെട്ടതായി മാറി. അവരെ സംബന്ധിച്ചിടത്തോളം റഷ്യൻ വിപ്ലവം തങ്ങൾക്ക് ആശയ വ്യക്തത സമ്മാനിച്ച സാമൂഹിക പ്രതിഭാസമായിരുന്നു. റഷ്യൻ വിപ്ലവത്തെക്കുറിച്ചു പലരീതിയിലുള്ള ഭാവനകളും പ്രചരണങ്ങളും തുടക്കംമുതൽതന്നെ നിലനിന്നിരുന്നെങ്കിലും പുരോഗമനോന്മുഖമായി ചിന്തിക്കുന്നവർക്കിടയിലും അവകാശപോരാട്ടങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കിടയിലും വിപ്ലവം പ്രതീക്ഷാനിർഭരമായിരുന്നു. ഫ്രഞ്ച് വിപ്ലവത്തിന്റെ കുറേക്കൂടി ശക്തമായ തുടർച്ചയായി ഇവിടെ വീക്ഷിക്കപ്പെട്ട റഷ്യൻ വിപ്ലവം ജാതീയ വിവേചനകൾക്കെതിരായും കോളനി വൽക്കരണത്തിനെതിരായും പൊരുതുന്ന മലയാളികളെ പ്രചോദിപ്പിച്ചു. ഈ ആശയധാര സാമ്രാജ്യത്വ-മുതലാളിത്ത മാതൃകകൾക്കെതിരായ ഒരു ബദൽ മാതൃകയായാണ് ഇവിടെ പുരോഗമിച്ചത്.

വിപ്ലവ റഷ്യയിൽനിന്നുള്ള വാർത്തകളെ തടയാൻ ബ്രിട്ടീഷ് അധികാരികൾ അവരുടെ പരമാവധിയിൽ ശ്രമിച്ചിട്ടും കേരളത്തിലെ ഉൽപ്പതിഷ്ണുക്കളായ സ്വാതന്ത്ര്യ സമര സേനാനികൾ ആ വാർത്തകൾ കഴിയുന്നത്രവേഗം തേടിപ്പിടിച്ചു ചർച്ചചെയ്യുന്നവരായി മാറി. ഒരുകാലത്ത് സ്വാമി വിവേകാനന്ദനെപ്പോലുള്ളവർ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളത്തെ ഇന്ന് മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വിവേചനങ്ങളും അനാചാരങ്ങളും തുലോം കുറവായ ഒരു സാമൂഹികാന്തരീക്ഷത്തിലേക്ക് എത്തിച്ചതിൽ റഷ്യൻ വിപ്ലവത്തിൽനിന്നും സോവിയറ്റ് യൂണിയനിൽനിന്നും പ്രചോദനമുൾക്കൊണ്ട ചിന്താധാരകൾക്കും മുന്നേറ്റങ്ങൾക്കും വലിയ പങ്കാണുള്ളത്.

1905 മുതൽ തന്നെ ഒന്നാം റഷ്യൻ വിപ്ലവത്തെക്കുറിച്ച്‌ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള മുതലായവർ ലേഖനങ്ങളെഴുതിത്തുടങ്ങി. ഈ അന്വേഷണങ്ങളാണ് അദ്ദേഹത്തെക്കൊണ്ട് 1912ൽ “കാൾ മാർക്സിന്റെ ജീവചരിത്രം’ എന്ന ഇന്ത്യൻ ഭാഷയിലെ കാൾ മാർക്‌സിനെക്കുറിച്ചുള്ള ആദ്യ പുസ്തകം എഴുതുന്നതിലേക്കു നയിക്കുന്നത്. കമ്യൂണിസ്റ്റ് രാജ്യമായ ചൈനയിൽ 1919ൽ മാത്രമാണ് യുവാൻക്യുവാൻ എഴുതിയ കാൾ മാർക്‌സിനെക്കുറിച്ചുള്ള ചൈനീസ് പുസ്തകം ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. റഷ്യൻ വിപ്ലവവും (1917) ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണവും (1920) ഏറെക്കുറെ സമകാലികമായി സംഭവിച്ചതാണ്. എന്നാൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിരൂപീകരണം വളരെ വൈകിയാണ് നടന്നതെങ്കിലും (1939 ഡിസംബർ) ഇവിടെ, ഇന്ത്യയിൽ ഏറ്റവുമാദ്യം കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ എത്തുകയാണുണ്ടായത്.

ഇന്ത്യ ഒരു ബ്രിട്ടീഷ് കോളനി ആയിരുന്നെങ്കിൽത്തന്നെയും മാർക്സിസം എന്ന ആശയം വേരുപിടിച്ചതും വളർന്നുവന്നതും പടിഞ്ഞാറൻ യൂറോപ്പിന്റെ സ്വാധീനത്തിലൂടെയല്ല മറിച്ച്‌ റഷ്യയിൽ നടന്ന സംഭവവികാസങ്ങളെ നോക്കിക്കൊണ്ടാണ്. ഈ ചിന്താധാരകൾ പിന്തുടർന്നുകൊണ്ട്‌ 1920കളോടെ കേരളത്തിൽ കർഷക പ്രസ്ഥാനങ്ങളും തൊഴിലാളി പ്രസ്ഥാനങ്ങളും ആരംഭിക്കപ്പെട്ടു. കർഷക പ്രസ്ഥാനങ്ങളുടെ തുടക്കമായി 1920 ൽ ‘മലബാർ കുടിയാൻ സംഘം’ മലബാറിലും ‘ദേശീയ കർഷക സമാജം’ കൊച്ചിയിലും രൂപീകരിക്കപ്പെട്ടു. ആലപ്പുഴയിലെ എമ്പയർ കയർ ഫാക്ടറിയിലെ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് വാടപ്പുറം പി കെ ബാവയുടെ നേതൃത്വത്തിൽ 1922ൽ ‘ട്രാവൻകൂർ ലേബർ അസോസിയേഷൻ’ എന്ന കേരളത്തിലെ ആദ്യ തൊഴിലാളി പ്രസ്ഥാനം ആരംഭിച്ചു.

റഷ്യയിൽ 1917ൽ നടന്ന ബോൾഷെവിക് വിപ്ലവം ഉടൻതന്നെ കേരളത്തിൽ അച്ചടിച്ചിരുന്ന ചെറുപത്രങ്ങളിൽ അടക്കം വലിയ വാർത്തയാവുകയും അന്നത്തെ ആനുകാലികങ്ങളിൽ വലിയ പ്രാധാന്യത്തോടെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുവരികയും ചെയ്‌തു. ഡോ. വി. വി. വേലുക്കുട്ടി അരയൻ കരുനാഗപ്പള്ളി ചെറിയഴീക്കലിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന “അരയൻ’ പത്രം റഷ്യൻ വിപ്ലവത്തിന്റെ വാർത്ത ആദ്യം പ്രസിദ്ധീകരിച്ച പത്രങ്ങളിലൊന്നാണ്. 1917 ഡിസംബറിൽ ‘മിതവാദി’യിൽ സി. കൃഷ്‌ണൻ ഇന്ത്യയിലേയും റഷ്യയിലേയും പൊരുതുന്ന ജനങ്ങളുടെ ജീവിതസാമ്യങ്ങളെക്കുറിച്ചു ലേഖനമെഴുതി.

റഷ്യൻ വിപ്ലവം ആദ്യമായി പ്രമേയമാക്കിയ മലയാള കവിത 1918 ൽ സഹോദരൻ അയ്യപ്പൻ രചിച്ച “ഈഴവൊൽബോധനം” ആണ്. ‘സഖാവ്’ എന്ന പദം മലയാളത്തിൽ ആദ്യമായി ഉപയോഗിക്കുന്നതും ഈ കവിതയിലാണ്. അയ്യപ്പന്റെ തന്നെ 1919 ൽ പ്രസിദ്ധീകരിക്കപ്പെട്ട “നവവർഷം” എന്ന കവിതയിലും ഒക്ടോബർ വിപ്ലവം കേന്ദ്രപ്രതിപാദ്യമാണ്. മഹാകവി വള്ളത്തോൾ 1922ൽ പ്രസിദ്ധീകരിച്ച “മാപ്പ്” എന്ന കവിതയിലാണ് ആദ്യമായി ക്യാപിറ്റലിസ്റ്റ് എന്ന ഇംഗ്ലീഷ് വാക്കിന്റെ പര്യായമായ ‘മുതലാളി’ എന്ന വാക്ക് ഉപയോഗിക്കുന്നത്. ബോൾഷെവിക് വിപ്ലവത്തെ കേന്ദ്രീകരിച്ചുള്ള ആവേശപൂർണ്ണമായ സാഹിത്യ രചനകൾ ഒരു പുതിയ പദസമ്പത്തുകൂടി മലയാളഭാഷയ്‌ക്ക് സമ്മാനിച്ചുകൊണ്ടാണ് മുന്നോട്ടുനയിച്ചത്.

റഷ്യൻ വിപ്ലവത്തെ ആരാധിച്ച സ്റ്റേറ്റ് കോൺഗ്രസ് നേതാവായ എ. കെ. പിള്ള 1924ൽ ലെനിന്റെ മരണത്തിനുശേഷം ഒക്ടോബറിൽ ലെനിന് ഒരു ചരമക്കുറിപ്പു എഴുതി സ്വദേശാഭിമാനിയിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. റഷ്യൻ വിപ്ലവത്തെക്കുറിച്ചെഴുതിയ ആദ്യ മലയാള പുസ്തകം പി കേശവദേവ് 1931ൽ പ്രസിദ്ധീകരിച്ച “അഗ്നിയും സ്ഫുലിംഗവും’ ആണ്. ഈ പുസ്തകത്തെക്കുറിച്ചുള്ള നിരൂപണം 1932 ൽ “ഉണ്ണിനമ്പൂതിരി’ മാസികയിൽ ഇഎംഎസ് നമ്പൂതിരിപ്പാട് എഴുതി പ്രസിദ്ധീകരിച്ചു. ഇഎംഎസ് നമ്പൂതിരിപ്പാട് റഷ്യൻ വിപ്ലവത്തെക്കുറിച്ചുള്ള തന്റെ ആദ്യ പുസ്തകമായ “1917’ പ്രസിദ്ധീകരിക്കുന്നത് 1935ലാണ്. സോവിയറ്റ് യൂണിയനെക്കുറിച്ച്‌ സമഗ്രമായൊരു മലയാള പുസ്തകം രചിക്കുന്നത് 1944ൽ സി അച്യുതമേനോനാണ്. തൃശ്ശൂരിൽനിന്ന് മംഗളോദയം പ്രസിദ്ധീകരിച്ച “സോവിയറ്റ് നാട്’ എന്ന ഈ പുസ്തകത്തിന്റെ അവതാരിക എഴുതിയത് പനമ്പിള്ളി ഗോവിന്ദമേനോനാണ്.

1930കളോടെ റഷ്യൻ വിപ്ലവത്തിന്റെയും സോവിയറ്റ് യൂണിയന്റെയും വ്യക്തമായ സ്വാധീനം മലയാളികളുടെ പൊതുമണ്ഡലത്തിൽ പ്രകടമാകാൻ തുടങ്ങി. അത് രാഷ്‌ട്രീയ സാംസ്‌കാരിക രംഗങ്ങളിൽ ശക്തമായ സ്വാധീനമായും ഒരു പുതിയ ഭാവുകത്വമായും ഉയർന്നുവന്നു. 1953 ൽ എ. കെ. ഗോപാലനാണ് സോവിയറ്റ് യൂണിയനിലേക്ക് പോയ ഒരു യാത്രാവിവരണം ആദ്യമായി മലയാളത്തിൽ “സോവിയറ്റ് യൂണിയനിൽ എന്റെ അനുഭവങ്ങൾ” എന്ന പേരിൽ എഴുതുന്നത്. 1954 ൽ “ഞാൻ ഒരു പുതിയ ലോകം കണ്ടു’ എന്ന പേരിലും എകെജി തന്റെ സോവിയറ്റ് യാത്രാനുഭവങ്ങൾ എഴുതുകയുണ്ടായി. 1930 മുതൽ 1947 വരെ മലയാള സാഹിത്യത്തിൽ ഒരു സോവിയറ്റ് യുഗമാണ് നിലനിന്നതെന്ന് കെ എം ജോർജ് സമർഥിക്കുന്നുണ്ട്. അദ്ദേഹം 1937 മുതൽ 1952 വരെയുള്ള കാലഘട്ടത്തെ മലയാള സാഹിത്യത്തിന്റെ ചുവന്ന കാലഘട്ടമായും വിലയിരുത്തുന്നു.

1937ൽ രൂപീകരിക്കപ്പെട്ട ‘ജീവൽ സാഹിത്യ സംഘവും’ 1944ൽ ഉടലെടുത്ത ‘പുരോഗമന കലാസാഹിത്യ സംഘടനയും’ പിന്നീട് 1969 ൽ ആരംഭിച്ച ‘ദേശാഭിമാനി സ്റ്റഡി സർക്കിളും’ 1980ൽ രൂപംകൊണ്ട ‘പുരോഗമന കലാസാഹിത്യ സംഘവും’ കലാസാഹിത്യ രംഗത്തെ ഈ മുന്നേറ്റങ്ങളുടെ തുടർച്ചയാണ്.

സാധാരണക്കാരിലേക്ക് വിശേഷിച്ചും പാവപ്പെട്ട തൊഴിലാളികളിലേക്ക് ജനകീയമായി റഷ്യൻ വിപ്ലവത്തിന്റെ ആശയങ്ങൾ എത്തുന്നത് തെരുവുകളിലും മേളകളിലും കൃഷിയിടങ്ങളിലും തൊഴിലാളി യോഗങ്ങളിലുമെല്ലാം അരങ്ങേറിയ അക്കാലത്തെ നേതാക്കളുടെ പ്രസംഗങ്ങളിലൂടെയാണ്. 1919ൽ ആലപ്പുഴയിൽ നടന്ന തൊഴിലാളി സമ്മേളനത്തിൽ പ്രസംഗിച്ച സഹോദരൻ അയ്യപ്പൻ ജാതി-മതാന്ധതക്കെതിരെ പോരാടുന്ന ഈഴവ യുവാക്കൾക്ക് വിപ്ലവ റഷ്യ ഒരു മാതൃകയും ഊർജവുമാകണം എന്ന് ഉദ്‌ബോധിപ്പിച്ചു. വൈക്കം സത്യാഗ്രഹം നടക്കുന്ന കാലത്ത്‌ (1924‐-25) അദ്ദേഹം ആലപ്പുഴയിൽ നടത്തിയ പ്രസംഗത്തിൽ തിരുവിതാംകൂറിലെ എൺപത് ശതമാനത്തോളം വരുന്ന കൂലിവേലക്കാരായ ഈഴവർ റഷ്യൻ വിപ്ലവത്തെ മാതൃകയാക്കി ഒരു മുന്നേറ്റം നടത്തി തിരുവിതാംകൂർ രാജഭരണം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു. തുടർന്ന് തിരുവിതാംകൂറിൽ പ്രസംഗിക്കുന്നതിൽ നിന്ന് സഹോദരൻ അയ്യപ്പൻ വിലക്കപ്പെട്ടു.

സോവിയറ്റ് യൂണിയൻ തൊഴിലാളികളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന രാഷ്‌ട്രമാണെന്നും ഇവിടെ തൊഴിലാളികൾ അത്തരത്തിൽ സംഘടിക്കേണ്ടതുണ്ടെന്നും നിരന്തരം പ്രസംഗിച്ച സ്റ്റേറ്റ് കോൺഗ്രസ് നേതാവും, എസ്എൻഡിപി ജനറൽ സെക്രട്ടറിയും തിരുക്കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന (1951‐-52) സി. കേശവൻ തന്റെ സദസ്യരെ ‘സഖാക്കളേ’ എന്നാണ് അഭിസംബോധന ചെയ്തുകൊണ്ടിരുന്നത്. സോവിയറ്റ് യൂണിയന് അന്തർദേശീയ പിന്തുണ നൽകാനായി രൂപീകരിക്കപ്പെട്ട ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയൻ എന്ന സംഘടനയുടെ ഭാഗമായിമാറിയ സി കേശവൻ രണ്ടാം ലോകയുദ്ധക്കാലത്തെ നാസി ജർമനിയുടെ യുഎസ്എസ്ആറിനെതിരായ ആക്രമണത്തെ ശക്തമായി അപലപിക്കുകയും ഈ യുദ്ധത്തിലെ സോവിയറ്റ് വിജയം ലോകത്തിന്റെ നിലനിൽപ്പിനു തന്നെ അത്യന്താപേക്ഷിതമാണ് എന്ന് ഉദ്‌ഘോഷിക്കുകയും ചെയ്‌തു.

കൊടുങ്ങല്ലൂരിൽ 1932ൽ നടന്ന കേരളത്തിലെ ആദ്യ കർഷക സമരത്തിന്റെ സംഘാടകനായ കെ എം ഇബ്രാഹിം തന്റെ പ്രസംഗങ്ങളിൽ സോവിയറ്റ് യൂണിയനെ പ്രകീർത്തിച്ച്‌ നിരന്തരം സംസാരിച്ചിരുന്നു. നിവർത്തന പ്രക്ഷോഭത്തിന്റെ (1932-‐37) നാളുകളിൽ കൊല്ലം ക്ലാപ്പനയിലെ നാവികത്തൊഴിലാളി സമ്മേളനത്തിൽ പ്രസംഗിച്ച പി കേശവദേവ് റഷ്യയിലെ ക്രെംലിൻ കൊട്ടാരത്തിലെ റാസ്‌പുട്ടിനെപ്പോലെ തിരുവിതാംകൂർ കവടിയാർ കൊട്ടാരത്തിലെ റാസ്‌പുട്ടിനാണ് ദിവാൻ സി പി രാമസ്വാമി അയ്യരെന്നും ക്രെംലിൻ തകർന്നു വീണതുപോലെ കവടിയാർ കൊട്ടാരവുമിവിടെ തകർന്നുവീഴാൻ പോവുകയാണെന്നും വിളിച്ചുപറഞ്ഞു. ഇത്തരം പ്രസംഗങ്ങൾ രാജാവിനും ദിവാനുമെല്ലാം വലിയ അസഹിഷ്‌ണുത ഉണ്ടാക്കിയെങ്കിലും കേൾവിക്കാരായ ജനങ്ങൾക്കിടയിൽ സ്വീകാര്യത സൃഷ്ടിക്കുകയും സോവിയറ്റ് യൂണിയനെക്കുറിച്ച്‌ വലിയ മതിപ്പുണ്ടാക്കുന്നതിലേക്ക് നയിക്കുകയും ചെയ്‌തു.

ഈ പശ്ചാത്തലത്തിൽ 1931ലാണ് എൻ സി ശേഖർ, എൻ പി കുരുക്കൾ, പൊന്നറ ശ്രീധർ, തിരുവട്ടാർ താണുപിള്ള എന്നിവർ ചേർന്ന് തിരുവനന്തപുരത്ത് “കമ്യൂണിസ്റ്റ് ലീഗ്’ എന്ന കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സംഘടന രൂപീകരിക്കുന്നത്. ഇക്കൂട്ടത്തിൽ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് എന്ന വിശേഷണത്തിന് അർഹനായ ആൾ തിരുവനന്തപുരത്തെ വിദ്യാർത്ഥികളെ അവകാശസമരങ്ങൾക്കായി സംഘടിപ്പിക്കുകയും ശിങ്കാരവേലു ചെട്ടിയാർ മുതലായ ദേശീയ കമ്യൂണിസ്റ്റ് നേതാക്കളുമായി ബന്ധം പുലർത്തുകയും ചെയ്‌ത എൻ പി കുരിക്കൾ ആണെന്ന് ചരിത്രകാരൻ കെ എൻ ഗണേശ് സ്ഥിരീകരിക്കുന്നു. അതേസമയം കാശി വിദ്യാപീഠത്തിൽ വിദ്യാർത്ഥിയായിരിക്കെ 1936ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗത്വം സ്വീകരിച്ച കെ ദാമോദരനാണ് മലയാളിയായ ആദ്യ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറെന്ന് പി ഗോവിന്ദപ്പിള്ള രേഖപ്പെടുത്തുന്നു. ഈ മുന്നേറ്റങ്ങൾക്ക് സംഘടിതവും വർഗ്ഗപരവുമായ സ്വഭാവം കൈവരുന്നത് 1934ൽ രൂപീകരിക്കപ്പെട്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി പി. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ 1939ൽ കമ്യൂണിസ്റ്റ് പാർട്ടിയായി രൂപംപ്രാപിക്കുന്ന കാലഘട്ടത്തിലാണ്.

കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണം ജാതി-ജന്മി കൊളോണിയൽ മേധാവിത്വങ്ങളോട് നേർക്കുനേർ നിന്ന കയ്യൂർ-കരിവെള്ളൂർ, പുന്നപ്ര-വയലാർ തുടങ്ങിയ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളിലേക്ക് നയിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ദേശീയ തലത്തിൽ നടന്ന രാഷ്ട്രീയ മുന്നേറ്റങ്ങൾ വഴി സാംസ്‌കാരിക മുന്നേറ്റങ്ങൾ അരികുവൽക്കരിക്കപ്പെട്ടപ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ സമരത്തോടൊപ്പം തന്നെ ശക്തമായൊരു സാംസ്‌കാരിക സമരത്തെക്കൂടി നിർമ്മിച്ചതായി കെ എൻ പണിക്കർ വീക്ഷിക്കുന്നു. മുൻപ് പ്രാബല്യത്തിലില്ലായിരുന്ന വർഗം എന്ന കാഴ്ചപ്പാട് ശക്തമായി ഉയർന്നുവന്നു. പഴയ താഴ്‌ന്ന നിലവാരത്തിന് പകരം തൊഴിലാളി എന്ന വിശേഷണത്തിന് ഒരു പുതിയ ശക്തിയും അഭിമാനവും കൈവന്നു. 1930കളോടെ മലബാറിലെ കർഷക മുന്നേറ്റങ്ങളിലും ആലപ്പുഴയിലും മറ്റുമുള്ള തൊഴിലാളി മുന്നേറ്റങ്ങളിലും മുൻപുണ്ടായിരുന്ന നായർ ഭരണം തുലയട്ടെ എന്ന മുദ്രാവാക്യങ്ങൾ മാറി മുതലാളിത്തം തുലയട്ടെ എന്ന മുദ്രാവാക്യങ്ങൾ മുഴങ്ങിത്തുടങ്ങിയതായി പ്രകാശ് കാരാട്ട്, റോബിൻ ജെഫ്‌റി, ടി. എം. തോമസ് ഐസക് എന്നിവർ രേഖപ്പെടുത്തുന്നു.

തൊഴിലാളികൾ തങ്ങൾക്കിടയിൽ നിലനിൽക്കുന്ന സങ്കുചിതമായ ജാതി-മത വിഭാഗീയ ചിന്തകൾക്കപ്പുറം സ്വയം ഒരു ചൂഷിത വർഗമായി അടയാളപ്പെടുത്തുവാൻ തുടങ്ങി. കീഴാള ജനവിഭാഗങ്ങൾ ജാതിവിവേചനങ്ങൾക്കെതിരായ പോംവഴിയായി മുൻപ് കണ്ടിരുന്ന മതപരിവർത്തനങ്ങൾ വളരെ കുറയുകയും അവർ തൊഴിലാളികൾ എന്ന പേരിൽതന്നെ ജാതി-ജന്മി മേധാവിത്വങ്ങൾക്കെതിരെ പരസ്യമായും ശക്തമായുമുള്ള സമരങ്ങളിലേക്ക് അണിചേരുകയും ചെയ്‌തു. യഥാർത്ഥത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഈ കാലത്തെ ആദ്യ തിരഞ്ഞെടുപ്പ് വിജയം കേരള സംസ്ഥാന രൂപീകരണത്തിനും മുൻപ് 1954ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിലേക്ക് നടന്ന ഇലക്ഷനിലെ വിജയവും പി ടി ഭാസ്കരപ്പണിക്കർ ചെയർമാനായി നിലവിൽവന്ന ഭരണസമിതിയുമാണ്. ഇത്തരം ഒരു ജൈവികമായ മുന്നേറ്റത്തിലൂടെ കേരളത്തിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കൾ തങ്ങളുടെ സമകാലികനായ ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയും ധൈഷണിക പ്രതിഭയുമായിരുന്ന അന്റോണിയോ ഗ്രാംഷിയെ വായിക്കാതെ തന്നെ അദ്ദേഹം നോക്കിക്കണ്ട പരികല്പനകളെ അർത്ഥവത്താക്കുകയായിരുന്നു എന്ന് നിസിം മന്നത്തുകാരൻ സൂചിപ്പിക്കുന്നു.

ശേഷം കേരളത്തിൽ നടക്കുന്ന പ്രധാനപ്പെട്ട സംഭവവികാസങ്ങളായ മുന്നേറ്റങ്ങൾ, ഭരണ പരിഷ്‌കാരങ്ങൾ, രാഷ്ട്രീയനയങ്ങൾ, കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പ്, ജനകീയ വികസന പ്രവർത്തനങ്ങൾ, പരസ്പര വിപണനങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളിൽ 1991 ഡിസംബറിൽ സോവിയറ്റ് യൂണിയൻ തകരുന്നതുവരെ ആ നാടിന്റെ വ്യക്തമായ സ്വാധീനവും സഹായവുമെല്ലാം നമുക്ക് കാണാൻ കഴിയും. ഇന്ത്യൻ ദേശീയ സാഹചര്യവും ഇതിൽ നിന്നും വ്യത്യസ്‌തമല്ല. സോവിയറ്റ് യൂണിയനെ പോലെ രാജ്യത്തിന്റെ ദേശീയോദ്‌ഗ്രഥനത്തിന് സഹായിച്ച ഒരു ചങ്ങാതി ഇന്ത്യക്ക് അതിന് മുൻപോ ശേഷമോ ഉണ്ടായിട്ടില്ല. അധിനിവേശാനന്തര സമൂഹങ്ങളോട് ചേർന്നുനിൽക്കുക എന്ന സോവിയറ്റ് നയത്തിന്റെ ഭാഗംകൂടിയായിരുന്നു ഇന്ത്യയോട് അവർ കാണിച്ച മമത.

മലയാളത്തിലെ സാഹിത്യ പ്രസ്ഥാനങ്ങളെക്കാളേറെ കേരളീയരുടെ വായനയെ സ്വാധീനിച്ചെന്ന് പറയപ്പെടുന്ന മോസ്‌കോയിൽ നിന്നും അച്ചടിച്ചുവന്നിരുന്ന പ്രോഗ്രസ്സ്, റാദുക തുടങ്ങിയ പ്രസിദ്ധീകർത്താക്കളുടെ പുസ്തകങ്ങൾ, ഗോർക്കി, മയക്കോവ്സ്കി, ഷോളോഖോവ് തുടങ്ങിയ സോവിയറ്റ് എഴുത്തുകാരുടെ സ്വാധീനം, മലയാളത്തിൽ ഈ കാലത്ത് ഉണ്ടായിവന്ന നിരവധിയായ സാഹിത്യ സൃഷ്‌ടികൾ, പാട്ടുകൾ, നാടകങ്ങൾ, കഥാപ്രസംഗങ്ങൾ, സിനിമകൾ തുടങ്ങിയ ദൃശ്യകലകൾ, ശാസ്ത്ര സാഹിത്യ പരിഷത്തടക്കമുള്ള ശാസ്ത്ര-സാമൂഹിക പ്രസ്ഥാനങ്ങൾ, സോവിയറ്റ് സ്വാധീനത്തിൽ നിന്നും വന്ന നമ്മുടെ നാട്ടിലെ വ്യക്തികളുടെയും, സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടേയുമെല്ലാം പേരുകൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഒരുപാട് സ്വാധീന മേഖലകൾ കേരളത്തിൽ കാണാൻ കഴിയും. അവ ഇപ്പോഴും നിലനിൽക്കുന്നതായും മനസിലാക്കാം. കേരള മോഡൽ ഓഫ് ഡെവലപ്മെന്റ് എന്നൊക്കെ വിശേഷിപ്പിക്കുന്ന തരത്തിലേക്ക് ആഗോള ശ്രദ്ധനേടുന്ന രീതിയിൽ കേരളം വളരുകയും സ്കാൻഡിനേവിയൻ രാജ്യങ്ങളുമായും മറ്റും താരതമ്യം ചെയ്യപ്പെടുന്ന വികസന സൂചികകൾ ഉണ്ടാവുകയുമെല്ലാം ചെയ്‌തതിന്‌ റഷ്യയിലേക്ക് നോക്കിക്കൊണ്ടുള്ള ആ പഴയ മുന്നേറ്റങ്ങൾ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ കേരളത്തിലെ സോവിയറ്റ് സ്വാധീനത്തെക്കുറിച്ചുള്ള പഠനത്തിന്റെ വ്യാപ്തി ഒരുപാട് വലുതാണെന്നും അതിന് ഇനിയും വൈവിധ്യമാർന്ന തുടർച്ചകൾ ആവശ്യമാണ് എന്നതുമാണ് ഇത്തരമൊരു ഗവേഷണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 + 2 =

Most Popular