കല വിമോചനാത്മകമായ രാഷ്ട്രീയപ്രവർത്തനം കൂടിയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ ദൃശ്യകലാകാരികൾ സംഘടിച്ചിരിക്കുന്നു. ചരിത്രത്തിലാദ്യമായാണ് ഇത്തരം ഒരു സംരംഭം. കവിത ബാലകൃഷ്ണൻ, സജിത ആര്‍ ശങ്കർ, പി എസ് ജലജ, അനുപമ ഏലിയാസ്, അനുരാധ നാലപ്പാട്ട്, ഇന്ദു ആന്റണി, പാര്‍വ്വതി നയ്യാര്‍, രാധ ഗോമതി, ചിത്ര ഇ ജി തുടങ്ങി പുതുതലമുറയിലെ കലാവിദ്യാര്‍ഥിനികള്‍ അടക്കം പ്രശസ്തരും അല്ലാത്തവരുമായി 169 കലാകാരികൾ ഈ കൂട്ടായ്മയിലുണ്ട്. ഏതെങ്കിലും രാഷ്ട്രീയകക്ഷിയുടെ ഭാഗമായി ഇവർ നിൽക്കുന്നില്ല. പക്ഷെ ഫാസിസ്റ്റുവിരുദ്ധ, ജനാധിപത്യപക്ഷമാണ് ഇവരുടെ രാഷ്ട്രീയം. അതിൽ സ്ത്രീപക്ഷരാഷ്ട്രീയവും ഉൾച്ചേർന്നിരിക്കുന്നു. ആണധികാരലോകത്ത് കല തെരഞ്ഞെടുക്കുന്ന ഒരു സ്ത്രീക്ക് അണച്ചു നിർത്താൻ സമാന ഹൃദയർ അനിവാര്യമാണെന്ന് ഇവർക്കറിയാം. ദന്തഗോപുരത്തിലിരുന്ന് ചിത്രംവരയ്‌ക്കുന്നവർ അല്ല ഇവരാരും. ബഹുസ്വരതയ്‌ക്കും സമഭാവനയ്‌ക്കും ഇവർ പ്രാധാന്യം നൽകുന്നു. തത്കാലം ഈ കൂട്ടായ്മക്ക് വ്യവസ്ഥാപിതമായ അധികാരശ്രേണിയോ ഭാരവാഹികളോ ഇല്ല. ജനാധിപത്യത്തിൽ അടിസ്ഥാനപ്പെടുത്തി എങ്ങനെ പ്രായോഗികമായി കൂട്ടായ്മയെ കൊണ്ടുപോകാം എന്ന അന്വേഷണത്തിലാണ് കലാകാരികൾ. കലയ്‌ക്കുവേണ്ടി തങ്ങളുടെ സമയവും ഊർജവും പ്രതിഭയും വിനിയോഗിക്കുമ്പോൾ തന്നെ പൗരർ എന്ന തരത്തിലുള്ള അവകാശങ്ങൾ ലഭ്യമാക്കുകയെന്നതും തങ്ങളുടെ ഉത്തരവാദിത്വമായി ഇവർ കാണുന്നു.
കോവിഡ് കാലം കലാപ്രവർത്തകർക്കുണ്ടാക്കിയ അനിശ്ചിതാവസ്ഥയും കാലങ്ങളായി സ്ത്രീ എന്ന നിലയില്‍ കലാകാരികള്‍ അനുഭവിക്കുന്ന പ്രത്യേക പ്രശ്‌നങ്ങളുമാണ് ദൃശ്യകലാകാരി കൂട്ടായ്മക്ക് (A Collective of Women in Visual Arts of Kerala) കളമൊരുക്കിയത്.
സ്ത്രീ എന്ന നിലക്ക് കലാപ്രവർത്തനം നടത്തുന്നതുതന്നെ ഇവർ ഒരു പോരാട്ടമായാണ് കാണുന്നത്. കട്ടപിടിച്ച ആണധികാരമാണ് കലാലോകത്ത് എന്ന് ഇവർ ദിനംപ്രതി തിരിച്ചറിയുന്നു. അതിനെതിരെ ചെറുത്തുനിൽക്കാതെ മുന്നോട്ടുള്ള പോക്ക് അസാധ്യമാണ്.
കാരണം, ഒരു പെൺകുട്ടി കല തന്റെ ജീവിതമായി തെരഞ്ഞെടുക്കുന്ന നിമിഷം മുതൽ ആരംഭിക്കുകയായി പ്രതിബന്ധങ്ങൾ. അരാജകത്വവും അയഞ്ഞ ലൈംഗികതയും ആണ് കലാലോകത്തെന്നും അത് സ്ത്രീകൾക്ക് പ്രവർത്തിക്കാൻ കഴിയുന്ന മേഖല അല്ലെന്നും ആണ് പൊതു ധാരണ.
ഇത്തരം തടസ്സങ്ങളെല്ലാം അതിജീവിക്കുവാൻ മനസ്സുറപ്പിച്ച്, വീട്ടിൽനിന്നും വളരെ ബുദ്ധിമുട്ടി അനുവാദം വാങ്ങി പെൺകുട്ടികൾ കല പഠിക്കാൻ എത്തുമ്പോൾ കാത്തിരിക്കുന്നത് ആണധികാരം ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷം.
അഞ്ചു ഫൈൻ ആർട്സ് കോളേജുകളിൽ ഒന്നിൽപോലും പെൺകുട്ടികൾക്ക് ഒരു ഹോസ്റ്റൽ ഇല്ല എന്നത് ഒരു ഉദാഹരണം മാത്രം.
ചിത്ര/ശില്‍പ കലാപഠനം ചെലവേറിയ ഒന്നാണ്. ചായങ്ങളും മറ്റു കലാസാമഗ്രികളും സ്വയം വാങ്ങേണ്ടിവരുന്നു. വരയ്‌ക്കുന്നതിനും വേണം സ്വസ്ഥമായ ഒരു ഇടം. സാമ്പത്തിക പരാധീനത ആൺ,പെൺ വ്യത്യാസമില്ലാതെ കലോപാസകർ നേരിടുന്ന പ്രശ്നം ആണെങ്കിലും പെൺകുട്ടികൾക്ക് ആശ്രിതത്വം പതിന്മടങ്ങായിരിക്കും.
പഠിച്ചിറങ്ങിയാലും ഉടൻ ഒരു വരുമാനം പ്രതീക്ഷിക്കാൻ ആവില്ല. വിവാഹം, കുടുംബം, കുട്ടികൾ തുടങ്ങിയ പരമ്പരാഗത ജീവിതത്തിലേക്ക് പോകുവാൻ മിക്കവാറും പെൺകുട്ടികൾ നിർബന്ധിതരാകും. കുടുംബാന്തരീക്ഷത്തിൽ ഒന്നോ രണ്ടോ മുറിയുള്ള ഒരു വീട്ടിൽ സ്ത്രീക്ക് വരയ്ക്കാൻ സാധ്യമാകുന്ന ഇടം പലപ്പോഴും അടുക്കളയുടെ ഒരു മൂല ആണെന്നും ചില കലാകാരി കള്‍ക്ക് അതുപോലും സാധ്യമാകുന്നില്ല എന്നും ജലജ പറയുന്നു.
സാമ്പ്രദായിക കുടുംബത്തിന്റെ കെട്ടുപാടുകൾ പൊട്ടിച്ചിറങ്ങിയാൽ താങ്ങിനിർത്തുവാൻ ഒരു പിന്തുണാ സംവിധാനം കലാകാരികൾക്ക് വേണം.
14 ആവശ്യങ്ങൾ അടങ്ങിയ നിവേദനം സർക്കാരിന് സമർപ്പിച്ച ദൃശ്യ കലാകാരി കൂട്ടായ്മ കലാലോകത്തെ അധികാരകേന്ദ്രങ്ങളിലെ സ്ത്രീപങ്കാളിത്തമില്ലായ്മ ചൂണ്ടിക്കാട്ടുന്നു.
ലളിതകലാ അക്കാദമിയുടെ 60 വർഷത്തെ ചരിത്രത്തിൽ സമഗ്ര സംഭാവനയ്‌ക്കുള്ള ഫെലോഷിപ് അത്യപൂർവമേ സ്ത്രീകൾക്ക് ലഭിച്ചിട്ടുള്ളൂ. കേരളത്തിലെ ഒരു സ്ത്രീക്കുപോലും ഇതുവരെ അത് കിട്ടിയിട്ടില്ല എന്നത് അമ്പരപ്പിക്കുന്ന വിവേചനമാണെന്ന് കൂട്ടായ്മ ആരോപിക്കുന്നു.
അക്കാദമിയുടെ തീരുമാനം എടുക്കൽ രംഗത്ത് നിർബന്ധമായും ദൃശ്യകല പ്രാക്ടീസ് ചെയ്യുന്ന കലാകാരികള്‍ വേണം എന്ന് ഇവർ ആവശ്യപ്പെടുന്നു. 116 പേരൊപ്പിട്ട നിവേദനത്തിൽ ആരോഗ്യ ഇൻഷുറൻസ്, ഭവന സൗകര്യം, വര്‍ഷം തോറും മികച്ച ദൃശ്യകലാകാരികള്‍ക്ക് ടി കെ പദ്മിനി പുരസ്‌കാരം, ദൃശ്യകലാകാരികളുടെ കലാഗ്രാമം, കലാ വിദ്യാര്‍ഥിനികൾക്ക് പ്രത്യേക സ്കോളർഷിപ്പ് തുടങ്ങിയ ആവശ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
തന്റെ ലിംഗനില ഒന്നുകൊണ്ട് മാത്രം കലാപ്രവർത്തനം നിർത്തിവെക്കേണ്ടി വരുന്ന സ്ത്രീകൾ അനവധിയാണ്.
വിവേചനങ്ങൾ അതിജീവിച്ച് മുന്നോട്ടുപോകുന്ന ദൃശ്യകലാകാരികൾ 200 പേരിൽ താഴെ മാത്രമേ കേരളത്തിൽ ഉള്ളൂ. അവരിൽ മുഴുവൻസമയ കലാകാരി എന്ന തരത്തിൽ സ്റ്റുഡിയോ പ്രാക്ടീസ് നടത്തുന്നവർ 40 ൽ താഴെയാണ്. സ്വന്തം കല വിപണനം ചെയ്ത സ്വയം പര്യാപ്‌തരായി ജീവിക്കാൻ 20 പേർ പോലുമില്ല. ഇത് കാണിക്കുന്നത് ചിത്രകാരികൾക്ക് മുന്നോട്ടു പോകാൻ കഴിയാത്തവണ്ണം ചുറ്റും മതിൽ കെട്ടുകൾ ആണെന്നാണ്.
കലയുടെ വിപണിയിലേക്ക് എത്തുവാനും പ്രദർശനങ്ങളിൽ പങ്കെടുക്കുവാനും അന്താരാഷ്ട്ര പ്രശസ്തരായ കലാസ്നേഹികളേയും ഗ്യാലറിസ്റ്റുകളെയും കണ്ടെത്തുവാനും സ്വന്തം സർഗ്ഗശേഷിയെ പരിപോഷിപ്പിക്കുവാനും സ്ത്രീ എന്ന തന്റെ സ്വത്വം പ്രതിബന്ധമാകുന്നു.
ബോധപൂർവമായ അദൃശ്യവത്കരണവും നിശബ്ദവത്കരണവും ആണ് ചേർന്നുനിൽക്കാൻ ദൃശ്യകലാകാരികൾക്ക് പ്രചോദനമായത്. അടുത്തിടെ തിരുവനന്തപുരത്ത് സജിത ആര്‍ ശങ്കർ ആരംഭിച്ച സ്റ്റുഡിയോ ആര്‍ട്ട് ഗാലറിയില്‍, പരസ്പരം ചേര്‍ന്നു നില്‍ക്കുന്ന കലാ ഇടം രൂപപ്പെടുത്തുക എന്ന ഉദ്ദേശ്യത്തില്‍ ‘കലാകാരി ഇടം’ എന്ന ആശയത്തില്‍ ഇവർ ഒത്തു ചേർന്നു. സ്വന്തം ആവിഷ്കാരങ്ങൾ അവതരിപ്പിക്കുകയും അതേ കുറിച്ചവർ സംസാരിക്കുകയും ചെയ്തു. ‘ഭാവനയുടെ ചരിത്രവും കലാകാരിയെന്ന നരവംശവും’ എന്ന വിഷയത്തിൽ Dr. കവിത ബാലകൃഷ്ണൻ പ്രഭാഷണം നടത്തി. അഞ്ജലി സദാനന്ദൻ, ഡോട്സി ആന്റണി, ബബിത കടന്നപ്പള്ളി, സബിത കടന്നപ്പള്ളി, എന്നിവർ കലാസൃഷ്ടികളുടെ സ്ലൈഡ് അവതരണങ്ങൾ നടത്തി.
ഈ ഓരോ കലാകാരിക്കും തന്റേതായ ഇടം നേടിയെടുക്കുന്നതിന് കഠിനവും ദുഷ്കരവുമായ പാതകളാണ് കടന്നുപോകേണ്ടി വന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ പിന്നാലെവരുന്നവർക്ക് കൂടുതൽ സ്വതന്ത്രമായ സർഗ്ഗജീവിതം സാധ്യമാകണം എന്ന ഉദ്ദേശ്യ ത്തോടെ കരുത്തുറ്റ ഒരു പ്രസ്ഥാനമാക്കി കൂട്ടായ്മയെ വളർത്താൻ തന്നെയാണ് ദൃശ്യ കലാകാരികൾ തീരുമാനിച്ചിരിക്കുന്നത്. ആധിപത്യശക്തികളുടെ അടിച്ചമർത്തലുകളെ ചോദ്യംചെയ്തും ചെറുത്തുനിന്നും കലാകാരി എന്ന നിലയിലുള്ള കർതൃത്വത്തെ ഉറപ്പിച്ചുനിർത്തിയും പരസ്പരം കൈകോർത്തു പിടിച്ചുകൊണ്ട് അവർ മുന്നോട്ടുതന്നെ പോകുന്നു. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ കലാലോകത്ത് ജനാധിപത്യപരമായ മാറ്റത്തിന് ദൃശ്യകലാകാരി കൂട്ടായ്മ ഇടവരുത്തുമെന്ന് ആണ് പ്രതീക്ഷ. ♦