സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുവാൻ ശ്രദ്ധിച്ചുവെന്നതാണ് ഇരുപത്തിയൊമ്പതാം കേരള രാജ്യാന്തരചലച്ചിത്രമേളയുടെ പ്രധാന സവിശേഷത. അത് യാദൃച്ഛികമല്ലായെന്ന് വ്യക്തമാക്കുന്നു മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്‌ഘാടനത്തിനും സമാപനത്തിനും നടത്തിയ പ്രസംഗങ്ങൾ. കെ ഒ അഖിൽ തയാറാക്കിയ സിഗ്നേച്ചർ ഫിലിം ‘സ്വപ്നയാനം’ മുതൽ സ്ത്രീപക്ഷനിലപാട് കാണാവുന്നതാണ്. ആദ്യ മലയാളസിനിമയായ, ജെ സി ഡാനിയേൽ സംവിധാനം ചെയ്ത ‘വിഗതകുമാരനി’ലെ നായിക പി കെ റോസി മലയാളസിനിമയെ മുന്നോട്ടു നയിക്കുന്നുവെന്നാണ് ദൃശ്യം കാണുന്നവർക്ക് അനുഭവപ്പെടുക. 1928ൽ സിനിമ പ്രദർശിപ്പിച്ച കാപ്പിറ്റോൾ തിയേറ്ററിൽ ദളിത് ആണെന്ന കാരണത്താൽ റോസിയെ കയറ്റാതെ നാടുകടത്തിയ സവർണർക്കുള്ള മറുപടി കൂടിയാണ് “സ്വപ്നയാനം’. കേരളത്തിന്റെ പക്ഷിയായ ചകോരം റോസിയുടെ തോളിൽ പറന്നിറങ്ങുമ്പോൾ ജനം അറിയാതെ കയ്യടിച്ചുപോകുന്നുണ്ട്.
ഉദ്‌ഘാടനവേദിയിൽ ആദരിക്കപ്പെട്ടത്, വിശിഷ്ടാതിഥിയായി എത്തിയ ഇന്ത്യൻ സിനിമയുടെ അഭിമാനമായ ശബാന ആസ്മിയാണ്. ശബാനയുടെ ചലച്ചിത്ര ജീവിതത്തിന്റെ അൻപതാം വാർഷികം കണക്കിലെടുത്താണ് ചലച്ചിത്രമേള ആദരിച്ചത്. ശബാനയുടെ അഞ്ചു ചിത്രങ്ങളും പ്രദർശിപ്പിച്ചു. ഹോങ്കോങ്ങിൽനിന്നുള്ള സംവിധായിക ആൻ ഹുയി സമഗ്രസംഭാവനാ പുരസ്‌കാരം നേടി. 10 ലക്ഷം രൂപയും ശിൽപ്പവുമാണ് അവാർഡ്. സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ‘പ്രഭയായി നിനച്ചതെല്ലാം’ എന്ന സിനിമയുടെ സംവിധായിക പായൽ കപാഡിയക്ക് ലഭിച്ചു. സമാപനചടങ്ങിൽ മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിച്ചു. അഞ്ചുലക്ഷം രൂപയാണ് പുരസ്‌കാര തുക. സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികൾക്കെതിരെ പൊരുതുന്ന ചലച്ചിത്രപ്രവർത്തകരെ ആദരിക്കുന്നതിനുവേണ്ടി 26-ാമത് ഐഎഫ്എഫ്കെയിലാണ് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ഏർപ്പെടുത്തിയത്. ഗജേന്ദ്ര ചൗഹാനെ പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ചതിനെതിരെ 139 ദിവസം നീണ്ടുനിന്ന നടന്ന സമരത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായിരുന്നു പായൽ കപാഡിയ. സമരത്തെത്തുടർന്ന് അറസ്റ്റിലായ 35 വിദ്യാർഥികളിൽ 25-ാം പ്രതിയായിരുന്നു പായല്‍. പായൽ കപാഡിയ സംവിധാനം ചെയ്ത, മുംബൈയിലെ മലയാളി നഴ്‌സുമാരുടെ ജീവിതം പ്രമേയമാക്കിയസിനിമ അന്തർദേശീയതലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്. സിനിമയിൽ പ്രധാന വേഷം ചെയ്ത കനി കുസൃതി, ദിവ്യപ്രഭ എന്നീ മലയാളി നടിമാരുടെ സാന്നിധ്യവും മേളയിലുണ്ടായിരുന്നു.
മേളയുടെ അന്താരാഷ്‌ട്ര ജൂറി ചെയർപേഴ്‌സൻ ഫ്രഞ്ച് ഛായാഗ്രാഹക ആഗ്നസ് ഗൊദാർദും ഫെസ്‌റ്റിവലിന്റെ ക്യുറേറ്റർ ഗോൾഡ സെല്ലവും ആയതും കരുത്തുറ്റ സ്ത്രീസാന്നിധ്യത്തിന്റെ തെളിവായി. ഛായാഗ്രാഹക ജൂറി ചെയർപേഴ്സൺ ആയത് ചരിത്രത്തിലാദ്യം. ‘പെൺനോട്ടം’ എന്ന അർത്ഥത്തിൽ ഫീമെയിൽ ഗെയിസ് എന്ന വിഭാഗവും മേളക്കുണ്ടായിരുന്നു. ആണധികാരലോകത്തെ സ്ത്രീജീവിതങ്ങളുടെ അനുഭവവൈവിധ്യം മേളക്കുണ്ടാകുന്നതിന് ഇത് സഹായിച്ചു.
ഇവ റാഡിവോജെവിച്ച്, യോക്കോ യമനാക്ക, ലിൽജ ഇൻഗോൾഫ്‌സ് ഡോട്ടിറി, ലൂയ്സ് കർവോയ്‌സിയർ, കുർദ്വിൻ അയൂബ്,റോയ സാദത്, ഡെന്നിസെ ഫെർണാണ്ടസ് എന്നിവരുടെ ചിത്രങ്ങളാണ് ‘പെൺനോട്ടം’ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നത്. എല്ലാ ജൂറിയിലും സ്ത്രീകൾ ഉണ്ടെങ്കിലും നെറ്റ്പാക് ജൂറി സ്ത്രീകൾ മാത്രം അടങ്ങിയതാണ് .
മേളയുടെ ഭാഗമായ അനുബന്ധപരിപാടികളിലും സ്ത്രീകളായ സംവിധായകരുടെയും അഭിനേതാക്കളുടെയും സാന്നിധ്യം ശ്രദ്ധേയമായി.
‘മറക്കില്ലൊരിക്കലും’ എന്ന പരിപാടിയാണ് ഏറ്റവും ആകർഷകമായത്. പഴയകാല നടിമാരെ ആദരിക്കുന്ന പരിപാടി മാനവീയം വീഥിയിൽ സാംസ്‌കാരിക മന്ത്രി ഉദ്‌ഘാടനം ചെയ്തു. 21 അഭിനേത്രിമാരാണ് പരിപാടിക്കായി കേരളത്തിനകത്തും പുറത്തും നിന്നെത്തിയത്. ടി.ആര്‍.ഓമന, കെ.ആര്‍.വിജയ, ശ്രീലതാ നമ്പൂതിരി, വഞ്ചിയൂര്‍ രാധ, ഹേമാ ചൗധരി, വിനോദിനി, രാജശ്രീ, സച്ചു, ഉഷാകുമാരി, വിധുബാല, ചെമ്പരത്തി ശോഭന, കനകദുര്‍ഗ, റീന, ഭവാനി, അനുപമാ മോഹന്‍, ശാന്തകുമാരി, സുരേഖ, ജലജ, ശാന്തികൃഷ്ണ, മേനക, മല്ലികാ സുകുമാരന്‍ എന്നിവരെ മന്ത്രി ആദരിച്ചു.
മികച്ച ചലച്ചിത്രങ്ങൾ എന്ന രീതിയിൽ തെരെഞ്ഞെടുക്കപെട്ടവയും പ്രേക്ഷകരുടെ അകമഴിഞ്ഞ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയവയും സ്ത്രീകളുടെ ചിത്രങ്ങളോ സ്ത്രീജീവിതം പ്രമേയം ആയവയോ ആണെന്നതും പ്രത്യേകം പരാമർശിക്കാതെ തരമില്ല. സുവർണചകോരം ലഭിച്ച ‘മലൂ’ എന്ന ബ്രസീലിയൻ ചിത്രം സംവിധായകൻ പെദ്രോ ഫ്രയറിയുടെ അമ്മയുടെ യഥാർഥ കഥയാണ്. മൂന്ന് തലമുറ സ്ത്രീകളിലൂടെയാണ് സിനിമ വികസിക്കുന്നത്.
29‐ാമത് ഐഎഫ്എഫ്കെയുടെ താരം ‘ഫെമിനിച്ചി ഫാത്തിമ ‘ ആണെന്ന് പറയാതെ വയ്യ. അഞ്ച് പുരസ്കാരങ്ങൾ ആണ് ഫാസിൽ മുഹമ്മദിന്റെ “ഫെമിനിച്ചി ഫാത്തിമ’ നേടിയത്. ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം, അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം, മികച്ച മലയാള ചിത്രത്തിനുള്ള നാറ്റ്പാക് പുരസ്‌കാരം എന്നിവ ‘ഫെമിനിച്ചി ഫാത്തിമ’ക്കാണ്. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ മികച്ച തിരക്കഥക്കുള്ള ജൂറി പുരസ്‌കാരത്തിന് പുറമേ മികച്ച സംവിധായകനുള്ള കെ ആർ മോഹനൻ പുരസ്‌കാരവും പ്രത്യേക ജൂറി പരാമർശവും ഫാസിൽ മുഹമ്മദ് സ്വന്തമാക്കി.
പൂർണമായും ഒരു സ്ത്രീപക്ഷ സിനിമ എന്ന് ഫെമിനിച്ചി ഫാത്തിമയെ വിശേഷിപ്പിക്കാം. മതവും ആണധികാരമൂല്യ വ്യവസ്ഥയും ഒരു സ്ത്രീയുടെ ജീവിതത്തെ എങ്ങനെ ചങ്ങലക്കിടുന്നുവെന്ന് നർമത്തിൽ പൊതിഞ്ഞാണ് സിനിമ പറയുന്നത്. തിയറ്ററിൽ യുവാക്കളുടെ ഉച്ചത്തിലുള്ള പൊട്ടിച്ചിരിയും കയ്യടിയും മുഴങ്ങുമ്പോൾ പുതുതലമുറയുടെ തിരിച്ചറിവാണ് വെളിപ്പെടുന്നത്.
മലയാളത്തിലെ യുവസംവിധായകരായ ഇന്ദുലക്ഷ്മി, ശിവരഞ്ജിനി എന്നിവരും പുരസ്കൃതരായവരിൽ ഉൾപ്പെടുന്നു. സംസ്ഥാന സർക്കാർ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിനായി തുടങ്ങിയ പദ്ധതിയാണ് കഴിഞ്ഞ വർഷം സിനിമ സംവിധാനം ചെയ്യാൻ ഇന്ദുലക്ഷ്മിക്ക് തുണയായത്. ഈ വർഷം ഇന്ദുലക്ഷ്മിയുടെ ‘അപ്പുറം’എന്ന സിനിമ മേളക്കെത്തി. ഇക്കൊല്ലം സംസ്ഥാന സർക്കാർ സഹായത്തോടെയാണ് ശിവരഞ്ജിനി വിക്ടോറിയ എന്ന സിനിമ സംവിധാനം ചെയ്തത്. മികച്ച മലയാളി നവാഗത സംവിധായകക്കുള്ള ഫിപ്രസി അവാർഡ് ശിവരഞ്ജിനിക്ക് ലഭിച്ചു. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ലഭിച്ചത് ഇറാനിയൻ സിനിമ ‘മി മറിയം ദ ചിൽഡ്രൻ ആൻഡ് 26 അതേർസി’ന്റെ സംവിധായകൻ ഫർഷാദ് ഹഷ്മിക്കാണ്. സിനിമയുടെ പേര് പോലെ മറിയം എന്ന ഒരു സ്ത്രീയാണ് സിനിമയുടെ കേന്ദ്ര കഥാപാത്രം.
177 സിനിമ പ്രദർശിപ്പിച്ചതിൽ 52 ചിത്രങ്ങൾ വനിതാസംവിധായകരുടേതാണ്. മലയാളം സിനിമാ ടുഡേയിൽ നാല് സിനിമകൾ വനിതാസംവിധായകരുടേതായിരുന്നു.
ഒരുകാലത്ത് നടിമാർ എന്ന നിലയിൽ മാത്രം സിനിമയിൽ തങ്ങളുടെ സാന്നിധ്യം പ്രകടിപ്പിച്ചിരുന്ന സ്ത്രീകൾ വളരെ ദൂരം മുന്നോട്ട് പോയിയെന്നാണ് ചലച്ചിത്രമേള തെളിയിക്കുന്നത്. ക്യാമറക്ക് മുന്നിലും പിന്നിലും നെഞ്ചുറപ്പോടെ തങ്ങളുടെ ക്രിയാത്മകത തെളിയിക്കുന്ന പുതുതലമുറയിലെ കരുത്തുറ്റ സ്ത്രീവ്യക്തിത്വങ്ങൾ ചലച്ചിത്രമേഖലയിൽ മാത്രമല്ല സമൂഹത്തിലും ചലനങ്ങൾ സൃഷ്ടിക്കുന്നു. ഇനിയുള്ള കാലം ഫെമിനിച്ചി ഫാത്തിമമാരുടേതായിരിക്കുമെന്ന് ഉറപ്പിക്കാം. l