Saturday, April 5, 2025

ad

Homeഅന്തർദേശീയ വനിതാ പോരാളികൾറോസ ലക്‌സംബർഗ്‌: വിപ്ലവവിഹായസിൽ ഉയർന്നുപറന്ന ചെമ്പരുന്ത്‌

റോസ ലക്‌സംബർഗ്‌: വിപ്ലവവിഹായസിൽ ഉയർന്നുപറന്ന ചെമ്പരുന്ത്‌

കെ ആർ മായ

തീപാറുന്ന ആശയ സംവാദങ്ങളാൽ മാർക്സിസ്റ്റ് ദർശനത്തിന് അമൂല്യസംഭാവനകൾ നൽകിയ, ഫെമിനിസത്തെ അരാജകവാദത്തിൽനിന്ന് മോചിപ്പിച്ച് മാർക്സിസ്റ്റ് സൈദ്ധാന്തികതയിൽ ഉറപ്പിച്ചുനിർത്തിയ, വിപ്ലവപ്പോരാട്ടത്തിന്റെ മുൻനിരയിൽനിന്ന് ചോരചിന്തി വീരമൃത്യു വരിച്ച റോസ ലക്സംബർഗിന്റെ രക്തസാക്ഷിത്വം 104 വർഷം പിന്നിടുകയാണ്. റോസ ലക്സംബർഗിനെ മാറ്റിനിർത്തിക്കൊണ്ട് ജർമൻ സോഷ്യൽ ഡെമോക്രസിയുടെ ചരിത്രം പൂർത്തിയാക്കാനാവില്ല. നാളിതുവരെയുള്ള ലോക വിപ്ലവപ്രസ്ഥാനത്തിന്റെയാകെ ചരിത്രവും റോസയെ അടയാളപ്പെടുത്താതെ പൂർണ്ണമാവുകയില്ല.

ജർമൻ അധിനിവേശകാലത്തെ പോളണ്ടിൽ 1871 മാർച്ച് 5ന് ഒരു ജൂതകുടുംബത്തിലായിരുന്നു റോസ ലക്സംബർഗിന്റെ ജനനം. ജർമൻ പൗരയായിരുന്നെങ്കിലും പോളിഷ് വംശജ ആയാണ് അവർ പരിഗണിക്കപ്പെട്ടത്. റഷ്യൻ സാമ്രാജ്യത്വവിരുദ്ധരായ, ലിബറൽ മതനിരപേക്ഷവാദികളായ റോസയുടെ മാതാപിതാക്കൾ ജൂതസമുദായത്തിലെ സങ്കുചിത മതയാഥാസ്ഥിതികത്വത്തെ എതിർത്തിരുന്നു. ഈ ചുറ്റുപാടിലാണ് അഞ്ചുമക്കളിൽ ഇളയവളായ റോസയുടെ ബാല്യകാലം രൂപപ്പെട്ടുവന്നത്. ശൈശവത്തിൽ ഇടുപ്പെല്ലിനെ ബാധിച്ച രോഗംമൂലം ശരീരത്തിനുണ്ടായ വളവ് ആജീവനാന്ത വൈകല്യമാണ് റോസയ്ക്ക് സമ്മാനിച്ചത്. നടക്കുമ്പോൾ അത് എടുത്തുകാണിച്ചിരുന്നു. എന്നാൽ അതൊന്നും അവളുടെ പഠനത്തെ ബാധിച്ചില്ല. അക്കാലത്തുതന്നെ സ്കൂൾ അധികാരികളുടെ തെറ്റായ നടപടികളെ ചോദ്യം ചെയ്തു. അതിന്റെ പേരിൽ പഠനമികവിനു കിട്ടേണ്ടിയിരുന്ന അംഗീകാരങ്ങളെല്ലാം അവൾക്കു നിഷേധിക്കപ്പെട്ടു. സ്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ മാർക്സിന്റെയും എംഗൽസിന്റെയും കൃതികളുമായി പരിചയപ്പെടുകയും വായിച്ചുതുടങ്ങുകയും ചെയ്തു. 15 വയസ്സായപ്പോഴേക്കും വിപ്ലവപ്രസ്ഥാനത്തിന്റെ പ്രവർത്തനത്തിൽ മുഴുകിക്കഴിഞ്ഞിരുന്നു. അന്നുമുതൽ ആരംഭിച്ച വിപ്ലവജീവി തം അവസാനംവരെ സംഘർഷഭരിതമായിരുന്നു. പോളണ്ടിലേക്ക് ഒളിച്ചുകടത്തിക്കൊണ്ടുവന്ന മാർക്സിന്റെയും ലെനിന്റെയും കൃതികൾ വായിച്ചു ചർച്ച ചെയ്യുന്ന ഇടതുപക്ഷ ഗ്രൂപ്പുകളിൽ റോസ സജീവമായി. ഇത്തരം പ്രവർത്തനങ്ങളുടെ പേരിൽ അധികാരികൾ തന്നെ നാടുകടത്തുമെന്ന് മനസ്സിലാക്കിയ റോസ, പോളണ്ടിൽ നിന്നും സ്വിറ്റ്സർലന്റിലേക്കു കടന്നു. മാത്രവുമല്ല, റഷ്യയുടെ പോളണ്ടധിനിവേശകാലത്ത് അവർ നടത്തിയ ഇടതു വിപ്ലവപ്രവർത്തനം വധശിക്ഷയർഹിക്കുന്ന കുറ്റവുമായിരുന്നു. സ്ത്രീകൾ കടുത്ത അടിച്ചമർത്തലുകൾ നേരിട്ടിരുന്ന കാലത്താണ് റോസ സ്വതന്ത്രയായി ജീവിക്കാൻ ഉറച്ച തീരുമാനമെടുത്തത്. സൂ റിച്ച് സർവകലാശാലയിൽ നിന്നും പ്രകൃതിശാസ്ത്രത്തിൽ ബിരുദവും “പോളണ്ടിലെ വ്യാവസായിക വികസനം’ എന്ന വിഷയത്തിൽ ഡോക്ടറേറ്റും നേടി. റഷ്യൻ, പോളിഷ്, ജർമൻ, ഫ്രഞ്ച് ഭാഷകളിലും അവർ പ്രാവീണ്യം നേടിയിരുന്നു. ഇതിനിടയിലാണ്, 1890ൽ, പിൽക്കാലത്ത്‌ തന്റെ ജീവിത സഖാവായിത്തീർന്ന ലിയോ യോഗിച്ചസിനെ കണ്ടുമുട്ടിയത്. പോളണ്ടിലെ വിപ്ലവകാരിയായിരുന്ന അദ്ദേഹവും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലെ സജീവ പ്രവർത്തകനായിരുന്നു. അതിന്റെ പേരിൽ പലതവണ ജയിലിലടയ്ക്കപ്പെടുകയും ചെയ്തിരുന്നു. അവർ നിയമപരമായി വിവാഹിതരായിരുന്നില്ലെങ്കിലും സജീവമായ ഒരു രാഷ്ട്രീയ – പ്രണയജീവിതം അവസാനംവരെ തുടർന്നു. വിപ്ലവദിനങ്ങളുടെ അന്ത്യനാളുകളിലും ജോഗിച്ചസുമായുള്ള റോസയുടെ ആത്മബന്ധത്തിന്റെ ഇഴയടുപ്പം ദൃഢമായിരുന്നു.

1893ൽ തന്റെ 22‐-ാമത്തെ വയസ്സിൽ സോഷ്യൽ ഡെമോക്രസി ഓഫ് ദി കിങ്ഡം ഓഫ് പോളണ്ട് (SDKP) എന്ന ഇടതു രാഷ്ട്രീയ പാർടിയുടെ സ്ഥാപകരിൽ ഒരാളായി റോസ, സാർവദേശീയ തൊഴിലാളി പ്രസ്ഥാനത്തിന്റെ ഭാഗമായി മാറി. തുടക്കത്തിൽ ലെനിനും റോസയും തമ്മിൽ ഉണ്ടായിരുന്ന ആശയപരമായ യോജിപ്പിൽനിന്നും ക്രമേണ റോസ അകന്നു. ഗൗരവമേറിയ തർക്കം അവർക്കിടയിൽ ഉയർന്നുവന്നു.
എല്ലാ വിപ്ലവങ്ങളും സ്വാഭാവികമായി ഉയർന്നുവരണം എന്ന നിലപാടായിരുന്നു റോസയ്ക്കുണ്ടായിരുന്നത്‌. ഏതു വിപ്ലവത്തിനും കാതൽ കേന്ദ്രീകൃത പാർടിയുടെ നേതൃത്വത്തിൻ കീഴിലായിരിക്കണം; വിപ്ലവകാരികളാൽ കെട്ടിപ്പടുക്കപ്പെട്ട ഒരു കേന്ദ്രീകൃത പാർട്ടി തന്നെ ആയിരിക്കണമത്. വിപ്ലവത്തിന്റെ പരമമായ ഉത്തരവാദിത്തം കേന്ദ്രകമ്മിറ്റിക്കു തന്നെയായിരിക്കണം‐ ഇതായിരുന്നു ലെനിന്റെ കാഴ്‌ചപ്പാട്, എന്നാൽ ലെനിന്റെ ഈ ആശയത്തെ റോസ “തീവകേന്ദ്രവാദം’ (Ultra Centralism) എന്നും അത്‌ ‘അവസരവാദ’ത്തിന്റെ ഭാഗമാണും വിമർശിച്ചു. കേന്ദ്രീകൃത പാർട്ടി എന്ന ലെനിന്റെ നിലപാടിനെ റോസ അപ്പാടെ തള്ളിക്കളഞ്ഞു. ഈ നിലപാട് പിന്നീട് റോസ നയിച്ച ജർമമൻ സോഷ്യലിസ്റ്റ് വിപ്ലവത്തെ എവിടെ കൊണ്ടെത്തിച്ചുവെന്നത് ചരി ത്രം. കേന്ദ്രീകൃത പാർടിയെ സംബന്ധിച്ച ലെനിന്റെ സിദ്ധാന്തത്തെ നഖശിഖാന്തം എതിർത്ത റോസ് വിപ്ലവം നയിക്കാൻ അത്തരമൊരു പാർടി കെട്ടിപ്പടുക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ബോധ്യം വന്നപ്പോൾ വല്ലാതെ വൈകിയിരുന്നു. ആ ജീവൻ തന്നെയായിരുന്നു അതിനു നൽകേണ്ടിവന്ന വില.

സൂറിച്ചിൽ നിന്നും പോളണ്ടിലേക്കു വന്നപ്പോൾ അവിടെ തുടരാൻ കഴിയില്ലെന്നു കണ്ട് റോസ ജർമനിയിലേക്കു കുടിയേറി. ബർലിനിൽ വാസമുറപ്പിച്ചു. 1898ൽ ജർമൻ സോഷ്യൽ ഡെമോക്രാറ്റിക് പാർടി (എസ്‌പിഡി)യിൽ അംഗമായി ചേർന്നു. പാർട്ടിക്കുള്ളിൽ നിലനിന്നിരുന്ന പരിഷ്കരണവാദത്തിന്റെ നിശിത വിമർശകയായി ഏറെ താമസിയാതെ അവർ മാറി. നേതൃത്വത്തിലുണ്ടായിരുന്ന റിവിഷനിസ്റ്റ് ലൈനിനെതിരെ കാൾ കൗട്സ്കിയുമായി ചേർന്ന് പ്രവർത്തനം നടത്തി. ഒരു വ്യാവസായിക രാഷ്ട്രത്തിൽ സോഷ്യലിസം സ്ഥാപിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം ട്രേഡ് യൂണിയൻ പ്രവർത്തനവും പാർലമെന്ററി പ്രവർത്തനവുമാണെന്ന ബേൺസ്റ്റീന്റെ വാദത്തെ അവർ ശക്തമായി എതിർത്തു. 1900ൽ പ്രസിദ്ധീകരിച്ച “പരിഷ്കരണമോ വിപ്ലവമോ?’ എന്ന ലഘുലേഖ പാർട്ടിക്കുള്ളിലെ റിവിഷനിസത്തിനുള്ള ചുട്ട മറുപടിയായിരുന്നു‐ തൊഴിലാളിവർഗ വിപ്ലവത്തിനായി വാദിക്കുന്ന ഒരു സൈദ്ധാന്തിക കൃതിയാണത്.

1905ലെ റഷ്യൻ വിപ്ലവത്തിന്റെ തകർച്ച റോസയെ നിരാശാഭരിതയാക്കിയെങ്കിലും, റഷ്യയിലെ വിപ്ലവശ്രമങ്ങളിൽനിന്ന് പ്രചോദിതരാകാൻ 1905 സെപ്‌തംബറിൽ നടന്ന സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി കോൺഗ്രസിൽ പാർട്ടി അംഗങ്ങളോട് അവർ ആഹ്വാനം ചെയ്തു. പാർടി മുഖപത്രമായ വോർ വാർട്ട്സിന്റെ (ഫോർവേഡ്) എഡിറ്റോറിയൽ ബോർഡിൽ റോസ നിയമിക്ക പ്പെട്ടു. 1906ലാണ് “ബഹുജനപ്രക്ഷോഭം, രാഷ്ട്രീയ പാർട്ടി, ട്രേഡ് യൂണിയനുകൾ’ എന്ന കൃതി പ്രസിദ്ധീകരിച്ചത്. 1907ൽ ബെർലിനി ലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി സ്കൂളിൽ അധ്യാപനം ആ രംഭിച്ചു. ഈ ഘട്ടത്തിലാണ് എസ്‌പിഡിയിലെ യുദ്ധവിരുദ്ധവിഭാഗ ത്തിലെ കാൾ ലിബ്ക്‌നെഹ്‌റ്റുമായി അടുത്തു പ്രവർത്തിക്കാൻ തുടങ്ങിയത്. ഒന്നാം ലോകയുദ്ധം ആരംഭിച്ചപ്പോൾ, രണ്ടാം ഇന്റർനാഷണൽ സ്വീകരിച്ച നിലപാടിൽനിന്നു വ്യത്യസ്തമായി നേതൃത്വത്തിലെ കൗട്സ്കിയെപ്പോലുള്ളവർ നിലകൊണ്ടപ്പോഴാണ് ലിബെക്‌നെഹ്‌റ്റിനൊപ്പം ചേർന്ന് സ്പാർട്ടക്കസ് ഗ്രൂപ്പ് എന്ന പേരിൽ ഒരു വിഭാഗമായി പ്രവർത്തിക്കാൻ തീരുമാനിച്ചത്. യുദ്ധത്തിലെ ജർമനിയുടെ പങ്കാളിത്തത്തിനെതിരെ വോട്ടുചെയ്ത പാർലമെന്റിലെ ഏക അംഗം കൂടിയായിരുന്നു അദ്ദേഹം. “ജർമൻ ജനതയുടെ പ്രധാന ശത്രു ജർമനിയിലാണ്’’ എന്ന ലിബ്നെഹ്റ്റിന്റെ ലഘുലേഖ ആയിടയ്ക്കാണ് പുറത്തുവന്നത്.

1914 ഫെബ്രുവരിയിൽ യുദ്ധവിരുദ്ധപ്രവർത്തനത്തിന്റെ പേരിൽ നിയമലംഘനം നടത്തിയെന്നാരോപിച്ച് നടത്തപ്പെട്ട വിചാരണവേളയിൽ റോസ നടത്തിയ പ്രസംഗത്തിൽ, പട്ടാള ആധിപത്യത്തിനും യുദ്ധനയങ്ങൾക്കുമെതിരെ ഒന്നാം ഇന്റർനാഷണലിന്റെ 1891ലെ ബ്രസൽസ് സമ്മേളനത്തിന്റെ പ്രമേയം ഉദ്ധരിച്ചുകൊണ്ട് “യുദ്ധത്തിനെതിരായി തൊഴിലാളികളുടെ പണിമുടക്കിന് ആഹ്വാനം നൽകണമെന്ന്” ഓർമിപ്പിക്കുകയുണ്ടായി. ഈ പ്രസംഗം സോഷ്യലിസ്റ്റ് പ്രസ്സിൽ അച്ചടിച്ചുവരികയും (ജൂനിയസ് പാംലെറ്റ് അത് ഒരു യുദ്ധവിരുദ്ധ ക്ലാസിക്ക് രചന എന്ന നിലയിൽ അംഗീകാരം നേടുകയുമുണ്ടായി. തുടർന്ന് 1915 ഫെബ്രുവരിയിൽ റോസ അറസ്റ്റിലായി. ജയിൽവാസത്തിനിടെ സുഹൃത്തിനെഴുതിയ കത്തിൽ അവിടെ തനിക്ക് അനുഭവിക്കേണ്ടിവന്ന യാതനകളെപ്പറ്റി എഴുതി. വസ്ത്രം മാറാനാകാതെ, മുടി ചീകാനാകാതെ കഴിഞ്ഞ രാത്രികൾ, ബർലിനിൽ സൈനിക ജയിലിലായിരുന്നു ആദ്യം അടയ്ക്കപ്പെട്ടത്. അവിടെ നിന്നും പിന്നീട് പ്രോങ്കെയിലെ കോട്ടയിൽ അടച്ചു. ഏറ്റവുമൊടുവിൽ പ്രസ് ലൗ ജയിലിലെ കാറ്റും വെളിച്ചവും കടക്കാത്ത ഇരുട്ടറയിൽ അടച്ചു. രാഷ്ട്രീയ തടവുകാരിയായതിനാൽ പുസ്തകങ്ങളും എഴുത്ത് സാമഗ്രികളും അനുവദിച്ചിരുന്നു. ആ തടവറയിലും സ്പാർട്ടക്കസ് ലീഗിന്റെ പ്രസിദ്ധീകരണത്തിൽ ജൂനിയസ് എന്ന തൂലികാനാമത്തിൽ ലേഖനങ്ങൾ എഴുതി ജർമൻ ഇടതുപക്ഷത്തിന് മാർ ഗനിർദേശം നൽകി. അവിടെവെച്ച് എഴുതി രഹസ്യമായി കടത്തിയ ചില ലേഖനങ്ങൾ ഡൈ ഇന്റർനാഷണലിൽ പ്രസിദ്ധീകരിച്ചു. ഇക്കാലത്താണ് “അർഥശാസ്ത്രത്തിന് ഒരാമുഖം’’ (Introduction to Political Economy) എഴുതിയത്. യുദ്ധഭ്രാന്തിനു ബദൽ സോഷ്യലിസമാണെന്ന എംഗൽസിന്റെ സങ്കൽപനത്തെ വിശദമാക്കിക്കൊണ്ടുള്ള “സോഷ്യലിസമോ കാടത്തമോ?’’ (Socialism or Barbarism) എന്ന കൃതി യുദ്ധവിരുദ്ധർക്കിടയിൽ വലിയ ആവേശമായി. യുദ്ധം സംബന്ധിച്ച എസ്‌പിഡിയുടെ നിലപാടുകളെ ശക്തമായി വിമർശിച്ചുകൊണ്ട് ‘‘ജർമ്മൻ സോഷ്യൽ ഡെമോക്രസിയിലെ പ്രതിസന്ധി’’ എന്ന പേരിൽ ഒരു ലഘുലേഖയും റോസ എഴുതുകയുണ്ടായി. യുദ്ധം ആരംഭിച്ചതോടെ മിക്ക യൂറോപ്യൻ സോഷ്യൽ ഡെമോക്രാറ്റിക് പാർടികളും പിതൃഭൂമിയെ പ്രതിരോധിക്കുന്നതിന്റെ പേരിൽ അതാതിടത്തെ ഗവൺമെന്റിനെ പിന്തുണച്ചു. അധികം കാത്തുനിൽക്കാതെ റോസ, സാമ്രാജ്യത്വ യുദ്ധത്തിനെതിരെ സംഘടന കെട്ടിപ്പടുക്കാൻ ശ്രമമാരംഭിച്ചു. എസ്‌പിഡി നേതൃത്വത്തിന്റെ സങ്കുചിത ദേശീയവാദ പ്രത്യയശാസ്ത്രത്തെ, അവരുടെ സാർവദേശീയ തൊഴിലാളിവർഗ നയവഞ്ചനയെ, റോസ തുറന്നെതിർത്തു. അങ്ങനെയാണ് റോസ, പട്ടാളാധിപത്യവിരുദ്ധമായ, അതുകൊ ണ്ടുതന്നെ ദേശവിരുദ്ധമെന്നാരോപിക്കപ്പെട്ടതുമായ പ്രചരണത്തിന്റെ പേരിൽ നിരവധി തവണ ജയിലിലടയ്ക്കപ്പെട്ടത്. തൊഴിലാളിവർഗത്തിന്റെ പിതൃഭൂമി എന്നത് സോഷ്യലിസ്റ്റ് സാർവദേശീയതയാണെന്ന് അവർ അടിവരയിട്ടു പറഞ്ഞു. തൊഴി ലാളിവർഗത്തിന്റെയും സോഷ്യലിസ്റ്റ്‌ മുന്നേറ്റത്തിന്റെയും ‘മരണമി ല്ലാത്ത ശത്രു’ എന്ന നിലയിലും സൈനികവാഴ്ചയ്ക്കും യുദ്ധത്തിനും വളക്കൂറുള്ള മണ്ണ് എന്ന നിലയിലും ദേശീയതയ്ക്കെതിരെ അവർ മുന്നറിയിപ്പു നൽകി. സങ്കുചിത ദേശീയവാദ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനത്തിൽ നിന്നും തൊഴിലാളികൾ ധൈഷണികമായി മോചനം നേടണമെന്നും അവർ ആഹ്വാനം ചെയ്തു.

യുദ്ധവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ സ്പാർട്ടക്കസ് ലീഗിലെ ജോഗിച്ചസ് ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി. അദ്ദേഹത്തെ വിചാരണ ചെയ്ത് രണ്ടരവർഷത്തെ കഠിനതടവിനു വിധിച്ചു. ഇതിനിടയ്ക്ക് റോസ സ്പാർട്ടക്കസ് ലീഗിന്റെ മുഖപത്രത്തിന്റെ പത്രാധിപരായി നിയമിക്കപ്പെട്ടു. റഷ്യൻ വിപ്ലവത്തിന്റെ വിജയത്തെത്തുടർന്ന് “റഷ്യയിലെ വിപ്ലവം’’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. “മൂലധനത്തിന്റെ സഞ്ചയിക്കൽ’’ (Accumulation of Capital) എന്ന കൃതി എഴുതി പ്രസിദ്ധീകരിച്ചു.

1917ലെ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവം നടക്കുമ്പോൾത്തന്നെ ജർമനിയിൽ സ്പാർട്ടക്കസ് ലീഗിന്റെ നേതൃത്വത്തിൽ വിപ്ലവത്തിനായുള്ള പ്രവർത്തനങ്ങൾ സജീവമായിരുന്നു. 1917 ജനുവരിയിൽ എസ്‌പിഡിയിൽനിന്ന് സ്പാർട്ടക്കസ് ലീ ഗ് പുറത്താക്കപ്പെട്ടു. പുറത്താക്കപ്പെട്ടവർ ചേർന്ന് ഇൻഡിപെൻഡന്റ് സോഷ്യൽ ഡെമോക്രാറ്റ് (യുഎസ്‌പിഡി) എന്ന പുതിയ സംഘടന രൂപീകരിച്ചു. സംഘടനയുടെ ആഹ്വാനപ്രകാരം ലക്ഷക്കണക്കിന് തൊഴിലാളികൾ പങ്കെടുത്ത പണിമുടക്ക് ജർമൻ വിപ്ലവത്തിന്റെ ഡ്രസ്സ് റിഹേഴ്സൽ ആയി മാറി. l

(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five + 6 =

Most Popular