എഴുത്തുകാരന്റെ/ചലച്ചിത്രകാരന്റെ ജീവിതം അയാളുടെ ആത്മാവിനേക്കാൾ വികസിതരൂപമാകുന്ന നിരവധി ചലച്ചിത്രങ്ങൾ നമ്മുടെ മലയാളത്തിലും ഇന്ത്യൻ ഭാഷകളിലും വിദേശരാജ്യങ്ങളിലുമായുണ്ട്, വിഖ്യാതരായ ചലച്ചിത്രകാരരും അതുപോലെ പ്രശസ്‌തമായ അവരുടെ ചലച്ചിത്രങ്ങളും. ചലച്ചിത്രകാരന്റെ എഴുത്തുവഴിയിലെ‐ മനസ്സിലുള്ള കഥാപാത്രജീവിതത്തെ സ്വന്തം കലയുമായി ചേർത്തുവായിച്ചുകൊണ്ടാണ് അവർ ഇരുട്ടിലൂടെ സഞ്ചരിച്ച് ആസ്വാദകർക്കു മുമ്പിൽ വെളിച്ചം പകർന്ന് ശ്രദ്ധേയരായിട്ടുള്ളത്. അങ്ങനെ വിഖ്യാതരായ അമ്പത് ചലച്ചിത്രകാരരുടെ കലാജീവിതത്തെ പുതിയൊരു കാഴ്‌ചാനുഭവമാക്കുകയാണ്, 29‐ാമത് ചലച്ചിത്രമേളയോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമി ഒരുക്കിയ സിനി ആൽക്കമി എന്ന പ്രദർശനം. ചലച്ചിത്രകാരനായ ടി കെ രാജീവ്‌കുമാർ ക്യൂറേറ്റ് ചെയ്‌ത് ചിത്രകാരനായ റാസി മുഹമ്മദാണ് അമ്പത് പെയിന്റിംഗുകൾ, നവീനമായ കലാസങ്കേതങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയിട്ടുള്ളത്.
സിനിമയുടെ സൗന്ദര്യശാസ്‌ത്രത്തെ പ്രകാശഭരിതമാക്കി കാൽപനികമോ അല്ലെങ്കിൽ സ്വപ്‌നാത്മകമോ ആയ അന്തരീക്ഷത്തിലൂടെയുള്ള സഞ്ചാരവഴികളിൽനിന്ന് ആവാഹിച്ചവതരിപ്പിക്കുന്ന മോട്ടീഫുകളാണ് ഓരോ പെയിന്റിങ്ങിലും ദൃശ്യമാവുക. മനുഷ്യരിലേക്കും പ്രകൃതിയിലേക്കും സമൂഹത്തിലേക്കും കൺതുറക്കുന്ന കാഴ്‌ചയും അവിടെ ദൃശ്യമാകുന്ന നിഴലിന്റെയും വെളിച്ചത്തിന്റെയും അന്തരീക്ഷത്തെ സമന്വയിപ്പിച്ചുകൊണ്ടുമാണ് സ്വപ്‌നസമാനമായ ദൃശ്യങ്ങൾ റാസി അവതരിപ്പിച്ചിരിക്കുന്നത്, സാങ്കേതികമികവിലൂടെ. സിനിമയിൽനിന്ന് എക്കാലവും പുറത്തുപോകാനാകാത്ത, സംവിധായകരെയും അവരുടെ സിനിമകളെയും ചേർത്തുപിടിച്ചുകൊണ്ട് അവരുടെ കലാജീവിതം കലാത്മകമായി ആവിഷികരിച്ചിരിക്കുന്നു റാസി. കലയുടെ ഉറവിടം വസ്‌തുവിലാണെന്ന ബോധ്യത്തിലാണ് അവയുടെ പ്രതിനിധാനമായി അതതു സിനിമകളിൽ ലഭ്യമാകുന്ന വസ്‌തുക്കളെ തെരഞ്ഞുപിടിച്ച് അവതരിപ്പിച്ചിരിക്കുന്നത്. ഓരോ ചലച്ചിത്രകാരന്റെയും സംഭാവനകളുടെ ഉൾക്കരുത്ത് ചോർന്നുപോകാതെ അവതരിപ്പിക്കുന്നതിനു പിന്നിലുള്ള പഠനവും സാങ്കേതികജ്ഞാനവും ചെറുതല്ല. കാല‐ദേശ‐ഭാഷാ‐സംസ്‌കാരങ്ങളെ മറികടക്കുന്ന മാധ്യമമായ ചലച്ചിത്രങ്ങൾ കടന്നുവന്ന കാലത്തേക്കുള്ള തിരിച്ചുപോക്കുകൂടിയാണ് ഈ പ്രദർശനം.
വെളിച്ചവും നിഴലും ചേരുന്ന പാരസ്‌പര്യത്തിലൂടെ രൂപപ്പെടുന്ന ദൃശ്യതലങ്ങളിലേക്ക് ആത്മാംശം ചൊരിഞ്ഞ ലോകസിനിമയിലെതന്നെ ശ്രദ്ധേയരായ സംവിധായകരെയാണിവിടെ റാസി വരച്ചുകാട്ടിയിരിക്കുന്നത്. വെളുത്ത സ്‌ക്രീനിൽ ദൃശ്യമാകുന്ന ചലച്ചിത്ര കാഴ്‌ചകളിൽനിന്ന് സ്വാംശീകരിച്ച ബിംബകൽപനകളെ അമൂർത്തമായി വരച്ചിടുകയും സംവിധായകന്റെ ചലച്ചിത്രങ്ങളിലൂടെ ദൃശ്യത്തിന്റെ രാഷ്‌ട്രീയം അനാവരണം ചെയ്യുകയുമാണിവിടെ. സമുറായ് സംസ്‌കാരത്തിന്റെ പിൻബലത്തിലൂന്നിയ അക്കിറ കുറസോവയുടെ ചലച്ചിത്രരംഗം, അലന്റിനെയുടെ ലാസ്റ്റ് ഇയർ അടക്കമുള്ള ചിത്രസൂചികകൾ, ഫെല്ലിനി, ഹിച്ച്‌കോക്ക്, ബർഗ്‌മാൻ എന്നിവരുടെ വിഖ്യാത ചലച്ചിത്രങ്ങൾ‐ ഇവിടെ ആശയം കലാരൂപമായി രൂപപരിണാമം സംഭവിക്കുന്നത് പല ഇമേജുകളിലൂടെയാണ്, ചിത്രകാരന്റെ കാഴ്‌ചപ്പാടിലൂടെ.
തത്വചിന്തയും ശാസ്‌ത്രചിന്തയുമൊക്കെ ഉൾച്ചേർന്ന കലയിലെ ലാവണ്യാനുഭവങ്ങളിലൂടെയാണ് ഗോദാർദ്, മൃണാൾസെൻ, അപർണാസെൻ, പസോളിനി, ഋതിക് ഘട്ടക്, ജോൺ എബ്രഹാം എന്നിവരുടെ സിനിമകളെ ഇവിടെ ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രതിനിധാനസിദ്ധാന്തങ്ങളിൽനിന്ന് മാറിയ വികാരങ്ങളുടെ പ്രകാശനം യഥാതഥമായി കാട്ടിത്തരുന്ന കെ ജി ജോർജ്, ദീപമേത്ത, ഷാജി എൻ കരുൺ, സത്യജിത്‌റേ, അടൂർ ഗോപാലകൃഷ്‌ണൻ എന്നിവരുടെ ചലച്ചിത്രലോകം മാത്രമല്ല സർറിയലിസത്തിന്റെ സ്വപ്‌നാത്മകതയെ ഹൈപ്പർ റിയലിസത്തിന്റെ കൃത്യതയുമായി സമന്വയിപ്പിക്കുകയാണ് റാസി തന്റെ കലാവിഷ്‌കാരങ്ങളിലൂടെ. ഈ ചലച്ചിത്രപ്രതിഭകളുടെ സിനിമകളിലെ കാലാതിവർത്തിയായ മുഹൂർത്തങ്ങൾ ചലനാത്മകമായി പുതിയൊരു ദർശനത്തിലേക്കാണ് വഴിതുറക്കുന്നത്. ഭാവാവിഷ്‌കാരങ്ങളുടെ സൗന്ദര്യക്കാഴ്‌ചകളും ലോകവീക്ഷണവും വിജ്ഞാനപരമായ രൂപനിർമിതികളുമൊക്കെ ഈ പെയിന്റിംഗുകളിൽ കാണാവുന്നതാണ്. ബർഗ്‌മാന്റെ ‘കുതിരവണ്ടി’യും ചാർളി ചാപ്ലിന്റെ ചടുലമായ യന്ത്രവൽകൃത രൂപങ്ങളും അപർണ സെന്നിന്റെയും അലക്‌സാണ്ടറിന്റെയും ബ്യുനുവലിന്റെയും പ്രതീകവത്‌കൃത രൂപങ്ങളും സാധാരണ കാഴ്‌ചയിൽനിന്നു മാറിയ എക്‌സ്‌പ്രഷൻസുകളിലൂടെയാണ് റാസി ആവിഷ്‌കരിച്ചിരിക്കുന്നത്. ഓൾഡൻ വെൽസ്, സ്റ്റാൻലി കൂബ്ലിക്, മൃണാൾ സെൻ തുടങ്ങിയ പ്രമുഖരുടെ രചനകളും ഈയൊരു നവീനമായ കാഴ്‌ചാനുഭവങ്ങളിലൂടെ കടന്നുപോകുന്നു. മാസ്‌റ്റേഴ്‌സിന്റെ ചിത്രങ്ങൾ കാണുകയും അത് മനസ്സിൽ സൂക്ഷിക്കുകയും വഴി പുതിയകാലത്തെ സിനിമാചരിത്രത്തിലേക്കുള്ള സഞ്ചാരംകൂടിയാണീ പ്രദർശനമെന്ന് ക്യൂറേറ്റർ കൂടിയായ ചലച്ചിത്രകാരൻ ടി കെ രാജീവ്‌കുമാർ സൂചിപ്പിക്കുന്നു. രണ്ട് മാധ്യമങ്ങളായ ചിത്രകലയും ചലച്ചിത്രവും പുതിയൊരു വെളിച്ചത്തിലൂടെ കാണാനും സമൂഹത്തിലേക്കെത്തുന്ന അവയുടെ ഉൾക്കരുത്തും സ്വാധീനവും തിരിച്ചറിയാനും ഈ പ്രദർശനത്തിന് കഴിയുന്നുണ്ട്‐ അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ചിത്രകലയിൽ ബിരുദാനന്തബിരുദ ശേഷം പൂനയിൽ ചലച്ചിത്രകലാപഠനവും നടത്തിയിട്ടുള്ള റാസി മുഹമ്മദ് ചലച്ചിത്ര സംവിധായകനും കലാസംവിധായകനും ഡിസൈനറുമായും പ്രവർത്തിക്കുന്നു. ഐഎഫ്‌എഫ്‌കെയുടെ കലാവിഭാഗങ്ങളിൽ സ്ഥിരസാന്നിധ്യമാണ്. ദേശീയ അന്തർദേശീയതലത്തിൽ ചിത്രപ്രദർശനങ്ങളിലും ചിത്രകലാ ക്യാമ്പുകളിലും പങ്കെടുത്തിട്ടുള്ള റാസി സാങ്കേതികമികവിലൂടെ ചിത്രകലയിൽ കൂടുതൽ സാധ്യതകൾക്കായി ഇപ്പോഴും പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന കലാകാരനാണ്. ഈ പ്രദർശനം സവിശേഷമായതും അതുകൊണ്ടുതന്നെയാണ്. ഒപ്പം അക്കാദമി സാരഥികളുടെ ക്രിയാത്മകമായ കാഴ്‌ചപ്പാടും. l