Wednesday, March 19, 2025

ad

Homeചിത്രകല‘സമാന്തരം’ ചിത്രശിൽപപ്രദർശനം

‘സമാന്തരം’ ചിത്രശിൽപപ്രദർശനം

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യം നഷ്ടപ്പെടാതെ കലയിലെ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി രൂപവർണങ്ങളിലൂടെ സർഗാത്മകമാകുകയാണ്‌ കലാപ്രദർശനങ്ങളേറെയും. ഒപ്പം മനുഷ്യകുലത്തിന്റെ സാംസ്‌കാരിക ഭൂമികയിൽനിന്ന്‌ ആധുനികമനുഷ്യന്റെ വികസനസങ്കൽപത്തിലേക്കുള്ള സഞ്ചാരവഴികൾ തെളിക്കുകകൂടിയാണ്‌ കലാകാരർ ചെയ്യുക. പ്രകൃതിയുടെ തൊട്ടറിവുകൾ, ഋതുക്കളുടെ വ്യതിയാനങ്ങളിൽ മാറിമറിയുന്ന നിറച്ചാർത്തുകൾ, ശബ്ദവും നിഴലും വെളിച്ചവുമൊക്കെച്ചേരുന്ന പ്രകൃതിയുടെ സൗന്ദര്യശാസ്‌ത്രമറിയുന്ന മനുഷ്യർ. സമൂഹത്തെയാകെ വിഴുങ്ങുന്ന ദുരന്തമുഖങ്ങൾ, സ്വതന്ത്രാഭിപ്രായങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഭരണകൂടശ്രമങ്ങൾ, വികസനക്കുതിപ്പ്‌ മറയാക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളുമൊക്കെ നമ്മുടെ രാജ്യത്ത്‌ അരങ്ങേറുമ്പോഴും തികഞ്ഞ ഉണർവും ഉൾക്കരുത്തും ബോധ്യവുമൊക്കെ ഇഴചേർത്തുകൊണ്ടാണ്‌ മികച്ച കലാപ്രദർശനങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്‌. കൊളോണിയലിസത്തിന്റെ പ്രതീകവത്‌കൃതമാകുന്ന രൂപമാതൃകകൾ, ഉപഭോഗസംസ്‌കൃതിയുടെ യാഥാർഥ്യങ്ങൾ എന്നിവയെല്ലാം വൈവിധ്യമാർന്ന ആഖ്യാനങ്ങളായി അടയാളപ്പെടുത്തുന്നു കലാവിഷ്‌കാരങ്ങളിൽ.

സംഘർഷഭരിതമായ ജീവിതക്രമങ്ങളെയും ജീവിതപരിസരങ്ങളെയും ആവാസവ്യവസ്ഥകളെയും ആവിഷ്‌കരിക്കുന്ന അന്പതോളം ചിത്രശിൽപങ്ങളാണ്‌ ‘സമാന്തരം’ എന്ന്‌ പേരിട്ട പ്രദർശനത്തിലുള്ളത്‌. വിശ്വമാനവികതയുടെ സൂചകങ്ങളെ ഓർമിപ്പിക്കുന്ന സ്‌നേഹത്തിന്റെയും സൗഹാർദത്തിന്റെയും പ്രതീകങ്ങൾ രൂപവർണ കാഴ്‌ചകളാകുകയാണിവിടെ. കൊച്ചി വൈറ്റിലയിൽ പ്രവർത്തിക്കുന്ന ആർകെ ഗ്യാലറിയിൽ ഒരുക്കിയ പ്രദർശനത്തിൽ മുപ്പത്തിയഞ്ചോളം ചിത്ര‐ശിൽപകാരർ പങ്കെടുത്തു. ചിത്രകാരൻ ടി എ സത്യപാലാണ്‌ ക്യൂറേറ്റർ. സവിശേഷവും വ്യത്യസ്‌തവുമായ ശൈലീസങ്കേതങ്ങളാൽ സന്പന്നമാണ്‌ ഈ പ്രദർശനത്തിൽ അവതരിപ്പിച്ചിട്ടുള്ള ചിത്രശിൽപ രചനകൾ. കഥപറയുന്ന ചിത്രതലങ്ങൾക്കപ്പുറം പുതിയ ചിന്തയും കാഴ്‌ചയും പ്രദാനം ചെയ്യുന്ന കലാവിഷ്‌കാരങ്ങളാണ്‌ സമാന്തരത്തിന്റെ കരുത്തായി കാണാനാവുക.

യഥാതഥമായ ആത്മസാക്ഷാത്‌കാരങ്ങളിൽ പ്രകൃതിയെ തൊട്ടറിയുന്ന രചനകളിലൂടെയാണ്‌ അനുപമ രമേഷ്‌, സുഭാഷ്‌ തോടയം, അശ്വതി രവീന്ദ്രൻ, ഷീല കൊച്ചൗസേപ്പ്‌ എന്നിവരുടെ ചിത്രങ്ങൾ കാഴ്‌ചാനുഭവമാകുന്നത്‌. നമ്മുടെ ആത്മാവിലേക്ക്‌ നോക്കുവാൻ പ്രേരിപ്പിക്കുന്ന ചിത്രഭാഷയാണിവിടെ വർണങ്ങളിലൂടെ പ്രകാശനം ചെയ്യപ്പെടുന്നത്‌. പുറത്തെ കാഴ്‌ചകൾക്കു മുന്നിൽ കൊട്ടിയടയ്‌ക്കപ്പെടുകയും പ്രകൃതിയെ പുറത്താക്കി വാതിലടയ്‌ക്കുകയും ചെയ്യുന്ന സമൂഹത്തിലേക്ക്‌ തിരിച്ചുപിടിക്കുന്ന കണ്ണാടിയാകുന്നു ചില ചിത്രങ്ങൾ. നമ്മുടെ ഉള്ളിന്റെയുള്ളിലെ യാത്രാനുഭവങ്ങൾ ഇവിടെ ആന്തരികയാത്രയായി തെളിയുന്നു.  അജയകുമാർ, ബിജി ഭാസ്‌കർ, ശ്രീകുമാർ മാവൂർ, വി ബി വേണു, അനീഷ്‌ നെട്ടയം എന്നിവരുടെ ചിത്രങ്ങളിൽ. പലവിധ പലായനങ്ങളുടെ ഓർമകളിൽ ജീവിക്കുന്ന മനുഷ്യരുടെ വർത്തമാനകാലം, ഹിംസയും അക്രമവും ലോകക്രമത്തെ പുനർനിർവചിച്ചുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യങ്ങൾക്കുള്ളിലാണ്‌ കലാകാരരും എന്ന ബോധ്യത്തിലാണ്‌ ഈ രചനകൾ കൂടുതൽ സജീവമാകുന്നത്‌. അജിത്‌കുമാർ ജി, പ്രശാന്ത്‌ കെ പി, ഹുസൈൻ കോതാരത്ത്‌, സി എസ്‌ ജയറാം, ബിന്ദി രാജഗോപാൽ തുടങ്ങിയവരുടെ ചിത്രങ്ങൾ ഉദാഹരണമായി കാണാം. ആദരസന്പന്നമായ സംസ്‌കാരത്തിലേക്ക്‌ ലോകത്തെയും സമൂഹത്തെയും സജ്ജമാക്കുന്നതോടൊപ്പം വിശ്വമാനവികതയുടെ ദർശനത്തിലേക്ക്‌ തുറക്കുന്ന വാതായനക്കാഴ്‌ചകളും ‘സമാന്തര’ത്തിലെ അനുപമ രാജീവ്‌, സീറോ ബാബു, ആശാ നായർ എന്നിവരുടെ രചനകളിൽ തെളിയുന്നു.

രൂപവർണ പ്രയോഗങ്ങളുടെ ലാവണ്യചിന്തകൾ പ്രദാനം ചെയ്യുന്നു സുരേഷ്‌ കൂത്തുപറന്പ്‌, ബിജു ഡി ഭരതൻ, ലതാദേവി, സിന്ധു ദിവാകരൻ എന്നിവരുടെ ചിത്രങ്ങൾ. ഗംഗാനായർ, തോമസ്‌ കുരിശിങ്കൽ, സജിത്‌, അഖിൽ തുടങ്ങിയവരുടെ രചനകളും പ്രദർശനത്തിൽ ശ്രദ്ധേയമായി.

പ്രമുഖ ഗോത്രശിൽപിയായിരുന്ന സക്കാറാം ബേജ്‌ 1934ൽ നിർമിച്ച വെങ്കലശിൽപങ്ങൾ പ്രദർശനത്തിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. മനുഷ്യജീവിത മുഹൂർത്തങ്ങളുടെ പുതിയൊരു കാഴ്‌ചയാണ്‌ എസ്‌ പ്രസന്നകുമാർ, റാഫി എന്നിവരുടെ ശിൽപങ്ങൾ. പുതിയ കാലത്തെ അടയാളപ്പെടുത്തുക കൂടിയായിരുന്നു ഈ ശിൽപരചനകൾ. ക്യൂറേറ്റർ കൂടിയായ സത്യപാലിന്റെ ചിത്രങ്ങൾ വർത്തമാനകാലത്തിന്റെ സാക്ഷ്യപ്പെടുത്തലുകളാണ്‌. കണ്ണുകളിലെ ആശ്ചര്യത്തിന്റെ തിളക്കത്തോടെ പ്രകൃതിയെ കാണുന്ന ജീവജാലങ്ങൾ. ഇരുണ്ട ലോകത്തുനിന്ന്‌ പ്രകാശഗോപുരങ്ങളിലേക്ക്‌ അവ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ചലനാത്മകമായ കാഴ്‌ച.

സമാന്തരം ഉദ്‌ഘാടനം ചെയ്‌തത്‌ എഴുത്തുകാരനായ എൻ ഇ സുധീറാണ്‌. രണ്ടാഴ്‌ച നീണ്ടുനിന്ന പ്രദർശനവേളയിൽ സാംസ്‌കാരികരംഗത്തെ പ്രമുഖരടക്കം നിരവധി പേരുടെ സാന്നിധ്യമുണ്ടായി. സായാഹ്നങ്ങളിലെ കലാചർച്ചകളും സംഗീതവിരുന്നും പ്രദർശനത്തെ സജീവമാക്കി. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven + five =

Most Popular