Wednesday, March 19, 2025

ad

Homeചിത്രകലഇന്ത്യൻ ചിത്രകലയിലെ ദേശീയ നവോത്ഥാനം

ഇന്ത്യൻ ചിത്രകലയിലെ ദേശീയ നവോത്ഥാനം

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

ന്ത്യൻ ചിത്രകലയുടെ ചരിത്ര പശ്ചാത്തലത്തിലേക്ക്‌ കടന്നുപോകുമ്പോൾ നമ്മുടെ പാരമ്പര്യത്തിലും സാംസ്‌കാരിക പൈതൃകത്തിലുമൂന്നിയ മനുഷ്യരും സമൂഹവും പ്രകൃതിയുമാണ്‌ മുന്നിലെത്തുക. അവിടെ നമ്മുടെ സംസ്‌കാരത്തിലധിഷ്‌ഠിതമായ ആചാരാനുഷ്‌ഠാനങ്ങൾ, കുടിൽവ്യവസായങ്ങൾ, കരകൗശലവിദ്യകൾ, കൃഷി, വാസ്‌തുശിൽപകലയടക്കമുള്ള ചിത്രശിൽപകലകൾ ഇവയൊക്കെച്ചേരുന്ന ജീവിതചര്യയാണ്‌ ദൃശ്യബിംബങ്ങളായി കാണാനാവുക, നാടൻ കലാശൈലിയിലുള്ള ചിത്രരൂപങ്ങൾ, ചുവർചിത്രങ്ങൾ ഇവയൊക്കെയാണ്‌ ഭാരതീയ കലാചരിത്രത്തിൽ പ്രസക്തമായിട്ടുള്ളത്‌. പഠനവിധേയമായിട്ടുള്ളത്‌ (ഇപ്പോഴുമത്‌ നിലനിൽക്കുകയും ചെയ്യുന്നുണ്ട്‌). അതിനുശേഷമാണ്‌ മിനിയേച്ചർ ചിത്രങ്ങളടങ്ങുന്ന വിവിധ ഗ്രാമീണ ചിത്രകലാസമ്പ്രദായങ്ങൾ ദേശപ്രത്യേകതകളോടെ പ്രചാരത്തിൽ വരുന്നത്‌. രജപുത്‌, മുഗൾ എന്നീ ശൈലികളോടൊപ്പം വൈവിധ്യമാർന്ന ദേശപ്രത്യേകതകൾ പ്രതിഫലിപ്പിക്കുന്ന നിരവധി പേരുകളിലുള്ള ചിത്രകലാസങ്കേതങ്ങൾ രൂപപ്പെടുകയും അവയാൽ കലാസമ്പന്നവുമായിരുന്നു നമ്മുടെ രാജ്യം. പുരാണകഥകളും പ്രാദേശിക കഥകളുമൊക്കെ രൂപകൽപന ചെയ്യപ്പെട്ടവയായിരുന്നു അത്തരം ചിത്രങ്ങളൊക്കെ. അവയിൽ മനുഷ്യമനസ്സിന്റെ പാരസ്‌പര്യബോധം, പ്രണയം, ശൃംഗാരം, വാത്സല്യം ഇവയൊക്കെ സൂചിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു അധികവും രൂപകൽപന ചെയ്യപ്പെട്ടിരുന്നത്‌. ഇവയിലൊക്കെ കാർഷിക സംസ്‌കാരത്തിന്റെയും പ്രകൃതിയുടെയും ജീവജാലങ്ങളുടെയും രൂപമാതൃകകളും സിംബലുകളായി കാണാം. ഗ്രാമ‐ദേശസ്വഭാവത്തിന്റെ ജൈവഭാവത്തോടെ പ്രകൃതി, ആചാരങ്ങൾ, വാസ്‌തുകല ഇവയൊക്കെ ചേരുന്ന ആശയകലയുടെ സംസ്‌കാരത്തിലുണ്ട്‌ നിരവധി പ്രത്യേകതകൾ. 17‐ാം നൂറ്റാണ്ടോടെ ബ്രിട്ടീഷുകാർ ഇന്ത്യയിൽ കച്ചവടത്തിന്‌ വന്നുതുടങ്ങിയെങ്കിലും കോളനിവത്‌കരണത്തിന്‌ തുടക്കമാവുന്നത്‌ 18‐ാം നൂറ്റാണ്ടിനുശേഷമാണ്‌. 1850 കാലഘട്ടത്തിൽ വിക്‌ടോറിയൻ ശൈലി (ഇൻഡോ യൂറോപ്യൻ) പ്രചാരത്തിലുണ്ടായി. അക്കാലത്തെ ഇന്ത്യൻ സാംസ്‌കാരികചരിത്രത്തിലേക്കുള്ള കടന്നുകയറ്റം കൂടിയായിരുന്നു വിദേശാധിപത്യത്തോടെ സംഭവിച്ചത്‌.

വിദേശ ചിത്രകാരരുടെ വരവിലൂടെ പുതിയ ചിത്രരചനാസങ്കേതങ്ങൾ പ്രചാരത്തിൽവരുകയും അത്‌ സ്വീകരിക്കുവാൻ കലാകാരർ കുറേയേറെ തയ്യാറാവുകയും ചെയ്‌തു. അതുവരെ ജലച്ഛായം മാധ്യമമായി ശീലിച്ച ഇന്ത്യൻ കലാകാരർ ജലച്ഛായം മാറ്റി എണ്ണച്ഛായത്തിലേക്ക്‌ പ്രവേശിക്കാൻ തുടങ്ങി. വളർച്ച മുരടിച്ചുനിന്ന ഭാരതീയ ചിത്രകലയ്‌ക്ക്‌ പുത്തനുണർവു പകരാൻ എണ്ണച്ഛായ രചനാശൈലിക്ക്‌ കഴിഞ്ഞു എന്നത്‌ യാഥാർഥ്യമാണ്‌. എന്നാൽ കലാശൈലിയുടെ കടന്നുകയറ്റത്തിനൊപ്പം വൈദേശീക ഭരണവും സാമ്രാജ്യത്വശക്തികളുടെ അനിയന്ത്രിതമായ ഇടപെടലുകളും ഭാരതീയ കലാരംഗത്താകെയും മാറ്റങ്ങൾക്ക്‌ വഴിയൊരുക്കി. സ്‌കൂളുകളിലും കലാപഠനവുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങളിലും വിദേശീയർ ഇടപെട്ടിരുന്നു, മാറ്റങ്ങൾ വരുത്തിക്കൊണ്ടിരുന്നു.

ഇത്തരം സാഹചര്യങ്ങളിലൂടെയാണ്‌ ഭാരതീയ ചിത്രകാരർ വിക്‌ടോറിയൻ ശൈലീസങ്കേതങ്ങളിലുള്ള ചിത്രങ്ങളിൽ ആകൃഷ്‌ടരാകാൻ തുടങ്ങിയത്‌. ജലച്ഛായത്തിന്റെ സുതാര്യതയിൽനിന്ന്‌ എണ്ണച്ഛായത്തിന്റെ അതാര്യതയിൽ അവർ ചിത്രങ്ങളിലെ നിഴലും വെളിച്ചത്തിനും പുതിയൊരു വർണസങ്കലനം തീർത്തു. ഭാരതീയ ചിത്രകലയിൽ നിഴലിനും വെളിച്ചത്തിനും മിനിയേച്ചർ ചിത്രങ്ങൾക്ക്‌ നൽകിയ ചിത്രഭാഷയ്‌ക്കപ്പുറം നാടകീയാന്തരീക്ഷത്തോടെ യഥാതഥമായ കാഴ്‌ചാനുഭവമാക്കുകയാണ്‌ എണ്ണച്ഛായാ രചനകളിലൂടെ ചിത്രകാരർ ശ്രമിച്ചത്‌. നമ്മുടെ അഭിമാനമായ രാജാരവിവർമയും എണ്ണച്ഛായാ രചനകളിലൂടെയാണ്‌ വിഖ്യാതനായത്‌.

ഈയൊരു ഘട്ടത്തിലാണ്‌ ഇന്ത്യൻ ചിത്രകലയിൽ ദേശീയ നവോത്ഥാനചിന്തകൾക്ക്‌ തുടക്കമാവുന്നത്‌. കലാകാരരുടെ നീണ്ട നിര ഉണ്ടായില്ലെങ്കിലും ഇന്ത്യൻ ചിത്രകലാ പാരമ്പര്യത്തിലധിഷ്‌ഠിതമായ ദേശീയ നവോത്ഥാനം ലക്ഷ്യമാക്കി ഒരുകൂട്ടം കലാകാരർ ശ്രമം തുടങ്ങുകയും ബംഗാൾ കേന്ദ്രമായി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്‌തു. ഇന്ത്യൻ ആർട്ട്‌ കലാശൈലിയാണ്‌ ബംഗാളിൽ രൂപമെടുത്തത്‌. ബംഗാളായിരുന്നു പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രമെന്നതിനാൽ ബംഗാൾ സ്‌കൂൾ എന്നും ഈ ശൈലീസങ്കേതം അറിയപ്പെട്ടു.

പാശ്ചാത്യ കലാഗവേഷകനും കലാനിരൂപകനുമായ ഇ ബി ഹാവേൽ, ആനന്ദകുമാരസ്വാമി, അബനീന്ദ്രനാഥ ടാഗോർ തുടങ്ങിയവർ സൃഷ്ടിച്ച ചിത്രകലാവബോധം നമ്മുടെ പാരമ്പര്യ ദൃശ്യഭാഷകളുടെ പുനരുജ്ജീവനത്തിനാണ്‌ വഴിതെളിച്ചത്‌. പാശ്ചാത്യ കലാഗവേഷകനായ ഇ ബി ഹാവേൽ 1894ൽ മദ്രാസിലും പിന്നീട്‌ കൽക്കത്തയിലും സ്‌കൂൾ ഓഫ്‌ ആർട്‌സിന്റെ മേധാവിയായി നിയമിക്കപ്പെട്ടു. പാശ്ചാത്യരുടെ വ്യവസായ സംസ്‌കാരവും കലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഭാരതീയ കലാപാരമ്പര്യത്തെക്കുറിച്ചും പഠനം നടത്തിയ ഹാവേൽ ഭാരതീയകലയുടെ ഏകീകരണത്തിനും പുനരുദ്ധാരണത്തിനുമുള്ള പദ്ധതികൾ തയ്യാറാക്കാനാരംഭിച്ചു. ദേശീയ പ്രാധാന്യമുള്ള കലാപൈതൃകങ്ങളെക്കുറിച്ചും അവിടത്തെ സാംസ്‌കാരിക, പാരമ്പര്യഘടനകളെക്കുറിച്ചുമുള്ള പഠനം നടത്തിക്കൊണ്ടാണ്‌ ഇന്ത്യൻ കലകളിലെ പ്രത്യേകതകളെ അദ്ദേഹം അപഗ്രഥിച്ചത്‌. ഇന്ത്യൻ ചുവർചിത്രങ്ങളിലെയും ക്ഷേത്രശിൽപങ്ങളിലെയും കലാപാരമ്പര്യത്തെക്കുറിച്ചും ഹാവേൽ പഠനം നടത്തി. അക്കാലത്താണ്‌ അബനീന്ദ്രനാഥ ടാഗോർ കൽക്കത്ത സ്‌കൂൾ ഓഫ്‌ ആർട്‌സിൽ അധ്യാപകനായെത്തുന്നത്‌. ഭാരതീയ ചിത്രകലയുടെ നവോത്ഥാനത്തിന്‌ തുടക്കംകുറിച്ച പ്രമുഖനാണിദ്ദേഹം. ഇ ബി ഹാവേലുമായുള്ള സൗഹൃദം ഭാരതീയ കലാപാരമ്പര്യത്തിന്‌ ശക്തിപകരാനും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ ഭാരതീയ നവോത്ഥാന കലാപ്രസ്ഥാനത്തിലേക്ക്‌ സജീവമായി വഴിതുറക്കാനും അദ്ദേഹത്തിന്‌ കഴിഞ്ഞു. തുടർന്നാണ്‌ ബംഗാൾ സ്‌കൂൾ (ഇന്ത്യൻ ആർട്ട്‌) ശൈലിയിലുള്ള ചിത്രീകരണങ്ങൾക്ക്‌ അദ്ദേഹവും ചിത്രകലാ സുഹൃത്തുക്കളും തുടക്കമിടുന്നത്‌. പരിമിതമായ കാഴ്‌ചാനുഭവങ്ങളിലൂടെ പാശ്ചാത്യകലാവിന്യാസമെന്ന കാഴ്‌ചപ്പാടിനപ്പുറമുള്ള ആഴത്തിലുള്ള ദർശനവഴിയിലാണ്‌ ഭാരതത്തിന്റെ കലയും സംസ്‌കാരവും കലാകാരരും സഞ്ചരിക്കുന്നതെന്ന്‌ ഇ ബി ഹാവേലും അബനീന്ദ്രനാഥ ടാഗോറുമടക്കമുള്ളവരും വാദിച്ചു. ഭാരതീയ സൗന്ദര്യശാസ്‌ത്രചിന്തകളും തത്വചിന്താബോധവുമുള്ള കലാകാരരും കലാസ്വാദകരും ചേരുന്ന സമൂഹത്തെ സൃഷ്ടിക്കുകയായിരുന്നു ഇവർ. ഒപ്പം ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്‌ ശക്തിപകരുകയും ചെയ്‌തു.

നമ്മുടെ സാംസ്‌കാരികചിന്തകളും വർണസങ്കൽപങ്ങളുമൊക്കെ സ്വാംശീകരിച്ചുകൊണ്ടുള്ള രചനകളാണ്‌ പിന്നീടുണ്ടായിട്ടുള്ളത്‌. ആത്മീയവും ആചാരവുമായി ബന്ധപ്പെട്ട രേഖ, രൂപ, വർണ പ്രാധാന്യമുള്ള ഇന്ത്യൻ ചിത്രകലയുടെ പ്രാക്തന ചരിത്രത്തിന്റെ രൂപപരിണാമങ്ങളാണ്‌ പിന്നീട്‌ സംഭവിക്കുന്നത്‌. ഇവിടെ കലയുടെ മണ്ഡലം എന്നത്‌ ഭാരതീയ സൗന്ദര്യശാസ്‌ത്രത്തിന്റെ അടിസ്ഥാനതത്വമാണ്‌‐ നൃത്തവും സംഗീതവും ചിത്രവും ശിൽപവുമടക്കം. നമ്മുടെ ശിൽപരചനകളിൽ കാണുന്ന അംഗചലനങ്ങളും കൈമുദ്രകളും ആശയസന്പന്നമായ പ്രതീകങ്ങളാണ്‌. അജന്ത ഗുഹാചിത്രങ്ങളിൽ കാണുന്ന രൂപങ്ങൾക്കും താമരയുടെ രൂപത്തിനും ഇതുപോലെ വിപുലമായ ദർശനമുണ്ട്‌. ഇത്തരം സൗന്ദര്യത്തിലധിഷ്‌ഠിതമായ ഭാരതീയകലയുടെ ശക്തി സ്വരൂപിച്ചു നിർത്തുക എന്ന ദൗത്യമാണ്‌ ബംഗാൾ സ്‌കൂൾ ഒരുതരത്തിൽ ശ്രമിച്ചുവന്നത്‌.

എന്നാൽ പാശ്ചാത്യലോകത്തുണ്ടാകുന്ന കലാപ്രസ്ഥാനങ്ങളും അതിന്റെ അനുരണനങ്ങളും, ഇന്ത്യൻ കലയിലും മാറ്റങ്ങളുണ്ടാവണമെന്നും അതംഗീകരിച്ചില്ലെങ്കിൽ കലയിൽ പുതിയ കാഴ്‌ചയും ചിന്തയും ഉണ്ടാവില്ലെന്നും രവീന്ദ്രനാഥ ടാഗോറടക്കമുള്ളവർ വാദിക്കുകയും അങ്ങനെ ബംഗാൾ സ്‌കൂളിന്റെ പ്രവർത്തനങ്ങൾക്ക്‌ അൽപം മങ്ങലേൽക്കുകയുമുണ്ടായി. നമ്മുടെ ചിത്രഭാഷയ്‌ക്ക്‌ സാർവലൗകികമായ മാനമുണ്ടെന്നും പ്രാദേശികവും ദേശീയവും സാർവലൗകിക വീക്ഷണ കാഴ്‌ചപ്പാടുകളും കൂടി ഇഴചേരുമ്പോഴാണ്‌ കലയിൽ ക്രിയാത്മകത പ്രകടമാകൂ എന്നും അക്കൂട്ടർ വാദിച്ചുവെങ്കിലും അബനീന്ദ്രനാഥ ടാഗോർ തന്റെ വീക്ഷണത്തിൽ ഉറച്ചുനിന്ന്‌ പ്രവർത്തിച്ചു. ഭാരതമാത എന്ന ചിത്രം അദ്ദേഹത്തിന്റെ ധാരണകൾക്കുദാഹരണമാണ്‌.

ഇന്ത്യൻ ചിത്രകലയുടെ ദേശീയ നവോത്ഥാനത്തിന്‌ ശാന്തിനികേതനിലെ അധ്യാപകൻ കൂടിയായ നന്ദലാൽ ബോസിന്റെ രചനകളും ശ്രദ്ധേയമാണ്‌. കലയിൽ ദേശീയബോധവും പുനരുദ്ധാരണവും എന്ന ചിന്തയിലൂന്നിനിന്നുവെങ്കിലും ആശയപരമായ ചില വിയോജിപ്പുകളാണ്‌ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ നിഴലിച്ചുകണ്ടത്‌. നമ്മുടെ സംസ്‌കാരത്തിലുറച്ചുനിന്ന സമീപനമാണ്‌ ഗഗനേന്ദ്രനാഥ ടാഗോർ, രവീന്ദ്രനാഥ ടാഗോർ, അമൃത ഷെർഗിൽ, ജാമിനി റോയ്‌ എന്നീ കലാകാരർ ശ്രമിച്ചത്‌. വേറിട്ട വഴികളിലുടെയാണെങ്കിലും കലയിലെ നവോത്ഥാനമായിരുന്നു ഇവരുടെയൊക്കെ മുഖ്യലക്ഷ്യം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty + 5 =

Most Popular