Wednesday, March 19, 2025

ad

Homeഇവർ നയിച്ചവർമുസഫർ അഹമ്മദ്‌: ആദ്യകാല കമ്യൂണിസ്റ്റ്‌ സംഘാടകൻ

മുസഫർ അഹമ്മദ്‌: ആദ്യകാല കമ്യൂണിസ്റ്റ്‌ സംഘാടകൻ

ഗിരീഷ്‌ ചേനപ്പാടി

കാക്കാ ബാബു എന്ന്‌ അറിയപ്പെട്ട മുസഫ്‌ അഹമ്മദ്‌ ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിൽ പ്രമുഖനായിരുന്നു. കമ്യൂണിസ്റ്റ്‌ പാർട്ടിയും ബഹുജനസംഘടനകളും കെട്ടിപ്പടുക്കുന്നതിൽ അസാമാന്യമായ സാമർഥ്യമാണ്‌ അദ്ദേഹം പ്രകടിപ്പിച്ചത്‌. ആറു പതിറ്റാണ്ടോളംകാലം സമർപ്പണമനോഭാവത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പാർട്ടിക്ക്‌ ബഹുജനാടിത്തറയുണ്ടാക്കാൻ വലിയ പങ്കാണ്‌ വഹിച്ചത്‌. ത്യാഗോജ്വലമായ അദ്ദേഹത്തിന്റെ പ്രവർത്തനത്തിനിടയിൽ ഏൽക്കേണ്ടിവന്ന മർദനങ്ങൾക്കും ത്യാഗങ്ങൾക്കും കയ്യും കണക്കുമില്ല.

ഇപ്പോൾ ബംഗ്ലാദേശിന്റെ ഭാഗമായ സാന്ദ്‌വിപ്‌ ദ്വീപിൽ 1889 ആഗസ്‌ത്‌ 5നാണ്‌ മുസഫർ അഹമ്മദ്‌ ജനിച്ചത്‌. മൻസൂർ അലിയാണ്‌ പിതാവ്‌. ചുനാബി ബി എന്നാണ്‌ മാതാവിന്റെ പേര്‌. അഭിഭാഷകനായിരുന്നു പിതാവെങ്കിലും കാര്യമായ വരുമാനമുണ്ടാക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. അതുമൂലം അധികനാൾ മൻസൂർ അലിക്ക്‌ അഭിഭാഷകവൃത്തിയിൽ പിടിച്ചുനിൽക്കാനായില്ല. അതുകൊണ്ടുതന്നെ മുസഫറിന്റെ കുട്ടിക്കാലം കടുത്ത ദാരിദ്ര്യവും യാദനകളും നിറഞ്ഞതായിരുന്നു.

ഒരു മുസ്ലിം വിദ്യാർഥി ആദ്യം അറബി ഭാഷ പഠിക്കണമെന്നത്‌ നിർബന്ധമായിരുന്നു. മുസഫർ അഹമ്മദ്‌ അതിനാൽ അറബി ഭാഷ പഠിക്കാൻ ആരംഭിച്ചു. സാന്ദ്‌വിപിലെ മിഡിൽ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിൽ അദ്ദേഹത്തെ ചേർത്തു. കുറച്ചുകാലം അവിടെ സ്‌കൂളിൽ പോയെങ്കിലും സ്‌കൂൾ ഫീസ്‌ കൊടുക്കാൻ സാധിക്കാത്തതുമൂലം പഠനം അവിടെ തുടരാനായില്ല.

1905ൽ ബാംനിയിലെ അഖ്‌നാരിയ മദ്രസയിൽ അദ്ദേഹത്തെ ചേർത്തു. അവിടെ അറബിയും പേർഷ്യൻ ഭാഷയും പഠിച്ചു. ഇംഗ്ലീഷ്‌ വിദ്യാഭ്യാസം നേടുകയെന്നത്‌ ആ കുട്ടിയുടെ അദമ്യമായ ആഗ്രഹമായിരുന്നു. എന്നാൽ വീട്ടിലെ സാഹചര്യം അതിനു തീരെ യോജിച്ചതായിരുന്നില്ല. എന്നാൽ ഇംഗ്ലീഷ്‌ പഠിക്കുക എന്ന മോഹം ഉപേക്ഷിക്കാൻ കൊച്ച്‌ മുസഫർ തയ്യാറല്ലായിരുന്നു.

എം എൻ റോയ്‌

ഇംഗ്ലീഷ്‌ പഠിച്ചേ അടങ്ങൂ എന്ന വാശിയിൽ അദ്ദേഹം വീടുവിട്ടിറങ്ങി. എവിടേക്ക്‌ പോകണമെന്നത്‌ അറിയാത്തതിനാൽ ആരോടും ഒന്നും പറയാതെയാണ്‌ അദ്ദേഹം വീട്ടിൽനിന്നിറങ്ങിയത്‌. വീടുവിട്ടിറങ്ങിയപ്പോൾ മുമ്പ്‌ ബംഗാളി ഭാഷ പഠിച്ചത്‌ അദ്ദേഹത്തിന്‌ തുണയായി. ബംഗാളിയിൽ എഴുതാനും വായിക്കാനുമുള്ള ശേഷിയുണ്ടായത്‌ അവിഭക്ത ബംഗാളിൽ എവിടെപ്പോകാനും അദ്ദേഹത്തെ സഹായിച്ചു. കയ്യിൽ പണമില്ലാത്തതിനാൽ ഏറെ അലഞ്ഞും ദുരിതം സഹിച്ചും ബുമീയൽ ഗ്രാമത്തിൽ മുസഫർ എത്തിച്ചേർന്നു. ആ ഗ്രാമത്തിലെ ഒരു വീട്ടിൽ കുട്ടികളെ ബംഗാളി ഭാഷ പഠിപ്പിക്കാൻ പറ്റിയ ഒരാളെ തിരക്കിയിരിക്കുകയായിരുന്നു ഗൃഹനാഥൻ. മുസഫർ എന്ന കൗമാരക്കാരന്റെ ചുറുചുറുക്കും ആത്മാർതഥയും ശ്രദ്ധിച്ച ഗൃഹനാഥൻ അവന്റെ മുന്നിൽ ഒരു നിർദേശം വെച്ചു: തന്റെ വീട്ടിൽ താമസിച്ച്‌ കുട്ടികളെ പഠിപ്പിക്കുക.

മുസഫറിനും ആ നിർദേശം സ്വീകാര്യമായി. അവിടെ താമസിച്ച്‌ കുറച്ചു പണം സമ്പാദിക്കാം. അതുകൊണ്ട്‌ ഏതെങ്കിലും നല്ല സ്‌കൂളിൽ ചേർന്ന്‌ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം നടത്താം. അതിനിടയിൽ മുസഫറിനെ പിതാവും സഹോദരങ്ങളും പല സ്ഥലങ്ങളിലും അന്വേഷിച്ചു. ബുമീയലിൽ ഉണ്ടെന്ന കാര്യം വീട്ടുകാർ അറിഞ്ഞു. ഒരുദിവസം അപ്രതീക്ഷിതമായി, മുസഫർ താമസിക്കുന്ന വീട്ടിൽ ജ്യേഷ്‌ഠൻ അന്വേഷിച്ചെത്തി. വീട്ടിൽ എല്ലാവരും മുസഫറിനെയോർത്ത്‌ വേദനിക്കുകയാണെന്ന്‌ ജ്യേഷ്‌ഠൻ പറഞ്ഞു. ഏതെങ്കിലും നല്ല സ്‌കൂളിൽ ചേർക്കാമെന്നും ഇംഗ്ലീഷ്‌ വിദ്യാഭ്യാസം ചെയ്യിക്കാമെന്നും ജ്യേഷ്‌ഠൻ ഉറപ്പുനൽകി. അങ്ങനെ വീട്ടിലേക്ക്‌ മടങ്ങിച്ചെല്ലാമെന്ന്‌ മുസഫർ സമ്മതിച്ചു.

വീട്ടിലെത്തിയ ഉടൻതന്നെ മുസഫറിനെ വിവാഹം കഴിപ്പിച്ചു. ശൈശവവിവാഹം അന്ന്‌ ഇന്ത്യയിൽ സാർവത്രികമായിരുന്നല്ലോ. വിവാഹം കഴിക്കുന്നതോടെ വീട്ടുകാര്യങ്ങൾ നോക്കി മുസഫർ വീട്ടിൽ കഴിഞ്ഞുകൊള്ളുമെന്നതായിരുന്നു വീട്ടുകാരുടെ കണക്കുകൂട്ടൽ. എന്നാൽ തുടർ വിദ്യാഭ്യാസം വേണമെന്ന തന്റെ നിശ്ചയദാർഢ്യത്തിൽ ഒരു വിട്ടുവീഴ്‌ചയ്‌ക്കും മുസഫർ തയ്യാറല്ലായിരുന്നു.

അനുജനു നൽകിയ വാക്ക്‌ പാലിക്കാൻ ജ്യേഷ്‌ഠൻ തയ്യാറായി. 1906 മാർച്ചിൽ മുസഫറിനെ സാന്ദ്‌വിപ്‌ കാർഗിൽ ഹൈസ്‌കൂളിൽ വിദ്യാർഥിയായി ചേർത്തു. അന്ന്‌ 17 വയസ്സ്‌ ഉണ്ടായിരുന്ന മുസഫർ കൊച്ചുകുട്ടികൾക്കൊപ്പമിരുന്നു പഠിച്ചു. മുസഫറിനേക്കാൾ നിരവധി വയസ്സിനിളയവരായിരുന്നു സഹപാഠികൾ. എങ്കിലും മുസഫറിന്റെ പഠിത്തത്തോടുള്ള ആത്മാർഥത അത്തരം പ്രതിസന്ധികളെയൊക്കെ മറികടക്കാൻ അദ്ദേഹത്തെ സഹായിച്ചു. സഹപാഠികൾ തങ്ങളുടെ മൂത്ത ജ്യേഷ്‌ഠനായി മുസഫറിനെ കരുതി. മുസഫർ തിരിച്ച്‌ അവരോട്‌ വാത്സല്യത്തോടെ പെരുമാറി.

ഇംഗ്ലീഷ്‌ നന്നായി പഠിക്കുന്നതിന്‌ നൗഖാലി ജില്ലാ സ്‌കൂളിലേക്ക്‌ മാറുന്നതാണ്‌ ഉചിതമെന്ന്‌ മുസഫറിന്‌ ബോധ്യപ്പെട്ടു. അധികം താമസിയാതെ അവിടേക്ക്‌ അദ്ദേഹം മാറി. അങ്ങനെയാണ്‌ 1913ൽ അദ്ദേഹം നൗഖാലി ജില്ലാ സ്‌കൂളിൽനിന്ന്‌ മെട്രിക്കുലേഷൻ പാസായത്‌.

ഹുഖിയിലെ മൊഹ്‌സിൻ കോളേജിൽ ചേർന്ന അദ്ദേഹം ആവേശത്തോടെയാണ്‌ ബിരുദപഠനം നടത്തിയത്‌. എന്നാൽ അപ്രതീക്ഷിതമായുണ്ടായ അസുഖം അദ്ദേഹത്തെ ആകെ പരിക്ഷീണനാക്കി. രോഗം അദ്ദേഹത്തിന്റെ പഠനത്തെ വല്ലാതെ ഉലച്ചു. അനാരോഗ്യം മൂലം പഠനം തുടരാനാവാത്ത അവസ്ഥ സംജാതമായി. അതോടെ പഠിത്തം അവസാനിപ്പിച്ചു.

ഇന്ത്യയിലൊട്ടാകെ അലയടിച്ച ദേശീയപ്രസ്ഥാനം അദ്ദേഹത്തെ ആവേശംകൊള്ളിച്ചു. സ്വദേശി പ്രസ്ഥാനത്തോട്‌ വലിയ ആഭിമുഖ്യമാണ്‌ അദ്ദേഹം പുലർത്തിയത്‌. സ്വദേശി ഉൽപന്നങ്ങൾ മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്ന്‌ അദ്ദേഹം പ്രതിജ്ഞചെയ്‌തു. സ്വദേശി ഉൽപന്നങ്ങളുടെ പ്രചരണത്തിനായി അദ്ദേഹം ധീരമായി പ്രവർത്തിച്ചു.

ഉപജീവനത്തിനായി പല ജോലികളും മുസഫർ നോക്കി. കാര്യമായ വരുമാനം അതിൽനിന്നൊന്നും ഉണ്ടായില്ല. അതുകൊണ്ടുതന്നെ അവയൊക്കെ ഉപേക്ഷിക്കേണ്ടിയും വന്നു. കൽക്കത്തയിലെ ഗവൺമന്റ്‌ പ്രസിന്റെ ഗോഡൗണിൽ ക്ലർക്കായി ജോലി ലഭിച്ചു. പ്രതിമാസം 30 രൂപയായിരുന്നു താൽക്കാലികമായി ലഭിച്ച ആ ജോലിയുടെ ശമ്പളം. അതുകൊണ്ട്‌ കാര്യങ്ങൾ ഒരുവിധം ഭംഗിയായി നടന്നു. വീട്ടുകാര്യങ്ങൾക്കൊപ്പം സാമൂഹ്യപ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തി. അതിനിടയിൽ ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിൽ പരിഭാഷകനായി കുറച്ചുനാൾ ജോലിചെയ്‌തു. ഗവൺമെന്റ്‌ രേഖകളും മറ്റും ഉറുദുവിൽനിന്ന്‌ ബംഗാളിയിലേക്ക്‌ വിവർത്തനം ചെയ്യുകയായിരുന്നു ജോലി. അത്‌ അദ്ദേഹം വളരെ ഭംഗിയായി നിർവഹിച്ചു.

മുസഫറിന്‌ പ്രധാനപ്പെട്ട രണ്ടു വിഷയങ്ങളായിരുന്നു സാഹിത്യവും രാഷ്‌ട്രീയവും. ബംഗീയ മുസൽമാൻ സാഹിത്യസമിതിയുുടെ പ്രധാന സംഘാടകരിലൊരാളായിരുന്നു അദ്ദേഹം. സാഹിത്യത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം അളവറ്റതായിരുന്നു. ഇന്ത്യയിലെയും ലോകത്തെയും പ്രധാന സാഹിത്യകൃതികൾ അദ്ദേഹം തേടിപ്പിടിച്ച്‌ വായിച്ചു. സാഹിത്യത്തിന്റെ മണ്ഡലത്തിൽ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണമെന്നദ്ദേഹം കൊതിച്ചു. അപ്പോഴും രാഷ്‌ട്രീയത്തോടും രാഷ്‌ട്രീയപ്രവർത്തനങ്ങളോടുമുള്ള അദ്ദേഹത്തിന്റെ താൽപര്യം ഓരോദിവസം ചെല്ലുന്തോറും വർധിച്ചുവന്നു. അതേക്കുറിച്ച്‌ മുസഫർ അഹമ്മദ്‌ തന്നെ രേഖപ്പെടുത്തിയത്‌ ഇങ്ങനെയാണ്‌: ‘‘സത്യം പറഞ്ഞാൽ സാഹിത്യവും രാഷ്‌ട്രീയവും തമ്മിൽ ഒരു വടംവലിതന്നെ നടന്നു, എന്റെ മനസ്സിൽ. അവസാനം രാഷ്ട്രീയം സാഹിത്യത്തിനുമേൽ വിജയം നേടി. എന്തെങ്കിലും ഒരു ലക്ഷ്യത്തിനുവേണ്ടി ജീവിതം സമർപ്പിക്കാൻ അതിനകംതന്നെ ഞാൻ തീരുമാനമെടുത്തിരുന്നു. 1920കളുടെ തുടക്കത്തിൽ രാഷ്‌ട്രീയം പ്രധാന പ്രവർത്തനരംഗമാക്കി മാറ്റാൻ ഞാൻ തീരുമാനിച്ചു. (ഞാനും ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർട്ടിയും. പേജ്‌ 27)

കാസി നുബ്രൂൽ ഇസ്ലാം 1920കളുടെ തുടക്കത്തിൽ കൽക്കത്തയിലെത്തി. മുസഫറിനൊപ്പമാണ്‌ അദ്ദേഹം താമസിച്ചത്‌. ഒരു സായാഹ്നപത്രം പുറത്തിറക്കാൻ എ കെ ഫസ്‌ലുൽ ഹഖ്‌ ശ്രമിക്കുന്ന സമയമായിരുന്നു അത്‌. മുസഫറും കാസിം നുസ്രൂൽ ഇസ്ലാമും അദ്ദേഹത്തെ ഇക്കാര്യത്തിൽ സഹായിച്ചു. അങ്ങനെയാണ്‌ 1920 ജൂലൈ 12ന്‌ ‘നവയുഗി’ന്റെ ആദ്യലക്കം പുറത്തിറങ്ങിയത്‌. തൊഴിലാളികേന്ദ്രങ്ങളിൽ പോയി അവരുടെ പ്രശ്‌നങ്ങൾ പഠിച്ച്‌ റിപ്പോർട്ട്‌ തയ്യാറാക്കിയിരുന്നത്‌ മുസഫറായിരുന്നു. പത്രം ഏതാനും മാസമേ നടത്തിക്കൊണ്ടുപോകാൻ കഴിഞ്ഞുള്ളൂ. എങ്കിലും തൊഴിലാളികളുമായി അടുത്തിടപഴകാനും അവരുടെ പ്രശ്‌നങ്ങൾ പഠിക്കാനുമുള്ള അവസരം ലഭിച്ചത്‌ മുസഫറിനെ സംബന്ധിച്ചിടത്തോളം വലിയ മുതൽക്കൂട്ടായി.

1921ൽ നിരവധി മാർക്‌സിസ്റ്റ്‌ കൃതികൾ അദ്ദേഹം വായിച്ചു. മാർക്‌സിസം‐ലെനിനിസമാണ്‌ മാനവവിമോചനത്തിനുള്ള തത്വശാസ്‌ത്രമെന്ന ബോധ്യം അതോടെ അദ്ദേഹത്തിനുണ്ടായി. 1922ൽ കാസി നുസ്രൂൽ ഇസ്ലാം ‘ധൂമകേതു’ എന്ന പേരിൽ ഒരു ദ്വൈവാരിക ആരംഭിച്ചു. നിരവധി ലേഖനങ്ങൾ മുസഫർ ധൂമകേതുവിൽ എഴുതി. ദ്വാർപയൻ എന്ന തൂലികാനാമത്തിലാണ്‌ അദ്ദേഹം ലേഖനങ്ങളെഴുതിയത്‌. സമകാലിക രാഷ്‌ട്രീയ വിഷയങ്ങളെ ഇഴപിരിച്ച്‌ വിശകലനം ചെയ്യുന്നവയായിരന്നു അവ. പല വിഷയങ്ങളും ലളിതമായ ഭാഷയിൽ ആവിഷ്‌കരിക്കുവാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.

1922ൽ കമ്യൂണിസ്റ്റ്‌ ഇന്റർനാഷണലുമായി ബന്ധപ്പെടാൻ മുസഫറിന്‌ സാധിച്ചു. എം എൻ റോയ്‌യുടെ സഹായത്തോടെയായിരുന്നു അത്‌. ഈ കാലയളവിൽ മുംബൈയിലും പഞ്ചാബിലും ചെന്നൈയിലും കമ്യൂണിസ്റ്റ്‌ ഗ്രൂപ്പുകൾ നിലവിൽ വന്നിരുന്നു. എം എൻ റോയ്‌യുടെ നിർദേശമനുസരിച്ച്‌ ഈ ഗ്രൂപ്പുകളുമായി മുസഫർ അഹമ്മദ്‌ ബന്ധപ്പെട്ടു.

ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ വളർച്ചയിലും വ്യാപനത്തിലും ബ്രിട്ടീഷ്‌ ഭരണാധികാരികൾ ഏറെ ആശങ്കാകുലരായിരുന്നു. കമ്യൂണിസ്റ്റ്‌ പാർട്ടിയെ തകർക്കാൻ അവർ ഗൂഢാലോചന നടത്തി. പ്രധാന നേതാക്കളെയും പ്രവർത്തകരെയും കള്ളക്കേസുകളിൽപെടുത്തി ജയിലിലാക്കുക എന്നതായിരുന്നു അതിലൊന്ന്‌. പെഷവാർ ഗൂഢാലോചനക്കേസിൽ പ്രതിചേർത്ത്‌ മുസഫറിനെ പൊലീസ്‌ അറസ്റ്റുചെയ്‌തു. എന്നാൽ പിന്നീടദ്ദേഹത്തെ വിട്ടയച്ചു. 1923ൽ വീണ്ടും അറസ്റ്റുചെയ്യപ്പെട്ടു. ജയിലിൽ കഴിയവെ തന്നെ അദ്ദേഹത്തെ കാൺപൂർ ഗൂഢാലോചനക്കസിൽ ബ്രിട്ടീഷ്‌ സർക്കാർ ഉൾപ്പെടുത്തി.

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഉശിരൻ നേതാവായ മുസഫർ അഹമ്മദിനെ ജയിലിൽനിന്ന്‌ പുറത്തുവിടാതിരിക്കാനുള്ള സർക്കാരിന്റെ അടവായിരുന്നു അത്‌. നാലുവർഷത്തെ തടവിനാണ്‌ അദ്ദേഹം ഇത്തവണ ശിക്ഷിക്കപ്പെട്ടത്‌. ഉത്തർപ്രദേശിലെ റായ്‌ബറേലി ജയിലിലാണ്‌ മുസഫറിനെ അടച്ചത്‌. ജയിലിൽവെച്ച്‌ ഗുരുതരമായ ക്ഷയരോഗം ബാധിച്ചതിനാൽ 1925ൽ അദ്ദേഹത്തെ മോചിപ്പിക്കാൻ സർക്കാർ നിർബന്ധിതമായി.

ജയിൽമോചിതനായ മുസഫർ ഏതാനും മാസം വിശ്രമിച്ചു. 1925 ഡിസംബർ 26ന്‌ കോൺപൂരിൽ സത്യഭക്തൻ വിളിച്ചുചേർത്ത കമ്യൂണിസ്റ്റുകാരുടെ സമ്മേളനത്തിൽ രോഗവും ക്ഷീണവുമൊന്നും വകവെക്കാതെ മുസഫർ പങ്കെടുത്തു. ആ സമ്മേളനമാണ്‌ ഇന്ത്യൻ മണ്ണിൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ രൂപം നൽകിയത്‌. l
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × 4 =

Most Popular