1925 നവംബറിൽ കൽക്കത്ത ആസ്ഥാനമാക്കി ലേബർ സ്വരാജ് പാർട്ടി നിലവിൽ വന്നു. ആ പാർട്ടിയുടെ മുഖപത്രമായിരുന്നു ലംഗാൽ. അതിന്റെ ചീഫ് എഡിറ്റർ കാസി നസ്രൂൽ ഇസ്ലാം ആയിരുന്നു. ‘ധൂമകേതു’ എന്ന ദ്വൈവാരിക അവർ ഇരുവരും ചേർന്നായിരുന്നല്ലോ പുറത്തിറക്കിയിരുന്നത്. മുസഫറും താമസിയാതെ ലംഗാലിൽ പ്രവർത്തിച്ചുതുടങ്ങി. അതിന്റെ നടത്തിപ്പിന്റെ പ്രധാന ചുമതല മുസഫറിന്റെ ചുമലിലായി.
സാർവദേശീയ വിപ്ലവസംഘടനകളുമായി മുസഫർ ഈ കാലയളവിൽ ബന്ധപ്പെട്ടു. വിപ്ലവ രാഷ്‌ട്രീയപ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി മുഴുകി. 1926 ഏപ്രിലിൽ ‘ലംഗാൽ’ അടച്ചുപൂട്ടി. എങ്കിലും ആശയപ്രചരണത്തിന് പ്രസിദ്ധീകരണം അനിവാര്യമാണെന്ന് മുസഫറിന് നന്നായി അറിയാമായിരുന്നു. അദ്ദേഹത്തിന്റെ ഉത്സാഹത്തിൽ 1926 ആഗസ്‌തിൽ ‘ഗണവാണി’ എന്ന പേരിൽ പുതിയ പത്രം ആരംഭിച്ചു. ഗംഗാധർ ബിശ്വാസ് ആയിരുന്നു അതിന്റെ പത്രാധിപർ. എങ്കിലും എഡിറ്റിങ് ജോലി പൂർണമായും മുസഫർ തന്നെയാണ് നിർവഹിച്ചത്. മാർക്‌സിസ്റ്റ് ദർശനം, സാർവദേീയ കമ്യൂണിസ്റ്റ് പ്രസ്ഥാനം, വിപ്ലവ തൊഴിലാളിവർഗ പ്രസ്ഥാനം എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകളും ലേഖനങ്ങളുമാണ് ‘ഗണവാണി’യിൽ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടത്. ഹിന്ദു‐മുസ്ലിം ലഹള പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഗണവാണിയുടെ പ്രസിദ്ധീകരണം നിർത്തിവെക്കാൻ നിർബന്ധിതരായി.
ഗണവാണി എന്തു വിലകൊടുത്തും പുനഃപ്രസിദ്ധീകരിക്കാൻ മുസഫർ തീരുമാനിച്ചു. ഏതാനും മാസങ്ങൾക്കുശേഷം 1927ൽ ഗണവാണി വീണ്ടും പ്രസിദ്ധീകരിച്ചു തുടങ്ങി. പത്രത്തിന്റെ പരിപൂർണ ഉത്തരവാദിത്തവും അദ്ദേഹം പൂർണമായും ഏറ്റെടുത്തു. എഡിറ്ററും പബ്ലിഷറും മുസഫർ തന്നെയായിരുന്നു. ‘കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ’ ബംഗാളി ഭാഷയിൽ ആദ്യമായി ഗണവാണിയിൽ പ്രസിദ്ധീകരിച്ചു. കർഷകരുടെ അടിസ്ഥാനപ്രശ്‌നങ്ങൾ ഗണവാണിയിലൂടെ വായനക്കാരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ മുസഫർ അസാധാരണമായ മിടുക്കാണ് പ്രദർശിപ്പിച്ചത്.
1927 മെയ് 31ന് കമ്യൂണിസ്റ്റുകാരുടെ ഒരു സമ്മേളനം ബോംബെയിൽ നടന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ആ സമ്മേളനത്തിൽ മുസഫർ അഹമ്മദും തിരഞ്ഞെടുക്കപ്പെട്ടു. ട്രേഡ് യൂണിയൻ രംഗത്ത് സജീവമായി ഇടപെട്ടിരുന്ന മുസഫർ അതിനിടയിൽ എഐടിയുസി വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആ വർഷം മാർച്ചിൽ കാൺപൂരിൽ വെച്ചായിരുന്നു എഐടിയുസി സമ്മേളനം നടന്നത്. കൊൽക്കത്തയിലും പരിസരപ്രദേശങ്ങളിലും നിരവധി ട്രേഡ് യൂണിയനുകൾ സംഘടിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അവകാശസമരപോരാട്ടങ്ങളിൽ തൊഴിലാളിവർഗത്തെ സജീവമായി പങ്കെടുപ്പിക്കുന്നതിൽ മുസഫർ മുൻനിന്ന് പ്രവർത്തിച്ചു.
1927 ഡിസംബറിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനം നടന്നത് മദിരാശിയിലാണ്. മുസഫറും ആ സമ്മേളനത്തിൽ പ്രതിനിധിയായിരുന്നു. അന്ന് പതിനെട്ട് വയസ്സു മാത്രമുണ്ടായിരുന്ന ഇ എം എസും ആ സമ്മേളനത്തിൽ പ്രതിനിധിയായിരുന്നു. ഡിസംബർ 26 മുതൽ 28 വരെ നടന്ന ആ സമ്മേളനമാണ് പൂർണ സ്വരാജ് എന്ന പ്രമേയം ആദ്യമായി പാസാക്കിയത്. സൈമൺ കമ്മീഷനെ ബഹിഷ്‌കരിക്കാൻ തീരുമാനമെടുത്തതും മദിരാശി സമ്മേളനമാണ്. തൊഴിലാളി‐കർഷക പാർട്ടിയുടെ പ്രധാനപ്പെട്ട നേതാക്കളിലൊരാളുമായിരുന്നു മുസഫർ അന്ന്. കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയെക്കുറിച്ച് ഒരു മാനിഫെസ്‌റ്റോ തൊഴിലാളി‐കർഷക പാർട്ടി തയ്യാറാക്കി സമ്മേളനപ്രതിനിധികൾക്ക് വിതരണംചെയ്‌തു. മുസഫർ ഉൾപ്പെടെയുള്ളവരാണ് ആ മാനിഫെസ്‌റ്റോ വിതരണംചെയ്‌തത്.
തൊഴിലാളി‐കർഷക പാർട്ടിയുടെ മുഖ്യ സംഘാടകനും നേതാവുമായി മുസഫർ താമസിയാതെ മാറി. 1928 മാർച്ച് 31ന് തൊഴിലാളി‐കർഷക പാർട്ടിയുടെ മൂന്നാം സമ്മേളനം 24 പർഗാന ജില്ലയിലെ ഭാട്‌പാറയിൽ നടന്നു. മുസഫർ അഹമ്മദിനെ ആ സമ്മേളനം പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. അഖിലേന്ത്യാടിസ്ഥാനത്തിൽ പാർട്ടി കെട്ടിപ്പടുക്കണമെന്ന് സമ്മേളനം തീരുമാനിച്ചു. ഈ തീരുമാനം നടപ്പാക്കാൻ മുസഫറും മറ്റു സഖാക്കളും രാപ്പകൽ വ്യത്യാസമില്ലാതെ പ്രവർത്തിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചുവന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പിനെയും അനുഭാവികളെയുമൊക്കെ ബന്ധപ്പെടുന്നതിൽ മുസഫർ പ്രത്യേകം ശ്രദ്ധപതിപ്പിച്ചു.
നിരവധി പ്രക്ഷോഭങ്ങൾക്ക് 1927‐29 കാലയളവിൽ മുസഫർ നേതൃത്വം നൽകി. അവയിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു കൽക്കത്ത കോർപറേഷനിലെ 15,000ലേറെ തൊഴിലാളികൾ നടത്തിയ പണിമുടക്ക്. ആ പണിമുടക്കിന് നേതൃത്വം നൽകിയതിന് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തു.
ചണമിൽ തൊഴിലാളികൾ നടത്തിയ പ്രക്ഷോഭവും രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു. 15,000 ചണമിൽ തൊഴിലാളികളാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്കിയത്. പണിമുടക്കിന് നേതൃത്വം നൽകാനും പണിമുടക്കുന്ന തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആത്മവിശ്വാസം നൽകാനും മുസഫർ മുന്നിട്ടുനിന്നു പ്രവർത്തിച്ചു. പണിമുടക്ക് ഒത്തുതീർപ്പായത് ഏറെക്കാലത്തിനുശേഷമാണ്. പണിമുടക്കുന്ന തൊഴിലാളികളെ സഹായിക്കാൻ രാജ്യമൊട്ടാകെയുള്ള തൊഴിലാളികൾ തയ്യാറായി. ബോംബെയിലെ ഗിർണി‐കാംഗാർ യൂണിയൻ പണിമുടക്ക് ഫണ്ടിലേക്ക് 500 രൂപ അയച്ചുകൊടുത്തത് എടുത്തുപറയേണ്ടതാണ്. മുസഫറിന്റെ പേരിലാണ് ആ യൂണിയന്റെ ഭാരവാഹികൾ പണം അയച്ചത്. അന്നത്തെ കാലത്ത് ഈ തുക വലിയ സംഖ്യയാണ്.
1929 ജനുവരിയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു രഹസ്യയോഗം കൊൽക്കത്തയിൽ ചേർന്നു. ആ സമ്മേളനത്തിന്റെ പ്രധാന സംഘാടകരിലൊരാളും മുസഫറായിരുന്നു. പാർട്ടിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്കും മുസഫർ തിരഞ്ഞെടുക്കപ്പെട്ടു. ഒളിവിൽ പ്രവർത്തിക്കുന്ന പാർട്ടി പുനഃസംഘടിപ്പിക്കപ്പെട്ടു.
കമ്യൂണിസ്റ്റ് പാർട്ടി ശക്തിപ്പെട്ടുവരുന്ന സമയമായിരുന്നു അത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളികളും കർഷകരും വർധിച്ച ഉത്സാഹത്തോടെ പ്രക്ഷോഭങ്ങൾ നടത്തിവന്നു. പണിമുടക്കുകളും സമരങ്ങളും മുതലാളിമാരുടെ മാത്രമല്ല ബ്രിട്ടീഷ് അധികാരികളുടെയും ഉറക്കംകെടുത്തി. എന്തു വിലകൊടുത്തും പാർട്ടിയുടെ വളർച്ചയെ തടഞ്ഞേ അടങ്ങൂ എന്ന വാശിയിൽ അവർ എത്തി. കമ്യൂണിസ്റ്റ് നേതാക്കൾക്കെതിരെ മീററ്റ് ഗൂഢാലോചന കേസ് കൂടി കെട്ടിച്ചമയ്‌ക്കാൻ ബ്രിട്ടീഷ് മേധാവികൾ തീരുമാനിച്ചതങ്ങനെയാണ്. കോൺപൂർ ഗൂഢാലോചന കേസിന്റെ പേരിൽ തടവിലാക്കപ്പെട്ട മുസഫറിന്റെ പേരിൽ മീററ്റ് ഗൂഢാലോചന കേസ് കൂടി അധികാരികൾ കെട്ടിച്ചമച്ചു. മീററ്റ് ഗൂഢാലോചന കേസ് 1929 മാർച്ച് മുതൽ 1933 ജനുവരിവരെ നീണ്ടുനിന്നു.
മുസഫറിനെ ജീവപര്യന്തം നാടുകടത്താനുള്ള ശിക്ഷയാണ് സെഷൻസ് കോടതി വിധിച്ചത്. എന്നാൽ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കപ്പെട്ടതിനെത്തുടർന്ന് ഹൈക്കോടതി ശിക്ഷ ഇളവുചെയ്‌തു. മൂന്നുവർഷത്തെ കഠിനതടവാണ് വിധിക്കപ്പെട്ടത്. അന്നത്തെ അറിയപ്പെടുന്ന കമ്യൂണിസ്റ്റുകാരെയെല്ലാം തന്നെ കേസിൽ പൊലീസ് പ്രതികളാക്കിയിരുന്നു. ബ്രിട്ടീഷ് സർക്കാരിന്റെ പ്രത്യേക നിർദേശപ്രകാരമായിരുന്നു അത്. പ്രതിക്കൂട്ടിൽ നിന്നുകൊണ്ട് മുസഫറും മറ്റ് കുറ്റാരോപിതരും നടത്തിയ സംയുക്ത പ്രസ്‌താവന ചരിത്രത്തിൽ തങ്കലിപികളിലെഴുതിയ ജ്വലിക്കുന്ന അധ്യായമാണ്.
ഉത്തർപ്രദേശിലെ നൈനി സെൻട്രൽ ജയിലിലാണ് മുസഫറിനെ ആദ്യം പാർപ്പിച്ചത്. പിന്നീട് ഡാർജിലിങ്ങിലെയും ബർദ്വാനിലെയും ഫരീദ്‌പൂരിലെയും ജയിലുകളിലാണ് അദ്ദേഹത്തെ അടച്ചത്. എല്ലായിടത്തും അദ്ദേഹത്തെ ഏകാന്ത തടവിലാണ് പാർപ്പിച്ചത്. ജയിലിൽ പത്രങ്ങളും ആനുകാലി പ്രസിദ്ധീകരണങ്ങളും ലഭിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം രണ്ടുതവണ നിരാഹാരസത്യാഗ്രഹം അനുഷ്‌ഠിച്ചു.
ശിക്ഷയുടെ കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്ന് അദ്ദേഹത്തെ ഫരീദ്‌പൂർ ജയിലിൽനിന്ന് മോചിപ്പിച്ചു. എന്നാൽ ജയിൽമോചിതനായശേഷം അദ്ദേഹത്തെ കരുതൽ തടങ്കലിലാക്കി. 1936 ജൂണിലാണ് കരുതൽ തടങ്കലിൽനിന്ന് മുസഫറിനെ മോചിപ്പിച്ചത്.
ജയിൽമോചിതനായശേഷം കിസാൻസഭ കെട്ടിപ്പടുക്കാനാണ് പാർട്ടി അദ്ദേഹത്തെ നിയോഗിച്ചത്. ആ ചുമതല അദ്ദേഹം വളരെ ഭംഗിയായി നിറവേറ്റി. കിസാൻസഭയ്‌ക്ക് നിരവധി സ്ഥലങ്ങളിൽ യൂണിറ്റുകൾ ഉണ്ടാക്കാൻ മുസഫറിന് സാധിച്ചു.
1936ൽ ബംഗാളിൽ നിരവധി സഖാക്കൾ ജയിൽമോചിതരായി. മുസഫർ അവരുമായെല്ലാം ബന്ധം സ്ഥാപിച്ചു. താന്താങ്ങളുടെ ജില്ലകളിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകി. ഓരോരുത്തരും ചെയ്യേണ്ട ജോലികൾ എന്തൊക്കെയാണെന്ന് വിഭജിച്ചുകൊടുക്കുകയും ചെയ്‌തു.
രാഷ്‌ട്രീയതടവുകാരെ മോചിപ്പിക്കണമെന്നും ആൻഡമാനിലെ ജയിലുകളിലടയ്‌ക്കപ്പെട്ട ദേശീയ വിപ്ലവകാരികളെ മടക്കിക്കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് 1939ൽ നടത്തപ്പെട്ട പ്രക്ഷോഭങ്ങളിൽ മുസഫർ മുൻനിരയിൽനിന്ന് പ്രവർത്തിച്ചു.
1937‐43 കാലയളവിൽ രാജ്യത്തുടനീളം കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ സജീവമായി അദ്ദേഹം പ്രവർത്തിച്ചു. എന്നുമാത്രമല്ല അയൽരാജ്യങ്ങളായ നേപ്പാളിലും ബർമയിലും പാർട്ടി ഘടകങ്ങൾ രൂപീകരിക്കുന്നതിനും അദ്ദേഹം കഠിനമായി പരിശ്രമിച്ചു. സ്വന്തം അനാരോഗ്യം വകവെക്കാതെയാണ് പാർട്ടിക്കുവേണ്ടി രാപ്പകൽ വ്യത്യാസമില്ലാതെ അദ്ദേഹം പ്രവർത്തിച്ചത്. l
(തുടരും)