ഇക്കണോമിക് നോട്ട്‌ബുക്ക്‐ 76
1957ലാണ് സോവിയറ്റ് യൂണിയൻ സ്പുട്നിക് എന്ന ലോകത്തിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം വിക്ഷേപിക്കുന്നത്. അരനൂറ്റാണ്ടിനുമുന്പു വരെയും യൂറോപ്പിലെ ഏറ്റവും പിന്നോക്ക പ്രദേശങ്ങളിലൊന്നായി കിടന്നിരുന്നു ഒരു രാജ്യം സാങ്കേതികമായും സാമ്പത്തികമായും ഏറ്റവും മുൻനിരയിൽ നിന്നിരുന്ന രാജ്യങ്ങളെ ശാസ്ത്രസാങ്കേതികമേഖലയിൽ മറികടക്കുക എന്ന അത്ഭുത നിമിഷം കൂടിയായിരുന്നു അത്. ഭൗമ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച ഒരു സംഭവം കൂടിയായി അങ്ങിനെ സ്‌പുട്നിക് വിക്ഷേപണം മാറി. അത്തരമൊരു സ്പുട്നിക് നിമിഷമായി (Sputnik movement) മാറുകയാണ്, വർത്തമാനകാലത്തെ ഏറ്റവും നിർണായക സാങ്കേതികവിദ്യയായ നിർമിതബുദ്ധിയിൽ ഡീപ്‌സിക്കിന്റെ കടന്നുവരവ്.
ഭൗമരാഷ്ട്രീയത്തിന്റെ ആഴമേറിയ അധികാരഘടനകളെ ഉലയ്ക്കാൻ മാത്രമുള്ള കരുത്ത് ഒരു കുഞ്ഞൻ ചൈനീസ് കമ്പനി പടച്ചുവിട്ട ഡീപ്‌സീക്ക് എന്ന നിർമിതബുദ്ധി ആപ്ലിക്കേഷനുണ്ടാകുമോ? എ ഐ സാങ്കേതികവിദ്യയുടെ ആഗോള വ്യാപനത്തിലും പ്രയോഗത്തിലും പുതിയ വേഗം പകരാൻ ഓപ്പൺ സോഴ്സ് അധിഷ്ഠിതമായ ഈ പുതിയ ആപ്ലിക്കേഷന് കഴിയുമോ? ടെക്നോ ഫ്യൂഡലിസത്തിന്റെ പിടിയിൽ അമർന്നുകിടക്കുന്ന ഡിജിറ്റൽ ലോകത്തെ മാറ്റിത്തീർക്കാൻ ഈ സോഫ്ട്‍വെയർ വിന്യാസ മാതൃകയ്ക്കാകുമോ? സാങ്കേതികവിദ്യകളുടെ സർവ്വസാധാരണ ചർച്ചകളുടെ സീമകൾക്കപ്പുറം പോയി നോക്കിയാൽ ഡീപ്‌സീക്ക് ആർ വൺ (DeepSeek R1) എന്ന ജനറേറ്റീവ് എ ഐയുടെ ആവിർഭാവം തിരികൊളുത്തി വിട്ടിരിക്കുന്ന ചിന്തകൾ ഇതൊക്കെയാണ്.
നാളിതുവരെ അതിഭീമൻ അമേരിക്കൻ കമ്പനികൾ കുത്തകയാക്കി വെച്ചിരുന്ന ഐ ടി ഗവേഷണ രംഗത്തേക്ക് ഒരു ചൈനീസ് സ്റ്റാർട്ട് അപ്പ് വിജയകരമായി കടന്നുവന്നത് ഈ രംഗത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവരെപ്പോലും അമ്പരിപ്പിച്ചു. സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട അധികാരഘടനയിലും നൈതികതയിലും ഒരു പക്ഷേ അതിനെയും മറികടന്ന് ഭൗമരാഷ്ട്രീയ മണ്ഡലത്തിലും ഇതുണ്ടാക്കാനിടയുള്ള ചലനങ്ങൾ ഭാവിയിൽ ഏറെയാണ്.
യന്ത്രങ്ങൾ സ്വയം പഠിക്കുന്ന സാങ്കേതികതയായ മെഷീൻ ലേർണിംഗ്, മനുഷ്യന്റെ ഭാഷാ വിശകലനം, വൻതോതിലുള്ള വിവര വിശകലനം എന്നിങ്ങനെയുള്ള ഘടകങ്ങൾ ചേർന്നുകൊണ്ടുള്ള നിർമ്മിതബുദ്ധി മണ്ഡലത്തിലേക്കാണ് ഡീപ്‌സീക്ക് – കൃത്യമായി പറഞ്ഞാൽ DeepSeek R1 കടന്നുവന്നിരിക്കുന്നത്. ഗൂഗിളും ഫേസ്ബുക്കും പോലുള്ള വന്പൻ സ്രാവുകൾ മാത്രം വിഹരിച്ചിരുന്ന സമുദ്രത്തിലേക്കാണ് ഡീപ്‌സീക്ക് എന്ന കുഞ്ഞു മൽസ്യം നീന്തിക്കയറിയത്. ഓപ്പൺ എഐ, മെറ്റ തുടങ്ങിയ വൻകിട കമ്പനികൾ ശതകോടിക്കണക്കിന് ഡോളറുകൾ പ്രതിവർഷം ഇറക്കി കളിച്ചിരുന്ന ഇടത്തിലേക്ക്, അതിന്റെ വളരെ ചെറിയൊരു ശതമാനം മുതൽ മുടക്കിൽ – കേവലം 5.6 ദശലക്ഷം ഡോളർ മാത്രം മുടക്കി എഐ ഭാഷാമാതൃകയെ പരിശീലിപ്പിച്ചെടുക്കാൻ കഴിയുന്ന രീതിയിൽ എത്തി എന്നിടത്താണ് ഡീപ് സീക്കിന്റെ വിജയം. വൻതുക മുടക്കി നിർമിതബുദ്ധി ആപ്ലിക്കേഷനുകൾ വികസിപ്പിക്കാൻ ശ്രമിച്ചിരുന്ന അമേരിക്കൻ വൻകിട കമ്പനികളിലുള്ള നിക്ഷേപകരുടെ വിശ്വാസത്തെ ഇത് പൊടുന്നനെ തകർത്തു. ഡീപ്‌സീക്ക് കൈവരിച്ച വിജയത്തിന്റെ സാധുതയെ അടിവരയിടുന്ന സംഭവങ്ങളാണ് അമേരിക്കൻ ഓഹരിവിപണിയിൽ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത്. അമേരിക്കൻ ഓഹരിവിപണിയിൽ, ഒരു കമ്പനി ഒരൊറ്റദിവസം നേരിട്ട ഏറ്റവും വലിയ തകർച്ചയാണ് – 60,000 കോടി ഡോളർ നഷ്ടം – എൻവിഡിയ എന്ന കമ്പ്യൂട്ടർ ചിപ്പുകൾ നിർമിക്കുന്ന കമ്പനി നേരിട്ടത്.
ശാസ്ത്രസാങ്കേതികമേഖലയിൽ ചൈനയുടെ വളർച്ച തടയാൻ ആവശ്യമായ എല്ലാ നീക്കങ്ങളും നിർലജ്ജം അമേരിക്ക നടത്തിക്കൊണ്ടിരിക്കവെ, അതിനെയൊക്കെ മറികടന്നാണ് എഐ സാങ്കേതികവിദ്യയിൽ ചൈന ഈ നേട്ടം കൈവരിച്ചത്. നിർമ്മിത ബുദ്ധിമേഖലയിൽ ചൈന നടത്തുന്ന ഗവേഷണങ്ങളെ തടയുക എന്ന ഉദ്ദേശ്യത്തോടുകൂടി രണ്ടുവർഷം മുൻപാണ് ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതി അമേരിക്കൻ ഭരണകൂടം നിരോധിച്ചത്. എഐ വികസനത്തിനാവശ്യമായ സെമി കണ്ടക്ടറുകൾ നിർമിക്കാനാവശ്യമായ വിവിധ ഉപകരണങ്ങളുടെയും സോഫ്‌റ്റ്‌വെയർ ടൂളുകളുടെയും ചൈനയിലേക്കുള്ള കയറ്റുമതിയാണ് അമേരിക്ക തടഞ്ഞത്. ഇതിനെ മറികടന്നുകൊണ്ടാണ്, ലഭ്യമായ ചിപ്പുകൾ കൊണ്ട്, ഡീപ്‌സിക്ക് ഈ നേട്ടം കൈവരിച്ചത്. ഇതാണ് പലരെയും ആശ്ചര്യപ്പെടുത്തിയത്.
ഈ അതിബുദ്ധി, അമേരിക്കൻ കമ്പനികൾക്ക് തന്നെ ഫലത്തിൽ കൂടുതൽ തിരിച്ചടിയായി. വെറുതെ പെരുപ്പിച്ചുകാട്ടുന്ന അവകാശവാദങ്ങളും മൂലധനച്ചെലവുമാണ് അമേരിക്കൻ കമ്പനികളുടേത് എന്ന് നിക്ഷേപകർ ന്യായമായും സംശയിച്ചു. അമേരിക്കൻ ഓഹരിവിപണിയിൽ ഈ മേഖലയിലെ കമ്പനികളുടെ തകർച്ചയുടെ ആക്കം കൂട്ടിയത് ഇതാണ്.
ബിഗ്‌ഡേറ്റയും അഭൂതപൂർവമായ കമ്പ്യൂട്ടിങ് ശേഷിയും അതി സങ്കീർണമായ സോഫ്‌റ്റ്‌വെയർ ആപ്ലിക്കേഷനുകളും ചേർന്നുകൊണ്ടുള്ള എഐ ഡിജിറ്റൽ സാങ്കേതികവിദ്യാലോകത്തുണ്ടാക്കുന്ന വമ്പിച്ച കുതിച്ചുചാട്ടത്തെയാണ് ഡീപ്‌സീക്ക് അടിവരയിടുന്നത്. ഗണിതശാസ്ത്രപ്രതിഭകളായ ഒരു സംഘം ചൈനീസ് ചെറുപ്പക്കാർ നിർമിച്ച അൽഗോരിതങ്ങളാണ്, ലാംഗ്വേജ് ട്രെയിനിങ് മാതൃകകളാണ് കുറഞ്ഞ ചിലവിൽ ഒരു ജനറേറ്റീവ് എഐ ആപ്ലിക്കേഷൻ നിർമിക്കാൻ ഇടയാക്കിയത്.
സാങ്കേതികവിദ്യാപരമായി വലിയ കണ്ടുപിടുത്തങ്ങൾ ഇതിലില്ല എങ്കിലും അതിന്റെ രാഷ്ട്രീയമാനങ്ങൾ ഏറെയാണ്.
ദീർഘകാലമായി ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ലോകം ഏതാനും വൻകിട കുത്തക കമ്പനികളുടെ കയ്യിലാണ് എന്നിടത്തു തുടങ്ങുന്നു ഈ രാഷ്ട്രീയം. ഹാർഡ്‌വെയർ രംഗത്ത് ഐബിഎം, എൻവിഡ്യ തുടങ്ങിയവ, ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കാര്യത്തിൽ വിൻഡോസും ആപ്പിളും, പ്രധാന സോഫ്‌റ്റ്‌വെയർ ആപ്ലിക്കേഷനുകളുടെ കാര്യത്തിലും ഇതുപോലെ ഏതാനും കമ്പനികൾ മാത്രം. ഇങ്ങിനെ വിരലിലെണ്ണാവുന്ന ഏതാനും ചില ബഹുരാഷ്ട്ര കുത്തകകളുടെ ഉള്ളം കൈയിലാണ് ഐ ടി മേഖല.
സോഫ്‌റ്റ്‌വെയർ മേഖലയിലെങ്കിലും ഇതിനൊക്കെ വെല്ലുവിളി ഉയർത്തുമെന്ന് പ്രതീക്ഷിച്ച സ്വതന്ത്ര സോഫ്‌റ്റ്‌വെയർ രംഗത്തെ പല രീതിയിൽ ഈ കുത്തകകൾ പരിമിതപ്പെടുത്തി, വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ള പല കമ്പനികളും അവരുടെ ഉടമസ്ഥതയിലാക്കി. സ്വതന്ത്ര സോഫ്‌റ്റ്‌വെയറിൽ തീർത്ത ആപ്ലിക്കേഷനുകൾക്ക് കേവലം ആവരണങ്ങൾ മാത്രം തീർത്ത് കച്ചവടച്ചരക്കാക്കി. ഡിജിറ്റൽ സാങ്കേതികവിദ്യയിലെ നോർമൽസിയായി ഈ കുത്തകവൽക്കരണം മാറിയതിനാൽ അതൊരു ചർച്ചാവിഷയം പോലുമല്ലാതായി. വൻതോതിൽ മൂലധനമിറക്കി ഈ കൂറ്റൻ കമ്പനികൾ നടത്തുന്ന ഗവേഷണങ്ങളും അതിന്റെ ഉല്പന്നങ്ങളും ഈ പ്രക്രിയയെ കൂടുതൽ ശക്തമാക്കി. നിത്യജീവിതത്തിൽ നാമിന്നുപയോഗിക്കുന്ന ഏതൊരു സോഫ്‌റ്റ്‌വെയർ ആപ്ലിക്കേഷനും ഈ ഭീമൻ കമ്പനികളിൽ ഏതെങ്കിലും ഒന്നിന്റേതായിരിക്കും. എന്തിനും ഏതിനും പല രൂപത്തിൽ ഇവർക്ക് പാട്ടം കൊടുക്കുന്നവരായി ഉപഭോക്താക്കൾ മാറി. ടെക്നോളജി മേഖലയിലെ നവ ഫ്യൂഡലിസമായി ഇത് മാറി. എന്നുമാത്രമല്ല ഡാറ്റ അഥവാ വിവരം ഏറ്റവും സുപ്രധാനമായ വിജ്ഞാന സമ്പദ്‌വ്യവസ്ഥയിൽ അതിന്റെയാകെ ഉടമകളായി ഗൂഗിളും ഫേസ്ബുക്കും (മെറ്റ) മാറി.
ഇന്ന്, നമ്മെ സംബന്ധിച്ച് നാമറിയാത്ത വിവരങ്ങൾ പോലും ഇവരുടെ സെർവർ ഫാമുകളിലുണ്ടാകും. ദേശരാഷ്ട്രങ്ങളുടെ പരമാധികാരത്തെപ്പോലും വെല്ലുവിളിക്കുന്ന നിലയിലേക്ക് ഡാറ്റയുടെ മേലുള്ള ഇവരുടെ കുത്തക മാറി. അറിവ് അധികാരമായി മാറിക്കഴിഞ്ഞ ലോകത്തിന്റെ അധിപരായി ഈ കമ്പനികൾ മാറി. ഡാറ്റ അതിനിർണായകമായ നിർമ്മിതബുദ്ധി വികസനം സ്വാഭാവികമായും ഇവരുടെ ആധിപത്യത്തിലായി. എഐ മേഖലയിലെ ഗവേഷണം ഏതാണ്ട് പൂർണമായും ഇവരുടെ കൈപ്പിടിയിൽ അമർന്നു.
സാമൂഹികതാല്പര്യങ്ങൾ പൂർണമായും അവഗണിച്ചുകൊണ്ട് ലാഭകേന്ദ്രിതമായി സാങ്കേതികവിദ്യയെ ഉപയോഗിക്കുകയാണ് ബഹുരാഷ്ട്ര കുത്തകകൾ എല്ലായ്‌പ്പോഴും ചെയ്‌തു പോന്നിരുന്നത്. ജനാധിപത്യപരമായ തിരഞ്ഞെടുപ്പു പ്രക്രിയയെപ്പോലും സ്വാധീനിക്കാനുള്ള കരുത്ത് ഫേസ്ബുക് പോലുള്ള സാമൂഹിക മാധ്യമങ്ങൾ കൈവരിച്ചു കഴിഞ്ഞിരിക്കുന്നു എന്നുകൂടി ഓർക്കണം. ഇന്നത്തെ സത്യാനന്തര കാലത്തേക്കുള്ള എഐയുടെ കടന്നുവരവ് ഈ പ്രക്രിയയെ പിടിച്ചുനിർത്താനാവാത്ത ഉയരങ്ങളിലേക്ക് വളർത്തും.
ഇവിടെ ഒരു ചോദ്യമുയരുന്നു. സാങ്കേതികവിദ്യയുടെ വ്യാപനം എന്തെങ്കിലും രീതിയിലുള്ള സാമൂഹിക നിയന്ത്രണം ആവശ്യപ്പെടുന്നുണ്ടോ? കേവലം ലാഭം മാത്രമാണോ അതിന്റെ ഡ്രൈവിംഗ് ഫോഴ്‌സ്. നിയന്ത്രണങ്ങൾ ആവശ്യമെങ്കിൽ അതിന്റെ ഉത്തരവാദിത്വം ആർക്കാണ്? ആരാണ് അത് ചെയ്യുക? സാങ്കേതികമായി അത് എത്രത്തോളം സാധ്യമാണ്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരുപരിധിവരെ ഡീപ്‌സിക്ക് നൽകുന്നുണ്ട്. അതുയർത്തുന്ന പ്രധാന രാഷ്ട്രീയവും അതാണ്.
സാങ്കേതികവിദ്യയുടെ ലോകം ഇന്ന് സമ്പൂർണമായും അസമമാണ്. അധികാരത്തിന്റെ കേന്ദ്രീകരണം ഏറ്റവും കൂടുതൽ നിലനിൽക്കുന്ന ഒരു രംഗമാണിത്. രാഷ്ട്രങ്ങൾ തമ്മിലുള്ള അന്തരത്തെപ്പോലും ഇത് വൻതോതിൽ സ്വാധീനിക്കുന്നു, വളർത്തുന്നു. നാളിതുവരെയും ഡിജിറ്റൽ സാങ്കേതികമേഖലയിൽ ഉണ്ടാകുന്ന സുപ്രധാന ചലനങ്ങളുടെയെല്ലാം ഉറവിടം ഏതാനും വൻകിട കമ്പനികളും അവയുടെ ആസ്ഥാനമായിരുന്ന അമേരിക്കയുമായിരുന്നു. നിർമാണ വ്യവസായത്തിന്റെ ശവപ്പറമ്പായി അമേരിക്ക മാറിയപ്പോഴും, ലോകത്തിന്റെ വർക്ക്ഷോപ്പായി ചൈന വളർന്നതിനുശേഷവും, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ കേന്ദ്രമായി അമേരിക്ക തന്നെ തുടർന്നു. ഡിട്രോയിറ്റ് തകർന്നടിഞ്ഞപ്പോഴും സിലിക്കൺ വാലി കുലുക്കമില്ലാതെ നിന്നു. അവികസിത, വികസ്വര രാഷ്ട്രങ്ങളിലെ കൊള്ളാവുന്ന തലച്ചോറുകളെയെല്ലാം അവർ വിലയ്‌ക്കെടുക്കുകയും ചെയ്തു. മികച്ച സാങ്കേതികവിദഗ്ധരിൽ ഒരു ചെറിയ ശതമാനം പോലും മൂന്നാം ലോകത്ത് ഇല്ലാതായി. മനുഷ്യവിഭവശേഷി നിർണായക ഘടകമായ ഐടി ഗവേഷണത്തിന്റെ കുത്തക അമേരിക്കയുടെ പിടിയിൽ അങ്ങിനെ അമർന്നു. സാങ്കേതികവിദ്യയിലുള്ള ഈ ആധിപത്യം ഊട്ടിയുറപ്പിക്കാനാണ് ട്രംപ് അധികാരത്തിൽ വന്നതിനുശേഷം സ്റ്റാർഗേറ്റ് പോലുള്ളേ പ്രോജക്ടുകൾ, ഭീമൻ ഐടി കമ്പനികളുമായി ചേർന്നുകൊണ്ട് ആരംഭിക്കാൻ തീരുമാനിച്ചത്. അടുത്ത നാല് വർഷത്തേക്ക് മാത്രം 50,000 കോടി ഡോളറാണ് ഇതിനായി ചിലവഴിക്കാൻ നീക്കിവെച്ചിരിക്കുന്നത്. ഇത്തരം നീക്കങ്ങൾക്കുള്ള തിരിച്ചടി കൂടിയായി എഐ രംഗത്തേക്കുള്ള ചൈനീസ് കമ്പനിയുടെ കടന്നുവരവ് മാറാം. എന്നു മാത്രമല്ല തങ്ങൾ വികസിപ്പിച്ച സോഫ്‌റ്റ്‌വെയർ കോഡുകൾ ഓപ്പൺ സോഴ്സ് ആക്കുക വഴി ഇന്ത്യ പോലുള്ള മറ്റ് വികസ്വര രാജ്യങ്ങളിലെ ചെറുകിട കമ്പനികൾക്കും ഈ മേഖലയിലേക്ക് കടന്നുവരാൻ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഈ നീക്കം ഇത് സംബന്ധിച്ച ചർച്ചകളെ പുതിയ ദിശയിലേക്ക്, പുതിയ സാധ്യതകളിലേക്ക് തുറന്നു വിടുന്നു. l