ഇക്കണോമിക് നോട്ട്‌ബുക്ക്‐ 75
“മനുഷ്യന്റെ കരങ്ങൾ അധ്വാനിക്കാനുള്ള അവയവം മാത്രമല്ല , അധ്വാനത്തിന്റെ ഉല്പന്നം കൂടിയാണ്’’
– ഫ്രഡറിക് ഏംഗൽസ്
മനുഷ്യനും യന്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആലോചനകൾ നിർമിതബുദ്ധിയുടെ കടന്നുവരവോടെ വീണ്ടും സജീവമായിരിക്കുകയാണ്. വൈരുധ്യാത്മകത എന്ന ആശയത്തെ നമുക്ക് തൊട്ടറിയാവുന്ന ഒരു മേഖലയാണ് മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള പാരസ്പര്യത്തിന്റേത്. മരക്കമ്പിന്റെ അഗ്രം കൂർപ്പിച്ച് വേട്ടയാടിയ നാൾമുതൽ തുടങ്ങിയതാണ് ഈ പരസ്പര സ്വാധീനം.
‘The Part played by Labour in the Transition from Ape to Man’ എന്ന പ്രബന്ധത്തിൽ എംഗൽസ് ഇപ്രകാരം എഴുതുന്നുണ്ട്:
Thus the hand is not only the organ of labour, it is also the product of labour. Only by labour, by adaptation to ever new operations, through the inheritance of muscles, ligaments, and, over longer periods of time, bones that had undergone special development and the ever-renewed employment of this inherited finesse in new, more and more complicated operations, have given the human hand the high degree of perfection required to conjure into being the pictures of a Raphael, the statues of a Thorwaldsen, the music of a Paganini.
ഇത്തരത്തിൽ കരങ്ങൾ കേവലം അധ്വാനിക്കാനുള്ള അവയവം മാത്രമല്ല, എക്കാലത്തും ഒരേ രൂപത്തിൽ നിലനിന്നിരുന്ന ഒന്നുമായിരുന്നില്ല, അവ അധ്വാനത്തിന്റെ ഉല്പന്നം കൂടിയാണ്. ഇത്തരമൊരു വൈരുദ്ധ്യാത്മക ബന്ധം മനുഷ്യനും യന്ത്രങ്ങളും തമ്മിലും നിലനിൽക്കുന്നുവെന്ന് കാണാം. ആ ഒരർത്ഥത്തിൽ ഇപ്രകാരം പറയുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു. മനുഷ്യർ യന്ത്രങ്ങളെ നിർമിച്ചു,ആ യന്ത്രങ്ങൾ പുതിയ മനുഷ്യനെയും. മനുഷ്യന്റെ ഭൗതിക ശരീരത്തെ മാത്രമല്ല അവന്റെ മാനസികാവസ്ഥകളെയും കർതൃത്വത്തെയും രൂപപ്പെടുത്തുന്നതിൽ മനുഷ്യന്റെ തന്നെ സൃഷ്ടിയായ യന്ത്രത്തിനുള്ള പങ്ക് വളരെ വലുതാണ്. ഈയൊരു ചിന്തയെ കുറച്ചുകൂടി വികസിപ്പിക്കാവുന്നതാണ്. മനുഷ്യൻ ഒരു തുരുത്തിൽ ഒറ്റപ്പെട്ട് ജീവിക്കുന്ന വ്യക്തിത്വമല്ല, കൂട്ടമായി ജീവിക്കുന്നവനാണ്. പല തരത്തിലുള്ള ബന്ധങ്ങളിൽ അവൻ ഇതുവഴി ഏർപ്പെടുകയും ചെയ്യുന്നു. സമൂഹവും സാമൂഹിക ബന്ധങ്ങളും ഇത്തരത്തിൽ രൂപപ്പെടുന്നു. മനുഷ്യർ തന്നെ വികസിപ്പിച്ചെടുത്ത നിരവധി ഉപകരണങ്ങൾ വഴിയാണ് ഇത്തരത്തിലുള്ള ബന്ധങ്ങൾ പലതും സാധ്യമാകുന്നത്. കല്ലുളിമുതൽ നിർമിതബുദ്ധി വരെ നീളുന്ന കരുക്കളുടെയും യന്ത്രങ്ങളുടെയും എണ്ണമറ്റ ശൃംഖല വ്യക്തി എന്ന നിലയിലും സമൂഹമെന്ന നിലയിലും പ്രതിപ്രവർത്തിക്കുന്നു. അങ്ങനെ മനുഷ്യനും യന്ത്രങ്ങളും തമ്മിൽ തികച്ചും വൈരുദ്ധ്യാത്മകമായ ഒരു ബന്ധത്തിലേർപ്പെടുന്നു.
നിർമിതബുദ്ധിയെ ആസ്പദമാക്കിയ ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ കടന്നുവരവ് നിലവിലുള്ള ഉല്പാദനസമ്പ്രദായങ്ങളിലും തൊഴിൽ മേഖലയിലുമുണ്ടാക്കുന്ന മാറ്റങ്ങൾ ഏതളവുവരെ പോകും എന്നത് സംബന്ധിച്ച ചർച്ചകളെ ഈ വിശാലമായ പരിപ്രേക്ഷ്യത്തിൽ വിലയിരുത്താവുന്നതാണ്. അത് മനുഷ്യസമൂഹത്തെ ഏതു ദിശയിലേക്ക് നയിക്കും? ഇന്ന് മനുഷ്യർ ഏർപ്പെട്ടിരിക്കുന്ന തൊഴിലുകളെ ഏതൊക്കെ രീതിയിൽ സ്വാധീനിക്കും? ഇത്തരത്തിൽ തൊഴിൽ സംബന്ധിയായ ആശങ്കകളെയും പുത്തൻ സാങ്കേതികവിദ്യകളുടെ വളർച്ച ദീർഘകാലയളവിൽ സൃഷ്ടിക്കാൻ പോകുന്ന സമൂഹം ഏതുതരത്തിലുള്ളതാകും എന്നതിനെ സംബന്ധിച്ച് ഗൗരവമായ ചർച്ചകൾ പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. സാങ്കേതികവിദഗ്ധരും സാമൂഹികശാസ്ത്രജ്ഞരും രാഷ്ട്രീയനേതാക്കളുമൊക്കെ ഇതിൽ സ്വാഭാവികമായും പങ്കാളികളാവുകയും ചെയ്യുന്നു.
ആധുനികകാലത്തെ സാങ്കേതികമേഖലകളിലുണ്ടാകുന്ന മാറ്റങ്ങൾ പലതും മനുഷ്യന് മുൻകൂട്ടി വിഭാവന ചെയ്യുവാൻ തന്നെ സാധിക്കുന്നില്ല എന്നത് വലിയൊരു പരിമിതിയാണ്. ഈ പരിമിതി നിലനിൽക്കെത്തന്നെ ചില പൊതുപ്രവണതകൾ നമുക്ക് ചൂണ്ടിക്കാട്ടാൻ പറ്റും.
സാമൂഹിക പരിണാമങ്ങളെ നിർണയിച്ചിരുന്നതിൽ ഉല്പാദന ശക്തികൾക്ക് വലിയൊരു പങ്കുണ്ട്. കാളയെയും കുതിരയെയും ഉപയോഗിച്ച് നിലമുഴുതിരുന്ന സമൂഹത്തിൽ നിലനിന്നിരുന്ന ബന്ധങ്ങളല്ലല്ലോ വൻകിട ട്രാക്ടറുകൾ ഉപയോഗിച്ചു തുടങ്ങിയ സമൂഹത്തിലുള്ളത്. കർഷകത്തൊഴിലാളിയെ തന്നെ ആവശ്യമില്ലാത്ത നിലയിലേക്ക് പുതിയ കാലത്തെ മാറ്റിത്തീർത്തത് കാർഷികമേഖലയിൽ കടന്നുവന്ന യന്ത്രങ്ങളാണ്.
ഉല്പാദനശക്തികളുടെ വളർച്ച അത് നിലനിൽക്കുന്ന സമൂഹത്തിലെ മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളെ മാറ്റിമറിക്കുമെന്ന് മനുഷ്യചരിത്രം അടിവരയിട്ടു കാട്ടുന്നുണ്ട്. ആവിയന്ത്രങ്ങളുടെ കണ്ടുപിടുത്തം വ്യാവസായിക വിപ്ലവത്തിലേക്ക് നയിച്ചു. മഹാസമുദ്രങ്ങൾ താണ്ടാനുള്ള ശേഷി ആവിയന്ത്രങ്ങൾ സമുദ്രയാനങ്ങൾക്ക് നൽകിയിരുന്നില്ലയെങ്കിൽ സമുദ്രാന്തര വാണിജ്യവും കൊളോണിയൽ വ്യാപനവുമൊന്നും സാധ്യമാകുമായിരുന്നില്ല. വൻകിട ഉല്പാദനം സാധ്യമായതുകൊണ്ടാണ് മുതലാളിത്ത ഉല്പാദന സമ്പ്രദായം രൂപപ്പെട്ടത്. ഇത്തരത്തിൽ ഉല്പാദനശക്തികളുടെ വളർച്ച പുതിയ രൂപത്തിലുള്ള സാമൂഹിക സൃഷ്ടിക്ക് സ്വാഭാവികമായും വഴിതെളിക്കും.
ഒന്നാം വ്യാവസായികവിപ്ലവത്തിന്റെ കാലത്ത് സംഭവിച്ചതിന് ഏതാണ്ട് സമാനമായതോ അതിനേക്കാൾ തീവ്രമായതോ ആയ ഒരു പരിണാമം നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഈ കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ കായികശേഷിയെ, അവന്റെ മസിൽ പവറിനെയാണ് ആദ്യത്തെ വ്യാവസായിക വിപ്ലവത്തിന്റെ കാലത്ത് യന്ത്രങ്ങൾ പകരംവെച്ചതെങ്കിൽ, നാലാം വ്യാവസായികവിപ്ലവത്തിന്റെ ഡിജിറ്റൽ യുഗത്തിൽ മനുഷ്യന്റെ ബൗദ്ധികശേഷിയെയാണ് കംപ്യൂട്ടറധിഷ്ഠിത യന്ത്രങ്ങൾ പകരം വെയ്ക്കുന്നത് . നിർമിതബുദ്ധിയടക്കമുള്ള പുതിയ സാങ്കേതികവിദ്യകൾ ഉല്പാദന സമ്പ്രദായങ്ങളെ വിപ്ലവകരമായി മാറ്റിത്തീർക്കും എന്നതിൽ വലിയ സംശയമില്ല. ഇത് ഉല്പാദനബന്ധങ്ങളിൽ, ഉല്പാദനപ്രക്രിയയുടെ സ്വഭാവത്തിൽ എന്തൊക്കെ പരിണാമങ്ങളാണ് വരുത്തിത്തീർക്കുക എന്നതാണ് കാതലായ ചോദ്യം. ഈ ചർച്ചകൾ നടക്കുന്ന ഇന്നത്തെ കാലത്ത്, നിർമിതബുദ്ധിയെ അടിസ്ഥാനമാക്കിയ ഉല്പാദനരീതികൾ അതിന്റെ ബാല്യദശയിലാണ്. ഇത് പൂർണ വളർച്ചയിലേക്ക് എത്തുമ്പോൾ നമുക്കുമുന്നിൽ ഉരുത്തിരിഞ്ഞുവരുന്നത് ഏതു സ്വഭാവത്തിലുള്ള ലോകമായിരിക്കും? ഏതു തരത്തിലുള്ള സമൂഹമായിരിക്കും, ഏതൊക്കെ വിധത്തിലുള്ള തൊഴിൽബന്ധങ്ങളായിരിക്കും അവിടെ സൃഷ്ടിക്കപ്പെടുക.
മനുഷ്യർ ഇതുവരെ ചെയ്തുകൊണ്ടിരുന്ന പണികളിൽ നല്ല പങ്കും ഭാവിയിൽ എഐ അധിഷ്ഠിത യന്ത്രങ്ങൾ ഏറ്റെടുക്കും എന്നാണല്ലോ നമ്മുടെ അടിസ്ഥാന സങ്കൽപം. അങ്ങനെ സംഭവിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ എന്താകും? തൊഴിൽരഹിതനായ മനുഷ്യന്റെ നിത്യവൃത്തി എങ്ങിനെ നടക്കും? മനുഷ്യരിൽ മഹാഭൂരിപക്ഷത്തിന്റെ കൈവശവും തൊഴിലും പണവുമില്ലെങ്കിൽ ഉല്പാദിക്കപ്പെടുന്ന ചരക്കുകൾ, ഉപഭോക്തൃവസ്തുക്കൾ, ആർക്കു വിൽക്കാനാവും? വാങ്ങിക്കാൻ ആളുണ്ടെങ്കിലല്ലേ ചരക്കുകൾ നിർമിച്ചിട്ട് കാര്യമുള്ളൂ. മനുഷ്യരെ ഒന്നാകെ ക്രയശേഷി ഇല്ലാത്തവരാക്കി മാറ്റിക്കൊണ്ട് ചരക്കുല്പാദനം നടത്തുക സാധ്യമാണോ? കേവലം ഉത്പാദനക്ഷമത വർധിപ്പിച്ചതുകൊണ്ട് എന്താണ് മെച്ചം? ചരക്കുകൾ വാങ്ങാൻ ആളില്ലാതെ മുതലാളിത്തം വൻപ്രതിസന്ധിയിൽ അകപ്പെട്ട 1930കളിലെ ആഗോളമാന്ദ്യകാലത്ത് മനുഷ്യരുടെ കൈവശം എങ്ങനെയും പണമെത്തിക്കുക എന്ന തന്ത്രം പ്രയോഗിച്ചുകൊണ്ടാണ് ആ പ്രതിസന്ധിയെ മുതലാളിത്തം തരണം ചെയ്തത്. ഒരു മുതലാളിത്ത വ്യവസ്ഥയ്ക്ക് , ഉല്പന്നങ്ങൾ വാങ്ങേണ്ടവരിൽ അത് വാങ്ങാൻ ആവശ്യമായ പണം എത്തിക്കാതെ തീർച്ചയായും മുന്നോട്ടുപോകാൻ കഴിയില്ല എന്ന കെയ്ൻസിന്റെ സിദ്ധാന്തപ്രകാരമുള്ള സാമ്പത്തികതന്ത്രം വഴിയാണ് അന്ന് മുതലാളിത്തം തകർന്നടിയാതെ രക്ഷപെട്ടത്.
തൊഴിൽരഹിത വളർച്ചയുടെ ഒരു കാലത്തിലൂടെയാണ് ലോകം ഇന്ന് കടന്നുപോകുന്നത്. നിർമിതബുദ്ധിയെ കേന്ദ്രമാക്കിയ പുത്തൻ സാങ്കേതികവിദ്യകൾ തൊഴിൽമേഖലയിൽ കടന്നുവരുമ്പോൾ ഈ സാഹചര്യം കൂടുതൽ രൂക്ഷമാകും. ഇത് എങ്ങനെ പരിഹരിക്കാം എന്ന ചോദ്യം ഇന്ന് കൂടുതലും ഉയരുന്നത് മുതലാളിത്ത ബുദ്ധികേന്ദ്രങ്ങളിൽ നിന്നുമാണ് എന്നതാണ് ഏറ്റവും വിചിത്രമായ കാര്യം.
ഉല്പാദനക്ഷമത വർധിക്കുന്നത് മാന്ദ്യത്തിലേക്ക് നയിക്കുമോ എന്ന വലിയ വിരോധാഭാസമാണ് ഇന്ന് ഉയർന്നുവരുന്നത്. ഒരു സംഘർഷത്തിലേക്ക് ലോകം നീങ്ങാതിരിക്കാൻ പറ്റിയ പരിഹാരമാർഗങ്ങൾ എന്തൊക്കെ എന്നതാണ് ആലോചന. ഉല്പാദനക്ഷമതയിൽ ഉണ്ടാകുന്ന വർധനയുടെ ഒരു വിഹിതം വ്യാപകമായി പങ്കു വെയ്ക്കുക എന്നതാണ് ഒരു പരിഹാരമാർഗമായി ചില മുതലാളിത്ത ബുദ്ധികേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. universal basic income എന്ന ആശയത്തിന്റെ പിന്നാമ്പുറത്തുനോക്കിയാൽ കാണാൻ സാധിക്കുന്ന വസ്തുത ഇതാണ്.
നിർമിതബുദ്ധിയടക്കമുള്ള നവീന സാങ്കേതികവിദ്യകൾ കെട്ടഴിച്ചുവിടുന്ന ഉല്പാദനശക്തികൾ ആവശ്യപ്പെടുന്നത് പുതിയ സാമൂഹിക സംഘാടന രൂപമാണ് എന്ന ആശയവും സജീവമായി ഇന്ന് ചർച്ച ചെയ്യപ്പെടുന്നുണ്ട്. മാർക്സിയൻ സാമൂഹിക വീക്ഷണത്തിന് പുറത്തുനിൽക്കുന്നവർ പോലും ഈ വഴിക്കു ചിന്തിക്കുന്നുണ്ട്. ചാറ്റ് ജി പി ടി സൃഷ്‌ടിച്ച ഓപ്പൺ എ ഐ എന്ന കമ്പനിയുടെ ഉടമകളിലൊരാളായ സാം ആൾട്മാൻ തന്നെ ഇത്തരത്തിലുള്ള ആശയങ്ങൾ മുന്നോട്ടുവെയ്ക്കുന്നു. പുതിയ സാമൂഹിക ബന്ധങ്ങളുടെ സാധ്യതയിലേക്കാണ് ഇതൊക്കെ വിരൽചൂണ്ടുന്നത്. കൂടുതൽ സമത്വപൂർണമായ പുതിയൊരു ലോക സൃഷ്ടിക്ക് ഇതിടയാക്കുമോ എന്നതാണ് ഈ കാലത്തെ ബില്യൺ ഡോളർ ചോദ്യം. l