ഗൗതം വാസുദേവ് മേനോൻ എന്ന സംവിധായകൻ മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്നുവെന്ന വാർത്തയ്‌ക്കൊപ്പം ഉയർന്ന പ്രതീക്ഷകളുണ്ട്. ഗൗതം മേനോന്റെ സിനിമാ രീതികളിലേക്ക് മമ്മൂട്ടി എത്തുമ്പോൾ പ്രേക്ഷകർക്ക് സ്വഭാവികമായും പ്രതീക്ഷയുണ്ടാകും. ഒപ്പം ചില മുൻധാരണകളും. എന്നാൽ ഇതെല്ലാം ഇല്ലാതാക്കുന്ന ഒന്നാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് എന്ന ചലച്ചിത്രം. ടിപ്പിക്കൽ ഗൗതം മേനോൻ പടം എന്ന രീതി വിട്ടൊരുക്കിയ സിനിമ എന്ന നിലയിലും കഥാപാത്ര സൃഷ്ടിയിലും പുതുമ നിലനിർത്താൻ സാധിച്ചിട്ടുണ്ട്. മമ്മൂട്ടിയിലെ താരത്തിനപ്പുറം സാധാരണക്കാരനായ അധിക ഗിമ്മിക്ക് ഇല്ലാത്ത കഥാപാത്രമായാണ് സി ഐ ഡൊമിനിക്കിനെ അവതരിപ്പിച്ചിട്ടുള്ളത്. ചാള്‍സ് ഈനാശു ഡൊമിനിക് എന്ന സി ഐ ഡൊമിനിക് ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥനാണ്. ജീവിത വഴിയിൽ, തൊഴിലിൽ ‘വിജയം’ കാണാൻ കഴിയാതെ പോയ ഒരാൾ. കൊച്ചിയില്‍ ഒരു സ്വകാര്യ ഡിറ്റക്റ്റീവ് ഏജന്‍സി നടത്തുകയാണിപ്പോൾ. ഒരു സഹായിക്കായുള്ള പരസ്യം കണ്ട് വിക്കി എന്ന് വിളിക്കുന്ന വിഘ്‌നേശ് (ഗോകുൽ സുരേഷ്) വരുന്നു. ഈ വരവിനൊപ്പം ഡൊമിനിക്കിന്റെ ഫ്ലാറ്റ് അയാളുടെ രീതികൾ ഇതൊക്കെ സ്വഭാവികതയോടെ പ്രേക്ഷക കാഴ്‌ചയിലേക്ക് എത്തിച്ചാണ് സിനിമ തുടങ്ങുന്നത്.
വളരെ ലൈറ്റായ തമാശ മൊമ്മന്റുകളുള്ള പടമായിട്ടാണ് സിനിമ ഒരുക്കിയിട്ടുള്ളത്. എല്ലാവരെയും അടിച്ചിട്ട് തോൽപ്പിക്കുന്ന ഇൻസ്‌പെക്ടർ ബലറാമോ ബുദ്ധികൂർമത കൊണ്ട് കേസ് തെളിയിക്കുന്ന സേതുരാമയ്യരോ അല്ല ഡൊമിനിക്ക്. അയാൾ അതിസാധാരണക്കാരനായി ജീവിക്കാൻ വേണ്ടി നടത്തുന്ന പരിശ്രമം. വീട്ടുടമയ്‌ക്ക് കൊടുക്കാനുള്ള പണം ലാഭിക്കാനായി പേഴ്‌സിന്റെ ഉടമയെ തേടി തുടങ്ങുന്ന അന്വേഷണമാണ് സിനിമയുടെ ഇതിവൃത്തം. അന്വേഷണത്തിന്റെ ഭാഗത്ത് സാധാരണ പ്രതീക്ഷിക്കുന്ന ത്രില്ലിങ് മൊമൻസില്ല. അത് വിട്ടുള്ള ട്രീറ്റ്‌മെന്റിലുള്ള പടം എന്നത് ‘പൊതു ധാരണ’യുടെ സ്വീകാര്യതയിൽ പ്രശ്‌നമുണ്ടാക്കിയേക്കാം.
ഡൊമിനിക്കും വിക്കിയും ചേർന്ന് ഉത്തരങ്ങൾ തേടിയുള്ള യാത്രയാണ്. ഷെർലക് ഹോംസും വാട്‌സണും ചേർന്ന് നടത്തിയിട്ടുള്ള വിഖ്യാതമായ കേസ് അന്വേഷണങ്ങൾക്ക് മമ്മൂട്ടിയിലൂടെ ഗോകുൽ സുരേഷിനെ ഒപ്പം കൂട്ടി ഗൗതം മേനോൻ നടത്തിയ പരീക്ഷണ യാത്രയാണ് ചിത്രം. ഹോംസ്–- വാട്‌സൺ കൂട്ടുകെട്ടിലേക്ക് ഡൊമിനിക്കും വിക്കിയും എത്തി. സാഹചര്യ രംഗങ്ങളിൽ നിന്ന് തമാശ സൃഷ്ടിച്ച്, അതിനൊപ്പം കഥയെ മുന്നോട്ട് കൊണ്ടുപോകുന്നു. ഒരേസമയം കഥ പുരോഗമിക്കുന്തോറും അന്വേഷണം മുറുകുള്ള കഥപറച്ചിലാണ്.
കാര്യമായ കഥാപാത്രസൃഷ്ടികളില്ലാത്ത സിനിമയിൽ വിജി വെങ്കിടേഷും സുഷ്‌മിത ഭട്ടുമാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. കോമിക്ക് ടച്ചുള്ള കഥാപാത്ര സൃഷ്ടിയും അതിന് മുകളിലുള്ള കഥാവളർച്ചയുമെല്ലാം രസമാണ്. ഡാഡി കൂളിലൊക്കെ കണ്ട പോലെ കൂൾ മമ്മൂട്ടി. ആ രീതിയിലുള്ള താരഭാരമില്ലാത്ത കഥാപാത്രം,- അത് തന്നെ കാഴ്‌ചയ്‌ക്ക് സന്തോഷമാണ്. ഷെർലക് ഹോംസിനെ അടിസ്ഥാനമാക്കി നിൽക്കുമ്പോഴും അതിനപ്പുറമുള്ള കഥാപാത്രമായി ഡൊമിനിക്കിന് വളരാൻ സാധിക്കുന്നത് മമ്മൂട്ടിയിലെ നടന ചാരുതമൂലമാണ്. വളരെ മിനിമലിസ്റ്റിക്കായ മമ്മുട്ടി സിഗ്‌നേച്ചറുകൾ സിനിമയിലുടനീളമുണ്ട്.
വലിയ സർപ്രൈസ് രംഗങ്ങളും ത്രില്ലിങ് എപ്പിസോഡ്‌സുമില്ലാതെ അധികവും ഒരേ രീതിയിലാണ് സിനിമയുടെ പോക്ക്. ഇതിൽ വലിയ പോരായ്‌മ ഇന്റർവൽ ബ്ലോക്ക് ആണ്. വെറുതെ എവിടെയൊ അവസാനിപ്പിച്ച പോലെ ഒന്നായിരുന്നു അത്. എന്നാൽ ക്ലൈമാക്‌സിലേക്ക് കരുതിവച്ച ട്വിസ്റ്റ് രസമുള്ളതായിരുന്നു. ഗൗതം മേനോൻ എന്ന സ്റ്റാർ ഫിലിം മേക്കറുടെ ഗംഭീര സിനിമയൊന്നുമല്ല ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്. അതേസമയം തന്റെ മുൻ സിനിമകളും സ്ഥിരം ശൈലിയും പാടെ അകറ്റിയാണ് അദ്ദേഹം ഈ ചിത്രം ഒരുക്കിയത്. തന്റെ തന്നെ വാർപ്പ് മാതൃകയെ പൊളിച്ച് നടത്തിയ ഇടപെടൽ അഭിനന്ദനം അർഹിക്കുന്നുണ്ട്. ഇനിയൊരുപാട് അന്വേഷണങ്ങളുമായി വരാൻ കഴിയുന്ന തരത്തിലാണ് ഡൊമിനിക് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചിട്ടുള്ളത്. തമാശ കലർത്തി സൃഷ്ടിച്ചകഥാപാത്രങ്ങളും അവതരണ രീതിയുമാണ് സിനിമയെ രസകരമാക്കുന്നത്. l