കുറ്റാന്വേഷണവും ത്രില്ലറുകളും സസ്‌പെൻസുകളും നിറച്ച സിനിമകൾ നിറഞ്ഞ മലയാളത്തിൽ വളരെ നാച്ചുറലായ കഥാ സന്ദർഭമുള്ള, നല്ല ഒഴുക്കോടെ കഥ പറയുന്ന പടമാണ് നാരായണീന്റെ മൂന്നാണ്മക്കള്‍. ലളിതമായ കഥപറച്ചിൽ തന്നെയാണ് പടത്തിന്റെ മേന്മയും. ഒ ടി ടിയാനന്തര കാലത്തിനു മുൻപ് മലയാള സിനിമയിൽ ഒരുപാട് ഉണ്ടാകാറുള്ള കുടുംബം, അവിടെയുള്ള പ്രശ്‌നങ്ങൾ അതിനിടയിലേക്ക് കടന്നുവരുന്ന സ്‌നേഹം ഈ ടെംപ്ലേറ്റിലാണ് ശരൺ വേലായുധൻ പടം ഒരുക്കിയിട്ടുള്ളത്. സസ്‌പെൻസുകളോ, വില്ലനോ ഒന്നുമില്ലാതെ തുടക്കം–- ഒടുക്കം എന്നിങ്ങനെയുള്ള പഴയ ഫോർമാറ്റിലാണ് പടം. പക്ഷേ ഈ പഴകിയ ഫ്രൈയിമിലേക്ക് കൊണ്ടുവന്നിട്ടുള്ള ആതിരയുടെയും നിഖിലിന്റെയും കഥയാണ് പടത്തിനെ രസകരമാക്കുന്നത്. മരണക്കിടക്കയിലുള്ള അമ്മ നാരായണിയെ കാണാന്‍ തറവാട്ടിലേക്ക് മൂന്ന് ആൺമക്കള്‍ എത്തുന്നതാണ് സിനിമയുടെ പ്രമേയം. മൂന്നു മക്കൾ തമ്മിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ. ഇതിന്റെ ഭാഗമാകാതെ നിൽക്കുന്ന അടുത്ത തലമുറ. അവർക്കിടയിൽ ഉടലെടുക്കുന്ന സ്‌നേഹം. അത് സൃഷ്ടിക്കുന്ന സംഭവ വികാസങ്ങളുമായാണ് ചിത്രം വളരുന്നത്.
മരണക്കിടക്കയിലാണ് നാരായണി. ഇതറിഞ്ഞാണ് മൂത്തമകൻ വിശ്വനാഥൻ (അലന്‍സിയര്‍) ഇളയമകന്‍ ഭാസ്‌കരൻ (സുരാജ് വെഞ്ഞാറമൂട്) നാട്ടിലേക്ക് എത്തുന്നത്. നാട്ടില്‍തന്നെയുള്ള രണ്ടാമത്തെ മകൻ സേതു (ജോജു ജോർജ്) അമ്മയെ നോക്കുന്നത്. ഇവർ തമ്മിലുള്ള പ്രശ്‌നമാണ് സിനിമ. പഴയ തലമുറയുടെ ജീവിതത്തിൽ ഊന്നിനിൽക്കുമ്പോഴും പുതുതലമുറയുടെ വീക്ഷണത്തിലൂടെയാണ് കഥ നീങ്ങുന്നത്. പരസ്പരം അകല്‍ച്ചയിലുള്ള വിശ്വന്റെയും ഭാസ്‌കരന്റെയും മക്കളിലൂടെയാണ് കഥാ സഞ്ചാരം. വിശ്വന്റെ മകൾ ആതിരയും (ഗാര്‍ഗി അനന്തന്‍) ഭാസ്‌കരന്റെ മകൻ നിഖിലുമാണ് (തോമസ് മാത്യു). ഇവരുടെ കഥകൂടിയാണ് നാരായണീയുടെ മൂന്നാണ്മക്കള്‍. കുടുംബത്തിലെ ആന്തരിക സംഘര്‍ഷങ്ങളെല്ലാം ഈ കഥാപാത്രങ്ങളിലൂടെയാണ് പറയുന്നത്. മനുഷ്യര്‍ക്കിടയില്‍ വേണ്ട മാനസിക അടുപ്പത്തെക്കുറിച്ചും പരസ്പരധാരണയെക്കുറിച്ചും പ്രേക്ഷകരിലേക്ക് ഇവരിലൂടെ പകർന്നു നൽകുന്നുണ്ട്. സ്നേഹമില്ലാത്തവർക്കിടയിൽ ആതിരയും അഖിലും തീർക്കുന്ന സ്നേഹമാണ് ഈ സിനിമ.
മരണാസന്നയായ അമ്മ, ഏത് നിമിഷവും മരണം വരുമെന്ന അന്തരീക്ഷത്തിലാണ് സിനിമ വളരുന്നത്. അതിനൊപ്പംതന്നെ ഭൂതകാലസംഭവങ്ങളുടെ അടിസ്ഥാനത്തിൽ തലപൊക്കുന്ന സഹോദര വൈരം. അത്തരമൊരു സംഘർഷഭരിതമായ അവസ്ഥയിൽ നിന്നുകൊണ്ട് പുരോഗമിക്കുന്ന കഥയിലാണ് വിശ്വന്റെയും ഭാസ്‌കരന്റെയും മക്കൾക്കിടയിൽ ഉടലെടുക്കുന്ന സ്‌നേഹം. പ്രധാന കഥാതന്തുവിൽ നിന്ന് മാറി, സബ് പ്ലോട്ടായി നിൽക്കുന്ന ഭാഗമാണ് സിനിമയുടെ ഏറ്റവും ആകർഷകമായ ഒന്ന്. ഒരു സിനിമയായി തന്നെ വികസിപ്പിക്കാൻ തക്കവണ്ണമുള്ളതാണ് ഇരുവരുടെയും ജീവിതം. ഗാർഗി അനന്തനും തോമസ് മാത്യൂവും അത് കിടലിനായി ചെയ്‌തിട്ടുണ്ട്. ഒറ്റപ്പെടലിന്റെ അവരുടേതായ ലോകത്തുനിന്ന് അവർ പരസ്‌പരം അറിഞ്ഞ്, അതിലൂടെ കോർത്തെടുക്കുന്ന ഹൃദയവായ്‌പ് അത്രമേൽ കിടിലനാണ്. ആ കാഴ്‌ച നമ്മളെ നിഖിലും ആതിരയുമായാൽ കൊള്ളാമെന്ന് തോന്നിപ്പിക്കുന്നുണ്ട്. മരണം കാത്തുനിൽക്കുന്ന വീട്ടിലെ കോലാഹലങ്ങൾക്കിടയിൽ അവർ സൃഷ്ടിക്കുന്ന മറ്റെല്ലാം മറന്നുള്ള സ്‌നേഹമാണ് ആ വീടിനെ വീടാക്കുന്നത്. നൊസ്റ്റാൾജിയയുടെ സാധ്യതകളെ തള്ളി പുതിയ കാലത്തിന്റെ മാനസികതലത്തിന്റെ കഥയായി നാരായണീന്റെ മൂന്നാണ്മക്കൾ വളരുന്നതും ഇവിടെയാണ്.
അസാധ്യത അഭിനേതാക്കളാണ് സുരാജ്, ജോജു, അലൻസിയർ എന്നിവർ. ഇവരുടെ ശക്തമായ അഭിനയത്തിനു കൂടി ചിത്രം സാക്ഷ്യംവഹിക്കുന്നുണ്ട്. വളരെ പതിഞ്ഞും പൊട്ടിത്തെറിച്ചുമുള്ള കഥാപാത്രങ്ങൾ ഇവർ ഭദ്രമായി ചെയ്യുന്നുണ്ട്. അതേസമയം നൈരാശ്യം നിറഞ്ഞ രംഗങ്ങളിൽ ജോജു കാണിക്കുന്ന അഭിനയ മാന്ത്രികത ഇവിടെയും തുടരുകയാണ്. സേതുവിന്റെ സങ്കടങ്ങൾ നമ്മുടേതുകൂടിയായി മാറുന്നത് ജോർജിന്റെ പ്രകടന കരുത്തിലാണ്. അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണം സിനിമയുടെ കാഴ്‌ചയെ മനോഹരമാക്കുന്നുണ്ട്. കഥപറച്ചിലിന്റെ സൗന്ദര്യമായി ഫ്രെയിമുകളെ അപ്പു മാറ്റുന്നുണ്ട്. സംഭാഷണങ്ങൾ കുറച്ചുള്ള കഥാപാത്ര ഭാവങ്ങളിലൂടെയുള്ള കഥാഘടനയാണ് സിനിമയുടെ വൈകാരികതയെ പ്രേക്ഷകരിലേക്ക് ഇറക്കുന്നത്. ഇതിൽ രാഹുൽ രാജിന്റെ സംഗീതവും പശ്ചാത്തല സംഗീതവും വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ദേശീയ അവാർഡ് നേടിയ ‘ഒരു പാതിരാസ്വപ്നം പോലെ’ എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകനായ ശരൺ വേണുഗോപാലിന്റെ ആദ്യ ചിത്രമാണ് നാരായണീന്റെ മൂന്നാണ്മക്കള്‍. സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥിയിൽ നിന്നുള്ള വളർച്ചയുടെ അളവുകോൽ കൂടിയായി ചിത്രം മാറുന്നുണ്ട്. തുടക്കക്കാരന്റെ പതർച്ചയില്ലാതയാണ് ശരൺ ‘നാരായണീന്റെ മൂന്നാണ്മക്കൾ’ ഒരുക്കിയത്. ഒരുപാട് പറഞ്ഞ കഥയെ പുതിയ തരത്തിൽ പുതിയ കാലത്തിന്റെ പ്രതിനിധികളായ ‘ജെൻ സെഡ്’ കിഡ്‌സിനെ വച്ച് പറഞ്ഞു. അതിൽ മാനസികാരോഗ്യം, ഒറ്റപ്പെടൽ തുടങ്ങിയ വളരെ ഗൗരവമേറിയ വിഷയങ്ങളെക്കൂടി ശക്തമായി സന്നിവേശിപ്പിക്കുകയും ചെയ്‌തു. l