ഹിറ്റ് ഇൻഡസ്‌ട്രി എന്നാണ് തമിഴ് സിനിമയെ വിശേഷിപ്പിച്ചിരുന്നത്. ബോക്‌സോഫീസിൽ സൂപ്പർ താരങ്ങൾ മുതൽ പുതുനിര വരെ എത്തി ഹിറ്റുകൾ തീർക്കുന്നത് ഇന്ത്യൻ സിനിമാ വ്യവസായം അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. കോവിഡിന് ശേഷം വ്യവസായമെന്ന നിലയിലും കലയെന്ന നിലയിലും മികച്ച സിനിമകൾ സമ്മാനിച്ചാണ് 2023 അവസാനിച്ചത്. ഇത് ‘കോളിവുഡി’ന്റെ സുവർണ കാലമെന്ന് വിലയിരുത്തപ്പെട്ടു. പോർ തൊഴിൽ, ബൊമ്മൈ നായഗി, ദാദ, അയോത്തി, യാത്തിസായി, ഗുഡ് നൈറ്റ്, കിഡ, പാർക്കിങ് തുടങ്ങിയ സിനിമകൾ വലിയ താരസാന്നിധ്യമില്ലാതെ തന്നെ പുതുനിര ഹിറ്റടിച്ചു. ലോകേഷ് കനകരാജ്‐വിജയ് ടീമിന്റെ ലിയോ, നെൽസൺ ദിലീപ് കുമാർ‐രജനികാന്ത് കൂട്ടുകെട്ടിൽ ജയിലർ തുടങ്ങിയവ 600 കോടി പിന്നിട്ട് വമ്പൻ ഹിറ്റുകളായി. വാരിസ്, പൊന്നിയിൻ സെൽവൻ –-2, തുനിവ് തുങ്ങിയവയെല്ലാം താരസാന്നിധ്യത്തിന്റെ ബലത്തിൽ ബോക്‌സോഫീസിൽ നേട്ടമുണ്ടാക്കി. എന്നാൽ 2024ൽ എല്ലാം തകിടംമറിഞ്ഞു.
ബോക്‌സോഫീസിൽ വലിയ നേട്ടം പ്രതീക്ഷിച്ച സിനിമകൾക്ക് വലിയ തിരിച്ചടിയാണ് 2024ൽ കോളിവുഡിൽ സംഭവിച്ചത്. 3000 കോടി രൂപയാണ് തമിഴ് സിനിമാ വ്യവസായം കഴിഞ്ഞ വർഷം ചെലവിട്ടത്. എന്നാൽ 1000 കോടി രൂപ നഷ്ടമായി എന്നാണ് കണക്കുകൾ. 241 സിനിമകൾ റിലീസായതിൽ 223 എണ്ണവും പരാജയപ്പെട്ടു. 18 സിനിമകൾ മാത്രമാണ് വിജയിച്ചത്. തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും മോശം വർഷമായാണ് 2024നെ കണക്കാക്കുന്നത്. ശങ്കർ–- കമൽഹാസൻ ടീമിന്റെ ഇന്ത്യൻ 2 ബോക്‌സോഫീസിൽ തകർന്നടിഞ്ഞു. വിക്രമിന്റെ തങ്കലാൻ നല്ല തുടക്കം കിട്ടിയെങ്കിലും പരാജയപ്പെട്ടു. ധനുഷിന്റെ രായൻ, ശിവ കാർത്തികേയന്റെ അയലാൻ തുടങ്ങി ഭേദപ്പെട്ട കലക്ഷൻ നേടിയ പല സിനിമകൾക്കും വലിയ മുടക്കുമുതൽ തിരിച്ചടിയായി. പ്രേക്ഷകരിൽ സമ്മിശ്ര പ്രതികരണമായിരുന്നുവെങ്കിലും വിജയ് ചിത്രം ‘ഗോട്ട്–- ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം’ ഏറ്റവും വലിയ പണം വാരിയ പടമായി. 454 കോടിയാണ് തിയറ്ററിൽ നിന്ന് നേടിയത്. വലിയ മുടക്കുമുതലാണ് ചിത്രത്തിന്റേത്. അതിനാൽ തന്നെ തിയറ്റർ കലക്ഷനിലൂടെ ബജറ്റ് തിരിച്ചുപിടിക്കാനായില്ല. ജയ് ഭീമിനു ശേഷം ടി ജെ ജ്ഞാനവേല്‍ ഒരുക്കിയ രജനി കാന്ത് ചിത്രം വേട്ടയാനും പരാജയപ്പെട്ടു. ശങ്കർ രജനി ടീമിന്റെ ഇന്ത്യൻ–- 2, സൂര്യയുടെ കങ്കുവ എന്നിവയെല്ലാം വലിയ പരാജയങ്ങളായി.
ആദ്യ സിനിമ വലിയ വിജയമായതിനു പിന്നാലെ പുതുനിരയിലെ പല സംവിധായകർക്കും വലിയ അവസരങ്ങൾ ലഭിച്ചു. സൂപ്പർ താര ചിത്രങ്ങൾ, എന്ന അവരുടെ സിനിമാ ചിന്താഗതി വിട്ട് സൂപ്പർ താര ചിത്രം ഒരുക്കാൻ ഇറങ്ങി പരാജയപ്പെടുന്ന കാഴ്‌ച സമീപ വർഷങ്ങളിൽ സ്ഥിരം കാഴ്‌ചയാണ്. ജ്ഞാനവേല്‍ പരാജയം അത്തരത്തിലൊന്നാണ്. ശങ്കറിനെ പോലെയുള്ള വലിയ സംവിധായകരാണെങ്കിൽ താര സാന്നിധ്യം കൊണ്ട് മാത്രം സിനിമ വിജയിപ്പിക്കാം എന്ന ‘ധാരണ’യിലാണ്. ഈ ചിന്തയും തുടർ പരാജയങ്ങളിലേക്ക് വഴിതുറക്കുകയാണ്. മഗിഴ് തിരുമേനിയുടെ അജിത് പടം വിടാമുയർച്ചി താര സാന്നിധ്യത്താൽ മാത്രം വിജയം കൊയ്യാം എന്ന ചിന്തയിലുണ്ടായ സിനിമയാണ്.
1997ൽ റിലീസ് ചെയ്ത ‘ബ്രേക്ഡൗൺ’ എന്ന ഹോളിവുഡ് ഹിറ്റ് സിനിമയുടെ റീമേക്ക് ആണ് വിടാമുയർച്ചി. വളരെ കുറച്ച് മാറ്റം മാത്രം വരുത്തിയാണ് ചിത്രം പുനർനിർമിച്ചത്. അജിത് എന്ന താരത്തിനും സിനിമയ്‌ക്കും ഇടയിൽ സംവിധായകനായ മഗിഴ് തിരുമേനി കുടുങ്ങിപ്പോയി എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പോരായ്‌മ.
12 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് വിവാഹ മോചനത്തിനായി തയാറെടുക്കുന്ന അർജുനും (അജിത്) കായലും (തൃഷ). വീട്ടിലേക്ക് മടങ്ങുന്ന കായലിനെ കൊണ്ടു വിടാൻ അർജുൻ വരുന്നു. റോഡ് മാർഗമുള്ള യാത്രയ്‌ക്കിടയിൽ കായലിനെ കാണാതെയാകുന്നു. തുടർന്നുള്ള സംഭവങ്ങളാണ് ചിത്രം. ഹോളിവുഡ് സിനിമയുടെ അതേ ശൈലി പിടിച്ചാണ് സിനിമ ഒരുക്കിയിട്ടുള്ളത്. തമിഴ് മാസ് മസാലയുടെ രീതിയെ അകറ്റിനിർത്തിയിട്ടുമുണ്ട്. അതേസമയം അവതരണത്തിന്റെ മികവിനാൽ ഉയരാൻ തക്ക കരുത്തും ചിത്രത്തിലില്ല. അജിത് എന്ന താരത്തിനെ പുർണമായും ഉപയോഗിച്ചിട്ടുമില്ല. പൂർണത കൈവരിക്കാൻ കഴിയാതെ സമീപകാലത്ത് തമിഴിൽ അടിപതറിയ വിജയ്, രജനികാന്ത്, സൂര്യ തുടങ്ങിയ സൂപ്പർ താരങ്ങളുടെ പട്ടികയിലേക്ക് അജിത്തും വിടാമുയർച്ചിയിലൂടെ എത്തി. l