Sunday, March 16, 2025

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍ചെങ്കൊടിയുയർത്തി ഒരു കോവിലകം

ചെങ്കൊടിയുയർത്തി ഒരു കോവിലകം

കെ ബാലകൃഷ്‌ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 69

വൈക്കം സത്യാഗ്രഹം ഇന്ത്യാചരിത്രത്തിൽ, ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ സുവർണലിപികളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഗുരുവായൂർ സത്യാഗ്രഹത്തിനും അർഹമായ ചരിത്രപരിഗണന ലഭിച്ചിട്ടുണ്ട്. എന്നാൽ രക്തരൂഷിതമായ പാലിയം സമരത്തിന് അത്തരത്തിൽ ഔദ്യോഗികചരിത്ര പരിഗണന ലഭിച്ചില്ല. അതിന് കാരണം ആ സമരത്തിന്റെ സമ്പൂർണനേതൃത്വം കമ്യൂണിസ്റ്റുകാരായിരുന്നു എന്നതും അധഃസ്ഥിതരാണ് സമരം നയിച്ചത്‌ എന്നതുമാണെന്ന അഭിപ്രായം പലരും പ്രകടിപ്പിച്ചിട്ടുണ്ട്.

പാലിയം സമരം കേരളചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ അയിത്തവിരുദ്ധ സമരമായിരുന്നു. അടിച്ചമർത്തപ്പെട്ട അധസ്ഥിത ജനത നടത്തിയ ഐതിഹാസികസമരം. ആ സമരത്തിൽ അണിചേരാൻ കോവിലകത്തമ്മമാർപോലും വിലക്കുകൾ ലംഘിച്ച് തെരുവിലിറങ്ങി. സ്വത്വരാഷ്ട്രീയത്തിന്റെ തോലുകൾ പൊട്ടിച്ചെറിഞ്ഞ് വർഗരാഷ്ട്രീയത്തിന്റെ പുതുപാതയിലേക്ക് എല്ലാ ജാതിമതസ്ഥരും എത്താൻ തുടങ്ങിയതിന്റെ ആരംഭബിന്ദുക്കളിലൊന്നാണ് പാലിയം സമരം.

പാലിയം സമരത്തിലെ രക്തസാക്ഷിത്വം ആദ്യമായി പുറത്തറിയിച്ചത് കാളിയാണ്. പൊലീസ് ക്യാമ്പിൽ ക്രൂരമായ മർദനമേറ്റ് പിടയുമ്പോൾ അവർ തൊട്ടപ്പുറത്ത് കണ്ടത് എ ജി വേലായുധൻ എന്ന ധീരനായ പോരാളി പൊലീസിന്റെ തല്ലും ചവിട്ടുമേറ്റ് പിടഞ്ഞുമരിക്കുന്നതാണ്. കാളി പറഞ്ഞതായി പാലിയം സമരനേതാക്കളിലൊരാളായ പി ഗംഗാധരൻ രേഖപ്പെടുത്തിയത് ഇങ്ങനെ: ‘‘പാലിയം സമരത്തിൽ അടികൊണ്ടവശരായ കുറേപ്പേരെ എറണാകുളം ആശുപത്രിയിലാക്കിയിട്ടുണ്ടെന്ന് കേട്ട് ആളെവിട്ട് അന്വേഷിച്ചപ്പോൾ മൃതപ്രായയായി കാളി അവിടെ കിടക്കുന്നുണ്ടായിരുന്നു. അവരോടൊപ്പം അടികൊണ്ടുവീണ എ ജി വേലായുധന്റെ വിവരങ്ങളെല്ലാം കാളി കണ്ണുനീരോടെ ഒരുവിധം ആംഗ്യംകാണിച്ചും പറഞ്ഞും ഒപ്പിച്ചു. അവസാനം കാളി പറഞ്ഞു. “സഖാവ് മരിച്ചു. ഞാൻ രക്ഷപ്പെട്ടു. പിന്നെ അവരെന്നെ അടിച്ചില്ല.’ പക്ഷേ മരിച്ചിട്ടും അരിശം തീരാതെ പിന്നെയും പൊലീസുകാർ സഖാവിനെ അടിച്ചിരുന്നുവെന്ന് കാളി തുടർന്ന് പറഞ്ഞു. കാളിയുടെ വാക്കുകൾ നേരിട്ട് കേട്ട് അന്നുതന്നെ ടെലഗ്രാം മുഖേന കോഴിക്കോട്ടെ ദേശാഭിമാനിയിലേക്ക് ജി എം നെന്മേലി അയച്ച് പ്രസിദ്ധപ്പെടുത്തിയ വാർത്ത ഇങ്ങനെ‐ (വാർത്തയുടെ രണ്ടാം ഭാഗത്തുനിന്നാണ് ഇവിടെ ആദ്യം ഉദ്ധരിക്കുന്നത്) പുലയപ്പെൺകുട്ടി കാളിക്ക്‌ തലയിൽ മുറിവും മേലാകെ വേദനയുമുണ്ട്. ഇന്നലെ വൈകുന്നേരംവരെ ഇവർക്ക് പ്രാഥമിക ശുശ്രൂഷകൾ പോലും ചെയ്തിട്ടില്ല. കാളിയെ കിടത്തിയിരുന്നത് മരിച്ചുപോയ സഖാവ്‌ വേലായുധന്റെ സമീപത്തായിരുന്നു.

വേലായുധന്റെ ദേഹത്തിൽനിന്ന് അണപൊട്ടിയതുപോലെ രക്തം ഒഴുകുന്നുണ്ടായിരുന്നു. അവസാനനിമിഷങ്ങളിൽ പ്രാണവേദനയോടെ ആ സഖാവ് വെള്ളം ചോദിച്ചു. പക്ഷേ ഒരു തുള്ളി കൊടുക്കാൻ ആളില്ലായിരുന്നു. മരിക്കുന്ന സന്ദർഭത്തിൽ പാർട്ടിക്കുവേണ്ടിയാണ് മരിക്കുന്നതെന്നുള്ള കാര്യമോർത്ത് ആ സഖാവ് അഭിമാനംകൊള്ളുകയാണ് ചെയ്തത്‌. അദ്ദേഹത്തിന്റെ അവസാന വാക്കുകൾ ഇതായിരുന്നു‐ “എന്റെ പ്രിയപ്പെട്ട സഖാക്കളേ ഞാൻ മരിക്കുന്നതുകൊണ്ട് നിങ്ങളാരും ദു:ഖിക്കേണ്ട. നിങ്ങൾക്ക് എന്റെ കാര്യത്തിൽ അഭിമാനം കൊള്ളാനേ അവകാശമുള്ളൂ’ മരിക്കുന്ന സമയത്തിന് മുമ്പും പൊലീസുകാർ അയാളുടെ അടുത്തുവന്നുനിൽക്കുകയും കാലുകൊണ്ട് തട്ടുകയും ചെയ്തു. (ഈ വിവരങ്ങളെല്ലാം കാളി തന്നോട് പറഞ്ഞതാണെന്ന് വ്യക്തമാക്കി 1948 മാർച്ച് 13‐നാണ് നെന്മേലി കമ്പിയടിച്ചത്. ദേശാഭിമാനിയിൽ അത് വന്നത് മാർച്ച് 16‐നാണ്). എ ജി വേലായുധൻ ഒരു മത്സ്യതൊഴിലാളി സഖാവായിരുന്നു; കൊച്ചീതീരദേശത്തെ കരുത്തുറ്റ തൊഴിലാളിസംഘാടകനും കമ്മ്യൂണിസ്റ്റ് പ്രവർത്തകനും.

അയിത്തത്തിനെതിരായി, ജാതീയമായ ഉച്ചനീചത്വത്തിനെതിരായി, നാടുവാഴിത്തപ്രമാണിത്തത്തിനെതിരായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ഐതിഹാസികമായ പോരാട്ടത്തിലെ രക്തസാക്ഷിയാണ് എ ജി വേലായുധൻ. വേലായുധനെ നിഷ്ഠുരമായി മർദിക്കുന്നതും ഒരിറ്റ് വെള്ളംപോലും കൊടുക്കാതെ കൊല്ലുന്നതും മരിക്കുകയാണെന്ന് മനസ്സിലാക്കിയപ്പോഴും പതറാതെ നിന്ന വേലായുധന്റെ മനക്കരുത്തും നേരിട്ട്‌ കണ്ടത്‌ കാളിയാണ്‌.

പറവൂരിലെ ചേന്ദമംഗലം ഗ്രാമത്തിന്റെ അധിപന്മാരാണ്, നാടുവാഴികളാണ് പാലിയത്തച്ഛന്മാർ. ഗ്രാമം മുഴുവൻ അവരുടേത്. ജനങ്ങൾ അവരുടെ കുടിയാന്മാരോ അടിയാന്മാരോ മാത്രമായിരുന്നു. കൊച്ചിരാജ്യത്തിന്റെ കാര്യക്കാർ അഥവാ മന്ത്രിസ്ഥാനമുള്ള കുടുംബം. സേനാധിപന്മാരായും വാഴിച്ചുപോന്നത് ആ കുടുംബക്കാരെയായിരുന്നു. ശക്തൻ തമ്പുരാൻ അതിന് അല്പം തടയിട്ടെങ്കിലും പാലിയത്തച്ഛന്മാരുടെ പ്രതാപം തുടരുകതന്നെയായിരുന്നു. പാലിയം കോവിലകത്തിന്റെ മുന്നിലൂടെയുള്ള റോട്ടിൽ അവർണർക്ക് പ്രവേശനമില്ല. പുത്തൻവേലിക്കൽ വില്ലേജിലേക്ക് പോകാനുള്ള എളുപ്പവഴിയാണെങ്കിൽ അതാണുതാനും. അയിത്തജാതിക്കാരായി മുദ്രകുത്തപ്പെട്ടവർ മൂന്നുനാലുകിലോമീറ്റർ വളഞ്ഞുവേണം യാത്രചെയ്യാൻ. ഈ പ്രശ്നത്തിൽ പ്രദേശത്തെ ഈഴവോദയസഭാ പ്രവർത്തകർ കേളപ്പനാശാന്റെ നേതൃത്വത്തിൽ വലിയ ചെറുത്തുനില്പുകൾ നടത്തിയിരുന്നു. എന്നാൽ ആശാന്റെ മരണത്തോടെ അതെല്ലാം നിലച്ചു. പിന്നീട് അഖിലകൊച്ചി ക്ഷേത്രപ്രവേശനധർമസഭയുടെ നേതൃത്വത്തിൽ പ്രത്യക്ഷമായ ചില സമരപരിപാടികൾ നടത്തിയെങ്കിലും പാലിയക്കാരുടെ ഗുണ്ടകൾ അതിനെയെല്ലാം അടിച്ചമർത്തുകയായിരുന്നു. തിരുവിതാകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചിട്ടും കൊച്ചിയിൽ ആ ദിശയിലുള്ള നീക്കമൊന്നും തുടങ്ങാത്തതിൽ പ്രതിഷേധിച്ചാണ് അഖില കൊച്ചി ക്ഷേത്രപ്രവേശന ധർമസഭ രൂപവൽക്കരിച്ചത്. കുട്ടംകുളം സമരത്തെക്കുറിച്ച് പി ഗംഗാധരനെക്കുറിച്ചുള്ള അധ്യായത്തിൽ വിവരിച്ചതാണല്ലോ.

ചേന്ദമംഗലം മേഖലയിലെ തൊഴിലാളിവർഗപ്രസ്ഥാനത്തിന്റെ സമാരാധ്യനായ നേതാവും കമ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയുമായ അബ്ദുൾ ഇസ്മയിൽ ജലീലാണ് പാലിയം നടയിലൂടെ എല്ലാവർക്കും വഴിനടക്കാൻ അവകാശം വേണമെന്നാവശ്യപ്പെട്ട് ജനകീയ സമരത്തിന് തുടക്കംകുറിച്ചത്. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് ജയിൽവാസമനുഭവിച്ച ജലീൽ എല്ലാവിഭാഗമാളുകളുടെയും പ്രിയങ്കരനായിരുന്നു. എസ്എൻഡിപി യോഗമടക്കമുള്ള സംഘടനകൾ ജലീലിന്റെ മുൻകയ്യോടെയുള്ള സമരത്തിൽ അണിനിരക്കാൻ തയ്യാറായി. ജലീൽ ചേന്ദമംഗലത്ത് വലിയൊരു സമ്മേളനം സംഘടിപ്പിച്ചു. നാടുവാഴിത്തത്തിനെതിരെയുള്ള ജനകീയ പ്രതിഷേധം എന്ന പേരിലുള്ള സമ്മേളനം. പനമ്പിള്ളി ഗോവിന്ദമേനോനും സഹോദരൻ അയ്യപ്പനും ആ സമ്മേളനത്തിൽ സംബന്ധിച്ചു. എന്നാൽ തൽക്കാലം പ്രത്യക്ഷ സമരം വേണ്ടെന്നാണ് അവർ പ്രസംഗിച്ചത്. എന്നാൽ ജലീൽ അവരുടെ വാദങ്ങൾ തള്ളി. സമ്മേളനത്തിലെ പങ്കാളികളിൽ മഹാഭൂരിപക്ഷവും ജലീലിന്റെ വാദമുഖങ്ങളെ പിന്തുണച്ചു. പ്രത്യക്ഷ സമരം നടത്താൻ സമ്മേളനം തീരുമാനിച്ചു. ആവശ്യത്തോടനുഭാവമുണ്ടായിരുന്നിട്ടും പല സംഘടനകളും സമരത്തിൽ അണിനിരക്കാൻ തയ്യാറായില്ല. എന്നാൽ കോൺഗ്രസ് നേതാവും ശ്രീനാരായണപ്രസ്ഥാനത്തിന്റെ നായകരിലൊരാളുമായ സി.കേശവൻ സമരം ഉദ്ഘാടനംചെയ്യാൻ സന്നദ്ധനായി. കേശവനെ പിന്തിരിപ്പിക്കാൻ ശ്രമംനടന്നെങ്കിലും പി.ഗംഗാധരനും ജലീലും ചേർന്ന് കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തപ്പോൾ സ്വന്തം പാർട്ടിയുടെ നീരസം കണക്കിലെടുക്കാതെ കേശവൻ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. മാറ്റപ്പാടത്ത് 1947 ഡിസംബർ നാലിന് ആരംഭിച്ച സത്യാഗ്രഹം സി.കേശവൻ ഉദ്ഘാടനംചെയ്തു.

ഈ പ്രത്യക്ഷ സമരത്തെക്കുറിച്ച് വിവരിക്കുന്നതിനു മുമ്പ് ഒരു സംഭവം എടുത്തുപറയാനുണ്ട്. അത് പ്രദേശത്ത് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനമാരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണ്. പാലിയം സത്യാഗ്രഹം നടന്ന മാറ്റപ്പാടം എന്ന സ്ഥലത്ത് 1946‐ൽ പാർട്ടിയുടെ ഒരു റാലി നടന്നു. ആ റാലിയിൽ പങ്കെടുക്കാൻ വടക്കുംപുറം എന്ന സ്ഥലത്തുനിന്ന് നേരത്തെ സൂചിപ്പിച്ച കേളപ്പനാശാന്റെ പ്രദേശത്തുനിന്ന് ആളുകൾ ജാഥയായി വന്നത് പാലിയം നിരത്തിലൂടെയാണ്. പാലിയം നാടുവാഴിയും കൂട്ടരും പ്രകോപിതരായി. വടക്കുംപുറക്കാർ റാലി കഴിഞ്ഞ് തിരിച്ചുവരുന്നത് പാലിയം നിരത്തിലൂടെയാകരുതെന്ന് അവർ തീരുമാനിച്ചു. ഓരോ സ്ഥലത്തും അവർ ഗുണ്ടകളെ അണിനിരത്തി. അവർ പതിയിരുന്നു. തിരിച്ചുവരികയായിരുന്ന പാർട്ടിപ്രവർത്തകരെ അവർ ആക്രമിച്ചു. രാഘവൻ എന്ന ഒരു പ്രവർത്തകനെ കുത്തിപ്പരിക്കേൽപ്പിച്ചു. പ്രശ്നം ഗുരുതരമായി മാറി. പാലിയം നാടുവാഴി കുടുംബം കോടതിയെ സമീപിച്ചു. പാലിയത്തച്ഛന്മാർ മാത്രം താമസിക്കുന്ന സ്ഥലമാണ്. അതിനാൽ പാലിയം നിരത്ത് പൊതുവഴിയല്ല എന്നാണവർ എറണാകുളം ജില്ലാ കോടതിയിൽ വാദിച്ചത്. കോടതി എക്സ്പാർട്ടി വിധിയായി അവരുടെ ആവശ്യം അംഗീകരിച്ചു. കോടതിവിധിയിലൂടെ ജനങ്ങളുടെ സമരാവേശത്തെ കെടുത്താൻ സാധിച്ചില്ല. വി കെ നാരായണൻ പ്രസിഡണ്ടും ടി ഇ ബാലൻ സെക്രട്ടറിയുമായി പാലിയം റോഡ് സമരസമിതി നിലവിൽവന്നിട്ടുണ്ടായിരുന്നു. രണ്ട് വർഷം മുമ്പ് കരിമ്പാടത്തുനിന്ന് കൊടുങ്ങല്ലൂരിലേക്ക് അയിത്തവിരുദ്ധജാഥ നയിച്ച നേതാവാണ് ടി ഇ ബാലൻ.

മാറ്റപ്പാടത്ത് പന്തൽകെട്ടി സത്യാഗ്രഹം നടത്തുന്നതിനൊപ്പംതന്നെ വിലക്ക് ലംഘിച്ച് പാലിയം റോഡിലൂടെ സമരസേനാനികൾ നടക്കുകയും ചെയ്യുന്നത് പതിവായി. അത് തടയാൻ പൊലീസും ഗുണ്ടകളും മർദനമഴിച്ചുവിട്ടു. സമരപ്പന്തലിലേക്കുള്ള വഴിയിൽവെച്ചുതന്നെ ആളുകളെ അടിച്ചോടിക്കുക, കസ്റ്റഡിയിലെടുത്ത് അപരിചിതസ്ഥലത്ത് ഇറക്കിവിടുക എന്നിങ്ങനെയുള്ള മർദനമുറകൾ. ഡിസംബർ നാലിന് സമരം തുടങ്ങുമ്പോൾ പ്രജാമണ്ഡലമടക്കം മുപ്പതോളം സംഘടനകൾ പിന്തുണയുമായി ഉണ്ടായിരുന്നെങ്കിലും മർദനവും ഭീഷണിയും രൂക്ഷമായതോടെ പല സംഘടനകളും പിൻവാങ്ങി. സമരം തുടങ്ങി രണ്ടാഴ്ച തികയുമ്പോഴേക്കും‐ 1947 ഡിസംബർ 20‐ന് കൊച്ചിരാജാവ് ക്ഷേത്രപ്രവേശന വിളമ്പരം പുറപ്പെടുവിച്ചു. വിളമ്പരം വിചിത്രമായിരുന്നു. മേടം ഒന്നുമതൽ അതായത് വിഷുമുതൽ‐ അതിന് നാലുമാസം കഴിയണം‐ അയിത്തജാതിക്കാർക്കും ക്ഷേത്രങ്ങളിൽ പ്രവേശിക്കാം. പക്ഷേ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ അവർണർക്ക് പ്രവേശനമില്ല. പാലിയം റോട്ടിലൂടെ അവർണർക്ക് നടക്കാനുള്ള അനുമതി വിളംബരത്തിൽ ഉണ്ടായിരുന്നില്ല. ഭാഗികമായി ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് വന്നതോടെ സമരത്തിൽനിന്ന് കുറേ വിഭാഗങ്ങൾകൂടി ഒഴിഞ്ഞുമാറാൻ തുടങ്ങി. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സമരം പൂർവാധികം ശക്തിപ്പെടാൻ തുടങ്ങി. പി. ഗംഗാധരൻ ഒളിവിലിരുന്നുകൊണ്ട് സമരം നയിച്ചു. പുറത്ത് സമരത്തിന്റെ ഏകോപനവും നേതൃത്വവും എ ഐ ജലീൽ ഏറ്റെടുത്തു. പാലിയം റോഡിലൂടെ എല്ലാവർക്കും യാത്രാവകാശം ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് സമരസമിതി പ്രഖ്യാപിച്ചു. സമരം ഉദ്ഘാടനംചെയ്ത സി കേശവൻ ഇത്രയുമായപ്പോഴേക്കും സമരത്തെ തള്ളിപ്പറഞ്ഞു. കോൺഗ്രസ്സിന്റെ നിർദേശാനുസരണമാണ് കേശവൻ നിലപാട് മാറ്റിയത്. എസ്എൻഡിപി നേതൃത്വം സമരത്തെ തള്ളിപ്പറഞ്ഞെങ്കിലും പ്രവർത്തകർ സമരത്തിൽ തുടർന്നു.

മൂന്നുമാസം പിന്നിട്ടിട്ടും സമരം വിജയത്തിലേക്ക് നീങ്ങാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സ്ഥിതിവന്നു. അതിരൂക്ഷമായ മർദനം, വിലക്കുകൾ‐ ഇതെല്ലാം കാരണം സമരപ്പന്തലിലേക്ക് എത്തിപ്പെടുക പോലും പ്രയാസമായി. സാമ്പത്തികബുദ്ധിമുട്ടും. ചേന്ദമംഗലത്തിനടുത്തുതന്നെ തിരുവിതാംകൂറിന്റെ ഭാഗമായ അണ്ടപ്പിള്ളിക്കാവിലാണ് സമരസമിതിയുടെ നേതൃയോഗങ്ങൾ ചേർന്നിരുന്നത്. അങ്ങനെയൊരു യോഗത്തിലേക്ക് എ കെ ജിയെ പങ്കെടുപ്പിക്കാൻ പാർട്ടി തീരുമാനിച്ചു. എ കെ ജി കൂടി പങ്കെടുത്ത രഹസ്യയോഗത്തിൽ എടുത്ത ഒരു തീരുമാനം എ കെ ജി പ്രസംഗിക്കുന്ന ഒരു പൊതുയോഗം സംഘടിപ്പിക്കാനാണ്. എ കെ ജി വരുന്നുവെന്ന് കേട്ടതോടെ കൊച്ചി രാജാവിനും സർക്കാരിനും ഹാലിളകി. ചേന്ദമംഗലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. എ കെ ജി കൊച്ചിയിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് വിളംബരമുണ്ടായി. അതിനാൽ എ കെ ജിക്കുള്ള സ്വീകരണയോഗം അണ്ടപ്പിള്ളിക്കാവിൽത്തന്നെയാണ് സംഘടിപ്പിച്ചത്. എ കെ ജി പങ്കെടുത്ത പൊതുയോഗത്തിൽ പി ഗംഗാധരനും ജലീലുംകൂടി പങ്കെടുത്തു. സ്വീകരണത്തിന് വൻജനാവലിയാണെത്തിയത്. പാലിയം ക്ഷേത്രത്തിലെ ഉത്സവദിനമായ മാർച്ച് ഒമ്പതിന് നിരോധനം ലംഘിച്ച് ക്ഷേത്രത്തിലും നിരോധിത റോഡിലും പ്രവേശിക്കുക‐ അതോടെ സമരം നിർത്തുക എന്ന നിർദേശമാണ് എ.കെ.ജി. മുന്നോട്ടുവെച്ചത്. യോഗം അതംഗീകരിച്ചു. അതിന് മുമ്പുള്ള ദിവസങ്ങളിൽ സമരം കൂടുതൽ ജനകീയമാക്കണമെന്നും. ഉല്പതിഷ്ണുക്കളായ സവർണരെയും സമരത്തിൽ അണിനിരത്തണമെന്നും എ കെ ജി നിർദേശിച്ചു. എ കെ ജിയുടെ വരവോടെ സമരം ആളിപ്പടരുകയായിരുന്നു, പുതിയ ആവേശത്തോടെ.

ആര്യാപള്ളത്തിന്റെ നേതൃത്വത്തിൽ സവർണവിഭാഗത്തിൽപ്പെട്ട വനിതാപ്രവർത്തകർ മലബാറിൽനിന്ന് ജാഥയായെത്തി സമരത്തിൽ അണിചേർന്നു. ഇ എസ് സരസ്വതി, പി പ്രിയദത്ത, ഐ സി പ്രിയദത്ത, ദേവസേന എന്നിവർ സത്യാഗ്രഹമനുഷ്ഠിച്ചു. അവരെയെല്ലാം പൊലീസ് സ്ത്രീകളാണെന്ന പരിഗണനപോലുമില്ലാതെ മർദിച്ചു. ബ്രാഹ്മണ സ്ത്രീകളുടെ സത്യാഗ്രഹത്തിന് ശേഷം കൊടുങ്ങല്ലൂർ കോവിലകത്തെ തമ്പുരാട്ടിമാർ സമരപ്പന്തലിലെത്തി. ഇന്ദിരത്തമ്പുരാട്ടി, രമ തമ്പുരാട്ടി എന്നിവരാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് അതിസാഹസികമായി സമരരംഗത്തെത്തിയത്. മറ്റൊരുദിവസം സത്യാഗ്രഹം നടത്തിയ കൊടുങ്ങല്ലൂർക്കോവിലകത്തെ മിടുക്കൻ തമ്പുരാൻ കൊച്ചി രാജകുടുംബാംഗങ്ങളായ രാമവർമ കുട്ടപ്പൻ തമ്പുരാൻ എന്ന കെ ടി ആർ വർമ, കേരളവർമ കേളപ്പൻ തമ്പുരാൻ എന്നിവർക്കും ഇ എം ജാതവേദൻ നമ്പൂതിരിപ്പാടിനും പൊലീസ് മർദനമേറ്റു.

സമരം പൊളിക്കാൻ കൊച്ചി രാജാവും ഭരണകൂടവും ദിവസേന കളളപ്രചരണവുമായി പത്രക്കുറിപ്പുകളിറക്കി. കൊച്ചിക്കാർക്ക് താല്പര്യമില്ലാത്ത സമരമാണിവിടെ നടക്കുന്നത്. മലബാറിലെ എ കെ ഗോപാലൻ തിരുവിതാംകൂറിലൂടെ ചേന്ദമംഗലത്ത്‌ കടന്നുകയറി നാട്ടുകാരെ ഇളക്കിവിടുകയാണ് എന്ന മട്ടിലുള്ള കുറിപ്പുകൾ പുറത്തുവന്നു. പക്ഷേ അതൊന്നും വിലപ്പോയില്ല.

മാർച്ച് ഒമ്പതിന് കൊച്ചി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ജാഥകൾ സംഗമിച്ച് പാലിയത്തേക്ക് രണ്ടുവഴിക്ക് മാർച്ച് നടത്താനാണ് തീരുമാനിച്ചത്. കൊച്ചി ഭാഗത്തുനിന്നും തെക്കൻ ജാഥകൾ, കൊടുങ്ങല്ലൂരിൽ കേന്ദ്രീകരിച്ച് വടക്കൻ ജാഥകൾ. എട്ടിന് വൈകിട്ടുതന്നെ ജാഥകൾ എത്തി. ഒമ്പതിന് നിരോധനം ലംഘിച്ച് പാലിയം റോട്ടിൽ കടക്കുക, ക്ഷേത്രത്തിൽ കയറുക‐ ഇതാണ് പരിപാടി. എ ജി വേലായുധനും ടി ഇ ബാലനുമടക്കമുള്ളവർ നയിച്ച തെക്കൻ ജാഥ പാലിയത്തേക്ക് നീങ്ങുമ്പോൾ ജാഥക്കു നേരെ ഒരു ആനയെ ഓടിച്ച സംഭവമുണ്ടായി. കുറേയാളുകൾ ചിതറിയോടാൻ അത് കാരണമായെങ്കിലും ഭൂരിഭാഗമാളുകളും മുദ്രാവാക്യം മുഴക്കി മുന്നോട്ടുനീങ്ങി. പൊലീസ് ഭീകരമായ ലാത്തിച്ചാർജ് തുടങ്ങി. എ ജി വേലായുധൻ, എം എസ് കുമാരൻ, എം എസ് കൃഷ്ണൻകുട്ടി, കാളി, അയ്യപ്പൻ, എ എസ് പുരുഷോത്തമൻ, എം എൻ നായർ, ഇ കെ വേലായുധൻ തുടങ്ങിയവർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റുവീണ എ ജെ വേലായുധനടക്കമുള്ളവരെ വലിച്ചിഴച്ച് പോലീസ് ക്യാമ്പിലേക്ക് കൊണ്ടുപോയി. ക്യമ്പിൽവെച്ചുള്ള മർദനത്തെ തുടർന്നാണ് വേലായുധൻ രക്തസാക്ഷിയായത്.

ഇതേസമയം വടക്കൻ ജാഥയെ പൊലീസ് പാലിയം ഭഗവതിക്ഷേത്രത്തിനടുത്തുവെച്ച് തടഞ്ഞു. പൊലീസിന്റെ ലാത്തിച്ചാർജിനിടയിൽ കാളിയുടെ നേതൃത്വത്തിൽ കുറേപ്പേർ ക്ഷേത്രത്തിനകത്തേക്ക് ഓടിക്കയറി. പുലയസഭാ നേതാവായ കാളിയെ ക്ഷേത്രത്തിനകത്തുവെച്ച് പൊലീസ് അറസ്റ്റ്ചെയ്ത് തല്ലിച്ചതച്ചു. പൊലീസ് ക്യാമ്പിലേക്ക് കൊണ്ടുപോയി അവിടെവെച്ചും മർദനം. എ ജി വേലായുധനെ പൊലീസ് തല്ലിക്കൊല്ലുന്നത് അവർ നേരിട്ടുകണ്ടതാണ്. 97 ദിവസം നീണ്ട സമരം മാർച്ച് ഒമ്പതിന് നിരോധനം ലംഘിച്ച് നടത്തിയ സമരത്തോടെ അവസാനിപ്പിച്ചു. പാലിയം സമരത്തിലെ രക്തസാക്ഷികൾ തന്നെയാണ് ടി ഇ ബാലനും വടക്കുംപുറം കരുണനും സമരസമിതിയുടെ സെക്രട്ടറിയായിരുന്ന ബാലനും സമരനേതാക്കളിലൊരാളായ കരുണനും. വടക്കൻജാഥക്കുനേരെയുണ്ടായ പൊലീസിന്റെ ഭീകരമായ ആക്രമണത്തിൽ പരിക്കേറ്റ് ക്ഷയരോഗത്തിനടിപ്പെട്ടാണ് ഇവർ മരിച്ചത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × 3 =

Most Popular