വിപ്ലവപാതയിലെ ആദ്യപഥികർ‐ 70
മഹാകവി വള്ളത്തോൾ നാരായണമേനോൻ കേരളത്തിലെ ഏറ്റവും വലിയ ഗാന്ധിയന്മാരിലൊരാളും ദേശീയപ്രസ്ഥാനത്തിന്റെ വക്താവുമായിരുന്നു. താൻ കമ്യൂണിസ്റ്റുകാരനാണെന്ന് അദ്ദേഹം ഒരിക്കലും സൂചിപ്പിച്ചിട്ടേയില്ല. പാർട്ടി അദ്ദേഹം കമ്യൂണിസ്റ്റാണെന്ന് അവകാശപ്പെട്ടിട്ടുമില്ല. എന്നാൽ തൊള്ളായിരത്തിനാല്പതുകളിലെ ഏറ്റവും പ്രയാസമുള്ളകാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉറ്റ ബന്ധുവായിരുന്നു കവി. അദ്ദേഹത്തിന്റെ കുടുംബമാകട്ടെ ഇടതുപക്ഷ‐പുരോഗമനപ്രസ്ഥാനവും തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടിയും കെട്ടിപ്പടുക്കുന്നതിൽ വഹിച്ച പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിന്റെ വീട് പരസ്യവും രഹസ്യവുമായ താവളംപോലെ പാർട്ടിക്ക് ഉപയോഗപ്പെടുത്താൻ സാധിച്ചു. കോൺഗ്രസ്സുകാരനായിരിക്കെത്തന്നെ മക്കളും മരുമക്കളും കമ്മ്യൂണിസ്റ്റുകാരായി അപകടംപിടിച്ച വഴിയിലൂടെ പോകുന്നതിനെ വള്ളത്തോൾ തടഞ്ഞില്ല. പരോക്ഷമായി പാർട്ടിയുടെ രക്ഷാധികാരിയെപ്പോലെ നിലകൊണ്ടുവെന്ന് പറഞ്ഞാലും അധികപ്പറ്റല്ല.
വന്നേരിയിൽ വള്ളത്തോളിന്റെ ഭാര്യാഗൃഹവും ഉണ്ണിരാജയുടെ തറവാട്ടുവീടും നാലപ്പാട്ട് നാരായണമേനോന്റെ തറവാട്ടുവീടും പ്രേംജിയുടെയും എം ആർ ബിയുടെയും വീടും അടുത്തടുത്താണ്. എം ആർ ബിയുടെ സഹോദരന്റെ പുത്രനാണല്ലോ ഉണ്ണിരാജ. വള്ളത്തോളിന്റെ അടുത്ത സഹപ്രവർത്തകനും കലാമണ്ഡലത്തിന്റെ സഹസ്ഥാപകനുമായ മുകുന്ദരാജയുടെ മകനാണ് എം എസ് ദേവദാസ്. കന്നംകുളത്ത് താമസിക്കുന്നകാലത്ത് വള്ളത്തോളിന്റെ മക്കളും ദേവദാസും അടുത്ത കൂട്ടുകാരായിരുന്നു. വള്ളത്തോളിന്റെ വീട്ടിലെ അന്തരീക്ഷത്തിൽ പ്രഫുല്ലമായി നിന്നിരുന്ന ഉല്പതിഷ്ണുത്വത്തിന്റെയും രാഷ്ട്രീയബോധത്തിന്റെയും പശ്ചാത്തലമാണ് സൂചിപ്പിക്കുന്നത്.
വള്ളത്തോൾ ആർഷസംസ്കാരത്തിൽ വലിയ താല്പര്യമുള്ള പണ്ഡിതനും കവിയും. വാൽമീകിരാമായണത്തിന്റെയും ഋഗ്വേദസംഹിതയുടെ വിവർത്തകൻ. ഉല്പതിഷ്ണുത്വവുമുണ്ട്. പക്ഷേ കുടുംബത്തിൽ മക്കൾ ആർഷസംസ്കാരത്തിലല്ല പുളകംകൊണ്ടത്. അവർക്ക് സോഷ്യലിസത്തിലാണ് പ്രതിപത്തി. വന്നേരിയിൽ താമസിക്കുമ്പോഴാണ് വള്ളത്തോളിന്റെ അടുത്ത സഹായിയായും ശിഷ്യനായും സെക്രട്ടറിയായും കുട്ടികൃഷ്ണമാരാർ എത്തുന്നത്. അയൽക്കാരനെന്ന് വിശേഷിപ്പിക്കാവുന്ന നാലപ്പാട്ട് നാരായണമേനോനും സന്തതസഹചാരിയായി ഉണ്ട്. വള്ളത്തോളിന്റെ കവിത കേട്ടെഴുതുകയോ പകർത്തിയെഴുതുകയോ ഒക്കെ ചെയ്യുന്നത് മാരാരാണ്. ചിലപ്പോൾ നാലപ്പാടനും. ഇംഗ്ലീഷ് അറിയാത്ത കവിക്ക് ഇംഗ്ലീഷിൽ താൻ വായിച്ച പ്രധാന കൃതികളുടെ ഉള്ളടക്കം എഴുതിക്കൊടുത്തറിയിക്കുന്ന നാലപ്പാടൻ. ബധിരനായ കവിയോട് ആംഗ്യഭാഷയിൽ സംസാരിക്കാനറിയാവുന്നവർ. വള്ളത്തോൾ കുടുംബം ഇടതുപക്ഷത്ത് ശക്തമായി നിലയുറപ്പിക്കാൻ തുടങ്ങിയതോടെ, കമ്യൂണിസ്റ്റ് ബന്ധമുണ്ടായതോടെ മാരാരും നാലപ്പാടനും ആ കുടുംബത്തിൽനിന്ന് അകലുന്നുണ്ട്.
മലയാളത്തിൽ ഗദ്യസാഹിത്യത്തിൽ ഒരു വിപ്ലവംതന്നെ സൃഷ്ടിച്ചതാണല്ലോ ‘പാവങ്ങളു’ടെ തർജമ. വിക്തോർ യൂഗോയുടെ ലെ മിസറബിൾ എന്ന നോവലിന്റെ ഉള്ളടക്കം ആകാംക്ഷയോടെ കേട്ടുകൊണ്ടിരുന്ന വള്ളത്തോൾ അത് തർജമചെയ്യാൻ നാലപ്പാടനെ നിർബന്ധിക്കുകയായിരുന്നു. നിർബന്ധത്തിന് വഴങ്ങി തർജമചെയ്തുകൊണ്ടിരുന്ന നാലപ്പാടൻ അതിലെ ഓരോ ഭാഗവും വായിച്ചുനോക്കാൻ കവിയെ ഏൽപ്പിക്കും. ഒന്നാം ഭാഗത്തിന്റെ വിവർത്തനം പൂർത്തിയായപ്പോൾ അത് അച്ചടിപ്പിക്കണമെന്നായി മഹാകവി. പക്ഷേ പണമില്ല. തൃശ്ശിവപേരൂർ മംഗളോദയം പ്രസ്സിൽ വള്ളത്തോൾ ജാമ്യംനിന്നാണ് കടമായി പുസ്തകം അച്ചടിപ്പിച്ച് 1925‐ൽ പ്രസിദ്ധപ്പെടുത്തിയത്. നാലപ്പാടനെയുംകൂട്ടി വള്ളത്തോൾതന്നെയാണ് നാടുചുറ്റി ആ പുസ്തകം വീടുകളിലെത്തിച്ച് വിറ്റത്. ഒന്നാം ഭാഗം വിറ്റുകിട്ടിയ പണംകൊണ്ടാണ് രണ്ടും മൂന്നും ഭാഗം അച്ചടിപ്പിച്ചത്. വെറും കഥാതാല്പര്യം മാത്രമല്ല ദാരിദ്ര്യത്തിന്റെ രാഷ്ട്രീയത്തോടുള്ള ചായ്‌വാണ് പാവങ്ങൾ എന്ന നോവൽ മലയാളത്തിൽ വരുത്തിക്കുന്നതിൽ പ്രത്യേക താല്പര്യമെടുത്തതിനു പിന്നിൽ. കവിയും നാലപ്പാടനും കുന്നംകുളത്തിനടുത്ത് മുകുന്ദരാജയുടെ ഒരു കളപ്പുരയിൽ മാസങ്ങളോളം താമസിച്ചാണ് പാവങ്ങളുടെ പ്രസ് കോപ്പി തയ്യാറാക്കിയത്.
ആ കാലഘട്ടത്തിൽ അതായത് 1920 മുതൽ 25 വരെയുള്ള കാലത്ത് വള്ളത്തോൾ എഴുതിയ ചില കവിതകളിൽ വർഗസമരാഹ്വാനത്തിന്റെ പ്രത്യക്ഷ സൂചനകൾ കാണാം.
‘ദരിദ്രർതൻ ജീവനഭംഗദുഖം
ഗണിക്കുമോ തുംഗപദസ്ഥർ നിങ്ങൾ’ എന്ന് കാറുകണ്ട കർഷകനിലും (1920)
പാവങ്ങൾ തൻ പ്രാണമരുത്തുവേണം
പാപപ്രഭുക്കൾക്കിഹ പങ്കവീശാൻ എന്ന് വെടികൊണ്ട പക്ഷിയിലും ( 1921)
മരിക്ക സാധാരണമീവിശപ്പിൽ‐
ദ്ദഹിക്കലോ നമ്മുടെ നാട്ടിൽമാത്രം എന്ന് മാപ്പിലും (1925) വള്ളത്തോൾ പാടുകയുണ്ടായി. റഷ്യൻ വിപ്ലവത്തിന്റെ സന്ദേശംകൂടി ഉൾക്കൊള്ളുന്ന രാഷ്ട്രീയകവനങ്ങളായി ഇതിനെ കാണാം. മലയാളത്തിലെ പുരോഗമനസാഹിത്യത്തിന്റെ ആദ്യമുളകൾ. സഹോദരൻ അയ്യപ്പന്റെ ചില ഗദ്യകവിതകൾ ഇതിന് മുമ്പേതന്നെ റഷ്യൻവിപ്ലവത്തിന്റെ പതാക ഉയർത്തിയിരുന്നുവെന്നും സാന്ദർഭികമായി അനുസ്മരിക്കാം. ദേശീയപ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ വക്താവാണ് വള്ളത്തോൾ എങ്കിലും അദ്ദേഹം കോൺഗ്രസ്സിൽ അംഗത്വമെടുത്തിരുന്നില്ല. 1927ലും 28ലും എഐസിസി സെഷന് സൗഹാർദപ്രതിനിധിയെപ്പോലെ അദ്ദേഹം സംബന്ധിച്ചിരുന്നു. 1934ൽ രൂപപ്പെട്ട കോൺഗ്രസ്സിലെ ഇടതുപക്ഷധാരയോടായിരുന്നു അദ്ദേഹത്തിന് ആഭിമുഖ്യം. ഈ ഘട്ടമാകുമ്പോഴേക്കുതന്നെ വള്ളത്തോളിന്റെ അഞ്ചാൺമക്കളിൽ മുതിർന്ന നാലുപേരും ദേശീയപ്രസ്ഥാനത്തിന്റെ പ്രധാനപ്രവർത്തകരായിക്കഴിഞ്ഞിരുന്നു. മൂത്തമകൻ ബാലകൃഷ്ണക്കുറുപ്പ്, രണ്ടാമൻ മാധവൻകുട്ടി, മൂന്നാമൻ അച്യുത കുറുപ്പ്, നാലാമൻ ഗോവിന്ദ കുറുപ്പ് എന്നിവർ. ഇളയമകൻ ബാലചന്ദ്രൻ അന്ന് രാഷ്ട്രീയത്തിലില്ല. 1930ലെ ഉപ്പ് സത്യഗ്രഹജാഥയിൽ പങ്കെടുക്കാൻ മാധവക്കുറുപ്പും കുട്ടൻതമ്പുരാൻ എന്ന എ കെ രാജയും എം എസ് ദേവദാസും രഹസ്യമായി പുറപ്പെട്ടതും വഴിക്കുവെച്ച് ബന്ധുക്കൾ പിടികൂടി പിന്തിരിപ്പിച്ചതും ദേവദാസിനെക്കുറിച്ചുള്ള അധ്യായത്തിൽ വിവരിച്ചിരുന്നല്ലോ. മാധവക്കുറുപ്പിന് നിയമം ലംഘിക്കാൻ അത്തവണ കോഴിക്കോട്ടോ പയ്യന്നൂരിലോ എത്താനായില്ലെങ്കിലും ജ്യേഷ്ഠൻ ബാലൻ എന്ന ബാലകൃഷ്ണക്കുറുപ്പും അനുജൻ സി അച്യുതക്കുറുപ്പും കോഴിക്കോട്ട് എത്തുകയും നിയമം ലംഘിച്ച് അറസ്റ്റിലാവുകയുംചെയ്തു. ആറുമാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, കുറ്റിപ്പുഴ നാരായണപിള്ള, എൻ സി ശേഖർ, ഇ പി ഗോപാലൻ എന്നിവർക്കൊപ്പം. ജയിലിൽ തടവുകാരുടെ പിടലിക്കടിച്ച് ആളെണ്ണമെടുക്കുന്ന സമ്പ്രദായത്തിനെതിരെ തടവുകാർ ശക്തിയായ പ്രതിഷേധമുയർത്തിയപ്പോൾ ലാത്തിച്ചാർജുണ്ടായി. അതിൽ പരിക്കുപറ്റിയവരിലൊരാളാണ് അച്യുതക്കുറുപ്പ്.
എം എസ് ദേവദാസടക്കമുള്ളവരെ സാമ്രാജ്യത്വവിരുദ്ധ സമരത്തിലേക്കും കമ്യൂണിസ്റ്റ് ആശയത്തിലേക്കും ആകർഷിക്കുന്നതിൽ വള്ളത്തോളിന്റെ മൂത്തമകൻ ബാലകൃഷ്ണക്കുറുപ്പ് വലിയ പങ്ക് വഹിച്ചു. നിയമലംഘനപ്രസ്ഥാനത്തിന്റെ ആരംഭദിവസങ്ങളിൽ ബാലകൃഷ്ണക്കുറുപ്പും മുകുന്ദരാജയുടെ മരുമകൻ ബാലൻരാജയും ദേവദാസും ചേർന്ന് ഖാദി വസ്ത്രങ്ങൾ നടന്നുവിൽക്കുന്ന പ്രവർത്തനത്തിലേർപ്പെട്ടു. ഈ പ്രവർത്തനങ്ങളിൽ നാട്ടിലെ ഇരുപതോളം ചെറുപ്പക്കാരെ കിട്ടിയപ്പോൾ അവരെ ഒരരയാൽ തറയ്‌ക്കുചുറ്റും നിർത്തി ബാലകൃഷ്ണക്കുറുപ്പ് പ്രസംഗിച്ചു. അടിമത്തത്തിനെതിരെ പൊരുതി സ്വാതന്ത്ര്യവും സമത്വവും കൈവരിക്കുന്നതുവരെ യുവാക്കൾ വിശ്രമിക്കരുതെന്ന ആഹ്വാനം.
1931 ജനുവരി 26ന് പാലക്കാട് കോട്ടമൈതാനത്ത് ദേശീയപതാക ഉയർത്താൻ ഇ പി ഗോപാലനും ബാലകൃഷ്ണക്കുറുപ്പും ആസൂത്രണംചെയ്തിരുന്നെങ്കിലും കുറുപ്പിന് അസുഖം മൂർഛിച്ചതിനാൽ ഇ.പി.യ്ക്ക് ആ സാഹസികസമരം ഒറ്റയ്ക്ക് നിർവഹിക്കേണ്ടിവന്നു. കണ്ണൂരിൽ ജയിലിൽ കിടക്കുമ്പോഴാണ് ബാലകൃഷ്ണക്കുറുപ്പിന് വയറ്റിൽ അസുഖം ബാധിച്ചത്. ബാലകൃഷ്ണനും അച്യുതനും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെയും പിന്നീട് കമ്മ്യൂണിസ്റ്റ്പാർട്ടിയുടെയും പ്രധാന പ്രവർത്തകരും നേതാക്കളുമായി മാറി. മക്കൾ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കാൻ പോയതും ജയിലിലായതും വള്ളത്തോൾ അറിഞ്ഞത് പത്രത്തിലൂടെയാണ്. എന്നാൽ അതിനെപ്പറ്റി ചോദിക്കുകയോ കലഹിക്കുകയോ ചെയ്തില്ല. മക്കൾ രാഷ്ട്രീയക്കാരാകുന്നതിനെ തടഞ്ഞതേയില്ല. മകളുടെ ഭർത്താവായ വി.ടി.ഇന്ദുചൂഡന്റെ കാര്യത്തിലും ഇതേ നിലപാടാണെടുത്തത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളിലൊരാളായിട്ടും മകൾ മല്ലികയെ വിവാഹംചെയ്തുകൊടുക്കുന്നതിൽ വൈമുഖ്യമുണ്ടായില്ല. പൊലീസിന്റെ ഭീഷണിയും അറസ്റ്റ് സാധ്യതയുമെല്ലാമുണ്ടായിട്ടും കോഴിക്കോട്ട് നിരോധനം ലംഘിച്ച് ത്രിവർണപതാക ഉയർത്തുകയുണ്ടായി വള്ളത്തോൾ, മുപ്പതുകളുടെ ആദ്യം നടന്ന സ്വദേശിപ്രദർശനനഗരിയിൽ. രാജ്യത്ത് നിസ്സഹകരണസമരം നടന്നുകൊണ്ടിരിക്കെ ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ച പട്ടുംവളയും നിരാകരിക്കുകയും ചെയ്തു. കേരളത്തിൽ ആദ്യം ഖാദി ധരിച്ചുതുടങ്ങിയവരിലൊരാളും വള്ളത്തോളായിരുന്നു.
ക്വിറ്റ് ഇന്ത്യാസമരത്തെ കമ്മ്യൂണിസ്റ്റുകാർ രാഷ്ട്രീയമായി എതിർക്കുകയായിരുന്നല്ലോ. ഫസിസ്റ്റുവിരുദ്ധ യുദ്ധം ജനകീയയുദ്ധമാണെന്ന നിലപാട്. ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് രാഷ്ട്രമായ റഷ്യയെ തകർക്കാനുള്ള ഫാസിസ്റ്റ്‐നാസിസ്റ്റ് ശ്രമത്തെ വള്ളത്തോൾ അപലപിക്കുകയായിരുന്നു. നിയതാർഥത്തിൽ കമ്യൂണിസ്റ്റ് അല്ലെന്നിരുന്നാലും പാർട്ടിയുടെ നയത്തോടൊപ്പമാണ് അക്കാലത്ത് വള്ളത്തോൾ നിന്നത്. ക്വിറ്റ് ഇന്ത്യാസമരത്തെ അനുകൂലിച്ച് കവിതകളൊന്നും എഴുതാൻ തയ്യാറായില്ല. കമ്യൂണിസ്റ്റ് പാർട്ടി ജാപ്പ്‌വിരുദ്ധമേളകളുമായി ഫാസിസത്തെ എതിർക്കുന്ന കാലം. വള്ളത്തോൾ അക്കാലത്തെഴുതിയ ചില കവിതകൾ കോൺഗ്രസ് അനുകൂലികളിൽനിന്ന് കടുത്ത വിമർശത്തിനിടയാക്കി. ഒരു ജാപ്പ് പട്ടാളക്കാരന്റെ ക്രൂരത സംബന്ധിച്ചുള്ള പത്രവാർത്തയെ പരമാർശിച്ച് എഴുതിയ അധപ്പതനം എന്ന കവിത മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് അയച്ചപ്പോൾ അവിടെ വലിയ വിവാദമായി. വള്ളത്തോളിന്റെ കവിത കിട്ടിയാൽ തുടർന്നുള്ള ആദ്യ ലക്കത്തിൽത്തന്നെ പ്രസിദ്ധപ്പെടുത്താറുള്ള മാതൃഭൂമി ഇത്തവണ അതവിടെ പിടിച്ചുവെച്ചു. രണ്ടോ മൂന്നോ ആഴ്ച താമസിച്ചാണ് പ്രസിദ്ധപ്പെടുത്തിയത്.
കവിത പ്രസിദ്ധപ്പെടുത്തി അല്പനാളുകൾക്ക് ശേഷം കവി കോഴിക്കോട് സന്ദർശനത്തിനിടെ മാതൃഭൂമിയിലെത്തിയപ്പോൾ അവിടെ തെളിച്ചം കുറവ്! വള്ളത്തോളിന്റെ സഹായിയായി കുറേക്കാലം പ്രവർത്തിച്ച, പിന്നീട് വള്ളത്തോൾ കലാമണ്ഡലത്തിൽ അധ്യാപകനായി നിയമിച്ച വ്യക്തിയായിരുന്നല്ലോ കുട്ടികൃഷ്ണമാരാർ. യുദ്ധാരംഭത്തോടെ കലാമണ്ഡലം തൽക്കാലം പൂട്ടേണ്ടിവന്നപ്പോൾ ജോലിനഷ്ടപ്പെട്ട മാരാരെ മാതൃഭൂമിയിൽ പ്രൂഫ് റീഡറായി നിയമിച്ചിട്ടുണ്ടായിരുന്നു. മാരാർ നീരസത്തോടെ മഹാകവിയെ സമീപിച്ച് പറഞ്ഞു, ജാപ്പുവിരുദ്ധ കവിത വായിച്ച് ഞാൻ കരഞ്ഞുപോയി എന്ന്. കവിത പ്രചരണപരവും മോശവുമെന്ന ധ്വനിയിൽ. പക്ഷേ വള്ളത്തോളിന്റെ മറുപടി കുറിക്കുകൊള്ളുന്നതായി.. അത്രയ്ക്കു നന്നായിട്ടുണ്ടോ ആ കവിത എന്ന ചോദ്യം. ഫാസിസത്തിനും നാസിസത്തിനുമെതിരായ തന്റെ നിലപാടുകൾ സുസ്ഥിരമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു മാരാരോടുള്ള മറുപടിയിലൂടെ.
അക്കാലത്ത് ബോംബെയിൽ മലയാളികളായ കമ്യൂണിസ്റ്റുകാരും പുരോഗമനവാദികളും ഫാസിസത്തിനെതിരെ സംഘടിപ്പിച്ച ഒരു സമ്മേളനം ഉദ്ഘാടനംചെയ്യാൻ കവിയെ ക്ഷണിച്ചു. പലരും വിലക്കാൻ ശ്രമിച്ചു. എന്നാൽ വള്ളത്തോൾ ധീരമായ നിലപാടെടുത്ത് ബോംബെയിലേക്ക് പോയി. വള്ളത്തോളിനെതിരെ വൻ പ്രചാരണയുദ്ധമാണ് ദേശീയവാദികളെന്ന് സ്വയം വാദിക്കുന്നവർ അഴിച്ചുവിട്ടത്. ബോംബെയിലെ മലയാളികേന്ദ്രങ്ങളിൽ രണ്ടുവിഭാഗമായി നിന്ന് പോർവിളിയുണ്ടായി. വള്ളത്തോളിന്റെ കഷണ്ടിത്തല എറിഞ്ഞുടക്കും എന്ന് ചുവരെഴുത്തും റോഡിലെഴുത്തുമുണ്ടായി. ബോംബെയിലെ യോഗത്തിൽ അക്കാര്യം പരമാർശിച്ചുകൊണ്ടാണ് വള്ളത്തോൾ പ്രസംഗിച്ചത്. വള്ളത്തോളിന്റെ കഷണ്ടിത്തല എറിഞ്ഞുടച്ചാലാണ് ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുകയെങ്കിൽ ഒരു മണ്ടക്കലംപോലെ എറിഞ്ഞുടക്കാം അത് എന്ന് മഹാകവി പറഞ്ഞപ്പോൾ ഓഡിറ്റോറിയത്തിൽ ഹർഷാരവം മുഴങ്ങി.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷമാണ് വള്ളത്തോളിനും കുടുംബത്തിനും കമ്യൂണിസ്റ്റ് ബന്ധത്തിന്റെ പേരിൽ വലിയ പ്രയാസമനുഭവിക്കേണ്ടിവന്നത്. പ്രസ്സുകളുമായി വലിയ ആത്മബന്ധമുണ്ടായിരുന്ന മഹാകവി ആദ്യം കേരളകൽപദ്രുമം പ്രസ്സിന്റെ മാനേജരായി പ്രവർത്തിക്കുകയുണ്ടായല്ലോ. പിന്നീട് കുന്നംകുളത്ത് ആത്മപോഷിണിയുടെ പത്രാധിപരായി പ്രവർത്തിച്ചു. മംഗളോദയം പ്രസുമായും അടുത്ത ബന്ധം പുലർത്തി. പിന്നീട് വള്ളത്തോൾ സ്വന്തംനിലയ്ക്ക് വള്ളത്തോൾ പ്രസ്സ് എന്ന പേരിൽ പ്രസ് സ്ഥാപിച്ചു. കലാമണ്ഡലം ചെറുതുരുത്തിയിലേക്ക് മാറ്റിയശേഷം ചെറുതുരുത്തിയിലേക്ക് താമസവും മാറ്റിയിരുന്നു. മക്കളായ അച്യുത കുറുപ്പും ഗോവിന്ദ കുറുപ്പുമാണ് പ്രസ് നോക്കിനടത്തിയിരുന്നത്. വള്ളത്തോളിന്റെ മക്കളായ ബാലകൃഷ്ണനും അച്യുതനും പിന്നെ ഗോവിന്ദനും പാർട്ടി പ്രവർത്തകരായതിനാൽ പാർട്ടിയുടെ നോട്ടീസുകളും ലഘുലേഖകളും അച്ചടിച്ചിരുന്നത് വള്ളത്തോൾ പ്രസ്സിലാണെന്ന് പൊലീസ് അനുമാനിക്കുന്നുണ്ടായിരുന്നു. വള്ളത്തോൾഭവനത്തിലും പ്രസ്സിലും പാർട്ടിനേതാക്കളെ ഒളിവിൽ സംരക്ഷിക്കുന്നുണ്ടെന്നും പൊലീസും കോൺഗ്രസ് നേതൃത്വവും ന്യായമായും സംശയിച്ചു. കൃഷ്ണപിള്ളയടക്കമുള്ളവർ വള്ളത്തോൾ ഭവനത്തിൽ ഇടയ്ക്കിടെയെത്തി താമസിക്കാറുളളതുമാണ്. കൊൽക്കത്താ തീസിസിനെ തുടർന്നുള്ള നിരോധനകാലത്ത് പ്രസ്സ് പോലീസ് റെയ്ഡ് ചെയ്തു. പാർട്ടിയുടെ പ്രമുഖനേതാവും പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയുമായ അച്യുത കുറുപ്പിനെ അറസ്റ്റുചെയ്യുന്നതിനുകൂടിയായിരുന്നു റെയ്ഡ്. നിരോധിതമായ ഒന്നും കണ്ടെത്താനായില്ലെങ്കിലും പ്രസ് പൊലീസ് പൂട്ടിച്ചു. മാനേജരായ അച്യുതക്കുറുപ്പ് അന്ന് സ്ഥലത്തുണ്ടായിരുന്നില്ല. പ്രസ് റെയ്‌ഡ് ചെയ്തെന്നതറിഞ്ഞതോടെ അച്യുത കുറുപ്പ് ഒളിവിൽപോയി. ദീർഘകാലത്തെ ഒളിവുജീവിതം.
പ്രസ് പൂട്ടിച്ചതുകൊണ്ട് തൃപ്തിപ്പെടാതെ പൊലീസ് ഒരുനാൾ ചെറുതുരുത്തിയിലെ വള്ളത്തോൾഭവനം വളഞ്ഞു. ദീർഘനേരംനീണ്ടുനിന്ന റെയ്‌ഡ്. അച്യുത കുറുപ്പിനെയും ഇന്ദുചൂഡനെയും വിട്ടുതരണം‐ അതാണ് പൊലീസിന്റെ ആവശ്യം. അന്നത്തെ റെയ്‌ഡ് പരാജയപ്പെട്ടെങ്കിലും വൈകാതെ വീണ്ടുമെത്തി പൊലീസ്. അത്തവണ നേരംപുലരാറായപ്പോൾ. എല്ലാ വാതിൽക്കലും പൊലീസ്. മഹാകവി കക്കൂസിൽപോകാനായി പുറത്തേക്കിറങ്ങുമ്പോൾ പൊലീസ് തടഞ്ഞു. വീട്ടിനകത്ത് കക്കൂസില്ല. വലിയ പ്രശ്നമായി. കക്കൂസിൽപോകാനനുവദിക്കാത്തത് കവിയെ വല്ലാതെ ചൊടിപ്പിച്ചു. ഒടുവിൽ അകത്ത് മറ്റുവിധത്തിൽ കാര്യം കഴിക്കേണ്ടിവന്നു. കവി സ്വന്തം കൈപ്പടയിൽ തിരു‐കൊച്ചി മുഖ്യമന്ത്രിക്ക് പ്രതിഷേധകത്തയച്ചു, രോഷാകുലനായി. വീട്ടിലും ചില പ്രശ്നങ്ങളുണ്ടായി. തനിക്കിങ്ങനെ സംഭവിച്ചത് നിങ്ങൾ കാരണമാണല്ലോ അതിനാൽ ഞാൻ മാറിത്താമസിച്ചേക്കാം എന്ന് ബാലകൃഷ്ണക്കുറുപ്പിനോട് വള്ളത്തോൾ പറഞ്ഞു. അച്ഛനല്ല, ഞങ്ങളാണ് മാറിത്താമസിക്കേണ്ടത് എന്ന മറുപടിയോടെ അതങ്ങനെ ശമിച്ചു.
വള്ളത്തോൾ കുടുംബത്തോടുള്ള വൈരനിര്യാതനം ഇതുകൊണ്ടൊന്നും അവസാനിച്ചില്ല. ഇനിയൊരു യുദ്ധമരുതെന്ന ചിന്തയിൽ നാല്പതുകളുടെ അവസാനത്തോടെ ലോകസമാധാനപ്രസ്ഥാനം രൂപപ്പെട്ടു. വാഴ്സയിൽ നടന്ന ആദ്യ സമാധാനസമ്മേളനത്തിൽ ഇന്ത്യയിൽനിന്ന് ക്ഷണിക്കപ്പെട്ടവരിൽ പ്രധാനിയാണ് വള്ളത്തോൾ. തനിക്കും സഹായിയായി മകളുടെ ഭർത്താവായ ഇന്ദുചൂഡനും പാസ്പോർട്ടിനായി അപേക്ഷിച്ചു. മദിരാശിയിലെ ആഭ്യന്തരമന്ത്രിയായ കോഴിപ്പുറത്ത് മാധവമേനോനെ നേരിട്ട് ബന്ധപ്പെട്ടു. എന്നാൽ കവിക്കല്ലാതെ ഇന്ദുചൂഡന് പാസ്പോർട്ട് നൽകാനാവില്ലെന്ന് മറുപടി. കമ്യൂണിസ്റ്റ് നേതാവും ദേശാഭിമാനിയുടെ പത്രാധിപരുമായിരുന്നു അദ്ദേഹം. രാഷ്ട്രീയപ്രവർത്തകനല്ലാത്ത, ബോംബെയിൽ ജോലിക്കാരനായ ഇളയമകൻ ബാലചന്ദ്രന് ബോംബെയിൽനിന്ന് പാസ്പോർട്ട് സംഘടിപ്പിക്കുവിൻ, അതിന് താൻ ബോംബെ മുഖ്യമന്ത്രിയായ മൊറാർജി ദേശായിക്ക് കത്ത് നൽകാമെന്ന് കോഴിപ്പുറത്ത് മാധവമേനോൻ. ആ കത്തുമായി ബാലചന്ദ്രൻ സമീപിച്ചപ്പോൾ മൊറാർജി ധിക്കാരപൂർവം നിരാകരിക്കുകയായിരുന്നു. ലോകസമാധാനസമ്മേളനം അന്താരാഷ്ട്ര കമ്യൂണിസ്റ്റ് ഗൂഢാലോചനയും കുത്തിത്തിരിപ്പുമാണെന്ന ആക്ഷേപവാചകത്തോടെയാണ് പാസ്പോർട്ട് അപേക്ഷ നിരാകരിച്ചത്.
ഇംഗ്ലീഷറിയാത്ത, ബധിരനും വൃദ്ധനുമായ വള്ളത്തോൾ വാഴ്സാ യാത്ര വേണ്ടെന്നുവെക്കുമെന്നാണ് വലതുപക്ഷശക്തികൾ കരുതിയത്. എന്നാൽ എന്തായാലും പങ്കെടുത്തേ തീരൂ എന്ന നിലപാടിലായി മഹാകവി. അന്താരാഷ്ട്ര പാസ്പോർട്ടുള്ള സാറാ ലത്തീഫ് എന്ന സ്ത്രീ വള്ളത്തോളിനെ സഹായിക്കാൻ മുന്നോട്ടുവന്നു. പിന്തിരിപ്പിക്കാൻ നടന്ന ശ്രമങ്ങളെയെല്ലാം തള്ളി കവി വാഴ്സയിലേക്ക് പറന്നു. മകൻ ബാലചന്ദ്രൻ ബോംബെയിലെ ജോലി രാജിവെച്ച് മദ്രാസിൽചെന്ന് കോഴിപ്പുറത്ത് മാധവമേനോനെ കണ്ട് പാസ്പോർട്ട് വാങ്ങി ഏതാനും നാളുകൾക്ക് ശേഷം പിതാവിനടുത്തേക്കെത്തി, യൂറോപ്യൻ പര്യടനത്തിൽ സഹായിയായി.
പിന്നീട് റഷ്യയിലും ചൈനയിലും സന്ദർശനം നടത്തിയ മഹാകവി, ലെനിന്റെയും മാവോയുടെയും നാട്ടിലെ സമത്വപ്രയാണത്തെ വാഴ്ത്തി നിരവധി കവിതകൾ രചിക്കുകയുണ്ടായി. മാവോയെ നേരിട്ടുകണ്ട് സംസാരിക്കാനും അവസരം ലഭിച്ചു.
പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ തുടക്കംതൊട്ടുള്ള പ്രധാന സംഘാടകനായിരുന്നു അച്യുത കുറുപ്പ്. സംഘടനയുടെ തുടക്കംമുതൽ അഞ്ച് വർഷം‐ സംഘടനയുടെ തകർച്ചവരെ‐ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചു. പാർട്ടിപ്രവർത്തകരായ സാഹിത്യകാരരും ലിബറൽ സാഹിത്യകാരരും തമ്മിലുള്ള തർക്കത്തിൽ പാർട്ടിപക്ഷത്തിന്റെ കോ‐ഓഡിനേറ്റർ അദ്ദേഹമായിരുന്നു. തർക്കം രൂക്ഷമായ തൃശൂർ സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനായി രേഖ തയ്യാറാക്കിയത് കെ ദാമോദരൻ, അച്യുത കുറുപ്പ്, ഇ എം എസ്, കെ കെ വാരിയർ, ഉണ്ണിരാജ, എം എസ് ദേവദാസ് എന്നിവർ ചേർന്നായിരുന്നു. ആ രേഖ ചർച്ചക്കായി അവതരിപ്പിക്കാൻപോലും സാധിക്കാത്ത തർക്കത്തിലേക്കെത്തി. പുരോഗമനസാഹിത്യവുമായ ബന്ധപ്പെട്ട തർക്കവിഷയങ്ങൾ മുമ്പ് പലതവണ പരാമർശിക്കപ്പെട്ടതിനാൽ വിശദാംശങ്ങൾ ഒഴിവാക്കുന്നു. പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെയും പാർട്ടിയുടെയും നേതാവെന്ന നിലയിലും നാല്പതുകളിലും തുടർന്ന് 1964 വരെയും ദേശാഭിമാനിയുടെ പത്രാധിപർ എന്ന നിലയിലും വലിയ പങ്ക് വഹിച്ച വി.ടി.ഇന്ദുചൂഡൻ പിൽക്കാലത്ത് പൂർണമായും വ്യതിയാനത്തിനടിപ്പെടുകയായിരുന്നു. വള്ളത്തോളിന്റെ ഇളയ മകൾ വാസന്തി നാല്പതുകളുടെ തുടക്കത്തിൽ വിദ്യാർഥിപ്രസ്ഥാനത്തിൽ വലിയ പങ്കുവഹിച്ചു. പി ഭാസ്കരന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച വിദ്യാർഥി ഫെഡറേഷൻ സംഘടിപ്പിച്ച കലാട്രൂപ്പിൽ വാസന്തി അംഗമായിരുന്ന. കോട്ടയത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രചരണത്തിനായി സംഘടിപ്പിച്ച നൃത്തനാടകത്തിലും നൃത്തവിദ്യാലയത്തിന്റെ നടത്തിപ്പിലുമെല്ലാം വാസന്തി തനതായ പങ്കുവഹിച്ചു. സി ജെ തോമസ്സുൾപ്പെടെയുള്ളവരുൾപ്പെട്ട കലാസംഘത്തിന്റെ ഭാഗമായിരുന്നു. l