വിപ്ലവപാതയിലെ ആദ്യപഥികർ‐ 71
ജോൺവൈദ്യരെക്കുറിച്ച് ആദ്യം പറഞ്ഞുകേട്ടത് എം എൻ വിജയൻമാഷിൽനിന്നാണ്. തന്റെ ജന്മനാടായ കൊടുങ്ങല്ലൂരിലെ ആദ്യത്തെ കമ്യൂണിസ്റ്റുകാരൻ. ഓർമക്കുറിപ്പുകളിൽ കുറേക്കൂടി വിശദമായി അദ്ദേഹം ഇങ്ങനെ എഴുതി‐ ‘ജോൺ വൈദ്യർ കൊടുങ്ങല്ലൂർ ക്ഷേത്രപരിസരത്തെ തെരുവിൽ ഒരു ചുവന്ന കൊടിക്കുകീഴിൽ നിൽക്കുന്നു. 1938‐ലെ കൊടുങ്ങല്ലൂരാണ്. ആരവങ്ങളില്ല. നിശ്ശബ്ദം. ഏറെ ശൂന്യമായ തെരുവിൽ ഏതാനും തൊഴിലാളികളോട് ജോൺവൈദ്യർ പ്രസംഗിക്കുകയാണ്. തുളച്ചുകയറുന്ന ശബ്ദം. കണ്ണുകളിലെ ഭാവം ദൃഢമാണ്. ഇടയ്ക്ക് ചുണ്ടിൽ വിരിയുന്ന ചിരി. ജോൺവൈദ്യർ പറഞ്ഞുകൊണ്ടിരുന്നു. ഈ നാടിനെ മാറ്റിത്തീർത്തേ തീരൂ.
സ്കൂളിലേക്കുള്ള യാത്രകളിൽ, കൊടുങ്ങല്ലൂരിന്റെ ഏതൊക്കെയോ മുക്കുകളിൽ ഞാൻ വീണ്ടും ജോൺവൈദ്യരെ കണ്ടുമുട്ടി. അപ്പോഴൊക്കെയും തെരുവിൽ കുഴിച്ചിട്ട ഒരു ചെങ്കൊടിയ്ക്കരികെ കത്തുന്ന വെയിലിൽനിന്ന് ജോൺവൈദ്യർ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നെറ്റിത്തടത്തിൽനിന്ന് വിയർപ്പുചാലുകളൊഴുകി. പലപ്പോഴും അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ ഒരാൾപോലും കാത്തുനിൽക്കുന്നുണ്ടായിരുന്നില്ല. പക്ഷേ വൈദ്യർ സംസാരിച്ചുകൊണ്ടേയിരുന്നു…’
മലയാളനാട്ടിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് എംഎൽഎയായി ഇ ഗോപാലകൃഷ്ണമേനോൻ കൊടുങ്ങല്ലൂരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടുവല്ലോ. ഗോപാലകൃഷ്ണമേനോന്റെ നാമനിർദേശപത്രിക സമർപ്പിച്ചത് ജോൺവൈദ്യരാണ്. പ്രചാരണപ്രവർത്തനത്തിന് നേതൃത്വം നൽകിയത് വൈദ്യരും ടി എൻ കുമാരനുംചേർന്നാണ്. കൊടുങ്ങല്ലൂരിൽ ആയുർവേദമരുന്നുശാല നടത്തിയിരുന്ന തിരുവള്ളൂർ കുര്യാപ്പള്ളി പൈലി വൈദ്യരുടെ ഒമ്പത് മക്കളിൽ മൂത്തയാളാണ് ജോൺവൈദ്യർ. മകനെ വൈദ്യനാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്കൃതം പഠിപ്പിച്ചു. സംസ്കൃതത്തോടൊപ്പം സംഗീതവും പഠിച്ചു. പാട്ടില്ലാതെ ജോൺവൈദ്യരില്ല. തൊള്ളായിരത്തിമുപ്പതുകളുടെ അവസാനമായതോടെ വൈദ്യശാലയിൽ മിക്കപ്പോഴും ജോണാണുണ്ടാവുക. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും തൊഴിലാളിപ്രസ്ഥാനവും ശക്തിപ്പെട്ടുവരുന്ന കാലം. കൊടുങ്ങല്ലൂരിലെ കോൺഗ്രസ് സോഷ്യലിസ്റ്റുകാരുടെയെല്ലം താവളമായിരുന്നു ആ ആയുർവേദ മരുന്നുഷാപ്പ്. അതുകൊണ്ടുതന്നെ പി കൃഷ്ണപിള്ളയും ഇടയ്ക്കിടെ അവിടെയത്തി. ചാലക്കുടിയിലും പരിയാരത്തും പോയി തൊഴിലാളികളെ സംഘടിപ്പിക്കാൻ കൃഷ്ണപിള്ള ജോൺവൈദ്യരെ പറഞ്ഞുവിടുകയാണ്. ചാലക്കുടിക്കടുത്തുള്ള പരിയാരത്ത്് കുടികിടപ്പുകാരുടെ ഭൂമി സംരക്ഷിക്കുന്നതിനുവേണ്ടി നടന്ന സമരത്തെക്കുറിച്ച് പി.ഗംഗാധരനെക്കുറിച്ചുളള അധ്യായത്തിൽ വിശദീകരിക്കുകയുണ്ടായി. പരിയാരത്ത്് കർഷകപ്രസ്ഥാനവും പാർട്ടിയും കെട്ടിപ്പടുക്കുന്നതിന് മുൻനിന്ന്് പ്രവർത്തിച്ചവരിലൊരാളാണ് ജോൺ വൈദ്യർ.
1942‐ൽ പാർട്ടി നിയമവിധേയമായ സമയത്താണ് കൊടുങ്ങല്ലൂരിൽ പാർട്ടി സെൽ രൂപീകരിക്കുന്നത്. തിരുവള്ളൂർ പാടശേഖരത്തിന്റെ മധ്യേയുള്ള ഒല്ലാശ്ശേരി ശങ്കരന്റെ വീട്. കൊടുങ്ങല്ലൂർമേഖലയിലെ ദേശീയപ്രസ്ഥാനത്തിന്റെ നേതാവായ ഇ ഗോപാലകൃഷ്ണമേനോൻ പ്രജാമണ്ഡലംവിട്ട്്് കമ്യൂണിസ്റ്റുകാരനായതോടെ കൊടുങ്ങല്ലൂരിലും പരിസരപ്രദേശങ്ങളിലും വലിയ ഇളക്കമാണുണ്ടായത്. പ്രജാമണ്ഡലക്കാരിൽ നല്ലൊരുവിഭാഗം കമ്മ്യൂണിസത്തിലേക്ക് ആകൃഷ്ടരായി. ഒല്ലാശ്ശേരി രാമന്റെ വീട്ടിൽ അവർ സമ്മേളിച്ചു. ജോൺവൈദ്യരാണ് ആ യോഗം നടത്താൻ നേതൃത്വം നൽകിയത്. സെല്ലിൽ ജോൺവൈദ്യരും ടി എൻ കുമാരനും അംഗങ്ങളാണ്. സെക്രട്ടറി പോപ്പുലർ പ്രസ് ഉടമയായ കെ കെ രാഘവമേനോൻ. ഇ ഗോപാലകൃഷ്ണമേനോനും സി ജനാർദനനും പങ്കെടുത്ത യോഗത്തിലാണ് സെൽ രൂപീകരിച്ചത്. സെൽ രൂപീകരിച്ച് ഏതാനും ആഴ്ചകൾക്കകമാണ് പാർട്ടിയുടെ ഒന്നാം സംസ്ഥാന സമ്മേളനം. കോഴിക്കോട്ടു നടക്കുന്ന സമ്മേളനത്തിൽ പങ്കുകൊള്ളാൻ കൊടുങ്ങല്ലൂരിൽനിന്ന് ജോൺവൈദ്യർ കാൽനടയായാണ് പോയത്. കൂടെ ടി കെ രാമകൃഷ്ണനടക്കമുള്ളവരുണ്ടായിരുന്നു. സംഗീതജ്ഞനായ വൈദ്യർ സംഗീതോപകരണങ്ങളുമായി വിപ്ലവഗാനങ്ങളുമായി മുമ്പേ നടന്നു. ടി കെയടക്കമുള്ള നവാഗതർ പിന്തുടർന്നു.
തിരുവള്ളൂരിൽ എസ്എൻഡിപി യോഗം രൂപീകരിച്ചപ്പോൾ പ്രധാന പ്രവർത്തകൻ വൈദ്യരായിരുന്നു. അന്ന് ശ്രീനാരായണപരിപാലയോഗത്തിലെ അംഗത്വവും നേതൃത്വവും ജാത്യാടിസ്ഥാനത്തിലായിരുന്നില്ല. എസ്എൻഡിപി യോഗത്തിന്റെയും പാർട്ടിയുടെയും പ്രവർത്തനത്തിലൂടെ ജാതിക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായ ബോധവൽക്കരണത്തിനും പോരാട്ടത്തിനും ജോൺ വൈദ്യർ നേതൃത്വംനൽകി. വൈദ്യർ ജാതിമത‐രാഷ്ട്രീയഭേദമെന്യെ ജനങ്ങളുടെ പ്രിയങ്കരനായി മാറിയത് കോളറ‐വസൂരിക്കാലത്താണ്. നാൽപ്പതുകളുടെ മധ്യത്തിൽ കടുത്ത പട്ടിണിക്കും ദാരിദ്ര്യത്തിനുമൊപ്പമാണ് കോളറയും വസൂരിയും പടർന്നുപിടിച്ചത്. രോഗം ബാധിച്ചവരെ തിരിഞ്ഞുനോക്കാൻ ആരുമില്ല. രോഗമായാൽ മരിച്ചെന്നു വിചാരിച്ച് ഉപേക്ഷിക്കും. ജഡം കുഴിച്ചിടാൻ ആരുമില്ല. ഈ സന്ദർഭത്തിലാണ് ജോൺവൈദ്യർ എന്ന കമ്യൂണിസ്റ്റ് സന്നദ്ധപ്രവർത്തനത്തിന്റെയും സാന്ത്വനപ്രവർത്തനത്തിന്റെയും മൂർത്തിയായി മാറിയത്. വൈദ്യർ എന്ന നിലയിൽ രോഗബാധിതരായവരുടെ വീടുകളിലെത്തി കഴിയാവുന്ന ചികിത്സ നൽകുകയും മരിച്ചവരെ പായിൽകെട്ടി എടുത്തുകണ്ടുപോയി സംസ്കരിക്കലും താനടക്കമുള്ളവരുടെ ഉത്തരവാദിത്തമാണെന്ന് കണക്കാക്കി സ്വയം പ്രവർത്തിക്കുകയും വോളന്റിയർമാരെ സംഘടിപ്പിച്ച് പ്രവർത്തിപ്പിക്കുകയുമായിരുന്നു.
ഒളിവിൽ പ്രവർത്തിക്കുന്നകാലത്ത് പി ഭാസ്കരനും ജോൺ വൈദ്യരും രാത്രി നടന്നുപോകുമ്പോൾ ഭാസ്‌കരന് പാമ്പുകടിയേറ്റു. നാലുപാടും പൊലീസ് വലവീശിയ സന്ദർഭം. എൽതുരുത്തിൽ ഒരു രഹസ്യയോഗം കഴിഞ്ഞ് ഇരുവരും മടങ്ങുമ്പോഴായിരുന്നു സംഭവം. ജോൺവൈദ്യർ മനസ്സാന്നിധ്യംവിടാതെ ഭാസ്കരന് പ്രാഥമിക ചികിത്സ നൽകി. പാർട്ടിയുടെ അനുഭാവിയായ ഒരു ഉന്തുവണ്ടിക്കാരനെ വിളിച്ചുകൊണ്ടുവന്ന് ഭാസ്‌കരനെ പായയിൽ പൊതിഞ്ഞ് വിഷഹാരിയുടെ അടുത്തേക്ക് അയക്കുകയായിരുന്നു.
വൈദ്യർ പലതവണ ക്രൂരമായ പോലീസ് മർദനത്തിനിരയായി. ഏറ്റവുമധികം തല്ലുകൊണ്ട്്് മൃതപ്രായനായത് 1949ലെ ഗാന്ധിജയന്തിനാളിലാണ്. അന്ന് ലോകസമാധാനദിനവും ഗാന്ധിജയന്തിയും ആഘോഷിക്കാൻ സമാധാനപ്രസ്ഥാനത്തിന്റെ നേതാവായ സെയ്ഫുദ്ദീൻ കിച്ച്ലു ആഹ്വാനംചെയ്തിട്ടുണ്ടായിരുന്നു. ദിനാചരണത്തിന്റെ ഭാഗമായി കാവിൽതെക്കേ മൈതാനത്ത് ഒരു പൊതുയോഗം ജോൺവൈദ്യരടക്കമുള്ളവരുടെ ഒത്താശയിൽ നടക്കുകയാണ്. യോഗം തുടങ്ങാറായപ്പോഴേക്കും വലിയൊരു സംഘം ഗുണ്ടകളെത്തി അക്രമത്തിന് മുതിർന്നു. സംഘാടകർ യോഗം മൈതാനത്തിന്റെ പടിഞ്ഞാറുഭാഗത്തേക്ക് മാറ്റി. സംഘർഷത്തിന്റെ വിവരമറിഞ്ഞെത്തിയ പോലീസ് സംഘം ഗുണ്ടകളെ വെറുതെവിടുകയും യോഗത്തിൽ പങ്കെടുക്കാനെത്തിയ ജനക്കൂട്ടത്തെ അടിച്ചോടിക്കുകയുംചെയ്തു. ഓടാതെ യോഗസ്ഥലത്തുതന്നെ നിന്ന വൈദ്യരെ പോലീസ് വളഞ്ഞിട്ടടിക്കാൻതുടങ്ങി. ആളെ മനസ്സിലാക്കാതെയല്ല, മനസ്സിലാക്കിത്തന്നെ. ഒരു പോലീസുദ്യോഗസ്ഥൻ വൈദ്യരുടെ തല തന്റെ കാൽമുട്ടുകൾക്കിടയിലേക്ക് താഴ്്ത്തിപ്പിടിച്ച് പുറത്ത് ക്രൂരമായി പ്രഹരിക്കുകയായിരുന്നു. പിന്നീട് ഓടെടാ എന്ന് പോലീസ് അലറിയെങ്കിലും വൈദ്യർ അതേപടി നിൽക്കുകയായിരുന്നു.
പാലിയം സമരത്തിൽ പ്രധാനപങ്കുവഹിച്ച ടി എൻ കുമാരൻ ജോൺവൈദ്യരുടെ സന്തതസഹചാരിയായിരുന്നു. പാലിയം സമരപ്പന്തലിൽ സത്യാഗ്രഹമനുഷ്ഠിക്കാൻ കൊടുങ്ങല്ലൂർകോവിലകത്തെ രണ്ട് തമ്പുരാട്ടിമാരെ അതിസാഹസികമായി അവിടെയെത്തിച്ചത് ടി എൻ കുമാരനാണെന്ന് ആ അധ്യായത്തിൽ വ്യക്തമാക്കിയതാണ്. തൊള്ളായിരത്തിമുപ്പതുകളുടെ അവസാനം കൊടുങ്ങല്ലൂർ ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ വിദ്യാർഥിഫെഡറേഷന്റെ പ്രവർത്തകനായാണ് ടി എൻ കുമാരൻ കമ്യൂണിസ്റ്റ് മാർഗത്തിലേക്കെത്തുന്നത്. ഫെഡറേഷന്റെ സ്കൂൾ യൂണിറ്റ് സെക്രട്ടറിയായ ടി എൻ സ്കൂൾ വിട്ടാൽ ദിവസേന കൂട്ടുകാരുമായി കാവിൽമൈതാനത്തേക്ക് ജാഥയായി നീങ്ങും. പോരാപോരാനാളിൽ നാളിൽ എന്ന പാട്ടോ അതല്ലെങ്കിൽ സ്വാതന്ത്ര്യമുദ്രാവാക്യവുമായോ ജാഥ. ക്വിറ്റ് ഇന്ത്യാ സമരകാലമായതോടെ സ്കൂൾ ബഹിഷ്കരിച്ചായി പ്രകടനം. പ്രശസ്ത നർത്തകനായിത്തീർന്ന ഗോപാലകൃഷ്ണനടക്കമുള്ളവരാണ് (ഗുരു ഗോപാലകൃഷ്ണൻ) രാഷ്ട്രീയപ്രവർത്തനത്തിൽ ടി.എന്നിന്റെ സഹപ്രവർത്തകർ. സ്കൂളിൽ ഉയർന്ന ക്ലാസുകളിൽ പഠിക്കുകയായിരുന്ന പി ഭാസ്കരൻ, വി ടി ഇന്ദുചൂഡൻ, വി ടി നന്ദകുമാർ തുടങ്ങിയവർ ടി എന്നിന് പ്രോത്സാഹനം നൽകിയിരുന്നു. കൊടുങ്ങല്ലൂരിൽ സി.അച്യുതമേനോന്റെ നിർദേശാനുസരണം കർഷകസംഘം രൂപീകരിക്കുകയും കർഷകക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തത് ടി എന്നിന്റെ നേതൃത്വത്തിലാണ്. രാഷ്ട്രീയത്തെ സാംസ്കാരികപ്രവർത്തനവുമായും ബന്ധപ്പെടുത്തുന്നതിൽ ടി എൻ നേതൃത്വപരമായ പങ്കുവഹിച്ചു. നൃത്തപരിശീലനം, നാടകപരിശീലനം എന്നിവക്കെല്ലാം പാർട്ടി നേതൃത്വത്തിൽത്തന്നെ ഏർപ്പാടുണ്ടാക്കുകയും പ്രചാരണത്തിൽ അതെല്ലാം ഉപയോഗപ്പെടുത്തുകയുംചെയ്തു. കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാന്റെ മകളായ സരസ്വതിയുടെ വീടാണ് ടി എൻ നാടക‐നൃത്ത പരിശീലനത്തിനായി ഉപയോഗപ്പെടുത്തിയത്.
പാർട്ടി തീരുമാനപ്രകാരം എസ്എൻഡിപിയിൽ പ്രവർത്തിച്ച ടി എൻ അതിന്റെ താലൂക്ക് സെക്രട്ടറിയുമായിരുന്നു. പാർട്ടിയുടെ മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് യോഗം ഭാരവാഹിസ്ഥാനത്തിൽനിന്ന് ഒഴിവായത്. പാലിയം സമരവുമായി ബന്ധപ്പെട്ട് ടി എന്നിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ശിക്ഷ. രാജാവിനെ പെരുങ്കള്ളനെന്ന് വിളിച്ചെന്നതായിരുന്നു പ്രധാന ആരോപണം.
കൊച്ചി നാട്ടുരാജ്യത്ത് കമ്മ്യൂണിസ്റ്റ്‐തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പെരിങ്ങോട്ടുകരി‐ഏനമ്മാവ് മേഖലയിലെ ചെത്തുതൊഴിലാളികൾ ഐതിഹാസികമായ പങ്കുവഹിച്ചു. കൊച്ചിരാജ്യത്ത്്് പാർട്ടി സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയവരിലൊരാളായ ജോർജ് ചടയംമുറിയാണ് അന്തിക്കാട് മേഖലയിൽ ട്രേഡ് യൂണിയൻ സംഘടന കെട്ടിപ്പടുക്കാൻ നിയുക്തനായത്. പിൽക്കാലത്ത് ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായിത്തീർന്ന കെ പി പ്രഭാകരനടക്കമുള്ളവർ ഏനമ്മാവ്‐പെരിങ്ങോട്ടുകര ചെത്തുതൊഴിലാളിസമരത്തിന്റെ അഥവാ അന്തിക്കാട് സമരത്തിന്റെ പ്രധാനസംഘാടകരായിരുന്നു. ആയിരക്കണക്കിന് ചെത്തുതൊഴിലാളികളുള്ള മേഖല. 1941 ജൂണിലെ കാലവർഷത്തിൽ ആയിരക്കണക്കിന് തെങ്ങുകൾ കടപുഴകി വീണു. ചെത്തുതൊഴിൽ വലിയ തകർച്ചയിലായി. ഷാപ്പുകളിൽ അളക്കുന്ന കള്ളിനുള്ള വിലയും ബാക്കിവരുന്ന കള്ള് ചില്ലറയായി വീട്ടിൽനിന്ന് വിറ്റ് കിട്ടുന്ന പൈസയുമാണ് തൊഴിലാളിയുടെ വരുമാനം. വലിയ പ്രതിസന്ധിയായതോടെ ചില്ലറ വില്പന പൂർണമായും നിലച്ചു. അതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായി. എക്സൈസ് ഉദ്യോഗസ്ഥർ തൊഴിലാളികളെ പീഡിപ്പിക്കാൻ തുടങ്ങി. കരാറുകാർക്കുവേണ്ടിയായി അവരുടെ പ്രവർത്തനം. ഈ സാഹചര്യത്തിലാണ് 1942 ജനുവരി 15‐ന് ചെത്തുതൊഴിലാളി യൂണിയൻ സമരം തുടങ്ങിയത്. സമരം അടിച്ചമർത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. യൂണിയനെ അംഗീകരിക്കുന്നതിലേക്കും വേതനം ഗണ്യമായി വർദിപ്പിക്കുന്നതിലേക്കുമെത്തി. ഒത്തുതീർപ്പിൽ പ്രധാനപ്പെട്ട സംഗതിയായിരുന്ന കേസ് പിൻവലിക്കൽ നടന്നില്ല. കുപ്രസിദ്ധനായ ഇന്നസന്റ് പാപ്പാളിയെന്ന പോലീസുദ്യോഗസ്ഥനെ സ്ഥലത്തേക്ക് പ്രത്യേകം നിയോഗിച്ച് അക്രമവാഴ്ച തുടങ്ങുകയായിരുന്നു സർക്കാർ. തൊഴിൽ നഷ്ടമായതിനാൽ ഇക്കാലത്ത് ചെത്തുതൊഴിലാളികളിൽ പലരും ആസാമിൽ റോഡുപണിക്കും മറ്റുമായി പോയി. ഇതാണ് വൈലോപ്പിള്ളിയുടെ പ്രസിദ്ധമായ ആസാം പണിക്കാർ എന്ന കവിതയുടെ പശ്ചാത്തലമെന്ന് കരുതാം. പ്രശ്നങ്ങൾ രൂക്ഷമായി യുദ്ധാനന്തരകാലമായതോടെ പൊട്ടിത്തെറിയിലെത്തുകയായിരുന്നു. 1947 ജൂലൈയിൽ യൂണിയൻ വീണ്ടും നിരോധിക്കപ്പെട്ടു. അന്തിക്കാട്ട് മൂന്ന് മാസം കർഫ്യൂ. അറന്നൂറിൽപരം കേസുകളാണ് ചാർജ് ചെയ്യപ്പെട്ടത്. 22 ക്രിമിനൽ കേസുകൾ. നാനൂറിലധികം പേരെ പോലീസ് പിടിച്ചുകൊണ്ടുപോയി ക്രൂരമായി മർദിച്ചു. മർദനമേറ്റ് ചാഴൂരിലെ കെ.കെ.ബാലനും മണലൂരിലെ സി കെ രാഘവനും ആലപ്പാട്ടെ കെ കെ കുഞ്ഞിമാമയും രക്തസാക്ഷികളായി. മർദനമേറ്റ് രോഗികളായി എട്ട് പേർ കൂടി മരിച്ചു. വിയ്യൂർ സെൻട്രൽ ജയിലിന്റെ ടവറിൽ പ്രത്യേകം മജിസ്ട്രേട്ട് കോടതി സ്ഥാപിച്ചാണ് കേസ് വിചാരണ നടത്തിയത്. ആദ്യത്തെ 78 പ്രതികളുടെ വിചാരണ തീരുന്നതുവരെ പ്രതികൾക്കായി വാദിക്കാൻ ഒരു വക്കീലിനെപോലും കിട്ടിയില്ല. 78 പേരെയും ശിക്ഷിച്ചു. അതിന് ശേഷമുള്ള പ്രതികൾക്കായി വാദിക്കാൻ വക്കീൽ വന്നപ്പോൾ കോടതിതന്നെ സ്തംഭിക്കുന്ന സ്ഥിതിവന്നു. കോടതി ജയിലിൽനിന്ന് മാറ്റി. 1947 ആഗസ്ത് 15‐ന് സ്വാതന്ത്ര്യം ലഭിച്ച ദിവസംതന്നെ എല്ലാവരെയും വിട്ടയച്ചു. എന്നാൽ യൂണിയനെ നിരോധിച്ചത് പിൻവലിച്ചില്ല. ഏനമ്മാവ്‐ പെരിങ്ങോട്ടുകര ചെത്തുതൊഴിലാളി പ്രസ്ഥാനത്തിലൂടെ, അന്തിക്കാട് സമരത്തിലൂടെയാണ് കെ.പി.പ്രഭാകരൻ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലേക്കെത്തിയത്. ജോർജ് ചടയംമുറിയെക്കുറിച്ചുള്ള ലേഖനത്തിൽ കൂടുതൽ കാര്യം വിശദീകരിക്കുമെന്നതിനാൽ ഇവിടെ ചുരുക്കുകയാണ്. 1951‐ൽ തിരു‐കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽനിന്ന് കെ പി പ്രഭാകരൻ കമ്മ്യൂണിസ്റ്റ് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചതിന്റെ സാഹചര്യം ഐതിഹാസികമായ അന്തിക്കാട് സമരമാണ്. കെ പി പ്രഭാകരൻ നിരോധിതകാലത്ത് ഒരുവർഷത്തെ ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയപാടെയാണ് തിരഞ്ഞെടുപ്പ് എന്നതും സ്മരണീയം. l