റെയിൽവെ സ്വകാര്യവൽക്കരിക്കാനുള്ള പാകിസ്ഥാൻ ഗവൺമെന്റിന്റെ നീക്കത്തിനെതിരെ നൂറുകണക്കിന് തൊഴിലാളികൾ ഫെബ്രുവരി 19ന് ലാഹോറിലെ റെയിൽവെ ഹെഡ്‌ക്വാർട്ടേഴ്‌സിലേക്ക് മാർച്ച് ചെയ്യുകയും കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്‌തു. റെയിൽവെയുമായി ബന്ധപ്പെട്ട് തൊഴിലാളികളെയും ദശലക്ഷക്കണക്കിന് വരുന്ന സ്ഥിരയാത്രക്കാരെയും ഒരുപോലെ ബാധിക്കുന്ന റെയിൽവെ സ്വകാര്യവൽക്കരണ നീക്കം ഗവൺമെന്റ് അടിയന്തരമായി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭകർ മണിക്കൂറുകളോളം ഹെഡ്‌ക്വാർട്ടേഴ്‌സിനു മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. റെയിൽവെ വർക്കേഴ്‌സ് യൂണിയൻ വർക്ക്‌ഷോപ്പ് (RWUW), റെയിൽവേ വർക്കേഴ്‌സ് യൂണിയൻ ഓപ്പൺ ലൈൻ (RWUOL) എന്നീ യൂണിയനുകളാണ് സമരം നയിച്ചത്. പാകിസ്ഥാനിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനുകളിലൊന്നും ഈ റെയിൽവേ തൊഴിലാളി യൂണിയനുകളിലെല്ലാം അഫിലിയേറ്റ് ചെയ്‌തിട്ടുള്ളതുമായ ഓൾ പാകിസ്ഥാൻ ട്രേഡ് യൂണിയൻ ഫെഡറേഷൻ (APTUF) ജനറൽ സെക്രട്ടറി റുബിന ജമീലും സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി.
പ്രക്ഷോഭകർ മുന്നോട്ടുവെച്ച പ്രധാന ഡിമാൻഡുകൾ ഇവയാണ്:
1. റെയിൽവെ സ്വകാര്യവത്‌കരണ നീക്കം സർക്കാർ ഉപേക്ഷിക്കുക.
2. നിലവിൽ സർവീസിലുള്ളവരും മുന്പുണ്ടായിരുന്നവരുമായ എല്ലാ റെയിൽവെ ജീവനക്കാർക്കും പെൻഷനും ഗ്രാറ്റുവിറ്റിയും നൽകുക.
3. ശന്പളം കൃത്യമായി നൽകുക.
4. ശന്പള കുടിശ്ശിക ഉടനടി നൽകുക.
5. 37000 രൂപ മിനിമം കൂലി ഉറപ്പാക്കുക.
6. സ്വകാര്യവത്‌കരണ നീക്കങ്ങളെ പൂർണമായും തടയുക.
ഇതോടൊപ്പം തന്നെ റെയിൽവെ ബോഗികൾ ആഭ്യന്തരമായി നിർമിക്കാതെ ഇറക്കുമതി ചെയ്യുന്ന സർക്കാർ നയത്തെയും തൊഴിലാളികൾ ശക്തമായി എതിർത്തു. പാകിസ്ഥാനിലെ തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ ഉണ്ടാക്കുകയും ആഭ്യന്തര ഉത്‌പാദനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന രാജ്യത്തെ ആഭ്യന്തര ഉത്‌പാദന യൂണിറ്റുകളിൽ നിക്ഷേപം നടത്തി ബോഗികൾ ആഭ്യന്തരമായി ഉത്‌പാദിപ്പിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗതമാർഗവും 70000ത്തോളം ജീവനക്കാർ പണിയെടുക്കുന്ന ഏറ്റവും വലിയ പൊതുമേഖലാ തൊഴിൽദാതാവുമായ റെയിൽവെയെ സ്വകാര്യവത്‌കരിക്കുവാൻ സർക്കാർ ശ്രമിക്കുന്നത് ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും പ്രീതി സന്പാദിക്കാൻവേണ്ടിയാണെന്നും തൊഴിലാളികൾ പറയുന്നു. ഈ നീക്കം അടിയന്തരമായി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാവുകയും തൊഴിലാളികൾ ഉയർത്തിയ ന്യായമായ ഡിമാന്റുകൾ അംഗീകരിക്കുകയും ചെയ്‌തില്ലെങ്കിൽ കൂടുതൽ ആളുകളെ അണിനിരത്തി കൂടുതൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും യൂണിയൻ ഭാരവാഹികൾ പ്രഖ്യാപിച്ചു. l