‘‘ഒടുവിൽ ഇന്ന് ഞാൻ സ്വതന്ത്രനായിരിക്കുന്നു! അവർക്ക് എന്നെ തുറുങ്കിലടയ്‌ക്കാനാവും, പക്ഷേ എന്റെയുള്ളിലെ ആവേശത്തെ തടയാനാവില്ല!’’‐ അമേരിക്കൻ ഭരണകൂടത്തിന്റെ ആസൂത്രിതമായ നീക്കങ്ങൾമൂലം യാതൊരു തെറ്റുംചെയ്യാതെ 49 വർഷം തടവിൽ കഴിയേണ്ടിവന്ന ലിയനാർഡ് പെൽറ്റിയറിന്റെ വാക്കുകളാണിത്. 2025 ഫെബ്രുവരി 18, ചൊവ്വാഴ്‌ച ഉച്ചയോടുകൂടി തന്റെ 80‐ാം വയസ്സിൽ ജയിൽമുക്തനാക്കപ്പെട്ട പെൽറ്റിയർ, തന്റെ മോചനത്തിനുവേണ്ടി ഇക്കാലമത്രയും പൊരുതിയ ലോകത്തുടനീളമുള്ള എല്ലാ മനുഷ്യരോടും നന്ദി പറഞ്ഞുകൊണ്ടാണ് സ്വന്തം വീട്ടിലേക്ക് യാത്രയായത്. പെൽറ്റിയറിനെ മോചിപ്പിക്കുന്നതിനുവേണ്ടി വിവിധ വിഭാഗം ജനങ്ങൾ നടത്തിയ ദശകങ്ങൾനീണ്ട പോരാട്ടത്തിനൊടുവിൽ, അധികാരമൊഴിയുന്ന അവസാനനാളുകളിൽ മു ൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ 80 വയസ്സുള്ള പെൽറ്റിയറിന്റെ ശിക്ഷ ഇളവുചെയ്യാനുള്ള ഫയലിൽ ഒപ്പുവെച്ചു. അങ്ങനെ അമേരിക്കയിൽ ഏറ്റവും നീണ്ട കാലം തടവിൽ കഴിയേണ്ടിവന്ന രാഷ്‌ട്രീയ തടവുകാരനായ പെൽറ്റിയർ ഒടുവിൽ ജയിൽമോചിതനായി.
ആരാണ് ലിയനാർഡ് പെൽറ്റിയർ? 1944ൽ ജനിച്ച പെൽറ്റിയർ, തദ്ദേശീയജനതയുടെ മനുഷ്യാവകാശങ്ങളെയും ഭൂമിക്കുമേലുള്ള അവകാശത്തെയും അമേരിക്കൻ ഗവൺമെന്റ് മാനിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സമരോത്സുകമായ ക്യാന്പയിനുകൾ നടത്തിവന്ന അമേരിക്കൻ ഇന്ത്യൻ മൂവ്‌മെന്റ് (AIM) എന്ന സംഘടനയുടെ നേതൃനിരയിൽ പ്രവർത്തിച്ചിരുന്ന ആക്ടിവിസ്റ്റായിരുന്നു. 1973ൽ ഈ അമേരിക്കൻ ഇന്ത്യൻ മൂവ്‌മെന്റ് ആക്ടിവിസ്റ്റുകൾ, സൗത്ത് ദക്കോട്ടയിലെ പൈൻ റിഡ്‌ജ് ഇന്ത്യൻ റിസർവേഷനിലെ വൂണ്ടഡ് ക്‌നീ (Wounded Knee) പട്ടണം പിടിച്ചെടുത്തു. ഒഗ്‌ലാല ലക്കോട്ട എന്ന ഗോത്രജനതയുടെ പങ്കാളിത്തത്തോടെ നടത്തിയ ഈ മുന്നേറ്റം, ഒഗ്‌ലാല ലക്കോട്ട സിയൂസ് ചെയർമാനായ ഡിക് വിൽസന്റെ അഴിമതിയോടും യുഎസ് ഫെഡറൽ ഗവൺമെന്റ് തദ്ദേശീയ ജനതയോട് കാണിക്കുന്ന വിവേചനാധിഷ്‌ഠിത നയങ്ങളോടുമുള്ള പ്രതിഷേധമായിരുന്നു. 71 ദിവസംനീണ്ട ഈ പിടിച്ചെടുക്കലിനെ തുടർന്നുണ്ടായത് വിൽസനെ എതിർത്ത എഐഎം ആക്ടിവിസ്റ്റുകൾക്കും ഗോത്രവിഭാഗത്തിനുംനേരെ നടന്ന 3 വർഷം നീണ്ട ‘‘ഭീകരവാഴ്‌ച’’യായിരുന്നു. അമേരിക്കൻ ആഭ്യന്തര ഇന്റലിജൻസ്‐സുരക്ഷാ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI) സ്‌പോൺസർ ചെയ്‌ത് വിൽസന്റെ നേതൃത്വത്തിലുള്ള അക്രമിസംഘം നടപ്പാക്കിയ ഈ കൂട്ടക്കൊലയിൽ 60ലേറെ പേർ കൊല്ലപ്പെട്ടു. ഈ കാലത്ത്, കൃത്യമായി പറഞ്ഞാൽ, 1975 ജൂൺ 26ന്, കള്ളനെ പിടിക്കാനെന്ന പേരിൽ 2 എഫ്‌ബിഐ ഏജന്റുമാർ കാറിൽ ഇരച്ചെത്തുകയും തുടർന്ന് പെൽറ്റിയറും മറ്റ് എഐഎം ആക്ടിവിസ്റ്റുകളും തങ്ങുന്ന പ്രദേശം 150 ഓളം എഫ്‌ബിഐ ഏജന്റുമാരും ഗുണ്ടകളും ചേർന്ന് വളയുകയും ചെയ്‌തു; തുടർന്ന് വെടിവെയ്‌പുണ്ടായി; രണ്ട് എഫ്‌ബിഐ ഏജന്റുമാരും ജോസഫ് സ്റ്റൻസ് എന്നു പേരുള്ള ഒരു അമേരിക്കൻ സ്വദേശിയും കൊല്ലപ്പെട്ടു.
എഫ്‌ബിഐ ഏജന്റുമാർ കൊല്ലപ്പെട്ടതിന്റെ പേരിൽ പെൽറ്റിയറും എഐഎമ്മിലെ മറ്റ് അംഗങ്ങളും അറസ്റ്റ് ചെയ്യപ്പെട്ടു. തെളിവുകളുടെ അഭാവത്തിൽ മറ്റുള്ളവരെ വെറുതെവിട്ടിട്ടും 1977ൽ പെൽറ്റിയറിന് ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ രണ്ട് കേസുകളിലായി ജീവപര്യന്തം ശിക്ഷവിധിച്ചു. തദ്ദേശീയ പ്രസ്ഥാനവും അതുപോലെതന്നെ രാഷ്‌ട്രീയ തടവുകാരുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയും, പെൽറ്റിയറിന്റെ നേതൃത്വത്തിൽ നടക്കുന്ന തദ്ദേശീയജനതയുടെ വിമോചനത്തിനുവേണ്ടിയുള്ള പ്രവർത്തനത്തെ അടിച്ചമർത്തുന്നതിനുവേണ്ടി എഫ്‌ബിഐയും ഭരണകൂടവും ചേർന്ന് കെട്ടിച്ചമച്ച കേസാണിതെന്ന് ആവർത്തിച്ച് പറഞ്ഞു. പെൽറ്റിയർ ആരെയും കൊന്നിട്ടില്ലെന്നും നീതിയർഹിക്കുന്നുവെന്നും ലോകമാകെ വിളിച്ചുപറഞ്ഞിട്ടും അത് കേൾക്കാൻ അമേരിക്കൻ ഭരണകൂടം തയ്യാറായില്ല.
പെൽറ്റിയറിന് ജീവപര്യന്തം ശിക്ഷവിധിച്ചതിനുശേഷം പുറത്തുവന്ന എഫ്‌ബിഐ റിപ്പോർട്ടുകളിൽനിന്നും എഐഎം അടക്കമുള്ള അമേരിക്കയിലെ തദ്ദേശീയ പ്രസ്ഥാനങ്ങളെയാകെ അടിച്ചമർത്താനുള്ള എഫ്‌ബിഐയുടെ ദീർഘകാല അജൻഡയെ സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കപ്പെട്ടിട്ടും അതുയർത്തിപ്പിടിച്ച് വലിയ സമരങ്ങൾ പെൽറ്റിയറിനെ മോചിപ്പിക്കുന്നതിനുവേണ്ടി എൻഡിഎൻ കളക്ടീവ് അടക്കമുള്ള സംഘടനകൾ നടത്തിയിട്ടും അമേരിക്കൻ ഭരണകൂടം അതൊന്നും ചെവിക്കൊണ്ടില്ല. പെൽറ്റിയറിന് പരോൾ അനുവദിക്കുന്നതിനെപോലും എതിർക്കുകയെന്നത് എഫ്‌ബിഐക്ക് ഒരു രാഷ്‌ട്രീയവിഷയം തന്നെയായി മാറിയിരുന്നു. 2000ൽ അന്നത്തെ പ്രസിഡന്റ് ക്ലിന്റൺ പെൽറ്റിയറിനു മാപ്പു നൽകാൻ തയ്യാറായതാണ്. പക്ഷേ ഉടനടി, വിരമിച്ചവരടക്കം 500 ഓളം എഫ്‌ബിഐ ഏജന്റുമാർ അതിനെ എതിർത്തുകൊണ്ട് അസാധാരണമായ രീതിയിൽ വൈറ്റ് ഹൗസിലേക്ക് മാർച്ചുചെയ്യുകയും തുടർന്ന് മാപ്പ് അനുവദിക്കുന്നില്ലായെന്ന് ക്ലിന്റൺ തീരുമാനിക്കുകയും ചെയ്‌തു. പിന്നീട് 2017ൽ ഒബാമയും പെൽറ്റിയറിന് മാപ്പപേക്ഷ നിഷേധിച്ചു.
ഒടുവിൽ പടിയിറങ്ങുന്നതിനുമുന്പ് ബൈഡൻ പെൽറ്റിയറിന് മാപ്പു നൽകി. വിടുതലിന് ഒപ്പുവച്ചു. 49 വർഷത്തെ ഇരുന്പഴിക്കുള്ളിലെ ജീവിതത്തിൽ സമരോത്സുകനായ, രാഷ്‌ട്രീയ ഇച്ഛാശക്തിയുള്ള ഒരു വ്യക്തിക്ക്, തന്റെ വ്യക്തിജീവിതവും സാമൂഹികജീവിതവുമാകെ നിഷേധിച്ച അമേരിക്കൻ ഭരണകൂടവും കുപ്രസിദ്ധമായ എഫ്‌ബിഐയും മാപ്പർഹിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. എന്തുതന്നെയായാലും 5 ദശകങ്ങൾക്കുശേഷം ഒടുവിൽ പെൽറ്റിയർ സ്വതന്ത്രനായിരിക്കുന്നു! l