സംയോജിത ശിശുവികസനപദ്ധതി (ഐസിഡിഎസ്) സ്വകാര്യവൽക്കാരിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും പദ്ധതിയതുടെ പ്രാധാന്യം കണക്കിലെടുത്ത്, അതിനെ സ്ഥാപനവൽക്കരിക്കണമെന്നും ആവശ്യപ്പെട്ട് 2025 ഫെബ്രുവരി 13ന് ഡൽഹിയിലെ താൽക്കത്തോറ സ്‌റ്റേഡിയത്തിൽ ആയിരക്കണക്കിന് അംഗൻവാടി ജീവനക്കാരുടെയും ഹെൽപർമാരുടെയും ദേശീയ സമ്മേളനം നടന്നു. 2018ൽ അവസാനമായി വർധിപ്പിച്ച, അംഗൻവാടി ജീവനക്കാർക്കും ഹെൽപ്പർമാർക്കുമുള്ള ഓണറേറിയം തുക വർധിപ്പിക്കുക, ഗ്രാറ്റുവിറ്റി അനുവദിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനത്തിൽ ഉയർത്തപ്പെട്ടു.
സ്വാതന്ത്ര്യാനന്തരം ആരോഗ്യമുള്ള ഒരു തലമുറയെ കെട്ടിപ്പടുക്കുന്നതിൽ സുപ്രധാനമായ പങ്കുവഹിച്ച ഐസിഡിഎസുകളെ ദുർബലപ്പെടുത്താൻ, മാറിമാറി വന്ന ഗവൺമെന്റുകൾ ശ്രമം നടത്തുകയുണ്ടായി. കുട്ടികളുടെയും അമ്മമാരുടെയും ആരോഗ്യം നിലനിർത്തുന്നതിൽ ഐസിഡിഎസുകളുടെ പങ്ക് അംഗീകരിക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ടായിട്ടും ഈ രംഗത്ത് പ്രവർത്തിക്കുന്നവരെ പൂർണമായും അവഗണിക്കുന്ന നിലപാടാണ് മോദി ഗവൺമെന്റിനുള്ളത്. അതുകൊണ്ടുതന്നെ, ആറ് വയസ്സുനു താഴെയുള്ള കുട്ടികൾക്ക് ശൈശവപരിചരണം, വിദ്യാഭ്യാസം, വികസനം എന്നിവയ്‌ക്കുള്ള അവകാശം ഉറപ്പുവരുത്തുന്നതിനുള്ള നിയമനിർമാണം നടത്തണമെന്ന ആവശ്യം ഐസിഡിഎസ് ജീവനക്കാർ ശക്തമായി ഉയർത്തുന്നു. സ്വതന്ത്ര വ്യാപാരകരാറുകൾ ഭക്ഷ്യധാന്യങ്ങളുടെ വില വർധിപ്പിക്കുന്നുവെന്നു മാത്രമല്ല, ആഭ്യന്തരമായ ആവശ്യം നിറവേറ്റാതെ ഭക്ഷ്യധാന്യങ്ങൾ കയറ്റിയയയ്‌ക്കുന്നത് പൊതുവിതരണസമ്പ്രദായത്തെ ആശ്രയിച്ചു മുന്നോട്ടുപോകുന്ന ഐസിഡിഎസുകളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നു. രാജ്യത്തെ പട്ടിണിക്കെതിരെ പോരാടുകയും പോഷകാഹാരക്കുറവ് ഇല്ലാതാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഐസിഡിഎസ് പദ്ധതിയെ ഈ നയങ്ങൾ പൂർണമായും ഇല്ലാതാക്കും; വിശപ്പും പോഷകാഹാരക്കുറവും പോലെയുള്ള പ്രശ്‌നങ്ങൾക്ക് മുൻഗണന നൽകിയില്ലെങ്കിൽ രാജ്യം 1770 കാലത്തെ ക്ഷാമകാലംപോലെയുള്ള സാഹചര്യത്തെ നേരിടേണ്ടിവരുമെന്നും സമ്മേളനം ഓർമിപ്പിക്കുന്നു.
രാജ്യത്തെ അടിസ്ഥാന ആരോഗ്യപരിപാലനം നിലനിർത്തിപ്പോരുന്നതിൽ മുഖ്യ ചാലകശക്തിയായി പ്രവർത്തിക്കുന്ന അംഗൻവാടി ജീധനക്കാർ തികഞ്ഞ അവഗണനയാണ് നേരിടുന്നത്. ഗുജറാത്ത് ഹൈക്കോടതി അവിടത്തെ ബിജെപി ഭരിക്കുന്ന സർക്കാരിനോട് ഐസിഡിഎസ് തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി നൽകാൻ ഉത്തരവിട്ടിരുന്നു. നിയമാനുസൃതം ഒരുദിവസം 6 മണിക്കൂറാണ് ഇവരുടെ തൊഴിൽസമയമെങ്കിലും ഓൺലൈൻ പ്രവൃത്തികൾമൂലം ദിവസത്തിൽ മുഴുവൻസമയവും ജോലിചെയ്യാൻ ഇവർ നിർബന്ധിതരാവുകയാണ്. പ്രതിമാസം തങ്ങൾക്ക് പൂർണ വേതനമായ 26,000 രൂപ നൽകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. സ്‌ത്രീ ശാക്തീകരണത്തെക്കുറിച്ച് വാചകമടിക്കുന്ന പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനം തന്നെ സ്‌ത്രീകൾക്കുനേരെയുള്ള അവഗണനയുടെ ഏറ്റവും മികച്ച ഉദാഹരണമാണ്.
ഇത്തരത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നും വന്ന അംഗൻവാടി തൊഴിലാളികൾ തങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ അവതരിപ്പിക്കുകയുണ്ടായി. അടിയന്തരമായും ഇവയ്‌ക്കെല്ലാം പരിഹാരം കണ്ടില്ലെങ്കിൽ ഈ മേഖലയിൽ തൊഴിലെടുക്കുന്നവർ തെരുവിലിറങ്ങാൻ നിർബന്ധിതരാകും. l