Thursday, April 3, 2025

ad

Homeരാജ്യങ്ങളിലൂടെമഹ്‌സ്‌കിനെതിരെ പലസ്‌തീൻ ആക്ടിവിസ്റ്റുകൾ

മഹ്‌സ്‌കിനെതിരെ പലസ്‌തീൻ ആക്ടിവിസ്റ്റുകൾ

ടിനു ജോർജ്‌

ലസ്‌തീനിൽ വംശഹത്യ നടത്തുന്ന ഇസ്രയേലിനാവശ്യമായ ആയുധങ്ങൾ കടത്തിനൽകുന്ന ഡാനിഷ്‌ ഷിപ്പിങ്‌ കന്പനിയായ മഹ്‌സ്‌കിന്റെ ഹെഡ്‌ ക്വാർട്ടേഴ്‌സിലേക്ക്‌ ആയിരത്തോളം ആക്ടിവിസ്റ്റുകളാണ്‌ ഫെബ്രുവരി 24ന്‌ പ്രകടനം നടത്തിയത്‌. കോപ്പൻഹേഗനിലെ മഹ്‌സ്‌ക ഹെഡ്‌ ക്വാർട്ടേഴ്‌സിനു മുന്നിൽ അണിനിരന്ന പലസ്‌തീനെ അനുകൂലിക്കുന്ന പ്രക്ഷോഭകർ ‘‘മഹ്‌സ്‌കിനെ തുറന്നുകാട്ടുക’’ എന്ന മുദ്രാവാക്യമുയർത്തുന്ന അന്താരാഷ്‌ട്ര ക്യാന്പയിന്റെ ഭാഗമായാണ്‌ മാർച്ച്‌ സംഘടിപ്പിച്ചത്‌. സ്വീഡിഷ്‌ ആക്ടിവിസ്റ്റായ ഗ്രേറ്റ തുൻബർഗ്‌ ഈ പ്രകടനത്തിൽ പങ്കെടുത്ത്‌ സംസാരിക്കുകയുണ്ടായി.

കഴിഞ്ഞവർഷം നവംബറിൽ, പലസ്‌തീൻ യൂത്ത്‌ മൂവ്‌മെന്റും പ്രോഗ്രസീവ്‌ ഇന്റർനാഷണലും ചേർന്ന്‌ നടത്തിയ അന്വേഷണത്തിൽ 2023 മുതലിങ്ങോട്ട്‌ അമേരിക്കയിൽനിന്ന്‌ ഇസ്രയേലിലേക്ക്‌ മഹ്‌സ്‌ക്‌ കടത്തിയത്‌ ദശലക്ഷക്കണക്കിന്‌ പൗണ്ട്‌ ആയുധങ്ങളും മറ്റ്‌ സൈനിക ചരക്കുകളുമാണെന്ന്‌ തെളിഞ്ഞു. ടാങ്ക്‌ എഞ്ചിനുകൾ, ബോംബ്‌‐ബുള്ളറ്റ്‌ സാമഗ്രികൾ, യുദ്ധവിമാനങ്ങൾ, സൈനിക ട്രക്കുകൾ തുടങ്ങി എല്ലാത്തരം ആയുധങ്ങളും പലസ്‌തീൻ ജനതയെ കൊന്നൊടുക്കുന്നതിനുവേണ്ടി ഇസ്രയേലിനെത്തിച്ചുകൊടുത്തു മഹ്‌സ്‌ക്‌. ഈ അന്വേഷണ റിപ്പോർട്ട്‌ പുറത്തുവന്നതിനെ തുടർന്ന്‌ പലസ്‌തീൻ യൂത്ത്‌ മൂവ്‌മെന്റ്‌ 2024ൽ തുടങ്ങിവെച്ച ക്യാമ്പയിനാണ്‌ ‘‘മഹ്‌സ്‌കിനെ തുറന്നുകാട്ടുക’’. ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ്‌ കമ്പനികളിലൊന്നിനുനേരെയുള്ള ശക്തമായ സമരപ്രഖ്യാപനം തന്നെയായായിരുന്നു ഈ ക്യാമ്പയിൻ. ഇസ്രയേലിലേക്ക്‌ ആയുധങ്ങൾ കടത്തുന്ന പ്രധാന സൈറ്റുകളിലൊന്നായ ന്യൂ ജേഴ്‌സിയിലെ എലിസബത്ത്‌ തുറമുഖത്തിനു പുറത്ത്‌ പലസ്‌തീൻ അനുകൂല പ്രവർത്തകർ പ്രക്ഷോഭം നടത്തുകയുണ്ടായി.

മഹ്‌സ്‌കിന്റെ ഹെഡ്‌ ക്വാർട്ടേഴ്‌സിലേക്കുള്ള പ്രവേശനകവാടം ഏതാണ്ട്‌ നാലുമണിക്കൂറിലേറെ സമയം ഉപരോധിച്ച പ്രക്ഷോഭകർ സയണിസ്റ്റ്‌ രാഷ്ട്രത്തിന്‌ ആയുധം കടത്തുന്നത്‌ നിർത്തണമെന്നും ഇസ്രയേലി പ്രതിരോധമന്ത്രാലയവുമായുള്ള എല്ലാ കരാറുകളും അവസാനിപ്പിക്കണമെന്നും മഹ്‌സ്‌കിനോട്‌ ആവശ്യപ്പെട്ടു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × five =

Most Popular