Wednesday, April 2, 2025

ad

Homeഇക്കണോമിക് നോട്ടുബുക്ക്സാങ്കേതികവിദ്യയുടെ വ്യാപനത്തിന്റെ അർത്ഥശാസ്ത്രം

സാങ്കേതികവിദ്യയുടെ വ്യാപനത്തിന്റെ അർത്ഥശാസ്ത്രം

കെ എസ് രഞ്ജിത്ത്

ഇക്കണോമിക് നോട്ട്ബുക്ക് -78

ശാസ്ത്രസാങ്കേതികവിദ്യകളുടെ വളർച്ചയും വികാസവുമാണ് ആധുനിക മനുഷ്യനെയും നാഗരികതകളെയും സൃഷ്ടിച്ചത്. ആഴത്തിൽ ഭൂമി കിളച്ചുമറിച്ച് കൃഷി ചെയ്യാൻ മനുഷ്യന് സാധിച്ചത് ഇരുമ്പ് എന്ന ലോഹത്തിന്റെ കണ്ടുപിടുത്തത്തോടെയാണ്. ഇത്തരത്തിൽ വ്യാപകമായ തോതിൽ കൃഷിചെയ്യുക സാധ്യമായതുകൊണ്ടാണ് ആദ്യകാല നാഗരികതകൾ രൂപംകൊണ്ടത്. ഇരുമ്പു മാർച്ചട്ടകളണിഞ്ഞ സൈനിക വ്യൂഹങ്ങളെ തോല്പിക്കാൻ അവ കൈവശമില്ലാത്തവർക്ക് സാധിച്ചില്ല. ഇത്തരത്തിൽ സജ്ജരായ സൈന്യങ്ങളുള്ള ദേശങ്ങൾ മറ്റുള്ളവയെ കീഴടക്കിക്കൊണ്ട് വിപുലീകരിക്കപ്പെട്ടു, സാമ്രാജ്യങ്ങളായി പരിണമിച്ചു. പിൽക്കാലത്ത് തോക്കും വെടിമരുന്നും കൈവശമുള്ളവർക്ക് അതിനേക്കാൾ ഒരു തലമുറ പിന്നിലുള്ള ആയുധങ്ങൾ മാത്രമുള്ളവർക്ക് കീഴടങ്ങേണ്ടി വന്നതും ചരിത്രം. വെള്ളക്കാരന്റെ വെടിയുണ്ടകൾക്കു മുന്നിൽ നമ്മുടെ നാട്ടുരാജ്യങ്ങൾ കീഴടങ്ങിയതും ഇത്തരത്തിൽ തന്നെ.

സാങ്കേതികവിദ്യകളുടെ കടന്നുവരവ് ഉല്പാദനസമ്പ്രദായങ്ങളിലും അതുമായി ബന്ധപ്പെട്ട സംഘാടന രീതികളിലും വരുത്തിയ മാറ്റങ്ങളും ഇതേ രീതിയിൽ തന്നെയാണ്. ആവിയന്ത്രത്തിന്റെ കടന്നുവരവ് വൻകിട ഉല്പാദനസമ്പ്രദായങ്ങൾക്ക് തുടക്കംകുറിച്ചു. ഉല്പാദനകേന്ദ്രങ്ങളായി ഫാക്ടറികൾ രൂപപ്പെട്ടു. ഫാക്ടറികൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ തൊഴിലാളികളുടെ പാർപ്പിടസമുച്ചയങ്ങൾ ഉയർന്നു. അതിനു ചുറ്റും കച്ചവടകേന്ദ്രങ്ങളും. അവിടെ നഗരങ്ങൾ രൂപംകൊണ്ടു. ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് തൊഴിൽ തേടിയുള്ള മനുഷ്യന്റെ പ്രയാണം ആരംഭിച്ചു. ഒപ്പം ചേരികളും. ഡിജിറ്റൽ യുഗത്തിൽ കാര്യങ്ങൾ വീണ്ടും മാറിമറിഞ്ഞു. വീടുകളിലിരുന്നും വേണമെങ്കിൽ പണിയെടുക്കാം എന്ന സ്ഥിതി സംജാതമായി. ഇന്റർനെറ്റിന്റെ കാലത്ത് ഭരണവും വിദ്യാഭ്യാസവുമെല്ലാം പുതിയ രൂപങ്ങൾ കൈവരിച്ചു. ഓൺലൈൻ വിപണനകേന്ദ്രങ്ങൾ പഴയ കച്ചവട സമ്പ്രദായങ്ങളെ തിരുത്തിയെഴുതി. ഇത്തരത്തിൽ നോക്കുമ്പോൾ ആധുനിക മനുഷ്യന്റെ കഥ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യകളുടെയും വളർച്ചയുടെയും അത് സൃഷ്ടിച്ച മാറ്റങ്ങളുടെയും കൂടി കഥയാണ് എന്ന് കാണാം.

ആധുനിക സമ്പദ്‌വ്യവസ്ഥകളെ സംബന്ധിച്ചിടത്തോളം സാങ്കേതികവിദ്യകളുടെ വളർച്ചയും വിന്യാസവും ഏറ്റവും മർമപ്രധാനമായ സംഗതിയാണ്. സാമ്പത്തികവളർച്ചയുടെ വേഗതയെ നിർണ്ണയിക്കുന്നതും, സാമൂഹിക രാഷ്ട്രീയ ഘടനകളെ രൂപപ്പെടുത്തുന്നതും നിലനിൽക്കുന്ന ഉല്പാദനശക്തികളുടെ നിലവാരമാണ് . ഇതിൽ ഏറ്റവും നിർണായക സ്വാധീനം ചെലുത്തുന്നത് ഉല്പാദന മേഖലയിലെ സാങ്കേതികവിദ്യകളുടെ വളർച്ചയാണ്. സാമൂഹിക സാമ്പത്തിക വ്യവസ്ഥയും സാങ്കേതികവിദ്യകളും തമ്മിൽ വൈരുധ്യാധിഷ്ഠിതമായ ഒരു ബന്ധമാണ് നിലനിൽക്കുന്നത്. സാങ്കേതികവിദ്യകളുടെ വളർച്ചയെയും വ്യാപനത്തെയും നിർണയിക്കുന്ന സുപ്രധാനഘടകം അതിന്റെ ഗുണഭോക്താക്കൾ ആര്, അധികാരത്തിൽ അവരുടെ പങ്ക് എന്ത് എന്നതാണ്.

വ്യാവസായികവിപ്ലവത്തിന്റെ കാലം മുതൽ ഡിജിറ്റൽ യുഗം വരെയുള്ള നീണ്ട ചരിത്ര കാലഘട്ടത്തിൽ കടന്നുവന്ന നിർണായകമായ ഓരോ സാങ്കേതികവിദ്യയും‐ – ആവിയന്ത്രങ്ങൾ, വിദ്യുച്ഛക്തി, കംപ്യൂട്ടറുകൾ എന്നിവ വൻതോതിലുള്ള സാമ്പത്തിക കുതിപ്പുകൾക്ക് വഴിതെളിച്ചിട്ടുണ്ട്. ഉല്പാദനക്ഷമത മെച്ചപ്പെടുത്താനുള്ള മനുഷ്യന്റെ ത്വരയാണ് പലപ്പോഴും സാങ്കേതികവിദ്യകളുടെ ആവിർഭാവത്തിനു വഴിതെളിച്ചിട്ടുള്ളത്. ഇതിൽ സ്വകാര്യ മൂലധനതാല്പര്യങ്ങളും, ഭരണകൂടങ്ങളുടെ ഇടപെടലുകളും പങ്കാളികളായിട്ടുണ്ട്. ഗവണ്മെന്റ് മുതൽമുടക്കിൽ സൃഷ്ടിക്കപ്പെട്ട ഗവേഷണ സ്ഥാപനങ്ങളും, വിദ്യാഭ്യാസത്തിൽ നടത്തിയ മുതൽമുടക്കുകളും എല്ലാം ഇതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്.

അധികാരത്തിന്റെ ബലതന്ത്രങ്ങളാണ് സാങ്കേതികവിദ്യയുടെ വികാസത്തെ പലപ്പോഴും രൂപപ്പെടുത്തുന്നത്. ഇതിൽ സാമ്രാജ്യത്വ മൂലധന താല്പര്യങ്ങളും സൈനിക താല്പര്യങ്ങളും കോർപ്പറേറ്റ് ലാഭങ്ങളുമെല്ലാം ഒരേപോലെ പങ്കാളികളാവുന്നുണ്ട്. അമേരിക്കൻ സൈനിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളാണ് ഇന്റർനെറ്റിന്റെ ആവിർഭാവത്തിനു വഴിതെളിച്ചതെങ്കിൽ വർത്തമാനകാലത്തെ ഏറ്റവും നിർണായക സാങ്കേതിക വിപ്ലവമായ നിർമിതബുദ്ധിയുടെ ഗവേഷണ വികസനപ്രവർത്തനങ്ങൾ വൻകിട ടെക് കമ്പനികളുടെ നിയന്ത്രണത്തിലാണ് . ബഹിരാകാശ ഗവേഷണത്തിൽ പോലും സ്വകാര്യ കമ്പനികൾ ഇന്ന് മുന്നിട്ടിറങ്ങിയിരിക്കുന്നു. ആപ്പിൾ, ഗൂഗിൾ, ആമസോൺ തുടങ്ങിയ കമ്പനികൾ ഗവേഷണ വികസനരംഗത്ത് നടത്തുന്ന വൻകിട പ്രവർത്തനങ്ങൾ ഒരേസമയം വലിയ ആശങ്കകൾക്കും കാരണമാവുകയാണ്. അവരുടെ കുത്തക താല്പര്യങ്ങൾ, ഡാറ്റയുടെ സ്വകാര്യവൽക്കരണവുമെല്ലാം ഭാവിലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളായിരിക്കും. അതാതു രാജ്യങ്ങളിലെ സർക്കാരുകളുടെ പോലും നിയന്ത്രണത്തിന് അതീതമായിട്ടാണ് ഇവയിൽ പല കമ്പനികളും പ്രവർത്തിച്ചുപോരുന്നത്.

ആഗോളവൽക്കരണം സാങ്കേതികവിദ്യയുടെ വ്യാപനത്തിന് ആക്കംകൂട്ടിയിട്ടുണ്ട്. ഒരുപക്ഷേ ആഗോളവൽക്കരണത്തെ സാധ്യമാക്കിയത് സാങ്കേതികവിദ്യകളുടെ വളർച്ച തന്നെയാകും. ടെലികമ്യൂണിക്കേഷൻ രംഗത്തും കംപ്യൂട്ടർ അധിഷ്‌ഠിത സാങ്കേതികവിദ്യകളിലുണ്ടായ വളർച്ചയും സംഭവിച്ചില്ലായിരുന്നുവെങ്കിൽ സമീപകാലത്തെ ആഗോളവൽക്കരണപ്രക്രിയ തന്നെ സാധ്യമാകുമായിരുന്നില്ല. അതോടൊപ്പം സാങ്കേതികവിദ്യകളുടെ മേലുള്ള നിയന്ത്രണങ്ങളുടെ കേന്ദ്രീകരണത്തിനും അതിടയാക്കിയിട്ടുണ്ട്. നിർമിതബുദ്ധി ഗവേഷണ മേഖലയിൽ സമീപകാലത്തുണ്ടായ ചില സംഭവവികാസങ്ങൾ അതിനെ എടുത്തുകാട്ടുന്നവയാണ്. എ ഐ മേഖലയിലെ ചൈനയുടെ മുന്നേറ്റത്തെ തടയാൻ അവിടേക്കുള്ള സെമികണ്ടക്ടർ ചിപ്പുകളുടെ കയറ്റുമതി അമേരിക്കൻ ഭരണകൂടം നിരോധിച്ചു. എല്ലാ വാതായനങ്ങളും തുറന്നിടാമെന്ന നിയോ ലിബറൽ ആശയങ്ങൾ ഇവിടെ സൗകര്യപൂർവം പരണത്ത് വെച്ചു. ഇതിനെ മറികടക്കാൻ ഡീപ്‌സീക് എന്ന ചൈനീസ് കമ്പനിക്കു സാധിച്ചതും എ ഐ സാങ്കേതികവിദ്യകൾ അവർ ഓപ്പൺ സോഴ്സ് ആക്കി ലോകത്തിനു മുഴുവൻ ലഭ്യമാക്കിയതും സാങ്കേതികവിദ്യകളുടെ വ്യാപനത്തിനു പിന്നിലെ അധികാര സമസ്യകൾ പച്ചയായി എടുത്തുകാട്ടുന്ന ഒന്നാണ്.

വ്യാപാരകരാറുകളും ബൗദ്ധിക സ്വത്തവകാശ നിയന്ത്രണങ്ങളുമെല്ലാം സാങ്കേതികവിദ്യയുടെ വ്യാപനത്തെ നിർണായകമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ബൗദ്ധിക സ്വത്തവകാശത്തിന്റെ വക്താക്കൾ പറയുന്നത് വലിയ മുതൽമുടക്കിലൂടെ സൃഷ്ടിക്കപ്പെടുന്ന ഗവേഷണ ഫലങ്ങൾ ലാഭമുണ്ടാക്കാൻ സഹായകമാകണം എന്നതാണ്. പേറ്റന്റുകളുടെ ബൗദ്ധിക സ്വത്തവകാശ നിയമങ്ങളുമെല്ലാം ആവശ്യമായി വരുന്നത് അതിനാലാണ് എന്നതാണ് ഇവരുടെ വാദം. എന്നാൽ മൗലിക ഗവേഷണങ്ങൾ മഹാഭൂരിപക്ഷവും നടന്നിട്ടുള്ളത് ഇത്തരമൊരു സങ്കല്പത്തിന് പുറത്താണ്. ശാസ്ത്രപ്രതിഭകൾ നടത്തിയ അന്വേഷണങ്ങളെ നിശ്ചയിച്ചിരുന്നത് ആ അന്വേഷണഫലത്തെ പണമാക്കി മാറ്റാം എന്ന ചിന്തയായിരുന്നില്ല. ഈ മേഖലയിലെ സർക്കാർ മുതൽമുടക്കുകളും ഇത്തരം ലക്ഷ്യത്തോടെ ആയിരുന്നില്ല. ഇന്നത്തെ ലോകം നേരിടുന്ന പല വെല്ലുവിളികളെയും – കാലാവസ്ഥാവ്യതിയാനം, സൈബർ സെക്യൂരിറ്റി, മഹാമാരികൾ എന്നിവയെ- നേരിടാൻ സങ്കുചിതമായ ഭൗമ രാഷ്ട്രീയതാല്പര്യങ്ങൾക്ക് കഴിയില്ല. അന്തരാഷ്ട്ര തലത്തിലുള്ള യോജിച്ചുള്ള പ്രവർത്തനങ്ങൾ അതിനാവശ്യമാണ്.

യന്ത്രങ്ങളേക്കാൾ കുറഞ്ഞ ചെലവിൽ ഉല്പാദനപ്രവർത്തനങ്ങളിൽ മനുഷ്യരെ ഉപയോഗപ്പെടുത്താമെങ്കിൽ സാങ്കേതികവിദ്യകളുടെ വിന്യാസം അവിടെ ഫ്രീസ് ചെയ്യപ്പെടുമെന്നാണ് ചരിത്രം കാട്ടിത്തരുന്നത്. 1830കളിൽ യൂറോപ്പിൽ പരീക്ഷിക്കപ്പെട്ട കൊയ്ത്തു യന്ത്രങ്ങൾ ഇന്ത്യയെപ്പോലുള്ള കോളനി രാജ്യങ്ങളിൽ എത്തിപ്പെടാൻ വീണ്ടും ഒന്നര ശതകം വേണ്ടിവന്നു. അതേസമയം 1825ൽ ഇംഗ്ലണ്ടിൽ വന്ന റെയിൽവേ 1853ൽ തന്നെ ഇന്ത്യയിലെത്തി. സാങ്കേതികവിദ്യകളുടെ വിന്യാസത്തെ നിയന്ത്രിക്കുന്നത് മറ്റു ചില താല്പര്യങ്ങളാണ് എന്ന് ഇതിൽ നിന്നും പകൽപോലെ വ്യക്തമാണ്. അടിമകളെപ്പോലെ പണിയെടുക്കാൻ തൊഴിലാളികളുണ്ടെങ്കിൽ, അതും വളരെ തുച്ഛമായ ചെലവിൽ, യന്ത്രോപകരണങ്ങൾക്കുവേണ്ടിയുള്ള ഗവേഷണത്തിനും അതിന്റെ ഉല്പാദനത്തിനും വിന്യാസത്തിനുമൊക്കെ മുതിരുന്നതെന്തിന്. മൂലധനം ആധിപത്യം പുലർത്തുന്ന ഒരു വ്യവസ്ഥയിൽ, ആത്യന്തികമായി കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നത് അവ എത്രകണ്ട് ലാഭത്തെ ഉല്പാദിപ്പിക്കും എന്നതാണ്. ശാസ്ത്രസാങ്കേതികവിദ്യകളുടെ സ്വതന്ത്രമായ വളർച്ചയും വിന്യാസവുമെന്നത് വെറുമൊരു മിത്താണ്. സാങ്കേതികവിദ്യകളുടെ സാമൂഹിക നിർമാണം (Social Construction of Technology SCOT) – എന്ന പഠന സമ്പ്രദായം ഈ സമീപനത്തിന് ഊന്നൽ കൊടുക്കുന്നതാണ്. സാങ്കേതിക അതിനിർണയവാദത്തെ ചോദ്യം ചെയ്തുകൊണ്ട് 1980കളിൽ രൂപംകൊണ്ട ഈ വിശകലന സമ്പ്രദായം സാങ്കേതിക പുരോഗതിക്ക് പിന്നിലുള്ള സാമൂഹികമായ മാനങ്ങൾക്ക് ഊന്നൽ കൊടുക്കുന്നു. സാങ്കേതികവിദ്യകൾ കേവലം ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിൽ രൂപപ്പെടുത്തപ്പെടുന്ന കൗതുക വസ്തുക്കളല്ല എന്നും ഈ വിശകലനരീതി വ്യക്തമാക്കുന്നു. എല്ലാ സാങ്കേതികവിദ്യകളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള സാമൂഹിക നിർമ്മിതിയുടെ ഭാഗമാണെന്നും വിവിധ സാമൂഹിക വിഭാഗങ്ങൾ അവയ്ക്കുമേൽ ചെലുത്തുന്ന സമ്മർദങ്ങളാണ് അതിന്റെ വളർച്ചയുടെ വേഗവും വിന്യാസത്തിന്റെ സ്വഭാവവും നിശ്ചയിക്കുന്നത് എന്നും വിശദമാക്കുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen + 6 =

Most Popular