“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്”- എന്ന ബെന്യാമിന്റെ വാചകത്തിൽ നിന്നുതന്നെ തുടങ്ങാം. ചരിത്രത്തിലോ വർത്തമാനകാലത്തിലോ അടയാളപ്പെടുത്താതെ പോയ ഒരു കഥയുടെ ചുരുളഴിക്കുകയാണ് അരുൺ എഴുത്തച്ഛൻ വിശുദ്ധ പാപങ്ങളുടെ ഇന്ത്യ എന്ന പുസ്തകത്തിൽ. വായനയുടെ ഓരോ ഘട്ടത്തിലും പൊള്ളലേറ്റു നീറിയ ഒരു മുറിവ് ഉള്ളിൽ കിടപ്പുണ്ട്. ജാതിയും മതവും വിശ്വാസവും കെടുത്തിക്കളഞ്ഞ ജീവിതങ്ങളുടെ കഥയാണ് യാത്രാവിവരണം എന്ന ടാഗ് ലൈനിൽ എഴുതിയ ഈ പുസ്തകം.
പുരാതന കാലം മുതൽതന്നെ ഇന്ത്യയിൽ ദേവദാസി സമ്പ്രദായം നിലനിന്നിരുന്നു എന്നതിന് തെളിവുകളുണ്ട്. ദൈവത്തിന്റെ ദാസി എന്ന അർത്ഥത്തിലാണ് ഈ പദം പ്രയോഗിച്ചുകാണുന്നത്. തെക്കേ ഇന്ത്യയിലാണ് ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട ഒരു ആചാരം എന്ന പേരിൽ ഇത് ആവിർഭവിച്ചത് എന്നാണ് കരുതപ്പെടുന്നത്. ഹൈന്ദവക്ഷേത്രങ്ങളിൽ ദൈവത്തെ പ്രീതിപ്പെടുത്താൻ നേർച്ചയായി സമർപ്പിക്കപ്പെട്ടവരായിരുന്നു ദേവദാസികളായ സ്ത്രീകൾ. ഇന്ത്യയിൽ പലയിടങ്ങളിലും ഈ അ(നാ)ചാരം നിലനിന്നതിന് തെളിവുകളുണ്ട്. എന്നാൽ പണ്ട് ദൈവത്തിന്റെ ദാസികളായി മാറിയവർ പിൽക്കാലത്ത് ഉയർന്ന ജാതിക്കാരുടെ താൽപര്യങ്ങൾക്ക് വിധേയപ്പെട്ട് തുടങ്ങി. ഇന്ത്യയിൽ ദേവദാസി സമ്പ്രദായം നിർത്തലാക്കിയെങ്കിലും ഒളിഞ്ഞും തെളിഞ്ഞും പലയിടങ്ങളിലും ദേവദാസി സമ്പ്രദായം നിലനിന്നതിന്റെ തെളിവുകളാണ് 2016ൽ പുറത്തുവന്ന വിശുദ്ധ പാപങ്ങളുടെ ഇന്ത്യ എന്ന പുസ്തകത്തിൽ.
ഒരു ഞായറാഴ്ച നൽകാനുള്ള ലേഖനത്തിനുവേണ്ടി നടത്തിയ മംഗലാപുരം യാത്രയാണ് ഇന്ത്യയിലുടനീളം സഞ്ചരിച്ച് ഒരു തുറന്ന പുസ്തകമായി പിന്നീട് പുറത്തുവരുന്നത്. രാജ്യത്തിനകത്ത് കൃത്യമായ രാഷ്ട്രീയ താൽപര്യങ്ങളിലൂടെ ഒളിച്ചുകടത്തിക്കൊണ്ടിരുന്ന അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഒരു തുറന്ന പുസ്തകമാണ് വിശുദ്ധപാപങ്ങളുടെ ഇന്ത്യ. ഇത്തരം അന്ധവിശ്വാസവും അനാചാരവും ഇന്ത്യയുടെ ഗ്രാമങ്ങളിൽ അവിടത്തെ കൊടിയ ദാരിദ്ര്യത്തെ മുതലെടുത്തുകൊണ്ടാണ് ആചരിക്കപ്പെടുന്നത്. ഋതുമതിയാവുന്നതോടെ പെൺകുഞ്ഞുങ്ങൾ ദേവദാസിയാക്കപ്പെടുന്നു. കുട്ടികളെ പഠിപ്പിക്കുവാനോ വിവാഹംചെയ്‌തയയ്‌ക്കുവാനോ എല്ലാത്തിലുമുപരി (നല്ല) ഭക്ഷണം നൽകുവാൻപോലും പ്രാപ്തിയില്ലാത്ത കുടുംബങ്ങളിലെ കുഞ്ഞുങ്ങളാണ് പലപ്പോഴും ഇത്തരം ദുരാചാരങ്ങൾക്ക് ഇരയാക്കപ്പെടുന്നത്. ഉയർന്ന ജാതിയിൽപെട്ടവർക്ക് താല്പര്യമുള്ള പെൺകുട്ടികളെ ആചാരത്തിന്റെ പേരിൽ വിശ്വാസത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തി ദേവദാസിയാക്കുന്നതിനെക്കുറിച്ചും പുസ്തകത്തിൽ പറയുന്നുണ്ട്. ഇത്തരം വിശ്വാസങ്ങളുടെ മറവിൽ നടക്കുന്ന ചൂഷണങ്ങൾകൂടിയാണ് ഇവിടെ വിശുദ്ധീകരിക്കുന്നത്. ഇതിനയൈല്ലാം തുറന്നുകാട്ടുകയാണ് ഈ പുസ്‌തകത്തിൽ. ഇന്ത്യൻ ഗ്രാമങ്ങളിലെ ദാരിദ്ര്യത്തിന്റെ നേർചിത്രം പുസ്തകത്തിലുടനീളം അനുഭവിച്ചറിയാൻ കഴിയുന്നു. 200 രൂപ തരാമെങ്കിൽ തന്റെ ഭാര്യയുടെ കൂടെ കിടന്നോളൂ എന്ന് പറയുന്ന റിക്ഷാക്കാരൻ, കടയിൽ നിന്നും അരി വാങ്ങി വരുമ്പോൾ വഴിയിൽവെച്ച് ഭർത്താവിന്റെ മരണവാർത്തയറിഞ്ഞിട്ടും കയ്യിലിരുന്ന അരി താഴെ വലിച്ചെറിഞ്ഞിട്ട് ഓടാതെ (സിനിമാ രംഗങ്ങളിലേത് പോലെ), ദാരിദ്ര്യം കാരണം അത് നെഞ്ചോട് ചേർത്തോടേണ്ടിവരുന്ന ഒരു ഉമ്മ. രാവിലെ രണ്ടു ദോശ കഴിക്കാൻ കഴിയണേ എന്നാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രാർത്ഥന എന്നു പറയുന്ന രേണുക എന്ന പെൺകുട്ടി, കാമാത്തിപുരയിലെ ലൈംഗികത്തൊഴിലാളികളുടെ താവളത്തിൽ നിന്ന് ‘നിനക്ക് ഇവിടെ നിന്ന് രക്ഷപ്പെടാൻ ആഗ്രഹമില്ലേ’ എന്ന് ചോദിക്കുമ്പോൾ ‘ഇവിടെ ഭക്ഷണം കിട്ടുന്നുണ്ട്… എന്തിന് വീട്ടിൽ പോയി പട്ടിണി കിടക്കണം’ എന്ന് തിരിച്ചു ചോദിക്കുന്ന പെൺകുട്ടി. ഇത്തരത്തിൽ ജീവിതത്തോട് ദാരിദ്ര്യംകൊണ്ടു പൊരുതുന്ന അനേകം മനുഷ്യരുടെ കൂടി പുസ്തകമാണ് വിശുദ്ധ പാപങ്ങളുടെ ഇന്ത്യ.
മംഗലാപുരത്തുനിന്ന് തുടങ്ങി കർണാടകയിൽ എത്തുമ്പോൾ, അവിടുത്തെ അന്ധവിശ്വാസങ്ങളുടെ, ആചാരത്തിലധിഷ്ഠിതമായ ഒരു ജനതയുടെ ജീർണ്ണിച്ച ജീവിതത്തിന്റെ ഭീകരതയനുഭവിച്ചറിഞ്ഞ ശേഷമാണ് ഇന്ത്യയിലുടനീളം ഈ അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിക്കുന്നത്. ഒരാൾപോലും ഈ അനാചാരത്തെ എതിർക്കാനായി മുന്നോട്ടുവരുന്നില്ല. മറിച്ച് അവർക്ക് ആവശ്യമുള്ളതു പോലെ അത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ചില മനുഷ്യാവകാശ സംഘടനകളും ഡിവൈഎഫ്ഐ പ്രവർത്തകരും മാത്രമാണ് ഇതിനെതിരെ രംഗത്തുവരികയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. കർണാടകയിൽ വ്യാപകമായി കുട്ടികളെ ദേവദാസിയാക്കൽ പ്രക്രിയകൾ നടന്നിരുന്നു. ദേവദാസി നിരോധന നിയമം ഉണ്ടായിട്ടും തുടർന്നുവന്ന ഇത്തരം അനീതികളെ ചെറുക്കാൻ ആരും തയ്യാറായിരുന്നില്ല. കർണാടകയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകരും കൽക്കട്ടയിലെ മുഖ്യമന്ത്രി ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവൺമെന്റുൺം ഇതിനെതിരെ നടത്തിയ പ്രവർത്തനങ്ങൾ പുസ്‌തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. വിശ്വാസത്തിനുമേൽ ശബ്ദമുയർത്താൻ അവർക്കുള്ള പരിമിതികൾ വ്യക്തമാണ്.
വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിൽ ഒരു ജനതയുടെ ദാരിദ്ര്യം മുതലെടുത്തുകൊണ്ടാണ് ദേവദാസി സമ്പ്രദായം ഇന്ത്യയിലുടനീളം രഹസ്യമായും പരസ്യമായും നിലനിന്നത്. കേട്ടുകേൾവികൾക്കപ്പുറം ഇന്ത്യയുടെ ഇരുളടഞ്ഞുപോയ ഗ്രാമങ്ങളിലേക്കുള്ള വെളിച്ചത്തിന്റെയും പ്രത്യാശയുടെയും തുറവി എന്ന നിലയിൽക്കൂടി ഈ പുസ്തകം പ്രസക്തമാവുന്നുണ്ട്. ആചാരം എന്ന പേരിൽ വിശ്വാസത്തിന്റെ മറവിലൂടെ മാംസക്കമ്പോളത്തിലേക്ക് വലിച്ചെറിയപ്പെട്ട പെൺജീവിതങ്ങൾ പുസ്തകത്തിനുമപ്പുറം ഇനിയും മറനീക്കി വരാനുണ്ട്. കാമാത്തിപുരയിലും ഉച്ചംഗിമലയിലും വൃന്ദാവനിലും കാളിഘട്ടിലും മാത്രമല്ല പാപക്കറ തീരാതെ ഇന്ത്യയുടെ തിരക്കുള്ള തെരുവീഥികളാകെ ഒളിഞ്ഞും തെളിഞ്ഞും ഇത്തരത്തിലുള്ള സ്‌ത്രീവിരുദ്ധ പാപങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. നിയമം കൊണ്ട് നിരോധിക്കപ്പെട്ടാലും ദാരിദ്ര്യവും കൊടിയ ദുരാചാരങ്ങളും സമൂഹത്തിൽ നിലനിൽക്കുന്നിടത്തോളം കാലം ഒരുപാട് രേണുകമാരും ദേവദാസിമാരും പിറന്നുകൊണ്ടേയിരിക്കും. പേരുകൾ മാറാം അപ്പോഴും വിശ്വാസത്താൽ വിശുദ്ധീകരിക്കപ്പെടുന്ന പാപങ്ങൾ നിലനിന്നുകൊണ്ടേയിരിക്കും എന്ന തിരിച്ചറിവിന്റെകൂടി പുസ്തകമാണിത്. l