Thursday, January 30, 2025

ad

Homeപുസ്തകംജീവശാസ്‌ത്രപരമായ ശാരീരികമാറ്റങ്ങളെ എങ്ങനെ നോക്കിക്കാണണം?

ജീവശാസ്‌ത്രപരമായ ശാരീരികമാറ്റങ്ങളെ എങ്ങനെ നോക്കിക്കാണണം?

ഡോ. ടി എൻ സീമ

ജീവശാസ്‌ത്രപരമായ ശാരീരികമാറ്റങ്ങൾ എങ്ങനെ പഠിക്കാം
ഡോ. ലിറ്റിൽ ഹെലൻ എസ്‌ ബി
മൈത്രി ബുക്‌സ്‌

ല്ലാ അറിവുകൾക്കും വിജ്ഞാനത്തിന്റെ തലത്തോടൊപ്പം ഒരു സാമൂഹ്യതലം കൂടിയുണ്ട്. മനുഷ്യന്റെ ശാരീരിക വളർച്ചയെക്കുറിച്ചുള്ള അറിവിൽ ചരിത്രപരമായ കാരണങ്ങളാൽ ഈ സാമൂഹ്യതലം കൂടുതൽ സങ്കീർണമാണ്. മനുഷ്യശരീരം പാപ വസ്തുവാണെന്നും സ്വന്തം ശരീരംപോലും കാണാനും അറിയാനും ശ്രമിക്കരുതെന്നും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന പ്രാചീന മതബോധത്തിനും മനുഷ്യശരീരത്തെ സുഖത്തിനായി എങ്ങനെയും പ്രയോഗിക്കാമെന്ന പുതുതലമുറയുടെ ചിന്തയ്ക്കും ഇടയിൽ മനുഷ്യ ശരീരത്തെക്കുറിച്ചുള്ള ശാസ്ത്രീയ അറിവും ശാസ്ത്രബോധവും തമസ്കരിക്കപെടുന്നതായി പലപ്പോഴും തോന്നാറുണ്ട്. ആർത്തവം, പ്രത്യുൽപാദനം, ലൈംഗികത തുടങ്ങിയ വാക്കുകൾ പോലും ഇപ്പോഴും സങ്കോചത്തോടെ മാത്രം പറയുന്നവരോ അവയെപ്പറ്റി പരസ്യമായി പറയാനേ പാടില്ല എന്നു ചിന്തിക്കുന്നവരോ ആണ് സമൂഹത്തിലെ വലിയ വിഭാഗം. ഈ ചിന്താഗതി മാറ്റിയെടുക്കേണ്ട അധ്യാപകർപോലും ഇത്തരം ചിന്തകൾക്കടിമകളാണ് എന്നതാണ് ദയനീയം. ബയോളജി ക്ലാസിൽ ചില അദ്ധ്യായങ്ങൾ “വീട്ടിൽ പോയി വായിച്ചു പഠിച്ചാൽ മതി” എന്നു പറഞ്ഞ് പഠിപ്പിക്കാതെ വിടുന്ന അധ്യാപകർ പണ്ടത്തെ കുട്ടികളുടെ മാത്രമല്ല ഏറിയും കുറഞ്ഞും ഇപ്പോഴത്തെ കുട്ടികളുടെയും അനുഭവത്തിലുണ്ട്. ശാരീരിക മാറ്റങ്ങൾ, ലൈംഗികത തുടങ്ങിയ വിഷയങ്ങൾ പാഠപുസ്തകങ്ങളുടെ ഭാഗമാക്കി മാറ്റുന്നതിനെ എതിർക്കുന്ന ഒരു വിഭാഗം ആൾക്കാർ സമൂഹത്തിലുണ്ട് എന്നതും പരിഗണിക്കേണ്ടതുണ്ട്.

സ്വന്തം ശരീരത്തെക്കുറിച്ചും പ്രായത്തിനനുസരിച്ച് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും എതിർ ലിംഗവിഭാഗങ്ങളിൽപ്പെടുന്ന മനുഷ്യരുടെ ശാരീരിക സവിശേഷതകളെക്കുറിച്ചുമൊക്കെ ശരിയായ ധാരണയില്ലാത്തത് പല തരത്തിലുമുള്ള ചൂഷണങ്ങളിലേക്കും ശാരീരിക മാനസിക പ്രശ്നങ്ങളിലേയ്ക്കും മരണത്തിലേയ്ക്കുവരേയും നയിക്കുന്ന കാരണങ്ങളായി മാറുന്നുണ്ട്. കൗമാരക്കാർ മാത്രമല്ല, ശിശുക്കൾപോലും ലൈംഗിക ചൂഷണത്തിന് വിധേയമാകുന്ന വാർത്തകൾ ഓരോ ദിവസവും നമ്മെ ഞെട്ടിച്ചുകൊണ്ട് പുറത്തുവരികയാണ്. ഇതിൽ ആൺ-പെൺ-ഇതര ലൈംഗിക വിഭാഗങ്ങൾ എന്ന ഭേദമില്ല എന്നതാണ് അവസ്ഥ. കൗമാര പ്രായത്തിൽ ഗർഭിണികളാക്കപ്പെടുന്നവർ, ഗർഭഛിദ്രത്തിനു വിധേയരാകുമ്പോൾ മരണമടയുന്നവർ എന്നിവരെ സംബന്ധിച്ച് ലോകാരോഗ്യ സംഘടന പോലുള്ള ഏജൻസികൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ ഏവരുടേയും കണ്ണുതുറപ്പിക്കുന്നതാണ്.

എന്താണ് ഈ പ്രശ്നങ്ങൾക്ക് പരിഹാരം? ശരിയായ ലൈംഗിക വിദ്യാഭ്യാസം അമിത ലൈംഗികാസക്തി ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ശരീരം, ലൈംഗികത, പ്രത്യുൽപ്പാദനം തുടങ്ങിയവയെപ്പറ്റിയുള്ള ശരിയായ വിദ്യാഭ്യാസം എങ്ങനെയാണ് നൽകാൻ കഴിയുന്നത്? തീർച്ചയായും ഇത് സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായി ഉണ്ടാകേണ്ടതാണ്. എന്നാൽ പല കാരണങ്ങളാലും ഇത് വേണ്ടത്ര ഉണ്ടാകുന്നില്ല എന്നതാണ് കേരളത്തിലെ സാഹചര്യം. ഈ സാഹചര്യത്തിലാണ് ഡോ. ലിറ്റിൽ ഹെലൻ എസ്.ബി. യുടെ “ജീവശാസ്ത്രപരമായ ശാരീരിക മാറ്റങ്ങൾ എങ്ങനെ പഠിക്കാം?” എന്ന പുസ്തകം പ്രസക്തമാകുന്നത്. കൗമാരത്തിന്റെ സവിശേഷതകൾ, കൗമാര കാലത്ത് വ്യത്യസ്ത ലൈംഗിക വിഭാഗങ്ങളിലുണ്ടാകുന്ന ശാരീരിക മാറ്റങ്ങൾ, സ്ത്രീ പുരുഷ പ്രത്യുൽപ്പാദന അവയവങ്ങളും പ്രത്യുൽപ്പാദന വ്യവസ്ഥയും, ആർത്തവം, ഗർഭധാരണം, ലൈംഗിക ശുചിത്വം, ലൈംഗിക-പ്രത്യുൽപ്പാദന അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾ, വന്ധ്യത എന്നിങ്ങനെ ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുസ്തകത്തിലുൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പംതന്നെ “വിശ്വാസം, അന്ധവിശ്വാസം, ആചാരം ദുരാചാരം” എന്ന പേരിൽ ഒരു ഭാഗം ഏറ്റവും ഒടുവിലായി ഉൾപ്പെടുത്തിയിട്ടുള്ളത് പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്.

ബഹുഭൂരിപക്ഷം പേരും വിശ്വാസികളായ സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഇവരെയല്ലാം വിശ്വാസത്തിനു പുറത്തേയ്ക്ക് കൊണ്ടുവരുന്നത് അപ്രായോഗികമോ, ഒരർത്ഥത്തിൽ ആവശ്യമില്ലാത്തോ ആണ്. എന്നാൽ മനുഷ്യരെ അവരവരുടെ വിശ്വാസങ്ങൾക്കനുസരിച്ച് ജീവിക്കാൻ അനുവദിക്കുന്നതോടൊപ്പംതന്നെ വിശ്വാസത്തിന്റെ പേരിൽ ആരും അവരെ ചൂഷണം ചെയ്യുന്നില്ലെന്നും അവരുടെ വിശ്വാസങ്ങൾ അന്ധവിശ്വാസങ്ങളിലേയ്ക്കും അതുവഴി അനാചാരങ്ങളിലേയ്ക്കും വഴിതെറ്റുന്നില്ലെന്നും ഉറപ്പാക്കേണ്ട ചുമതല സമൂഹത്തിനുണ്ട്. ശാരീരിക സവിശേഷതകളുമായി ബന്ധപ്പെട്ടും ഇത്തരത്തിൽ അനേകം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കേരളീയ സമൂഹത്തിന്റെ പല ഭാഗങ്ങളിലും നിലനിൽക്കുന്നുണ്ട്. അവസാനത്തെ ഈ ഭാഗം ശരീരസംബന്ധിയായ ഇത്തരം അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും കൂടുതൽ കേന്ദ്രീകരിച്ചിരുന്നെങ്കിൽ പുസ്തകത്തിന്റെ പൊതുസ്വഭാവത്തോട് കുറേക്കൂടി ചേർന്നു നിൽക്കുന്നതാകുമായിരുന്നു. ഏതായാലും തൊട്ടാൽ പൊള്ളുന്ന ഈ വിഷയത്തെ ആരെയും മുറിപ്പെടുത്താതെയും എന്നാൽ പറയാനുള്ളത് മുഴുവൻ പറഞ്ഞും വെളിപ്പെടുത്തുന്ന കൈയടക്കം എടുത്തു പറയേണ്ടതാണ്. സമൂഹത്തേയും പ്രപഞ്ചത്തേയും ജീവജാലങ്ങളേയും എതിർലിംഗത്തിൽപെട്ടവരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയിൽ അടിവരയിട്ടാണ് ഈ യൂണിറ്റും ഈ പുസ്തകവും അവസാനിക്കുന്നത്.

പുസ്തകത്തിന്റെ ഉള്ളടക്കത്തോടൊപ്പം തന്നെ അതിന്റെ ഘടനയും എടുത്തുപറയേണ്ടതാണ്. അധ്യാപകർക്കുള്ള കൈപ്പുസ്തകത്തിന്റെ മാതൃകയിലാണ് പുസ്തകം രചിക്കപ്പെട്ടിരിക്കുന്നത്. 25 യൂണിറ്റുകളിലായാണ് (അദ്ധ്യായം എന്നല്ല യൂണിറ്റ് എന്നാണ് നൽകിയിട്ടുള്ളതെന്ന് പ്രത്യേകം ശ്രദ്ധിക്കുക) പുസ്തകം വിന്യസിക്കപ്പെട്ടിരിക്കുന്നത്. ഓരോ യൂണിറ്റിനും 5 വിഭാഗങ്ങളുണ്ട്. ഓരോ യൂണിറ്റിലും ആർജിക്കേണ്ട ലക്ഷ്യങ്ങൾ തുടക്കത്തിൽ നൽകിയിരിക്കുന്നു. തുടർന്ന് അദ്ധ്യാപകർ നടത്തേണ്ട ആമുഖാവതരണത്തിനുള്ള കുറിപ്പാണ്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഗ്രൂപ്പുകളായി തിരിച്ച് സംവാദാത്മകമായി നടത്തേണ്ട ക്ലാസ് റൂം പ്രവർത്തനമാണ് അടുത്ത ഭാഗം. ഇതിന്റെ ഭാഗമായിത്തന്നെ ICT സഹായത്തോടെ ടീച്ചർ നടത്തേണ്ട ക്രോഡീകരണവും മൂല്യനിർണയവും ഉദാഹരണങ്ങൾ സഹിതം ഉൾപ്പെടുത്തിയിട്ടുമുണ്ട്. അവലോകനവും തുടർപ്രവർത്തനവും സംബന്ധിച്ചുള്ള കുറിപ്പുകളാണ് അടുത്ത ഭാഗം. ഓരോ യൂണിറ്റിന്റെയും ഒടുവിലത്തെ ഭാഗമായി അതത് യൂണിറ്റുകളിൽനിന്ന് ആർജിച്ച അറിവുകളും ശേഷികളും ജീവിത നൈപുണ്യ വികസനത്തിന് പ്രയോജനപ്പെടുന്നതെങ്ങനെയെന്ന് വ്യക്തമാക്കിയിരിക്കുന്നു.

പ്രൈമറി ക്ലാസുകൾ മുതൽ ഹയർ സെക്കൻഡറി ക്ലാസുകൾ വരെ പ്രയോജനപ്പെടുത്താവുന്ന സമ്പന്നമായ ഉള്ളടക്കമാണ് ഈ പുസ്തകത്തിലുള്ളത്. പുസ്തകത്തിന്റെ മികവ് പറയുമ്പോൾ തന്നെ ഇവ പ്രയോജനപ്പെടുത്താൻ അദ്ധ്യാപകരെ എങ്ങനെയാണ് പരിശീലിപ്പിക്കേണ്ടത് എന്നതിൽ വ്യക്തതയില്ലാത്തിനാൽ ഈ പുസ്തകവും വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താതെ അവശേഷിക്കുമോ എന്ന ആശങ്ക പങ്കുവയ്ക്കാതിരിക്കാനാവുന്നില്ല. വ്യത്യസ്ത ക്ലാസ് നിലവാരത്തിൽ പുസ്തകത്തിലെ ഏതേത് ഭാഗങ്ങളാണ് പ്രയോഗിക്കേണ്ടത് എന്നത് സംബന്ധിച്ച വ്യക്തതയില്ലാത്തതും അപാകതയായി നിൽക്കുന്നു. എന്നാൽ പ്രതിഭയും പ്രതിജ്ഞാ ബദ്ധതയുമുള്ള അദ്ധ്യാപകർക്ക് ഇതൊന്നും തടസ്സങ്ങളാവാനിടയില്ല.

ക്ലാസ് റൂമുകളിൽ മാത്രമല്ല, അയൽക്കൂട്ടങ്ങളിലും, വായനശാലകളിലും റെസിഡന്റ് അസോസിയേഷൻ യോഗങ്ങളിലുമെല്ലാം ചർച്ച ചെയ്യപ്പെടേണ്ട പുസ്തകമാണിതെന്നതിൽ സംശയമില്ല. അതിന് അനുഗുണമായ അന്തരീക്ഷം കേരളീയ സമൂഹത്തിൽ ഉണ്ടായി വരട്ടെ എന്ന് ആഗ്രഹിക്കുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × one =

Most Popular