Thursday, January 30, 2025

ad

Homeഇക്കണോമിക് നോട്ടുബുക്ക്നാലാം വ്യവസായിക വിപ്ലവം: മിത്തും യാഥാർഥ്യവും - 1

നാലാം വ്യവസായിക വിപ്ലവം: മിത്തും യാഥാർഥ്യവും – 1

കെ എസ്‌ രഞ്‌ജിത്ത്‌

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 73

ധുനിക മനുഷ്യൻ അവന്റെ/അവളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു പരിണാമത്തിലൂടെ കടന്നുപോവുകയാണ് എന്നൊരു നിരീക്ഷണം പല ടെക്നോക്രാറ്റുകളും സാമ്പത്തിക വിദഗ്ധരും സാമൂഹിക ശാസ്ത്രജ്ഞരും മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഒരുപറ്റം നവീന സാങ്കേതികവിദ്യകളുടെ സൃഷ്ടിയായ ഈ പരിണാമത്തെ നാലാം വ്യവസായിക വിപ്ലവം എന്നാണ് പൊതുവെ പറഞ്ഞു വരുന്നത്. പല കാരണങ്ങളാലും, ഈ മാറ്റങ്ങൾ സൃഷ്ടിക്കാനിടയുള്ള പുതിയൊരു ലോകത്തെയും മനുഷ്യനെയും കുറിച്ചുള്ള ചിന്തകൾ വേണ്ടത്ര ശ്രദ്ധയിലേക്ക് ഒരുപക്ഷേ വന്നിട്ടില്ല. മനുഷ്യചരിത്രത്തിൽ മുൻകാലങ്ങളിൽ നടന്നിട്ടുള്ള സാങ്കേതികവിദ്യാ മുന്നേറ്റങ്ങൾ പലതും ഇനിയും എത്തിപ്പെടാത്ത വലിയൊരു ജനവിഭാഗവും പ്രദേശങ്ങളും ഇപ്പോഴും ഭൂലോകത്ത് നിലനിൽക്കുന്നു എന്നത് ഇതിനൊരു കാരണമാകാം. ഏറ്റവും വികസിതമായ രാഷ്ട്രങ്ങളിലേക്കും പ്രദേശങ്ങളിലേക്കും അവിടെ അധിവസിക്കുന്ന ജനങ്ങളിലേക്കുമാണ് ഇതിന്റെ പ്രത്യക്ഷ ഫലങ്ങൾ ഇതിനകം ചെന്നിട്ടുള്ളത് എന്നതും ഇതിന്റെ ഒരു കാരണമാകാം.

അതിശക്തമായ കമ്പ്യൂട്ടിങ് പവറുള്ള, പരസ്പരബന്ധിതമായ ശൃംഖലകളാൽ കണ്ണിചേർക്കപ്പെട്ട, മൊബൈൽ ഉപകരണങ്ങൾ ഉപയോഗിക്കുന്ന നൂറുകണക്കിന് കോടി മനുഷ്യർ, സ്വയം പഠിക്കാൻ ശേഷിയുള്ള കന്പ്യൂട്ടറുകൾ, നിർമിതബുദ്ധിയിലേക്കു കുതിക്കുന്ന ഡിജിറ്റൽ സാങ്കേതികവിദ്യകൾ, ഇതുപകരണത്തിനും കന്പ്യൂട്ടറുകളുടെ ശേഷി പകർന്നു നൽകുന്ന ഐ ഓ ടി (Internet of things) സാങ്കേതിക വിദ്യകൾ, സ്വന്തമായി ഓടാൻ ശേഷിയുള്ള വാഹനങ്ങൾ, 3 D പ്രിന്റിങ്, നാനോ ടെക്നോളജി, ജനറ്റിക് എൻജിനീയറിങ്, ബ്ലോക്ക് ചെയിൻ സാങ്കേതികതകൾ, ക്വാന്റം കമ്പ്യൂട്ടിങ് എന്നിങ്ങനെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളുടെ ഒരു നിര കുറഞ്ഞ കാലയളവിനുള്ളിൽ രംഗപ്രവേശം ചെയ്തതാണ് നാലാം വ്യാവസായികവിപ്ലവത്തെ സാങ്കേതികമായി സാധ്യമാക്കിയ ഘടകങ്ങൾ. ഇതിൽ പലതും അതിന്റെ ബാല്യദശ പിന്നിട്ടിട്ടില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു സംഗതി. പക്ഷേ ഇതിനകം തന്നെ ഇവയിൽ പലതും മനുഷ്യന്റെ ഭൗതികവും ജൈവികവും സാമൂഹികവുമായ ജീവിതത്തിൽ നിർണായകമായ വഴിത്തിരിവുകൾ സൃഷ്ടിച്ചു കഴിഞ്ഞു. ഉല്പാദനം, ഉപഭോഗം, വിതരണം എന്നിങ്ങനെ ഏതാണ്ടെല്ലാ മേഖലകളെയും ഇവ മാറ്റിമറിച്ചുതുടങ്ങിയിരിക്കുന്നു. പുതിയ ബിസിനസ്സ് മാതൃകകൾ ഉയർന്നുവന്നിരിക്കുന്നു. ഭരണകൂടം മുതൽ വിദ്യാലയങ്ങൾ വരെ മനുഷ്യൻ നിർമിച്ച എല്ലാത്തരം സ്ഥാപനങ്ങളെയും പുനർനിർമിക്കുന്നതിലേക്ക് ഇത് നയിക്കുകയാണ്. ഈ മാറ്റങ്ങളുടെ വ്യാപ്തിയും വേഗതയും അമ്പരപ്പിക്കുന്നതും നമുക്ക് ഉൾകൊള്ളാൻ കഴിയാത്തതുമാണ്. സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ രംഗത്തെ പാടെ പുനർനിർമിക്കുന്ന ഈ മാറ്റങ്ങൾ വാർത്തെടുക്കുന്ന ഭാവി മനുഷ്യൻ ആരായിരിക്കും എന്നത് വലിയൊരു ചോദ്യമാണ്. രൂക്ഷമായ അസമത്വങ്ങൾ നിറഞ്ഞ ഒരു ലോകമാണിത്. വളരെ യാഥാസ്ഥിതികമായ വിശ്വാസങ്ങളും ആചാരങ്ങളും തുടരുന്ന പരമ്പരാഗതമായ സമൂഹങ്ങൾ ഒരു വശത്തും ആധുനിക സാങ്കേതികവിദ്യകളുടെ ഗുണഫലങ്ങൾ ജനിക്കുമ്പോൾ മുതൽ ആസ്വദിക്കുന്ന ഒരു വിഭാഗം മറുപുറത്തും ഒരേ പോലെ നിലനിൽക്കുന്ന സാഹചര്യം സൃഷ്ടിക്കാനിടയുള്ള സംഘർഷങ്ങൾ അതീവ ഗുരുതരമായിരിക്കും. കേരളംപോലെ മാനവ വികസന സൂചികകളിൽ ലോക നിലവാരത്തിൽ നിൽക്കുന്ന ഒരു സമൂഹത്തിൽ പോലും ഈ വൈരുധ്യങ്ങൾ പ്രകടമാണ്. ഒരുവശത്ത് നിർമ്മിതബുദ്ധിയും റോബോട്ടിക്‌സും മറുവശത്ത് നരബലിയും ‘മഹാസമാധി’യും‐ – ഇതാണ് ഇന്നത്തെ ലോകം.

ചരിത്രപരമായി നോക്കിയാൽ ഏത് അർത്ഥത്തിലാണ് ഇന്നത്തെ സാങ്കേതികവിദ്യാവിപ്ലവത്തെ നാലാം വ്യാവസായിക വിപ്ലവമെന്ന് അടയാളപ്പെടുത്തുന്നത്? സാമൂഹികമായും സാമ്പത്തികമായും ഉണ്ടാകുന്ന വൻതോതിലുള്ള ഘടനാപരമായ മാറ്റങ്ങളെയാണ് നാം പൊതുവെ വിപ്ലവം എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. എല്ലായിടത്തും അലഞ്ഞുതിരിഞ്ഞു നടന്ന് കായ്കനികൾ ഭക്ഷിച്ചും പുഴകളിലെ ജലം കുടിച്ചും മൃഗതുല്യമായ ജീവിതം നയിച്ചുപോന്നിരുന്ന മനുഷ്യന്റെ ജീവിതത്തിലെ ആദ്യ വിപ്ലവത്തിന് നാന്ദികുറിച്ചത് കൃഷിയും വളർത്തു മൃഗങ്ങളുമാണ്. സ്വന്തമായി കൃഷി ചെയ്ത് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിച്ചു തുടങ്ങിയ ഈ ഘട്ടത്തിനെയാണ് കാർഷികവിപ്ലവം എന്ന്‌ വിളിക്കുന്നത്. ഏതാണ്ട് 10,000 വർഷങ്ങൾക്ക് മുൻപാണ് ഇത് അരങ്ങേറുന്നത്. ഇതിനെ തുടർന്നാണ് വ്യാവസായിക വിപ്ലവങ്ങൾ കടന്നുവരുന്നത്. 18‐ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ, 1760‐1840 കാലത്ത്, ആദ്യത്തെ വ്യാവസായവിപ്ലവം നടന്നു. യന്ത്രങ്ങൾ മനുഷ്യജീവിതത്തിലേക്ക്, അവന്റെ ഉല്പാദനരീതികളിലേക്ക് ഇതോടെ കടന്നുവന്നു. ആവിയന്ത്രങ്ങളുടെ കണ്ടുപിടിത്തവും അതുപയോഗിച്ചു പ്രവർത്തിക്കുന്ന കപ്പലുകളും റെയിൽവെയും പുതിയ ലോകങ്ങൾ താണ്ടാൻ മനുഷ്യനെ സഹായിച്ചു. യന്ത്രങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഉല്പാദനത്തിനു നാന്ദി കുറിക്കപ്പെട്ടു . 19‐ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയും 20‐ാം നൂറ്റാണ്ടിന്റെ ആദ്യവുമായി, വൈദ്യുതി ഉപയോഗപ്പെടുത്തിയുള്ള വൻകിട ഉല്പാദനപ്രവർത്തനങ്ങൾ ആരംഭിച്ചു, ഫാക്ടറികൾ രൂപപ്പെട്ടു. വ്യാവസായിക ഉല്പാദനപ്രവർത്തനങ്ങൾ പുതിയൊരു ലോകത്തെയും മനുഷ്യനെയും സൃഷ്ടിച്ചു. ഇന്ന് നാം കാണുന്ന മനുഷ്യനെയും ദേശരാഷ്ട്രങ്ങളെയും ഇത് സൃഷ്ടിച്ചു. മുതലാളിത്ത യുഗത്തിന് നാന്ദികുറിക്കപ്പെട്ടു. മൂന്നാം വ്യാവസായികവിപ്ലവമെന്ന് പൊതുവെ പറയുന്നത് 1960കളോടെ ആരംഭിച്ച ഇലക്ട്രോണിക്സ് യുഗത്തെയാണ്. സെമി കണ്ടക്ടറുകളും മെയിൻഫ്രെയിം കന്പ്യൂട്ടറുകളും രംഗത്തെത്തി. ഈ ഘട്ടത്തിന്റെ അവസാനത്തോടെ പേഴ്‌സണൽ കന്പ്യൂട്ടറുകളും ഇന്റർനെറ്റും കടന്നുവന്നു. ഇതിന്റെ മുകളിലാണ് നാലാം വ്യാവസായിക വിപ്ലവം ഉയർന്നു വരുന്നത്. നേരത്തെ സൂചിപ്പിച്ച മൊബൈൽ സാങ്കേതികവിദ്യകളും ഹൈസ്പീഡ് ഇന്റർനെറ്റ് സാങ്കേതികവിദ്യകളും നിർമ്മിതബുദ്ധിയും അടങ്ങുന്ന അത്യാധുനിക സാങ്കേതികവിദ്യകൾ തീർത്തും നവീനമായ പുതിയൊരു ലോകത്തെ നിർമിക്കാൻ ആരംഭിച്ചു. സെക്കന്റ് മെഷീൻ ഏജ് എന്നും ഇതിനെ വിളിക്കുന്നു. പുതിയ യന്ത്രങ്ങൾ മനുഷ്യന്റെ ഉടലിന്റെ തന്നെ ഭാഗമായി മാറി എന്നതാണ് ഇക്കാര്യത്തിലെ സുപ്രധാനമായ സവിശേഷത.

ഒരു ശൃംഖലയിൽ കണ്ണിചേർക്കപ്പെട്ട കന്പ്യൂട്ടറുകൾ അടങ്ങിയ ഡിജിറ്റൽ സാങ്കേതികവിദ്യകൾ മാത്രമല്ല നാലാം വ്യാവസായിക വിപ്ലവത്തിന്റെ പ്രധാന സവിശേഷത. മനുഷ്യശരീരത്തിന്റെ പ്രവർത്തനങ്ങളിലേക്കും അവന്റെ തലച്ചോറിന്റെയും ജീനുകളുടേയുമൊക്കെ ദുരൂഹതകളിലേക്കും കടന്നുചെല്ലാനും അവയെ ഡീകോഡ് ചെയ്യാനും സാധിച്ചു എന്നതും ഇതിൽ സുപ്രധാനമാണ്. ഇതിന്റെ വിശദാംശങ്ങളിലെക്ക് വഴിയേ കടന്നു വരാം.
ഈ മാറ്റങ്ങളെ വിലയിരുത്തുന്ന പലരും കേവലം സാങ്കേതിക വിദ്യയുടെ പക്ഷത്തുനിന്നും ഇവയെ നോക്കിക്കാണുന്നവരാണ്. ലോകത്താകെയുള്ള മനുഷ്യരെ ഇവ എങ്ങനെയൊക്കെയാണ് സ്വാധീനിച്ചത് എന്നതിന്റെ വിശദാംശങ്ങളിലേക്ക് ഒട്ടുമിക്ക ആൾക്കാരും കടന്നുചെല്ലാറില്ല. രണ്ടാം വ്യാവസായിക വിപ്ലവത്തിന്റെ നേട്ടങ്ങൾ ഇനിയും ലഭിക്കാത്ത 130 കോടി മനുഷ്യർ, ലോക ജനസംഖ്യയുടെ അഞ്ചിലൊന്ന്, ഇപ്പോഴും ലോകത്തുണ്ട്. മൂന്നാം വ്യാ വസായികവിപ്ലവം സൃഷ്ടിച്ച സാങ്കേതിക നേട്ടങ്ങൾ 400 കോടി ജനങ്ങളിലേക്ക്, ലോക ജനസംഖ്യയുടെ പകുതി, ഇനിയും എത്തിച്ചേർന്നിട്ടില്ല. 120 വർഷങ്ങൾ വേണ്ടിവന്നു നെയ്‌ത്ത്‌യന്ത്രങ്ങൾ യൂറോപ്പിനു പുറത്തേക്ക് എത്തിച്ചേരാൻ. സമീപകാലത്തു മാത്രം നമ്മുടെ നാട്ടിലെത്തിയ കൊയ്‌ത്ത്‌യന്ത്രങ്ങൾ 150 വർഷങ്ങൾക്ക് മുൻപേ യൂറോപ്പിൽ ഉപയോഗിക്കപ്പെട്ടു തുടങ്ങിയിരുന്നു. l
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

9 + 10 =

Most Popular