Thursday, January 30, 2025

ad

Homeസിനിമരേഖാചിത്രം: നിഗൂഢതകളുടെ നൂൽക്കുരുക്ക്

രേഖാചിത്രം: നിഗൂഢതകളുടെ നൂൽക്കുരുക്ക്

കെ എ നിധിൻ നാഥ്

രു ഫോട്ടോയിൽ നിന്ന്‌ തുടങ്ങി ആരാണ്‌ കൊല്ലപ്പെട്ടത്‌, ആരാണ്‌ കൊന്നത്‌ എന്നത്‌ കണ്ടെത്താനുള്ള അന്വേഷണം. ഒരു കുറ്റാന്വേഷണ സിനിമയുടെ വാർപ്പിലേക്ക്‌ ഇതര ചരിത്രം (ആൾട്ടർനേറ്റ്‌ ഹിസ്റ്ററി) ജോണറിൽ ഒരുക്കിയ ചിത്രമാണ്‌ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്‌ത രേഖാചിത്രം. നിഗൂഢത നിറഞ്ഞ്‌ നിൽക്കുന്ന കഥാപരിസരത്തിൽ വിവേക്‌ (ആസിഫ്‌ അലി) എന്ന പൊലീസ്‌ ഓഫീസർ കുറ്റം തെളിയിക്കാൻ നടത്തുന്ന പരിശ്രമമാണ്‌ കഥാപശ്ചാത്തലം. അതേസമയം അതിന്റെ ചുരുളഴിക്കുന്തോറും കഥാഗതി കൂടുതൽ സങ്കീർണ്ണമാവുകയാണ്‌. ഈ കഥാഗതിയിലേക്കാണ്‌ മലയാള സിനിമയ്‌ക്ക്‌ പരിചിതമല്ലാത്ത ഇതര ചരിത്രം സന്നിവേശിപ്പിക്കുന്നത്‌. ഇത്‌ സിനിമയെ മികച്ച കാഴ്‌ചാനുഭവമാക്കി മാറ്റുന്നു. നാല്‌ പതിറ്റാണ്ട്‌ മുൻപ്‌ ഒരു സിനിമാ സെറ്റിൽ നടന്ന സംഭവമാണ്‌ കുറ്റകൃത്യ പശ്ചാത്തലം. ആ സംഭവം ഇപ്പോൾ അന്വേഷിക്കുന്നു. മലയാളത്തിലെ കൾട്ട്‌ ക്ലാസിക്ക്‌ സിനിമയുടെ ചിത്രീകരണത്തിന്റെ പുനരാവിഷ്‌കാരവും അതിലേക്ക്‌ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കഥാപാത്ര പുനർനിർമാണവുമെല്ലാം രേഖാചിത്രം സാധ്യമാക്കിയിട്ടുണ്ട്‌.

സിനിമ ആവശ്യപ്പെടുന്ന രീതിയിൽ സാങ്കേതിക വിദ്യയുടെ കൃത്യമായ ഉപയോഗമെന്നതിന്‌ രേഖാചിത്രം നല്ലൊരു മാതൃകയും തീർക്കുന്നുണ്ട്‌. കേൾക്കുമ്പോൾ തന്നെ ആരെയും ആകർഷിക്കുന്ന തിരക്കഥയാണ്‌ ജോണ്‍ മന്ത്രിക്കലും രാമു സുനിലും ചേർന്ന്‌ ഒരുക്കിയിട്ടുള്ളത്‌. അതേസമയം സിനിമ എന്ന നിലയിൽ ദൃശ്യ–- ശബ്ദ ഭാഷ നൽകുകയെന്നത്‌ വലിയ വെല്ലുവിളിയുമാണ്‌. ആ ബുദ്ധിമുട്ടേറിയ ഇടപെടലാണ്‌ ജോഫിൻ ഭംഗിയായി നിർവ്വഹിച്ചത്‌. സിനിമയുടെ ആസ്വാദന തലം കൃത്യമായി നിലനിർത്താനായി സാങ്കേതിക വിഭാഗത്തെയും സിനിമയിലേക്ക്‌ ഇഴുകിച്ചേർത്ത രീതിയിലാണ്‌ സിനിമയുടെ വികാസം. രണ്ട്‌ കാലം പറയുന്ന സിനിമയിൽ അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണം എടുത്ത്‌ പറയേണ്ടതാണ്‌. കുറ്റകൃത്യം, അതിന്റെ അന്വേഷണം എന്ന നിലയിൽ പ്രേക്ഷകർക്ക്‌ കാലഘടനയിൽ ലഭിക്കുന്ന തുടർച്ച ഏറെകുറേ ഉറപ്പാക്കുന്നതിൽ ദൃശ്യങ്ങൾക്ക്‌ വലിയ പങ്കുണ്ട്‌. രംഗങ്ങളെ സന്നിവേശിപ്പിച്ച എഡിറ്റര്‍ ഷമീര്‍ മുഹമ്മദും കാഴ്‌ചയുടെ ചരട്‌ മുറിയാതെ സൂക്ഷിക്കുന്നുണ്ട്‌.

ത്രില്ലറുകൾ എന്നാൽ ആകാംഷയുടെ മുൾമുനയിൽ നിർത്തുക എന്ന ടെംപ്ലേറ്റ്‌ ചിന്തയിൽ നിന്ന്‌ കഥാഘടനയിലും അവതരണത്തിലും രേഖാചിത്രം മാറി നടക്കുന്നുണ്ട്‌. ഇതിന്റെ ഭാഗമായി തന്നെയാകണം സൗണ്ട്‌ ഡിസൈനിലും മാറ്റമുണ്ട്‌. ഞെട്ടിക്കാനും ത്രില്ലടിപ്പിക്കാനും ശബ്ദത്തിന്റെ അമിതഉപയോഗം എന്ന സ്ഥിരം രീതി ഇവിടെ ഉപേക്ഷിച്ചിട്ടുണ്ട്‌. പകരം വളരെ മിനിമലിസ്റ്റിക്കായ ശബ്ദ പരിചരണമാണ്‌ ചിത്രത്തിന്റേത്‌. മുജീബ് മജീദ് ആണ് സംഗീതം. ജയദേവന്‍ ചക്കാടത്ത് സൗണ്ട് ഡിസൈനും നിർവഹിച്ചു.

ആസിഫ്‌ അലി കഴിഞ്ഞാൽ സിനിമയിൽ പ്രാധാന്യമുള്ള കഥാപാത്രം ആനശ്വരയുടേതാണ്‌. കഥാപാത്രം ആവശ്യപ്പെടുന്ന മീറ്ററിൽ അനശ്വര കഥാപാത്രത്തെ ഭദ്രമാക്കിയിട്ടുണ്ട്‌. സിദ്ദീഖ്, മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, ഭാമ അരുൺ, സുധി കോപ്പ, മേഘ തോമസ്, ടി ജി. രവി, ശ്രീജിത്ത് രവി, ഷഹീൻ സിദ്ദീഖ്, പഴയകാല നടി സലീമ എന്നിങ്ങനെ വലിയ നിര അഭിനേതാക്കളും സിനിമയ്‌ക്ക്‌ പൂർണത നൽകുന്നുണ്ട്‌. കഥാഗതിയെ നിർണയിക്കുന്ന രീതിയിൽ നിർണായകഘട്ടങ്ങളിൽ അതിഥി താരങ്ങളും എത്തുന്നുണ്ട്‌.

സിനിമ തെരഞ്ഞെടുക്കുന്നതിൽ ഏറെ പഴികേട്ട ആസിഫ്‌ അലി സ്വയം നവീകരിച്ച്‌ തിരിച്ചെത്തിയ വർഷമായിരുന്നു 2024. അത്‌ 2025ലും തുടരുമെന്നതിന്റെ സൂചന കൂടിയാണ്‌ രേഖാചിത്രം. കഥാപാത്ര തെരഞ്ഞെടുപ്പുകളിലെ പുതുമയും സാധ്യതകളും കൃത്യമായി മനസിലാക്കിയാണ്‌ സമീപകാലത്ത്‌ ആസിഫ്‌ സിനിമകൾ പ്രേക്ഷകരിലേക്ക്‌ എത്തിയത്‌. കിഷ്‌കിന്ധാകാണ്ഡത്തിലെ അജയ്‌ ചന്ദ്രനും രേഖാചിത്രത്തിലെ വിവേകുമായെല്ലാം ശരീരഭാഷയിലും കഥാപാത്രമായി പകർന്നാടുന്നതിലെ ആയാസതയിലും ആസിഫ്‌ ഞെട്ടിക്കുന്നുണ്ട്‌. തലവനിലെ പൊലീസ്‌ കഥാപാത്രത്തിൽനിന്ന്‌ രേഖാചിത്രത്തിലേക്കെത്തുമ്പോൾ കഥാപാത്രങ്ങളെ തന്റേതായ ശൈലിയിൽ ആവിഷ്‌കരിക്കുന്നതിൽ ആസിഫ്‌ വിജയിക്കുന്നുണ്ട്‌. ദി പ്രീസ്റ്റ്‌ എന്ന ആദ്യ ചിത്രത്തിൽ നിന്ന്‌ രേഖാചിത്രത്തിലേക്ക്‌ എത്തുമ്പോൾ സംവിധായകൻ എന്ന നിലയിൽ ജോഫിൻ സാധ്യമാക്കിയ മികവിന്‌ കൈയ്യടിച്ചേ മതിയാകൂ. മികച്ച തിരക്കഥയ്‌ക്ക്‌ കഥാപാത്ര പ്രകടനത്തിന്റെ മികവിലും സാങ്കേതികതയുടെ ഉപയോഗത്താലും വളരെ ബുദ്ധിപുർവ്വം ഒരുക്കിയ ചിത്രമാണ്‌ രേഖാചിത്രം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three + 15 =

Most Popular