മലയാള സിനിമയുടെ, വിശേഷിച്ചും അതിലെ മുഖ്യധാരയുടെ സമീപകാല ചരിത്രത്തിലൊന്നും ഒരു സിനിമ രാഷ്ട്രീയ ഉള്ളടക്കംകൊണ്ട് എമ്പുരാനോളം ചർച്ചയായിട്ടില്ല. ജനപ്രിയ സിനിമകൾ പൊതുവേ സ്വീകരിക്കുന്നസമീപനം പരമാവധി അതിന്റെ ഉള്ളടക്കത്തെ അരാഷ്ട്രീയമാക്കുകയോ വലതുപക്ഷ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുക എന്നതാണ്. സിനിമയിൽ, പ്രത്യേകിച്ചും മുഖ്യധാരാ സിനിമയിൽ കക്ഷിരാഷ്ട്രീയ സമവാക്യങ്ങളും അധികാരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ അന്തരീക്ഷങ്ങളുമൊഴിച്ച് പ്രത്യയശാസ്ത്രപരമായ രാഷ്ട്രീയത്തെ ഉൾക്കൊള്ളിക്കുന്നത് വലിയ പാപമായിട്ടാണ് സിനിമാക്കാർ കരുതുന്നത്. തങ്ങൾക്ക് രാഷ്ട്രീയമില്ലെന്നും തങ്ങളുടെ സൃഷ്ടികൾ രാഷ്ട്രീയനിരപേക്ഷമാണെന്നും ചലച്ചിത്രകാരർ അവകാശപ്പെടുന്നത് സാധാരണമാണെന്നും, എന്നാൽ ഈ അരാഷ്ട്രീയത പ്രതിലോമകരമായ ഒരു രാഷ്ട്രീയ ധിക്കാരമാണെന്നും വിഖ്യാത ചലച്ചിത്ര നിരൂപകനും ചിന്തകനുമായ രവീന്ദ്രൻ (ചിന്ത രവി) കരുതുന്നുണ്ട്.
നവതി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ദൃശ്യമാധ്യമങ്ങൾക്കൊന്നിൽ എം ടി വാസുദേവൻ നായർ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ ചേർന്ന് അഭിമുഖങ്ങൾ നൽകിയിരുന്നു. അത്തരമൊരു അഭിമുഖത്തിൽ മമ്മൂട്ടി പറയുന്നുണ്ട്, പയ്യമ്പിള്ളി ചന്തുവിനെ മുഖ്യ കഥാപാത്രമാക്കി ഒരു സിനിമ എം ടി ആലോചിച്ചിരുന്നു. എന്നാൽ പയ്യമ്പിള്ളി ചന്തു രാജഭരണത്തെ പിന്തുണയ്ക്കുന്ന രംഗങ്ങൾ വേണ്ടിവരും എന്നതിനാൽ ആ ചിത്രം എം ടി ഉപേക്ഷിക്കുകയായിരുന്നു. വലിയ വാണിജ്യ സാധ്യതകൾ ഉണ്ടായിരുന്നിട്ടും ദൃശ്യപരമായി സിനിമയെ ഉപയോഗിക്കാമായിരുന്നിട്ടും തന്റെ ജനാധിപത്യ ബോധ്യത്തിൽ ഉറച്ചുനിന്ന ഒരു എംടിയെ നമുക്ക് ഇവിടെ കാണാം.
50 വർഷങ്ങൾക്കിപ്പുറം നിർമ്മാല്യം എന്ന ചിത്രം ചർച്ച ചെയ്യപ്പെടുന്നത് അതിലെ ഒരു രംഗത്തിന്റെ പേരിലാണ്. ഛായാഗ്രാഹകനും സംവിധായകനുമായ വേണുവുമായി മാധ്യമ പ്രവർത്തകയായ മനില സി മോഹൻ നടത്തുന്ന ഒരഭിമുഖത്തിൽ, ഇങ്ങനെ ചോദിക്കുന്നുണ്ട്: ” ഈ കാലത്തായിരുന്നെങ്കിൽ നിർമാല്യം എന്ന ചിത്രം ഇറങ്ങുമായിരുന്നോ’ എന്ന്. മലയാളിയുടെ സിനിമാ സാംസ്കാരിക മണ്ഡലത്തിൽ നിർമാല്യം എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഏറെക്കാലമായി നിലനിൽക്കുന്ന ഒരു ചോദ്യമാണിത്. അതിന്റെ പ്രധാനപ്പെട്ട കാരണം നിർമാല്യം എന്ന ചിത്രത്തിന്റെ ക്ലൈമാക്സാണ്. ഉറഞ്ഞുതുള്ളി ഉടവാൾകൊണ്ട് തലവെട്ടിപ്പിളർക്കുന്ന വെളിച്ചപ്പാട്, തന്റെ ചോരയും വിയർപ്പും ഉമിനീരും പ്രതിഷ്ഠയുടെ നേർക്ക് തുപ്പുന്നതാണ് ഈ ചിത്രത്തിന്റെ ക്ലൈമാക്സ്.
എന്തുകൊണ്ടാണ് ഇത്തരമൊരു ക്ലൈമാക്സ് ഈ കാലഘട്ടത്തിൽ സാധ്യമാണോ എന്ന് നാം കരുതുന്നത്? ഇന്ത്യയുടെ മതേതര സ്വത്വത്തെ മുഴുവനായും മുറിവേൽപ്പിക്കുന്ന ഒരു ദൃശ്യമാണ് ബാബറി മസ്ജിദിന്റെ താഴികക്കുടം ഹിന്ദുത്വ തീവ്രവാദികൾ അടിച്ചുടയ്ക്കുന്ന ദൃശ്യം. അതാവട്ടെ, ഏതെങ്കിലുമൊരു സിനിമയിലെ സാങ്കൽപ്പികമായ ദൃശ്യമല്ല. ബഹുസ്വരമായ ഭരണഘടനയുള്ള ഒരു ദേശരാഷ്ട്രത്തിലെ മുഴുവൻ അധികാര സ്വരൂപങ്ങളെയും നോക്കുകുത്തികളാക്കിക്കൊണ്ട് അക്രമോത്സുക ഹിന്ദുത്വ വാദികൾ നടത്തിയ ഒരു ഓപ്പറേഷനാണത്. അത്തരമൊരു ദൃശ്യം കൺമുന്നിൽ അനുഭവിച്ച ഒരു ജനതയ്ക്ക് എന്തുകൊണ്ടാണ്, സിനിമ പോലൊരു സാങ്കൽപ്പിക പരിസ്ഥിതിക്കകത്തെ ഒരു ഹിന്ദുവിഗ്രഹത്തിന്റെ നേർക്ക് ഒരു ഹിന്ദു വെളിച്ചപ്പാട് നടത്തുന്ന ചെയ്തിയെ സ്വീകരിക്കാൻ കഴിയാത്തത്?
രാഷ്ട്രീയമായി തോൽക്കുമ്പോഴും സാംസ്കാരികമായി വിജയിച്ചുകൊണ്ടേയിരിക്കുന്ന പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വത്തിന്റേതെന്ന് നിരീക്ഷകനായ കെ ഇ എൻ പറയുന്നുണ്ട്. നമ്മുടെ കലാസ്വാദന ശേഷിയിൽ വരെ അദൃശ്യമായ ഒരു ഭയത്തെ നിലനിർത്തികൊണ്ടു പോരാൻ ഹിന്ദുത്വത്തിന് കഴിയുന്നുണ്ട്. സമീപകാലത്ത് പഠാൻ എന്ന സിനിമക്കെതിരെ ഹിന്ദുത്വവാദികൾ നടത്തിയ കോലാഹലം നമുക്കറിയാവുന്നതാണല്ലോ. ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ ദീപിക പദുകോൺ ഇട്ട ബിക്കിനിയുടെ നിറം കാവി ആയതിനാൽ വിറളി പിടിച്ച് സിനിമക്കെതിരെ കാമ്പെയ്ൻ നടത്തുന്നതുവരെയായി കാര്യങ്ങൾ. സിനിമകൾക്ക് സനാതന സെൻസറിങ്ങിനായി പത്തംഗ സന്യാസി സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
നിശ്ചയമായും, അദ്യശ്യമായ ഭീതിയുടെ ഇക്കാലത്തായിരുന്നെങ്കിൽ ഹിന്ദു ദൈവത്തിന്റെ വിഗ്രഹത്തിലേക്ക് തുപ്പുന്ന ഒരു ക്ലൈമാക്സ് സാധ്യമാകുമോ എന്നത് സംശയമാണ്.
ഈ ആശങ്കയെ സാധൂകരിക്കുന്നതാണ് സമീപകാല മലയാള സിനിമ ചരിത്രത്തിൽ എമ്പുരാന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ സാംസ്കാരിക ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ. മലയാള സിനിമാ ചരിത്രത്തിൽ ഇറങ്ങിയ ഏറ്റവും ചെലവേറിയ ചിത്രമാണ് എമ്പുരാൻ എന്ന് അതിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. ഇത്രയും വലിയ സന്നാഹങ്ങളോടെ, ഇന്ത്യയൊട്ടാകെ ഒരു മലയാള ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത് നാം അടുത്തകാലത്തൊന്നും കണ്ടിട്ടുമില്ല. അത്തരമൊരു ചിത്രം, പ്രത്യേകിച്ചും മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറായ, വലിയ താരാരാധക സമ്പത്തുള്ള മോഹൻലാൽ അഭിനയിക്കുന്ന, മലയാളത്തിലെ വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ ഒരു സിനിമ ചില ഫോർമുലകൾക്ക് കീഴ്പ്പെടേണ്ടിവരും എന്നത് തീർച്ചയാണ്. അതിന്റെ വാണിജ്യവിജയ സാധ്യത മാത്രമാണ് ആ സിനിമയുടെ നിശ്ചയമായ ലക്ഷ്യം. വാസ്തവത്തിൽ അങ്ങനെതന്നെ ഒരുക്കപ്പെട്ട ഒരു വീര താരകേന്ദ്രീകൃത പ്രതികാരനായക സങ്കല്പങ്ങളുള്ള നമ്മുടെ സിനിമാസ്വാദനത്തെ തെല്ലും മുന്നോട്ടുകൊണ്ടുപോകാൻ ശേഷിയില്ലാത്ത ആഖ്യാനശൈലി തന്നെയാണ് എമ്പുരാനും പിന്തുടരുന്നത്.
എന്നാൽ ഒരു താരകേന്ദ്രീകൃത സിനിമയുടെ എല്ലാ കച്ചവട ചർച്ചകളും റിലീസിനുശേഷം എമ്പുരാനിൽ അട്ടിമറിക്കപ്പെട്ടു. മണിക്കൂറുകൾ എന്ന കണക്കിന് സംഭവബഹുലമായ കാര്യങ്ങൾ എമ്പുരാനെ ചൊല്ലി നമ്മുടെ സാംസ്കാരിക ലോകത്ത് നടക്കുന്നു. അതിനു കാരണം ഈ ചിത്രത്തിൽ ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള, അതിലെ ഹിന്ദുത്വ തീവ്രവാദികളുടെയും ആർഎസ്എസിന്റെയും പങ്കിനെക്കുറിച്ചുള്ള നേരിട്ടുള്ള പരാമർശങ്ങളുണ്ടായി എന്നതാണ്. അഥവാ ഈ ചിത്രം 2002 ൽ നടന്ന ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യയെ ഓർമിപ്പിക്കുന്നു എന്നതാണ്. മുസ്ലിം പള്ളിയോട് ചേർന്നുള്ള തെരുവിൽ ഹിന്ദുത്വവാദികൾ ഒരു മുസ്ലിം ചെറുപ്പക്കാരനെ അടിച്ചു കൊല്ലുന്നതിൽ നിന്ന് തുടങ്ങുന്ന നിഷ്ഠുരമായ ഗുജറാത്ത് വംശഹത്യയുടെ ചരിത്രത്തെ ഓർമ്മിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഈ സിനിമയുടെ ആദ്യ ഭാഗത്തെ പകുതിയിലധികം സമയവും ചിത്രീകരിക്കുന്നത്. കേവലമായ പരാമർശങ്ങളോ സംഭാഷണങ്ങളിലെ രേഖപ്പെടുത്തലുകളോ അല്ലാതെ ദൃശ്യപരമായി തന്നെ ഒരു മണിക്കൂറിനടുത്ത് ഇത്തരമൊരു വലിയ കച്ചവട സിനിമയിൽ മുസ്ലിം വംശഹത്യ കൃത്യമായി ആവിഷ്കരിച്ചിരിക്കുന്നു. തങ്ങളുടെ തൊട്ടടുത്ത ഗ്രാമത്തിലെ ഹിന്ദുവായ സുഭദ്ര ബെൻ എന്ന സ്ത്രീയുടെ വീട്ടിൽ അഭയം പ്രാപിച്ച കലാപത്തിനിരയായ മുസ്ലീങ്ങളെ, അതിൽതന്നെ ഗർഭിണിയടക്കമുള്ള സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ബൽരാജ് അഥവാ ബാബാ ബജ്രംഗി എന്ന വില്ലൻ തിരഞ്ഞുപിടിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുന്നതും കൊല്ലുന്നതുമായ രംഗങ്ങളാണ് സിനിമയുടെ ആദ്യഭാഗം. ഈ സംഭവത്തിനെ ഗുജറാത്ത് വംശഹത്യയുമായി നേരിട്ട് ബന്ധപ്പെടുത്തണം എന്ന നിർബന്ധം ഇതിന്റെ എഴുത്തുകാരനും സംവിധായകനും ഉണ്ടായിരുന്നു എന്നതിനുള്ള തെളിവാണ് ഈ രംഗത്തിന് മുൻപായി എഴുതി കാണിക്കുന്ന 2002 ഇന്ത്യ എന്ന വർഷവും സ്ഥലനാമവും. കൂടാതെ ഗുജറാത്ത് വംശഹത്യയുടെ മുഖ്യ കുറ്റവാളിയായി ശിക്ഷ അനുഭവിച്ച ബാബു എന്ന യഥാർത്ഥ ഹിന്ദുത്വ ഭീകരവാദിയുടെ പേരിനോട് സാമ്യമുള്ള ബാബാ ബജ്രംഗി എന്ന കഥാപാത്രത്തെ സൃഷ്ടിക്കുകയും അയാളെ ഈ സിനിമയിലെ വില്ലനായി പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.
കലാപത്തിന്റെ പശ്ചാത്തലത്തിൽ സുഭദ്രാ ബെന്നിന്റെ വീട്ടിൽ അഭയം തേടുന്ന മസൂദിനോടും അനുയായികളോടും സുഭദ്രാ ബെൻ പറയുന്നത് നിങ്ങൾ ഇപ്പോൾ കണ്ടത് മതം രാഷ്ട്രീയത്തിൽ കലരുന്നതിന്റെ ഫലമാണ് എന്നാണ്. അള്ളാഹു നിങ്ങളെ രക്ഷിക്കട്ടെ എന്ന് മസൂദ് അവരെ അഭിവാദ്യം ചെയ്യുമ്പോൾ റാം നിങ്ങളെയും രക്ഷിക്കട്ടെ എന്ന് സുഭദ്ര പ്രത്യഭിവാദനം ചെയ്യുന്നു. ഇന്ത്യൻ ജനത അവരുടെ ഉള്ളിൽ കെടാതെ കാക്കുന്ന മതേതരത്വം എന്ന വെളിച്ചത്തിന്റെ ഉദാഹരണമാണിത്. തൊട്ടടുത്ത രംഗത്തിൽ ബുൾഡോസറുമായി സുഭദ്ര ബെന്നിന്റെ വീടിന്റെ കവാടം ഇടിച്ചു തകർക്കുന്ന, പിന്നീട് കൊലപാതകങ്ങളും ബലാത്സംഗങ്ങളും ചെയ്യുന്ന ഹിന്ദുത്വ തീവ്രവാദികളെയാണ് കാണിക്കുന്നത്. ഉത്തരേന്ത്യയിൽ മുസ്ലീങ്ങളുടെ വീടുകൾ തിരഞ്ഞുപിടിച്ച് പൊളിക്കാൻ ഗവൺമെന്റും ഹിന്ദുത്വ തീവ്രവാദികളും ഉപയോഗിച്ചിരുന്നത് ബുൾഡോസറുകളാണ്.
ബാബ ബജ്രംഗി എന്ന വില്ലൻ പിന്നീട് ഇന്ത്യയുടെ പരമാധികാര സ്ഥാനത്ത് എത്തുന്നതുമായി ബന്ധപ്പെട്ട പരാമർശങ്ങളും കേരളം പോലെ ഒരു തുരുത്തിനെ മുക്കിക്കൊല്ലണം എന്ന തരത്തിലുള്ള പരാമർശങ്ങളും നടത്തുന്നുണ്ട്.
ഇങ്ങനെ സംഘപരിവാറിന്റെ സമീപകാല ചരിത്രത്തിലെ എല്ലാ പ്രൊജക്ടുകളെയും അവരുടെ നയപരിപാടികളെയും അവരുടെ പ്രത്യയശാസ്ത്രത്തെയും കേരളം എന്ന മതനിരപേക്ഷവും സുരക്ഷിതവുമായ ഒരു ഇടം ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട അവരുടെ രീതികളെയും പ്രവർത്തനങ്ങളെയും വെള്ളിത്തിരയിൽ തുറന്നുവയ്ക്കുന്നുണ്ട് ഈ ചിത്രത്തിന്റെ സ്രഷ്ടാക്കൾ. ഇക്കാരണങ്ങളാണ് ഹിന്ദുത്വ തീവ്രവാദികളെ പ്രകോപിപ്പിക്കുന്നതും വിറളി പിടിപ്പിക്കുന്നതും. ചരിത്രത്തെ മായ്ക്കാൻ ശ്രമിച്ച് സംഘപരിവാറിന്റേതായ പുതിയ ചരിത്രത്തെ സൃഷ്ടിക്കാൻ അവർ ശ്രമിക്കുന്ന ഇൗ കാലത്ത് ഒരു മുഖ്യധാരാ സിനിമ മനുഷ്യത്വരഹിതമായ സംഘപരിവാർ ചരിത്രത്തെ തുറന്നുകാണിക്കുന്നത് നിശ്ചയമായും അവരെ പ്രകോപിപ്പിച്ചിട്ടുണ്ട്.
കാശ്മീർ ഫയൽസ്, കേരള സ്റ്റോറി തുടങ്ങിയ പ്രൊപ്പഗാണ്ട ചിത്രങ്ങളിലൂടെ സിനിമാസാംസ്കാരിക ലോകത്തും തങ്ങളുടെ തുറന്ന സാന്നിധ്യം ഉറപ്പിക്കുന്ന സംഘപരിവാറിന്റെ സാംസ്കാരിക ലോകത്തെ സംബന്ധിച്ച് എമ്പുരാൻ അവർക്ക് വലിയ വെല്ലുവിളിയും വലിയ ഭയവും നിറയ്ക്കുന്നു. ഭരണവർഗത്തിന്റെ താത്പര്യങ്ങളെയും പ്രത്യയശാസ്ത്രത്തെയും പിൻപറ്റുകയും അതിനെ ആഘോഷിക്കുകയും ചെയ്യുന്ന കലാ സൃഷ്ടികളെയാണ് പ്രചരണ കല എന്ന് വിളിക്കുന്നത്. സിനിമ എന്ന കലാരൂപത്തിന് ബഹുജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ശേഷി മറ്റു കലകളെ അപേക്ഷിച്ച് വളരെയധികം കൂടുതലാണ്. ലോകത്ത് ആദ്യമായി ഒരു ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത് വെനീസിൽ മുസോളിനിയാണ്. 1935 ൽ ലെനി റീഫൻസ്റ്റാൾ എന്ന ചലച്ചിത്ര സംവിധായിക ഹിറ്റ്ലറുടെ വലിയ ഒരു ബഹുജന റാലി ഷൂട്ടു ചെയ്യുന്ന ‘ട്രയംഫ് ഓഫ് വിൽ’ എന്ന ചിത്രം എടുക്കുകയുണ്ടായി. പ്രൊപ്പഗാണ്ട സിനിമയുടെ മാത്രമല്ല, സിനിമ എന്ന കലാരൂപത്തിന്റെ തന്നെയും അന്നോളം വരെയുള്ള എല്ലാ സാധ്യതകളും ഉൾച്ചേർത്ത ചിത്രമായിരുന്നു ട്രയംഫ് ഓഫ് വിൽ.ഭരണവർഗത്തിന്റെ സ്ഥാപിത താത്പര്യങ്ങളെ പിന്തുണക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉറി തുടങ്ങിയ പ്രൊപ്പഗാണ്ട ചിത്രങ്ങൾ സമീപകാലത്തായി പുറത്തിറങ്ങിയിരുന്നു. വളരെയടുത്ത് പുറത്തിറങ്ങിയ കശ്മീർ ഫയൽസ് എന്ന ചിത്രത്തിനെ ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. മേളയുടെ സമാപനത്തിൽ വെച്ച് ഇസ്രയേലി സംവിധായകനും മേളയുടെ ജൂറി അധ്യക്ഷനുമായ നദവ് ലാപിഡ് കശ്മീർ ഫയൽസിനെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. എങ്ങനെയാണ് ഇത്തരത്തിലൊരു വൃത്തികെട്ട പ്രൊപ്പഗാണ്ട സിനിമ മത്സര വിഭാഗത്തിൽ വന്നതെന്ന് മനസിലാവുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരള സ്റ്റോറി ഭരണവർഗത്തെ പിന്തുണക്കുന്നു എന്ന അർത്ഥത്തിലല്ല പ്രൊപ്പഗാണ്ട ചിത്രം എന്ന പരികൽപ്പനക്കകത്തു നിൽക്കുന്നത്. മറിച്ച്, ഭരണവർഗത്തെ നിയന്ത്രിക്കുന്ന ഒരു പ്രത്യയശാസ്ത്രം അതിന്റെ ഭരണകാലയളവിൽ പറഞ്ഞുകൊണ്ടിരിക്കുന്ന വലിയ ഒരു നുണയെ അത് പ്രചരിപ്പിക്കുന്നു എന്ന അർത്ഥത്തിലാണ്. മതനിരപേക്ഷതയുടെയും നവോത്ഥാനത്തിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും പശ്ചാത്തലത്തിൽ, ഏതളവുകോലിൽ വെച്ച് തൂക്കിയാലും വികസനത്തിന്റെ സമസ്ത മേഖലകളിലും മറ്റേത് ഇന്ത്യൻ സംസ്ഥാനങ്ങളെക്കാളും മുന്നിൽ നിൽക്കുന്ന കേരളത്തെ, കേന്ദ്ര സർക്കാരിന്റെ നിതി ആയോഗ് പട്ടികയിൽ മറ്റെല്ലാ സംസ്ഥാനങ്ങളെയും അനവധി വള്ളപ്പാടകലെ പിന്നിലാക്കുന്ന കേരളത്തെ, ഹിന്ദുത്വ വർഗീയ ഫാസിസ്റ്റുകൾക്ക് ഇടം കൊടുക്കാത്ത ഒരു സംസ്ഥാനത്തെയാകെ നുണകൊണ്ട് നേരിടുക എന്ന ദുർബലമായ ഫാസിസ്റ്റ് തന്ത്രമാണ് കേരള സ്റ്റോറി എന്ന പ്രൊപ്പഗാണ്ട സിനിമയിലൂടെ പ്രയോഗിക്കുന്നത്. നമ്മുടെ പ്രധാനമന്ത്രി അതിനെ എല്ലാവരും നിർബന്ധമായും കാണേണ്ട സിനിമ എന്ന നിലയ്ക്ക് പ്രചരിപ്പിക്കുമ്പോൾ ഇന്ത്യയിലെ ഈ കൊച്ചു സംസ്ഥാനം മതനിരപേക്ഷമായതിന്റെ പേരിൽ അരികുവത്കരിക്കപ്പെടുന്നു.
കേരളത്തിലെ ഹിന്ദു സ്ത്രീകളെയെല്ലാം മുസ്ലീമാക്കി മാറ്റുകയും ഐ എസിൽ ചേർക്കുകയും ചെയ്യുന്നു എന്ന വ്യാജ പ്രചരണം ഹിന്ദുത്വ ഫാസിസ്റ്റുകൾ കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന ഒന്നാണ്. അതിന്റെ വിപണന സാധ്യതയെ സിനിമയാക്കിയതാണ് കേരള സ്റ്റോറി. 32,000 സ്ത്രീകളെ കൺവെർട്ട് ചെയ്തു എന്ന ഒരു കണക്ക് അവർ ശൂന്യതയിൽ നിന്നെടുത്തിടുന്നു.
ഇത്തരമൊരു സാംസ്കാരിക അന്തരീക്ഷത്തിലേക്കാണ് ഇന്ത്യയിൽ മതേതരത്വത്തെ ഉയർത്തി കാട്ടുകയും മുസ്ലീങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും വംശഹത്യ നടത്തുകയും ചെയ്യുന്ന ഹിന്ദുത്വവാദികളെ ചിത്രീകരിക്കുന്നതും ചരിത്രത്തിൽ നിന്ന് സംഘപരിവാർ തുടച്ചുനീക്കാൻ ശ്രമിക്കുന്ന 2002ലെ ഗുജറാത്ത് വംശഹത്യയെ ഓർമ്മിപ്പിക്കുന്നതുമായ എമ്പുരാൻ പോലെയൊരു സിനിമ ഇന്ത്യയൊട്ടാകെ വലിയ രീതിയിൽ റിലീസ് ആവുന്നത്.
വ്യാപകമായി ഈ സിനിമയ്ക്കെതിരെ ഹിന്ദുത്വ ഫാസിസ്റ്റുകൾ രംഗത്തെത്തി. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ സിനിമയ്ക്കും സിനിമയുടെ സംവിധായകൻ പൃഥ്വിരാജിനുമെതിരെ തുടരെ മൂന്ന് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ഹിന്ദുത്വ സോഷ്യൽ മീഡിയ ഹാൻഡിലുകൾ സിനിമയ്ക്കെതിരെ വ്യാപകമായി വിദ്വേഷം പ്രചരിപ്പിച്ചു. സിനിമ റീ സെൻസർ ചെയ്യണമെന്ന ആവശ്യവും ഷെയർചെയ്യപ്പെട്ടു. സംഘപരിവാറുകാർ അവരുടെ സിംബതൈസർ ആണെന്ന് കരുതുന്ന മോഹൻലാൽ അടക്കമുള്ള അണിയറ പ്രവർത്തകരിൽ പലരും മാപ്പുപറയണമെന്നുമുള്ള ആവശ്യങ്ങൾ ഉയർന്നു.
സിനിമാ മേഖലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും ഗുരുതരമായ സമ്മർദ്ദം നേരിട്ട ഒരു ചിത്രം കൂടിയാണ് എമ്പുരാൻ. ആർട്ടിക്കിൾ 19 ൽ പറയുന്ന ഫ്രീഡം ഓഫ് സ്പീച്ചിന്റെ നഗ്നമായ ലംഘനമാണ് എമ്പുരാനെതിരെ നടക്കുന്നത്. ഇന്ത്യ ഭരിക്കുന്ന പാർട്ടിയായ ബിജെപിയും അതിനെ താങ്ങുന്ന പ്രത്യയശാസ്ത്ര രൂപമായ ആർഎസ്എസും ഭരണഘടനയെയും അതിന്റെ തത്വങ്ങളെയും പരസ്യമായി ലംഘിക്കുകയും ഒരു സർവ്വാധികാരശക്തിയായി രൂപം പ്രാപിക്കുകയും ചെയ്യുന്നതിന്റെ ഏറ്റവും പുതിയ ഇരകൂടിയാണ് എമ്പുരാൻ. എമ്പുരാനുമേൽ ഇപ്പോൾ നടപ്പാക്കുന്നത് അടിയന്തരാവസ്ഥ കാലത്തിന് സമാനമായ അപ്രഖ്യാപിതമായ സെൻസറിങ് തന്നെയാണ്.
മലയാള സിനിമയിൽ ടിവി ചന്ദ്രന്റെയും ലെനിൻ രാജേന്ദ്രന്റെയും ചിത്രങ്ങളിൽ ഗുജറാത്ത് വംശഹത്യ പരാമർശിക്കപ്പെട്ടിട്ടുണ്ട്. രാകേഷ് ശർമ്മ സംവിധാനം ചെയ്ത ഫൈനൽ സൊല്യൂഷൻ എന്ന ഡോക്യുമെന്ററി ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ളതാണ്. ഒരുതവണ സെൻസർ ചെയ്യപ്പെട്ട ഒരു ചിത്രത്തെ റീസെൻസർ ചെയ്യണമെന്ന വിചിത്രമായ ആവശ്യമാണ് അപ്രഖ്യാപിതമായിട്ടാണെങ്കിലും ഹിന്ദുത്വവാദികൾ മുന്നോട്ടുവച്ചത്. ഇതും ആദ്യത്തെ സംഭവമല്ല. സമീപകാലത്ത് തന്നെ സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത സെക്സി ദുർഗ എന്ന ചിത്രത്തിനും, ജയൻ ചെറിയാൻ സംവിധാനം ചെയ്ത കാബോഡി സ്കേപ്പ് എന്ന ചിത്രത്തിനുമെതിരെ സംഘപരിവാർ ഇത്തരത്തിൽ ഗവൺമെന്റിന്റെ അധികാരപ്രയോഗമായ സെൻസർഷിപ്പിനെ ഉപയോഗിച്ചിരുന്നു. ഇന്ത്യയിൽ നിരവധി തവണ സെൻസറിങ്ങിന്റെ പേരിൽ നിരോധനങ്ങളും അധികാരത്തെ ഉപയോഗിച്ച് കൊണ്ടുള്ള പ്രതിഷേധങ്ങളും നടന്നു. 2001 ല്‍ ആനന്ദ് പട്-വര്‍ദ്ധൻ സംവിധാനം ചെയ്ത രാം കെ നാം എന്ന ചിത്രത്തിന് മലപ്പുറം ജില്ലയില്‍ സംഘപരിവാര്‍ സംഘടനകളുടെ പരാതിയിന്മേല്‍ കളക്ടർ വിലക്കേര്‍പ്പെടുത്തിയിരുന്നു. 2012 ല്‍ പുറത്തിറങ്ങിയ Ocean of Tears ദേശദ്രോഹപരവും രാജ്യവിരുദ്ധവുമാണെന്നാരോപിച്ച സംഘ് , ചിത്രം പ്രദര്‍ശിപ്പിച്ച ഷൊര്‍ണൂര്‍ വിബ്ജിയോര്‍ ചലച്ചിത്രമേളയില്‍ സ്ക്രിന്‍ കത്തിക്കുകയുണ്ടായി. ആനന്ദ് പട്-വര്‍ധന്റെ ദി ഫാദര്‍ സണ്‍ ആന്‍ഡ് ദി ഹോളി വാര്‍ എന്ന അഫ്‌സ്പയെ പ്രതിപാദിക്കുന്ന ചിത്രത്തിന് ആദ്യം സെന്‍സര്‍ഷിപ്പ് കൊടുക്കാതിരുന്നതിന്റെ കാരണമായി പറയുന്നത്, ചിത്രത്തില്‍ മുപ്പതു സെക്കൻഡിലധികം മൃതദേഹം കാണിച്ചു എന്നതിനാലായിരുന്നു. തെരുവില്‍ കത്തിയെരിയപ്പെട്ട മൃതദേഹം ഷൂട്ട് ചെയ്ത സീനായിരുന്നു ചിത്രത്തിലേത്. എന്നാല്‍ താന്‍ ഷൂട്ട് ചെയ്തത് നിസ്സംഗരായി നടന്നു നീങ്ങുന്ന മനുഷ്യരെയാണ് എന്ന് വാദിച്ച പട്-വര്‍ധന്‍ കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിക്കുകയുണ്ടായി. രാകേഷ് ശര്‍മയുടെ ഫൈനല്‍ സൊല്യൂഷന്‍ ഇതുപോലെ സെന്‍സര്‍ ബോര്‍ഡ് തടഞ്ഞപ്പോള്‍ അദ്ദേഹം സ്വീകരിച്ചത് മറ്റൊരു രീതിയായിരുന്നു. ഈ ചിത്രത്തിന്റെ പതിനായിരം കോപ്പികളെടുത്ത് സൗജന്യമായി വിതരണം ചെയ്തു. ഒറ്റ കണ്ടീഷന്‍ ഉണ്ടായിരുന്നു. ഇങ്ങനെ ലഭിക്കുന്നവരെല്ലാം പത്തു കോപ്പിയെങ്കിലും പൈറേറ്റ് ചെയ്ത് വിതരണം ചെയ്യണം. ലക്ഷക്കണക്കിനു ആളുകള്‍ ചിത്രം കണ്ടു. ഇത് തിരിച്ചറിഞ്ഞ സെന്‍സര്‍ ബോര്‍ഡ് ഫൈനല്‍ സൊല്യൂഷന്‍ മടക്കിവിളിച്ച് ക്ലിയറന്‍സ് കൊടുത്തു. പിന്നീട് ദേശീയ അവാര്‍ഡും കിട്ടി.
എമ്പുരാൻ സിനിമയ്ക്ക് അനുകൂലമായി പുരോഗമന കേരളവും ഇടതുപക്ഷവും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടും രംഗത്ത് വന്നിട്ടും മുഖ്യ അഭിനേതാവായ മോഹൻലാൽ മാപ്പുപറയുകയും നിർമ്മാതാക്കൾ സ്വമേധയാ സിനിമയ്ക്കുമേൽ 24 കട്ടുകളും രണ്ടുമിനിറ്റ് എട്ടു സെക്കൻഡ് കുറവും ഏർപ്പെടുത്തി.
പ്രതിലോമകരവും പുരോഗമന സമൂഹത്തിനും പൊതുസമൂഹത്തിനും കൊള്ളാത്തതുമായ, തങ്ങൾ ഇത്രയും കാലം നിശ്ശബ്ദമായി കൊണ്ടുനടന്നതുമായ ആശയധാരകളെ സിനിമ പോലെ ജനകീയമായൊരു മാധ്യമത്തിലൂടെ തുറന്നുകാണിച്ചു എന്നതുമാവാം സംഘപരിവാർ എമ്പുരാനിൽ ചാർത്തുന്ന കുറ്റം. അതിനെ ദേശവിരുദ്ധരുടെയും മറ്റും പശ്ചാത്തലത്തിൽ, പൃഥ്വിരാജിനെയടക്കം ദേശദ്രോഹികളായി ചിത്രീകരിക്കുന്ന തരത്തിൽ മാറ്റിയെടുക്കുകയാണ് അവർ ചെയ്തത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന മേജർ രവിയെ പോലുള്ള സംഘപരിവാർ അനുകൂലികളെ കൊണ്ട് സമ്മർദ്ദം ഉണ്ടാക്കുകയും, ടെലിവിഷൻ ചർച്ചകളിൽ വലതു നിരീക്ഷകർ എന്ന ഓമനപേരിൽ വന്നിരിക്കുന്നവരെകൊണ്ട് ഈ സിനിമക്ക് രാജ്യദ്രോഹ കുറ്റം ചാർത്തിക്കുകയും ചെയ്തു. ഓർഗനൈസർ എന്ന ആർഎസ്എസിന്റെ മുഖപത്രത്തിൽ നേരിട്ടുതന്നെ സിനിമയ്ക്കെതിരെ ലേഖനങ്ങൾ എഴുതി ഇത്തരത്തിൽ അതിതീവ്രമായ സമ്മർദ്ദമാണ് എമ്പുരാൻ നേരിട്ടത്.
ആവിഷ്കാര സ്വാതന്ത്ര്യം എന്നത് നവഫാസിസത്തിന്റെ കാലത്ത് നിഘണ്ടുവിലെ കേവലം ഒരു വാക്കു മാത്രമായി തീരുന്നുണ്ടോ എന്ന ആശങ്ക ജനാധിപത്യവാദികൾക്കാകെ ഉണ്ടാവേണ്ടതുണ്ട്. അതിനെതിരെ ഒന്നിച്ചു നിൽക്കേണ്ടത് അനിവാര്യതയും ആയി മാറുന്നു. l