കേരള സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും ജനങ്ങളുടെ സ്നേഹനിര്‍ഭരമായ സഹകരണത്തിന്റെയും യോജിപ്പില്‍ അസാധ്യമെന്നു പലര്‍ക്കും തോന്നാവുന്ന ഒരു ജീവകാരുണ്യ ദൗത്യം ഫലവത്താക്കുകയാണ് വയനാട്ടിലെ മാതൃകാ ടൗണ്‍ഷിപ്പിന്റെ ശിലാസ്ഥാപനത്തിലൂടെ നാം ചെയ്തത്. കേരളത്തെയാകെയെന്നല്ല, രാജ്യത്തെത്തന്നെ കണ്ണീരില്‍ മുക്കിയ മുണ്ടക്കൈ – ചൂരല്‍മല – പുഞ്ചിരിമട്ടം പ്രദേശങ്ങളിൽ ദുരന്തമുണ്ടായി എട്ടാം മാസത്തിലാണ് നമ്മള്‍ പുനരധിവാസ ശിലാസ്ഥാപനത്തിലേക്കു കടന്നത്.
പുനരധിവാസ കാര്യത്തില്‍ ഏറ്റവും വലിയ സ്രോതസാവും എന്നു നാം പ്രതീക്ഷിച്ചതു കേന്ദ്ര സഹായത്തെയാണ്. എന്നാല്‍ ആ വഴിക്ക് ഒന്നും ലഭിച്ചില്ല. കേന്ദ്ര സഹായത്തിന്റെ അഭാവത്തിലും നാം അഭൂതപൂര്‍വമായ പുനരധിവാസ പദ്ധതി തയ്യാറാക്കി മുമ്പോട്ടുപോയി. ഇത് അപൂര്‍വതയാണ്. ഈ പദ്ധതി നമ്മള്‍ ഏറ്റെടുത്തതോ, കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന വേളയില്‍! ഏറ്റവും വലിയ മഹാമാരികളിലൂടെ, ചരിത്രത്തില്‍ത്തന്നെ അടയാളപ്പെടുത്തപ്പെടുന്ന മഹാപ്രളയത്തിലൂടെ കടന്നുപോന്നതിനു തൊട്ടുപിന്നാലെയുള്ള വേളയില്‍. ഈ ഘട്ടം ഉണ്ടാക്കുന്ന സാമ്പത്തിക ഞെരുക്കം പോലും ബാധകമാവാത്ത നിലയില്‍ നമുക്ക് ഈ പുനരധിവാസ പദ്ധതിയുമായി മുന്നേറാനായി. അത് മറ്റൊരു അപൂര്‍വത!
അസാധ്യമോ, ദുഷ്കരമോ ആയ ഈ അസാധാരണ ദൗത്യം, നമുക്ക് എങ്ങനെ ഏറ്റെടുത്തു നിറവേറ്റാനുള്ള ധൈര്യവും ആര്‍ജവവുമുണ്ടായി? ഈ ചോദ്യത്തിന് ഒരു ഉത്തരമേയുള്ളു. സംസ്ഥാന ഭരണസംവിധാനത്തിന്റെ നിശ്ചയദാര്‍ഢ്യവും ജനസമൂഹത്തിന്റെ മനുഷ്യത്വവും ഒന്നിച്ചുചേര്‍ന്ന് അസാധ്യത്തെ സാധ്യമാക്കി എന്നതാണു സത്യം. ചോദിക്കാന്‍ സമയമോ സാവകാശമോ ഉണ്ടായിരുന്നില്ല. ഇച്ഛാശക്തിയുണ്ടാവുക എന്നതാണു പ്രധാനം. സര്‍ക്കാരിന് അതുണ്ടായിരുന്നു; അതുകൊണ്ടുതന്നെ വഴിയുമുണ്ടായി.
അസാധാരണമായ ഇടപെടലുകളാണ് നാം രക്ഷാപ്രവര്‍ത്തന ഘട്ടത്തില്‍ നടത്തിയത്. നിമിഷ വേഗത്തില്‍ അഗ്നിശമന സേനയെയും പോലീസിനെയും പട്ടാളത്തെയും ഒക്കെ എത്തിച്ചു. ആധുനിക സംവിധാനങ്ങളെ അവലംബിച്ചു. അതേ തരത്തിലുള്ള അസാധാരണ ഇടപെടലുകളാണു നാം പുനരധിവാസ കാര്യത്തില്‍ നടത്തിവരുന്നതും. എല്ലായിടങ്ങളില്‍ നിന്നുമുള്ള സഹായങ്ങളെ ഏകോപിപ്പിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് തടസ്സമാവാതെ നോക്കി. അതിവേഗത്തില്‍ കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ചു. ഇതുകൊണ്ടൊക്കെത്തന്നെ വയനാട്ടിലെ പുനരധിവാസം, മാതൃകയും ശ്രദ്ധാകേന്ദ്രവുമാവുകയാണ്. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലുമുള്ള മാതൃക. ഇതു ചരിത്രത്തില്‍തന്നെ അടയാളപ്പെടുത്തപ്പെടും; സംശയമില്ല.
കണ്ണീരോടെയല്ലാതെ നമുക്ക് കഴിഞ്ഞ ജൂലൈ 30 നെ ഓര്‍ക്കാന്‍ കഴിയില്ല. നമുക്ക് എത്രയോ പ്രിയപ്പെട്ടവര്‍, നമ്മോടൊപ്പം ഇപ്പോഴും ജീവിക്കേണ്ടവര്‍ അന്ന് ഇല്ലാതെയായി. എത്രയോ പേര്‍ക്ക് അതിഗുരുതരമായ ശാരീരിക – മാനസിക വൈഷമ്യങ്ങള്‍ നേരിട്ടു. 266 സഹോദരങ്ങളെയാണു നഷ്ടമായത്. 32 പേരെയാണു കാണാതായത്. 630 പേരെയാണ് തുടര്‍ദിവസങ്ങളില്‍ മണ്ണില്‍ നിന്നു ജീവനോടെ വീണ്ടെടുത്തത്. വിഷമം ഉള്ള ഇടങ്ങളില്‍ ഒറ്റപ്പെട്ടുപോയ 1,300 പേരെയാണു കണ്ടെടുത്ത് ആശുപത്രിയിലേക്കു മാറ്റിയത്. ചരിത്രത്തില്‍ സമാനതയില്ലാത്ത രക്ഷാദൗത്യം.
പുനരധിവാസവും അങ്ങനെ തന്നെയായിരുന്നു. 2,221 കോടി രൂപയാണു വേണ്ടിയിരുന്നത്. വലിയ സഹായം കേന്ദ്രത്തില്‍ നിന്നു പ്രതീക്ഷിച്ചു. ലഭിച്ചില്ല. അസാധാരണ ദേശീയ ദുരന്തമെന്ന നിലയ്ക്കു പരിഗണിക്കാന്‍ ആവശ്യപ്പെട്ടു. അതുണ്ടായില്ല. കിട്ടിയത് 529 കോടി രൂപയുടെ വായ്പയാണ്; തിരിച്ചടയ്ക്കേണ്ട വായ്പ. എന്നിട്ടും നമ്മള്‍ ഇതു സാധ്യമാക്കുകയാണ്. അതുകൊണ്ടുതന്നെ കേരളത്തിന്റെ തനത് അതിജീവനമായി ചരിത്രം ഇതിനെ രേഖപ്പെടുത്തും. മാതൃകയായി ചരിത്രം ഇതിനെ അടയാളപ്പെടുത്തും.
നമ്മുടെ ജനങ്ങളില്‍ വലിയ വിഭാഗം നിത്യജീവിതത്തിനു മാറ്റിവെച്ച തുകയുടെ ഓഹരി ഇതിലേക്കു സംഭാവന ചെയ്തു. സാധാരണക്കാര്‍ മുതല്‍ നമ്മുടെ പ്രവാസിസമൂഹം വരെ. എല്ലാ വൈഷമ്യങ്ങളിലും നമുക്കൊപ്പം നിന്നിട്ടുള്ളവരാണ് പ്രവാസി സഹോദരങ്ങള്‍. അവരും അവരുടെ സംഘടനകളും മുതല്‍ വ്യവസായ സ്ഥാപനങ്ങളും സാംസ്കാരിക പ്രസ്ഥാനങ്ങളും വരെ സഹായിച്ചു. കുടുക്ക പൊട്ടിച്ച് ചില്ലറത്തുട്ടുകള്‍ തന്ന കുട്ടികള്‍ മുതല്‍ യാചനയിലൂടെ കിട്ടിയ തന്റെ ഓഹരി തന്ന പാവങ്ങള്‍ വരെ. അവരോടൊക്കെയുള്ള നന്ദി പറഞ്ഞു തീര്‍ക്കാനാവില്ല. ഒരു അതിജീവിതകേരളം പടുത്തുയര്‍ത്താന്‍ മുന്‍നിന്നു പ്രവര്‍ത്തിക്കുന്നവരാണവര്‍. അവരോടെല്ലാവരോടും നന്ദി രേഖപ്പെടുത്തുകയാണ്.
എല്ലാം ഏകോപിപ്പിച്ചു ഫലവത്താക്കാന്‍ കഴിഞ്ഞതിലുള്ള അഭിമാനം ഈ സര്‍ക്കാരിനുണ്ട്. ജനങ്ങള്‍ ഒപ്പം നില്‍ക്കുമെങ്കില്‍ ഒന്നും അസാധ്യമല്ല. ഒരു വെല്ലുവിളിയും മറികടക്കാനാവാത്തതല്ല. ഒരു ദുരന്തത്തിനും കേരളത്തെ തോല്‍പ്പിക്കാനാവില്ല. എല്ലാ വേര്‍തിരിവുകള്‍ക്കും ഭേദചിന്തകള്‍ക്കും അതീതമായ മനസ്സുകളുടെ ഒരുമയും ഐക്യദാര്‍ഢ്യവും മനുഷ്യത്വബോധവും കൊണ്ട് നാം എന്തിനെയും അതിജീവിക്കും. അതാണ് ഈ പുനരധിവാസം നല്‍കുന്ന മഹാസന്ദേശം!
നഗരപ്രദേശത്തോട് ചേര്‍ന്നുകിടക്കുന്ന ഭൂമിയില്‍ ഏഴുസെന്റില്‍ ഒരു വീട് എന്ന നിലയിലാണ് സര്‍ക്കാര്‍ ഭവനനിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കുന്നത്. രണ്ട് കിടപ്പുമുറികള്‍, പ്രധാന മുറി, സിറ്റൗട്ട്, ലിവിങ് റൂം, പഠനമുറി, ഡൈനിങ് ഹാള്‍, അടുക്കള, സ്റ്റോര്‍ ഏരിയ, ശുചിമുറി എന്നിവയെല്ലാം വീടുകളില്‍ ഉറപ്പാക്കും. ഒരു ക്ലസ്റ്ററില്‍ 20 വീടുകള്‍. തുടക്കമെന്ന നിലയില്‍ ആദ്യം ഒരു മാതൃകാ വീടിന്റെ നിര്‍മ്മാണം. വീടിന്റെ ഗുണനിലവാരം മനസ്സിലാക്കാനും സന്ദര്‍ശനത്തിനും പൊതുജനങ്ങള്‍ക്ക് അവസരം നല്‍കും. 1,000 ചതുരശ്രയടിയില്‍ ഭാവിയില്‍ ഇരുനില നിര്‍മിക്കാന്‍ കഴിയുന്ന അടിത്തറ ഒരുക്കിയാണ് വീട് ഉയരുക.
പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കും വിധത്തിലാണ് ടൗണ്‍ഷിപ്പിലെ വീടുകളും കെട്ടിടങ്ങളും നിര്‍മിക്കുന്നത്. കേവലമായ വസതികളുടെ ഒരുനിര ഉണ്ടാക്കി പിന്‍വാങ്ങുകയല്ല നമ്മള്‍ ചെയ്യുന്നത്. വൈദ്യുതി, കുടിവെള്ളം, ശുചിത്വ സംവിധാനങ്ങള്‍ എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍. ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍, മള്‍ട്ടിപര്‍പ്പസ് ഹാള്‍, കളിസ്ഥലം, ലൈബ്രറി, സ്പോര്‍ട്സ് ക്ലബ്, ഓപ്പണ്‍ എയര്‍ തിയറ്റര്‍ തുടങ്ങിയ അനുബന്ധ സൗകര്യങ്ങള്‍. ആകെ 64.4075 ഹെക്ടര്‍ ഭൂമിയില്‍ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കുന്നത്. വീടുകള്‍ നിര്‍മ്മിക്കുന്നതുകൊണ്ടു മാത്രം ദുരന്തനിവാരണം അവസാനിക്കുന്നില്ല. തുടര്‍പദ്ധതികളും സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്.
റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ നഷ്ടമായ ദുരന്തഭൂമിയിലെ മനുഷ്യരില്‍ 878 പേര്‍ക്കായി 1,162 അവശ്യ സേവന രേഖകളാണ് ദിവസങ്ങള്‍ക്കകം സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തത്. ദുരന്തശേഷം 24 ദിവസത്തിനുള്ളില്‍ 728 കുടുംബങ്ങള്‍ക്കും താല്‍കാലിക താമസസൗകര്യം ഒരുക്കിയ സംസ്ഥാന സര്‍ക്കാര്‍ വാടകയും ദിനബത്തയും അടക്കമുള്ള സാമ്പത്തികസഹായങ്ങള്‍ നല്‍കി. ഭക്ഷണക്കിറ്റ്, ഫര്‍ണിച്ചറുകള്‍ തുടങ്ങിയ ഭൗതികസൗകര്യങ്ങള്‍ ഒരുക്കിയും ദുരന്തകാഴ്ചകളുടെ മുറിവുണങ്ങാന്‍ കൗണ്‍സിലിംഗ് സൗകര്യം നല്‍കിയുമൊക്കെയാണ് നമ്മള്‍ ദുരന്തബാധിതരുടെ കരം പിടിച്ചത്. 32–ാം ദിവസം മേപ്പാടി സ്കൂളില്‍ അധ്യയനം ആരംഭിച്ചു. ദുരിതബാധിതരുടെ കേരള ബാങ്കിലെ മുഴുവന്‍ വായ്പയും എഴുതിത്തള്ളി. ചൂരല്‍മലയിലെ ദുരന്തബാധിതരുടെ പൊതുമേഖലാ ബാങ്കുകളിലെ കടങ്ങള്‍ എഴുതിത്തള്ളണം എന്ന ആവശ്യത്തിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടലുകള്‍ തുടരുകയാണ്.
ദുരന്തബാധിതര്‍ക്ക് ഇതുവരെ 25.64 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള സഹായം, പരിക്കേറ്റവര്‍ക്കും കിടപ്പുരോഗികള്‍ക്കുമുള്ള ചികിത്സാസഹായം, മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ നല്‍കിയ തുക, ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്ത അടിയന്തര സഹായം, ഒരു കുടുംബത്തിലെ രണ്ടുപേര്‍ക്ക് ദിവസം 300 രൂപാ വീതം നല്‍കുന്ന ജീവനോപാധി, വീട്ടുവാടക എന്നിവയായാണ് ഈ തുക നല്‍കിയത്. രക്ഷാകര്‍ത്താക്കള്‍ നഷ്ടപ്പെട്ട ഏഴ് കുട്ടികള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നല്‍കിക്കഴിഞ്ഞു. മാതാപിതാക്കളില്‍ ഒരാള്‍ മാത്രം നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്. സി എസ് ആര്‍ ഫണ്ടുകളിലൂടെ പ്രാഥമിക ആവശ്യങ്ങള്‍ക്കായി രണ്ടര ലക്ഷം രൂപയും നല്‍കി. കുട്ടികള്‍ക്ക് 250 ലാപ്ടോപ്പ് വാങ്ങിനല്‍കുവാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പതിനഞ്ച് ലക്ഷം രൂപയാണ് നല്‍കുന്നത്. ദുരന്തമേഖലയിലെ അഞ്ച് എസ് ടി കുടുംബങ്ങള്‍ക്ക് അവരുടെ താല്‍പര്യപ്രകാരമുള്ള പുനരധിവാസം ഉറപ്പാക്കുന്നുണ്ട് സര്‍ക്കാര്‍.
പുനരധിവാസത്തിന്റെ പ്രവര്‍ത്തനപുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടങ്ങുന്ന നിരീക്ഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിശോധന കമ്മിറ്റിയുണ്ട്. ദൈനംദിന പ്രവര്‍ത്തനത്തിനായി ഒരു സ്പെഷ്യല്‍ ഓഫീസറുണ്ട്. ഇങ്ങനെ മേല്‍നോട്ടത്തിന് ഏറ്റവും മികച്ച സംവിധാനമൊരുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ദുരന്തഭൂമിയിലെ നിസ്സഹായരായ മനുഷ്യരുടെ ജീവിത സ്വപ്നങ്ങളെ വീണ്ടെടുക്കാന്‍ സാഹചര്യങ്ങള്‍ ഒരുക്കി നല്‍കുകയാണ്.
രക്ഷാപ്രവര്‍ത്തന ഘട്ടത്തിലെന്ന പോലെ പുനരധിവാസത്തിന്റെ ഘട്ടത്തിലും കേരളം ദുരിതബാധിതര്‍ക്കൊപ്പമാണ്. ഒറ്റ രാത്രി കൊണ്ട് അനാഥമായ ജീവിതങ്ങള്‍ക്കും, സ്വന്തമായതും സ്വരുക്കൂട്ടിയതും നഷ്ടപ്പെട്ടവര്‍ക്കും, ഒപ്പമാണ് ഈ സര്‍ക്കാര്‍. അതുകൊണ്ടുതന്നെയാണ് കേവലം 8 മാസം കൊണ്ടുതന്നെ ദുരന്തബാധിതരായവരുടെ ജീവിതം കെട്ടുറപ്പുള്ളതാക്കുന്ന ടൗണ്‍ഷിപ്പിന് നമ്മള്‍ ആരംഭം കുറിച്ചത്. പുതുവര്‍ഷ ദിനത്തിലാണ് കേരളം പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചത്. അതിന്റെ സാഫല്യമാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന്റെ തുടക്കം. വാഗ്ദാനം എന്തായാലും, എന്തു വിലകൊടുത്തും അത് നിറവേറ്റുന്നതാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ രീതി. അതിന്റെ മറ്റൊരു ദൃഷ്ടാന്തമാണ് മേപ്പാടിയിലെ ടൗണ്‍ഷിപ്പ്. l