Thursday, April 3, 2025

ad

Homeപ്രതികരണംകൊല്ലം സമ്മേളനവും നവകേരളത്തിലേക്കുള്ള 
പാതയും

കൊല്ലം സമ്മേളനവും നവകേരളത്തിലേക്കുള്ള 
പാതയും

പിണറായി വിജയൻ

സിപിഐ എമ്മിന്റെ 24–ാം പാർട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം കൊല്ലത്ത് നടന്നു. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായത് 1939 ല്‍ കണ്ണൂരിലെ പാറപ്രത്തായിരുന്നു. അവിടെ നിന്നിങ്ങോട്ട് കേരളത്തിന്റെ സാമൂഹിക þ സാമ്പത്തിക മേഖലകളെ നവീകരിക്കുന്നതിലും പുരോഗമനോന്മുഖമായി മുന്നോട്ടു നയിക്കുന്നതിലും ഗണ്യമായ പങ്കുവഹിച്ച പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി.

പാറപ്രം സമ്മേളനത്തിന് രണ്ടു വര്‍ഷം മുമ്പ് കോഴിക്കോട്ടെ കല്ലായി തെരുവില്‍ കേരളത്തിലെ ആദ്യ പാര്‍ട്ടി ഘടകം രൂപീകൃതമായിരുന്നു. അതിനുശേഷം 88 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഈ ഒന്‍പതു പതിറ്റാണ്ടോളം കാലത്തിനിടയില്‍ കേരളത്തിന്റെ പുരോഗമന മുന്നേറ്റം ലക്ഷ്യംവെച്ചുകൊണ്ട് പാര്‍ട്ടി നടത്തിയ ഇടപെടലുകളാണ് ഇന്ന് പല മേഖലകളിലും നാം കാണുന്ന മുന്നേറ്റത്തിനും വളര്‍ച്ചയ്ക്കും കാരണമായത്.

ഐക്യകേരളത്തിന്റെ പിറവിക്കു മുമ്പുതന്നെ മലബാര്‍ ടെനന്‍സി എന്‍ക്വയറി കമ്മിറ്റിയുടെ നിഗമനങ്ങളോട് ഇ എം എസ് എഴുതിയ വിയോജന കുറിപ്പ് കേരള വികസനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന ഒന്നായിരുന്നു. ചൂഷണം അവസാനിപ്പിച്ചുകൊണ്ട് കൃഷിഭൂമിയുടെ സമതുലിതമായ വിതരണം ഉണ്ടാകണമെന്ന് ആ വിയോജന കുറിപ്പില്‍ ഇ എം എസ് രേഖപ്പെടുത്തി. ഭൂപരിഷ്കരണം നടപ്പാക്കിയതിന്റെ അടിസ്ഥാനമായത് ആ കാഴ്ചപ്പാടായിരുന്നു.

1956 ജൂണ്‍ 22, 23, 24 തീയതികളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തൃശ്ശൂരില്‍ വച്ചു നടന്ന സമ്മേളനത്തില്‍ പുതിയ കേരളം പടുത്തുയര്‍ത്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം എന്ന പ്രമേയം അംഗീകരിക്കപ്പെട്ടിരുന്നു. ഔദ്യോഗികമായി കേരള സംസ്ഥാനം രൂപപ്പെടുന്നതിനു മുമ്പായിരുന്നു അത്. പാര്‍ട്ടി അംഗീകരിച്ച ആ രേഖയാണ് 1957 ലെ ഒന്നാമത്തെ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രകടനപത്രികയായി മാറിയത്. ആ പ്രമേയം മുന്നോട്ടുവെച്ച ആശയങ്ങളാണ് ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ നയമായും ഇടപെടലുകളായും പരിണമിച്ചത്.

എല്‍ ഡി എഫിന് തുടര്‍ഭരണം ലഭിച്ചതിനു ശേഷം നടന്ന രണ്ടാമത്തെ സംസ്ഥാന സമ്മേളനമായിരുന്നു കൊല്ലത്തേത്. ഈ ഘട്ടത്തില്‍ സമകാലിക ലോകത്തെ പ്രശ്നങ്ങളെ നേരിട്ടുകൊണ്ട് കേരളത്തെ കൂടുതല്‍ പുരോഗതിയിലേക്കു നയിക്കുക എന്നതു പ്രധാനമാണ്. അതിന്റെ ഭാഗമായാണ് നവകേരളത്തിനുള്ള പാര്‍ട്ടി കാഴ്ചപ്പാട് എന്ന രേഖ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ അംഗീകരിച്ചതും ഈ സംസ്ഥാന സമ്മേളനത്തില്‍ നവകേരളത്തിനുള്ള പുതുവഴികള്‍ എന്ന രേഖ അംഗീകരിച്ചതും. അവയില്‍ ഉള്ളടങ്ങിയിരിക്കുന്ന കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊണ്ടാണ് സി പി ഐ എം നേതൃത്വം നല്‍കുന്ന കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരുകളെല്ലാം തന്നെ ബദല്‍ വികസന കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെച്ചുകൊണ്ടാണ് പ്രവര്‍ത്തിച്ചത്. 1957 ലെ സര്‍ക്കാര്‍ മുന്നോട്ടുവെച്ച ജനക്ഷേമകരമായ കാഴ്ചപ്പാടുതന്നെയാണ് അതേതുടര്‍ന്നുവന്ന ഇടതുപക്ഷ സര്‍ക്കാരുകളെല്ലാം പിന്തുടര്‍ന്നിട്ടുള്ളത്. 1957 ലെ ഇ എം എസ് മന്ത്രിസഭ കാര്‍ഷിക ബില്‍, വിദ്യാഭ്യാസ ബില്‍ എന്നിവ അവതരിപ്പിക്കുക മാത്രമല്ല, തൊഴിൽ വിഷയങ്ങളില്‍ പൊലീസ് ഇടപെടുന്നതിനു നിയന്ത്രണം വരുത്തുകയും ചെയ്തു. 1965 ല്‍ ഏകദേശം എല്ലാ പാര്‍ട്ടി നേതാക്കളും അറസ്റ്റുചെയ്യപ്പെട്ടിരുന്നു. ജയിലില്‍ കിടന്നു മത്സരിച്ചാണ് ഭൂരിഭാഗം പേരും നിയമസഭയിലേക്കു ജയിച്ചത്.

1967 ലെ മുന്നണി സര്‍ക്കാര്‍ കുടികിടപ്പ് അവകാശം ഉറപ്പുവരുത്തുകയും മലബാറിന്റെ വികസനത്തിനായി സവിശേഷമായി ഇടപെടുകയും ചെയ്തു. 1970 കളില്‍ പാര്‍ട്ടി മിച്ചഭൂമി സമരവും അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള മറ്റു സമരങ്ങളും നടത്തി. 1975 ല്‍ അടിയന്തരാവസ്ഥാ വിരുദ്ധ പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ നിലകൊണ്ടത് സി പി ഐ എമ്മായിരുന്നു. 1980 ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കര്‍ഷകത്തൊഴിലാളി പെന്‍ഷനും മാവേലി സ്റ്റോറുകളും ഏര്‍പ്പെടുത്തി. 1987 ലെ എല്‍ ഡി എഫ് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. 1996–2001 കാലഘട്ടത്തില്‍ അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം എന്നിവയ്ക്ക് എല്‍ ഡി എഫ് സര്‍ക്കാര്‍ നേതൃത്വം നല്‍കി. 2006 ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നെല്‍വയല്‍, നീര്‍ത്തട സംരക്ഷണത്തിനുതകുന്ന നിയമനിര്‍മ്മാണം നടത്തി, സാമൂഹ്യ ക്ഷേമ പെന്‍ഷനുകൾ വര്‍ദ്ധിപ്പിച്ചു.

ഒരുവശത്ത് വലതുപക്ഷ സര്‍ക്കാരുകള്‍ അടിച്ചേല്‍പ്പിച്ച ജനദ്രോഹനയങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ സി പി ഐ എമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ശ്രമിച്ചു. അതേസമയം മറുവശത്ത്, പ്രതിപക്ഷത്തായിരിക്കെ അത്തരം ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ സി പി ഐ എമ്മിന്റെ നേതൃത്വത്തില്‍ നടത്തുകയും ചെയ്തു. ഇത്തരം ഇടപെടലുകളുടെ ഫലമായി അടിസ്ഥാന ജനവിഭാഗത്തിന്റെ ശബ്ദം പൊതുമണ്ഡലത്തില്‍ ശക്തിപ്പെട്ടുവന്നു. സാമൂഹ്യമായി അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്കു കൊണ്ടുവരാനും അതിലൂടെ കഴിഞ്ഞു.

2008 ല്‍ കോയമ്പത്തൂരില്‍ ചേര്‍ന്ന 19–ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് ബദല്‍ നയങ്ങളുടെ പ്രാധാന്യം എടുത്തുപറഞ്ഞിരുന്നു. ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നയങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന വിധത്തില്‍ ബദല്‍ നടപ്പാക്കുക എന്നത് ഇടതുപക്ഷത്തിന്റെ കര്‍ത്തവ്യമാണ് എന്നത് പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ്സ് അടിവരയിട്ടു പറഞ്ഞു. ഇന്ത്യയിലെ ഫെഡറല്‍ സംവിധാനത്തിനകത്ത് സംസ്ഥാനങ്ങള്‍ നേരിടുന്ന പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ സി പി ഐ എം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ ബദല്‍ നയങ്ങള്‍ നടപ്പിലാക്കേണ്ടതാണ് എന്ന കാഴ്ചപ്പാടിനു വര്‍ദ്ധിച്ച പ്രാധാന്യം നല്‍കിക്കൊണ്ടാണ് അതേ തുടര്‍ന്നുള്ള ഇടതുപക്ഷ സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചത്.

സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചതടക്കമുള്ള നടപടികള്‍ 2006–11 കാലത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു എന്നത് ഈ നയത്തിന്റെ പശ്ചാത്തലത്തിലാണ് വിലയിരുത്തപ്പെടേണ്ടത്. എന്നാല്‍, 2011 ല്‍ അധികാരത്തിലെത്തിയ യു ഡി എഫ് സാമൂഹിക സുരക്ഷാ പദ്ധതികളെയും നാടിന്റെ താല്‍പര്യങ്ങളെയും അട്ടിമറിക്കുന്നതും അഴിമതി, സ്വജനപക്ഷപാതം, കെടുകാര്യസ്ഥത എന്നിവയില്‍ മുങ്ങിക്കുളിക്കുന്നതുമാണ് നാം കണ്ടത്. അതുകൊണ്ടുതന്നെ യു ഡി എഫ് സര്‍ക്കാരിനെ പരാജയപ്പെടുത്തിക്കൊണ്ട് കേരളജനത 2016 ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അധികാരത്തിലെത്തിച്ചു. അന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്ന ഘട്ടത്തില്‍ കേരളത്തിലെ യു ഡി എഫ് സര്‍ക്കാരും കേന്ദ്രത്തിലെ എന്‍ ഡി എ സര്‍ക്കാരും പിന്തുടര്‍ന്നുവന്നിരുന്ന നയങ്ങള്‍ക്കുള്ള കൃത്യമായ ബദലാണ് എല്‍ ഡി എഫ് പ്രകടനപത്രികയിലൂടെ അവതരിപ്പിച്ചത്.

2016ലെ പ്രകടന പത്രിക
മതനിരപേക്ഷ, അഴിമതിരഹിത, വികസിത കേരളം എന്ന മുദ്രാവാക്യമാണ് 2016 ലെ പ്രകടന പത്രികയിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുവെച്ചത്. ആ ലക്ഷ്യം നേടിയെടുക്കാനായി 35 ഇന പരിപാടിയും 600 വാഗ്ദാനങ്ങളും അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ 35 ഇന പരിപാടി ഏറെക്കുറെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. കാലാവധി തീര്‍ക്കുമ്പോഴേക്ക് 600 ല്‍ 580 വാഗ്ദാനങ്ങള്‍ നടപ്പാക്കാനും ആ സര്‍ക്കാരിനു സാധിച്ചു. അങ്ങനെ, ജനങ്ങള്‍ക്കു നല്‍കുന്ന വാഗ്ദാനങ്ങള്‍ നിറവേറ്റപ്പെടും എന്നു പ്രവൃത്തിയിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി തെളിയിച്ചു. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ജനങ്ങള്‍ക്കു നേരിട്ട് വിലയിരുത്താന്‍ കഴിയുന്ന വിധത്തില്‍ ഓരോ വര്‍ഷവും പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ജനസമക്ഷം അവതരിപ്പിക്കുകയും ചെയ്തു. ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാരുകള്‍ ജനങ്ങളോട് എപ്രകാരം ഉത്തരവാദപ്പെട്ടിരിക്കണം എന്നതിന്റെ ഉന്നതമായ മാതൃകയാണ് ആ സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്.

2021ലെ പ്രകടന പത്രിക
2016 മുതല്‍ 2021 വരെയുള്ള ഘട്ടത്തില്‍ അഭൂതപൂര്‍വ്വമായ നേട്ടങ്ങളാണ് കേരളം കൈവരിച്ചത്. അത്തരമൊരു പശ്ചാത്തലത്തിലാണ് നവകേരള സൃഷ്ടിക്കുതകുന്ന വ്യക്തമായ കര്‍മ്മ പരിപാടി അവതരിപ്പിക്കുന്ന പ്രകടന പത്രിക 2021 ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇടതുപക്ഷ ജനാധിപത്യ മുന്നണി അവതരിപ്പിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും 2021 ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അവതരിപ്പിച്ച പ്രകടനപത്രികയ്ക്കും ഉള്ള അംഗീകാരമാണ് കേരളത്തിലെ ജനങ്ങള്‍ എല്‍ ഡി എഫിനു നല്‍കിയ അധികാരത്തുടര്‍ച്ച. അതുകൊണ്ടുതന്നെ പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കൃത്യതയോടെ നടപ്പാക്കാനുള്ള ബാധ്യത ഈ സര്‍ക്കാരിനുണ്ട്.

2021 ലെ പ്രകടനപത്രികയില്‍ നല്‍കിയ 900 വാഗ്ദാനങ്ങള്‍ നടപ്പാക്കിക്കൊണ്ട് സുസ്ഥിരവും ഉള്‍ച്ചേര്‍ക്കലില്‍ അടിസ്ഥാനപ്പെട്ടതുമായ ഒരു വികസന മാതൃക യാഥാര്‍ത്ഥ്യമാക്കാനാണ് ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനുള്ള അടിത്തറ അടിസ്ഥാന സൗകര്യ മേഖലയില്‍ കഴിഞ്ഞ സര്‍ക്കാരുണ്ടാക്കിയ മുന്നേറ്റമാണ്. പാവങ്ങള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതോടൊപ്പം നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അതിനായി കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിക്കുകയാണ്. അങ്ങനെ ഒരു നവകേരളം സൃഷ്ടിക്കുകയാണ്.

എന്നാല്‍ ഈയൊരു സവിശേഷ ഘട്ടത്തില്‍, കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള നടപടികളുമായാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റുകളില്‍ സംസ്ഥാനത്തിന് കാര്യമായൊന്നും ലഭിച്ചില്ല. സംസ്ഥാനത്തിന് പ്രത്യേക റെയില്‍വേ സോണ്‍, എയിംസ് ആശുപത്രി തുടങ്ങി നിരവധി പദ്ധതികള്‍ അവയ്ക്കാവശ്യമായ എല്ലാ പശ്ചാത്തല സൗകര്യവും ഉണ്ടായിട്ടും കേന്ദ്രം അനുവദിച്ചിട്ടില്ല. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് അനിവാര്യമായ പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാനും കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. ഈ പദവി ലഭിച്ചാലേ വിദേശ വിമാന കമ്പനികള്‍ക്ക് കണ്ണൂരില്‍ നിന്ന് സര്‍വീസ് തുടങ്ങാനാകൂ. മലബാറിലെ യാത്രാസൗകര്യവും ചരക്കുവിനിമയവും വര്‍ദ്ധിപ്പിക്കാനും ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും ഇത് അത്യാവശ്യമാണ്.

വിവിധ വിഷയങ്ങള്‍ മുന്‍നിര്‍ത്തി പല ഘട്ടങ്ങളിലായി സംസ്ഥാനം പ്രത്യേക പാക്കേജുകള്‍ ആവശ്യപ്പെട്ടെങ്കിലും അവയിലൊന്നു പോലും പരിഗണിച്ചില്ല. വിഴിഞ്ഞം തുറമുഖത്തിനും വയനാട് തുരങ്കപാതയ്ക്കും ആവശ്യപ്പെട്ട പണം നല്‍കാന്‍ കേന്ദ്രം തയ്യാറായില്ല. മുണ്ടക്കൈ പുനരധിവാസത്തിന് 2,000 കോടി രൂപയാണ് ആവശ്യപ്പെട്ടത്. തീരശോഷണം തടയുന്നതിനും തീരദേശ വികസനത്തിനുമായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടതിനോടും വന്യമൃഗശല്യം നേരിടാന്‍ പ്രത്യേക സഹായം ആവശ്യപ്പെട്ടതിനോടും കേന്ദ്രം കണ്ണടച്ചു. കാലാവസ്ഥാ നിരീക്ഷണം ശക്തിപ്പെടുത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്ന അഭ്യര്‍ത്ഥനയോടും അനുകൂലമായി പ്രതികരിച്ചിട്ടില്ല.

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ധന കമ്മീഷന്‍ ഗ്രാന്റില്‍ കേന്ദ്രം വലിയ കുറവ് വരുത്തി. പന്ത്രണ്ടാമത് ധന കമ്മീഷന്റെ കാലത്ത് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം 4.54 ശതമാനമായിരുന്നത് പതിനഞ്ചാം ധന കമീഷന്‍ ആകുമ്പോഴേക്കും 2.68 ശതമാനമായാണ് കുറഞ്ഞത്. 1.88 ശതമാനത്തിന്റെ കുറവ്. ബി ജെ പി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ക്ക് രണ്ടര ശതമാനത്തിലധികം വര്‍ദ്ധിപ്പിച്ച് 16.05 ശതമാനം വിഹിതം നല്‍കുമ്പോഴാണ് ഏകദേശം പകുതിയായി നമ്മുടെ വിഹിതം വെട്ടിക്കുറച്ചത്.

ഭരണഘടനയെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങളില്‍ കേന്ദ്രം കൈ കടത്തുന്നതിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേരളത്തിന്റെ നഷ്ടങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങളെ സഹകരിപ്പിച്ചുകൊണ്ടും ഫെഡറല്‍ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള സമരത്തിന് നേതൃത്വം നല്‍കിയപ്പോള്‍ അതിനു തുരങ്കം വെക്കാനാണ് ഇവിടുത്തെ പ്രതിപക്ഷം ശ്രമിച്ചത്. എന്നുമാത്രമല്ല കിഫ്ബിയെയും ലൈഫ് മിഷനെയും തകര്‍ത്തുകൊണ്ട് കേരളത്തിലെ വികസന – ക്ഷേമ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനും അവര്‍ ശ്രമിച്ചു.

കേന്ദ്ര കുടിശ്ശികയൊന്നും ഇല്ലെന്നും കേരളത്തിന് കേന്ദ്രം എല്ലാം തന്നെന്നും സ്ഥാപിക്കാനാണ് ഇവിടുത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ശ്രമിച്ചത്. കേരളത്തിനു വികസന പദ്ധതികള്‍ അനുവദിക്കരുത് എന്നുപോലും അവരുടെ പ്രതിനിധികള്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. എല്ലാ അര്‍ത്ഥത്തിലും കേന്ദ്ര സര്‍ക്കാരിന്റെ കേരളവിരുദ്ധതയ്ക്ക് കുടപിടിക്കുകയാണ് കോണ്‍ഗ്രസ്സ് ചെയ്യുന്നത്. ഇത്തരം പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടുപോവുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍.

നേട്ടങ്ങള്‍ പലതും കൈവരിച്ചെങ്കിലും ഇനിയും പല മേഖലകളിലും മുന്നേറാനുണ്ടെന്ന ഉത്തമ ബോധ്യത്തോടെ നവകേരള നിര്‍മ്മിതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയാണ്. വ്യവസായ വികസനം ത്വരിതപ്പെടുത്തുക, കാര്‍ഷിക നവീകരണം സാധ്യമാക്കുക, തദ്ദേശീയമായി തൊഴിലുകള്‍ സൃഷ്ടിക്കുക, മാലിന്യനിര്‍മ്മാര്‍ജ്ജനം കാര്യക്ഷമമാക്കുക, ജീവിതശൈലീ രോഗങ്ങള്‍ തടയുക, അതിവേഗ യാത്രാ സംവിധാനങ്ങളൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭദ്രമായ ക്രമസമാധാന നില, സമാധാനപൂര്‍ണ്ണമായ സാമൂഹ്യജീവിതം എന്നിവ എട്ടര വര്‍ഷംകൊണ്ട് കേരളത്തിന്റെ പ്രത്യേകതയായി. ഈ മുന്നേറ്റങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ മുന്നോട്ടു കൊണ്ടുപോകാനുള്ള കരുത്തുപകരുന്നതായിരുന്നു ഇക്കഴിഞ്ഞ പാര്‍ട്ടി സംസ്ഥാന സമ്മേളനം.

വര്‍ഗ്ഗീയ വിദ്വേഷത്തിന്റെ വിഷലിപ്തമായ വഴികളിലൂടെ അമിതാധികാര പ്രവണതയുമായി മുമ്പോട്ടുപോകുന്ന ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര ഭരണ സംവിധാനത്തെ മതനിരപേക്ഷതാ വിരുദ്ധമായി കാണുന്ന മുഴുവന്‍ ജനാധിപത്യ വിശ്വാസികളും വ്യക്തികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കേണ്ടതാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ എന്ന രാഷ്ട്രീയ ബോധം ദേശീയ തലത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഒരു ഘട്ടമാണിത്.

എന്നാല്‍ സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ മാത്രം മുന്‍നിര്‍ത്തി സ്വാര്‍ത്ഥപരമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്സ്, മതേതര പാര്‍ട്ടികളുടെ ഈ പൊതു രാഷ്ട്രീയ ബോധത്തില്‍ നിന്നു വേര്‍തിരിഞ്ഞ് നില്‍ക്കുകയും പലപ്പോഴും ബി ജെ പിയുടെ ഇടതുപക്ഷ വിരോധത്തെയും കേരള സര്‍ക്കാരിനെതിരായ പ്രതികാര നടപടികളെയും അംഗീകരിച്ച് പിന്തുണയ്ക്കുകയും ചെയ്യുന്ന നിലയാണ് ഉള്ളത്. ഇതാകട്ടെ വര്‍ദ്ധിച്ച തോതില്‍ ജനസാമാന്യത്തില്‍ നിന്ന് കോണ്‍ഗ്രസ്സിനെ ഒറ്റപ്പെടുത്തുന്നുണ്ട്. യു ഡി എഫിന്റെ ഘടകക്ഷികളില്‍ ചിലതിനു തന്നെ കോണ്‍ഗ്രസ്സിന്റെ ഈ മനോഭാവത്തെ അതേപടി പങ്കിടാന്‍ കഴിയാത്ത നിലയുണ്ട്.

ദേശീയ തലത്തില്‍ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ഒരു ദ്വീപു പോലെ വേറിട്ട് ഉയര്‍ന്നുനില്‍ക്കുകയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍. അതിന്റെ സ്വീകാര്യത നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇതെല്ലാം നല്‍കുന്ന സൂചന അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ കൂടിയ തോതില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുള്ള ജനസ്വീകാര്യത പ്രതിഫലിക്കും എന്നാണ്.

ബി ജെ പിയുടെ വര്‍ഗീയ വിധ്വംസക നയങ്ങളെയും അവരുടെ കേരള താല്‍പര്യങ്ങള്‍ക്കു വിരുദ്ധവും ഫെഡറലിസത്തിന്റെ സത്തയ്ക്കു നിരക്കാത്തതുമായ സാമ്പത്തിക അധിനിവേശ ശ്രമങ്ങളെയും ചെറുത്ത് കേരളജനതയുടെ ക്ഷേമ – വികസന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനു നേതൃത്വം നല്‍കുക എന്നതാണ് ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ നമുക്ക് ഏറ്റെടുക്കാനുള്ള പ്രധാനപ്പെട്ട കര്‍ത്തവ്യം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × one =

Most Popular